ഡോക്ടർ രാമചന്ദ്രൻ ഡോക്ടർ പ്രിയ വാര്യർ ഡോക്ടർ സരള വാസുദേവൻ
ഈ മൂന്ന് പേരുമാണ് ദീപുവിനെ പരിശോധിച്ചത്. അർജുന്റെ മാനസിക സംഘർഷം അവന്റെ മുഖത്ത് കാണാം
“ഇന്റെർണൽ ബ്ലീഡിങ് ആണ് അർജുൻ സർ. ലിവർ completely ഡാമേജ്ഡ് ആയിരിക്കുന്നു. എത്രയും പെട്ടെന്ന് ട്രാൻസ്പ്ലാന്റ് ചെയ്യണം. ഇല്ലെങ്കിൽ അയാൾ… വളരെ സീരിയസ് കണ്ടിഷൻ ആണ്. എത്ര വയസ്സ് ഉണ്ടാകും?”
“29”
“കഷ്ടം.. ഈ പ്രായത്തിൽ ഇത്രയധികം ഇയാള്….”
അർജുൻ മൗനമായി നിന്നതേയുള്ളു. സത്യത്തിൽ ദീപു അത്ര വലിയ ഒരു മ- ദ്യപാനിയല്ല. അർജുൻ കഴിക്കുന്നതിന്റെ പാതി പോലും അവൻ കഴിച്ചിട്ടുമില്ല
പക്ഷെ എങ്ങനെ പെട്ടെന്ന്? അർജുൻ ദീപുവിന്റെ അരികിൽ ചെന്നു
ഉറക്കം. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അർജുൻ എന്നൊരു വിളിയൊച്ച മുഴങ്ങുന്ന പോലെ. ഒരു അവസരത്തിൽ പോലും തന്നെ വിട്ട് പോകാത്തവൻ. എന്ത് പറഞ്ഞാലും തല്ലിയാലും അടിച്ചാലും ചവിട്ടിയാലും ആക്ഷേപിച്ചാലും ഒപ്പം ഉള്ളവൻ. അവൻ ആ ശിരസ്സിലൂടെ മെല്ലെ തഴുകി കൊണ്ടിരുന്നു
ഞാനുണ്ട് മോനെ നിനക്ക്. അർജുൻ അവന്റെ നെറ്റിയിൽ മെല്ലെ ചുംബിച്ചു
അർജുൻ അവന്റെ മാതാപിതാക്കളെ വിളിച്ചു വിവരം പറഞ്ഞു. നീരജയെ വിളിക്കാൻ തോന്നിയില്ല. ഒന്നാമത്തെ കാര്യം അവൾ പ്രെഗ്നന്റ് ആണ്. രണ്ടാമത് അവൾ അവനോട് സംസാരിക്കുക പോലുമില്ല എന്നുള്ളത്
ദീപുവിന്റെ ബന്ധുക്കൾ, അച്ഛൻ അമ്മ അനിയത്തി ഏട്ടന്മാർ എല്ലവരും എത്തിച്ചേർന്നു. അവന് വലിയ ഒരു കുടുബമുണ്ട്. ഒരു പാട് സ്നേഹം ഉള്ള ഒരു കുടുംബം. എന്നിട്ട് ഇവനെങ്ങനെ ഇങ്ങനെ ആയിപോയി എന്ന് അർജുൻ ചിന്തിച്ചു
past നല്ലതായിരുന്നു അവന്റെ. പഠിക്കാൻ മിടുക്കൻ. എഞ്ചിനീയറിംഗ് കഴിഞ്ഞു എം ബി എ പിന്നെ ബിസിനസ് സ്റ്റാർട്ട് ചെയ്തു. മിടുക്കൻ ആണ്. എന്നിട്ടും…
താനോ….
തനിക്ക് എന്തിന്റെ കുറവായിരുന്നു. കൃഷ്ണ ഇല്ലായിരുന്നു എങ്കിൽ ദീപുവിനെക്കാൾ മോശം അവസ്ഥ ആയിപ്പോയേനെ
“എന്തായി അപ്പുവേട്ട?”
