ധ്രുവം, അധ്യായം 67 – എഴുത്ത്: അമ്മു സന്തോഷ്

കടും മറൂൺ പട്ടു സാരീ അണിഞ്ഞു മുടിപ്പിന്നലിൽ നിറയെ മുല്ലപ്പൂ വെച്ച് അതിസുന്ദരിയായി കൃഷ്ണ

അർജുൻ വാങ്ങി കൊടുത്ത ആഭരണങ്ങളും അച്ഛൻ വാങ്ങി കൊടുത്ത ആഭരണങ്ങളും അവൾ അണിഞ്ഞിരുന്നു. പക്ഷെ കുറച്ചു മാത്രം. കണ്ണെഴുതി പൊട്ട് വെച്ചിരുന്നു. വേറെ മേക്കപ്പ് ഒന്നുമില്ല. എന്നിട്ടും അവളങ്ങനെ ഏഴുതിരിയിട്ട് കത്തിച്ച നിലവിളക്ക് പോലെ പ്രശോഭിച്ചു

അർജുൻ ബ്രൗൺ ഷർട്ടും കസവു മുണ്ടും….

ലളിതമായ ചടങ്ങുകൾ. താലി കെട്ട് കഴിഞ്ഞതു കൊണ്ട് പരസ്പരം ഓരോ മാലയിട്ടു. കൃഷ്ണയുടെ അച്ഛൻ മകളുടെ കൈ അർജുന്റെ കയ്യിൽ ചേർത്ത് വെച്ചു

മൂന്ന് പ്രദക്ഷിണം. അവളുടെ നെറ്റിയിൽ അവൻ ചാർത്തിയ കുങ്കുമം ജ്വലിക്കുന്നുണ്ടായിരുന്നു

കൃഷ്ണയുടെ നെറ്റിയിലെ നീല നിറത്തിൽ ചതഞ്ഞു പോയ ഒരു മുറിപ്പാടിൽ അവന്റെ കണ്ണുടക്കി

അവൻ സംസാരിക്കുന്നു എങ്കിൽ കൂടി അതിലായിരുന്നു അവന്റെ ശ്രദ്ധ മുഴുവൻ. കൃഷ്ണ ഇടക്ക് കൈ കൊണ്ട് അത് മറച്ചു. അനുപമയുടെ മുഴുവൻ കുടുബവും എത്തിച്ചേർന്നു. സത്യത്തിൽ രമേശനും ലതയ്ക്കും ഒക്കെ നല്ല പരിഭ്രമം ഉണ്ടായിരുന്നു.

പക്ഷെ അവരുടെ കുലീനമായ സംസാരവും പെരുമാറ്റവും കൊണ്ട് അവരത് മാറ്റി.

ഗൗരിയും ദൃശ്യയും കൃഷ്ണയ്ക്കൊപ്പമുണ്ടായിരുന്നു. അർജുൻ സുഹൃത്തുക്കൾക്കൊപ്പവും

ഷെല്ലി വന്നില്ല. അവൻ തിരിച്ചു ദുബായ് പോയിരുന്നു. ബാക്കി എല്ലാവരും വന്നു. ഗോവിന്ദ് വന്നില്ല

അവൻ എം ഡി കഴിഞ്ഞു ഒരു കോഴ്സ് ചെയ്യാൻ യൂകേയിൽ പോയിരുന്നു. അവന് ലീവ് കിട്ടിയില്ല

നിവിന്റെ കണ്ണുകൾ വീണ്ടും അവളിൽ പതിഞ്ഞു. നഷ്ടബോധം അവനെ പൊതിയുന്നുണ്ടായിരുന്നു. എന്നെന്നേക്കുമായി നഷ്‌ടമായ നിധി. അവൻ കണ്ണുകൾ മാറ്റി. എത്ര ശ്രമിച്ചിട്ടും മറക്കാൻ സാധിക്കുന്നില്ല

പക്ഷെ അർജുൻ…

കൊ- ന്നു ക- ളയും തന്നെ അവൻ. ഒരു നോട്ടം പോലും സൂക്ഷിച്ചു വേണം. ഈ പെണ്ണ് എന്ന് വെച്ചാ അവന് ഭ്രാന്ത് ആണ്

