കൃഷ്ണയുടെ മടിയിൽ കിടക്കുകയാണർജുൻ. അവൾ അവന്റെ മുഖം ലാളിച്ചു കൊണ്ടിരുന്നു
“അപ്പുവേട്ടാ?”
“ഉം “
“എനിക്ക് കാർഡിയോ എടുക്കാൻ ആയിരുന്നു ഇഷ്ടം. ഏട്ടന് വയ്യാതിരുന്നപ്പോൾ അതായിരുന്നു ലക്ഷ്യം. ഏട്ടനെ നോക്കാമല്ലോ എന്ന് മാത്രം ഓർത്തു. സത്യത്തിൽ ഏട്ടൻ പാവമാണ്. എന്നെ ജീവനാണ്. പേടി കൊണ്ടാ അപ്പുവേട്ടനെ എതിർത്തത്. അതെല്ലാ ആങ്ങളമാർക്കും വരുന്ന പേടിയാണ് കുറ്റം പറയാൻ വയ്യ. ഇങ്ങനെ ഒരു ചട്ടമ്പിയുടെ കൂടെ എങ്ങനെ എന്നൊരു ഭയം അതാണ് ട്ടോ. എന്റെ അപ്പുവേട്ടൻ ഒന്നും മനസ്സിൽ വെയ്ക്കല്ലേ. ഏട്ടനോട് സംസാരിക്കണം. ഈ ഇമേജ് ഒക്കെ മാറട്ടെ. ദേഷ്യം ഒന്നും വേണ്ട. എന്റെ അച്ഛൻ, അമ്മ, ഏട്ടൻ ഒക്കെ പാവങ്ങളാ. അവർക്ക് ഇതൊക്കെ ഒരു പേടിയാ സത്യത്തിൽ. എന്നെ പോലല്ല അവര്. അവർക്ക് വിദ്യാഭ്യാസം ഇല്ല. പണമില്ല അപ്പൊ അതിന്റെ അപകർഷതബോധമുണ്ടാകും. നമ്മൾ വേണം അത് മാറ്റി കൊടുക്കാൻ. മനസിലാകുന്നുണ്ടോ എന്റെ ചെക്കന്?”
അവൻ ആ കൈ എടുത്തു കൈ വെള്ളയിൽ അമർത്തി ചുംബിച്ചു.
“കൃഷ്ണ എനിക്ക് അത്ര പെട്ടെന്ന് ഒരാളോട് അടുപ്പം ഉണ്ടാവില്ല. നി പെട്ടെന്ന് സംസാരിക്കും. എനിക്ക് അത് അറിയില്ല. അറിയില്ല എന്നല്ല എനിക്ക് പറ്റില്ല. ഞാൻ അങ്ങനെ ആരെയും ഒത്തിരി സ്നേഹിക്കുകയുമില്ല. എന്റെ അച്ഛൻ, നി, ദൃശ്യ, ഗോവിന്ദ്, ഡാഡി, ചിറ്റ, പിന്നെ ദീപു കഴിഞ്ഞു എന്റെ സ്നേഹത്തിന്റെ വൃത്തം. അതിൽ തന്നെ ഒരു കുഞ്ഞ് വൃത്തം ഉണ്ട്. ഇന്നർ സർക്കിൾ അതിൽ നീയും അച്ഛനും മാത്രേയുള്ളു. എന്തോ ഞാൻ ഇതാണ് ഇങ്ങനെ ആണ്. പിന്നെ നി പറയുന്നതൊക്കെ എനിക്ക് മനസിലാകും. ഞാൻ ശ്രമിക്കാം. പക്ഷെ നിന്റെ ഏട്ടനോട് എനിക്ക് അഭിനയിക്കേണ്ടി വരും. എനിക്ക് അവനെ ഇഷ്ടമല്ല കൃഷ്ണ. ആദ്യകാഴ്ചയിൽ തന്നെ എനിക്കിഷ്ടമല്ല അവനെന്നെയും.”
“അത് മാറണം. മാറും “
അവൾ ആ തലമുടി തലോടി കൊണ്ടിരുന്നു
“അടുത്ത വർഷം ഹോസ്റ്റലിൽ നിൽക്കണമെന്ന് നിർബന്ധം ആണോ.”
