ഗബ്രിയേലിന്റെ പ്രയാണം…
Story written by Nisha Pillai
======================
ക്യാബിനിലേയ്ക്ക് എഡിറ്റർ മനോഹരൻ കയറി ചെല്ലുമ്പോൾ മാനേജർ സുരേഷ് തന്റെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന ഒരു കഥ എഡിറ്റ് ചെയ്യുകയായിരുന്നു. അയാളെ കണ്ടു സുരേഷ് മെല്ലെ തലയുയർത്തി. നേരിയ പുഞ്ചിരി സുരേഷിന്റെ മുഖത്ത് തെളിഞ്ഞു.
“പുതുവത്സര ദിനമാണ് ,അവധി തരണം. ഇതല്ലേ പതിവ് പല്ലവി.”
“അതെ സാർ.”
“വേണുവും സ്റ്റാൻലിയും നേരത്തേ പോയല്ലോ, താൻ വൈകിയതെന്തേ ? താൻ പൊയ്ക്കോ, രണ്ടാം തീയതി ഇങ്ങു വന്നേക്കണം. രണ്ടു മൂന്നു ബുക്കുകളുടെ വർക്ക് പെന്റിങ്ങ് ആണ്. ഗബ്രിയേൽ ഉണ്ടല്ലോ ,പക്ഷെ എപ്പോഴും ഒരാളെ മാത്രം ആശ്രയിച്ചാൽ എങ്ങനെയാണ്.”
“വേണുവും സ്റ്റാൻലിയും പോയിട്ടില്ല. പക്ഷെ….അതല്ല സാർ ,ഗബ്രിയേലിനെ കാണാനില്ല. ഉച്ചവരെ പ്രസ്സിൽ ഉണ്ടായിരുന്നു. ഇപ്പോൾ അവൻ്റെ ഫോണും സ്വിച്ച് ഓഫ് ആണ്.”
“കാണാനില്ലെന്നോ, താൻ എന്താണീ പറയുന്നത്. അവനെവിടെ പോകാനാണ്.?”
അദ്ദേഹം തന്റെ ഫോണെടുത്തു ഗബ്രിയെ വിളിച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെ ആ മുഖം വലിഞ്ഞു മുറുകിയിരുന്നു.
മാനേജർ സുരേഷിന്റെ അച്ഛനാണ് തൂലിക എന്ന പേരിൽ ഒരു ബുക്ക് പബ്ലിഷിംഗ് ഹൗസ് തുടങ്ങിയത്. നാടിനും വീടിനും ശല്യക്കാരനായി നടന്ന ഇളയ മകൻ സുരേഷിനെ അതിന്റെ മാനേജരായി നിയമിച്ചു. അവനു അവിടെ സർവ്വസ്വാതന്ത്ര്യവും നൽകി. കൂട്ടിനായി അവന്റെ സമപ്രായക്കാരായ ഗബ്രിയേലിനേയും വേണുവിനെയും സ്റ്റാൻലിയേയും ജോലിക്കാരായി നിയമിച്ചു, പ്രാരാബ്ധക്കാരായ മൂന്നു ചെറുപ്പക്കാർ.
സാഹിത്യത്തിൽ അഭിരുചി തീരെ ഇല്ലാത്ത സുരേഷിനെ എല്ലാ കാര്യങ്ങളിലും സഹായിച്ചത് എഴുത്ത്കാരനായ ഗബ്രിയേൽ ആയിരുന്നു. മലയാളത്തിൽ ബിരുദമുണ്ടായിരുന്ന ഗബ്രിയേലിനെ തുടർ പഠനത്തിന് പ്രേരിപ്പിച്ചതും സുരേഷായിരുന്നു. മലയാള ഭാഷയിൽ ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറൽ ഡിപ്ലോമയും ഗബ്രിയേൽ സ്വന്തമാക്കി.
