ധ്രുവം, അധ്യായം 86 – എഴുത്ത്: അമ്മു സന്തോഷ്

രണ്ടാഴ്ച മുന്നേ ഉള്ള അന്നത്തെ പകൽ. വൈകുന്നേരം ഭാര്യ വിളിക്കുന്നു

“മോൻ സ്കൂൾ വിട്ട് വന്നിട്ടില്ല മാത്യു. സ്കൂളിൽ നിന്ന് സ്കൂൾ ബസിൽ കയറിയെന്ന് പറയുന്നു. ഇവിടെ ഇറങ്ങിയിട്ടില്ല. ഒന്ന് അന്വേഷിച്ചു നോക്കു,

അതൊരു നിലവിളിയായിരുന്നു. മാത്യുവിന്റെ ജീവൻ പോയി

പന്ത്രണ്ട് വർഷം പ്രാർത്ഥിച്ചു ചികിത്സ ചെയ്ത് ഒക്കെ ഉണ്ടായ മകനാണ്. ഒന്നിൽ ആയതേയുള്ളു. ഈശ്വര എന്റെ കുഞ്ഞ് ഇത് എങ്ങോട്ടാ പോയത്. പോലീസ് സ്റ്റേഷനിൽ വിളിച്ചു പറയും മുന്നേ അർജുൻ സാറിന്റെ മുറിയിൽ ചെന്നതാണ്. മോൻ അവിടെ ഇരുന്ന് കളിക്കുന്നത് കണ്ടു ഞെട്ടിപ്പോയി. അർജുൻ അവനെ നോക്കി ചിരിച്ചു

“നല്ല മോനാണല്ലോ “

മാത്യു വിളറി വെളുത്തു

“ഇവനെങ്ങനെ എന്റെ അടുത്ത് എന്നല്ലേ? അത് പറഞ്ഞു തരാം “

മോൻ മാത്യുവിനെ കണ്ടെങ്കിലും ചിരിചിട്ട് അവന്റെ ടോയ്‌സ് കളിക്കുന്നത് തുടർന്നു.

“മോൻ കളിച്ചോട്ടെ നമുക്ക് അകത്തിരിക്കാം “

മാത്യു ഇടറുന്ന കാലുകൾ പെറുക്കി വെച്ച് അനുഗമിച്ചു. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരിക്കുമ്പോൾ അർജുൻ ഒരു പേപ്പർ എടുത്തു മാത്യുവിന്റെ മുന്നിൽ വെച്ചു

അയാൾ അതെടുത്തു നോക്കി. ഫോൺ കാൾ ലിസ്റ്റ്. താൻ വിളിച്ചത്

അയാളെ വിയർപ്പിൽ കുതിർന്ന് പോയി

“സാധാരണ ഇങ്ങനെ ഒന്ന് കണ്ടാൽ അവനെ തീർത്തു കളയുകയാണ് അർജുന്റെ പതിവ്. അത് തനിക്കും നന്നായി അറിയാം. പക്ഷെ ഇത്തവണ ഞാൻ തന്നെ ഒന്നും ചെയ്യില്ല മാത്യു. പകരം അവൻ നിന്റെ മകൻ അവനാണ് എന്റെ തുറുപ്പു ഗുലാൻ. കൂടെ നിന്ന് ഒറ്റുന്നവന്റെ കുടുംബം അതിലാണ് എപ്പോഴും ശത്രുവിന്റെ നോട്ടം. അത് അറിയാമോ മാത്യു “

“സാറെ എന്റെ മോൻ..ഞാൻ കാല് പിടിച്ചു പറയുവാ എന്റെ മോനെ ഒന്നും ചെയ്യരുത് “

“ഇതൊക്കെ ക്‌ളീഷേ ഡയലോഗ് അല്ലെ മാത്യു. ശേ ഞാൻ കേട്ട് കേട്ട് മടുത്തു. പുതിയ ഐഡിയ പറ. പുതിയത് ഫ്രഷ് “

അർജുൻ ചിരിച്ചു. മാത്യു പകപ്പോടെ നോക്കി

“ഒന്നും കിട്ടുന്നില്ല? അതേയ് മൈൻഡ് ഫ്രഷ് അല്ലാത്തത് കൊണ്ടാ. ശരി ഞാൻ ഒരു ഐഡിയ പറയാം. നീ ഇത്രയും നാൾ അവർക്ക് വേണ്ടി ചെയ്തു കൊണ്ടിരുന്നത് എനിക്ക് വേണ്ടി ചെയ്യണം “

മാത്യു നടുങ്ങി നോക്കി

“നീ ഇത്രയും നാൾ എന്താ ചെയ്തു കൊണ്ട് ഇരുന്നത്?”