“രാത്രി ഡ്യൂട്ടി വരുമെന്ന പറയുന്നേ. ചിലപ്പോൾ അപ്പൊ അതാ നല്ലതെന്ന് പറയുന്നു. ശരിക്കും പറഞ്ഞാൽ ഉച്ചക്ക് രണ്ടു മണിക്ക് ഡ്യൂട്ടി തീരും. പിറ്റേന്ന് രാവിലെ എട്ട് മണിക്ക് അടുത്ത ഡ്യൂട്ടി അങ്ങനെയാ.”
“വീട്ടിൽ നിന്നാ മതി. നിന്നെ കൊണ്ട് വിടാനും വിളിച്ചു കൊണ്ട് വരാനും ആളുണ്ടാവും. വെറുതെ ഹോസ്റ്റലിൽ നിന്ന് മോശം ആഹാരമൊക്ക ആവും. വേണ്ടെടി. ഞാൻ ഇത് പോലെ കാണില്ല ഒപ്പം. ഞാൻ പറഞ്ഞില്ലേ സേവിയേഴ്‌സ് ഗ്രൂപ്പ്‌ന്റെ ഹോസ്പിറ്റൽസ് വാങ്ങിയത്. അതിന്റെ ഫൈനൽ സ്റ്റെപ്പിലേക്ക് പോകുകയാണ്. ഡാഡി വരുന്നുണ്ട്. പിന്നെ നല്ല തിരക്കാവും. എന്നാലും ഇടയ്ക്ക് ഓടി വരുമ്പോൾ നി ഉള്ളത് ആശ്വാസം ആണ്. അത് establish ആയി കഴിഞ്ഞ ഫ്രീ ആകും.”
“അപ്പൊ മോന് അടുത്ത പ്രൊജക്റ്റ് വരും. വീണ്ടും തിരക്ക് വരും “
“ഇല്ലെടി, നിന്റെ ഒരു വർഷത്തെ തിരക്ക് കഴിഞ്ഞാൽ നി നമ്മുടെ ഹോസ്പിറ്റലിൽ അല്ലെ? എപ്പോ വേണേൽ കാണാം..ഒന്നിച്ചല്ലേ?”
“കിടക്കാം. രാവിലെ എഴുന്നേറ്റു തൊഴുതിട്ട് തൃശൂർ പോകണം. ഹോസ്പിറ്റലിൽ കയറണം. നമ്മൾ രണ്ടു ദിവസം തൃശൂർ ഉണ്ടാവും “
അവൾ തലയാട്ടി
അവന്റെ നെഞ്ചോടോട്ടി കിടക്കുമ്പോൾ അവൾ സർവ്വം മറന്നു പോയി. കണ്ണുകളിൽ ഉറക്കം വന്നു
രാവിലെ എഴുന്നേറ്റു തൊഴുത് ഇറങ്ങി തൃശൂർക്ക് പോയി അവർ. അവിടെ പലർക്കും അവളെ അറിയില്ല. അന്ന് ഒരു നോട്ടം കണ്ടെങ്കിലും ഓർമ്മയില്ല. അവൻ പ്രധാനപ്പെട്ട ഡോക്ടർമാരെയൊക്കെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു
“ഇതാണ് ഡോക്ടർ രുദ്ര. നിവിന്റെ അമ്മ “
കൃഷ്ണ പുഞ്ചിരിയോടെ കൈ കൂപ്പി. അവർ പുഞ്ചിരിച്ചു. നിവിൻ പറഞ്ഞ് അവർക്ക് കാണുന്നതിന് മുന്നേ കൃഷ്ണയേ അറിയാം
“ഡോക്ടർ രുദ്ര, ഇതിന്റെ ഷെയർ ഹോൾഡർ ആണ് കൃഷ്ണ.”
കൃഷ്ണയ്ക്ക് അത് പുതിയ അറിവായിരുന്നു
“റിസൾട്ട് വരാറായോ?”
“ഈ മാസം വരും “
“ഫ്രീ ആയിട്ട് ഒരു ഡോക്ടറെ സ്വന്തം ആയി കിട്ടി അല്ലെ അർജുൻ?”
“ഫ്രീ ഒന്നുമല്ല..അല്ലെ കൃഷ്ണ?”
