ധ്രുവം, അധ്യായം 88 – എഴുത്ത്: അമ്മു സന്തോഷ്

ഫ്ലാറ്റ്

അർജുൻ ഹാളിൽ ഒരു ഫോട്ടോ ഫിക്സ് ചെയ്യുകയായിരുന്നു. ഗുരുവായൂർ വെച്ചുള്ള ഒന്ന്

“ഇത് നല്ല സ്റ്റൈൽ ആയിട്ട് ചെയ്തു തരാൻ പറഞ്ഞു ഞാൻ സ്റ്റുഡിയോയിൽ. നന്നായിട്ടില്ലേ?”

കൃഷ്ണ അതിലേക്ക് നോക്കി

വിവാഹം. അത് നടന്ന ദിവസം. ഭഗവാന്റെ മുന്നിൽ നിന്ന് തൊഴുന്ന ഫോട്ടോ. അർജുൻ മുണ്ടും ഷർട്ടും ധരിച്ച് അതിസുന്ദരനായിട്ട്..

“എന്റെ അപ്പുവേട്ടൻ ഒരു ഗ്ലാമർ ചെക്കനാ..എന്താ സ്റ്റൈൽ. മുടിയൊക്കെ. ഇത് സെറ്റ് ചെയ്യാൻ തന്നെ നല്ല പണിയാ “

അവൾ അവന്റെ മുടിയിൽ തൊട്ട് പറഞ്ഞു..അവൻ പുഞ്ചിരിച്ചു. അവൾ അപ്പൊഴുള്ള അവന്റെ മുഖം നോക്കി

എത്ര പാവം, എത്ര നിഷ്കളങ്കമായ മുഖം. ഇന്നലെ അതൊന്നും പറഞ്ഞ ആളാണ് എന്നെ തോന്നില്ല. സത്യത്തിൽ അങ്ങനെ ഒക്കെ ചെയ്യോ? കൊ- ല്ലുമോ?”

അത് ഒക്കെ അത്ര നിസാരമായിട്ട് നടക്കുന്ന ഒന്നാണോ

ശോ…

അവൻ ഫോട്ടോ ഫിക്സ് ചെയ്തു തിരിഞ്ഞു

“അതേയ് “

അവൾ അവനെ ഒന്ന് തോണ്ടി

“എന്താ?”

“ഇന്നലെ പറഞ്ഞത് പോലൊക്കെ ചെയ്യോ?,

“ഇന്നലെ എന്ത് പറഞ്ഞു?”

അവൻ അറിയാത്ത ഭാവത്തിൽ അടുത്ത ഫോട്ടോ എടുത്തു എവിടെ ഫിക്സ് ചെയ്യണം എന്ന് പൊസിഷൻ നോക്കി

“കൊ- ല്ലുമെന്ന് ഒക്കെ “

“ഹേയ് അതൊക്കെ ചുമ്മാ ഒരു പഞ്ച് ഡയലോഗ് അടിക്കുന്നതല്ലേ?”

അവൻ ചിരിച്ചു..അവൾ ദീർഘ ശ്വാസം വിട്ടു

“എനിക്ക് അപ്പോഴേ തോന്നി. അപ്പുവേട്ടന് അതൊന്നും പറ്റില്ല. ദേഷ്യം ഉണ്ടെന്നേയുള്ളു. പിന്നെ അത്യാവശ്യം തല്ലുണ്ടാക്കും അന്ന് ബസിൽ വെച്ചു ഉണ്ടായത് പോലെ. അതിപ്പോ എല്ലാ ചെക്കന്മാരും ഉണ്ടാക്കും. അല്ലാണ്ടെ കൊ- ല്ലാൻ ഒന്നും പോവില്ല. അപ്പുവേട്ടൻ പാവല്ലേ “

അവൾ അവനെ കെട്ടിപിടിച്ചു ചുമലിൽ മുഖം വെച്ചു ആകണ്ണിലേക്ക് നോക്കി

“പിന്നല്ലാതെ. ഒരിക്കൽ സ്വന്തം ജീവൻ രക്ഷിക്കാൻ ചെയ്തു പോയിന്ന് വെച്ച്. ഞാൻ എന്താ ഗുണ്ടയാണോ?അതൊക്കെ വെറുതെ തള്ളുന്നതല്ലേ മോളെ. എന്നാലും ബാക്കി ഒക്കെ കറക്റ്റ് ആണ്. അവർക്ക് പണി കൊടുക്കും..”