അമ്മ മാത്രമേ ഗബ്രിയേലിന് ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ മരണശേഷം അയാൾ മുഴുവൻ സമയവും പബ്ലിഷിംഗ് ഹൗസിൽ താമസമാക്കി. സ്ഥാപനത്തിന്റെ നെടും തൂണായിരുന്നു ഗബ്രിയേൽ
തൂലിക വിട്ട് അയാളെവിടെ പോകാനാണ്. എന്നും ഉറങ്ങാൻ മാത്രം ലോഡ്ജ് മുറിയിലേയ്ക്കു പോകുന്ന ഗബ്രിയേൽ പുലരുമ്പോൾ തന്നെ മടങ്ങി വരും. ആദ്യം വരുന്നതും അവസാനം പോകുന്നതും ഗബ്രിയേലായിരുന്നു.
“വർഷത്തിൽ രക്തദാനം ചെയ്യാൻ രണ്ടു ദിവസം മാത്രം ലീവെടുക്കുന്ന ഗബ്രിയേലിനെ കാണാനില്ലെന്നോ. അവനെവിടെ പോകാനാണ്. അമ്മച്ചി മരിച്ചതിനു ശേഷം അവൻ നാട്ടിൽ പോയിട്ടേയില്ല.”
“സാർ നമുക്ക് പോലീസിൽ അറിയിക്കേണ്ട. സി സി ടി വി ക്യാമറയിൽ ഞങ്ങൾ നോക്കി , ഗബ്രിയേൽ ഒരു പതിനൊന്നു മണി വരെ കമ്പ്യൂട്ടറിന്റെ മുന്നിലുണ്ടായിരുന്നു, പിന്നെ ഒരു ഫോൺ അറ്റൻഡ് ചെയ്യുന്നത് കണ്ടു, പിന്നീട് അയാൾ പുറത്തേയ്ക്കു പോയി. പിന്നെ മടങ്ങി വന്നില്ല.”
“ഇപ്പോൾ സമയം അഞ്ചര കഴിഞ്ഞെന്ന് അറിയാമല്ലോ. നേരത്തെ ആരും അയാളുടെ അഭാവം ശ്രദ്ധിച്ചില്ലേ .കഷ്ടം തന്നെ, എന്നോട് പറയാമായിരുന്നില്ലേ.”
സാർ ഞങ്ങൾ ,ഞങ്ങളുടെ നിലയ്ക്ക് അന്വേഷിച്ചു ,ലോഡ്ജിലും അവൻ സ്ഥിരം കഴിക്കാൻ പോകുന്ന അമ്മച്ചിയുടെ ചായക്കടയിലും പബ്ലിക് ലൈബ്രറിയിലും ,പിന്നെ ആ ഡോക്ടറുടെ ഡിസ്പൻസറിയിലും ഒക്കെ തിരക്കി നോക്കി.
“ഡോക്ടറുടെ ഡിസ്പൻസറിയോ?”
“ഇടയ്ക്കു ഗബ്രിക്ക് കൊളസ്‌ട്രോളിന്റെ പ്രശ്നം വന്നപ്പോൾ അവിടെയാണ് ഞങ്ങൾ കൊണ്ട് പോയത്.ഡോക്ടറെ അവന് വലിയ ഇഷ്ടമായി,പിന്നീട് അവര് നല്ല സുഹൃത്തുക്കളായി.ഈ പട്ടണത്തിൽ ഗബ്രിക്ക് പോകാൻ ഇത്രേം സ്ഥലങ്ങളേ ഉള്ളു. ഇനിയിപ്പോൾ നാട്ടിലെങ്ങാനും പോയതാണോ.”
സുരേഷും വേണുവും സ്റ്റാൻലിയും ഗബ്രിയേലിൻ്റെ ഫോണിലേക്ക് പലപ്രാവശ്യം വിളിച്ചു നോക്കി. മനോഹരനെ പറഞ്ഞയച്ചിട്ട് മൂവരും ഓഫീസിൽ നിന്നിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് പോയി.
“സുരേഷ് സാറ് ധൈര്യമായി പൊയ്ക്കോ. ഞാൻ നിങ്ങളുടെ കൂട്ടുകാരനെ കണ്ടു പിടിച്ചു തരാം. മൊബൈൽ ടവർ ട്രാക്ക് ചെയ്യാൻ ഞാൻ മെസേജ് അയച്ചിട്ടുണ്ട്. ഒരു പത്തു മിനിട്ടു കഴിഞ്ഞ് പറയാം ആളെവിടെയുണ്ടെന്ന്. സാറിന്റെ ഗബ്രിയേലിനെ ജീവനോടെ മുന്നിൽ കൊണ്ടെത്തിക്കും.”
പോലീസ് സ്റ്റേഷൻ്റെ വരാന്തയിൽ അവർ നില്ക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി.
“സാറേ ,നിങ്ങളെ അകത്തേയ്ക്കു വിളിക്കുന്നു.” പാറാവ്കാരൻ വിളിച്ചു പറഞ്ഞു.
ഇൻസ്‌പെക്ടറുടെ മുറിയിലേയ്ക്ക് കയറി ചെല്ലുമ്പോൾ കൂടെ വേറെ ഒരാള് കൂടി മുറിയിൽ ഉണ്ടായിരുന്നു .
“ഈ ഗബ്രിയേലിനു തൃശൂരിൽ ആരാ ഉള്ളത്. അയാളുടെ ഭാര്യയും മക്കളും അവിടെയാണോ ?”
“സാർ ഈ ഗബ്രിയേൽ കല്യാണം കഴിച്ചിട്ടില്ല. മുപ്പത് വർഷമായി ഇവിടെ തലസ്ഥാന നഗരിയിൽ ജോലി നോക്കുന്നു. തൃശൂരിൽ അയാൾക്ക് ബന്ധുക്കളാരുമില്ല. കോട്ടയത്തായിരുന്നു കുടുംബം. അമ്മ മരിച്ചു ,ഇപ്പോൾ നാട്ടിലൊന്നും പോകാറില്ല.”
“തൃശൂർ ആണ് അയാളുടെ മൊബൈലിപ്പോൾ ഉള്ളത് ,അതും ഒരു ആശുപത്രിയുടെ ഐ സി യു വിൻ്റെ പരിസരത്ത് ,ഞാൻ അവിടെ വിളിച്ചു അന്വേഷിച്ചു. അയാൾ ആ ആശുപതിയുടെ വരാന്തയിൽ ഒറ്റയ്ക്ക് ഇരിപ്പുണ്ട്. ഈ ഫോട്ടോ നോക്കിയേ ഇതല്ലേ ആള് .”
ഇൻസ്‌പെക്ടർ കാണിച്ച ഫോട്ടോയിൽ ആശുപത്രി വരാന്തയിൽ കണ്ണടച്ചിരിക്കുന്ന ഗബ്രിയേൽ.
“ഈ രാത്രി തന്നെ നിങ്ങൾ അങ്ങോട്ട് വിട്ടോ, പുലർച്ചെ അങ്ങെത്തി ചേരാം, ഞാൻ ഒരു ആളിനെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്..എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിച്ചാൽ മതി. അവിടെ ഒരു പോലീസുകാരൻ പോയി അന്വേഷിച്ചു. ഗബ്രിയേൽ ഒന്നും വിട്ടുപറയുന്നില്ല. അയാളാകെ തകർന്ന മട്ടാണ് ,ഇടക്കിടക്ക് വിങ്ങി പൊട്ടി കരയുന്നുണ്ട്. നിങ്ങൾ സുഹൃത്തുക്കൾ ചെല്ലുമ്പോൾ ആളെന്തെങ്കിലും തുറന്നു പറഞ്ഞാലോ.”
വേണുവിനേയും സ്റ്റാൻലിയെയും കൂട്ടി സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി നേരെ കാറിൽ തൃശുർക്കു വിട്ടു. ഗബ്രിയേലിനെ ഒറ്റയ്ക്ക് വിടാൻ ആർക്കും മനസ്സ് വന്നില്ല. മൂന്നുപേർക്കും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവനാണ് ഗബ്രിയേൽ.
മുതലാളിയെന്നോ ജോലിക്കാരനെന്നോ ഉള്ള വേർതിരിവ് , യാത്രയിൽ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. മൂന്നുപേരും കാർ മാറി മാറി ഓടിച്ചു. വെളുപ്പാൻ കാലത്തു ആശുപത്രിയുടെ മുന്നിലെത്തി. വരാന്തയിലിരുന്നു മയങ്ങുന്ന ഗബ്രിയേലിന്റെ അടുത്ത് സുരേഷ് പോയിരുന്നു ,മുന്നിലെ ബഞ്ചിൽ കൂട്ടുകാരുമിരുന്നു. ഗബ്രിയേൽ മയക്കത്തിലായിരുന്നു. സുരേഷ് കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നഴ്സിംഗ് റൂമിലേയ്ക്ക് നടന്നു.
ഐ സി യുവിൽ കിടക്കുന്നത് അമരാവതി എന്നൊരു സ്ത്രീയാണ്. അവർ ഒരു കോളേജ് അദ്ധ്യാപികയായിരുന്നു, എഴുത്തുകാരിയാണ്. നാലഞ്ചു വർഷമായി ഈ ആശുപത്രിയിൽ ട്രീറ്റ്മെന്റിലാണ്. അവർക്ക് അൻപതിൽ താഴെയാണ് പ്രായം ,ബൈ സ്റ്റാൻഡേർസ് ആരും കൂടെയില്ല. അവര് ഡോക്ടറോട് പറഞ്ഞു കൊടുത്ത നമ്പറിൽ നിന്നും ഡോക്ടറാണ് ഗബ്രിയേലിനെ വിളിച്ചത്. അയാൾ വന്നപ്പോഴേക്കും അമരാവതിയുടെ ഹൃദയത്തിന്റെ നില വളരെ മോശമായി , അവരുടെ ബോധം മറഞ്ഞിരുന്നു.നാളെ ഒരു അടിയന്തര സർജറിയുണ്ട്. ഫോമിൽ ഒപ്പിട്ടു നൽകിയിരിക്കുന്നത് ഗബ്രിയേലാണ്. അവര് തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ആർക്കും ഒന്നുമറിയില്ല.
ഗബ്രിയേലിനെ തട്ടിയുണർത്തുമ്പോൾ അയാളാകെ ക്ഷീണിതനായിരുന്നു. അയാളവരെ മൂന്നുപേരേയും മാറി മാറി നോക്കി.
“ഗബ്രി ആരാണ് രോഗി ? എന്താണ് നീ ആരോടും പറയാതെ ഓടി വന്നത്.”
ഗബ്രിയേൽ മറുപടിയൊന്നും പറഞ്ഞില്ല. അയാളുടെ ഈറനണിഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കൂടുതലൊന്നും ചോദിയ്ക്കാൻ ആർക്കും തോന്നിയതുമില്ല.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഗബ്രിയേൽ സംസാരിക്കാൻ തുടങ്ങി.
“എന്റെ ഡിഗ്രി ക്ലാസ്സിൽ വച്ചാണ് ഞാൻ അമരാവതിയെ ആദ്യം കണ്ടു മുട്ടുന്നത്. ആദ്യമൊന്നും എനിക്കവളോട് അടുപ്പമൊന്നും തോന്നിയില്ല. മെലിഞ്ഞു ഉണങ്ങിയ ,സാരി ഉടുത്ത ഒരു സ്ത്രീ രൂപം. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. അവളെനിക്ക് അവളുടെ ആഹാരം പങ്കിട്ടു തന്നിരുന്നു. അന്ന് ദാരിദ്രവും പഠിക്കാനുള്ള ആഗ്രഹവും ഞങ്ങൾ രണ്ടുപേർക്കും ഒരേ പോലെയായിരുന്നു. ഒരു മാസം കൊണ്ട് ഞങ്ങൾ നല്ല സതീർത്ഥ്യരായി മാറിയിരുന്നു.”
“ഒരിക്കൽ ക്ലാസ്സിൽ തല കറങ്ങി വീണ അമരാവതിയെ ഞാനാണ് ക്ലിനിക്കൽ കൊണ്ട് പോയത്. അവൾ ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞത് ഞാൻ അമ്പരപ്പോടെയാണ് കേട്ടത്. അവൾ വിവാഹിതയാണ് എന്ന് എനിക്കറിയില്ലായിരുന്നു. അവളൊരു ക്രൂ- രനായ പോലീസ്കാരന്റെ ഭാര്യയായിരുന്നു. അയാളവളെ ഉപദ്രവിക്കുമായിരുന്നു .അവളുടെ കഴുത്തിലും വയറിലും കണ്ട ചുവന്ന തിണർപ്പുകൾ എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു. അയാളെ ഉപേക്ഷിച്ചു കൂടെ വരാൻ ഞാൻ പലതവണ അവളോട് അഭ്യർത്ഥിച്ചു. അപ്പോഴൊക്കെ പഠിക്കണം ,നല്ല ജോലി നേടണം,അതിനുള്ള ഇടത്താവളം മാത്രമാണ് അയാളുമൊത്തുള്ള ജീവിതം എന്നവൾ പറഞ്ഞിരുന്നു.അതിനു ശേഷം എൻ്റെയൊപ്പം ജീവിക്കണമെന്ന് അവൾ പറഞ്ഞിരുന്നു.”
“അവൾക്കു താല്ക്കാലികമായിട്ടുള്ള താവളമായിരുന്നു ആ വിവാഹം. അവളുടെ അച്ഛന്റെ നിവൃത്തികേടു കൊണ്ടാണ് ക്രൂ- രനെന്നറിഞ്ഞിട്ടും അവളുടെ വിവാഹം നടത്തി കൊടുത്തത്. പ്രസവ ശേഷവും കുട്ടിയെ അടുത്ത വീട്ടിലേല്പിച്ചു അവൾ പഠനം തുടർന്നു. സ്വന്തം കുഞ്ഞിന്റെ അമ്മയായതിനു ശേഷവും അയാൾ അവളോടൊരു അടുപ്പവും കാണിച്ചില്ല. എല്ലാ ക്രൂ- രതകളും സഹിച്ചും കൊണ്ട് അവൾ മിടു മിടുക്കിയായി പഠിച്ചു. ക്രൂ- രതകൾ ഏറി വന്നപ്പോൾ ഒരു രാത്രിയിൽ അവൾ മകനെയും കൂട്ടി മരിയ്ക്കാനായി വീട്ടിൽ നിന്നുമിറങ്ങി. മരിയ്ക്കാനുള്ള ധൈര്യമില്ലാത്തതിനാൽ അവളെന്നെ തേടി എൻ്റെ ഹോസ്റ്റലിൽ വന്നു.”
“അവളെ എൻ്റെ ജീവിതത്തിലേയ്ക്ക് എനിക്ക് അപ്പോൾ ക്ഷണിയ്ക്കാമായിരുന്നു. പക്ഷെ അവളുടെ സ്വപ്നങ്ങൾക്ക് ഞാനൊരു വിലങ്ങു തടിയാകരുതെന്ന് ഞാൻ ആഗ്രഹിച്ചു. അവളെ സഹായിക്കാനായി ഞാൻ എന്റെ പഠനം അവസാനിപ്പിച്ചു. പബ്ലിഷിംഗ് ഹൗസിൽ നിന്നും എനിക്ക് ലഭിച്ച പണം കൊണ്ട് ഞാൻ അവൾക്കും മകനും ഒരു വീടെടുത്തു നൽകി. അവളുടെ സകല സാമ്പത്തിക ആവശ്യങ്ങളും ഞാൻ നിറവേറ്റി കൊടുത്തു. അവൾ ബിരുദാനന്തര ബിരുദവും ഗവേഷണവും പൂർത്തിയാക്കി കോളേജിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.”
“ഒന്നിച്ചൊരു ജീവിതം ആരംഭിക്കാൻ ഞാനും അവളും ഒരേപോലെ ആഗ്രഹിച്ച സമയം. പക്ഷെ അവളുടെ പത്ത് വയസുകാരനായ മകന് അമ്മയുടെ സുഹൃത്തായ എന്നെ തീരെ ഇഷ്ടമായിരുന്നില്ല. അവൻ വളരുമ്പോൾ മനസ് മാറുമെന്ന് പറഞ്ഞു ഞാനവളെ ആശ്വസിപ്പിച്ചു. അത് വരെ നമുക്ക് കാത്തിരിയ്ക്കാമെന്ന് ഞാനാണ് പറഞ്ഞത്. പോലീസുകാരന്റെ മകൻ അയാളെപ്പോലെ തന്നെ വളരെ സ്വാർത്ഥനായി വളർന്നു. അവനെ വിഷമിപ്പിക്കാൻ അവളൊരുക്കമായിരുന്നില്ല. ഞങ്ങൾക്ക് ഇതുവരെ ഒന്നിയ്ക്കാൻ സാധിച്ചില്ല. അവൻ പഠന ശേഷം വിദേശത്തേയ്ക്ക് പറന്നു. അമ്മയെ ഉപേക്ഷിച്ചു സ്വന്തം നിലയ്ക്ക് വിവാഹ ജീവിതം ആരംഭിച്ചു.”
“എല്ലാ വർഷവും അവളുടെ പിറന്നാളിന് ഞാനവളെ പോയി കാണാറുണ്ടായിരുന്നു. ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ഞങ്ങൾ എല്ലാം രഹസ്യമായി വച്ചു. സമൂഹത്തിൽ ഉന്നത പദവിയിലുള്ള അവളെ ഒരു തരത്തിലും വിഷമിപ്പിക്കാൻ എനിക്ക് ഉദ്ദേശമില്ലായിരുന്നു.”
“ഒടുവിൽ അവൾ തളർന്നു വീണപ്പോൾ അവൾ അയല്പക്കകാർക്കു നൽകിയത് എന്റെ മൊബൈൽ നമ്പർ. അവൾക്കു ആ സമയത്ത് മറ്റൊന്നും ഓർമ്മയുണ്ടായില്ല. അടിയന്തിരമായി ഒരു സർജറിക്ക് ഞാൻ ഒപ്പിട്ടു നൽകി. അവൾക്ക് വേറെയാരുമില്ല.ഞാൻ മാത്രമേയുള്ളു. ഈ ജീവിത സായാഹ്നത്തിലെങ്കിലും എനിക്കവളെ കൂടെ വേണം. അവളെ പരിചരിക്കണം, അതിനു വേണ്ടി മാത്രമാണ് ഈ ഗബ്രിയേൽ ജീവിച്ചിരുന്നത്.”
അമരാവതിയെ ഓപ്പറേഷനായി കൊണ്ട് പോകുന്നത് നാലുപേരും നോക്കി നിന്നു. മണിക്കൂറുകൾ നീണ്ടു നിന്ന സർജറിക്ക് ശേഷം അമരാവതിയെ മുറിയിലേയ്ക്കു തിരികെ കൊണ്ട് വന്നു. അവളെ പരിചരിച്ചു നിന്ന ഗബ്രിയേലിനോട് യാത്ര പറയുമ്പോൾ മൂവരുടെയും കണ്ണുകൾ നിറഞ്ഞു.
“ഞാൻ ഉടനെ മടങ്ങിയെത്തും. ഇനി ഒറ്റയ്ക്കല്ല, സുരേഷ് ഒരു വീട് കണ്ടെത്തി തരണം. അവൾക്ക് കുഴപ്പമൊന്നുമില്ലയെന്ന് ഡോക്ടർ പറഞ്ഞു. ഇനിയെങ്കിലും അവൾ സന്തോഷത്തോടെ എൻ്റെ കൂടെ ജീവിയ്ക്കട്ടെ. അവളുടെ ആഗ്രഹ പ്രകാരം ഞാനും അവളും ഈ ആശുപത്രിയിൽ വച്ച് ഒന്നിയ്ക്കുന്നു. നാട്ടു നടപ്പുകൾ ഒന്നും നോക്കുന്നില്ല. സ്നേഹമാണ് ,സന്തോഷമാണ് പ്രാധാന്യം.”
മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരു വിവാഹം നടത്തി കൊടുത്ത സന്തോഷത്തോടെ സുരേഷ് കൂട്ടുകാരോട് ആയി പറഞ്ഞു.
“മാംഗല്യം തന്തുനാനേന , മമ ജീവന ഹേതുന: ഇനിയെങ്കിലും ഗബ്രിയേൽ സന്തോഷമായി ജീവിയ്ക്കട്ടെ.”
പരസ്പരം കൈകൾ കൊടുത്തും കൊണ്ട് അവർ ഗബ്രിയേലിൻ്റെ പുതിയ ജീവിതത്തെ സ്വാഗതം ചെയ്തു.
✍️നിഷ പിള്ള