കൃഷ്ണ മെല്ലെ ചിരിച്ചതേയുള്ളു
ഹോസ്പിറ്റലിൽ മുഴുവൻ അവൻ കൊണ്ട് നടന്നു കാണിച്ചു. ഓരോ വിഭാഗങ്ങൾ, അതിന്റെ പ്രത്യേകതകൾ. പിന്നെ അവളെ മുറിയിൽ കൊണ്ട് ആക്കി
“ഇനി എന്റെ കൊച്ച് ഇവിടെ ഇരുന്നോ. മീറ്റിംഗ് കഴിഞ്ഞു വരാം “
അവൾ തലയാട്ടി
താൻ എത്രയോ വലിയ ഒരാളുടെ ഭാര്യയാണെന്നുള്ള ബോധം വരികയായിരുന്നു അവൾക്ക്. ചിലപ്പോൾ ഒന്നും അത് ആലോചിക്കുക കൂടിയില്ല. തന്റെ കളിക്കുട്ടി അത്രേ ഓർമ്മ ഉള്ളു. അവൾ ജനാലയിലൂടെ നഗരത്തെ നോക്കി നിന്നു
ഗൗരിക്ക് അസ്വസ്ഥത തുടങ്ങിയത് ഉച്ചക്ക് ആയിരുന്നു. അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ കൃഷ്ണ തിരിച്ചുള്ള യാത്രയിൽ ആയിരുന്നു
“ഡേറ്റ് ആയില്ലല്ലോ ” അവൾ ചോദിച്ചു
“അതേ മോളെ. താലൂക് ആശുപത്രിയിൽ ആണ് കൊണ്ട് വന്നത്. ഇവിടെ അവളെ നോക്കുന്ന ഡോക്ടർ ഇല്ല. വേറെ ഒരാൾ ആണ്.”
“അച്ഛാ മാധവത്തിലോട്ട് കൊണ്ട് പൊ, ഞാൻ വിളിച്ചു പറയാം “
“ആ ഞാൻ അവനോട് ഒന്ന് ചോദിച്ചു നോക്കട്ടെ “
“ഗൗരിയേച്ചിക്ക് വേദന തുടങ്ങി. ഹോസ്പിറ്റലിൽ ചെന്നപ്പോൾ നോക്കുന്ന ഡോക്ടർ ഇല്ലത്രെ. പക്ഷെ ഒരു മാസം മുന്നേ ആണല്ലോ. എന്തോ പ്രശ്നം ഉണ്ട് “
“നി അവരോട് വേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ പറയ്. അവിടെ ഡോക്ടർ സജ്‌ന ഉണ്ടാകും ഞാൻ വിളിച്ചു പറയാം”
കൃഷ്ണ അത് മനുവിനെ വിളിച്ചു പറഞ്ഞു
“അത് വേണ്ട. അവന്റെ ഔദാര്യത്തിൽ അങ്ങനെ വേണ്ട. ഇവിടെ മതി “
“അത് ഏട്ടന്റെ കാര്യത്തിൽ മതി അങ്ങനെ ഉള്ള തീരുമാനം. ഇത് ഗൗരിയേച്ചിയുടെ കാര്യം ആണ്. ചേച്ചിയുടെ കയ്യിൽ ഫോൺ കൊടുക്ക് “
അവൻ കൊടുത്തില്ല കാൾ കട്ട് ആക്കി
അർജുൻ അത് അവഗണിച്ചു കളഞ്ഞു. അവന് മനസിലായി
കൃഷ്ണ ഗൗരിയുടെ ഫോണിൽ വിളിച്ചു
“ചേച്ചി ഈഗോ വെച്ചോണ്ടിരുന്നാൽ മനുവേട്ടന് ഒന്നുമില്ല. ചേച്ചിക്ക് നഷ്ടപ്പെടും. ചിലപ്പോൾ എന്ത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ വന്നതെന്ന് ഡോക്ടർ പറഞ്ഞോ?”
