ധ്രുവം, അധ്യായം 82 – എഴുത്ത്: അമ്മു സന്തോഷ്

തിരിച്ചുള്ള യാത്രയിൽ അച്ഛൻ മൂകനായിരിക്കുന്നത് അർജുൻ ശ്രദ്ധിച്ചു. എന്തോ കൈമോശം വന്ന പോലെയോ നഷ്ടപ്പെട്ട പോലെയോ…കാറിൽ ഡ്രൈവർ ഉണ്ടായിരുന്നത് കൊണ്ട് അവൻ ഒന്നും ചോദിച്ചില്ല

ജയറാം ദുർഗയെ കുറിച്ച് ആലോചിക്കുകയായിരുന്നു…

കൂടെയുണ്ടായിരുന്ന വർഷങ്ങളിലൊന്നും അവളെ കുറിച്ച് ആലോചിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ല. താൻ എം ഡി ചെയ്യുമ്പോഴാണ് ഫസ്റ്റ് ഇയർ എം ബി ബി എസ് ബാച്ചിൽ ഇവളും അനുവും ജോയിൻ ചെയ്യുന്നത്. അനുവിനെ കുഞ്ഞിലേ മുതൽ അറിയാം. ഡാഡിയുടെ ഉറ്റ സുഹൃത്തിന്റെ മകൾ. തിരുവനന്തപുരം അവർക്ക് പുതിയ നഗരം ആയത് കൊണ്ട് അവരെ ശ്രദ്ധിക്കാൻ തന്നെ ആണ് ഏൽപ്പിച്ചത്. അങ്ങനെയാണ് ദുർഗയും സൗഹൃദകൂട്ടത്തിലേക്ക് വരുന്നത്

പഠിച്ചു കൊണ്ട് ഇരുന്നപ്പോൾ തന്നെ വീട്ടുകാർ ആലോചിച്ചു കല്യാണം കഴിപ്പിച്ചു. പ്രേമത്തിനൊന്നും സമയം കിട്ടിയില്ല. അത്രക്ക് പഠിക്കാൻ ഉണ്ടായിരുന്നു. അന്നും ദുർഗ ഫ്രണ്ട് ആയിരുന്നു

പിന്നെ അങ്ങോട്ട് ദുർഗ ഒരു ഭാഗത്ത്‌ അന്യയായി തന്നെ നിൽക്കൊണ്ട് നിന്നു. അനു മരിച്ചപ്പോ അവൾ തന്ന സമാധാനം ആശ്വാസം ഒന്നും ചെറുതല്ല. അർജുൻ സുഖം ഇല്ലാതെ വന്നപ്പോ മിക്കവാറും ദിവസം അവനെ നോക്കിയിരുന്നത് ദുർഗ ആണ്. അവളോട് അവൻ ആക്രമാസക്തൻ ആയിട്ടില്ല. അവള് പറഞ്ഞാൽ മരുന്ന് കഴിക്കും ഭക്ഷണം കഴിക്കും. പിന്നെ അനുവിന്റെ അനിയത്തി വന്നു കൂട്ടിക്കൊണ്ട് പോകും വരെ ദുർഗ അവനെ ശുശ്രൂഷിച്ചു. പിന്നെ അത് കഴിഞ്ഞു

അർജുൻ ഉണ്ടാക്കുന്ന ടെൻഷൻകൾ, പുലിവാലുകൾ, അവന്റെ സ്വഭാവം തരുന്ന സംഘർഷം…

അപ്പോഴൊക്കെ

“അതൊക്കെ മാറും ജയറാമേട്ടാ അവൻ കുട്ടിയല്ലേ എല്ലാം മാറും “

ദുർഗ പറയും. അത് ഒരു ആശ്വാസം തന്നെ ആയിരുന്നു. അപ്പോഴും അവളെ ശ്രദ്ധിച്ചിട്ടില്ല. അവൾക്ക് എന്തെങ്കിലും വിഷമം ഉണ്ടോന്ന് ചോദിച്ചിട്ടില്ല. ഒരിക്കൽ പോലും അനുവിനെ മറന്ന് മനസ്സിടറി പോയിട്ടില്ല. ആ ഭാഗം ചിന്തിച്ചിട്ട് കൂടിയില്ല താൻ. ഈ ജീവിതത്തിൽ സംതൃപ്തിയുള്ളവനായിരുന്നു