“അപ്പുവേട്ടാ ഇതാണ് ബീന ടീച്ചർ. എനിക്ക് വീണ പഠിപ്പിച്ചു തന്നില്ലേ. പിന്നെ എൻട്രൻസിനുള്ള പുസ്തകം എല്ലാം തന്നത് ടീച്ചർ ആണ് “

അവൻ കൈ കൂപ്പി. അവർക്ക് അവനെ ഇഷ്ടമായി. കൃഷ്ണ ഓരോരുത്തരെയും അവന് പരിചയപ്പെടുത്തി കൊടുത്തു. സദാശിവൻ മാമൻ, രാധ ചേച്ചി, ധന്യ ചേച്ചി, അങ്ങനെ ഓരോരുത്തരെയും

അവളുടെ ഉത്സാഹം കാണവേ അവന് സന്തോഷം തോന്നി. മനു മാത്രം കുറച്ചു ദൂരെ ഇതിൽ നിന്നെല്ലാം കുറച്ചു വിട്ട് നിൽക്കുന്നുണ്ടായിരുന്നു. അർജുൻ ഇടക്ക് അവനെയൊന്നു നോക്കി. മനു അവനെയും. അർജുൻ നോട്ടം മാറ്റിക്കളഞ്ഞു

“മനുവേട്ടാ വാ. ഇപ്പോഴും ദേഷ്യം മാറിയില്ലേ? ഒക്കെ മറന്നേ.”

കൃഷ്ണ വന്ന് ആ കയ്യിൽ പിടിച്ചപ്പോ അവൻ ഒപ്പം ചെന്നു. എന്തൊക്കെ ആണെങ്കിലും അവൾ അവന്റെ ജീവനാണ്. കൃഷ്ണയുടെ കൈകൾ മനുവിന്റെ കൈകളിൽ ചുറ്റി അവരങ്ങനെ നടന്നു. ഓരോരുത്തരോടും സംസാരിക്കുന്നത് അർജുൻ നോക്കുന്നത് കണ്ട് ദീപു അവനെ ഒന്ന് തട്ടി

“എന്തോന്നാടാ.?”

“ഹേയ്….”

അവന്റെ ചിരി മാഞ്ഞു.

മനു ഇടയ്ക്ക് തിരിഞ്ഞു അർജുനെ ഒന്ന് നോക്കി. പിന്നെ കൃഷ്ണയേ ചേർത്ത് പിടിച്ചു

“എടാ അത് ആ കൊച്ചിന്റെ ആങ്ങളയല്ലേ നിന്റെ നോട്ടം കണ്ട തോന്നുമല്ലോ പൂർവ കാമുകൻ ആണെന്ന് “

“അവൻ എന്നെ ഇറിറ്റേറ്റ് ചെയ്യുന്നതാ എന്നെ, പ്രോവൊക് ചെയ്യാൻ. നീ നോക്കിക്കോ അവൻ ഇപ്പൊ ഇങ്ങോട്ട് നോക്കും”

അത് പറഞ്ഞു തീർന്ന ഉടനെ മനു വീണ്ടും ഒന്ന് തിരിഞ്ഞു നോക്കി

“നീ അത് കള അർജുൻ..ആങ്ങളയല്ലേ പോട്ടെ “

അർജുൻ ഒന്ന് മൂളി.

നീ ഇന്ന് കൂടി കണ്ടോടാ അവളെ, ഇന്ന് കൂടി…

തീർന്നു കാഴ്ചകൾ…അവൻ മനസ്സിൽ പറഞ്ഞു

കൃഷ്ണ നോക്കുമ്പോൾ അർജുൻ അവളെ നോക്കുകയാണ്..അവൾ എന്താ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല. നോക്കി നിന്നതേയുള്ളു. കൃഷ്ണ മനുവിന്റെ പിടി വിട്ട് അവനരികിലേക്ക് വന്നു. അർജുൻ നേർത്ത ഒരു പുഞ്ചിരിയോടെ അവളെ നോക്കി

“എന്താ അപ്പുവേട്ടാ?”

