ധ്രുവം, അധ്യായം 87 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ വരുമ്പോൾ കുളിച്ചു സുന്ദരിക്കുട്ടിയായിട്ട് നിൽക്കുന്നുണ്ട് കൃഷ്ണ

“ഞാൻ ഒന്നു ഫ്രഷ് ആയിട്ട് വരാം “

അവൾ തലയാട്ടി എന്നിട്ട് പിന്നാലെ ചെന്നു..എന്തോ കാര്യമുണ്ട്

“എന്താ പറഞ്ഞോ “

അവൾ ചിരിച്ചു

“അപ്പുവേട്ടൻ കുളിച്ചിട്ട് വാ പറയാം “

“എന്താടി?”

“വാ “

അവൻ ഒരു നേർത്ത ചിരിയോടെ കുളിക്കാൻ പോയി

“പൂജ മുറിയിലോട്ട് വരണേ. ഷർട്ട്‌ ഇടേണ്ട ട്ടോ “

ഉറക്കെ വിളിച്ചു പറഞ്ഞു കൃഷ്ണ

“ഇതെന്താ പുതിയ സംഭവം?”

“വേഗം വായോ “

“ദാ വന്നു “

അവൻ വേഗം കുളിച്ചു..എന്തായിരിക്കും. അവന് കൗതുകം തോന്നി..പൂജാമുറിയിൽ വിളക്ക് വെച്ചിരുന്നു. കൃഷ്ണ കുറച്ചു ഭസ്മം എടുത്തു അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു..പിന്നെ നെഞ്ചിൽ. പിന്നെ കയ്യിൽ ഇരുന്ന കുട്ടി ബോക്സ്‌ തുറന്നു

ഒരു ചെറിയ സ്വർണമാല

“ഇതെവിടെ നിന്ന്?”

അവൾ അവന്റെ വാ പൊത്തി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു..മാലയുടെ അറ്റത്തു ഒരു ഏലസ്സ് (രക്ഷ). തോളിൽ പിടിച്ചു കുനിയാൻ ആംഗ്യം കാണിച്ചു അവൾ. അവൻ തെല്ല് കുനിഞ്ഞു കൊടുത്തു. കൃഷ്ണ അത് കഴുത്തിലിട്ട് കൊളുത്തു അടുപ്പിച്ചു

എന്നിട്ട് മന്ദഹസിച്ചു

“എന്തിനാ..ഇത്.. മോളെ.. നീ..”

അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവളാ കണ്ണുകൾ തുടച്ചു

“രണ്ടു മാസത്തെ സ്റ്റൈഫന്റ് ഒന്നിച്ചു വെച്ചപ്പോൾ ഒരു പവന്റെ കാശ് കിട്ടി. കുഞ്ഞ് മാലയാ ട്ടോ. അന്ന് ഒരാൾ കൊ- ല്ലാൻ തോക്ക് ഒക്കെ കൊണ്ട് വന്നില്ലേ അന്ന് വിചാരിച്ചത് ആണ് ഒരു രക്ഷ എഴുതി കെട്ടണം ന്ന്..പൈസ കിട്ടാനാ നോക്കിയിരുന്നേ. നന്നായിട്ടില്ലേ അപ്പുവേട്ടാ?”

അർജുൻ അവളെ വാരിയണച്ചു നിറയെ ഉമ്മ കൊടുത്തു. കൃഷ്ണയ്ക്ക് ശ്വാസം മുട്ടി

“എന്റെ…എന്റെ..”

അവന്റെ ശബ്ദം ഇടറിപ്പോയി..

“എനിക്ക് ശ്വാസം മുട്ടുന്നെ “

അവൾ മെല്ലെ പറഞ്ഞു. അവൻ കൈ അയച്ചു

“മോളെന്തിനാ നിന്റെ കാശ് എടുത്തു വാങ്ങിച്ചേ..”

“എന്റെ കാശ് എടുത്തല്ലേ എന്റെ ഭർത്താവിന് ഞാൻ വാങ്ങണ്ടത്? പിന്നെ അപ്പുവേട്ടന്റെ കാശ് കൊണ്ട് അപ്പുവേട്ടന് തന്നെ വാങ്ങി തരണോ?”