“അതൊന്നും വേണ്ടാന്ന്. ദുഷ്ടൻമാരെ ദൈവം നിഗ്രഹിക്കും ദൈവം ശിക്ഷിക്കും. നമ്മൾ മനുഷ്യൻമാർ ഇതിലൊന്നും ഇടപെടേണ്ട “

“ഇപ്പൊ അവരുടെ ദൈവം ഞാനാടി “

അവൻ കണ്ണിറുക്കി

“പോ അവിടുന്ന്. ഈശ്വര ഞാൻ ഒരു കൊട്ടേഷൻ ടീമിന്റെ ഹെഡിനെയാണോ കല്യാണം കഴിച്ചത്?”

അവൻ ചിരിച്ചു

“ഏറെക്കുറെ “

അവൻ അടുത്ത ഫോട്ടോ ഫിക്സ് ചെയ്യുന്നത് അവൾ നോക്കി നിന്നു

“ഇത് ആര് എടുത്തതാ? അവൾ അടുത്ത് ചെന്നു നോക്കി

അവളുടെ നാട്ടിൽ വെച്ച് നടത്തിയ കല്യാണത്തിന് അന്ന് എടുത്ത ഒരു പിക്

വളരെ മനോഹരമായ ഒന്ന്

കൃഷ്ണ അർജുന്റെ തലയിലെ പൂ എടുത്തു മാറ്റി പ്രണയപൂർവം അവന്റെ കണ്ണിലേക്കു നോക്കി നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്

“ഇത് ദീപു എടുത്തതാണ് “

“ആ ചേട്ടൻ ഒരു ഫോട്ടോ സെൻസ് ഉള്ള ആളാണ് നല്ല ഫോട്ടോ “

അവൻ ഒന്ന് മൂളി. പിന്നെ എല്ലാ മുറികളിലും അവർ നിറഞ്ഞു. എവിടെ നോക്കിയാലും കൃഷ്ണാർജുനം

“നമുക്ക് ഒരു വീട് വെയ്ക്കണം “

കൃഷ്ണ ആ നെഞ്ചിൽ പറ്റിച്ചേർന്നു

“അവൻ ഒന്ന് മൂളി

“കുഞ്ഞു വീട്.. രണ്ടു മുറികൾ
ഒരു അടുക്കള. ഒരു കുഞ്ഞ് ഹാൾ. മതി. മുറ്റത്തു ചെടിക്ക് ഇച്ചിരി സ്ഥലം “

“എന്തിനാ അത് “

“നമുക്ക് കുറേ മക്കൾ ഒക്കെ ആവൂലെ?”

“ഉം “

“അവർ വലുതാവൂലെ?”

“ഉം “

“അപ്പൊ നമ്മൾ വയസ്സാവൂലെ?”

“ഉം “

“അപ്പൊ പോയി താമസിക്കാൻ.. ഇടക്ക് മതി. നമ്മൾ മാത്രം ആയിട്ട്. സ്പേസ് കുറച്ചു മതി. അപ്പൊ ക്ലീൻ ഒക്കെ ചെയ്യാൻ എളുപ്പമാണ്. ഭാവിയിൽ സെർവന്റ്സ്നെയൊന്നും കിട്ടില്ലായിരിക്കും. അപ്പൊ വലിയ വീടുകളിൽ താമസിക്കുക പ്രയോഗികമല്ല. ഇത് മതി. പേര് കൃഷ്ണാർജുനം.. കൃഷ്ണയുടെയും അർജുന്റെയും വീട്. ബിസിനസ് തിരക്കുകൾ ഒന്നുമില്ല ജോലി തിരക്കുകൾ ഒന്നുമില്ല. രാവിലെ എഴുനേറ്റു കുളിച്ചു അമ്പലത്തിൽ പോവാ.. ഭക്ഷണം കഴിക്കുക. പിന്നെ കുറേ നേരം സംസാരിക്കും. പൂന്തോട്ടം ഒക്കെ നോക്കും.. പിന്നെ ഊണ്. പിന്നെ കെട്ടിപിടിച്ചു കിടന്നു ഉറക്കം. പിന്നെയും എണീറ്റു ഒന്ന് നടക്കാൻ പോയിട്ട് വരുമ്പോൾ ചായ.. പിന്നെ കുറേ വർത്താനം പറഞ്ഞു സ്നേഹിച്ച്… രാത്രി വീണ്ടും ഉറങ്ങി.. അങ്ങനെ കഴിയാൻ ഒരു വീട്. എന്റെ പൊന്നും ഞാനും മാത്രം..”