“അങ്ങനെ ചിലപ്പോൾ വരും എന്ന് പറഞ്ഞു. എന്നെ ലേബർ റൂമിലേക്ക് മാറ്റുകയാ “
“ചേച്ചി ദയവ് ചെയ്തു മാധവത്തിലോട്ട് പൊ. പരിചയം ഉള്ളവരാ എല്ലാം. പ്ലീസ് “
“മനുവേട്ടൻ സമ്മതിക്കുന്നില്ല കൃഷ്ണ “
ആ ഫോൺ കട്ട് ആയി
“എന്തൊക്കെ തരമാണ് മനുഷ്യൻ. ശോ ദൈവമേ ഞാൻ ആരെ വിളിച്ചു പറയും “
“നി ആ ഡോക്ടറുടെ പേരെന്താ എന്ന് ചോദിക്ക് “
അവൾ വേഗം അച്ഛനെ വിളിച്ചു
“ഒരു ഡോക്ടർ ഫാത്തിമ ബീവി “
അവൻ ഒന്ന് രണ്ടു കാൾ ചെയ്തു
“പുതിയ അപ്പോയ്ന്റ്മെന്റ് ആണ്. അധികം ആർക്കും അറിയില്ലല്ലോ “
“കുഴപ്പം ഒന്നുമുണ്ടാവില്ലായിരിക്കും അല്ലെ?”
“നമ്മൾ ഇപ്പൊ എത്തും “
അവൻ ഡ്രൈവറോട് കുറച്ചു കൂടെ സ്പീഡിൽ പോകാൻ പറഞ്ഞു. അവർ ഹോസ്പിറ്റലിൽ എത്തുമ്പോൾ സിറ്റുവേഷൻ വളരെ ഗുരുതരമായിരിന്നു
“ബ്ലീഡിങ് നിൽക്കുന്നില്ലന്ന് പറയുന്നു മോളെ ” മനുവിന്റെ എല്ലാ ദാർഷ്ട്യവും വാശിയും എങ്ങോ പോയി ഒളിച്ചു
കൃഷ്ണ ഡോക്ടറെ കാണാൻ ശ്രമിച്ചു. നടന്നില്ല
“ഡോക്ടർ ലേബർ റൂമിലാണ്. ഇതൊക്കെ സാധാരണ ആണ്. ചിലപ്പോൾ ബ്ലീഡിങ് ഒക്കെയുണ്ടാവും. അതൊക്കെ ഈ വിഷയം പഠിച്ച ഡോക്ടർ കൈകാര്യം ചെയ്തോളും “
ഒരു നഴ്സ് അവളോട് പറഞ്ഞു
“ആയിക്കോട്ടെ, എനിക്ക് ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞ മതി “
“ചിലപ്പോൾ സിസേറിയൻ വേണ്ടി വരും. എന്തിനും ബ്ലീഡിങ് ഒന്ന് കണ്ട്രോൾ ആവണമെല്ലോ “
“നിങ്ങൾ ഷിഫ്റ്റ് ചെയ്യ് രോഗിയെ. ഞങ്ങൾ കൊണ്ട് പൊക്കോളാം”
അർജുൻ പറഞ്ഞു
“അതൊന്നും ഈ അവസ്ഥയിൽ പറ്റില്ല. നിങ്ങൾക്ക് എന്താ പറഞ്ഞാൽ മനസിലാകില്ലേ ഇത് ഗവണ്മെന്റ് ആശുപത്രിയാണ്. ഇവിടെ ഞങ്ങൾക്ക് ഇത്രയേ പറ്റു. ഇതിൽ കൂടുതൽ പറ്റില്ല “
“പറ്റണം. ഇല്ലെങ്കിൽ നീയൊക്കെ എല്ലാത്തിനും ഉത്തരം പറയേണ്ടി വരും. നിന്നെയൊക്കെ പ- ച്ചക്ക് ഇവിടെ ഇട്ട് ക- ത്തിക്കും കേട്ടോടി. മര്യാദക്ക് ഷിഫ്റ്റ് ചെയ്തോണം. വേഗം “
അർജുന്റെ മുഖം മാറുന്നത്, അവന്റെ യഥാർത്ഥ മുഖം അപ്പൊ അവർ കണ്ടു
“ചെന്നു പറയ് ഡോക്ടറോട്..പുറത്ത് വരാൻ പറ. പ്രേസന്റ് സ്റ്റാറ്റസ് പറയണം. അത് അറിയാൻ രോഗിയുടെ ബന്ധുക്കൾക്ക് അവകാശം ഉണ്ട്. വരാൻ പറ. അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും ” അവന്റെ വാക്കുകൾ തീയായി
ആൾക്കാർ പതിയെ കൂട്ടം കൂടി തുടങ്ങി. സെക്യൂരിറ്റികൾ ഓടിയെത്തി
“ആരാടോ നിങ്ങൾ ഒക്കെ എന്താ പ്രശ്നം “
അർജുൻ അവന്റെ മുഖത്ത് നോക്കി കൂടില്ല. ബഹളം നിയന്ത്രണതീത മായപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു
“എന്താ പ്രശ്നം. ആ കുട്ടിക്ക് ബ്ലീഡിങ് ഉണ്ട്. അത് കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇവിടെ കിടന്നു ബഹളം വെച്ചിട്ട് ഒരു കാര്യവുമില്ല” അവർ നിർവികാരമായി പറഞ്ഞു
“എന്ത് കൊണ്ടാണ് ബ്ലീഡിങ് ഉണ്ടായത്? റീസൺ പറ. ഇവിടെ കൊണ്ട് വരുമ്പോൾ ബ്ലീഡിങ് ഇല്ലായിരുന്നല്ലോ “കൃഷ്ണ ചോദിച്ചു
“അതൊക്കെ പറഞ്ഞ മനസ്സിലാകുമോ?”
ഡോക്ടറുടെ മുഖത്ത് ഒരു പുച്ഛം
“മനസിലാകും. ഞാൻ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ് ഇതെന്റെ ഹസ്ബൻഡ്. മാധവം മെഡിക്കൽ കോളേജിന്റെ ചെയർമാൻ ആണ്. അകത്തു കിടക്കുന്ന ഗൗരി എന്റെ ഏട്ടന്റെ ഭാര്യയാണ്. എന്തെങ്കിലും സംഭവിച്ചാൽ ഡോക്ടറെ നിങ്ങളു പിന്നെ സെർവീസിൽ ഉണ്ടാവില്ല. അതിന് എവിടെ വരെ പോകാമോ അവിടെ വരെ പോകും “
കൃഷ്ണ ജ്വലിച്ചു
“അത് കൊണ്ട് ഷിഫ്റ്റ് ചെയ്യുക.”
അവർ ഒന്ന് തണുത്തു
“ബ്ലഡ് ലോസ് ഉണ്ട്. ഇപ്പൊ കൊണ്ട് പോയാൽ ജീവൻ തന്നെ അപകടത്തിൽ ആകും. അത് കൊണ്ട് ഷിഫ്റ്റ് ചെയ്യുക പ്രാക്ടിക്കൽ അല്ല. ബ്ലഡ് വേണം. ഇവിടെ സ്റ്റോക് ഇല്ല “
“ഇതൊക്ക പറയണ്ടേ ഞങ്ങൾ എങ്ങനെ അറിയും. നിങ്ങൾക്ക് നാണമില്ലേ ഇത്രയും ഉത്തരവാദിത്തം ഇല്ലാതെ സംസാരിക്കാൻ…”
കൃഷ്ണ പൊട്ടിത്തെറിച്ചു പോകുക തന്നെ ചെയ്തു
അർജുൻ തന്നെ ബ്ലഡ് അറേഞ്ച് ചെയ്തു
മനു അവനെ കാണുകയായിരുന്നു. അവൻ ചെയ്യുന്ന ഓരോന്നും. അർജുൻ ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല
അവൻ ഓരോന്നും വേണ്ടതനുസരിച്ചു ചെയ്തു കൊണ്ടിരുന്നു. അവന്റെ ഒറ്റ ഫോൺ കാളിൽ ഓരോന്നും ഭംഗിയായി നടന്നു. അച്ഛനെയും അമ്മയെയും അവൻ ആശ്വസിപ്പിക്കുന്നത് മനു കണ്ടു. ഗൗരിയുടെ മാതാപിതാക്കളോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാകുന്നുണ്ട്. അപ്പോഴും പക്ഷെ മനു നിന്ന ഭാഗത്തേക്ക് നോക്കുകയോ അവനോട് സംസാരിക്കുകയോ ചെയ്തതുമില്ല. പക്ഷെ മനുവിന് അതിൽ വിഷമം തോന്നിയില്ല
അർജുൻ ഫോൺ ചെയ്തു നിമിഷങ്ങൾക്കുള്ളിൽ ബ്ലഡ് കൊടുക്കാൻ ഉള്ള ആൾക്കാർ എത്തി. മരുന്നുകൾ എത്തി. ഒരു പകൽ കടന്ന് പോയി. ഒരു രാത്രിയും…
“ബ്ലീഡിങ് നിന്നിട്ടിണ്ട് ഇനി വേണേൽ ഷിഫ്റ്റ് ചെയ്യാം “
