ധ്രുവം, അധ്യായം 89 – എഴുത്ത്: അമ്മു സന്തോഷ്

“ആരാ അപ്പുവേട്ടാ അയാള്?”

“ഇയാൾ ആയിരുന്നു മാക്സ് ഗ്രൂപ്പ്‌ന്റെ ഫോർമർ ചെയർമാൻ. അന്നിവർക്ക് ഹോസ്പിറ്റൽ മാത്രം അല്ല ഉള്ളത് വേറെയും കുറച്ചു ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട്. കേരളത്തിനകത്തും പുറത്തും. ചെന്നൈയിൽ അവരുടെ ബിസിനസ് സ്ഥാപനങ്ങൾക്ക് ഞങ്ങളുടെ സ്ഥാപനങ്ങൾ വന്നതോടെ മാർക്കറ്റ് ഇടിഞ്ഞു. എനിക്ക് അന്ന് കഷ്ടിച്ച് പത്തൊമ്പത് വയസ്സേയുള്ളു സംഭവം വ്യക്തമായ ഒരു ഐഡിയ ഇല്ല. ഏതോ മീറ്റിംഗ് നടന്നപ്പോൾ എന്തോ ഇഷ്യൂ ഒക്കെ ഉണ്ടായി. അത് കഴിഞ്ഞു ആയിരുന്നു അറ്റാക്. അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. എന്തായാലും ഡാഡിയുടെ സ്വഭാവം അനുസരിച്ച് തിരിച്ചു ആക്രമിക്കും എന്ന് അവർക്ക് ഉറപ്പായിരുന്നു. മരിച്ചില്ലല്ലോ. അതോടെ അവർ മുങ്ങി. ചെന്നൈയിൽ അവരുടെ ബിസിനസ് പൊളിഞ്ഞു. കേരളത്തിൽ ഈ ഹോസ്പിറ്റലുകളിൽ മാത്രം ശ്രദ്ധിച്ചു. അന്നേ അയാളുടെ മകൻ ആണ് ഇവിടെ. ഇയാൾ പിന്നെ പോലീസ് കേസ് ഒക്കെ. ആയിട്ട് കുറേ നാളുകൾ കഴിഞ്ഞു വിദേശത്ത് എവിടെ യോ പോയി. ജിതിൻ ജേക്കബ് അവന്റെ രണ്ടു ഫ്രണ്ട്സ് അവരാണ് കേരളത്തിൽ ഉള്ള ഗ്രൂപ്പ്‌ന്റെ തലപ്പത്ത്. ഇപ്പൊ കുറച്ചു നാളുകൾ ആയിട്ട് വിജിലൻസ് റെയ്ഡ്, ഇ ഡി യുടെ ഇന്ററോഗേഷ്ൻസ് അങ്ങനെ വീണ്ടും പുലിവാൽ പിടിച്ചു. അത് അറിഞ്ഞാവും ഇയാൾ വീണ്ടും വന്നത്.”

അവൾ ഒക്കെ കേട്ടിരുന്നു

“അപ്പുവേട്ടനാണ് ഇതിന്റെ ഒക്കെ പിന്നിൽ എന്ന് അവർക്ക് വല്ല സൂചനയും ഉണ്ടോ”

അർജുൻ അമ്പരപ്പോടെ അവളെ നോക്കിപ്പോയി

താനാണ് അതിന്റെ പിന്നിൽ എന്ന് അച്ഛന് മാത്രം അറിയുന്ന കാര്യമാണ്

“എന്താ?”

“അല്ല അവരുടെ ഈ നാട്ടിലെ ബിസിനസ് പൊളിക്കുന്നതിന്റെ പിന്നിൽ എന്റെ ഈ പാവം കെട്ടിയോൻ ആണെന്ന് അവർക്ക് അറിയോ ന്ന്?”