അർജുൻ അവളുടെ കൺപോളയിൽ മൃദുവായി ചുണ്ടമർത്തി

“അതിന് വയസ്സാവുന്നതെന്തിനാ? എന്റെ മോൾക്ക് അപ്പുവേട്ടൻ ഉടനെ പണിയിച്ചു തരുമല്ലോ അങ്ങനെ ഒരെണ്ണം?”

കൃഷ്ണ ഉവ്വോ എന്നർത്ഥത്തിൽ നോക്കി

“എവിടെ വേണം എന്ന് പറഞ്ഞാൽ മതി”

“ഏതെങ്കിലും പുഴയുടെ അടുത്ത്..ഒത്തിരി അടുത്തല്ല എന്നാ പുഴ കാണുന്ന പോലെ. ദുർഗ ആന്റിയുടെ വീട്ടിൽ പോയപ്പോൾ കണ്ടില്ലേ..അത് പോലെ പുഴ ഒഴുകുന്ന ഒരു സ്ഥലത്ത്.. ഇവിടെ എവിടെ ആണോ അങ്ങനെ ഒരു സ്ഥലം ഉണ്ടാവുക?”

“നോക്കട്ടെ “

അവൻ ആ മുഖം കൈകളിൽ എടുത്തു

“ഇത്രയും ചെറിയ ആഗ്രഹങ്ങൾ ഒക്കെ ഉള്ളോ എന്റെ മോൾക്ക്?”

അവൾ തലയാട്ടി

“ഞാനും അപ്പുവേട്ടനും എപ്പോഴും ഒന്നിച്ചുണ്ടായ മതി.. ഒത്തിരി ദിവസം പിരിഞ്ഞു നിൽക്കാൻ വയ്യ. അതൊന്ന് മനസ്സിൽ വെച്ച മതി “

“അത് ഈ ഒറ്റ വർഷം ഉള്ളു. പിന്നെ നിന്നെ കഴിയുന്നത്ര ഒപ്പം കൊണ്ട് പോവൂലെ ഇതിപ്പോ നിനക്ക് ലീവ് ഒന്നും പറ്റാത്ത കൊണ്ടല്ലേ. നീയും എല്ലാം പഠിക്കണം. ഒരു ഹോസ്പിറ്റൽ എങ്ങനെ കൊണ്ട് പോകാം അതിന്റെ ആക്ടിവിറ്റീസ്. ഇതിപ്പോ നിന്റെ അപ്പുവേട്ടൻ ഒറ്റയ്ക്ക് ഓടുവല്ലേ. ഒരു കൈ സഹായം “

“ദേ ഒരു കൈ വെച്ച് ഒന്നങ്ങ് തരും കേട്ടോ. ബിസിനസ്..അതും ഞാൻ പഠിക്കാൻ.. ഒന്ന് വെറുതെ ഇരിക്ക്..ഞാൻ കുഞ്ഞുങ്ങളുടെ ഡോക്ടർ ആവും “

“കാർഡിയോളജി വിട്ടോ?”

“നമ്മൾ ഹൗസർജൻസി ചെയ്യുമ്പോഴാ ശരിക്കും ഉള്ള interest ഏതിൽ ആണ് എന്ന് മനസിലാക്കുക. എന്റെ ഫീൽഡ് പീഡിയാട്രിക്സ് ആണ്. അതെനിക്ക് ഇപ്പൊ അറിയാം. ഞാൻ അതിൽ എം ഡി ചെയ്തോളാം “

“നിന്റെ ഇഷ്ടം പോലെ ചെയ്യ്. ഇനി ഇത് കൊണ്ട് നിർത്തിയാലും കുഴപ്പമില്ല. എന്റെ കൂടെയല്ലേ?”

“അയ്യടാ അത് ഒന്നുമല്ല. എം ഡി വേണം. എന്നാലേ ഒരു വെയിറ്റ് ഉള്ളു “

“ഈ അമ്പത് കിലോ വെയിറ്റ് തന്നെ ധാരാളം “

അവൻ അവളെ കോരിയെടുത്തു തന്റെ മുകളിൽ കിടത്തി

“അമ്പത് ഇല്ല അപ്പുവേട്ടാ, കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ വെച്ച് നോക്കിയപ്പോൾ 48 ഉള്ളു “