കൃഷ്ണ
അവൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു
“അത് പെട്ടെന്ന് നടക്കുന്ന ഒന്നാണോ?”
“ഡോണറിനെ കിട്ടിയ പെട്ടെന്ന് നടക്കും പേപ്പേഴ്സ് ഒക്കെ ഞാൻ നേരിട്ട് ആണ് മൂവ് ചെയ്യുക “
“ഇയാളുടെ വൈഫ് എവിടെയാ?”
അർജുൻ കാര്യങ്ങൾ ഒന്ന് ചുരുക്കി പറഞ്ഞു
“എന്നാലും അവരോട് ഒന്ന് പറയണം. പിരിഞ്ഞു പോയാൽ കൂടെ സ്നേഹം ഉണ്ടാവും അല്ലെങ്കിൽ ആ കുഞ്ഞിനെ വയറ്റിൽ ചുമക്കില്ലല്ലോ. നമുക്ക് ഇഷ്ടം അല്ലാത്ത ഒരാണിന്റെ കുഞ്ഞിനെ അങ്ങനെ ഗർഭത്തിൽ വഹിക്കുമെന്ന് എനിക്ക് തോന്നണില്ല അവർക്ക് നല്ല സ്നേഹം ഉണ്ടാകും ഇയാൾക്കില്ല അതാ അവർ പോയത് “
അർജുൻ മറുപടി പറഞ്ഞില്ല
ദീപുവിന്റെ അമ്മയുടെ ലിവർ മാച്ച് ആയിരുന്നു. കൊടുക്കാൻ അവർ തയ്യാറുമായിരുന്നു. പക്ഷെ പ്രായം. കുറച്ചു കൂടെ പ്രായം കുറഞ്ഞ ഒരാൾ ആയിരുന്നു എങ്കിൽ നന്നായേനെ എന്ന് ഡോക്ടർ അർജുനോട് പറഞ്ഞു
അവൻ ദീപുവിന്റെ അരികിൽ ചെന്നു. അവൻ ഉണർന്നു കിടക്കുകയായിരുന്നു. അർജുൻ അവന്റെയരികിൽ ഇരുന്നു
“നീരജയെ വിളിച്ചു പറയാൻ അമ്മയോട് പറ “
“പറയരുത് എന്ന് ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട് “
“അതെന്താ?”
“ഞാൻ തളർന്നു നിൽക്കുമ്പോൾ കണ്ടു ചിരിക്കേണ്ട. അങ്ങനെ സന്തോഷിക്കണ്ട “
“അങ്ങനെ ഉള്ള ഒരാളല്ല അവൾ എന്നാ എനിക്ക് തോന്നിട്ടുള്ളത് “
“മനുഷ്യനല്ലേ അർജുൻ? അവളോട് ഞാൻ ചെയ്തിട്ടുള്ളതൊക്കെ അവളുടെ ഓർമ്മയിൽ കാണില്ലേ? അവൾ എന്നെ ഉപേക്ഷിച്ചു പോയതല്ലേ. ഇനി അങ്ങോട്ട് വിളിക്കണ്ട. അവൾ അറിയണ്ട,
“എടാ എന്റെ കൃഷ്ണ എത്ര തവണ പോയിരിക്കുന്നു. ഇനി വേണ്ട എന്ന് പറഞ്ഞു കൊണ്ട്. ഞാൻ പുറകെ പോയി വിളിച്ചു കൊണ്ട് വരും. അതല്ലേ സ്നേഹം.. നിനക്ക് സ്നേഹം ഇല്ലേ ദീപു?”
“ഇല്ല “ദീപു കണ്ണുകൾ അടച്ചു.