അവൻ ചുറ്റും നോക്കി

“ഈശ്വര നീ ഇതെങ്ങനെ… അച്ഛൻ പറഞ്ഞതാണോ? അതോ നീ കേട്ടോ അച്ഛനോട് പറഞ്ഞത് “

“എന്നോട് ആരും പറഞ്ഞില്ല. ഞാൻ ഒന്നും കേട്ടുമില്ല. അപ്പുവേട്ടൻ ഇന്നലെ രാത്രി പറഞ്ഞു എന്നെയും ഏട്ടനെയും അറ്റാക് ചെയ്തത് അവരാണെന്ന്. പിന്നെ അതിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ പോവാണെന്നും പറഞ്ഞു. അവർ മനസ്സോടെ അത് സമ്മതിച്ചു തരില്ലല്ലോ. അപ്പൊ എന്തെങ്കിലും ഒരു പണി കൊടുത്തു കാണും എന്നാലല്ലേ നിൽക്കാൻ വയ്യാതെ അവർ ഷെയർ ഒക്കെ തരൂ.. മൊത്തം ചീത്തപ്പേർ ആകുമ്പോൾ ഹോസ്പിറ്റലൊക്കെ അല്ലെ. ബിസിനസ് dull ആകും. ന്യൂസിൽ കണ്ടിരുന്നു നിലവാരം ഇല്ലാത്ത മരുന്നുകൾ പിടിച്ചെടുത്തെന്ന് പിന്നെ അവിടെ നടക്കുന്ന അല്ലെങ്കിൽ നടന്ന മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു എന്ന്. പിന്നെ ഓർഗൻ ബിസിനസ് അങ്ങനെ കുറേ കാര്യങ്ങൾ.അതിന്റെ ഒക്കെ പിന്നിൽ എന്റെ അപ്പുവേട്ടനാണെന്ന് എനിക്ക് അറിഞ്ഞൂടെ? അതിന് വലിയ ബുദ്ധി ഒന്നും വേണ്ട സിമ്പിൾ കോമെൻസ്‌ൻസ് പോരെ?”

“മിടുക്കി. “

“ഇത് തീക്കളി അല്ലെ അപ്പുവേട്ടാ?”

“നല്ലതല്ലേ കളിക്കുമ്പോൾ മിനിമം തീ കൊണ്ട് കളിക്കണം അതാ ഒരു ത്രില്ല് “

“ഉവ്വ് ഉവ്വ്.. തീക്ക് ശത്രുവോ മിത്രമോ ഇല്ല. അത് കത്തിപ്പിടിക്കും “

“നീ കൊള്ളാല്ലോ. എന്റെ കൊച്ചേ ഈ കളി ബിസിനസ് കിട്ടാൻ അല്ല വർഷങ്ങളായി അവർ നമ്മെ ടാർജറ്റ് ചെയ്യാൻ തുടങ്ങിയിട്ട് അപ്പൻ ഉള്ള കാലത്ത് തുടങ്ങിയത് മോൻ ആയിട്ടും തീർന്നില്ല. ഇപ്പോഴെങ്കിലും പ്രതികരിക്കണ്ടേ. അല്ലെങ്കിൽ നാളെ എന്റെ മക്കൾ വലുതാകുമ്പോൾ ഇവന്റെ മക്കൾ എതിരിൽ ഉണ്ടാകും
ശത്രു ആയിട്ട് അത് വേണ്ട “

