ധ്രുവം, അധ്യായം 81 – എഴുത്ത്: അമ്മു സന്തോഷ്

“അപ്പുവേട്ടാ?”

കണ്ണടച്ച് കിടക്കുകയായിരുന്നു അർജുൻ. അവൻ ഒന്ന് രണ്ടു പ്രോഗ്രാം ക്യാൻസൽ ചെയ്തു തിരിച്ചു തിരുവനന്തപുരത്തു വന്നു. കൃഷ്ണയേ രണ്ടു ദിവസം ലീവ് എടുപ്പിച്ചു. അവൾക്ക് ലീവ് കൊടുക്കുന്നതിൽ ആർക്കും എതിരഭിപ്രായം ഇല്ല. രണ്ടോ നാലോ എടുത്തോ എന്ന മട്ടിലായിരുന്നു പ്രൊഫസർ.

“അതേയ് അപ്പുവേട്ടാ “

അവൻ കണ്ണ് തുറന്നു

അവളുടെ മൂക്കിൽ ഒന്ന് കടിച്ചു

“പറ “

“അതേയ് അന്നുണ്ടല്ലോ..അത് അയാള് എന്നെയാ ടാർഗറ്റ് ചെയ്തത്.”

അർജുൻ പെട്ടെന്ന് എഴുന്നേറ്റു ഇരുന്നു

“എന്ന് വെച്ചാൽ?”

“അയാള് മ- ദ്യപിച്ചു ബഹളം ഉണ്ടാക്കി നാട്ടുകാർ തല്ലി പോലീസ് വന്നു എന്നൊക്കെയാ പറഞ്ഞത്. പക്ഷെ അയാൾ കുടിച്ചിട്ടില്ലായിരുന്നു ബ്ലഡ്‌ സാമ്പിൾ നോക്കി. അതുമല്ല അയാൾ വന്നപ്പോ തൊട്ട് മൊബൈൽ നോക്കും എന്നെ നോക്കും മൊബൈൽ നോക്കും എന്നെ നോക്കും. അങ്ങനെ ആയിരുന്നു.. മറ്റുള്ളവരെ ആക്രമിച്ചതൊക്കെ ഒരു പ്രഹസനം പോലെ തോന്നി. അവസാനം ഞാൻ ഒറ്റയാകുമല്ലോ “

അർജുന്റെ ഉള്ളിൽ ഒരു സംശയം രൂപപ്പെട്ടു

കൃഷ്ണയേ ടാർജറ്റ് ചെയ്യുന്നോ

അതാര്?.എന്തിന്?

അവൾക്ക് തോന്നിയതാവാൻ വഴിയില്ല
അങ്ങനെ വെറുതെ തോന്നലിൽ ഒന്നും വിളിച്ചു പറയില്ല കൃഷ്ണ. പക്ഷെ അവളെ കൂടുതൽ ടെൻഷൻ ആക്കാൻ അവൻ ആഗ്രഹിച്ചില്ല

“അപ്പുവേട്ടൻ ഒന്ന് അന്വേഷിച്ചു നോക്കട്ടെ ട്ടോ “

കൃഷ്ണ തലയാട്ടി

“എന്റെ കൊച്ച് ഫൂലൻ ദേവിയാരുന്നോടി. ഇനി ഞാൻ സൂക്ഷിക്കണല്ലോ. സ്ഥാനത്തോ അസ്ഥാനത്തോ വല്ലോം മർമ്മത്തിൽ ഒരെണ്ണം കിട്ടിയ തീർന്നു “

കൃഷ്ണയുടെ മുഖം ചുവന്നു

“ഒന്ന് പോയെ..ഞാൻ അങ്ങനെ ചെയ്യോ?”

“നീ എന്തും ചെയ്യും ” അവൾ പിണങ്ങിയ പോലെ മാറി കിടന്നു

അർജുന്‌ ചിരി വന്നു. കഴിഞ്ഞ ദിവസത്തെ പുലിക്കുട്ടി ഇപ്പൊ പൂച്ചക്കുട്ടി. അവൻ അവളെ കെട്ടിപ്പിടിച്ചു മുകളിലേക്ക് അമർന്നു

“പോ മിണ്ടണ്ട “

“മിണ്ടുന്നില്ല “

അവന്റെ വിരലുകൾ കുസൃതിയിൽ ചലിച്ചു തുടങ്ങിയപ്പോ കൃഷ്ണ ആ മുഖത്ത് അമർത്തി ചുംബിച്ച് അവനോട് പറ്റിച്ചേർന്നു.