“അതാണ് എവിടെ ഒക്കെയോ എന്തോ ഒരു കുറവ് പോലെ “

അവൻ അവളുടെ ഉടലിലൂടെ കൈ ഓടിച്ചു. അവൾ ഇക്കിളി പൂണ്ടു ചിരിച്ചു
അർജുൻ അവളിലേക്ക് അമർന്നു. അവളുടെ ഉടലിന്റെ വശ്യമനോഹരമായ നിമ്നോന്നതങ്ങളിലേക്ക്. അവളുടെ ഉടലിന്റെ ത്രസിപ്പിക്കുന്ന അഴകിലേക്ക്. അവളുടെ സുഗന്ധത്തിലേക്ക്

മറ്റൊന്നും അറിയാൻ കഴിയാത്ത പോലെ പൂർണമായി അലിഞ്ഞു ചേർന്നു. അത് അവരുടെ ലോകമായിരുന്നു. അവരുടെ സ്വർഗം

കൃഷ്ണയാണ് ആദ്യം ഉണർന്നത്. അവൾ എഴുന്നേറ്റു. നല്ല വിശപ്പുണ്ട്

ഈശ്വര പന്ത്രണ്ട്..നട്ടുച്ചക്ക് പന്ത്രണ്ട് വരെ കിടന്നുറങ്ങി. അമ്മ കാണണം കൊ- ല്ലും. അതെങ്ങനെ ഈ ചെക്കൻ സമ്മതിച്ചു തരണ്ടേ വിടാതെ കെട്ടിപ്പിടിച്ചു കിടന്ന എന്ത് ചെയ്യും

അവൾക്ക് ചിരി വന്നു

അടുക്കളയിൽ കയറി നോക്കി കൃഷ്ണ

“നീ കുക്കിംഗ്‌നു നിൽക്കണ്ട ” വാതിൽക്കൽ അവൻ

“റെഡി ആയിക്കോ പുറത്ത് പോയി കഴിക്കാം ” അവൻ അവളെ ചേർത്ത് പിടിച്ചു

“ഇവിടെ വരുമ്പോൾ ആകെ കിട്ടുന്ന കുറച്ചു സമയം അടുക്കളയിൽ ചിലവിടല്ലേ കൊച്ചേ. അത്രേം നേരം കൂടി എന്റെ അരികിൽ ഇരിക്ക് “

കൃഷ്ണ ആ മുഖം പിടിച്ചു താഴ്ത്തി ഒരുമ്മ കൊടുത്തു

“എന്ത് കഴിക്കാൻ തോന്നുന്നു ഇന്ന്? പറഞ്ഞാൽ ആ റെസ്റ്റോറന്റ്ൽ പോകാം”

“എനിക്ക് ബിരിയാണി.  എന്റെ favourite ഐറ്റം ബിരിയാണി ആണ്. എപ്പോ ഏത് പാതിരാത്രി തന്നാലും ഇഷ്ടം “

“അത് എനിക്ക് അറിയാം. നമ്മൾ ആദ്യമായിട്ട് ഒരു ഹോട്ടലിൽ പോയില്ലേ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ഞാനും നീയും ദൃശ്യയും അച്ഛനും. അന്ന് നീ ബിരിയാണി ആണ് കഴിച്ചത് “

“ആ അത് സൂപ്പർ ആയിരുന്നു. അവിടെ പോകാം “

അവൻ തലയാട്ടി

“എന്നാ ഡ്രസ്സ്‌ മാറിക്കോ “

കുറേ അധികം ഡ്രെസ്സുകൾ അതും രണ്ടു പേരുടെയും ഇവിടെ കൂടി കൊണ്ട് വെച്ചിട്ടുണ്ട്ഇടയ്ക്ക് വരുമ്പോൾ ധരിക്കാനുള്ളത്

കൃഷ്ണ ഏതിടേണം എന്ന് ആലോചിച്ചു

“സാരി ഉടുക്കട്ടെ?”

“അറിയോ? അവസാനം പൊതുജനമധ്യത്തിൽ അഴിഞ്ഞു വീഴുമോടി?”