കൃഷ്ണ പുഞ്ചിരിച്ചു. ഭക്ഷണം വന്നു

“പിന്നെ ഒരു നീന പദ്മനാഭൻ എന്നൊരു പെണ്ണുണ്ട്. അവളുടെ അച്ഛനും അമ്മയും നമ്മുടെ കമ്പനിയുടെ ലീഗൽ അഡ്വസർ മാരായിരുന്നു. ഇവൾ യുഎസിൽ നിന്നു ബിസിനസ് മാനേജ്മെന്റിൽ ബിരുദം എടുത്തിട്ട് നമ്മുടെ കമ്പനിയിൽ. കുറച്ചു നാള് ട്രെയിനിയായിട്ട് ഉണ്ടായിരുന്നു. ഒരു പ്രൊപോസൽ ആയിട്ട് ഇവൾക്ക് വേണ്ടി ഡാഡിയും അവരും തമ്മിൽ ഒരു ആലോചന ഒക്കെ നടന്നു. ഞാൻ ഒരിക്കൽ ചെന്നപ്പോൾ ഒരു പെണ്ണ് കാണൽ പോലൊക്കെ. എനിക്ക് സത്യത്തിൽ ഇന്നത്തെ സോഫ്റ്റ്‌ character അല്ല. ഇന്നായിരുന്നു എങ്കിൽ കുറച്ചു കൂടി മര്യാദക്ക് സംസാരിച്ചേനെ. മോശമായി സംസാരിച്ചു എന്ന് തോന്നുന്നു. പിന്നെ ഞാൻ അന്വേഷിച്ചില്ല. പക്ഷെ നമ്മുടെ കല്യാണം കഴിഞ്ഞപ്പോൾ ഡാഡി പറഞ്ഞു അവർ നമ്മുടെ കമ്പനി വിട്ട് പോയി എന്ന്. കുറേ വർഷങ്ങൾ ആയി ഒപ്പം ഉള്ളവർ ആയിരുന്നു. ഏറ്റവും വലിയ ട്വിസ്റ്റ്‌ അതല്ല അവർ ജോയിൻ ചെയ്തത് മാക്സ് ഗ്രൂപ്പിൽ ആണ്. പോരെ പൂരം. വര്ഷങ്ങളായി നമുക്കൊപ്പം ഉണ്ടായിരുന്നവർ. നമ്മുടെ മിക്കവാറും എല്ലാ കാര്യങ്ങളും അറിയാവുന്നവർ. അയാൾ സുപ്രീം കോടതി അഡ്വക്കേറ്റ് ആണെന്ന് ഓർക്കണം. അവർ അവിടെ നിൽക്കുന്ന ഓരോ നിമിഷവും നമുക്ക് എതിരായി കരു നീക്കങ്ങൾ നടത്തി കൊണ്ടേയിരിക്കും. അത് വേണ്ട കൃഷ്ണ. ഒരാളോടുള്ള വൈരാഗ്യം ഇത്രയൊന്നും ആഴത്തിൽ വേരോടരുത്. പറഞ്ഞു തീർത്തേക്കണം. എനിക്ക് അവളെ ഇഷ്ടം അല്ലാന്ന് പറയുമ്പോൾ നിന്നെ എനിക്കും ഇഷ്ടപ്പെട്ടില്ലടാ എന്ന് പറയുന്നിടത്ത് തീരണം. അല്ലാതെ അവന്റെ പെണ്ണിനെ തീർത്തേക്കാം എന്നൊക്കെ വിചാരിച്ചു വെയ്ക്കുന്നത് വിഡ്ഢിത്തം അല്ലെ? അതും എന്നെ പോലെ ഒരാളുടെ പെണ്ണിനെ..”

കൃഷ്ണ ആ കണ്ണുകളിലേക്ക് നോക്കി

“എന്റെ പെണ്ണ് എന്റെ ജീവനാ..അർജുന്റെ എല്ലാം അവളാ
ഈ സ്വത്തോ പണമോ ഒന്നുമില്ലാതെ ദരിദ്രനായി വേണേലും ഞാൻ ജീവിക്കും. പക്ഷെ നീയില്ലാതെ ഒരു നിമിഷം ഞാൻ ജീവിക്കില്ല കൃഷ്ണ… സത്യം “

കൃഷ്ണ കുനിഞ്ഞു കളഞ്ഞു. അവൾക്ക് സങ്കടം വന്നു. അർജുൻ അവളെ തന്നോട് ചേർത്ത് പിടിച്ചു

“എന്റെ കൊച്ച് എല്ലാം അറിയണം എല്ലാം.. ഇതാണ് അർജുൻ.. കൊ- ല്ലാൻ എനിക്ക് മടിയില്ല കൃഷ്ണ. ഈ യുദ്ധത്തിൽ ഞാൻ ജയിച്ചാല്മില്ലെങ്കിലും അവർ ജീവിച്ചിരിക്കില്ല. അത് ഞാൻ എടുത്ത തീരുമാനം ആണ്..”

കൃഷ്ണ നിറഞ്ഞ കണ്ണുകൾ തുടച്ചു ചിരിക്കാൻ ശ്രമിച്ചു

“മതി എന്റെ ബിരിയാണി തണുത്തു
കഴിക്കാം “

അവൻ ചുറ്റും നോക്കി. ആരുമില്ല. അവളുടെ കവിളിൽ അവൻ അമർത്തി ചുംബിച്ചു. കൃഷ്ണ തിരിച്ചും..

“കഴിച്ചിട്ട് വീട്ടിൽ പോണേ, വാക്ക് മാറ്റരുത് ട്ടോ”

“ഇല്ലാന്ന്. ഇന്ന് അവിടേ സ്റ്റേ പോരെ?”

കൃഷ്ണയുടെ കണ്ണുകൾ വിടർന്നു

“ശരിക്കും?”

അവൻ തല കുലുക്കി. കൃഷ്ണയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ. രമേശൻ കൃഷിസ്ഥലത്തായിരുന്നു. ലത അവരെ കണ്ടതും ഓടി വന്നു

“രാവിലെ വിളിച്ചപ്പോ പോലും പറഞ്ഞില്ലല്ലോ വാ രണ്ടാളും “

“അച്ഛൻ എവിടെ?”

കൃഷ്ണ ചോദിച്ചു

“കൃഷി സ്ഥലത്തുണ്ട്. ഇപ്പൊ മുഴുവൻ സമയവും അവിടെയാ “

അർജുനും കൃഷ്ണയും അവിടേക്ക് ചെന്നു. സത്യത്തിൽ അവർ അമ്പരന്ന് പോയി.തരിശായി കിടന്നത് പച്ചപ്പ് നിറഞ്ഞ ഊഷ്മള ഭൂമിയായിരിക്കുന്നു. ചീര, കപ്പ, വെണ്ട, മുതലായവ ഒരു വശത്ത് വാഴ തെങ്ങ് പ്ലാവിൻ തൈകൾ മാവിൻ തൈകൾ ഒക്കെ മറുവശത്ത്

“അച്ഛൻ നന്നായി പണിയെടുക്കുന്നുണ്ടല്ലോ.”

അവരെ കണ്ടു കൊണ്ട് ഓടി വന്ന രമേശനോട് അർജുൻ പറഞ്ഞു

“ഇതൊക്കെ ഒരു പണിയാണോ മോനെ? ഒക്കെ സന്തോഷം ആണ്. ഭൂമിയിൽ ഇങ്ങനെ വിളവ് എടുക്കുന്നത് തന്നെ ആനന്ദം. പച്ചക്കറികൾ നമ്മുടെ തന്നെ കടയിൽ കൊണ്ട് പോയി വിൽക്കും. നല്ല ലാഭം ഉണ്ട്. പെട്ടെന്ന് വിറ്റ് തീരും കേട്ടോ.”

“എന്നിട്ട് എന്റെ വീട്ടിലോട്ട് കണ്ടില്ലല്ലോ ആള് കൊള്ളാം “

രമേശന്റെ മുഖം വിളറി. അയാൾ വല്ലായ്മയോടെ അർജുനെ നോക്കി

“ഇവൾ വെറുതെ പറയുന്നതാ ഇതൊന്നും കാര്യമാക്കണ്ട “

“അല്ല മോനെ ഞാനത് ആലോചിച്ചു പലതവണ. ഇഷ്ടം ആകുമോ എന്ന് സംശയം അതാണ്‌ കൊണ്ട് വരഞ്ഞത് “

“ഹേയ് അത് ഒന്നും വേണ്ട ന്നേ. ഞാനും ഇവളും അവിടെ മിക്കവാറും കാണില്ല പിന്നെ അച്ഛൻ മാത്രം. അച്ഛൻ pure nonveg ആണ്. പിന്നെ വെറുതെ ഇതൊക്കെ കൊണ്ട് വന്നു ചീത്ത ആക്കാം അത്രേ ഉള്ളു. എനിക്കും വെജ് അത്രേ പോരാ. ഈ പറയുന്ന ഇവള് ചിക്കൻ മാത്രം പുഴുങ്ങിയത് തിന്നുന്ന പെണ്ണാ.”

കൃഷ്ണ ഒരു കുഞ്ഞ് ഇടി വെച്ച് കൊടുത്തു

“എന്നാലും അതല്ല അതിന്റെ ശരി. ഞാനും അവളും കൂടി ഒരു ദിവസം വരാം.”

“ആയിക്കോട്ടെ.”

അർജുൻ ചിരിച്ചു

“ഞങ്ങൾ ഇന്ന് പോണില്ല അച്ഛാ..അച്ഛൻ വിഷമം വല്ലോമുണ്ടെങ്കിൽ ഇതെല്ലാം കൊണ്ട് ഉഗ്രൻ ഒരു സദ്യ തന്നോളൂ. അപ്പുവേട്ടന് വലിയ ഇഷ്ടം ആണ് സദ്യ “

കൃഷ്ണ പറഞ്ഞു

“ആണോ മോനെ?”

അയാൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു

“ഉം “

അർജുൻ മൂളി

“എന്റെ ഈശ്വര ലതേ… എടി ലതേ..പിള്ളേർ ഇന്ന് പോണില്ലാന്ന് “

അയാൾ വീട്ടിലേക്ക് ഓടി

“നിനക്ക് വല്ല കാര്യോമുണ്ടോ ഇങ്ങനെ ഒക്കെ സംസാരിച്ചിട്ട് പാവം അച്ഛന് വിഷമം ആയി കാണും. നിനക്ക് ഒരു വകതിരിവ് ഇല്ല കേട്ടോടി “

അവൾ മുഖം വീർപ്പിച്ചു

“നമുക്ക് എന്തിനാ ഇതൊക്കെ.. പാവം അച്ഛന്റെ മനസ്സ് വിഷമിപ്പിച്ചപ്പോ സമാധാനം ആയല്ലോ “

“അയ്യടാ അമ്മായിയപ്പനോട് എന്തൊരു സ്നേഹം? അവർ രണ്ടും കൂടി ഇത് വരെ നമ്മുടെ വീട്ടിൽ വന്നിട്ടുണ്ടോ അതല്ലേ ഞാൻ ഒന്ന് കുത്തിയത്? ഇനിം വന്നോളും “

“എടി ദുഷ്ടേ നിന്റെ സ്വന്തം അച്ഛൻ തന്നെ അല്ലെ അത്?”

“അതേ പക്ഷെ ചിലതൊക്കെ ഇങ്ങനെ പറഞ്ഞു മനസിലാക്കി കൊടുക്കണം ഇല്ലെങ്കിൽ മറന്നു പോകും “

“ശേ..ഈ പെണ്ണ് “

കൃഷ്ണ അവന്റെ കവിളിൽ പിടിച്ചു നുള്ളി

“എന്റെ ചെക്കൻ ഇതൊന്നും കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല പോരെ “

അവൻ ചിരിച്ചു

“ഇന്നെ നമ്മുടെ ഈ വീട്ടിലെ ഫസ്റ്റ് നൈറ്റ്‌ ആണ് “

അർജുൻ ചുറ്റും നോക്കി. പിന്നെ അവളെ വലിച്ചടുപ്പിച്ചു നെഞ്ചിൽ ചേർത്തു

“എനിക്ക് എന്നും ഫസ്റ്റ് നൈറ്റ്‌ന്റെ ഫീൽ ആണെടി.. നീ എന്നും ഫ്രഷാ “

കൃഷ്ണ അവനെ കെട്ടിപ്പുണർന്നു. അവർ വന്നതറിഞ്ഞ മനു ഷോപ്പ് അടച്ചു നേരെത്തെ വന്നു. ഗൗരിയും കുഞ്ഞും ഇടയ്ക്ക് വീട്ടിൽ പോയി നിൽക്കുംവരും വഴി അവൻ അവരെ കൂടി കൂട്ടി. ഇല വെച്ച് സദ്യ വിളമ്പി

കുറഞ്ഞ സമയം കൊണ്ട് തന്നെ വിഭവ സമൃദ്ധമായ ഒരു സദ്യ ഉണ്ടാക്കി അവർ. വളരെ രുചികരമായ ഒരു സദ്യ. അർജുൻ പതിവിൽകൂടുതൽ കഴിച്ചു

മുകളിൽ ആയിരുന്നു അവർക്കുള്ള മുറി. അത് നേരെത്തെ തന്നെ രമേശൻ പറഞ്ഞു വെച്ചിട്ടുണ്ട്. മുകളിൽ ആരും താമസിക്കേണ്ട. അത് എന്നും അടിച്ച് വാരി വൃത്തിയാക്കി ഇടും. അവർക്കുള്ളതാണ് അത്. എന്നെങ്കിലും അവരവിടെ വരും എന്ന് അയാൾ വിശ്വസിച്ചു ആഗ്രഹിച്ചു

അത് പോലെ അവർ വന്നു. ഒരു ദിവസം താമസിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ ആയില്ല. സന്തോഷം തോന്നി. ഒരു പാട് സന്തോഷം

കൃഷ്ണ ജനാലയിൽകൂടി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. അർജുൻ പിന്നിൽ കൂടി ചെന്ന് അവളെ പുണർന്നു

“എന്താ കാര്യമായി നോക്കി നിൽക്കുന്നത്?”

“എന്റെ വീട് “

അർജുൻ അങ്ങോട്ടേക്ക് നോക്കി. അവൾ താമസിച്ചിരുന്ന പഴയ വീട്. ഒരു ഷീറ്റിട്ട കൊച്ചു വീട്. അവൾ നിറഞ്ഞ കണ്ണുകളോടെ അവന്റെ മാറിൽ മുഖം ചേർത്ത് വെച്ചു

“ഒരു പാട് ഓർമ്മകൾ ഉണ്ട് അപ്പുവേട്ടാ. പട്ടിണി കിടന്ന ചെറുപ്പത്തിലേ മഴക്കാലം…വെള്ളം കയറികുതിർന്ന വീട് ഇടിഞ്ഞു പോകും ചിലപ്പോൾ. പിന്നെയും കെട്ടിപ്പോക്കും. പാമ്പും പഴുതാരയും ഇഴഞ്ഞു വരുന്ന രാത്രികൾ..പേടിച്ചു പേടിച്ചു ഉറക്കം ഞെട്ടി ഞാൻ അങ്ങനെ അച്ഛന്റെ മടിയിൽ ഇരിക്കും…ആ വീട് ഒത്തിരി സങ്കടം തന്നിട്ടുണ്ടെങ്കിലും സന്തോഷവും തന്നിട്ടുണ്ട്. എന്റെ അപ്പുവേട്ടനെ ഓർത്തു ഞാൻ ഉറങ്ങാത് കിടന്ന രാത്രികളും ആ വീട്ടിൽ ആണ്. എന്റെ പ്രണയത്തിനും കണ്ണീരിനും സാക്ഷി ആയ വീട് “

അവൻ ആ മുഖം മാറിൽ അടുക്കി പിടിച്ചു

“താമസിക്കാതെ ഇരുന്ന വീട് ചീത്ത ആയി പോവോ.?”

“ഉം “

“അത് നമുക്ക് നന്നാക്കി വെയ്ക്കണേ, ഒരു സ്മാരകം പോലെ. വന്ന വഴികൾഒക്കെയും മറക്കാതിരിക്കാൻ ഇടക്ക് ആ വീട് കാണുന്നത് നല്ലതാ. ഇല്ലെങ്കിൽ ചിലപ്പോൾ മനുഷ്യൻ അല്ലെ അപ്പുവേട്ടാ അഹങ്കാരം വരും. സർവവുംമറന്നു പോകും “

അവൻ അവളെ ചേർത്ത് പിടിച്ചു ജനാലവലിച്ചു അടച്ചു. കിടക്കയിലേക്ക് വീണു

“കൃഷ്ണ?”

“ഉം?”

അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു

“എന്റെയല്ലേ?”

അവൻ അടക്കി ചോദിച്ചു. കൃഷ്ണ ആ മൂക്കിൽ മൂക്കുരസി. ചുണ്ടുകൾ സ്വന്തമാക്കി. പിന്നെ…. പിന്നെ..അവനെ തന്നിലേക്ക് ആവാഹിച്ചു

തുടരും…..