അവന്റെ കണ്ണ് വീണ്ടും നിറഞ്ഞു. കൃഷ്ണ സെറ്റിയിൽ ഇരുന്നു. അർജുനെ മടിയിൽ ചായ്ച്ചു കിടത്തി

“എനിക്ക് ജോലി കിട്ടുമ്പോൾ അപ്പുവേട്ടന് കുറച്ചു കൂടി നീളം ഉള്ള ഒരെണ്ണം വാങ്ങി തരാം ട്ടോ..അയ്യോ അപ്പുവേട്ടൻ തന്നെ അല്ലെ ജോലി തരണേ.. ശേ ആ ത്രിൽ പോയി..ഞാൻ ഗവണ്മെന്റ് സർവീസിൽ കേറട്ടെ?”

അവൻ വെറുതെ അവള് പറയുന്ന കേട്ട് കിടന്നു. ആ കണ്ണിൽ വിരിയുന്ന ഭാവങ്ങൾ, ചുണ്ടുകളുടെ ചലനം

“ഞാൻ പറയുന്ന വല്ലോം കേൾക്കുന്നുണ്ടോ?”

അവൻ ആ മുഖം പിടിച്ചു താഴ്ത്തി അമർത്തി ചുംബിച്ചു

“താങ്ക്സ് ” അവൻ മെല്ലെ പറഞ്ഞു

കൃഷ്ണ ചിരിച്ചു

“ഇത് എന്നും ഇവിടെ കാണണം. എന്റെ അപ്പുവേട്ടന് ഒന്നും വരില്ല. നൽപ്പത്തിയൊന്നു ദിവസം പൂജ ചെയ്തു വെച്ചിട്ട് തന്ന ഏലസ്സാണ്. എനിക്ക് പേടിയാ അപ്പുവേട്ടന്റെ ചില സ്വഭാവം കാണുമ്പോൾ. ഇത് കിടന്നോട്ടെ’

“കിടന്നോട്ടെ എന്റെ പെണ്ണ് എനിക്ക് ആദ്യമായി വാങ്ങി തന്നതല്ലേ, കിടന്നോട്ടെ “

“ഞാൻ ഷർട്ട്‌ മേടിച്ചു തന്നിട്ടുണ്ട് “

“ഉണ്ട് ഉണ്ടേ..”

അവൻ ചിരിച്ചു

“അപ്പു വേട്ടന് നല്ല ഭംഗി ഉണ്ട് ഇത്.”

അവൾ ആ നെഞ്ചിൽ വെറുതെ തലോടി കൊണ്ടിരുന്നു

“അച്ഛൻ എവിടെ?”

“അപ്പുറത്തോട്ട് പോയി. ഗോവിന്ദ് ചേട്ടൻ തിരിച്ചു പോയി. യാത്ര ആക്കാൻ അങ്കിളും കൂടെ പോയി “

അവൻ ഒന്നു മൂളി

“അപ്പൊ ചുരുക്കത്തിൽ നമ്മുടെ ലോകമാണ് “

“അതേയ് കുഞ്ഞേ രാത്രി ചപ്പാത്തി വേണോ സാലഡ് മാത്രം മതിയോ?

അനിയേട്ടൻ മുന്നിൽ. കൃഷ്ണ വാ പൊത്തി ചിരിയോട് ചിരി

“ചപ്പാത്തി, ചിക്കൻ, സാലഡ് ” അവൻ പറഞ്ഞു. അയാൾക്ക് സന്തോഷം ആയി

സാധാരണ എന്തെങ്കിലും മതി എന്നാണ് അർജുൻ പറയാറ്. ഇത് കൃത്യമായി ഒരു വിഭവം പറഞ്ഞല്ലോ. അയാൾ സന്തോഷത്തോടെ പോയി

“അത്രയും നേരം വരില്ല. അയിനാണ് “

അവൻ കണ്ണിറുക്കി. കൃഷ്ണ അവനെ ലാളിച്ചു കൊണ്ടിരുന്നു. അർജുൻ അതിൽ മയങ്ങി. അവൾടേ കൊഞ്ചലുകളിൽ പ്രണയപർവങ്ങളിൽ ഭാരമില്ലാതെ ഒരു പഞ്ഞി മേഘത്തുണ്ട് പോലെ..