മാത്യുവിന്റെ മുഖം താഴ്ന്നു

“എനിക്ക് അവരുടെ മുഴുവൻ മൂവുമെന്റ്സ് അറിയണം. ഓരോ ചലനങ്ങൾ. ഞാൻ പറയുന്ന പോലെയാണ് ഇനി നീ..നിന്റെ വായിൽ നിന്നു വീഴുന്ന ഓരോന്നും. ഇല്ലെങ്കിൽ ഒറ്റ കുഞ്ഞ് അല്ലേയുള്ളു. ഉം?”

“ഇല്ല സർ വേണ്ട. ഞാൻ എന്ത് വേണേൽ ചെയ്തോളാം പ്ലീസ് സർ “

“ശരി…കം “

അർജുൻ മാത്യുവിനെയും കൊണ്ട് ഡോക്ടർ ശർമ്മയുടെ മുറിയിൽ പോയി

“അപ്പൊ ശർമ്മസാറെ നമുക്ക് അത് അങ്ങ് ചെയ്തേക്കാം ഇവൻ വില്ലിങ് ആണ്”

മാത്യു പകപ്പോടെ നോക്കി

“ഒരു ചെറിയ ചിപ്പ് നിന്റെ ദേഹത്ത് ഘടിപ്പിക്കുന്നുണ്ട്. ഒരു മൈക്രോചിപ്പ്. നീ എന്ത് ചെയ്താലും അത് റെക്കോർഡ് ചെയ്യും എനിക്ക് സെന്റ് ചെയ്യും
ഓരോ വാക്കും ഓരോ പ്രവർത്തിയും. പിന്നെ എന്തെങ്കിലും ഫൗൾ പ്ലേ കാണിക്കുകയാണെങ്കിൽ ഞാൻ ഇവിടെയിരുന്നു ചെയ്താൽ മതി. ഒറ്റ പ്രെസ്സ് നീ ബൂം. its like a bomb too. ബോംബ് പോലെ നീ പൊട്ടും “

അയാൾ വിറച്ചു പോയി

“കാര്യം കഴിഞ്ഞു സർ തന്നെ റിമൂവ് ചെയ്യും. അല്ലെ സർ?”

ശർമ്മ ഒന്നു മൂളി

ഡോക്ടർ ശർമ്മ

ആ ഹോസ്പിറ്റലിൽ നിശബ്ദനായി ജീവിക്കുന്ന ഒരു ഡോക്ടർ. ആരോടും സംസാരിക്കില്ല. അയാൾ എന്തിനാണ് ആ ആശുപത്രിയിൽ എന്ന് പലപ്പോഴും മാത്യു ചിന്തിച്ചിട്ടുണ്ട്. ഓപി ഇല്ല. സർജനാണ്. ഇടയ്ക്ക് സർജറി ചെയ്യുന്നവർക്കൊപ്പം പോകുന്നത് കാണാം. എന്നും വരും. ഇടയ്ക്ക് ഒരു മുറിയിൽ പോയി എന്തൊക്കെയോ ചെയ്യുന്നത് കാണാം. ആ മുറി എപ്പോഴും ലോക്ഡ് ആണ്. അതിന്റെ കീ അയാളുടെ കയ്യിലും. അയാൾ ഒരു സൂത്രശാലിയായ കുറുക്കനാണ്. അയാൾ എന്നാണ് ഇവിടെ ജോയിൻ ചെയ്തത് എന്ന് ആർക്കും അറിയില്ല

അർജുനെ കാണുന്ന കാലം മുതൽ അയാൾ ഉണ്ട്

ജയറാം സാറിനോട് ഒരു അടുപ്പവും കാണിക്കുന്ന കണ്ടിട്ടില്ല. അർജുൻ സാറിനോട് ആണ് എന്തെങ്കിലും മിണ്ടുക

അയാൾ ആരാണ്? ഡോക്ടർ തന്നെ ആണ്. ഒരു പാട് ഡിഗ്രികൾ ഉണ്ട്. അമേരിക്കയിൽ പോയി പഠിച്ചിട്ടുണ്ട്. എവിടെ ആണ് താമസമെന്നോ കുടുംബം ഉണ്ടൊ എന്ന് പോലും അറിഞ്ഞു കൂടാ