“പോ അവിടുന്ന്. ഞാൻ പിൻ ചെയ്തു വെയ്ക്കും. പക്ഷെ സഹായിക്കണേ “

“പിന്നെ എനിക്ക് ഇതല്ലായിരുന്നോ പണ്ട് പണി ഒന്ന് പോയെടി “

“എന്നാ ദുഷ്ടനാ നോക്കി. ഇതിന്റെ പ്ലീട്സ് ഒന്ന് പിടിച്ചു തന്നാ മതി. ഇങ്ങനെ ഒരു സാധനം. ആഗ്രഹം കൊണ്ടല്ലേപ്ലീസ്”

“എന്നാ ഉടുക്ക് “

അവൻ മേശമേൽ ചാരി നിന്നു. കടും പച്ചയിൽ ചുവപ്പ് പട്ടു നൂലുകൾ പാകിയ സാരീ. അതേ ഡിസൈൻ ബ്ലൗസ്. ബ്ലൂസും അടിപ്പാവാടയും ധരിച്ചു സാരീ കൈയിൽ എടുത്തു കൃഷ്ണ

“ഇതിന്റെ അകം ഏതാ പുറമേതാ?”

അവൾ തിരിച്ചു മറിച്ചു നോക്കി

“നോക്കിക്കേ അപ്പുവേട്ടാ ഇതിന്റെ അകം ഏതാ?”

അവൻ അത് നോക്കി കൊടുത്തു. അവൾ അതുടുക്കുന്നത് അവൻ നോക്കി നിന്നു

“ഈ ഞൊറിവ് ഒന്ന് പിടിച്ചിട്ട് താ “

അവൻ നിലത്ത് ഇരുന്നു

“പണ്ട് അച്ഛൻ അമ്മയ്ക്ക് ഇത് ചെയ്തു കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് എനിക്ക് തോന്നുന്നത് മിക്കവാറും എല്ലാ പുരുഷൻമാരും ഇത് ഒരു തവണ എങ്കിലും ചെയ്തിട്ടുണ്ടാവും എന്നാ. പെണ്ണിന്റ മുന്നിൽ മുട്ട് കുത്താത്ത ആണുങ്ങൾ ഉണ്ടാകുമോ ഭൂമിയിൽ?”

അവൾ ചിരിയോടെ ആ തലയിൽ തലോടി. അർജുൻ തെല്ല് ഉയർന്നു പുക്കിൾ ചുഴിയിൽ മുഖം അമർത്തി ചുംബിച്ചു. കൃഷ്ണ പെട്ടെന്ന് ആ മുഖം പിടിച്ചു ഉയർത്തി

“advantage എടുക്കല്ലേ “

അവൻ ചിരിച്ചു കൊണ്ട് എഴുനേറ്റ് നിന്നു

“ഇനി ബാക്കിൽ ഒന്ന് പിൻ ചെയ്തേ. സൂക്ഷിച്ചു വേണം എന്റെ ദേഹത്ത് കൊള്ളരുത് “

അവൻ അത് വൃത്തിയായി ചെയ്തു കൊടുത്തു

“എപ്പടി?”

അവൾ എളിയിൽ കൈ കുത്തി. അവൻ വിരൽ വളച്ച് ഉഗ്രൻ എന്ന് ഒരു ആംഗ്യം കാട്ടി. കൃഷ്ണ ചിരിയോടെ അവനെ വട്ടം പുണർന്നു. അവളുടെ കാതിൽ കിടക്കുന്ന പച്ചക്കല്ലുള്ള ജിമിക്കിയിൽ അവൻ മെല്ലെ ചുണ്ടമർത്തി. അത് പോലും എന്ത് ഭംഗിയാണെന്നവൻ ഓർത്തു. അപൂർവമായമാണ് അവൾ ആഭരണങ്ങൾ ധരിച്ച് നന്നായി ഒരുങ്ങുക. പാവത്തിന് നേരം കിട്ടാറില്ല. അര കവിഞ്ഞു കിടക്കുന്ന മുടി തിരമാലകൾ പോലെ…

“പിന്നിയിടണോ അപ്പുവേട്ടാ. നനവ് മാറീട്ടില്ല “

“വേണ്ട അഴിഞ്ഞു കിടക്കുന്നതാ കൂടുതൽ ഭംഗി “

അവൾ കണ്ണാടിയിൽ ഒന്ന് കൂടെ നോക്കി. പിന്നെ സീമന്ദരേഖയിൽ സിന്ദൂരം ഇട്ടു

“അപ്ലുവേട്ടന്റെ കൂടെ നടക്കുമ്പോഴാ ഞാൻ കല്യാണം കഴിച്ചെന്നു ഓർക്കുന്ന തന്നെ “

“ങ്ങേ എടി മഹാപാപി. ദുഷ്ടേ.. അപ്പൊ നീ എന്നെ ഓർക്കുക പോലുമില്ല എന്നല്ലെടി ആ പറഞ്ഞതിന്റെ അർത്ഥം ‘

അയ്യോ അതല്ല ന്ന് “

“നീ ഇനി ഒറ്റ അക്ഷരം മിണ്ടരുത് “

അവൻ കപട ദേഷ്യത്തോടെ കാറിന്റെ കീ എടുത്തു. കൃഷ്ണ ഒരു നിമിഷം ആലോചിച്ചു നിന്നു

“അതേയ് ഞാൻ എന്താ പറഞ്ഞെ?”