“ഒന്നുല്ല. ചടങ്ങ് കഴിഞ്ഞുല്ലോ നമുക്ക് പോകാം “

“ഭക്ഷണം കഴിക്കണ്ടേ. ഒരു ട്രിപ്പ്‌ കഴിക്കുന്നേയുള്ളു. പെണ്ണും ചെക്കനും ലാസ്റ്റ് ആണ് കഴിക്കുക”

“വിശപ്പ് ഒന്നുല്ല നമുക്ക്. പോകാം “

അവൾ ചിരിച്ചു പോയി. അവൾ ഇമ വെട്ടാതെ അവനെ നോക്കി നിന്നു. ഇടയ്ക്ക് എപ്പോഴോ ദീപു തിരിഞ്ഞു നോക്കിയപ്പോ അവൻ ആ കാഴ്ച കണ്ടു

അർജുനോട് ചേർന്ന് കൃഷ്ണ. ആ നെറ്റിയിലെ വിയർപ്പ് ഒപ്പി, അവന്റെ മുടിയിൽ വീണ ഓരോ പൂവിതൾ എടുത്തു മാറ്റി..നിറയെ സംസാരിച്ച്. ദീപു മൊബൈൽ ഒന്ന് ക്ലിക്ക് ചെയ്തു

“ബ്യൂട്ടിഫുൾ അല്ലേടാ?” അവൻ നിവിനോട് ചോദിച്ചു. അവൻ ഒന്ന് മൂളി

“അവർ തമ്മിൽ നല്ല ചേർച്ച. എന്റെ അർജുന്‌ ഇതിലും നല്ല o
ഒരു പെണ്ണിനെ കിട്ടില്ല…” ദീപു സന്തോഷത്തോടെ പറഞ്ഞു

“ആർക്കും ഇത് പോലെയൊരു പെണ്ണിനെ കിട്ടില്ല ദീപു “

നിവിൻ പറഞ്ഞു

“നിയത് മനസ്സിൽ നിന്നു കളഞ്ഞേ. ഇനി നമ്മുടെ അനിയത്തികുട്ടിയാ അത്
അങ്ങനെ മതി “

നിവിൻ മറുപടി പറഞ്ഞില്ല

അർജുൻ അവന്റെ സുഹൃത്തുക്കളെ ആരെയും അവൾക്ക് പരിചയപ്പെടുത്തിയില്ല? അത് പോലെ അവളെ സുഹൃത്തുക്കൾക്കും. അത് അവന് തുടക്കത്തിൽ തന്നെ താല്പര്യമില്ലായിരുന്നു. പക്ഷെ കൃഷ്ണ അവളുടെ കൂട്ടുകാരെ കൂടെ പഠിച്ചവരെ ഓരോരുത്തരെയായി പരിചയപ്പെടുത്തി. അവളുടെ അധ്യാപകരെ..അയല്പക്കക്കാരെ.. ഒക്കെ..

അർജുൻ അത് ആസ്വദിച്ചു. അവളുടെ സന്തോഷം. ചിരി, വർത്തമാനം, ഓരോന്നും

പൊതുവെ മുരടനായ അവന്റെ ഉള്ളിൽ അപ്പൊ അവന്റെ പെണ്ണിന്റെ സന്തോഷം മാത്രമേയുള്ളായിരുന്നു. അതവൻ കൗതുകത്തിൽ നോക്കി നിന്നു

“അർജുൻ ഒറ്റ ദിവസം കൊണ്ട് നോക്കി തീർക്കാതെ “

ദുർഗ അവന്റെ തോളിൽ ഒന്ന് തട്ടി. അവൻ ഒന്ന് ചിരിച്ചു

“വാ അപ്പുവേട്ടാ കഴിക്കാം “

അവൾ വന്നു കയ്യിൽ പിടിച്ചു

“അത് ശരി അങ്ങനെ ആണോ വിളിക്കുക “

ദുർഗ കളിയാക്കി. കൃഷ്ണ മെല്ലെ ഒന്ന് ചിരിച്ചു

“ഡോക്ടർ കഴിച്ചോ?”

“പിന്നെ ഞങ്ങൾ എല്ലാം കഴിച്ചു. ഇനി നിങ്ങൾ കുറച്ചു പേര് മാത്രേ ഉള്ളു “

“ദീപു..നീ കഴിച്ചോ?”

“ഇല്ലടാ”

“നിവിനോ.?”

“ഇല്ല “

“വാ കഴിക്കാം “

അർജുന്റെ  തിരുവനന്തപുരത്തുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രമേയുണ്ടായിരുന്നുള്ളു. ഒരു പാട് പേരെ ക്ഷണിച്ചാൽ അവർക്ക് അത് ഒരു ബുദ്ധിമുട്ട് ആയെക്കുമെന്ന് അച്ഛൻ പറഞ്ഞു.