അർജുൻ കുറച്ചു നേരം കൂടെ അവിടെ ഇരുന്നു
ദീപുവിന്റെ ഉള്ളു അറിയാൻ ബുദ്ധിമുട്ട് ആണ്
അർജുന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. പരിചയം ഇല്ലാത്ത നമ്പർ ആണ്
അവൻ എടുത്തു
“അർജുൻ ഞാൻ നീരജയാണ് “
അർജുൻ ഒരു നിമിഷം സ്റ്റക് ആയി
“ദീപുവിന് എങ്ങനെ ഉണ്ട്?”
അവന് എന്ത് പറയണം എന്നറിയാതെയായി
“അമ്മ വിളിച്ചു പറഞ്ഞു. ദീപുവിന്റെ അവസ്ഥ. ഞാൻ നേരിട്ട് വിളിച്ച വിചാരിക്കും പരിഹസിക്കുകയാണെന്ന്. അത് കൊണ്ടാ അർജുന്റെ നമ്പർ വാങ്ങി വിളിക്കുന്നത്. എങ്ങനെ ഉണ്ടിപ്പോ?”
“ട്രാൻസ്പ്ലാന്റ് ചെയ്തില്ലെങ്കിൽ പ്രശ്നം ആണ്. കുറച്ചു സീരിയസ് ആണ്. അമ്മ വില്ലിങ് ആണ്. എന്നാലും കുറച്ചു കൂടെ ബെറ്റർ ആയ ഒരാളെ നോക്കുന്നുണ്ട് “
“പ്രെഗ്നന്റ് ആയവരുടെ ലിവർ പറ്റുമോ അർജുൻ?”
അർജുന്റെ ഹൃദയത്തിൽ എന്തോ വന്നലച്ചു. അവന്റെ നെഞ്ചു ശക്തിയായി മിടിച്ചു
“എന്റെ എടുത്തു കൊള്ളു. ഡോക്ടർ മാരോട് ചോദിച്ചു നോക്കാമോ ദീപു അറിയണ്ട.”
“നീരജ?”
“എന്നോട് സ്നേഹം ഇല്ലന്നേയുള്ളു അർജുൻ എനിക്ക് ദീപുവിനോട് സ്നേഹം ഉണ്ട്.. മണ്ടത്തരം ആണെന്ന എല്ലാരും പറയുക. പക്ഷെ സ്നേഹം ഒരു വിഡ്ഢിത്തം തന്നെ ആണല്ലോ.. ഒന്ന് അന്വേഷിച്ചു പറയണേ “
“പറയാം “
“കല്യാണം കഴിഞ്ഞു അല്ലെ?”
“ഉം “
“ലവ് മാര്യേജ്?”
“അതേ “
“നല്ല കുട്ടിയാണോ. കാണാൻ ആഗ്രഹം ഉണ്ട് “
“ഞങ്ങൾ വരാം. ഇതൊന്ന് കഴിയട്ടെ “
“ശരി അർജുൻ. എന്തുണ്ടെങ്കിലും എന്നോട് പറയണേ..”
“പറയാം “
ഫോൺ കട്ട് ചെയ്തിട്ട് അവൻ കുറച്ചു നേരം അനങ്ങാതെ ഇരുന്നു
നീരജ ആ നിമിഷം അർജുന്റെ മനസ്സിൽ ആകാശത്തോളം ഉയർന്നു. പെണ്ണ് എന്ന പ്രതിഭാസത്തെ മനസിലാക്കിയവരാരുണ്ട്. ആ സ്നേഹം. ത്യാഗം. കരുതൽ
കൃഷ്ണ അരികിൽ വന്നു നിന്നപ്പോൾ ഒന്നും പറയാതെ അവൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ച് ഉമ്മ വെച്ചു. അവൾ കൗതുകത്തോടെ ആ മുഖത്ത് നോക്കി
“എന്താ?”
അവൻ വീണ്ടും അവളെ കെട്ടിപ്പുണർന്നു
“ശെടാ ഇതെന്താ പറ്റിയത്?”
“ഒന്നുല്ല “
അവൻ മന്ത്രിച്ചു
“ഗൗര്യേച്ചിയെ ഡിസ്ചാർജ് ചെയ്തു അവർ പോകാൻ ഒരുങ്ങുവാ “
അവൻ ഒന്ന് മൂളി
“വാ ഒന്ന് അവർക്ക് എന്ത് തോന്നും?”