പിറ്റേന്ന് അർജുനും കൃഷ്ണയും ജയറാമും കൂടി ദുർഗയുടെ വീട്ടിലേക്ക് പോയി. ജയറാം ഇതിനിടക്ക് പലതവണ പോയി വന്നിരുന്നു

ആ വീട്ടിൽ ദുർഗയുടെ അമ്മയും ഏട്ടന്റെ ഭാര്യ ശ്രീദേവിയും പിന്നെ ഒരു മുഴുവൻ സമയ സഹായിയുമാണ് ഉള്ളത്. ദുർഗയുടെ ഏട്ടൻ കുവൈറ്റിലെക്ക് പോയി
അയാൾക്ക് ജോലി അവിടെയാണ്. കുട്ടികൾ വിവാഹിതരായി ഓരോ സ്ഥലങ്ങളിലും.

അത് ഒരു ഗ്രാമമാണ്. നഗരം വിട്ട് പത്തു കിലോമീറ്റർ എങ്കിലും റബ്ബർ മരങ്ങൾ നിറഞ്ഞ കാടുകൾക്കിടയിലൂടെ സഞ്ചരിക്കണം ദുർഗയുടെ വീട്ടിൽ എത്താൻ. നല്ല ഒരു പഴയ വീടാണ് അത്
വലിയ ഒരു നാലുകെട്ട്. ദുർഗ വാക്കർ സഹായത്തോടെ നടന്ന് തുടങ്ങിയിരുന്നു. അവരെ കണ്ടതും വളരെയധികം സന്തോഷത്തോടെ അവർക്കരികിലേക്ക് വന്നു ദുർഗ

“ടീവിയിൽ കണ്ടു കേട്ടോ മിടുക്കി..congrats “

ദുർഗ അവളെ ചേർത്ത് പിടിച്ചു. കൃഷ്ണ പുഞ്ചിരിച്ചു കൊണ്ട് നിന്നതേയുള്ളു

“എന്താ അർജുൻ സുഖമാണോ..ഒന്ന് വിളിക്കുക പോലുമില്ല. നല്ല ആളാണ് “

“സ്വന്തം അച്ഛൻ ആയ എന്നെ വിളിക്കില്ല പിന്നെയാ “

ജയറാം പെട്ടെന്ന് പറഞ്ഞപ്പോ ദുർഗ ചിരിച്ചു പോയി

“ഇരിക്ക് ഇരിക്ക് “

ദുർഗയുടെ അമ്മയും ഏട്ടത്തിയും ജ്യൂസും പലഹാരങ്ങളും കൊണ്ട് വെച്ചു

“ഇത് കുറെയുണ്ടല്ലോ.”

“ജയറാമേട്ടൻ വരുന്നു എന്ന് വിളിച്ചു പറഞ്ഞപ്പോൾ അടുക്കളയിൽ കേറിയതാ അമ്മ. ദേ ഇപ്പോഴാ ഇറങ്ങിയത് “

എല്ലാവരും പൊട്ടിച്ചിരിച്ചു പോയി. നല്ല സ്നേഹം ഉള്ള അമ്മയും ഏട്ടത്തിയും ആയിരുന്നു അത്

“ഫിസിയോ തെറാപ്പി മുടക്കരുത്. ആള് എന്നും വരുന്നില്ലേ?”

“ഉണ്ട് ഉണ്ട്. എന്നും വരുന്നുണ്ട് ദുർഗക്ക് പക്ഷെ ഭയങ്കര മടിയാണ് “

“അത് നല്ല തല്ല് കിട്ടാഞ്ഞിട്ടാ.”