പക്ഷെ അവൾ വീണു പോയപ്പോൾ അറിഞ്ഞു. തന്റെ ഉള്ളിൽ എത്ര ആഴത്തിൽ അത് വേരോടിയിരുന്നു എന്ന്. ചില മനുഷ്യർ അങ്ങനെ ആണ്

അവർ കൂടെയുള്ളപ്പോൾ ഒരു തണുപ്പാണ്. മഞ്ഞു പെയ്യും പോലെ. പക്ഷെ നമ്മൾ അത് അറിയുകയില്ല. നമ്മൾ നമ്മുടെ ജീവിതം നമ്മുടേ കുട്ടികൾ നമ്മുടെ ജോലി അങ്ങനെ മുന്നോട്ട് പോകും.ഈ തണുപ്പ് നമുക്ക് നഷ്ടം ആകുമ്പോൾ മാത്രം നമ്മൾ അവരെ ഒന്ന് തിരിഞ്ഞു നോക്കും. ഇത്രയും നാൾ കുട പിടിച്ചത് ഇവരായിരുന്നോ എന്നമട്ടിൽ. മഞ്ഞ് വീഴ്ത്തിയത് ഇവരായിരുന്നോ

അവർ പോകുമ്പോൾ സൂര്യന്റെ ചുട്ട് പഴുത്ത അഗ്നിനാരുകൾ നമ്മെ ദഹിപ്പിക്കാൻ തുടങ്ങുമ്പോൾ വീണ്ടും നമ്മൾ അറിയും അവരെത്ര സ്നേഹിച്ചിരുന്നു, അവർ നമുക്ക് എന്തായിരുന്നു എന്നൊക്കെ

ദുർഗ ഇപ്പൊ കൂടെയില്ലാത്ത പകലുകളിൽ ഏകാന്തതയുടെ കനത്ത മേലാപ്പ് പൊതിഞ്ഞു നിൽക്കുന്നത് അദ്ദേഹം അറിയുന്നുണ്ട്.

ജയറാമേട്ടാ എന്ന വിളിയൊച്ച തന്റെ വാതിൽ കടന്ന് ഇപ്പൊ വരാറില്ല

ഹോസ്പിറ്റലിൽ അടഞ്ഞു കിടക്കുന്ന ദുർഗയുടെ മുറിയുടെ വാതിൽ അയാളെ വേദനിപ്പിച്ചു തുടങ്ങി

ആത്മസംഘർഷം താങ്ങാൻ വയ്യാതെ വരുമ്പോൾ അയാൾ ദുർഗയുടെ വീട്ടിലേക്ക് വരും

കുറച്ചു നേരം സംസാരിച്ചിരിക്കും. ഒന്നിച്ചു ഭക്ഷണം കഴിക്കും. തിരിച്ചു പോരും

വീണ്ടും അടുത്ത യാത്ര വരെ താത്കാലിക ആശ്വാസം

ദുർഗക്കും അത് അങ്ങനെ തന്നെയാണ് എന്ന് തോന്നിട്ടുണ്ട്. കാണുമ്പോൾ വിടർന്ന മുഖം അത് വിളിച്ചു പറയുന്നുണ്ട്. ഒന്ന് കണ്ട് പോരുമ്പോൾ പിന്നെ വരുന്ന ഫോൺ കാളുകളിൽ ഒക്കെ ആ ചോദ്യമുണ്ടാകും

ഇനിയെന്നാ വരിക?

