ധ്രുവം, അധ്യായം 68 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ അത്യാവശ്യം ആയി ഒരു ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഭക്ഷണം കഴിക്കാൻ രണ്ടു തവണ കൃഷ്ണ വന്നു വിളിച്ചു

“നീ കഴിച്ചോ ഇത് തീർന്നില്ല”

രണ്ടു തവണയും അവൻ പറഞ്ഞു

ഞായറാഴ്ച ആയത് കൊണ്ട് ജയറാമിന് ഓഫ്‌ ആണ്

“അച്ഛൻ കഴിക്ക്. ആൾ നല്ല തിരക്കാ. എന്തോ കാര്യമായിട്ട് ചെയ്തു കൊണ്ട് ഇരിക്കുവാ.”

ജയറാം ക്ലോക്കിൽ നോക്കി. പത്തു മണിയാകുന്നു. ബ്രേക്ക്‌ ഫാസ്റ്റ് ടൈം ഒക്കെ കഴിഞ്ഞു. അദ്ദേഹം ക്ഷേത്രത്തിൽ പോയി വന്നത് കൊണ്ടാണ് താമസിച്ചത്

“മോള് കഴിക്ക് വാ “

അവൾ നേർമ്മയായ് ചിരിച്ചു

“ഞാൻ കഴിച്ചോളാം”

കൃഷ്ണ പ്ലേറ്റ് എടുത്തു പുട്ടും കടലയും വിളമ്പി

“അച്ഛൻ കഴിക്ക്. ഞാനെ അപ്പുവേട്ടന് കൊടുത്തിട്ട് വരാം “

“അവൻ ഇവിടെ മാത്രേയിരുന്നു കഴിക്കു. സിടൗട്ടിൽ ഇരുന്ന് കഴിക്കില്ലട്ടോ “

അവൾ ചിരിയോടെ അങ്ങോട്ടേക്ക് പോയി

സിടൗട്ടിൽ ലാപ്ടോപ് മടിയിൽ വെച്ച് ഇരിപ്പുണ്ട് ആള്

കൃഷ്ണ വന്ന് അരികിൽ ഇരുന്നു

“ഒരു തവണ ചെയ്തതായിരുന്നടി. എന്തോ മിസ്റ്റേക്ക് വന്ന് അത് ഫുൾ പോയി. ഇപ്പൊ തീരും..” അവൾ പുട്ട് കടലയുമായി ചേർത്ത് കുഴച്ച് ഒരു ഉരുളയാക്കി

“കഴിക്ക് “

“വേണ്ട  ഞാൻ അവിടെ വന്നു കഴിക്കാം ഇത് ഒന്ന് കഴിഞ്ഞു വേഗം വരാം,

“ശരി ഇപ്പൊ ഇച്ചിരി കഴിക്ക് “

അവൻ വാ തുറന്നു. പിന്നെ ലാപ്പിലേക്ക് തിരിഞ്ഞു. പൂട്ടിന്റെയുമാകടലക്കറിയുടെയും രുചി നാവിൽ നിറഞ്ഞു. നല്ല രുചി ഉണ്ടായിരുന്നു അതിന്

“നീ കഴിക്ക് ” അവൻ പറഞ്ഞു

“ഇന്നാ ” കൃഷ്ണ അടുത്ത ഉരുള നീട്ടി

അവൾ വന്ന് അടുത്തിരിക്കുമ്പോൾ പൊതുവെ അർജുന്റെ കോൺസെൻട്രേഷൻ പോകും. അത് ഇപ്പൊ തുടങ്ങിയതല്ല. നേരേത്തെ തന്നെ അങ്ങനെയാണ്. അവൾ ഹോസ്പിറ്റലിൽ വന്നുന്ന് അവൻ അറിഞ്ഞ മതി പിന്നെ സമാധാനം ഇല്ല. അച്ഛന്റെ മുറിയിൽ നിന്ന് അവളെപ്പോഴാണ് തന്റെ മുറിയിലേക്ക് വരിക എന്നവൻ നോക്കിയിരിക്കും. സ്നേഹം പരസ്പരം പറയാത്ത കാലത്തായിരുന്നെങ്കിൽ അവൾ കടന്ന് പോകുന്നത് മിസ്സ്‌ ആകാതിരിക്കാൻ അവൻ ഇടനാഴിയിൽ ഇറങ്ങി നിൽക്കും. ഒരു നോട്ടം. അത് മതി.

“അപ്പുവേട്ടാ.. ഞാൻ ചെയ്തു തരാമത്. കുറച്ചു കഴിയട്ടെ. കഴിക്ക് “

ലാപ്പടച്ചു അവൻ

“നീ അടുത്ത് വന്നാ പോയി “

“എന്ന ഞാൻ പോയേക്കാം “

“അങ്ങനെയ്ങ് പോയാലോ.. “അവൻ അകത്തോട്ടു നോക്കി

“നീ കഴിച്ചേ കുറച്ചു കഴിക്ക് “

കൃഷ്ണ ഒരു ഉരുള വായിൽ വെച്ചു

“ഇനി എനിക്ക് താ “

അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു

“താ “

“ആരെങ്കിലും കാണും ട്ടോ, “

അർജുൻ അവളുടെ മുഖം അവന്റെ മുഖത്തോട് ചേർത്തു

“ഇതിനാടി കൂടുതൽ രുചി “

അവൻ കള്ളച്ചിരി ചിരിച്ചു. കൃഷ്ണയ്ക്ക് എപ്പോഴുമെന്ന പോലെ വാക്കുകൾ ഇല്ലാതെയായി

ഭക്ഷണം കഴിച്ചു തീർന്നു രണ്ടാളും

“അതേയ്. ഒരു കാര്യം പറയട്ടെ “

“ഉം “

“ഇന്ന് അപ്പുവേട്ടൻ ഫ്രീ ആണോ?”

“കുറച്ചു ജോലി ഉണ്ട് എന്താ?”

“എന്ന ഞാൻ ദൃശ്യയെ കൂട്ടി പൊയ്ക്കോട്ടെ?”

“എവിടെ’?”

“എനിക്ക് കുറച്ചു മെറ്റീരിയൽ എടുക്കാൻ ഉണ്ട്.. തുണി. എനിക്ക് റെഡി മേഡ് ഇഷ്ടമല്ല. സ്വന്തം ആയി തയ്ച്ചു ഇടുന്നതാ ഇഷ്ടം. പിന്നെ ഫങ്ക്ഷൻ ഒക്കെ ആണെങ്കിൽ ചിലപ്പോൾ ഇടും എന്നല്ലാതെ പൊതുവെ ഞാൻ എന്റെ വസ്ത്രങ്ങൾ എല്ലാം തന്നെ സ്വന്തം ആയിട്ട് തയ്ച്ച ഇടുക  “

അത് അർജുന്‌ പുതിയ അറിവായിരുന്നു

“ആഹാ കൊള്ളാല്ലോ.. “

അവൾ പുഞ്ചിരിച്ചു

“വീട്ടിൽ മഷിൻ ഉണ്ട്. അതൊന്ന് ഇങ്ങോട്ട് കൊണ്ട് വരണം. മുകളിൽ ഇടാം. ഉം “

“അതെന്തിനാ കൊണ്ട് വരുന്നത്? പുതിയ ഒന്ന് വാങ്ങിച്ച പോരെ? “

“അത് പിന്നെ എന്ത് ചെയ്യും?”

“ആർക്കെങ്കിലും കൊടുക്ക്. പുതിയ ഒന്ന് വാങ്ങിക്കോ “

“റിസൾട്ട്‌ വന്നു കഴിഞ്ഞ ഉടനെ ജോയിൻ ചെയ്യണം അപ്പൊ നോർമൽ ഡ്രസ്സ്‌ മതി. അത്രേ വിലയുള്ള ഒന്നും വേണ്ട ഹോസ്പിറ്റലിൽ നിൽക്കാൻ ഉള്ളതല്ലേ.അത് കൊണ്ട് ഇപ്പോഴേ പണി തുടങ്ങിയാലെ നടക്കു,

അവൻ പുഞ്ചിരിച്ചു

“അതിനെന്താ? നിന്റെ ഇഷ്ടം പോലെ വാങ്ങിച്ചോ. ഞാൻ വരാം കൂടെ?”

അവളുടെ മുഖം വിടർന്നു

“ശരിക്കും?”

“ഉം വരാം “

“ക്ഷമ വേണം സമയം എടുക്കും. പെണ്ണുങ്ങൾടെ കൂടെ ഷോപ്പിംഗിനു പോകുന്നത് ബോർ ആണെന്നാ പൊതുജനം പറയുന്നത് “

“ആണോ അനുഭവം ഇല്ല. നോക്കിക്കളയാം.”