അയാൾ ഒരു ഇൻജെക്ഷൻ തന്നു. മയങ്ങി പോയി. പിന്നെ ഓർമ്മ വരുമ്പോൾ ചിപ്പ് ഘടിപ്പിച്ചു കഴിഞ്ഞു. എവിടെ ആണ് എന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഉണ്ട്

അർജുൻ ഒരു ക്രിമിനൽ ആണ് എന്ന് അറിയാം. പക്ഷെ ആർക്കും അറിയാത്ത ദുരൂഹതകൾ നിറഞ്ഞ എന്തോ കൂടി അവനെ ചുറ്റിയുള്ള പോലെ ചിലപ്പോൾ തോന്നാറുണ്ട്. എന്തായാലും തനിക്ക് രക്ഷ ഇല്ല എന്ന് അയാൾക്ക് മനസിലായി

ചെന്നൈ

അർജുൻ റെക്കോർഡ്ഡ് സന്ദേശങ്ങൾ കേട്ട് കഴിഞ്ഞു.

നീന പദ്മനാഭൻ…

തന്റെ ചാവു കാണാൻ കാത്തിരിക്കുന്നു. ആയിക്കോട്ടെ. പക്ഷെ തന്റെ പെണ്ണിന്റെ മരണം ആഗ്രഹിച്ചു പോയില്ലേ നീ?

അപ്പൊ നീ ജീവിക്കണ്ട, ഇനി ജീവിക്കണ്ട

അർജുനെ മാത്രം ആയിരുന്നു എങ്കിൽ അർജുൻ അത് സഹിക്കും. വിട്ട് കളയും. പക്ഷെ എന്റെ പെണ്ണ്…പൂവ് പോലെ ഒരു പെണ്ണ്…

അവനാ ഓർമ്മയിൽ പോലും കണ്ണീരണിഞ്ഞു

എന്റെ ചക്കരയല്ലേടാ ഒത്തിരി സ്നേഹം വരുമ്പോൾ ഇടറിയ ശബ്ദത്തിൽ അവൾ ചോദിക്കുന്നത് അവൻ ഓർത്തു..നെഞ്ചിൽ കിടന്നു കൊണ്ട് കിലുകിലാന്ന് മിണ്ടുന്നത്. ഒരായിരം ഉമ്മകൾ കൊണ്ട് പൊതിയുന്നത്. കൃഷ്ണ സ്നേഹം നല്ലോണം പ്രകടിപ്പിക്കും. അപ്പൊ പരിസരം കൂടി നോക്കില്ല. ഓടി വന്നു ഒറ്റ കെട്ടിപ്പിടിത്തം

അവളുടെ മരണം ആഗ്രഹിച്ച നിമിഷം നീന നിന്റെ നാളുകളുടെ കൗണ്ട് ഡൌൺ ആരംഭിച്ചു

ജിതിൻ, സിദ്ധാർഥ്, അക്ബർ അലി

എന്റെ പെണ്ണിനെ അറിയുക പോലുമില്ലല്ലോടാ നിനക്കൊക്കെ അവളെ തീർക്കാൻ…

എന്റെ പെണ്ണ്..കാണണം..ഒരാഴ്ച കഴിഞ്ഞു. ഭ്രാന്ത് പിടിക്കുന്നുണ്ട്

അവൻ ഡാഡിയുടെ അരികിൽ ചെന്നു

“ക്യാഷ് വന്നല്ലോ അല്ലെ?”

“yes..പിന്നെ ഡാഡിയാണ് ഒരു ഇൻവെസ്റ്റർ..”

“എന്താ?” അയാൾക്ക് മനസിലായില്ല

“അവർക്ക് പ്രേസേന്റ് കണ്ടിഷൻൽ നിലനിന്നു പോരണമെങ്കിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ കുറച്ചു ആള് വേണം. അതിലൊരാൾ ഡാഡിയാണ് എന്ന് “

“എന്തിന്? എനിക്ക് ഇവിടെ ഉള്ള പരിപാടി പോലും നോക്കി തീർന്നിട്ട് ബാക്കി നേരം ഇല്ല. അപ്പോഴാ കേരളത്തിൽ,