അവൻ ഒപ്പം ചെന്നു. അർജുനെ കണ്ടതും അവർക്ക് സന്തോഷം ആയി. അർജുൻ കുഞ്ഞിനെ ഒന്ന് തൊട്ടു. ഇളം റോസ് നിറത്തിലുള്ള ഒരു പാവക്കുട്ടി. അത് അവന്റെ മുഖത്ത് നോക്കി കിടക്കുന്നുണ്ടായിരുന്നു
“ഞങ്ങൾ ഇറങ്ങുകയാ മോനെ “
രമേശൻ പറഞ്ഞു
“ശരി അച്ഛാ “
അവൻ തല കുലുക്കി. മനു അവന്റെ മുഖം ശ്രദ്ധിക്കുന്നുണ്ടായിരുന്നു
ശാന്തമായ മുഖം
തന്നോട് സംസാരിക്കുന്നില്ലന്നേയുള്ളു
ബാക്കി എല്ലാവരോടും കാര്യങ്ങൾ ചോദിച്ചു അറിയുന്നുണ്ട്. ബിൽ ഇത് വരെ കൊണ്ട് വന്നിട്ടില്ല അതിനെ കുറിച്ച് ചോദിക്കാൻ അവൻ അച്ഛനെ ചുമതല പ്പെടുത്തിയിരുന്നു. രമേശൻ അത് ചോദിക്കുകയും ചെയ്തു. അത് കൃഷ്ണ കൊടുത്തോളും അവൾക്ക് അതിനുള്ള കടമയുണ്ട് അല്ലേടി എന്ന് അർജുൻ കൃഷ്ണയുടെ മുഖത്ത് നോക്കി ചോദിച്ചു. കൃഷ്ണ ചിരിയോടെ അച്ഛനെ നോക്കി
അവർ പോകുമ്പോൾ അവൻ മുറിയിലേക്ക് പോരുന്നു. മനു പെട്ടെന്ന് നടന്ന് അവന്റെ അരികിൽ എത്തി
അർജുൻ അവന്റെ മുഖത്ത് നോക്കി
“ഞാൻ വിവരമില്ലാത് എന്തൊക്കെയോ പറഞ്ഞു പോയിട്ടുണ്ട്. ഇപ്പൊ മനസിലായി.. അർജുൻ ക്ഷമിക്ക്…നന്ദിയുണ്ട് ഓരോന്നിനും..കൃഷ്ണ എന്നോട് ശരിക്കും സംസാരിച്ചിട്ടും കൂടിയില്ല അതിന് ശേഷം..അവളോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ ഓരോന്ന്…”
“അവളോടുള്ള സ്നേഹം കൊണ്ടാണ് ഞാനും..its ok.. മനു ചെല്ല് സമയം ആയി”
മനു ഒന്ന് തലകുലുക്കി. അവൻ തിരിഞ്ഞു നടന്നു
അർജുൻ പൊതുവെ ഒന്നും മറക്കുന്ന ആളല്ല. പൊതുവെ മുറിവുകൾ. ഇത് മനു ആയത് കൊണ്ട് മാത്രം ആണ് അവൻ വെറുതെ വിട്ടത്
“അർജുൻ?”
അച്ഛൻ
“ദീപുവിന്റെ ഡോണർ ശരിയായിട്ടുണ്ട്. അവന്റെ അനിയൻ തന്നെ. എല്ലാം മാച്ച് ആണ്. ബാക്കി. എല്ലാം പെട്ടെന്ന് നീക്ക്. ഉടനെ നടത്തണം സർജറി..”
അവൻ ആശ്വാസത്തോടെ ദീർഘ ശ്വാസം വിട്ടു
സർജറി ദിവസം
“അത്രേ വലിയ ഒരു പേടിക്കണ്ട സർജറി അല്ലടാ ടെൻഷൻ ഒന്നും വേണ്ട “
അർജുൻ ആ കൈ പിടിച്ചു
“എനിക്ക് പേടി ഒന്നുമില്ല. ഞാൻ ഈ ഭൂമിയിൽ എന്തെങ്കിലും നേടിയോ എന്ന് ചോദിച്ച നിന്നെ കിട്ടി. അത് മതി “
അർജുന്റെ കണ്ണ് നിറഞ്ഞു പോയി
“പിന്നെ നീരജയോട് ഒരു സോറി പറയണം ഞാൻ മരിച്ചു പോയ മാത്രം.അവളോട് പറയണം അവളുപേക്ഷിച്ചു പോയതിന് ശേഷം ദീപു ഒരു പെണ്ണിനേയും തേടി പോയില്ലാന്ന്.. ഞാൻ മരിച്ച മാത്രം പറഞ്ഞാൽ മതി.ഇല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും “
അർജുൻ അവന്റെ കൈകൾ മുറുകെ പിടിച്ചു
“എന്നെ നീരജ വിളിച്ചു.നിനക്ക് donor ശരിയാകാൻ കുറച്ചു സമയം എടുത്തപ്പോൾ എന്നോട് ചോദിച്ചു പ്രെഗ്നന്റ് ആയവർക്ക് കൊടുക്കാമോ എന്ന്.നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്…പിന്നെയും എന്തൊക്കെയോ..നീരജ നിന്നെയൊരുപാട് സ്നേഹിക്കുന്നുണ്ട് ദീപു.”
ദീപു പുഞ്ചിരിച്ചു
“അതെനിക് അറിയാം.പക്ഷെ അവൾക്ക് ഞാൻ വേണ്ട. കൊള്ളില്ല. അവളെവിടെ എങ്കിലും സമാധാനം ആയിട്ട് ജീവിച്ചോട്ടെ..”
അർജുൻ ആ മുഖത്ത് ഒന്ന് തലോടി
“നി വേഗം വാടാ…”
ദീപു ചിരിച്ചു
അവനെ വഹിച്ചു കൊണ്ട് അതകന്ന് പോകുമ്പോൾ. അർജുൻ തളർച്ചയോടെ ഭിത്തിയിൽ ചാരി
കൃഷ്ണ അർജുന്റെ അരികിൽ ചെന്നു
“ഈ ഹോസ്പിറ്റലിൽ ട്രാൻസ്പ്ലന്റേഷൻ ഇമ്പ്ലിമെന്റ് ചെയ്യാൻ പോകുമ്പോൾ അതിൽ ആദ്യത്തെ എന്റെ ദീപുവിന്റെ ആകുമെന്ന് ഞാൻ ഓർത്തില്ല കൃഷ്ണ. ഇത് ഞാൻ പ്രതീക്ഷിച്ചില്ല. അവന് ഇത്ര വേഗം ഇങ്ങനെ ഒക്കെ…”
കൃഷ്ണയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല
“പത്തു മണിക്കൂർ എങ്കിലും എടുക്കും
വാ എന്തെങ്കിലും വന്നു കഴിക്ക് “
അവൻ അവൾക്കൊപ്പം ചെന്നു
കൃഷ്ണ പൊതിച്ചോറ് കൊണ്ട് വന്നിരുന്നു. അവന്റെ മുറിയിൽ ഇരുന്നു അവർ
“എനിക്ക് വിശക്കുന്നില്ല”
“ഇന്നലെ വൈകുന്നേരം ഒരു ദോശ കഴിച്ചതാണ്. സമയം നോക്ക് രണ്ടു മണി. അപ്പുവേട്ടൻ കഴിച്ചാലുമില്ലെങ്കിലും സർജറി നടക്കും. എല്ലാം ബെസ്റ്റ് ഡോക്ടർസ് ആണ്. ദീപു ചേട്ടൻ വേഗം ഉഷാറാകും പിന്നെ നമുക്കു മുൻകൈ എടുത്തു ആ ചേച്ചിയേ കൊണ്ട് വരാം. കണ്ടു കഴിയുമ്പോൾ പിന്നെ എന്ത് പിണക്കം?”
അർജുൻ അവളെ തന്നെ നോക്കിയിരുന്നു
“ദീപു ചേട്ടൻ young അല്ലെ? സർജറി success തന്നെ ആവും. ഇനി കൂടുതൽ ഒന്ന് സൂക്ഷിച്ച മതി.. കുഞ്ഞുവാവ വരുമ്പോൾ എല്ലാം ശരിയാകും “
കൃഷ്ണ ചോറ് കറികൾ കൂട്ടി കുഴച്ചു
“എന്റെ അപ്പുവേട്ടനല്ലേ കഴിക്ക്. ഞാനും ഒന്നും കഴിച്ചിട്ടില്ല വിശക്കുന്നുന്ന്.കഴിക്ക് “
അവൻ അവൾ കൊടുത്ത ഉരുള പതിയെ ചവച്ചു
“അത്രേ ഇഷ്ടം ഉണ്ടല്ലേ ദീപു ചേട്ടനോട് “
“ഉം.കുഞ്ഞിലേ മുതൽ ഒപ്പം ഉള്ളതാ..”
അർജുന്റെ ഫോൺ ശബ്ദിച്ചു
“നിവിനാണ്.”
“എടാ ഷെല്ലി വന്നു. അവൻ എന്റെ മുറിയിൽ ഉണ്ട്. ദീപുവിന്റെ കാര്യം അറിഞ്ഞു വന്നതാ നി ഫ്രീ ആകുമ്പോൾ പറയ് “
അവൻ ഒന്ന് മൂളി പിന്നെ ഫോൺ വെച്ച് തുടർന്നു
“ഞങ്ങൾ നാലു പേര് സ്കൂളിൽ തൊട്ട് ഒന്നിച്ചു പഠിച്ചതാണ്. പക്ഷെ ദീപു കുറച്ചു കൂടെ ക്ലോസ് ആണ്. മറ്റു രണ്ടു പേരും ജസ്റ്റ് ഫ്രണ്ട്സ് അത്രേയുള്ളൂ.പിന്നെ എല്ലാം അത്ര നല്ല ഒരു… അതാ നിന്നെ ഞാൻ അത്രയ്ക്ക് അടുപ്പിക്കാത്തത്. ദീപു കുഴപ്പമില്ല പക്ഷെ നിവിനും ഷെല്ലിയും അങ്ങനെ അല്ല. പിന്നെ… ഇപ്പൊ..ഗോവിന്ദും “
കൃഷ്ണ ഞെട്ടലോടെ അവനെ നോക്കി
“ഗോവിന്ദ് ചേട്ടനോ? ഹേയ് തോന്നലാ “
“അല്ല.ഒരു കണ്ണ് ഒരു കാത് എപ്പോഴും വിജിലന്റ് ആയിരിക്കണം ആരെയും ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കരുത്. ഒരു പരിധിയിൽ കൂടുതൽ അടുപ്പിക്കുകയും ചെയ്യരുത്.”
“അതെന്താ അങ്ങനെ പറയാൻ കാര്യം? എന്തെങ്കിലും ഉണ്ടായോ?”
“ചെറിയ കാര്യങ്ങൾ വലിയ കാര്യങ്ങൾടെ മുന്നോടിയാണ്.. നമ്മൾ സൂക്ഷിച്ചാൽ പിന്നെ ഒരു ദുഖിക്കേണ്ട.”
അവൾക്ക് പെട്ടെന്ന് നെഞ്ചിൽ ഒരു ഭാരം തോന്നി
“എന്റെ കൊച്ചു വാടി പോകണ്ട…ഓരോരുത്തരെ കുറിച്ചും പറഞ്ഞു തന്നന്നെ ഉള്ളു. ശ്രദ്ധിച്ച മതി ട്ടോ “
അവൻ ആ കവിളിൽ ഒന്ന് തൊട്ടു
“കുറച്ചു ദിവസം ആയിട്ട് ഇതിന്റെ പിന്നാലെയാ. ഇതൊന്ന് തീർന്നാ സമാധാനം ആണ്. മോള് ക്ഷമിക് “
അവൻ അവളോട് പറഞ്ഞു
“പോയെ അവിടുന്ന്.എനിക്ക് അറിയാത്തതാണോ?”
അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു
“ഞാൻ അവന്മാരെ ഒന്ന് കാണട്ടെ. നി ഒന്ന് അച്ഛന്റെ മുറിയിൽ ഇരിക്കാമോ?”
“അതിന് അങ്കിൾ സർജറിയ്ക്കൊപ്പമാണ്. സാരമില്ല ഞാൻ ഒന്ന് ചുറ്റി വരാം “
അവൻ ഒന്ന് മൂളി
കൃഷ്ണ നേരേ കാന്റീനിലേക്ക് പോയി
അനിൽ ചേട്ടനെ കണ്ടിട്ട് കുറേ നാളായി
പുതിയ ഒരാളാണ് ക്യാന്റീനിൽ
ഇന്ന് ഉണ്ടാകുമോ എന്തോ
ചെന്നപ്പോൾ ദേ നിൽക്കുന്നു കക്ഷി
“ചേട്ടായിയെ “
“ആഹാ എന്റെ ഡോക്ടർ മോള് വന്നല്ലോ.”
“എവിടെ ആയിരുന്നു. കുറേ തവണ വന്നു നോക്കി”
“എന്റെ മോളെ ഒന്നും പറയണ്ട. ഒരു വണ്ടി തട്ടിയതാ കാല് മൂന്നായിട്ട് ഒടിഞ്ഞു പോയി.എഴുമാസമായി ദേ ഇന്നലെ വന്നേയുള്ളു “
“അത് ശരി ഞാൻ കരുതി കാന്റീൻ കോൺട്രാക്ട് മാറ്റി കൊടുത്തെന്നു
പോയെന്ന് വിചാരിച്ചു വിളിച്ചിട്ടും കിട്ടിയില്ല “
“ഫോൺ ഒക്കെ പോയി. നമ്പറും പോയി. ഞാൻ ഓർക്കുമാരുന്നു കേട്ടോ. മോളുടെ പരീക്ഷ കഴിഞ്ഞോ “
“ഇനി റിസൾട്ട് വന്ന മതി “
“കഴിക്കാൻ എന്താ. നല്ല ചൂട് പൊറോട്ട ഉണ്ട്. എടുക്കട്ടെ “
“ഇപ്പൊ ചോറുണ്ടേയുള്ളു”
“ശോ എന്റെ കുഞ്ഞ് എന്റെ കയ്യിന്നു ഒന്നും മേടിച്ചു കഴിക്കാത് പോകുന്നത് ചേട്ടന് സങ്കടമാ. ദേ ഈ പരിപ്പ് വട കഴിക്ക്. ചായയും കുടിക്ക്. കാശ് ഒന്നും തരേണ്ട “
അവളുടെ കണ്ണ് നിറഞ്ഞു
“എത്ര വർഷം ആയി എനിക്കിങ്ങനെ വെറുതെ ഫ്രീ ആയിട്ട് ഭക്ഷണം തരുന്നു… നഷ്ടം അല്ലെ?”
“ഓ പിന്നെ രണ്ടു പരിപ്പുവട കൊണ്ട് ഞാൻ കോടീശ്വരൻ ആകും “
അവൾ പരിപ്പ് വട തിന്നു ചായയും കുടിച്ചു
“അതേയ് എന്റെ കല്യാണം കഴിഞ്ഞു. അത് പറയാൻ ഞാൻ കുറേ തവണ വന്നു ഫോൺ വിളിച്ചു കിട്ടിയില്ല “
“ആണോ ഈശ്വരൻ അനുഗ്രഹിക്കട്ടെ എവിടേയാ ചെക്കൻ? ഡോക്ടർ ആണോ?”