“ഇനി അപ്പുവേട്ടൻ പറ വിശേഷങ്ങൾ. ഡാഡി സുഖം ആയി ഇരിക്കുന്നോ.?,

“ഉം.”

“എന്നെ ചോദിച്ചോ?”

“yes “

“എന്ന ഇങ്ങോട്ട് വരിക “

“may be next time “

“നോക്കിക്കേ ഞാൻ വലിയ വലിയ പാരഗ്രാഫ് ആണ് പറയുക. ഇപ്പൊ ഏട്ടൻ നോക്ക് ഒരു മൂളൽ, അല്ലെങ്കിൽ ഒരു yes അല്ലെങ്കിൽ കുഞ്ഞ് വാചകം..പോ…”

“എന്റെ കൊച്ചേ എനിക്കിങ്ങനെ നോൺ സ്റ്റോപ്പ്‌ ആയിട്ട് ഒത്തിരി മിണ്ടാൻ അറിയില്ല. എനിക്ക് കേൾക്കാൻ ആണ് ഇഷ്ടം. നീ പറ “

“എനിക്കും കേൾക്കാൻ ഇഷ്ടമാണ്. എന്റെ അപ്പുവേട്ടന്റെ വിശേഷങ്ങൾ ഓരോന്നും. അത് എന്താ മനസിലാകാതെ?”

അവൻ എഴുനേറ്റു ഇരുന്ന”ശരി എന്റെ മോൾക്ക് എന്താ അറിയണ്ടത്?ഡാഡിയുടെ വിശേഷം. അത്രേ അല്ലെ ഉള്ളു? “

“ആം “

“നിന്നെ ഞാൻ ഒരു ദിവസം കൊണ്ട് പോകുന്നുണ്ട് ആ വീട്ടിൽ. ബ്യൂട്ടിഫുൾ പ്ലേസ് ആണ്. കുറച്ചു ദൂരം പോയാൽ കടല്..”

കൃഷ്ണയുടെ കണ്ണുകൾ വിടർന്നു

“ഡാഡി ഇപ്പൊ ഒറ്റയ്ക്ക് ആണ്. ഹെല്പിന് കുറച്ചു ആൾക്കാർ ഉണ്ട്. പണ്ടെയുള്ളവർ തന്നെ. എന്നാലും പ്രായം ആയി..ഇങ്ങോട്ട് കൊണ്ട് വരണം. ഞാൻ പറഞ്ഞു അടുത്ത തവണ വരുമ്പോൾ കൂടെ വരണം എന്ന്. നമുക്ക് ഒന്നിച്ചു പോയി കൊണ്ട് വരാം ” കൃഷ്ണയ്ക്ക് സന്തോഷം ആയി

അച്ഛൻ വന്നപ്പോൾ അവർ എഴുനേറ്റു

“കാറിന്റെ ശബ്ദം കേട്ടില്ലല്ലോ.”

“ഞാൻ അവർക്കൊപ്പമല്ലേ പോയത്?”
ജയറാം മറുപടി പറഞ്ഞു. അർജുൻ ഷർട്ട്‌ ധരിച്ചിട്ടില്ലായിരുന്നു. അന്നാണ് അവന്റെ നെഞ്ചിലെ കൃഷ്ണയേ ജയറാം കാണുന്നത്. അച്ഛൻ നോക്കുന്നത് കണ്ട് അവൻ കൃഷ്ണയേ പിടിച്ചു മുന്നിൽ നിർത്തി

“ഗോവിന്ദ് പോയി വൈകുന്നേരത്തെ ഫ്ലൈറ്റ്ന്. നകുലനും ഭദ്രക്കും നല്ല പനി. അതാ ഞാൻ പോയെ.. ഞാൻ ഒന്നു ഫ്രഷ് ആയി വരാം “