“ഡാഡി ഒരു മാസത്തിനകം ഞാൻ ഇതിന്റെ രണ്ട് ഇരട്ടി ഡാഡിയുടെ അക്കൗണ്ടിൽ ഇടും. അത് വരെ ഷെയർ ഹോൾഡർ ആയി ഇരുന്ന മതി. അല്ലെങ്കിൽ ചെയർമാൻ പോസ്റ്റ്‌തരാം “

“പോടാ ചെറുക്കാ, അവന്റെ ഒരു പുന്നാരം നീ ഭയങ്കര കള്ളനാ കേട്ടോ. നിന്നെ സൂക്ഷിക്കണം “

“അത് ശരി ഒരു ലാഭം വരുന്ന കാര്യം പറഞ്ഞപ്പോ ഞാൻ ആരായി..ഡാഡി കേരളത്തിൽ വരണം. എന്റെ കൂടെ ഒരു മാസം നിൽക്ക്. ഇവിടെ ഞാൻ എന്റെ സ്റ്റാഫിനെ വിട്ട് തരാം. വിശ്വസിക്കാം. ആ പപ്പനാവനെ പോലല്ല “

വൈശാഖനു ചിരി വന്നു

“ഡാഡി എത്ര നാളായി കേരളത്തിൽ വന്നു താമസിച്ചിട്ട് ഓർത്തു നോക്ക്. ഇവിടെ ഒറ്റയ്ക്ക്, എന്ത് കാര്യത്തിന്..വരണമെങ്കിൽതന്നെ ഇടക്ക് ഞാൻ വന്നാൽ പോരെ. ചെന്നൈയിൽ നമ്മുടെ പ്രധാന ബിസിനസ് മാളുകൾ അല്ലെ? യൂസഫ് അലി സർ പോലും ഇങ്ങനെ ഒരിടത്തു മാത്രം ആയിട്ട് സ്റ്റേ ചെയ്യുന്നുണ്ടോ നോക്ക്. ഡാഡിക്ക് പ്രായമായി. കാല് പ്രശ്നം ആണ്. ഞാനും അച്ഛനും ഇല്ലേ?”

വൈശാഖൻ ചിരിച്ചു. ഇന്നലെ കണ്ട മുരടൻ അല്ല

സോഫ്റ്റ്‌, ജന്റിൽ, സ്വീറ്റ്

“ഒറ്റയ്ക്ക് താമസിക്കേണ്ട ഡാഡി
അടുത്ത വരവിൽ ഞാൻ കൊണ്ട് പോകും കേട്ടോ.. റെഡി ആയി ഇരുന്നോ”

അവൻ കുനിഞ്ഞു ഒന്നു ചേർത്ത് പിടിച്ചു

“അപ്പൊ ബൈ “

“കൃഷ്ണയ്ക്ക് സുഖമാണോ?”

അർജുൻ ഒന്നു ചിരിച്ചു

“ഉം. ഹാപ്പിയാ “

അവൻ കൈ വീശി യാത്ര പറഞ്ഞു

കൃഷ്ണ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നു ഉറങ്ങി എണീക്കുമ്പോൾ അർജുൻ അടുത്ത് കിടപ്പുണ്ട്. ഇനി സ്വപ്നം ആണോ. അവൾ കണ്ണ് തിരുമ്മി നോക്കി. ശോ അല്ലല്ലോ.

“ഇതെപ്പോ വന്നെടാ ചക്കരെ?” അവൻ ചിരിച്ചു

“നീ ഉറക്കം അത് കൊണ്ട് ശല്യം ചെയ്യാതെ വന്നു കിടന്നു “

“ഉം “

ഒന്നു മൂളിക്കൊണ്ട് അവൾ അവനെ കെട്ടിപ്പിടിച്ചു

“ഇന്നലെ ഭയങ്കര തിരക്കാരുന്നു. ഇന്നലെ കൊണ്ട് തീർന്നു. ഇനി നാളെ രാവിലെ പോയ മതി. ഉറങ്ങി തീരുന്നില്ല. എന്താ ക്ഷീണം “

അവൻ അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു

“എന്റെ കൊച്ച് ഉറങ്ങിക്കോ. ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് വരാം..”