പ്രണയം അനുഭവിച്ചിട്ടില്ല. പ്രണയിച്ചല്ല വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞും തിരക്കുകൾ, ജോലി, കുട്ടി, യാത്രകൾ

അതിനിടയിൽ പ്രണയം ഒന്നും കടന്ന് വന്നിട്ടില്ല. സ്നേഹം ആയിരുന്നു, ജീവൻ ആയിരുന്നു അനുവിനെ. അവൾക്ക് തിരിച്ചും

തന്റെ മോന്റെ അമ്മ

അവൾ പോയപ്പോൾ ജീവിതം ഇരുട്ടിലായി പോയി. തകർന്നു പോയി. പക്ഷെ അത് ഭാവിക്കാൻ വയ്യ

അർജുൻ അപ്പോ വേറെ അവസ്ഥ ആയി. തന്റെ ദുഃഖം താൻ മറച്ചു. സഹിച്ചു. അവന് വേണ്ടി ജീവിച്. കൃഷ്ണ വന്നില്ലായിരുന്നെങ്കിൽ അവൻ ഇന്നും പഴയ പോലെ. തന്റെ മനസ്സ് ഇത് പോലെ ലാഘവത്വം തുളുമ്പുന്ന ഒന്നാവില്ല. അവർ തമ്മിലുള്ള പ്രണയവും തന്നെ മാറ്റിയിട്ടുണ്ട്. താൻ നേരിട്ട് പ്രണയം കാണുന്നതും ഇപ്പോഴാണ്

സ്ത്രീയും പുരുഷനും അത്രമേൽ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നത് അപൂർവ ഭാഗ്യമാണ്. അർജുനും കൃഷ്ണയും അങ്ങനെയാണ്
ഉയിരിൽ അലിഞ്ഞവർ

അദ്ദേഹം ദീർഘമായി ശ്വസിച്ചു

കൃഷ്ണ അർജുന്റെ മടിയിൽ കിടന്നു ഉറങ്ങുകയായിരുന്നു. അർജുൻ അവളുടെ ശിരസ്സിൽ മെല്ലെ തലോടി കൊണ്ട് ഇരുന്നു. ഫോൺ ശബ്ദിച്ചപ്പോൾ അവൻ എടുത്തു

എറണാകുളം നോർത്ത് സർക്കിൾ ഇൻസ്‌പെക്ടർ ഇഖ്ബാൽ

“അർജുൻ സർ?”

“yes പറയു ഇഖ്ബാൽ “

“അത് അന്വേഷിച്ചു. അയാൾ ടൂൾ ആണ്. പിന്നിൽ മാക്സ് ഗ്രുപ്പ്. അക്ബർ അലി. സിദ്ധാർഥ്, ജിതിൻ ജേക്കബ്. ലക്ഷ്യം സർ തന്നെ. വൈഫിനെ ഫിനിഷ് ചെയ്താൽ സർ തളരും ആ നേരം നോക്കി സാറിനെയും. അതാണ്‌ പ്ലാൻ. ഇത് അയാൾ മാത്രം പറഞ്ഞു അറിഞ്ഞ ഒരു കാര്യം അല്ല, അയാൾ കൊട്ടേഷൻ അല്ലെ. അയാൾക്ക് കൃഷ്ണ മാത്രം ആയിരുന്നു ടാർജറ്റ്. ഞാൻ അവരുടെ ഫോൺ കാളുകൾ ഒന്ന് നിരീക്ഷിച്ചു. അങ്ങനെ ആണ് ഇത്രയും ഡീറ്റെയിൽസ് കിട്ടിയത്. ഞാൻ സാറിന് ഒരു മെയിൽ അയയ്ക്കുന്നുണ്ട് ഫോൺ ഡീറ്റെയിൽസ് ആണ്. അതിലെ ഒരു നമ്പർ നിങ്ങളുടെ ടവർ ഏരിയ ആണ്. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കാളുകൾ അതിലേക്കാ പോയിരിക്കുന്നത്. എനിക്ക് തോന്നുന്നത് അത് നിങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ ഉള്ള ഒരാൾ ആവുമെന്നാണ്. സൂക്ഷിച്ചു ഹാൻഡിൽ ചെയ്യണം. അടുത്ത് ഒരു ശ്രമം കൂടി ഉണ്ടാകും ഉടനെ തന്നെ സെക്യൂരിറ്റി കുറച്ചു കൂടെ സ്ട്രോങ്ങ്‌ ആക്കണം. പ്രത്യേകിച്ച് വൈഫിന് “