ജയറാം ദുർഗയെ നോക്കി

ദുർഗയുടെ മുഖത്ത് നേർത്ത നാണം വരുന്നത് കൃഷ്ണ കൗതുകത്തോടെ നോക്കിയിരുന്നു. അങ്കിൾ സ്നേഹത്തോടെ ഇടക്ക് അവിടേക്ക് കണ്ണുകൾ പായിക്കുന്നുണ്ട്. ദുർഗ ഡോക്ടർ മറുപടിയായി ചെറു ചിരി കൊടുക്കുന്നുണ്ട്

“ഞങ്ങൾ ഈ സ്ഥലം ഒക്കെ ഒന്ന് കാണട്ടെ “

അവൾ അർജുന്റെ കയ്യിൽ പിടിച്ചു എഴുനേൽക്കാൻ കണ്ണ് കാണിച്ചു

“പോയിട്ട് വാ. തൊട്ട് അപ്പുറത്ത് അച്ചൻകോവിൽ ആറാണ്. നിറഞ്ഞു കിടക്കുകയാ കാണാൻ നല്ല ഭംഗിയാണ്. ഇറങ്ങേണ്ട കേട്ടോ. അവിടെയൊക്കെ ഒന്ന് കണ്ടിട്ട് വരുമ്പോഴേക്കും ഊണ് സമയം ആകും “

“അച്ഛൻ വരുന്നോ?”

അർജുൻ ചോദിച്ചു

“അതെന്തിന് അങ്കിൾ? അങ്കിൾ ഇവിടെ ഇരുന്നോ.”

അവൾ പറഞ്ഞിട്ട് അവനെ കൊണ്ട് പുറത്ത് ഇറങ്ങി

“അച്ഛൻ വരുന്നോ..? അവൾ ഒരു ഗോഷ്ടി കാണിച്ചു

“ഇങ്ങനെ ഒരു പൊട്ടൻ. അവർ എന്തെങ്കിലും ഒറ്റയ്ക്ക് ഇരുന്നു മിണ്ടിക്കോട്ടെ എന്ന് കരുതിയാ വരാൻ പറഞ്ഞത്. അപ്പൊ ചോദിക്കുന്നു അച്ഛൻ വരുന്നൊന്ന്. ഇല്ലാന്ന് അങ്കിൾ എങ്ങനെ പറയും. മോശം അല്ലെ..എനിക്ക് ഈ റബ്ബർ കാണാൻ ആഗ്രഹം ഉണ്ടായിട്ടൊന്നുമല്ല. അപ്പുവേട്ടൻ ശ്രദ്ധിച്ചോ രണ്ടു പേർക്കും ഇടയിൽ എന്തോ ഒന്ന് ഡെവലപ്പ് ചെയ്തിട്ടുണ്ട് “

“പോടീ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാതെ “

“ആ ബെസ്റ്റ്. ആവശ്യം ഉള്ള കാര്യം അല്ലെ? സൂക്ഷിച്ചു നോക്കിയാൽ അങ്കിൾ ഡോക്ടറെ നോക്കി ചിരിക്കുന്നത് കാണാം “

“ഹോ വലിയ കണ്ടു പിടിത്തം തന്നെ. നോക്കി ചിരിച്ചു പോലും. പോടീ “

“ദൈവമേ ഈ മാങ്ങാമോറന് ഞാൻ ഇതെങ്ങനെ പറഞ്ഞു മനസിലാക്കും..എടാ കുരങ്ങാ ഇഷ്ടം..അതിന്റെ ചിരി..സ്നേഹം…പ്രണയം ആ ചിരി അത് ഉണ്ട് എന്ന് “

അർജുന്റെ കണ്ണുകൾ വിടർന്നു

“ഹേയ് അങ്ങനെ വരുമോ.. അച്ഛൻ അങ്ങനെ..അതൊക്കെ അച്ഛന്..നിനക്ക് വെറുതെ തോന്നുന്നതാ അല്ലെങ്കിലും അച്ഛന് ഇപ്പൊ അമ്പത്തിയഞ്ചു വയസ്സായി. ദുർഗ ആന്റിക്ക് അമ്പത്. ഇപ്പൊ റൊമാൻസ് ഒക്കെ വരുമോ?”

“ഒതളങ്ങ..ഇതിനെ ഞാൻ… പ്രേമം എപ്പോ വേണേലും വരും. ഒരു ചാൻസ് കിട്ടിയ വന്നു തലയിലിരിക്കും.. പിന്നെ ചങ്കിലോട്ട് കേറും.. പ്രായം ഒന്നുമില്ല. പിന്നെ വയസ്സ് കാലത്തെ റൊമാൻസ് കിടിലൻ ആയിരിക്കും. ടെൻഷൻ ഒന്നുമില്ലല്ലോ. പിള്ളേരെ പഠിപ്പിക്കണ്ട വളർത്തണ്ട ജോലിക്ക് പോകണ്ട സുഖം..കണ്ണിൽ കണ്ണിൽ നോക്കി അങ്ങനെ ഇരിക്കാം..”