“അതേ.ഞാൻ പോകുന്നത് സാധാരണ മനുഷ്യർ പോകുന്ന ചെറിയ കടകളിലാണ്ഒരു കടയിൽ എല്ലാം കിട്ടില്ല. മൂന്നാലിടത്ത് പോകണം “

“പോകാം “

അവൾ ആ കവിളിൽ ഒരുമ്മ കൊടുത്തു

“എന്റെ ചക്കര “

അവൻ മെല്ലെയൊന്ന് ചിരിച്ചു

“എന്നാ നമുക്ക് ബസിൽ പോകാം “

“വാട്ട്‌?”അവൻ ഒന്ന് അമ്പരന്നു

“അതേയ് അപ്പുവേട്ടൻ എപ്പോഴും കാർ അല്ലെ ഉപയോഗിക്കുക? ബസിൽ പോയിട്ടെയുണ്ടാവില്ല ഉവ്വോ?”

“സ്കൂളിൽ പഠിക്കുമ്പോൾ പോയിട്ടുണ്ട് “

“പിന്നില്ലേ?”

“ഇല്ല “

“എങ്കിൽ ഒരു തവണ എന്റെ കൂടെ ബസിൽ വാ “

അവൻ അവിടേയ്ക്ക് വന്ന അച്ഛനെ ഒന്ന് നോക്കി

“ബസ് വേണോ മോളെ?”

ജയറാം വന്ന് അരികിൽ ഇരുന്നു

“നല്ല രസല്ലേ.ബസിൽ പോകാം കാർ പാർക്ക്‌ ചെയ്യാൻ പറ്റില്ല എങ്ങും. ഇതാവുമ്പോൾ നല്ല എളുപ്പമാണ് “

“ഓൺലൈനിൽ വാങ്ങി കൂടെ”ജയറാം ചോദിച്ചു

“അത് ഓർഡർ ചെയ്യുന്ന മെറ്റീരിയൽ ആവില്ല പലപ്പോഴും കിട്ടുക. നോക്കി സെലക്ട്‌ ചെയ്യുന്ന സുഖം കിട്ടില്ലന്നെ “

“അതല്ല മോളെ ഇവന് അങ്ങനെ..”

അർജുൻ പെട്ടെന്ന് കണ്ണടച്ച് കാണിച്ചു

സെക്യൂരിറ്റി ഉള്ള കാര്യം ആണ് ജയറാം പറയാൻ വന്നത്

സത്യത്തിൽ അർജുൻ സമ്പന്നൻ ആണെന്ന് അറിയാമെങ്കിലും അതിന്റെ ഗൗരവം അവൾക്ക് അറിയുമായിരുന്നില്ല. അവന്റെ സമ്പത്ത് 1500കോടിയിൽ നിന്ന് കഴിഞ്ഞ വർഷങ്ങളിൽ അതിന്റെ ഇരട്ടിയിൽ അധികമായതുമൊന്നും അവൾ അറിഞ്ഞിട്ടുമില്ല. അവൾക്ക് അവൻ അവളുടെ അപ്പുവേട്ടനാണ്. എപ്പോഴും അവൾക്ക് കളി പറയാനും പിണങ്ങാനും വഴക്കിടാനും സ്നേഹിക്കാനുമൊക്കെയുള്ള കളിക്കുട്ടി.

“നമുക്ക് പൂവാം “

അവൻ തലയാട്ടി

“ഞാൻ പോയി റെഡി ആകട്ടെ?”

അവൾ ഉത്സാഹത്തോടെ എഴുന്നേറ്റു

“ഉം “

“അപ്പുവേട്ടൻ സാധാരണ പോലെ മതിയേ മുണ്ടും ഷർട്ടും മതി.. അന്ന് ഗുരുവായൂരൂ വെച്ചു അതായിരുന്നു അച്ഛാ വേഷം. എന്ത് രസാണെന്നോ കാണാൻ. എന്റെ സുന്ദരൻ കുട്ടിയാ “

അവൾ അവന്റെ കവിളിൽ നുള്ളിയിട്ട് അകത്തേക്ക് പോയി

അർജുൻ ഒന്ന് ചമ്മി

“ഭയങ്കര സ്നേഹാട്ടോ അതിന്.. പാവം.. ആ പിന്നെ,സെക്യൂരിറ്റി ഇല്ലാതെയങ്ങനെ  പുറത്ത് പോകുന്നത് റിസ്ക് ആണ് “

“ഇവിടെ എന്റെ നഗരത്തിൽ എനിക്ക് എന്തിനാ സെക്യൂരിറ്റി? ഇത് പദ്മനാഭന്റെ  മണ്ണ്. അർജുനെ പദ്മനാഭൻ നോക്കിക്കൊള്ളും “

“ഈശ്വര വിശ്വാസിയായി “

“yes… ഇപ്പൊ ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നുണ്ട്. അമ്മ പോയപ്പോ പോയതാ ആ വിശ്വാസം. പക്ഷെ അമ്മയ്ക്ക് പകരം എനിക്ക് ഇവളെ തന്നില്ലേ ദൈവം. ഇപ്പൊ. അർജുന്‌ ദൈവത്തോട് നന്ദിയുണ്ട്. സ്നേഹവും “

അവൻ പറഞ്ഞു നിർത്തി

“അച്ഛൻ വരുന്നോ കൂടെ നല്ല എക്സ്പീരിയൻസ് ആയിരിക്കും “

“എന്റെ പൊന്ന് കുഞ്ഞേ വേണ്ട. അനുഭവിച്ചവർക്ക് അറിയാം സുഖം. നിന്റെ അമ്മയുടെ കൂടെ കുറേ തവണ പോയിട്ടുണ്ട്. മതി “

അദ്ദേഹം തൊഴുതു

ശെടാ ഇത് അത്ര ബോർ പരിപാടി ആണോ

എന്നാലും ഒപ്പം ആളുണ്ടല്ലോ തന്റെ പെണ്ണ്. അപ്പൊ ഏത് മുഷിവും മാറും.

ബസിൽ ഇരിക്കുമ്പോൾ അവൾ അവന്റെ മുഖം നോക്കി

വെളിയിലെ കാഴ്ചകൾ കണ്ടിരിക്കുകയാണ്

“കാറിന്റെ ഗ്ലാസിൽ കൂടെ കാണുന്ന പോലെയല്ല ലൈവ് “

അവൾ കാതിൽ പറഞ്ഞു. അവൻ ഒന്ന് ചിരിച്ചു

“അതെങ്ങനെ അപ്പോഴും അപ്പുവേട്ടൻ ലാപ്പിൽ അല്ലെ മൊബൈലിൽ. ആണ് നോക്കുക “

“പണിയെടുത്തു ജീവിക്കുന്ന ഒരു  സാധു അല്ലേടി മോളെ ഞാൻ?”

“അച്ചോടാ പാവം”

അവൾ മുഖം കൂർപ്പിച്ചു

അവനവളെ നോക്കിയിരുന്നു

കണ്ണുകൾ മഷി എഴുതി മനോഹരമാക്കിയിട്ടുണ്ട്

നെറ്റിയിൽ ചെറിയ ഒരു പൊട്ട്നിറുകയിൽ കുങ്കുമം. മൂക്ക് കാണാൻ നല്ല ഭംഗിയാണ്

മൂക്കുത്തി ഇട്ടാൽ നന്നായിരിക്കും. അവൻ വെറുതെ ഓർത്തു

“എന്താ നോക്കണേ?”

“നിനക്ക് മൂക്കുത്തി നന്നായിരിക്കും “

അവളുടെ കണ്ണുകൾ വിടർന്നു

“ശോ ഞാൻ ഇത് എങ്ങനെ പറയുമെന്ന് കരുതി ഇരിക്കുവാരുന്നു. ഞാൻ മൂക്ക് കുത്തിയാലോന്ന് എത്ര തവണ വിചാരിച്ചതാണെന്നോ. ഏട്ടൻ സമ്മതിക്കില്ല. കുറേ വഴക്ക് പറഞ്ഞു ഒരിക്കൽ.”

അവന്റെ മുഖം ഒന്ന് മാറി

അവനവളുട മൂക്കിൽ ഒന്ന് തൊട്ടു

“നമുക്ക് അത് ചെയ്തു കളയാം “

അവൾ തലകുലുക്കി. അവൾ അവന്റെ കയ്യിൽ കൂടെ കൈ കോർത്തിട്ട് പിടിച്ച് ചേർന്ന് ഇരുന്നു

ഓരോ കാഴ്ചകൾ കണ്ട് കണ്ട്..

അവൾ കിലുകിലാന്ന് സംസാരിച്ചു കൊണ്ടിരിക്കും

അത് അർജുന്‌ വലിയ ഇഷ്ടമാണ്. അവൻ പൊതുവെ സംസാരിക്കില്ലെങ്കിൽ കൂടെ അത് കേൾക്കാൻ ഇഷ്ടമാണ്. അപ്പൊ അവളുടെ മുഖത്ത് വന്നു നിറയുന്ന ഭാവങ്ങൾ അതിമനോഹരം ആണ്

അവർ ബസ് ഇറങ്ങി നടന്നു

“ജിമ്മിൽ പോകുന്നതിലും നല്ലതട്ടോ ഈ നടപ്പ് “

അവൻ ചിരിച്ചു

അർജുൻ സ്ഥിരമായി ജിമ്മിൽ പോകുന്ന ആളല്ല

പക്ഷെ പോകും സമയം കിട്ടുമ്പോൾ.

പൊതുവെ തടി വെക്കാത്ത ശരീരം ആണ് അവന്റേത്

ഭക്ഷണപ്രിയനുമല്ല

“ഇവിടെ ആണ് ഞാൻ വരാറ് “

ഒരു ടെക്സ്റ്റൈൽ

അവന്റെ ആദ്യ അനുഭവം ആയിരുന്നു അത്

അർജുന്‌ ഡ്രസ്സ്‌ ഡിസൈൻ ചെയ്യാൻ ആളുണ്ട്

ഡ്രെസ്സുകൾ പർച്ചേസ് ചെയ്യാനും ആളുണ്ട്.അത് സെലക്ട്‌ ചെയ്താൽ മാത്രം മതി

ഒരു ഷോപ്പിലും അവൻ പോയിട്ടില്ല

നിറയെ ആൾക്കാർ

“ഞായറാഴ്ച ആയത് കൊണ്ട തിരക്ക് “

അവൾ പറഞ്ഞു

അവൾ ഓരോന്നായി നോക്കിയെടുക്കുന്നത് നോക്കി നിന്നു അവൻ

“ഇത് നല്ലതാണോ “ഇടക്ക് അവനോട് ചോദിക്കുന്നുണ്ട്

അവൻ വെറുതെ തലയാട്ടി

ഏതിട്ടാലും നല്ലതാണ് അവൾക്ക്

അവളുടെ നി-തംബം മറഞ്ഞു കിടക്കുന്ന പിന്നിയിട്ട മുടിയിലേക്ക് ഇടക്ക് ചിലരുടെ നോട്ടം എത്തുന്നത് അവൻ കാണുന്നുണ്ടായിരുന്നു

ഭാര്യമാർക്കൊപ്പം വന്ന പുരുഷൻമാരുടെ പോലും കണ്ണുകൾ അവളുടെ ശരീരത്തിനെ ഉഴിയുന്നത് അവൻ അസഹ്യതയോടെ കണ്ടു

“കഴിഞ്ഞു
വാ..”

“ഇത്രേ ഉള്ളു?”

“പിന്നല്ലാതെ.. കുറച്ചു മതി.. തയ്ച്ച് വരുമ്പോൾ കുറേ കാണും “

അവൻ ചിരിച്ചു പോയി

“അപ്പുവേട്ടന് ഒരു ഷർട്ട്‌ വാങ്ങി തരാം വാ “

“ഹേയ് വേണ്ടടി “

“വേണം വാ “

അവൻ പിന്നെ തടഞ്ഞില്ല

ഒരു ബ്ലാക്ക് ഷർട്ട്‌ എടുത്തു അവൾ

അവന്റെ ദേഹത്ത് വെച്ചു നോക്കി

“നല്ല ഭംഗിണ്ട്.ഒന്നുടെ നോക്കട്ടെ “

“എടി വേണ്ട ന്ന് “

“അതെന്താ?”

“എനിക്ക് ഇഷ്ടം പോലെ. ഉണ്ടല്ലോ “

“ഞാൻ വാങ്ങി തന്നിട്ടില്ലല്ലോ “

അവൻ ചിരിച്ചു

“കടും നീല ഒന്നെടുത്തു

“ഇഷ്ടായോ?”

അവൻ തലയാട്ടി

“അങ്കിളിന് കൂടെ എടുക്കട്ടെ “

അവൻ പെട്ടെന്ന് വല്ലാതായി

താൻ അച്ഛന് ഇത് വരെ ഒന്നും കൊടുത്തിട്ടില്ലല്ലോ എന്നോർത്ത് പോയി

“അങ്കിളിന് ഏത് നിറവും ചേരും അപ്പുവേട്ടനെ പോലെ തന്നെ.. സുന്ദരനല്ലേ?”

അവൾ ചിരിച്ചു

കടും പച്ച ഒരെണ്ണം. പിന്നെ ആഷ് നിറത്തിൽ ഒരെണ്ണം

“അടിപൊളി ആയിരിക്കും. ദുർഗ ഡോക്ടർ ഇത് കണ്ടെങ്കിലും നേരിട്ട് വല്ലോം പറയട്ടെ ‘

അവൻ പൊട്ടിച്ചിരിച്ചു പോയി

അടുത്ത് നിന്നവർ നോക്കിയപ്പോൾ അവൻ പെട്ടെന്ന് നിയന്ത്രിച്ചു

പിന്നെ അവർ ഒരു ജ്വല്ലറിയിൽ കയറി

“ഏത് കല്ലാണ് നല്ലത്? എനിക്ക് ചേരുക?,”

“എല്ലാം ഭംഗിയുണ്ട് “

“എന്നാലും അപ്പുവേട്ടന് ഏതാ ഇഷ്ടം ആയെ?”

“വെള്ള “

“അത് മതി “

അവൾ മൂക്ക് കുത്താൻ ചെന്ന് ഇരിക്കുന്നത്  കണ്ട് അവൻ ചിരിച്ചു പോയി

അവൻ മൊബൈൽ എടുത്തു

“എടുക്കല്ലേ ട്ടാ “

അവൻ ചിരിച്ചു കൊണ്ട് അത് ഷൂട്ട് ചെയ്തു

മൂക്കിൽ പോയിന്റ് ചെയ്ത ശേഷമാണ് മുക്കൂത്തി കയറ്റുന്നത്

അവളുടെ കണ്ണ് നിറഞ്ഞു പോയി

“കഴിഞ്ഞു “പയ്യൻ ചിരിച്ചു കൊണ്ട് പറഞ്ഞു

വെള്ളക്കല്ല് ജ്വലിക്കുന്ന  പോലെ

അവളുടെ ഭംഗി ഇരട്ടിച്ചു

“ഹൂ എന്താ പുകച്ചില്..”

“പോകാം “

“മുരടൻ സമാധാനിപ്പിക്കുന്നുണ്ടോ ന്ന് നോക്കിക്കെ. വേറെ വല്ല കെട്ടിയോൻ മാരും ആയിരുന്നു എങ്കിൽ എന്തെല്ലാം പറഞ്ഞേനെ… എനിക്ക് കിട്ടിയത് നോക്ക്. ഹൂ “

അവൾ തന്നെതാൻ പറഞ്ഞു കൊണ്ട് പിന്നാലെ ചെന്നു

“എന്തെങ്കിലും പറഞ്ഞോ”

അവൻ ഒന്ന് തിരിഞ്ഞു നോക്കി

“വേദന “

“അത് മാറിക്കൊള്ളും “

അവൻ അലസമായി പറഞ്ഞു

“ഇങ്ങനെ ഒരു സാധനം “

അവൾ വേഗം നടന്ന് ഒപ്പം ചെന്നു

ബസിൽ നല്ല തിരക്ക് ഉണ്ടായിരുന്നു

കൃഷ്ണയും അർജുനും നിന്നു

“എടി ഇത് വേണ്ടാരുന്നു.നിൽക്കണ്ടേ?”

അവൻ ചെവിയിൽ പറഞ്ഞു “

“ഇത് നല്ല എക്സ്പീരിയൻസ് ആണെന്ന് “

അവൾ ചിരിച്ചു കൊണ്ട് ആ നെഞ്ചിൽ ഒന്ന് ചാരി

ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്തപ്പോ അർജുൻ കുറച്ചു പിന്നോട്ട് പോയി. പക്ഷെ അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

ഒരു പയ്യൻ അവളുടെ പിന്നിലായി വന്ന് ചേർന്ന് നിന്നപ്പോൾ അവൻ കുറച്ചു മുന്നിലോട്ട് നീങ്ങി

കൃഷ്ണ ഒന്ന് തിരിഞ്ഞു  നോക്കി

പുറകിൽ നിൽക്കുന്നവന്റെ മുഖത്ത് വഷളൻ ചിരി

അവൾ മുന്നോട്ട് മാറാൻ ശ്രമിച്ചു

ഇടുപ്പിൽ അവന്റെ കൈ അമർന്നത് പോലെ. വീണ്ടും നിതമ്പത്തിൽ അവന്റെ  കൈകൾ

അവൾ കോപത്തോടെ അവനെ ഒന്ന് തള്ളി

പൊടുന്നനെ ഡബിൾ ബെൽ അടിച്ചു “ആരാ ബെൽ അടിച്ചത്?”

കണ്ടക്ടർ ചോദിക്കുന്നു. അവൾ വീണ്ടും ഒന്ന് തിരിഞ്ഞു

അർജുൻ

അവന്റെ ഷർട്ടിൽ പിടിച്ചു തൂക്കി വെളിയിലേക്ക്

ഈശ്വരാ.കൃഷ്ണ തലയിൽ കൈ വെച്ചു പോയി

അവൻ കൃഷ്ണയേ അവന്റെ മുന്നിൽ കൊണ്ട് നിർത്തി

“തൊടെടാ…”

അർജുൻ മുണ്ട് മടക്കി ഉടുത്തു

“അപ്പുവേട്ടാ വേണ്ട “

അർജുൻ അവന്റെ നെഞ്ചിൽ പിടിച്ചു മുന്നോട്ട് തള്ളി

“നീ ആണാണെങ്കിൽ ഇപ്പൊ തൊടടാ “

അവൻ ചുറ്റും നോക്കി

ആള് കൂടി കഴിഞ്ഞു

ആണിന് സ്വാതസിദ്ധമായി ഉണ്ടാകുന്ന ഒരു റീഫ്ളക്സ് അവനും ഉണ്ടായി

അവൻ അർജുനെ പിടിച്ചു തള്ളി

ആ നിമിഷം അടി വീണു

കാഴ്ചകൾ മങ്ങി പോയത് പോലെ അവൻ ഒന്ന് വട്ടം കറങ്ങി

“എന്താ നിനക്ക് തൊടണ്ടേ?”

ഒറ്റ ഒന്ന് കൂടെ

അവൻ പെട്ടെന്ന് പോക്കറ്റിൽ നിന്ന് കത്തിയെടുത്തു

“അത് ശരി ഇതൊക്കെ കൊണ്ടാ നടപ്പ് “അർജുൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു

കാഴ്ചക്കാർക്ക് ഹരം പിടിച്ചു

“ഇതൊക്കെ ആരാ?”

കണ്ടു നിന്ന ഒരുത്തൻ മറ്റെയാളോട് ചോദിച്ചു

“ഒരാളെ അറിയാം.നെടുമങ്ങാട് സാബു. ഗുണ്ടയാ. മറ്റേത് അറിഞ്ഞൂടാ. ബസിൽ വെച്ച് എന്തോ ഇഷ്യൂ “

“അവൻ പീഡനവീരൻ അല്ലെ?ആ ജംഗ്ഷനിൽ ഭിക്ഷഎടുക്കുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തതിന് അകത്തല്ലായിരുന്നോ?”വേറെ ഒരാൾ ചോദിച്ചു

“അതെന്ന്.ഇന്നലെ ജാമ്യത്തിൽ ഇറങ്ങി “

“ശോ ആ ചെറുക്കൻ പാവം. ഇവന്റെ കയ്യിൽ നിന്നു മേടിച്ചു കൂട്ടും.ആരെങ്കിലും പോലീസിനെ വിളി.”

അർജുൻ മുന്നോട്ട് ചെന്നു

“കുത്തെടാ…”