“ഒത്തിരി താങ്ക്സ് ഇഖ്ബാൽ “

“നോ സർ. താങ്ക്സ് വേണ്ട. ഈ കാക്കി സാറിന്റെ ഔദാര്യം ആണ്. അപ്പൊ സാറിന്റെ പ്രൊട്ടക്ഷൻ എന്റെ കൂടി കടമയാണ് ഞാൻ എറണാകുളം ആയി പോയി. അതേ ഒരു വിഷമം ഉള്ളു “

“its ok ഞാൻ ഡീൽ ചെയ്തോളാം കാണാം.” അവൻ ഫോൺ കട്ട്‌ ചെയ്തു

ഇക്ബാലിനെ ആദ്യമായ് കണ്ടത് ഓർത്തു അർജുൻ. പതിവ് പോലെ ഒരു വിദേശയാത്ര കഴിഞ്ഞു വരുന്ന ദിവസം

വഴിയിൽ ബ്ലോക്ക് കണ്ട് സെക്യൂരിറ്റിയോട് നോക്കാൻ പറഞ്ഞതാണ്

“അടിയാണവിടെ. ഒരു പയ്യനെ പോലീസ് കാർ ചേർന്ന് തല്ലിയൊതുക്കുന്നു “

“എന്താ കാര്യം?”

താൻ വെളിയിൽ ഇറങ്ങി. കണ്ടിട്ട് ഒരു സാധു ആണെന്ന് തോന്നിയില്ല. അടിക്ക് തിരിച്ചു പ്രതിരോധിക്കുന്നുണ്ട്. കൗതുകം തോന്നി

അവനെ ജീപ്പിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചപ്പോൾ താൻ കാര്യങ്ങൾ ചോദിച്ചു

എസ് ഐ ടെസ്റ്റ്‌ പാസ്സായി ഫിസിക്കൽ ആയിരുന്നു. തോറ്റു. പോലീസ്കാർ മനഃപൂർവം തോൽപ്പിച്ചതാണെന്ന് പറഞ്ഞു തുടങ്ങിയ വഴക്ക് കയ്യാങ്കളിയിൽ അവസാനിച്ചു. അയാളുടെ മുഖം കണ്ടപ്പോ ഒരു ഫയർ ഉണ്ടെന്ന് തോന്നി. തന്റെ കൂടെ കൊണ്ട് പോരുന്നു

സാധാരണ അങ്ങനെ ഒരു അലിവ് ഒന്നും തോന്നാത്തതാണ്. എന്തോ അയാളെ ഭാവിയിൽ ഉപകരിക്കുമെന്ന് അപ്പൊ തോന്നി. അയാൾ സത്യം പറഞ്ഞു. വേറെ ആർക്കൊക്കെയോ വേണ്ടി അയാളെ ഒഴിവാക്കി

ഒരു പാട് ആഗ്രഹിച്ചു മോഹിച്ച ജോലിയാണ്. ആദ്യമായ് ഒരാണു പൊട്ടികരയുന്നത് കണ്ടത് അന്നാണ്

അറിയാവുന്ന കോൺടാക്ട്സ് എല്ലാം ഉപയോഗിച്ച് ജോലി വാങ്ങികൊടുത്തു. ഇഖ്ബാൽ മിടുക്കൻ ആയിരുന്നു. വളരെ വേഗം പ്രമോഷൻ കിട്ടി. ഇപ്പൊ സർക്കിൾ ആണ്

വളരെ കോൺഫിഡൻഷിയൽ ആയ ചില കാര്യങ്ങൾ ഇക്ബാലിനെ കൊണ്ടാണ് ചെയ്യിക്കുക. ഇത് ആശുപത്രിയിൽ പ്രശ്നം ഉണ്ടാക്കിയവന്റെ ഡീറ്റെയിൽസ് എടുക്കലായിരുന്നു. ഇഖ്ബാൽ അതിനപ്പുറം ചെയ്തു. കൊള്ളാം

മാക്സ് ഗ്രൂപ്പ്‌

ജിതിൻ ജേക്കബ്, സിദ്ധാർഥ് മേനോൻ, അക്ബർ അലി

തീർക്കാൻ എളുപ്പമാണ്. പക്ഷെ വേണ്ട. ഒരു രസമില്ല. അർജുൻ ആരാണ് എന്താണ് എന്നൊക്കെ ഒന്ന് അറിയിക്കാം