കഴിക്കാൻ ഇരിക്കുമ്പോൾ കൃഷ്ണ അർജുനെ ഒന്ന് തൊട്ടു

“പരിപ്പും പപ്പടവും…അന്ന് ഫ്ലാറ്റിൽ വെച്ച്..”

അർജുൻ ഒരു മുഴുവൻ നിമിഷവും അവളെ നോക്കിയിരുന്നു

“ഒരു ഉരുള തന്ന കഴിക്കുമോ?”

അവൻ ഒന്ന് മൂളി

അർജുൻ പൊതുവെ പബ്ലിക് ആയിട്ട് സ്നേഹപ്രകടനങ്ങൾ നടത്തുന്നതിനോട് താല്പര്യമില്ലാത്ത ആളാണ്. അങ്ങനെ ചേർത്ത് പിടിക്കലോ ഒന്നുമില്ല.അത് കൃഷ്ണയ്ക്ക് അറിയുകയും ചെയ്യാം. അവൾ കൊടുത്തത് അവൻ കഴിച്ചു. ദീപു നിർന്നിമേഷമായി അത് നോക്കിയിരുന്നു. കൃഷ്ണ എന്നെ സ്നേഹിക്കുന്നത് എനിക്ക് പറഞ്ഞു മനസിലാക്കാൻ അറിയില്ല ദീപു. അത് അനുഭവിച്ചു തന്നെ അറിയണം..അവനിപ്പോ അത് മനസിലാകുന്നുണ്ടായിരുന്നു

ഇങ്ങനെ ആണ് സ്നേഹിക്കുന്നത്, കരുതുന്നത്

കൃഷ്ണ ഇടയ്ക്ക് അവനോടൊരോന്ന് പറയുന്നുണ്ട്. അവൻ മൂളി കേൾക്കുന്നു

അവൾ പപ്പടം പൊട്ടിച്ച് അവന്റെ ഇലയിൽ വെച്ച് കൊടുക്കുന്നുണ്ട്

അവളുടെ കരുതൽ, അവളുടെ സ്നേഹം, അവളുടെ സ്നേഹത്തിന്റെ ആഴം വ്യക്തമായിരുന്നു, അവളുടെ നോട്ടത്തിൽ, അവന്റെ കൈകളിൽ മുറുകുന്ന വിരലുകളിൽ, അവനോട് ചേർന്ന് നിൽക്കാൻ മാത്രം ഇഷ്ടമുള്ള പോലെ….

ദീപുവിന്റെ ഹൃദയം നിറഞ്ഞു. ഭക്ഷണം കഴിഞ്ഞു തിരിക്കാനുള്ള സമയം ആയി

അർജുൻ അവളുടെ അമ്മയുടെയും അച്ഛന്റെയും അരികിൽ ചെന്നു

“വീട്ടിലേക്ക് വരണം..എപ്പോ കൃഷ്ണയേ കാണാൻ തോന്നുന്നോ അപ്പൊ..അച്ഛൻ കുറച്ചു  റസ്റ്റ്‌ എടുക്കാൻ സമയം ആയി. ഇനി ഒരു പാട് കഷ്ടപ്പെട്ടു ജോലി ചെയ്യണ്ട. “

അവൻ ആ കൈകളിൽ പിടിച്ചു

“വരണം “

ഒരിക്കൽ കൂടി പറഞ്ഞു. കൃഷ്ണയ്ക്ക് അത് സന്തോഷം ആയി. അവൾ അതേ സന്തോഷത്തോടെ തന്നെ യാത്ര പറഞ്ഞു. ജനിച്ചു വളർന്ന നാട് ഒരു കാഴ്ചക്കപ്പുറം പിന്നിലായപ്പോൾ പക്ഷെ ആ കണ്ണ് നിറഞ്ഞൊഴുകി

“ഞാനില്ലേ?”