അവൻ അത് വീശിയതും ചവിട്ടി നെഞ്ചു കലക്കിയതും ഒന്നിച്ചായിരുന്നു

ഇപ്പൊ കത്തി അർജുന്റെ കയ്യിലാണ്

അവനത്  വിരലുകൾക്കിടയിലിട്ട് കറക്കി കൊണ്ട് അവനോട് എഴുന്നേറ്റു വരാൻ പറഞ്ഞു

അവൻ ഭയത്തോടെ എഴുന്നേറ്റു

“അപ്പുവേട്ടാ വേണ്ട നമുക്ക് പോകാം “

“പോകാം “അവൻ അവളോട് പറഞ്ഞു

“വാടാ “അർജുൻ അവന്റെ നേരേ കൈ കാട്ടി

അവൻ ഭയത്തോടെ അടുത്ത് ചെന്നു

അവന്റെ വലതു കയ്യിൽ തറഞ്ഞ് കത്തി നിന്നു

കൃഷ്ണ ഒരു നിലവിളിയോടെ പിന്നോട്ട് മാറിപ്പോയി

അടുത്ത നിമിഷം അർജുൻ ആ കത്തി വലിച്ചൂരിയെടുത്തു

അവൻ അലറിപോയി

“ഇവളോട് മാപ്പ് പറയണം. ഇല്ലെങ്കിൽ ഇത് നിന്റെ ചങ്കിൽ കയറും “

അവൻ അത് ചെയ്യുമെന്ന് അവന്റെ മുഖം വിളിച്ചു പറഞ്ഞു

കൃഷ്ണ വിറച്ചു പോയി

അർജുന്റെ ആ മുഖം

ഏട്ടൻ പറഞ്ഞ, ദൃശ്യ പറഞ്ഞ മുഖം

അവളുടെ മുന്നിൽ അനാവൃതമാകുകയായിരുന്നു

സാബു അവളുടെ മുഖത്ത് നോക്കി സോറി എന്ന് പതിയെ പറഞ്ഞു

“അങ്ങനെ അല്ല. മുട്ടിൽ നിന്ന് തൊഴുകയ്യോടെ പറയണം. ഇവിടെ കൂടി നിൽക്കുന്ന മുഴുവൻ പേരുടെയും മുന്നിൽ വെച്ച് പറയണം. സ്വന്തം ഭാര്യേ തൊട്ടാൽ ആണൊരുത്തൻ ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് നീ അറിയണം. പറ “

പോലീസ് വന്നു

“ഹലോ.. ഹലോ ഇവിടെ നിയമം നടപ്പാക്കാൻ പോലീസ് ഉണ്ട് കോടതി ഉണ്ട്. ഇങ്ങോട്ട് മാറിക്കെ  എസ് ഐ അവനോട് പറഞ്ഞു “

“എന്നിട്ട് ഇത്രേം നേരം നീ എവിടെ ഒണ്ടാക്കാൻ പോയിരിക്കുവാരുന്നെടാ.. ഏത് കാര്യവും തീരുമ്പോൾ കൃത്യമായി ഇറങ്ങിക്കോളും പെട്രോളും കത്തിച്ച് “

അവന്റെ മറുപടിയിൽ എസ് ഐ ഒന്ന് പതറി

“ജീപ്പിൽ കേറട “അവന്റെ കയ്യിൽ പിടിച്ചയാൾ അലറി

“നീ പോടാ പുല്ലേ ” ആ കൈ കുതറിച്ചു കളഞ്ഞു അവൻ

“ഈ ചടങ്ങ് ഒന്ന് കംപ്ലീറ്റ് ചെയ്യട്ടെ “

“ഇവനെ പിടിച്ചു ജീപ്പിൽ കയറ്റേട “

അയാൾ കൂടെയുള്ള പോലീസ്‌കാരോട് ഉറക്കെ പറഞ്ഞു

അർജുൻ തിരിഞ്ഞു അയാളുടെ കാതിലേക്ക് മുഖം ചേർത്തു

“എന്നെ ആരെങ്കിലും തൊട്ടാ നാളെ രാവിലെ നീ ഇല്ല.. അർജുൻ ആണ് പറയുന്നത് “

അയാൾ കൂടെയുള്ള പോലീസുകാരെയൊന്നു നോക്കി

“നീ സ്റ്റേഷനിൽ വിളിച്ചു ചോദിക്ക്. അർജുൻ ജയറാം, ചെയർമാൻ ,മാധവം മെഡിക്കൽ കോളേജ്  ഇതാരാണ് എന്ന് ചോദിക്ക് എന്നിട്ട് ഉണ്ടാക്കേടാ പുല്ലേ “

അർജുൻ മുന്നോട്ടാഞ്ഞു സാബുവിന്റെ അരികിൽ ചെന്നു

“ഞാൻ പറഞ്ഞത് പോലെ പറയണം “

അവൻ കത്തി അവന്റെ തൊണ്ടക്കുഴിയിൽ മുട്ടിച്ചു

“ഇല്ലെങ്കിൽ ഈ ആപ്പിൾ ഞാൻ അങ്ങ് മുറിച്ചു കളയും “

കൃഷ്ണ ഭയന്ന് പോയിരുന്നു

അവൻ അവൾക്ക് മുന്നിൽ മുട്ട് കുത്തി മാപ്പ് പറഞ്ഞു

ഒരു കയ്യടി ശബ്ദം

ഒരു ഭിഷക്കാരി ആയിരുന്നു അത്

അവൻ ഉപദ്രവിച്ച ആ സ്ത്രീ

അവർ മുന്നോട്ട് വന്ന് ചെരിപ്പ് കൊണ്ട്. സാബുവിനെ ആഞ്ഞടിച്ചു

കയ്യടികൾ വീണ്ടും മുഴങ്ങി കൊണ്ടിരുന്നു

“വാടി “

അവൻ തിരിഞ്ഞു കൃഷ്ണയേ നോക്കി

കൃഷ്ണ ഓടി അവനൊപ്പം ചെന്നു

“ബസിൽ പോകാനുള്ള ആഗ്രഹം തീർന്നോ നിന്റെ?”

അവൾ ഉമിനീരിറക്കി

തുടരും…