പതിയെ പതിയെ കാൽക്കീഴിൽ ഉള്ള മണ്ണ് ഒലിച്ചു പോയി നിലയില്ലാ കയത്തിലേക്ക് വീഴുമ്പോൾ ഞാൻ വരും മുന്നിൽ. നിങ്ങൾ ശ്രമിക്ക്. എന്റെ പെണ്ണിന്റെ അടുത്തു വന്നു നോക്ക്. അവളെ തൊടാൻ കൂടി കഴിയില്ല നിനക്കൊന്നും. ഒരിക്കലും

ഇത് അർജുനാണ്

കൃഷ്ണ കൂടെ ഉള്ളപ്പോൾ ഇരട്ടി ശക്തിയാണ്. ഇരട്ടി വേഗമാണ്. ഇരട്ടി ഊർജമാണ്. കളി തുടങ്ങുകയാണ് അർജുൻ

എനിക്ക് നിങ്ങളെ പേർസണൽ ആയി അറിയുക കൂടിയില്ല. ഞാൻ എതിരാളിയോ ശത്രുവോ അല്ല. പിന്നെ എന്തിന് എന്റെ പെണ്ണിനെ നിയൊക്കെ കൊ- ല്ലാൻ ശ്രമിക്കുന്നത്?

എന്റെ പെണ്ണ് ആയത് കൊണ്ട് മാത്രം അവൾക്ക് നേരിടേണ്ടി വരുന്നത് എന്തൊക്കെയാണ്. അവന് വേദന തോന്നി

കൃഷ്ണ മെല്ലെ ഉറക്കം ഉണർന്ന് എഴുന്നേറ്റു ഇരുന്നു. പിന്നെ അവന്റെ തോളിലേക്ക് തന്നെ ചാഞ്ഞു

“എവിടെ എത്തി?”

“എത്താറായി “

“വിശക്കുന്നു “

അവൾ അവന്റെ കാതിൽ പറഞ്ഞു. അവൻ ആ മുഖത്തേക്ക് നോക്കി. കള്ളച്ചിരി

“ഹോട്ടലിൽ നിർത്തട്ടെ “

“ഉം “

“പാരഗണിലേക്ക് വണ്ടി വിട് “

ജയറാം ഒന്ന് തിരിഞ്ഞു നോക്കി

“കുറച്ചു നേരമായില്ലേ ഡ്രൈവിംഗ് ഒരു ചായ കുടിക്കാം “

കാർ പാരഗൺ ഹോട്ടലിന്റെ പാർക്കിംഗ് സെക്ഷനിൽ നിന്നു. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു കുറച്ചു വെയിൽ താഴ്ന്നിട്ടാണ് ഇറങ്ങിയത്. ഇപ്പൊ രാത്രി ആവുന്നു

“മോൾക്ക് എന്താ വേണ്ടേ?”

അച്ഛൻ കൂടെ ഉള്ളത് പെട്ടെന്ന് അർജുൻ മറന്നു പോയി. ജയറാം പക്ഷെ അത് കേട്ടതായി നടിച്ചില്ല

“അപ്പം മതി. ചിക്കനും “

“അച്ഛനോ?”

“എനിക്ക് സൂപ് മതി, “

അവൻ രണ്ടു സെറ്റ് അപ്പം ഓർഡർ ചെയ്തു  സൂപ്പും

“ദീപുവിനെ ഡിസ്ചാർജ് ചെയ്തിട്ട് പിന്നെ ചെക്ക് അപ്പിന് വന്നോ.,?

ജയറാം ചോദിച്ചു

“വന്നിരുന്നു. ok. ആയിരുന്നു. നെക്സ്റ്റ് ഈ മാസം ആണ്. ഞാൻ പിന്നെ വിളിച്ചില്ല. ഒരു മാസം കോഴിക്കോട് കുറച്ചു തിരക്കായി പോയി. ഞാൻ വിളിക്കാം “

ജയറാം തലകുലുക്കി

“ഒരു ദിവസം നീരജയെ ഒന്ന് പോയി കാണണം ഞാനും വരാം. എന്തെങ്കിലും ഒക്കെ ഉള്ളിലുണ്ടെങ്കിൽ പറഞ്ഞു തീർത്തിട്ട് ഒന്നിച്ചു ജീവിക്കട്ടെ
ഒരു കുഞ്ഞായില്ലേ…നീ ഒന്ന് ഇടപെടണം അർജുൻ “

“എനിക്ക് ഫ്രീ ടൈം ഇല്ല അച്ഛാ. ആകെ കിട്ടുന്നത് ഇവൾക്കൊപ്പം പോലും. തികയുന്നില്ല.”