ഡോക്ടറെ രൂക്ഷമായി ഒന്ന് നോക്കി കൃഷ്ണ
ഒരു രാത്രി ഒരു പകൽ വേഷം പോലും മാറാതെ എങ്ങും പോകാതെ കൃഷ്ണയ്ക്ക് ഒപ്പം അർജുൻ ഉണ്ടായിരുന്നു. അത് എല്ലാവർക്കും ഒരാശ്വാസം ആയിരുന്നു. മനുവിനെ ഇടക്ക് രമേശൻ ഒന്ന് നോക്കി
നി പറഞ്ഞത് പോലെയല്ല കണ്ടില്ലേ എന്നായിരുന്നു അതിന്റെ അർത്ഥം
“മനുവേട്ടന്റെ വാശി ഒക്കെ തീർന്നെങ്കിൽ നമുക്ക് ഷിഫ്റ്റ് ചെയ്യാം എന്താ?”
കൃഷ്ണ വീറോടെ ചോദിച്ചു
“സ്വന്തം ഭാര്യയുടെ ജീവനേക്കാൾ വലുതാണല്ലോ എന്റെ അപ്പുവേട്ടനോടുള്ള വൈരാഗ്യം അല്ലെ?”
അവളുടെ കണ്ണുകളിൽ തീ. മനു മുഖം താഴ്ത്തി
“ആ മനുഷ്യൻ ഇന്നിവിടെ ഇല്ലായിരുന്നു എങ്കിൽ ഉണ്ടല്ലോ “
അവൾ വിരൽ ചൂണ്ടി
“കൃഷ്ണ?”
അർജുൻ
“വാ ടൈം ആയി “
ഗൗരിയെ മാധവത്തിലേക്ക് മാറ്റി. എമർജൻസി ആയി സിസേറിയൻ ചെയ്തു
ആൺകുഞ്ഞ്. കുഞ്ഞിന് ഭാരക്കുറവ് ഉണ്ട്. premature ആണ്. സ്പെഷ്യൽ കേയറിലേക്ക് മാറ്റി
“കൊണ്ട് വന്ന സമയം…കുറച്ചു വൈകിയിരുന്നെങ്കിൽ വലിയ ഒരു ദുഃഖമുണ്ടായേനെ കൃഷ്ണ “
ഡോക്ടർ സജ്‌ന പറഞ്ഞു. എല്ലാവരും അത് കേട്ടു. കൃഷ്ണ മനുവിന്റെ മുഖത്ത് നോക്കിയില്ല. അവൻ പലതവണ സംസാരിക്കാൻ ചെന്നിട്ടും മിണ്ടിയില്ല. കൃഷ്ണ പൂർണമായും അവനെ അവഗണിച്ചു കളഞ്ഞു
അർജുൻ വീട്ടിൽ പോയി. പോകും മുന്നേ രമേശൻ അവനെ ചെന്നു കണ്ടു
“മോനെ എങ്ങനെ…”
അത്രയും പറഞ്ഞതേയുള്ളു അർജുൻ ആ മനുഷ്യനെ തന്നോട് ചേർത്ത് പിടിച്ചു
“അച്ഛൻ ഒന്നും പറയണ്ട..അതൊന്നും ശരിയല്ല..നന്ദി പറയേണ്ടത് അന്യരോടാണ് “
അയാൾ വിങ്ങിപ്പൊട്ടിപ്പോയി
ആരൊക്കെ എന്തൊക്ക പറഞ്ഞാലും അവന്റെയുള്ളിൽ ഒരു നന്മ ഉണ്ട്. അത് ഒരു പക്ഷെ കൃഷ്ണയോടുള്ള സ്നേഹം ആയിരിക്കാം. അത് തങ്ങളിലേക്കും വരുന്നതാവും. പക്ഷെ ഉണ്ട്. അത് അയാളുടെ കണ്ണ് നിറച്ചു. ഹൃദയവും….
തുടരും….