“ഹേയ് അച്ഛൻ ജോലിക്ക് വരാതെ ഒന്നും ഇരിക്കുകയൊന്നുമില്ല “

“എങ്ങനെ ഇരിക്ക്ണ്.. ഇപ്പൊ ഞാൻ ആരായി..ഞാൻ പറഞ്ഞത് പ്രേമം. ഇങ്ങേര് പറയുന്നത് ബിസിനസ്. അച്ഛൻ എങ്ങാനും പ്രേമിച്ചു വീട്ടിൽ ഇരിക്കുമോന്ന് പേടി. എന്റെ പോന്നോ. ഇങ്ങനെ ഒരു സാധനം, ഈ സാധനം വെറും unromantic മൂ- രാച്ചിയെ കേട്ടോ. എങ്ങനെ ഞാൻ സഹിക്കുന്നുവെന്ന് ഞാൻ ഇടക്ക് എന്നോട് തന്നെ ചോദിച്ചു പോകാറുണ്ട് “

അവൻ ചുറ്റും ഒന്ന് നോക്കി. റബർ മരങ്ങൾ മാത്രം. അവൻ അവളെ പെട്ടെന്ന് വലിച്ചടുപ്പിച്ചു. ഒരു മരത്തിലെക്ക് ചേർത്ത് നിർത്തി
കണ്ണുകളിലേക്ക് നോക്കി

“ഒന്നുടെ പറഞ്ഞെടി “

“എന്ത്?”

അവൾ കൊഞ്ചലോടെ ചോദിച്ചു

“ഇപ്പൊ പറഞ്ഞത്..”

അവൾ നാണത്തിൽ ചിരിച്ചു
അവൻ ആ മുക്കൂത്തിയിൽ ചുംബിച്ചു

“പറയ്യ് ഞാൻ എന്താ എന്നാ പറഞ്ഞത്. ഇന്നലെ രാത്രി ഇതൊന്നുമല്ലല്ലോ പറഞ്ഞത് “

“ശീ “

അവൾ മുന്നോട്ടാഞ്ഞ് ആ നെഞ്ചിൽ മുഖം പൂഴ്ത്തി. അർജുൻ അവളുടെ മുഖം അവന്റെ കൈകളിൽ എടുത്തു. ആ പവിഴാധരങ്ങൾ നുകർന്നു. ഒരു പൂവിൽ നിന്നു തേൻ കുടിക്കുന്ന പോലെ..കൃഷ്ണ അവന്റെ കഴുത്തിലൂടെ രണ്ട് കയ്യും വളച്ചിട്ട് അവന്റെ നെഞ്ചിലേക്ക് ഒട്ടിച്ചേർന്നു

അവൻ മുഖം എടുക്കുമ്പോൾ അവന്റെ ചുമലിലേക്ക് മുഖം ചേർത്ത് വെച്ചു. അവന്റെ ആലിംഗനങ്ങളിൽ നനുത്ത ഉമ്മകളിൽ ഒരെ സമയം പൂത്തു തളിർത്തു

“ഇനി പറ “

അർജുന്റെ മുഖം രക്തനിറമായി. കൃഷ്ണ നാണത്തോടെ അവനെ കെട്ടിപിടിച്ചു

“കിട്ടുന്നതെല്ലാം വാങ്ങിച്ചോണം എന്നിട്ട് പരാതിയും. കൊള്ളാം നീ “

അവൾ പൊട്ടിച്ചിരിച്ചു

“വാ പുഴ കാണാൻ പോകാം “

അവൾ ആ കയ്യിൽ പിടിച്ചു നടന്നു. അങ്ങനെ നടക്കുമ്പോൾ ജീവിതത്തിന്റെ അറ്റത്തോളം ആ പാത നീണ്ടു പോയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോയി. വേറെ ടെൻഷൻ ഒന്നുമില്ലാതെ അവന്റെ കയ്യും പിടിച്ചു ഒരു യാത്ര

“ഇവിടെ ഒക്കെ ഒരു വീട് കഴിഞ്ഞു എത്ര ദൂരം കഴിഞ്ഞാ വേറെ വീട് അല്ലെ?”