“അല്ലെങ്കിൽ. ഒരു കാര്യം ചെയ്യ്. നിങ്ങൾ രണ്ടും കൂടി പോയി വാ. അപ്പൊ കുറച്ചു കൂടി ആ കുട്ടി ഓപ്പൺ ആയി സംസാരിക്കും “

അവൻ അവളെയൊന്ന് നോക്കി

“രണ്ടു ദിവസം കൂടി കിട്ടുമോ.?”

കൃഷ്ണ ജയറാമിനെ ന്നോക്കി

“അങ്കിൾ പറഞ്ഞാൽ ചിലപ്പോൾ..,”

“ഞാൻ പറയാം. നിങ്ങൾ ഒന്ന് പോ “

“എന്താ സംഭവം?”

കൃഷ്ണയ്ക്ക് അതിനെ കുറിച്ച് ഒന്നുമറിയില്ല

“ഒരു ഫാമിലി ഇഷ്യൂ ആണ്. ഡിവോഴ്സ് ആയി. പക്ഷെ ഇപ്പോഴും രണ്ടും തമ്മിൽ അടുപ്പം ഉണ്ട്. ഇപ്പൊ മോൾ ആയി. അപ്പൊ അച്ഛൻ പറയുന്നത് ഒന്നിച്ച് ജീവിക്കട്ടെ എന്നാണ് “

“എന്തിനാ ഡിവോഴ്സ് ആയെ?”

പെട്ടെന്ന് അർജുനൻ സൈലന്റ് ആയി. ജയറാം തെല്ല് വിളറി

ദീപുവിന്റെ കഥകൾ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്

“അത്..ഞാനത് വീട്ടിൽ ചെന്നിട്ട് പറഞ്ഞു തരാം “

അവൾ തലയാട്ടി ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. അവരുടെ ടേബിളിന് ചുറ്റുമുള്ള മൂന്ന് ടേബിൾ സെക്യൂരിറ്റി ടീം ഇരിപ്പുറപ്പിച്ചിരുന്നു. മൂന്ന് ടേബിളിന്റെ അപ്പുറത്തെ ടേബിളിൽ ഒരു ഫാമിലി ആയിരുന്നു. പ്രായമുള്ള അമ്മയും അച്ഛനും പിന്നെ ഒരു മകനും

അർജുന്റെ കണ്ണുകൾ ചുറ്റും ഒന്ന് പാളി നോക്കി. അമ്മയും അച്ഛനും വാഷ് റൂമിലേക്ക് പോയി. കൃഷ്ണ ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റു

“നീ ഇപ്പൊ പോകണ്ട. അവർ തിരിച്ചു വരട്ടെ ” കൃഷ്ണ അവിടെ ഇരുന്നു

പോയവർ കുറേ നേരം എടുത്തു. ഏകദേശം അര മണിക്കൂർ

അർജുൻ സെക്യൂരിറ്റി ഹെഡിനെ ഒന്ന് കണ്ണ് കാണിച്ചു. അയാൾ എഴുന്നേറ്റതും അച്ഛനും അമ്മയും തിരിച്ചു വന്നു സ്വസ്ഥാനത്ത് ഇരുന്നു

“ഇനി നീ പൊയി വാ “

കൃഷ്ണ എഴുന്നേറ്റു പോയി

ആ സമയത്തു തന്നെ ആ ടേബിളിൽ മാതാപിതാക്കൾക്ക് ഒപ്പം ഇരുന്ന പുരുഷൻ എഴുന്നേറ്റു. അവൻ ധൃതിയിൽ വാഷ് റൂമിലേക്ക് പോകാൻ ഭാവിച്ചു. അവൻ അവരുടെ അരികിൽ കൂടി നടന്ന് പോകവേ അർജുൻ കാല് പെട്ടെന്ന് മുന്നിലേക്ക് വെച്ചു. കമിഴ്ന്നു അടിച്ച് വീണു പോയി അവൻ