അവൻ എഴുന്നേറ്റു

“അപ്പുവേട്ടാ…”

അവൾ ആ കൈ പിടിച്ചു

“സോറി ട്ടോ “

“പോടീ “

അവൻ കുനിഞ്ഞു ആ നെറ്റിയിൽ ഉമ്മ വെച്ചു

“ഉറങ്ങി തീർത്തോ ഞാൻ വരുമ്പോഴേക്കും “

കൃഷ്ണ അവനെ നോക്കി ചിരിച്ചു. അങ്ങനെ കിടക്വെ ആ കണ്ണുകൾ വീണ്ടും അടഞ്ഞു . അവൻ കുറച്ചു നേരം ആ ഉറക്കം നോക്കി നിന്നിട്ട് ബാത്‌റൂമിലേക്ക് പോയി ഫ്രഷ് ആയി തിരിച്ചു വന്നു

“അർജുൻ “

“ആ വന്നോ. ഞാൻ വരുമ്പോൾ അച്ഛൻ ഹോസ്പിറ്റലിൽ നിന്ന് എത്തിയിയിട്ടില്ല “

“ഞാൻ വന്നു കുറച്ചു നേരം ആയി “

അർജുൻ കാറിന്റെ കീ എടുത്തു

“നീ അച്ഛനോട് ഷെയർ ചോദിച്ചോ?”

“ആ ചോദിച്ചല്ലോ അതിനെന്താ?”

“എന്തിന്?”

“എനിക്ക് കുറച്ചു പ്ലാൻ ഉണ്ട് അതിന് “

“അതെന്താ?”

“ഇപ്പൊ തന്നെ പറയണോ? പോയി വന്നിട്ട് പോരെ?”

ജയറാം നിശബ്ദനായി. അവൻ ഇറങ്ങി പോയി

ഹോസ്പിറ്റലിൽ

“ഇതാണ് ഇൻവെസ്റ്റ്‌ ചെയ്യുന്നവരുടെ ലിസ്റ്റ്. അവർ ഇൻവെസ്റ്റ്‌ ചെയ്യുന്ന ക്യാഷ് അതിന്റെ നേരേ ഉണ്ട്. അവരെ നേരിട്ട് കാണാൻ സാധിക്കില്ല. അവർ വരും. ഇത് പൂർണമായും അവരുടെ പേരിലേക്ക് മാറ്റുന്ന ദിവസം. താല്പര്യമില്ല എങ്കിലും ഉണ്ട് എങ്കിലും ഇരുപത്തി നാല് മണിക്കൂർ തരും അതിന് അകം പറയണം “

അർജുൻ മാത്യുവിന്റെ മുന്നിലേക്ക് ആ ലിസ്റ്റ് വെച്ചു

“സർ അവർക്ക് എന്തെങ്കിലും സംശയം വന്നാൽ അവരെന്നെ കൊ- ല്ലും.”

“ഇല്ലെങ്കിൽ ഞാൻ നിന്നെ കൊ- ല്ലും “

അർജുന്റെ മുഖം ചുവന്നു

“നിന്റെ മുന്നിൽ ഒരെ ഒരു വഴിയേ യുള്ളൂ. ഇത് നന്നായി എക്സിക്യൂട്ട് ചെയ്യുക. ഇല്ലെങ്കിൽ നീ തീർന്ന് “

മാത്യു ദയനീയ ഭാവത്തോടെ എഴുന്നേറ്റു പോയി. അയാളോട് യാതൊരു ദയയും തോന്നിയില്ല അർജുന്‌

തന്നേ ഒറ്റാൻ വേണ്ടി ശത്രു അയച്ച ചാരൻ. ചാരൻമാർക്ക് മരണം ആണ് ശിക്ഷ. അത് മാത്യുവിന്റെ കാര്യത്തിലും മാറ്റമില്ല. തന്നെയും അവളെയും ഫിനിഷ് ചെയ്യാൻ കൂട്ട് നിന്നവൻ. അവന് മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷ ഇല്ല

അർജുൻ ഒരു സി- ഗരറ്റ് കത്തിച്ചു. പിന്നെ ദീപുവിനെ വിളിച്ചു

“ഡാ നീ റെഡി ആയി ഇരുന്നോണം. നിന്റെ ആൾക്കാരും.”