അവൾ അവനോട് ചോദിച്ചു

“ഉം. ഇവിടെ മിക്കവാറും എല്ലാവർക്കും ഭൂമി ഉണ്ട്. അതായിരിക്കും
ഒരേക്കർ റബ്ബർ ഒക്കെ മിക്കവാറും വീട്ടുകാർക്ക് ഉണ്ടെന്നാ തോന്നുന്നേ. അത് കൊണ്ട് ആൾക്കാർ കുറവാ
നോക്കിക്കേ ശബ്ദം ഇല്ല. എത്ര ശാന്തം..”

അത് ശരിയാണ് കൃഷ്ണയ്ക്ക് തോന്നി. ധാരാളം കിളികൾ ഉണ്ട് അവിടെ. കരിയിലക്കിളികൾ, കുരുവി കൾ മൈനകൾ, തത്തകൾ
അവരൊക്കെ ഇങ്ങനെ മരച്ചില്ല കൾ തോറും പറന്ന് നടക്കുന്നുണ്ട്. ഇടയ്ക്ക് ചാടി പോകുന്ന അണ്ണാൻകുഞ്ഞുങ്ങൾ

“പാമ്പ് വല്ലോം കാണുമോ?”

കൃഷ്ണ അവന്റെ കയ്യിൽ ഒന്ന് അമർത്തി

“കാണാം. തണുപ്പ് ഉണ്ടല്ലോ അപ്പൊ വരും. നീ നടുക്കൂടെ നടക്ക് “

അവൾ അവന്റെ പുറകിൽ അവന് പിന്നിലായി നടന്നു “ബുദ്ധിമതി വല്ലോം ഉണ്ടെങ്കിൽ എന്നെ കടിച്ചോട്ടെ ന്ന് അല്ലേടി “

അവൾ മുതുകിൽ ഉന്തി

“തോന്ന്യാസം പറയാതെ നടന്നെ “

അവൻ ഇടക്ക് നിൽക്കും അവൾ വന്നു ശക്തിയിൽ പുറത്ത് വീഴും വീണ്ടും നടക്കും നിൽക്കും അങ്ങനെ കളിച്ചു കളിച്ചു പുഴയുടെ അരികിൽ എത്തി. കലങ്ങി മറിഞ്ഞൊഴുകുന്ന പുഴ. കാടിന്റെ വന്യത നിറഞ്ഞ ഭംഗി പുഴയ്ക്കും ഉണ്ടായിരുന്നു. അത് കലങ്ങി മറിഞ്ഞു ഒഴുകി കൊണ്ടിരുന്നു

“ശോ നോക്ക് എന്തോ ദേഷ്യം വന്ന പോലെയാ പുഴ ഒഴുകുന്നത്? എന്തൊരു ശബ്ദം അല്ലെ വെള്ളത്തിനു?”

അർജുനും അത് തന്നെ നോക്കുകയായിരുന്നു

കുട്ടികൾ കുളിക്കുന്നുണ്ട്. മീൻ പിടിക്കുന്നുണ്ട്. സ്ത്രീകൾ തുണികൾ അലക്കുന്നു

“കുട്ടികൾക്ക് പേടിയില്ലേ ആവോ?”

“നീന്തൽ അറിയാമായിരിക്കും “

“അപ്പുവേട്ടന് അറിയോ?”

“ഉം…പഠിച്ചിട്ടുണ്ട് ഇത് പോലെ വലിയ പുഴയിൽ അല്ല സ്വിമ്മിംഗ് പഠിപ്പിച്ചു തന്നിട്ടുണ്ട് അച്ഛൻ “

“എനിക്ക് അറിഞ്ഞൂടാ..”