“അത് പിന്നെ…”
“ഗുഡ് ഈവെനിംഗ് മാം “
മാത്യു.. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ
കൃഷ്ണ ഒരു വല്ലായ്മയോടെ തിരിച്ച് അഭിവാദ്യം ചെയ്തു
“അനിലേ രണ്ടു പൊറോട്ട ചിക്കൻ “
“ഓ ഇപ്പൊ കൊണ്ട് വരാം സാറെ “
അയാൾക്ക് അത് കൊണ്ട് കൊടുത്തു തിരിച്ചു വന്നു
“തനി അലവലാതി ആണ്. ഇഷ്ടം പോലെ കാശ് ഉണ്ട്. പക്ഷെ ഒറ്റ പൈസ തരാതെ മൂന്ന് നേരവും കഴിച്ചിട്ട് പോകും. ചോദിച്ച ജോലി കളയിക്കും. എന്താ ചെയ്ക. അങ്ങനെ കുറേ പേരുണ്ട് ഹോസ്പിറ്റലിൽ “
“അവരുടെ പേര് ഒക്കെ എഴുതി താ ഞാൻ പരിഹാരം ഉണ്ടാക്കാം “
അനിൽ സംശയത്തോടെ അവളെ നോക്കി
“കുഞ്ഞെന്നെ കളിയാക്കുവാ അല്ലെ?”
“അല്ല ഭക്ഷണം കഴിച്ചിട്ട് ബിൽ തരാതെ പോകുന്ന സ്റ്റാഫിന്റെ പേര് ഒരു പേപ്പറിൽ എഴുതി താ ആരും അറിയണ്ട ഞാൻ വഴിയുണ്ടാക്കാം എന്ന് “
അയാൾ പിന്നെ കൂടുതൽ ചോദിക്കാതെ എഴുതി കൊടുത്തു
“അതേയ് എങ്ങനെ പരിഹാരം ഉണ്ടാകും?”
അവൾ ചായയുടെയും പരിപ്പ് വടയുടെയും കാശ് മേശപ്പുറത്തു വെച്ച് കണ്ണിറുക്കി നടന്നു പോയി
മാത്യു വന്നു
“എത്രയായി?”
“ഇരുന്നൂറു രൂപ “
“തരാം. പിന്നെ താൻ സംസാരിച്ചോണ്ട് നിന്നതാരോടാ എന്ന് അറിയാമോ?”
“പിന്നെ എനിക്ക് അറിഞ്ഞൂടെ കൃഷ്ണ മോള്. എത്ര വർഷം ആയിട്ട് അറിയാം എന്താ സാറെ?”
“അതിപ്പോ ആരാണ് എന്ന് അറിയാമോ?”
അയാൾ ഇല്ലന്ന് തലയാട്ടി
“അർജുൻ സാറിന്റെ ഭാര്യയാ. സംസാരിക്കുമ്പോൾ ആ ബഹുമാനം കൊടുക്കണം.ചുമ്മാ വള വള വളാന്ന് “
അനിൽ ഞെട്ടിപ്പോയി
ഈശ്വര “അർജുൻ സാറിന്റെ ഭാര്യയോ?
ഒരു മഴക്കാലം അയാളുടെ ഓർമ്മയിൽ വന്നു
നനഞ്ഞു കുതിർന്ന് കരഞ്ഞു കൊണ്ട് ഇരിക്കുന്ന ഒരു കുട്ടി
വിശന്നു തളർന്ന കണ്ണുകൾ
ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന കുട്ടി
പിന്നെ ഇടയ്ക്കിടെ ഓടി വന്നു അനിലേട്ടാ എന്ന് വിളിക്കുന്ന കുട്ടി
ആ കുട്ടി വളർന്നു
ആ സ്നേഹവും
ഇന്ന് ഈ ആശുപത്രിയുടെ ഉടമയുടെ ഭാര്യ
ദൈവം എന്തൊക്കെ അതിശയങ്ങളാണ് മനുഷ്യന് കൊടുക്കുന്നത്
തുടരും….