“റെഡി “

അവൻ കൂടുതൽ പറയാതെ കാൾ കട്ട്‌ ചെയ്തു

ജിതിൻ ജേക്കബിന് ജാമ്യം കിട്ടി. നീന അവനെ സ്വീകരിക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവർ ജിതിന്റെ വീട്ടിലേക്ക് പോയി. അവിടെ എല്ലാവരും സന്നിഹിതരായിരുന്നു

ജിതിന്റെ അച്ഛൻ ജേക്കബ് തോമസ്, സിദ്ധാർഥ്വിന്റെ മൂത്ത സഹോദരൻ ജിഷ്ണു, അക്ബർ അലിയുടെ വാപ്പ അലിയാർ. പിന്നെ നീനയുടെ അച്ഛൻ അമ്മ. ഒടുവിൽ ആയി മാത്യു

ഒരു പാട് ചർച്ചകൾ നടന്നു

“ഇതിൽ നമുക്ക് കോംപ്രമൈസ് ചെയ്യാൻ പറ്റാത്ത ഒരു കാര്യം ഇൻവെസ്റ്റേഴ്സ് ന്റെ പേരില് ഈ ഹോസ്പിറ്റലിന്റെ പരമാധികാരം എഴുതി കൊടുക്കുക എന്നതാണ്. ഇത് ജിതിന്റെയും സിദ്ധാർഥ്വിന്റെയും അക്ബർ അലിയും പിതാക്കന്മാർ ചേർന്ന് വർഷങ്ങൾക്ക് മുന്നേ തുടങ്ങി വേച്ച ഒരു ഗ്രൂപ്പ്‌ ആണ്. ക്രമേണ അത് മക്കളിലേക്ക് വന്നു. അതായത് ഇപ്പോഴും ഇവര് മൂന്നും അല്ല യഥാർത്ഥത്തിൽ അവകാശികൾ
ഇവരുടെ പിതാക്കന്മാർ ആണ്. അവരാണ് അത് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. പിന്നെ ഈ ഏഴു ഹോസ്പിറ്റലുകൾ നമുക്ക് ലാഭം തരുന്നില്ല എന്നത് വലിയ ഒരു സത്യം തന്നെ ആണ്. അത് മാത്രം അല്ല വൻ നഷ്ടത്തിൽ ആണ് താനും. ഇത് വാങ്ങുന്നവർക്ക് അതിനെ കുറിച്ച് വലിയ ഐഡിയ ഇല്ലാത്തത് കൊണ്ടാണ്. പിന്നെ അവരുടെ പേരിൽ മാറ്റി കൊടുക്കുക എന്നത് കൊണ്ട്  പ്രത്യേകിച്ച് നമ്മുക്ക് ഒന്നും വരാൻ പോണില്ല. അത് ഗുണം ചെയ്യുമെങ്കിൽ ചെയ്യട്ടെ. നമ്മൾ ഇവിടെ തന്നെ ഉണ്ടല്ലോ
ലാഭം നമ്മുടേത് കൂടിയാണ്. ഓണർ എന്നതിൽ നിന്ന് തല്ക്കാലം ഷെയർ ഹോൾഡേഴ്‌സ് എന്നതിലേക്ക് മാറുന്നു. പിന്നെ സമയം പോലെ നമുക്ക് പഴയ സ്ഥലത്തേക്ക് വരാം. profit കിട്ടി കഴിഞ്ഞു. അന്ന് നിലവിലുള്ള ഈ ഇൻവെസ്റ്റേഴ്സ് ജീവനോടെ ഇല്ലാതായാൽ പോരെ?”

പദ്മനാഭൻ ദീർഘമായ ഒരു പ്രസംഗം തന്നെ നടത്തി. അത് അവസാനിച്ചപ്പോൾ കരഘോഷം മുഴങ്ങി

“സുപ്രീം കോടതി വക്കീൽ എന്നാൽ ഇതാണ്. ഗ്രേറ്റ്‌ സർ ഗ്രേറ്റ്‌ “

എല്ലാവരും എഴുന്നേറ്റു നിന്നു

പദ്മനാഭൻ നീനയെ നോക്കി. പിന്നെ എല്ലാവരെയും അഹങ്കാരത്തോടെ

ഒരാൾ മാത്രം ദയനീയഭാവത്തിൽ നിൽക്കുന്നുണ്ടായിരുന്നു

മാത്യു…

അപ്പോൾ അർജുൻ മുറിയിൽ ഒറ്റയ്ക്ക് ആയിരുന്നു. അവൻ കണ്ണുകൾ അടച്ചു

കഷ്ടം. നിങ്ങൾ ഇപ്പോഴും ഏത് യുഗത്തിൽ ആണ് ജീവിക്കുന്നത്. അവൻ മനസ്സിൽ പറഞ്ഞു

തുടരും….