അവൾ താടിക്ക് കൈ കൊടുത്തു “സാരമില്ല നീ പുഴയിൽ വീണാ ഞാൻ രക്ഷിച്ചോളാം “

കൃഷ്ണ സ്നേഹത്തോടെ അവനെയൊന്നു നോക്കി. പിന്നെ അവനോട് ചേർന്ന് നിന്നു. കൃഷ്ണ എപ്പോഴും അങ്ങനെയാണ്. അർജുനോട് ചേർന്ന് നിൽക്കും അല്ലെങ്കിൽ ഇരിക്കും. അവന്റെ ഗന്ധം ശ്വസിച്ച്, അവന്റെ ചൂടേറ്റ്.. ആ കൈയിലോ ദേഹത്തോ തൊട്ടോ ഞൊണ്ടിയോ ഒക്കെ അങ്ങ് ഇരിക്കും. അവനെ സ്വാതന്ത്രമായി ചിന്തിക്കാൻ വിടുകെയില്ല. എപ്പോഴും അപ്പുവേട്ടാ അതുണ്ടല്ലോ. അപ്പുവേട്ടാ അതേയ്. അങ്ങനെ കലപിലാന്ന് മിണ്ടിക്കൊണ്ടിരിക്കും

അത് കൊണ്ടാണ് അവൾ പൊയ്ക്കഴിയുമ്പോൾ വലിയ ഒരു ശൂന്യത നിറയുന്നത്. അർജുൻ മുരടനായി പോകുന്നത്

“ദേ നോക്ക് മീൻ പൊങ്ങി വരുന്നു “

ഉയർന്നു പൊങ്ങുന്ന വെള്ളത്തിൽ മീനുകൾ തുള്ളി കളിക്കുന്ന കാഴ്ച മനോഹരമായ ഒന്നായിരുന്നു

“എന്ത് രസാ ല്ലേ “

അവൾ വർധിച്ച ഉത്സാഹത്തോടെ പറഞ്ഞു. പിന്നെ ഓടി പോയി ഓരോ വശങ്ങളിലായി നിന്ന് നോക്കി. അവൻ കൃഷ്ണയേ നോക്കി നിന്നു. അവളുടെ ആഹ്ലാദം സന്തോഷം. കല്യാണം കഴിഞ്ഞു സത്യത്തിൽ ആദ്യത്തെ യാത്ര ആണ് ഇത്.

സമയം കിട്ടിയില്ല ഒരിടത്തും പോയില്ല, ഇനി ഒരു വർഷം ഇങ്ങനെ തന്നെ, അത് കഴിഞ്ഞു ഒരു യാത്ര പോകണം

ഒന്നിച്ച്…

അവൾ മീൻ പിടിക്കുന്ന പയ്യന്മാർക്ക് അരികിൽ പോയി നിന്ന് കാര്യമായി സംസാരിക്കുന്നത് കണ്ട് അവന് ചിരി വന്നു? അവരുടെ കയ്യിൽ നിന്ന് ചൂണ്ട വാങ്ങി ഇടുന്നു

അവൻ മൊബൈൽ എടുത്തു അതിന്റെ വീഡിയോ എടുത്തു. അൽപനേരം കഴിഞ്ഞു ചൂണ്ട ഒറ്റ വലി

ഒരു മീൻ പിടഞ്ഞടിക്കുന്നു. അവൾ തുള്ളിച്ചാടുന്നത് കണ്ടവൻ ചിരിച്ചു പോയി. കൊച്ചു കുട്ടികളെ പോലെ…

കുറച്ചു നേരം കഴിഞ്ഞു ചൂണ്ട അവരുടെ കയ്യിൽ കൊടുത്തിട്ട് ഒരു ഈർക്കിലിയിൽ കോർത്ത മൂന്നാല് മീനുകളുമായി ആളുടെ വരവ് കണ്ട് അവൻ കൗതുകത്തോടെ അത് നോക്കി നിന്നു

യുദ്ധം ജയിച്ചു വരുന്ന പോലെ ഉണ്ട്

“അപ്പുവേട്ടാ നോക്ക് അഞ്ചു മീൻ കിട്ടി വലുത്. ഇതിന്റെ പേര് വരാല്. ഇത് കാരി. ഇത് കല്ലട മ്മുട്ടി ഇത് പരല് ഇത് ചെമ്പല്ലി.. നല്ല രുചിയാണെന്നാ അവർ പറഞ്ഞത് കേടാകാതെ എങ്ങനെ കൊണ്ട് പോം?”

