ചൊവ്വാ ദോഷം…
എഴുത്ത്: ദേവാംശി ദേവ
===================
“ശ്യാമ എന്ത് തീരുമാനിച്ചു..ഇങ്ങനെയൊരു ജീവിതം ഇനി കിട്ടില്ല..അത് മറക്കരുത്..നിന്നെ സംബന്ധിച്ച് ഇതൊരു ഭാഗ്യമാണ്.”
അങ്ങനെയൊരു ഭാഗ്യം എനിക്ക് വേണ്ടെന്ന് ഉറക്കെ വിളിച്ച് പറയാൻ തോന്നി. പക്ഷെ അതിന് കഴിഞ്ഞില്ല.
അതിന് മുൻപേ തന്നെ “ചേച്ചിക്ക് പൂർണ സമ്മതം” ന്ന് അനിയത്തിയും
“അതേ മഹേശ്വരി അമ്മേ..അവൾക്ക് എതിർപ്പൊന്നും ഇല്ല” എന്ന് അമ്മയും മറുപടി പറഞ്ഞു.”
അല്ലെങ്കിലും എന്നും എനിക്ക് വേണ്ടി അവരായിരുന്നല്ലോ സംസാരിച്ചിരുന്നത്.
അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിലെ മൂത്ത മകൾ..പത്ത് വയസ്സ് ഉള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്..പിന്നീട് ഞങ്ങളെ നോക്കാൻ അമ്മ ജോലിക്ക് പോയി തുടങ്ങി..ആ സമയത്ത് വീട്ടു കാര്യവും സഹോദരങ്ങളെയും നോക്കേണ്ട ചുമതല എനിക്കായി. അതുകൊണ്ട് തന്നെ പത്താം ക്ലാസോടെ അമ്മ എന്റെ പഠിത്തം നിർത്തി..അനിയനും അനിയത്തിയും സ്കൂളിലും കോളേജിലും പോയി കഴിഞ്ഞാൽ വീട്ടു ജോലിയൊക്കെ തീർത്ത് ബാക്കി സമയം ഞാൻ അടുത്ത വീട്ടിൽ തയ്യൽ പഠിക്കാൻ പോയി
പതിനെട്ട് വയസ്സ് തികഞ്ഞതും അമ്മ എനിക്ക് വിവാഹം ആലോചിച്ചു തുടങ്ങി. ആ സമയത്താണ് ചൊവ്വാ ദോഷം വില്ലനായി വന്നത്.
വരുന്ന ആലോചനകളൊക്കെ മുടങ്ങി..ഒടുവിൽ വന്നതായിരുന്നു അമലേട്ടന്റെ ആലോചന..പുള്ളിക്ക് ചൊവ്വാ ദോഷത്തിലൊന്നും വിശ്വാസം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ആ വിവാഹം നടന്നു.
വിവാഹ സമയത്ത് അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതും ആരോടൊക്കെയോ കടം വാങ്ങിയതും എല്ലാം ചേർത്ത് ഇരുപതിയഞ്ച് പവനും ഒരു ലക്ഷം രൂപയും തന്നു.
വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതും ആ സ്വർണവും പണവും എല്ലാം എടുത്ത് അമലേട്ടൻ വീട് പുതുക്കി പണിതു. സ്വർണവും പണവുമെല്ലാം തീർന്നപ്പോൾ അമലേട്ടന്റെയും വീട്ടു കാരുടെയും സ്വഭാവം മാറി വന്നു. എന്റെ ചൊവ്വാ ദോഷം അവർക്കൊരു പ്രശ്നമായി തുടങ്ങി.
വിവാഹം കഴിഞ്ഞ് ആറാം മാസമാണ് മദ്യപിച്ച് വാഹനം ഓടിച്ച് അമലേട്ടന് ആക്സിഡന്റ് ഉണ്ടാകുന്നത്.
“എനിക്ക് എന്റെ ജീവനാണ് വലുത്” എന്ന് ഒറ്റ വാക്കിൽ പറഞ്ഞ് എന്നെ തിരികെ എന്റെ വീട്ടിൽ കൊണ്ടാക്കി.
കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണവും സ്വർണവും പോയി മോള് തിരികെ വീട്ടിലേക്കും വന്നതോടെ അമ്മയുടെ കണ്ണിലും ഞാൻ ദോഷക്കാരിയായി.
ആരോടും ഒന്നും പറയാതെ എന്റെ ലോകത്തിൽ ഞാൻ ഒതുങ്ങി കൂടി. ആ സമയത്താണ് അനിയത്തിയുടെ വിവാഹം നടക്കുന്നത്. അത്യാവശ്യം സാമ്പത്തികമുള്ള കുടുംബമാണ് വിവേഖിന്റേത്.
അവളെ കണ്ട് ഇഷ്ടപ്പെട്ടാണ് അവനും കുടുംബവും ആലോചനയുമായി വന്നത്.
നല്ല രീതിയിൽ തന്നെ വിവാഹം നടന്നു.
അവൾ ഗർഭിണിയായ സമയത്താണ് തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നത്.
ഡോക്ടർ ബെഡ് റെസ്റ്റ് പറഞ്ഞതോടെ എനിക്ക് അവളുടെ അടുത്തേക്ക് പോകേണ്ടിവന്നു. അവളെ നോക്കാൻ എന്നായിരുന്നു പേരെങ്കിലും ആ വീട്ടിലെ എല്ലാ ജോലികളും ഞാൻ തന്നെയായിരുന്നു ചെയ്തിരുന്നത്..ഒറ്റ വാചകത്തിൽ പറഞ്ഞാൽ ശമ്പളം കൊടുക്കാതൊരു വേലക്കാരി.
അവിടെ വെച്ചാണ് ഞാൻ ആദ്യമായി വിനയേട്ടനെ കാണുന്നത്. വിവേഖിന്റെ ഏട്ടനാണ്..ദൂരെ എവിടെയോ ജോലി ആയിരുന്നതിനാൽ അവരുടെ വിവാഹത്തിന് പോലും വന്നിട്ടില്ല.
ദിവസവും പാതിരാത്രി കുടിച്ച് നാല് കാലിൽ ആണ് കയറി വരുന്നത്..വാതിൽ തുറന്നു കൊടുക്കാൻ അയാൾ വരുന്നതും കാത്തിരിക്കേണ്ട ജോലി കൂടി എനിക്കായ്. പിറ്റേന്ന് ഉച്ചവരെ കിടന്നുറങ്ങിയിട്ട് എഴുന്നേറ്റ് പോകും. ആരുമായും മിണ്ടാറൊന്നും ഇല്ല.
അവളുടെ പ്രസവം കഴിഞ്ഞ് ഞങ്ങളുടെ വീട്ടിലേക്ക് വന്നപ്പോൾ ഞാനും തിരികെ വന്നു..അപ്പോഴാണ് അവളുടെ അമ്മായിയമ്മ ഇങ്ങനെയൊരു ഓഫറുമായി വന്നത്. വിനയേട്ടനു വേണ്ടി എന്നെ വിവാഹമാലോചിച്ച്. രണ്ടുപേരുടെയും ജാതകങ്ങൾ തമ്മിൽ ചേർച്ചയുണ്ടെന്ന്.
അയാളുടെ സ്വഭാവമൊക്കെ അറിഞ്ഞിട്ടും അമ്മയും അനിയത്തിയും പൂർണ മനസോടെ സമ്മതിച്ചു.
ഞാനുണ്ടെങ്കിൽ വീട്ടിൽ ഒരു ജോലിയും അവൾക്ക് ചെയ്യണ്ട..പണ്ടും അവൾ അങ്ങനെ തന്നെയായിരുന്നു..ഇപ്പോഴും അവളുടെ മനസ്സിൽ അത് തന്നെയാണ്.
അമ്മക്ക് പിന്നെ ജീവിതം തകർന്ന് നിൽക്കുന്ന മകൾക്കൊരു ജീവിതം..അത് ആരായാലും എങ്ങനെയുള്ള ആളായാലും പ്രശ്നം ഇല്ല..പെണ്ണ് എല്ലാം സഹിക്കേണ്ടവളാണല്ലോ.
വിനയേട്ടന്റെ അമ്മക്ക് മകന്റെ ജീവിതമാണ് വലുത്. വിവാഹം കഴിച്ചാൽ അയാളുടെ സ്വഭാവമൊക്കെ മാറുമത്രേ..ഒരു പരീക്ഷണം..
ഓർത്തപ്പോൾ തന്നെ ചിരി വന്നു. എതിർത്തൊന്നും പറയാൻ നിന്നില്ല. പറഞ്ഞ് ശീലവും ഇല്ല.
വളരെ ചെറിയ രീതിയിൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടന്നു. വിവാഹ ശേഷവും വിനയേട്ടൻ എന്നോട് സംസാരിക്കാറൊന്നും ഇല്ലായിരുന്നു. തോന്നുമ്പോൾ വരും തോന്നുമ്പോൾ പോകും..അവിടെ ആർക്കും അതൊരു പ്രശ്നം ആയിരുന്നില്ല..അവരുടെ കാര്യങ്ങളെല്ലാം കൃത്യമായി നടന്നു
ഒരു ദിവസം വീട്ടിൽ നിന്നും പോയ വിനയേട്ടൻ മൂന്ന് ദിവസം കഴിഞ്ഞാണ് വന്നത്.
“എനിക്ക് ജോലി കിട്ടി…റെയിൽവെയിലാണ്.”
എല്ലാവരും ഞെട്ടലോടെ വിനയേട്ടനെ നോക്കി.
“അതിനു ഏട്ടൻ ടെസ്റ്റൊക്കെ എഴുതുന്നുണ്ടായിരുന്നോ.” വിവേഖ് ചോദിച്ചു.
“ഉണ്ടായിരുന്നു..അടുത്താഴ്ച്ച ജോയിൻ ചെയ്യണം. കുറച്ചു ദൂരെയാണ്. അവിടെ ചെറിയൊരു വാടക വീടെടുത്തിട്ടുണ്ട്. നാളെ തന്നെ ഞാനും ശ്യാമയും അങ്ങോട്ടേക്ക് മാറും.”
“അതെന്തിനാ ശ്യാമയെ കൊണ്ടുപോകുന്നെ..നിനക്ക് മാത്രം പോയാൽ പോരേ..” അമ്മ ചോദിച്ചു.
“എന്റെ ഭാര്യ എന്റെ കൂടെയല്ലേ നിൽക്കേണ്ടത്. വിനയേട്ടന്റെ മറുപടി കേട്ടപ്പോൾ ആരും പിന്നെയൊന്നും മിണ്ടിയില്ല.
പിറ്റേ ദിവസം തന്നെ ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറി. ഭംഗിയുള്ളൊരു കുഞ്ഞ് വീട്.
അന്ന് രാത്രി വിനയേട്ടൻ ആദ്യമായി എന്നോട് സംസാരിച്ചു.
ഹൃദയം നിറഞ്ഞ് പ്രണയിച്ചവൾ ഗവർമെന്റ് ജോലിക്കാരനെ കിട്ടിയപ്പോൾ തള്ളി പറഞ്ഞിട്ട് പോയി. അതോടെ തകർന്നു പോയതാണ് അദ്ദേഹം.
വിഷമം പിന്നെയൊരു വാശിയായി മാറി. ഒരു ഗവർമെന്റ് ജോലി നേടിയെടുക്കുമെന്ന വാശി..അത് സാധിച്ചു.
അന്നുമുതൽ ഞങ്ങൾ പുതിയൊരു ജീവിതം ആരംഭിച്ചു..കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളുമായി സന്തോഷം നിറഞ്ഞൊരു ജീവിതം. ഞാൻ അതുവരെ കണ്ട ആളെ ആയിരുന്നില്ല പിന്നീട് വിനയേട്ടൻ..മദ്യപാനം പൂർണമായി നിർത്തി.
ഇടക്ക് വീട്ടിലേക്ക് പോകാറുണ്ട്..ഇടക്ക് അവർ ഇങ്ങോട്ടേക്കും വരും.
ഞങ്ങളുടെ ജീവിതത്തിന് ഇരട്ടി മധുരം നൽകി കൊണ്ട് ഒരു കുഞ്ഞ് ഞങ്ങൾക്കിടയിലേക്ക് വരാൻ ഒരുങ്ങി.
സ്ഥിരം ചെക്കപ്പിനായി ഹോസ്പിറ്റൽിൽ പോയപ്പോ യാദിർശ്ചികമായി അവിടെ വെച്ച് അമലേട്ടന്റെ അമ്മയെ കണ്ടു. എന്നെ കണ്ടതും ഓടി വന്ന് സംസാരിച്ചു.
പത്തിൽ പത്ത് പൊരുത്തം നോക്കിയായിരുന്നു അമലെട്ടന്റെ രണ്ടാം വിവാഹം. എന്നാൽ അമലേട്ടനും അമ്മയുമായി യോചിച്ചു പോകാൻ അവൾക്ക് പറ്റിയില്ലത്രേ..ഒരു വർഷം തികയും മുന്നോ ഡിവോഴ്സ് ആയി. ഇപ്പോ ചെറിയൊരു അക്സിഡന്റ് ആയി അമലേട്ടൻ ഇവിടെ അഡ്മിറ്റ് ആണത്രേ..
“കാണണോ” എന്ന് വിനയേട്ടൻ ചോദിച്ചു. കാണാൻ തോന്നിയില്ല..
വിനയേട്ടന്റെ കൈയ്യും പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ഒരു ചൊവ്വാദോഷക്കാരി പെണ്ണായി ജനിച്ചതിൽ എനിക്ക് സന്തോഷം തോന്നി.