അർജുൻ അവളെ തന്നോട് ചേർത്ത് പിടിച്ചു

കൃഷ്ണ വിങ്ങി കരഞ്ഞു കൊണ്ടാ നെഞ്ചിൽ മുഖം അമർത്തി

“അവർക്കൊപ്പം നമ്മൾ ഇല്ലെ മോളെ “

അത്രയും ആർദ്രമായി അവൻ അത് വരെ അത്തരം കാര്യങ്ങൾ സംസാരിച്ചിട്ടില്ലായിരുന്നു

കുറച്ചു കഴിഞ്ഞു

“അപ്പുവേട്ടാ ഇന്നലെ ഒരു സംഭവം ഉണ്ടായി “

പിന്നെ അവൾ തലേന്ന് നടന്നത് വിശദീകരിച്ചു

“അവർക്ക് ആള് മാറിപ്പോയിട്ടുണ്ടാവും “

അവനലസമായി പറഞ്ഞു

“അതെന്ന്. പിന്നെ സ്റ്റേഷനിൽ നിന്ന് വന്നു പറഞ്ഞു അടുത്ത ജംഗ്ഷനിൽ ഉള്ള ഏതോ രമേശൻ ആണെന്ന്. ഇത് കണ്ടോ എന്റെ നെറ്റിയും ചതഞ്ഞു പോയി..”

അവൻ ആ മുറിപ്പാടിൽ ഒന്ന് തൊട്ടു

“സാരോല്ല..മാറും “

കൃഷ്ണ ആ തോളിൽ തല ചേർത്ത് വെച്ചു

“അതേയ് എനിക്ക് ഒരു വിഷമം “

“എന്താ?”

“നമുക്കീ ഫസ്റ്റ് നൈറ്റ്‌ ത്രില്ല് ഇല്ല..പാല് ഒക്കെ കൊണ്ട് തന്നു പാതി പാല് പാതി പഴം അങ്ങനെ…അപ്പുവേട്ടൻ ഒക്കെ കളഞ്ഞു “

അവൻ ചിരി കടിച്ചു പിടിച്ചു

“അതേയ് നോക്ക്…ഇങ്ങോട്ട് നോക്ക് “

അവൾ മുഖം പിടിച്ചു തിരിച്ചു

“എല്ലാം മോൻ പ്ലാൻ ചെയ്തു ചെയ്തതല്ലേ എന്നെ വീട്ടിൽ വിടാതെയിരിക്കാൻ?”

അവൻ ചിരിച്ചു

“കള്ളൻ. എനിക്ക് അറിയാം ട്ടോ “

അവൾ തന്നെ കൃത്യമായി മനസിലാക്കുന്നതെങ്ങനെ എന്ന് ഇടയ്ക്ക് അവന് അത്ഭുതം തോന്നാറുണ്ട്. അവനായിരുന്നു ഡ്രൈവ് ചെയ്തത്. ഒന്ന് ചരിഞ്ഞവൻ അവളുടെ നിറുകയിൽ ചുംബിച്ചു

“ആവൂ. അവിടെയാ ചതഞ്ഞത്..ഹൂ “

അവൾ നെറ്റി ചുളിച്ചു. അവന്റെയുള്ളിൽ ഒരു വേദന ഉണ്ടായിരുന്നു. പക്ഷെ അത് അവൻ പ്രകടിപ്പിച്ചില്ല. അർജുന്റെ വീട്ടിലേക്ക് വിളക്ക് കൊളുത്തി കയറ്റുന്ന ചടങ്ങ് ഭദ്ര ആണ് ചെയ്തത്.

ബന്ധുക്കളാരും അന്ന് പോയില്ല. രാത്രി മുഴുവൻ സംസാരവും ബഹളവും. അർജുൻ കൃഷ്ണയേ നോക്കിയിരിക്കുകയായിരുന്നു

അവൾ വേഗം അവരുമായി ഇണങ്ങിയത്. തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നത്. ഇങ്ങനെ തനിക്ക് പെട്ടെന്ന് മറ്റുള്ളവരോട് പറ്റില്ല. കുറേ നാളുകൾ എടുക്കും. എന്നാലും മനസ്സിൽ തൊട്ട് സ്നേഹം വരില്ല

പുറത്ത് അങ്ങനെ നല്ല സ്നേഹം ഉള്ളത് ദീപുവിനോടാണ്. അവന്റെ എല്ലാ കൊള്ളരുതായ്മയും അറിയാം. പക്ഷെ അവന് തന്നെ ജീവനാണ്. തനിക്കും അവനോട് ഇഷ്ടം ഉണ്ട്..വേറെയെല്ലാം അഭിനയം. ജസ്റ്റ്‌ ഫോർമൽ