അവൻ പൊട്ടിവന്ന ചിരി അമർത്തി

“അതോ നമുക്ക് എങ്ങനെ എങ്കിലും കൊണ്ട് പോകാം ട്ടോ എന്റെ കൊച്ച് കഷ്ടപ്പെട്ടു പിടിച്ച മീനല്ലേ.. നമുക്ക് നോക്കാം “

അവൾ തലയാട്ടി”തിരിച്ചു പോകാം “

“പോകാൻ തോന്നുന്നില്ല എന്ത് രസമാ ഇവിടെ. ഇത് പോലെ ഉള്ള സ്ഥലത്തു വീട് വേണം. ഒരേക്കർ ഭൂമിയിൽ നമ്മൾ മാത്രം. ഞാനും എന്റെ അപ്പുവേട്ടനും. വേറെ ആരും വേണ്ട. നമുക്കിതു പോലെ പുഴയിൽ കുളിച്ചു മീനൊക്കെ പിടിച്ചു കൊണ്ട് വന്നു വറുത്ത് കപ്പ പുഴുങ്ങിയത് കൂട്ടി ഒരു പിടി പിടിക്കാം എന്നിട്ട് എന്റെ ചക്കരെ കെട്ടിപിടിച്ചു അങ്ങനെ കിടക്കണം വേറെ ഒന്നും ആലോചിക്കാതെ..”

അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. കുനിഞ്ഞു അവൻ അവളെ ശിരസ്സിൽ ഒരുമ്മ കൊടുത്തു

വീട്ടിൽ ചെന്നു

“അങ്കിളേ നോക്ക് ഞാൻ ചൂണ്ട ഇട്ട് പിടിച്ച മീനാ “

ജയറാം അതിശയത്തിൽനോക്കി

“ആ മീൻ പിടിച്ചു കൊണ്ടിരുന്ന ചെക്കൻമാരുടെ കയ്യിൽ നിന്ന് കക്ഷി ചൂണ്ട മേടിച്ചു..എന്നിട്ട് പരീക്ഷിച്ചപ്പോ കിട്ടിയതാ. ഫസ്റ്റ് attempt മോശമായില്ല അല്ലെ അച്ഛാ”

“മോശം ആയില്ലന്നോ. കലക്കി മോളെ നിനക്ക് ഭാവിയുണ്ട് “

കൃഷ്ണ അച്ഛനെയും മോനെയും മാറി മാറി നോക്കി

“ആക്കി പറയുവാണെന്ന് തോന്നുകേയില്ല കേട്ടോ. ഇത് മുഴുവൻ വറുത്ത് ഞാൻ ഒറ്റക്ക് തിന്നും മുള്ള് പോലും തരില്ല നോക്കിക്കോ “

കൂട്ടച്ചിരി മുഴങ്ങി

“അതങ്ങ് കൊടുക്ക് ക്ലീൻ ചെയ്തു മസാല പുരട്ടി ഐസ് ബോക്സിൽ വെച്ച് തരും അമ്മ “

അവളത് അമ്മയുടെ കയ്യിൽ കൊടുത്തു. എന്നിട്ട് പിന്നാലെ പോയി

“ഒരിടത്തു അടങ്ങി ഇരിക്കില്ല അല്ലെ?”

ദുർഗ അർജുനോട് ചോദിച്ചു

അർജുൻ അവൾ പോയത് നോക്കിയിരിക്കുകയായിരുന്നു. അവൻ ആ ചോദ്യം കേട്ടില്ല. ദുർഗ ആ നോട്ടം നോക്കിയിരുന്നു. സ്നേഹം, കരുതൽ ഒക്കെ നിറഞ്ഞ അവന്റെ നോട്ടം

“ഊണ് കഴിക്കാൻ സമയം ആയി ട്ടോ “

ദുർഗ ഓർമിപ്പിച്ചു

അർജുൻ എഴുന്നേറ്റു. ജയറാം ദുർഗക്ക് ഒരു കൈ സഹായം കൊടുത്തു. അവർ ഒന്നിച്ചു നടന്നപ്പോൾ അർജുൻ ഒന്ന് പതുക്കെയാക്കി. അവർ ഒന്നിച്ചു നടക്കട്ടെ എന്ന് ആ നിമിഷം അവൻ ആഗ്രഹിച്ചു പോയി

ഇനിയെങ്കിലും ജീവിക്കട്ടെ…

തുടരും…

Leave a Reply

Your email address will not be published. Required fields are marked *