“പോടീ എന്നാലും നീ കഷ്ടം ഉണ്ട് കേട്ടോ”

അവൻ നടന്ന് തുടങ്ങി

“ശോ ഞാൻ അതല്ലെന്ന് ഉദേശിച്ചത്‌. കുങ്കുമം തൊടുന്ന കാര്യാ അത് ഞാൻ മറന്ന് പോകുമെന്ന..അല്ലാണ്ട് അപ്പുവേട്ടനെ ഞാൻ മറക്കോ?”

“സത്യം എപ്പോഴെങ്കിലും പുറത്ത് വരും മോളെ “

“ദേ ഞാൻ ഒരിടി വെച്ച് തരും കേട്ടോ..അതല്ലാന്ന് പറഞ്ഞത് “

അവൾ ഓടി പിന്നാലെ ചെന്നു. അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു

“എന്റെ കൊച്ച് മറക്കില്ലാന്ന് അറിഞ്ഞു കൂടെ അപ്പുവേട്ടന്. ഉം. വെറുതെ കളിപ്പിച്ചതല്ലേ?”

കൃഷ്ണ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് അവനോട്‌ ചേർന്നു

“കുങ്കുമം തൊടുന്നത് നിനക്ക് നല്ല ഭംഗിയാ. പിന്നെ ഈ മൂക്കുത്തി. അതും..”

കൃഷ്ണ ആ കൈകൾ തോളിലൂടെ ചുറ്റി

“നമുക്ക് ഭക്ഷണം കഴിഞ്ഞു എന്റെ വീട്ടിൽ ഒന്ന് പോകാം അങ്ങോട്ട് പിന്നെ പോയിട്ടില്ല “

“പോകാം “

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അടുത്ത ടേബിളിൽ പരിചയം ഉള്ള ഒരു മുഖം കണ്ടു അർജുൻ. ഇതെവിടെ ആണെന്ന് അവൻ ഓർത്തു കൊണ്ട് ഇരുന്നു. കുറച്ചു പ്രായമുള്ള ഒരാൾ. അയാൾ അവനെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു

ഭക്ഷണം കഴിഞ്ഞു ബിൽ സെറ്റിൽ ചെയ്തു പുറത്തേക്ക് നടക്കുമ്പോൾ അയാൾ ഒരു നിമിഷം അർജുന്റെ അരികിൽ വന്നു

“ഓർമ്മയുണ്ടോ അർജുൻ?”

അവന് ആ നേരം അയാളെ ഓർമ്മ വന്നു

ജേക്കബ്, ജിതിൻ ജേക്കബ്ന്റെ അച്ഛൻ

മാക്സ് ഗ്രൂപ്പിന്റെ ചെയർമാൻ

വർഷങ്ങൾക്ക് മുന്നേ അയാളെ കണ്ടിട്ടുണ്ട്. അന്ന് അർജുൻ കഷ്ടിച്ച് പത്തൊമ്പത് വയസ്സ് മാത്രം ഉള്ള ഒരാളായിരുന്നു. ഡാഡി വെട്ട് കൊണ്ട് വീഴുമ്പോൾ അയാൾ കാറിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു. അർജുൻ അയാളെ അടിമുടി ഒന്ന് നോക്കി

“അർജുൻ ഒരു പാട് വളർന്നു. വൈഫ് ആയിരിക്കും അല്ലെ?”

അർജുൻ രൂക്ഷമായി നോക്കി കൊണ്ട് ഇരിക്കുക മാത്രം ചെയ്തു

“ഇപ്പോഴും ഇണക്കമില്ലാത്ത മുഖം തന്നെ. ഒരു മാറ്റവുമില്ല..”

അർജുന്റെ മുഖം ചുവക്കുന്നത് കൃഷ്ണ ഭീതിയോടെ കണ്ടു

“ശരി കാണാം “

അയാൾ ഇറങ്ങി പോയി

“ആരാ അപ്പുവേട്ടാ അത്?”

“പറയാം “

അവൻ ചുറ്റും നോക്കി

തുടരും….