കൃഷ്ണ ആ നേരം തന്നെ തിരിച്ചു വന്നു

“സോറി “

അർജുൻ അവനെ പിടിച്ചു എഴുനേൽപ്പിച്ചു. അവന്റെ അരയിലെ ലോഹത്തിൽ അർജുന്റെ വിരൽ തൊട്ടു. അർജുൻ അത് എടുത്തു. നിമിഷനേരം കൊണ്ടായിരുന്നു അത്

“gun? ” അർജുൻ ഒന്ന് ചിരിച്ചു

സെക്യൂരിറ്റി അടുത്ത് വരാൻ ഭാവിച്ചപ്പോൾ അവൻ കണ്ണുകൾ കൊണ്ട് നോ എന്ന് പറഞ്ഞു.

ജയറാം നടുങ്ങി പോയി. കൃഷ്ണ കഥ അറിയാതെ നിന്ന് പോയി

“തോക്ക് ഒക്കെ അതും കേരളത്തിൽ? പൊട്ടനാ നീ?”

അർജുൻ അവനെ പിടിച്ചു അടുത്ത് ഇരുത്തി തോക്ക് ഇടുപ്പിൽ ചേർത്ത് വെച്ചു. ഇടതു കൈ കൊണ്ട് പോലീസിന്റെ നമ്പർ ഡയൽ ചെയ്തു

“അനങ്ങരുത്…”

അവൻ പിടയാൻ ഭാവിച്ചു.

ടേബിളിൽ ഉണ്ടായിരുന്ന അച്ഛനും അമ്മയും എന്ന് കരുതിയവർ മെല്ലെ സ്ഥലം വിടാൻ ഭാവിച്ചെങ്കിലും സെക്യൂരിറ്റി ടീം അവർക്ക് ചുറ്റും നില ഉറപ്പിച്ചു

പോലീസ് വന്നു. അർജുന്‌ അവർ ആരാണെന്ന് സംശയം പോലുമില്ല. അറിയില്ല എന്ന് അവൻ തീർത്തു പറഞ്ഞു. gun കണ്ടു അറ്റാക് ചെയ്യാൻ ശ്രമിക്കുന്ന പോലെ തോന്നി. പോലീസിനെ വിളിച്ചു. അത്രേ തന്നെ. ഇതൊരു  ന്യൂസ്‌ ആക്കരുത്

ഇത്രേ അവൻ പറഞ്ഞുള്ളു

പോലീസ് അവരെ കൊണ്ട് പോയി. ഹോട്ടലിൽ തിരക്ക് കുറവായ കൊണ്ട് ന്യൂസ്‌ ലീക് ആയില്ല

“ഇനി മോൾക്ക് ഒരു ഐസ് ക്രീം പറയട്ടെ?”

കൃഷ്ണ ഞെട്ടി നോക്കി

“ദേ ഞാൻ വയലൻസ് ഒന്നും കാണിച്ചില്ല. ഒരു അടി പോലും കൊടുത്തില്ല. നീ ഹാപ്പി അല്ലെ?”

കൃഷ്ണ പകപ്പോടെ നോക്കി കൊണ്ട് ഇരുന്നു

“ആരാ അർജുൻ അവരൊക്കെ ?”

“മാക്സ് ഗ്രൂപ്പ്‌..”

“എന്തൊരു ധൈര്യം പരസ്യമായിട്ട് ഇങ്ങനെ ഒക്കെ?”

“കേരളം മാറി അച്ഛാ..അത് പോട്ടെ ഓരോ ഐസ്ക്രീം… ഉം?”

കൃഷ്ണ അവനെ ഒരു നുള്ള് വെച്ച് കൊടുത്തു

“ഇത് മനുഷ്യൻ തന്നെ ആണോ അങ്കിളേ. എന്റെ നെഞ്ചിടിച്ചു വയ്യ “

അർജുൻ പൊട്ടിച്ചിരിച്ചു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *