ധ്രുവം, അധ്യായം 76 – എഴുത്ത്: അമ്മു സന്തോഷ്

നീരജ പ്രസവിച്ചു. പെൺകുഞ്ഞ് അർജുനെ നീരജയാണ് വിളിച്ചു പറഞ്ഞത്

ആ ദിവസം അവൻ ബാംഗ്ലൂർ ആയിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞു

അർജുൻ ചെല്ലുമ്പോൾ ദീപു ഉണർന്ന് കിടക്കുകയായിരുന്നു. അവൻ അറിഞ്ഞു കാണുമെന്ന് അർജുൻ ഊഹിച്ചു

“എടാ അച്ഛൻ ആയതിന്റെ ചിലവുണ്ട് കേട്ടോ “

ദീപു ഒന്നു പുഞ്ചിരിച്ചു

“ആദ്യം നീ കൃഷ്ണ റാങ്ക് വാങ്ങിച്ചതിന്റെ ചെലവ് താ അത് കഴിഞ്ഞു തരാം ഇത് “

“നീ ഒന്നു ഉഷാറാകു. എന്നിട്ട് തരാം “

“കൃഷ്ണയേ കണ്ടതേയില്ല.”

“അവൾ അച്ഛന്റെ കൂടെ റൗണ്ട്സിനു പോയിട്ടുണ്ടാകും “

“അത് ശരി ട്രെയിനിങ് ആണോ?”

“പഠിക്കുന്ന കാലം തൊട്ട് അച്ഛന്റെ ഒപ്പം ആണ്. വലിയ ഇഷ്ടം ആണ് ആൾക്ക് ഇതൊക്കെ “

“നിന്റെ ഭാഗ്യം ആണ് അർജുൻ “

അർജുൻ ചിരിച്ചു

“നിനക്ക് നിന്റെ കുഞ്ഞിനെ കാണാൻ തോന്നുന്നോ”

അവൻ മിണ്ടിയില്ല

“ഞാൻ വിളിക്കാം നീരജയെ “

ദീപു ഒന്നും മിണ്ടാതെ കിടന്നു. അർജുൻ വിളിച്ചു. നീരജ കുഞ്ഞിനേയും കൊണ്ട് വീഡിയോയിൽ വന്നു. ദീപു ആർത്തിയോടെ തന്റെ കുഞ്ഞിനെ നോക്കി

തന്റെ മോള്…

അവന്റെ നെഞ്ചിൽ വാത്സല്യത്തിന്റെ ഒരണ പൊട്ടിയൊഴുകി. ഇളം നീല കുഞ്ഞ് ടർക്കിക്കുള്ളിൽ കണ്ണടച്ച് മയക്കത്തിലാണ്. കുഞ്ഞ് മുഖം. കുഞ്ഞ് കണ്ണുകൾ

ദീപു കണ്ണ് തുടച്ചു. നീരജയെ നോക്കി

“രണ്ടു പേരും രണ്ടിടത്തു ആശുപത്രിയിൽ. എന്താ മനഃപൊരുത്തം ” അർജുൻ കളിയാക്കി

ദീപു അവളെ തന്നെ നോക്കിയിരിക്കുന്നത് കണ്ട് അർജുൻ ഒന്നു തോണ്ടി

“വേണേൽ സ്വന്തം ഫോണിൽ നിന്നു വിളിക്കെടാ “

അവൻ കാൾ കട്ട്‌ ചെയ്തു

“ശേ എന്തോന്നെടെ. കുറച്ചു നേരം കൂടെ കണ്ടു പോകത്തില്ലായിരുന്നോ. ഇങ്ങനെ വകതിരിവ് ഇല്ലാത്ത ഒരുത്തൻ”

“നിന്റെ കയ്യിൽ ഫോൺ ഇല്ലെ, വേണേൽ വിളിച്ചു കാണെടാ..”

അവൻ ചിരിച്ചു കൊണ്ട് വാതിൽ കടന്ന് പോയി

ദീപുവിന് അവളെ വിളിക്കാൻ ഒരു മടി തോന്നി. എങ്ങനെ എല്ലാം വേദനിപ്പിച്ചു. എങ്ങനെ എല്ലാം അവഗണിച്ചു. ഇനി കൂടെയില്ല. നിയമമനുസരിച്ചു ഇപ്പൊ ആരുമല്ല. എന്റെ കുഞ്ഞ്. എന്റെ…അവൻ മുഖം പൊത്തി വിങ്ങിക്കരഞ്ഞു

ചെയ്തു പോയ പാപങ്ങൾ എല്ലാം വേട്ടയാടുകയാണ്. ചുഴറ്റി എറിയുകയാണ്. തന്റെ മോള് വലുതാകും. അവൾ വിവാഹം കഴിക്കും. തന്നെ പോലെ ഒരുവൻ ആണെങ്കിൽ തന്നെ പോലെ മറ്റു പെണ്ണുങ്ങളെ തേടി നടക്കുന്ന ഒരുത്തൻ. അവൾ അനുഭവിക്കുന്ന വേദന…

അവന് ഒരു പുകച്ചിൽ തോന്നി. താൻ ചെയ്ത് പോയ എല്ലാ തെറ്റിന്റെയും ശിക്ഷ തന്റെ മകൾ അനുഭവിക്കേണ്ടി വരുമൊന്നു അവന് ഒരു ഭീതി തോന്നി. ദൈവം അവളിലൂടെ തന്നെ ശിക്ഷിക്കുമോ? അവനങ്ങനെ വിറങ്ങലിച്ചു കിടന്നു

ഷെല്ലിയും നിവിനും വാതിൽ കടന്നു വന്നപ്പോൾ അവൻ ചിരിക്കാൻ ശ്രമിച്ചു

“അഭിനന്ദനങ്ങൾ ചക്കരെ..ഒരപ്പൻ ആണ് നമ്മുടെ മുന്നിൽ അല്ലേട നിവിൻ?”

ഷെല്ലി സ്നേഹത്തോടെ അവനെ ചേർത്ത് പിടിച്ചു

“എടാ ഇനി നീ പോയി അവരെ ഇങ് കൂട്ടിക്കൊണ്ട് പോരെ..അതാണ് നല്ലത്.നിനക്കും ഒരു കൂട്ടായി “

നിവിൻ പറഞ്ഞു. ദീപു മെല്ലെ ചിരിച്ചു

റൗണ്ട്സിനു ഡോക്ടർമാർ വന്നപ്പോൾ അവർ പുറത്ത് ഇറങ്ങി

“എങ്ങനെ ഉണ്ട് ദീപു?”

ഡോക്ടർ ജയറാം, ഡോക്ടർ ദുർഗ, ഡോക്ടർ സജ്‌ന…എല്ലാവരുമുണ്ടായിരുന്നു കൂടെ കൃഷ്ണയും

ദീപു vip ആയിരുന്നു. അർജുന്റെ ബെസ്റ്റ് ഫ്രണ്ട്. അത് കൊണ്ട് തന്നെ അവന് നല്ല കെയർ കിട്ടുന്നുണ്ടായിരുന്നു. കൃഷ്ണ അവന്റെ പൾസ് ഹെർട്ട് ബീറ്റ് ഒക്കെ നോക്കി കേസ്‌ ഷീറ്റിൽ എഴുതി

“നോർമൽ ആണ് “

അവൾ ജയറാമിനോട് പറഞ്ഞു

ദീപു അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

അവൾ പുഞ്ചിരിക്കുകയോ സൗഹൃദഭാവം കാണിക്കുകയോ ചെയ്യുന്നില്ല. പ്രൊഫഷണൽ ആയിട്ടാണ് പെരുമാറുന്നത്. അർജുൻ അവളോട് തന്നെ കുറിച്ച് പറഞ്ഞു കൊടുത്തിട്ടുണ്ടാകുമെന്ന് അവന് തോന്നി

അവർ പോയപ്പോൾ ഷെല്ലിയും നിവിനും അകത്തേക്ക് വന്നു

“കൃഷ്ണ നിന്നോട് സംസാരിക്കുമോ?” നിവിൻ ചോദിച്ചു

“ഇല്ല “

“ഞങ്ങളെയും കണ്ട ഭാവം കാണിക്കില്ല. എന്തൊരു ജാടയാടാ “

ദീപു മിണ്ടിയില്ല

കുറച്ചു നേരം കൂടെ ഇരുന്നിട്ട് അവർ പോയി

എന്ത് കൊണ്ടാണ് കൃഷ്ണ പരിചിത ഭാവം പോലും കാണിക്കാതെ അകന്ന് നിൽക്കുന്നതെന്ന് അവന് മനസിലായി. അർജുൻ തങ്ങളെ കുറിച്ചുള്ള സകലതും പറഞ്ഞിട്ടുണ്ട്. അർജുൻ പൊതുവെ ആരെയും കൃഷ്ണയോട് അടുപ്പിക്കില്ല എന്ന് മറ്റാരേക്കാളും അവന് അറിയാം. പിറ്റേന്ന് അർജുൻ വന്നപ്പോ പക്ഷെ ദീപു അത് ചോദിച്ചു

“നീ എന്തെങ്കിലും ആ കൊച്ചിനോട് പറഞ്ഞു കൊടുത്തിട്ടുണ്ടോ അർജുൻ. അത് വന്നിട്ട് എന്നെ നോക്കി ചിരിച്ചു കൂടില്ല “

“അവളു പൊതുവെ reserved ആണല്ലോ. എനിക്ക് കൃഷ്ണ reserved ആവുന്നതാണ് ഇഷ്ടം. ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ ഫ്രണ്ട് ഞാൻ മാത്രം ആണ്. അവളെ expect ചെയ്യരുത്,

“അതെന്തൊരു വർത്താനം ആണെടാ. നീ നീരജയോട് സംസാരിക്കാറുണ്ടല്ലോ ഞാൻ ഒന്നും പറയാറില്ലല്ലോ “

അർജുൻ പുഞ്ചിരിച്ചു

“ഞാൻ നീയല്ല ദീപു..ഞാൻ പൊസ്സസ്സീവ് ആണ് കൃഷ്ണയുടെ കാര്യത്തിൽ. പൊസ്സസ്സീവ് എന്ന് വെച്ചാ ഒരന്തവും ഇല്ലാത്ത പൊസ്സസ്സീവ്നെസ്സ്..അത് തെറ്റാണെന്നൊക്കെ എനിക്ക് അറിയാം. പക്ഷെ മാറില്ല. എന്റെ കൊച്ചെന്റെ ജീവനാ. വേറെ ഒരാളുടെ ദൃഷ്ടി മോശമായി പതിയുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റില്ല “

“എടാ പണ്ട് അങ്ങനെ ഒക്കെ പറഞ്ഞു ന്നു വെച്ച് ഇപ്പൊ ആറ്റിട്യൂട് മൊത്തം മാറിയില്ലേ. നിന്റെ ഭാര്യ അല്ലെ?ദീപുവിനെ നീ അങ്ങനെ ആണോ കരുതിയെക്കുന്നത് “

“നീ എന്താ എന്ന് ഞാൻ അറിഞ്ഞ പോരെ?”

ദീപു പിന്നെ അത് സംസാരിക്കാൻ ശ്രമിച്ചില്ല. പറഞ്ഞിട്ടും കാര്യമൊന്നുമില്ല അതാണ് അർജുൻ

കൃഷ്ണ ഉച്ചക്ക് അർജുന്റെ മുറിയിൽ വന്നു

“അതേയ് ഹൗസർജൻസി തുടങ്ങുന്നു. അടുത്തതിന്റെ അടുത്ത വ്യാഴാഴ്ച മുതൽ. ദേ മെസ്സേജ് വന്നു “

അർജുന്റെ മുഖം ഒന്നു വാടി. കൃഷ്ണ അവനെ കെട്ടിപ്പുണർന്നു

“ശോ എന്ത് പെട്ടെന്ന അപ്പുവേട്ടാ ദിവസങ്ങൾ പോയത്. എനിക്ക് പോകാൻ തോന്നുന്നില്ല.. എനിക്ക് വയ്യ “

അവളുടെ ശബ്ദം ഒന്നിടറി. അർജുനും സങ്കടം വരുന്നുണ്ടായിരുന്നു

“ഇനി രണ്ടാഴ്ച കൂടെ ഉള്ളു. അപ്പുവേട്ടാ എങ്ങും പോകണ്ട ഈ രണ്ടാഴ്ച എന്റെ ഒപ്പം ഇരിക്കെ “

“ഉം “

അവൻ ആ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു. ഇത് വരെ പിരിഞ്ഞു നിന്ന പോലല്ല. അവന് അതറിയാം. ഒരു വർഷം കുറച്ചു കടുപ്പമാണ്. എന്നാലും സഹിക്കാം. അവൾ തന്റേതായി. തന്റെ ഭാര്യ. അത് കൊണ്ട് ആ ടെൻഷൻ ഇല്ല

കൃഷ്ണയ്ക്കൊപ്പം ഉണരുന്ന പ്രഭാതങ്ങൾ അവൾക്കൊപ്പമുള്ള ഉച്ചകൾ..അവളെ പുൽകിയുള്ള രാത്രികൾ..എന്ത് രസമായിരുന്നു

അവൻ അവളെ ഒന്നു കൂടെ തന്നോട് ചേർത്ത് പിടിച്ചു

രമേശന്റെയും ലതയുടെയും പുതിയ  വീട്ടിലേക്ക് ഉള്ള കേറി താമസം നല്ല ഒരു ദിവസം നോക്കി ചെയ്തു. അർജുന്റെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ  പണി പൂർത്തിയാക്കാതെ ആ ഭൂമിയിൽ കിടന്ന രണ്ടു വീടുകളിൽ എല്ലാ പണിയും ചെയ്തു തീർത്തു വീട് പെയിന്റ് ചെയ്തു. ബാക്കിയുള്ള സ്ഥലം കൃഷി ചെയ്യുന്നതിനായി കെട്ടിതിരിച്ചു

രണ്ടു വീടുകളിൽ ഒന്നിൽ ഇവർക്ക് താമസിക്കാനും മറ്റേത് വാടകക്ക് കൊടുക്കാനും തീരുമാനം ആയി. അത് വഴി മാസം തോറും കൃത്യമായി ഒരു വരുമാനം കിട്ടുമെന്ന് അർജുൻ പറഞ്ഞത് രമേശൻ അനുസരിച്ചു

ഇതിനിടയിൽ ലോട്ടറിയുടെ പണം കൊണ്ട് മനു അച്ഛനും തനിക്കുമായി ടൗണിൽ ഒരു സ്ഥാപനം കെട്ടിടം വാങ്ങിയിരുന്നു

ഒന്നിൽ പതിവ് പോലെ അവന്റെ ലോട്ടറി കട. മറ്റേത് പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉള്ള ഒരു സൂപ്പർ മാർക്കറ്റ്. അച്ഛനും അമ്മയും കൂടെ അത് നോക്കി നടത്താൻ അവൻ പറഞ്ഞു

ഈ കാലമത്രയും ശരീരം മറന്ന് ജീവിക്കാൻ അധ്വാനിച്ചവർ. സ്വന്തം മക്കൾക്ക് വേണ്ടി ഓരോ അടുക്കളയിലും കരിയിലും ചെളിയിലും വിയർത്തവർ. മക്കൾ നന്നാകുമ്പോൾ ആദ്യം ചെയ്യേണ്ടത് അച്ഛന്റെയും അമ്മയുടെയും ആ അവസ്ഥ മാറ്റി കൊടുക്കലാണ് ഇനിയുള്ള കാലം. അവർക്ക് സ്വസ്ഥത വേണം ശരീരം ഒരായുസ്സിന്റെ അധ്വാനം ചെയ്തു കഴിഞ്ഞു അതിന് ഒരു വിശ്രമം. രമേശൻ അക്കാര്യത്തിൽ ഭാഗ്യവനാണെന്ന് നാട്ടുകാർ അടക്കം പറഞ്ഞു

മകളും മകനും ഒരെ പോലെ മാതാപിതാക്കൾക്ക് ഉതകുന്നത് അത്ര സാധാരണമല്ല. ഇവിടെ മനുവും കൃഷ്ണയും അവരെ അത്രത്തോളം സ്നേഹിക്കുന്നത് നാട്ടുകാർ അവരുടെ മക്കൾക്ക് കാട്ടിക്കൊടുക്കാറുണ്ട്. ആ കുടുംബം തന്നെ ഒരു മാതൃക ആയി

നല്ല വലിയ വീടായിരുന്നു അത്. മുകളിൽ മൂന്ന് മുറികൾ. താഴെ മൂന്ന് ബെഡ്‌റൂം അടുക്കള ഡൈനിങ് ഹാൾ, സ്വീകരണമുറി, പിന്നെ ഒരു സിറ്റ് ഔട്ട്‌.

പഴയതൊന്നും എടുക്കരുത് എന്ന് കൃഷ്ണ പറഞ്ഞു. പുതിയ വീട്ടിലേക്ക് എല്ലാം പുതിയ സാധനങ്ങൾ. അവൾ നേരിട്ട് തന്നെ വന്ന് നിന്നു അറേഞ്ച് ചെയ്തു വെച്ചു

മനുവിനോട് അവിടെ വന്നു താമസിക്കാൻ അർജുൻ പറഞ്ഞപ്പോൾ മനു അത് അനുസരിച്ചു

അടുത്ത ഗൗരിയുടെ വീട്. ഓടി പോകാവുന്ന ദൂരം. അത് കൊണ്ട് അതും ഒരു പ്രശ്നം അല്ല. പണ്ടത്തെ മനു ആണെങ്കിൽ അവിടേ വന്ന് താമസിക്കുകയില്ല. പക്ഷെ ഇപ്പൊ അർജുനോട് അവനു സ്നേഹം ഉണ്ട്

അവന്റെ ജീവിതം അർജുന്റെ അച്ഛന്റെ കാരുണ്യമാണെങ്കിൽ അവന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ജീവിതം അർജുന്റെ കരുതലാണ് അവന്റെ സ്നേഹം ആണ്. അത് കൊണ്ട് തന്നെ അവൻ എന്ത് പറഞ്ഞാലും മനു അനുസരിക്കും

അങ്ങനെ പാലുകാച്ചുന്ന ചടങ്ങ് ഗംഭീരമായി നടന്നു. അന്ന് തന്നെ ആയിരുന്നു ജയറാമും അർജുനും കൃഷ്ണയും ഒക്കെ നേരെത്തെ എത്തിച്ചേർന്നു. ദൃശ്യയും കുടുംബവും സമയത്ത് എത്തി

നാട്ടുകാരെ മുഴുവൻ വിളിച്ചിരുന്നു

അവർക്കൊക്കെ അന്നത്തെ ദിവസം മൂന്ന് നേരവും ഭക്ഷണം അവിടെ നിന്ന് കഴിക്കാൻ ഉള്ള സൗകര്യം ചെയ്തിരുന്നു. രമേശൻ നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ്. അയാൾക്ക് വന്ന സൗഭാഗ്യത്തിലും സന്തോഷത്തിലും ആർക്കും ഒരസൂയയൊന്നും തോന്നിയില്ല. അയാൾ അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ട്

ആൾക്കാർ വന്നും പോയിരുന്നു

ഇടക്ക് ലത കണ്ടു. ഏലിയാമ്മ

പരിഭ്രമം ഉണ്ട്. ലത ഓടി ചെന്നു

“വന്നേ എന്താ അവിടെ നിന്നു കളഞ്ഞത്?”

സ്നേഹത്തോടെ ഉള്ള ആ ചോദ്യം അവരുടെ കണ്ണ് നിറച്ചു

“വാ വീടൊക്കെ കാണിച്ചു തരാം.”

ലത അവരെ ഓരോ മുറികളും കൊണ്ട് നടന്നു കാണിച്ചു

“സത്യം പറഞ്ഞ ഇതൊക്കെ കൃഷ്ണമോളുടെയും അർജുൻ മോന്റേതും ആണ്. അവർ തന്ന ഒരു സമ്മാനം. ഞങ്ങൾക്ക് എവിടെ നിന്ന ഇതിനൊക്കെ ഉള്ള പ്രാപ്തി. കുറേ നാള് വെള്ളത്തിലും ചെളിയിലും കിടന്നപ്പോൾ ദൈവം കരുതി കാണും ഇനി കുറച്ചു നാള് മണിമാളികയിൽ കിടന്നോട്ടെ പാവമല്ലേ എന്ന്.”

അവർ പറഞ്ഞു കൊണ്ടിരുന്നു

“ഇപ്പൊ നടുവേദനയും അസുഖവുമൊക്കെ കുറവുണ്ടോ? ലത ചോദിച്ചു

“അതൊക്കെ വന്നും പോയും ഇരിക്കുവാ സാരമില്ല “

രമേശൻ അത് കാണുന്നുണ്ടായിരുന്നു. അയാളല്ല അവരെ ക്ഷണിച്ചത്. കൃഷ്ണയും അർജുനും കൂടിയാണ്. കൃഷ്ണ ക്ഷണിച്ച ഒരേയൊരാളും ആ നാട്ടിൽ അവരായിരുന്നു

“ചേട്ടത്തി.”

കൃഷ്ണ മുന്നിൽ

“മോള് വന്ന് പറഞ്ഞാരുന്നു വീട് പാല് കാച്ചുവാ ചേട്ടത്തി വരണം എന്ന്. അല്ലാതെ വേറെയാരും അല്ല കേട്ടോ വിളിച്ചത് “

ഏലിയാമ്മ വല്ലായ്മയോടെ പറഞ്ഞു. ലത പുഞ്ചിരിച്ചു

“രമേശൻ ചേട്ടൻ വിളിക്കേണ്ടതാണ്. പേടിച്ചിട്ടാകും ഞാൻ വല്ലോം പറയുമെന്നോർത്ത് ഞാൻ ഈ നിമിഷം വരെ ഒന്നുമേ പറഞ്ഞിട്ടില്ല കേട്ടോ. എനിക്ക് അറിഞ്ഞൂടെ എല്ലാം. ഇന്ന് കാണുന്നവരെ നമ്മൾ നാളെ കാണുന്നില്ല പിന്നേ എന്ത് വാശിയും പിണക്കവും അസൂയയും. സ്നേഹം മാത്രം മതി. അതേ നിലനിൽക്കുകയുള്ളൂ. ഇടയ്ക്ക് വരണം. സ്വന്തം വീട് പോലെ കണ്ടാൽ മതി. അസുഖം വല്ലോം വരുവാണെങ്കിൽ കൃഷ്ണമോളെ വിളിച്ച മതി അവളു വന്നു നോക്കിക്കൊള്ളും. ഇല്ലിയൊടി?”

കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷെ അവളത് മറച്ച് അവരെ ചേർത്ത് പിടിച്ചു. “പിന്നല്ലാതെ…ഞാനില്ലേ “

ഏലിയാമ്മ കണ്ണുകൾ തൂത്തു. ആ സാധു സ്ത്രീയുടെ കണ്ണും മനസ്സും നിറഞ്ഞിരുന്നു. ജീവിതം ഇപ്പൊ തനിക്ക് ഒരു അനിയത്തിയെയും മകളെയും തന്നിരിക്കുന്നു. ഇതിൽ കൂടുതൽ എന്ത് വേണം. അവർ പുറം കൈ കൊണ്ട് വീണ്ടും കണ്ണുകൾ തൂത്തു

പിന്നെ ഭക്ഷണം കഴിക്കാൻ ഇരുന്നു. അർജുൻ അച്ചന്റെ അരികിൽ നിൽക്കുകയായിരുന്നു

“ഇന്ന് രാത്രി ആണ് പാർട്ടി. നാളെ കൃഷ്ണ ജോയിൻ ചെയ്യണം. ജോയിൻ ചെയ്താലും ഉടനെ തിരക്കുകൾ വരുമോ അച്ഛാ? അതിന് കുറച്ചു സമയം എടുക്കില്ലേ?”

“ഒരു മൂന്നാല് ദിവസം. അത് കഴിഞ്ഞു ഡിപ്പാർട്മെന്റ് തിരിച്ചു കൊടുക്കും. അങ്ങനെ ആയിരുന്നു പണ്ട് ഇപ്പൊ അറിയില്ല പുതിയ രീതി “

“അത് കഴിഞ്ഞു ഹോസ്റ്റലിൽ നിന്നോട്ടെ
പിന്നെ ഒരു യാത്ര ഇങ്ങോട്ട് രാവിലെ പിന്നേം അങ്ങോട്ട്. വേണ്ട. പാവം ലീവ് കിട്ടുമ്പോൾ ഞാൻ പോയി വിളിച്ചു കൊണ്ട് വരാം “

“എന്നാ അത് മതി. ചിലപ്പോൾ നമ്മൾ നല്ലത് പോലെ tired ആകും അപ്പൊ കിടന്ന മതിഎന്ന് തോന്നിപ്പോകും. ഹോസ്റ്റൽ ആണ് നല്ലത്.”

“ദൃശ്യ എന്ത് തീരുമാനിച്ചു?” അവൻ ദൃശ്യയോട് ചോദിച്ചു

“ഞാൻ അവൾ എവിടെ നിൽക്കുന്നോ അവിടെ.”

അവൻ ചിരിച്ചു പോയി

“നീ കൂടെയുള്ളത് ഒരു സമാധാനം ആണെടി താങ്ക്യൂ “

“അയ്യടാ അവളു മിടുക്കിയാ. എനിക്ക് അവളുള്ളതാ സമാധാനം. അർജുൻ ചേട്ടൻ അവളുടെ ശരിക്കുള്ള മുഖം കാണാത്തതു കൊണ്ടാ..ഈ തൊട്ടാവാടി കൃഷ്ണ ഒന്നുമല്ല. മിടുക്കിയ. അർജുൻ ചേട്ടന്റെ മുന്നിലാ ഇങ്ങനെ കിണുങ്ങുന്നേ അവള് “

അർജുൻ ചിരിച്ചു. അവന് അത് അറിയാം

തന്റെ മുന്നിൽ ഒന്നിനും ആവാത്ത പോലെ ദുർബലയാണ്. ഒന്നു ഉറക്കെ വഴക്ക് പറഞ്ഞ മതി ചുണ്ട് കൂട്ടിപ്പിടിച്ച് ഒരു നോട്ടം നോക്കും. പിണങ്ങിക്കഴിഞ്ഞു. പിന്നെ ഇണങ്ങാൻ കാല് പിടിക്കണം. കെഞ്ചണം. അവന് ചിരി വന്നു

ഇടയ്ക്ക് കൃഷ്ണ ഒന്നു തിരിഞ്ഞു നോക്കി

“എന്താ എന്ന് ആംഗ്യം കാണിച്ചു

അവൻ ഇങ് വാ എന്ന് കണ്ണ് കാണിച്ചു. അവൾ ഓടി വരുന്നത് നോക്കി നിൽക്കെ വാരിപ്പുണരാനനുള്ള ഒരു തോന്നലിനെ അവൻ പാടുപെട്ടടക്കി

“കഴിക്കണ്ടേ അങ്കിളേ വായോ..എടി ദൃശ്യേ വാ,

“എന്നെ വിളിക്കുന്നില്ല നോക്ക് അച്ഛാ ദുഷ്ടത്തി “

“ആ വേണേൽ വാ “

അവൾ ചുണ്ട് കോട്ടി. എല്ലാവരും പൊട്ടിച്ചിരിച്ചു

അർജുൻ അവളെ തന്നോട് ചേർത്ത് പിടിച്ചു

“കൊള്ളാല്ലോടി നീ?”

അവൾ അവന്റെ വയറ്റിൽ ഒരു കുത്തു വെച്ചു കൊടുത്തു

ഇഡലിയും സാമ്പാറും വടയും പായസവും ചായയും

“ഉഗ്രൻ ഫുഡ് ആണല്ലോ “

“നമ്മുടെ മാത്യുവിന്റെ ഏർപ്പാട് ആണ്. കാറ്ററിംഗ് “

“അത് കൊള്ളാം. പക്ഷെ കക്ഷി ക്യാന്റീനിൽ പാവം അനിയേട്ടന് കഴിക്കുന്നതിന്റെ കാശ് കൊടുക്കില്ല
മൂന്ന് നേരവും വന്ന് കഴിച്ചു പോകും. ചോദിച്ച ഭീഷണി. കോൺടാക്ട് കട്ട്‌ ചെയ്യുമത്രേ. പിന്നെയും കുറച്ചു സ്റ്റാഫ്‌ ഉണ്ട് അങ്ങനെ ഞാൻ പേര് എഴുതി വാങ്ങിയിട്ടുണ്ട്. അത് കഷ്ടം ആണ് ട്ടോ”

“അത് ശരിയല്ലല്ലോ അർജുൻ. അങ്ങനെ ഒക്കെ നടക്കുന്നുണ്ടോ നമ്മുടെ ഹോസ്പിറ്റലിൽ. ഇത് പോലെ വേറെ എന്തൊക്കെ നടക്കുന്നുണ്ടാവും. മാത്യു ഒന്നു ഒബ്സെർവ്  ചെയ്യപ്പെടേണ്ട ആളാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് “

ജയറാം പറഞ്ഞു

അർജുൻ ഒന്നു മൂളി

തുടരും….

Leave a Reply

Your email address will not be published. Required fields are marked *