ഒരു പാട് സുഹൃത്തുക്കൾ ഉണ്ട്. അത് സൗഹൃദമെന്ന ഒരളവല്ല. തികച്ചും പ്രൊഫഷണൽ ആയ കാര്യങ്ങൾക്ക് ആവശ്യം ഉള്ളവർ. അവരോടൊന്നും ഒരു വികാരവുമില്ല

കൃഷ്ണ അങ്ങനെ അല്ല. ഇടപെടുന്ന എല്ലാവരോടും നുറു ശതമാനം ആത്മാർത്ഥത പുലർത്തുന്നവൾ. അവൾക്ക് അഭിനയം ഇല്ല. നിഷ്കളങ്കമായ സ്നേഹം

അച്ഛന്റെ അരികിൽ ആണ് കൃഷ്ണ, അച്ഛനോട് ചേർന്ന്

ഇടയ്ക്കിടെ ആ മടിയിൽ തല വെക്കുന്നുണ്ട്. അച്ഛന്റെ കൈകളും അവളുടെ ശിരസ്സിൽ തന്നെ

ഇടക്ക് കൃഷ്ണ അവനെ നോക്കി

അവൻ ഉറങ്ങാൻ പോകുകയാണെന്ന് ആംഗ്യം കാണിച്ചു. ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. അവന് ക്ഷീണം ഉണ്ടായിരുന്നു

ദീപ അത് കണ്ടു

“കൃഷ്ണ പോയി കിടന്നോ മോളെ..ഞങ്ങൾ ഒക്കെ ഒത്തിരി വൈകും “

കൃഷ്ണ എഴുന്നേറ്റു മുറിയിൽ എത്തിയതും അർജുൻ കിടക്കയിലേക്ക് വീണു

“ഉറക്കം വരുന്നെടി ഭയങ്കര ക്ഷീണം. അതേ ഇന്ന് നീ ക്ഷമിക്ക്. നാളെ മുതലും പലിശയും ചേർത്ത് സ്നേഹിക്കാം “

കൃഷ്ണയ്ക്ക് ചിരി വന്നു. അവൾ ചെന്നു വാതിൽ അടച്ചു കുറ്റിയിട്ടു

പിന്നെ ലൈറ്റ് ഓഫ്‌ ചെയ്തു. പിന്നെ സാരി അഴിച്ചു മാറ്റി

പുറത്തെ അരണ്ട വെളിച്ചത്തിൽ അവളെയവന് കാണാമായിരുന്നു

“കൃഷ്ണ?”

“ഉം “

“ഇങ്ങട്ട് വാ “

അവൾ ഷെൽഫിൽ നിന്ന് ഒരു നിശാവസ്ത്രം എടുത്തു. അർജുൻ കൈ എത്തിച്ചവളെ വലിച്ചു ദേഹത്തേക്കിട്ടു

“ഫ്രഷ് ആയിട്ട് വരാന്ന് “

“വേണ്ട “

അവൻ അവളെ ഇറുകെ പുണർന്നു

“കുളിച്ചാൽ നിന്റെ ശരീരത്തിന്റെ മണം പോകും “

അവൻ അവളുടെ ഉടലിലൂടെ മൂക്ക് ഉരസി

“ക്ഷീണം ആണെന്ന് പറഞ്ഞിട്ട്?”

“എത്ര ക്ഷീണം ആണെങ്കിലും നീയിങ്ങനെ മുന്നിൽ വന്ന് നിന്ന ഞാൻ പിന്നെ എന്ത് ചെയ്യുമെടി..”

കൃഷ്ണ ആ മുഖം കയ്യിൽ എടുത്തു

“ഇന്നലെ രാത്രി ഉറങ്ങിയില്ലേ?”

അവൻ ചിരിച്ചു. പിന്നെ അവളെ തന്നോടമർത്തി

“എന്റെ കൃഷ്ണയല്ലേ?” ആ ചോദ്യമാണ് തുടക്കം

അവളെ ദുർബലയാക്കുന്ന ചോദ്യം . കൃഷ്ണ രണ്ടു കൈകൾ കൊണ്ട് അവനെ പുണർന്നു

ശ്വാസത്തിന് അതിവേഗം..വിരലുകൾക്ക്…

പെട്ടെന്ന് അവൻ സ്വയം നിയന്ത്രിച്ചു. അവളിൽ നിന്ന് അകന്ന് മാറി

ഓർമ്മയിൽ തെറിച്ചു വീഴുന്ന കൃഷ്ണ. അവളുടെ നടുവിന് പതിയുന്ന ബൂട്സ്

“എന്താ അപ്പുവേട്ടാ?” കൃഷ്ണയുടെ ശബ്ദം അടച്ചു

“ഒന്നുല്ലാടി. ഇന്നലെ ശരിക്കും ഉറങ്ങിയില്ല നല്ല തലവേദന. മോള് ആ ബാം ഇങ്ങ് എടുത്തേ “

കൃഷ്ണ നടക്കുമ്പോൾ ഇടക്ക് നടുവിന് ഒന്ന് കൈ താങ്ങുന്നുണ്ട്

“നിനക്ക് ബാക്പെയിനുണ്ടോ?” കൃഷ്ണ ഒന്ന് പതറി

“ഇന്നലെത്തെ പിടിവലിക്കിടയിൽ ഞാൻ താഴെ വീണാരുന്നു ട്ടോ. അപ്പൊ ആ പോലീസ് എന്റെ നടുവിന് രണ്ടു ചവിട്ട്. ജീവൻ പോയി “

അർജുന്റെ കണ്ണ് നിറഞ്ഞു പോയി. താൻ ചെയ്തതിന്റെ ശിക്ഷ ആണ് അവൾ അനുഭവിക്കുന്നത്

“മോളിങ്ങ് വാ കിടക്ക് “

അവൾ എതിർപ്പ് ഒന്നും പറയാതെ കിടന്നു. അവൻ ബാം പുരട്ടി തടവി

പൂവ് പോലെ മൃദുലമായ വെളുത്ത ചർമ്മത്തിൽ കരിനീലിച്ചു കിടന്നു ബൂട്സിട്ടു ചവിട്ടിയ പാട്. ഹൃദയം പൊട്ടുന്ന വേദനയോടെ അവൻ തടവി കൊണ്ടിരുന്നു

“മതി ” കൃഷ്ണ തിരിഞ്ഞു കിടന്നു

പിന്നെ കൈകൾ ഉയർത്തി അവനെ ക്ഷണിച്ചു

“തലവേദന എന്ന് പറഞ്ഞിട്ട്?”

“ഇപ്പൊ മാറി “

അവൾ ആ നെറ്റിയിൽ ചുംബിച്ചു

“ഇച്ചിരി എങ്കിലും ഉണ്ടെങ്കിൽ പോട്ടെ. ഓം ക്രീം കുട്ടിച്ചാത്താ “

അവൻ സങ്കടം മറന്നു ചിരിച്ചു പോയി

പിന്നെ അവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു

“എനിക്ക്…നിന്നെ എന്തിഷ്ടമാണെന്നോ. ഇഷ്ടം കൂടിട്ട് ചിലപ്പോൾ… ആരും കാണാതെ നിന്നെ ഒളിപ്പിക്കാൻ തോന്നും. ആർക്കും കാണാൻ വയ്യാത്ത എവിടെ എങ്കിലും. എനിക്ക് മാത്രം കാണാൻ..എനിക്ക് മാത്രം കേൾക്കാൻ.. എനിക്ക് മാത്രം അറിയാൻ.. വേറെ ആരും നിന്നെ കാണണ്ട…”

അർജുൻ വീണ്ടും അവളെ ഭ്രാന്തമായി ചുംബിച്ചു. കൃഷ്ണയ്ക്ക് ശ്വാസം മുട്ടി

“പിന്നെ ആലോചിച്ചു നോക്കുമ്പോൾ കഷ്ടം അല്ലെന്ന് തോന്നും. എന്റെ പാവം കിളിക്കുഞ്ഞ്. പറന്നു നടന്നോട്ടെയെന്നും തോന്നും “

അവളുടെ കണ്ണ് നിറഞ്ഞു. അർജുന്റെ സ്വരം നേർത്തു

“ഞാൻ എന്ത് ചെയ്താലും നീ എന്നെ വിട്ട് പോകരുത് കൃഷ്ണ…”

കൃഷ്ണ ആ നെഞ്ചിൽ തലയർപ്പിച്ചു കിടന്നു. അവൻ ഉറങ്ങിപ്പോയിരുന്നു. മെല്ലെ അവളും

അവന്റെ ശ്വാസം പകുത്ത്

അങ്ങനെ…അങ്ങനെ….

തുടരും….

Leave a Reply

Your email address will not be published. Required fields are marked *