അർജുൻ ഒറ്റ ഓട്ടത്തിന് പോയി ഒരു t ഷർട്ട്‌ എടുത്തു ധരിച്ചു

“അച്ഛൻ കണ്ടെടി..എന്ത് വിചാരിച്ചു കാണും “

കൃഷ്ണ പൊട്ടിച്ചിരിച്ചു “വേണ്ടാത്ത ഓരോന്നും കാണിച്ചു വെച്ചിട്ട് ഇപ്പൊ പറഞ്ഞിട്ടെന്താ? “

“വേണ്ടാത്തതൊ? ഇതോ? അർജുന്റെ ജീവനാ. അയ്യടാ അവളുടെ വർത്താനം കേട്ടില്ലേ. വാ മുറിയിൽ പോകാം “

അവൻ അവളെയും കൂട്ടി ബെഡ്‌റൂമിൽ പോയി. അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്നു കൃഷ്ണ

“എന്റെ കൊച്ചേ ദൂരെ പോകുമ്പോൾ ഉണ്ടല്ലോ. നിന്റെ ഈ കിടപ്പാ എനിക്ക് മിസ്സ്‌ ചെയ്യുന്നേ. ഹോ വല്ലാത്തൊരു ശൂന്യതയായി പോകും. നെഞ്ചിൽ നീയില്ലാതെ.. ഒരു വല്ലാത്ത മിസ്സിംഗ്‌ ആണ് അത്. ഞാൻ വല്ല ഗവണ്മെന്റ് ജോലിക്കാരനും ആയാ മതി ആരുന്നു
രാവിലെ പോയി വൈകുന്നേരം വരാം. ടെൻഷൻ ഇല്ല സുഖം. ഇത് ഒരു മാതിരി “

കൃഷ്ണ ചിരിച്ചു

“എന്നും കാണുമ്പോൾ ചിലപ്പോൾ ഇത്രയും സ്നേഹം തോന്നില്ലായിരിക്കും “

“അത് നിനക്ക്. എനിക്ക് അങ്ങനെ അല്ല”

“ഒരു കുത്തു വെച്ചു തന്നാലുണ്ടല്ലോ. ഉടനെ അങ്ങനെ പറഞ്ഞോണം “

അവൾ നിരങ്ങിയിറങ്ങാൻ ഭാവിച്ചു

“ഇയ്യോ പോകല്ലേ. ശരി സമ്മതിച്ചു. എന്റെ കൊച്ചിന് എന്നെ വലിയ ഇഷ്ടമാണ് “

അവൾ തല ഉയർത്തി നോക്കി. പിന്നെ അവന്റെ നിറുകയിൽ ചുംബിച്ചു

“വെറും ഇഷ്ടം അല്ല. എന്റെ ജീവനാ. എന്റെ അപ്പുവേട്ടൻ എന്റെ എല്ലാമാ..കൃഷ്ണയുടെ എല്ലാം “

അവളുടെ കണ്ണിൽ നിന്നു അവന്റെ മൂക്കിൻ തുമ്പിലേക്ക് ഒരു തുള്ളി ഇറ്റ് വീണു

“എന്റെ മോളെ ഇങ്ങോട്ട് നോക്ക് “

കൃഷ്ണ അവനെ പുണർന്നു. ആ നെഞ്ചിൽ അമർത്തി ചുംബിച്ചു. അർജുൻ ആ കഴുത്തിൽ മെല്ലെ ഒന്നു തടവി. കൃഷ്ണയുടെ മുഖം ചുവന്നു

അർജുൻ തിരിയാൻ ഭാവിച്ചപ്പോ വാതിലിൽ മുട്ട് കേട്ടു

“കഴിക്കാൻ വരൂ രണ്ടാളും ” അച്ഛൻ

അർജുൻ കൃഷ്ണയേ നോക്കി
അവൾക്ക് ചിരി

“വാ “
കൃഷ്ണ അർജുനെ വലിച്ചു പൊക്കി

“നമുക്ക് നമ്മുടെ ഫ്ലാറ്റിൽ പോയാലോ നാളെ?”

അർജുൻ അവളോട് ചോദിച്ചു. കൃഷ്ണയുടെ കണ്ണുകൾ വിടർന്നു

“പോകാം “

“ഒരു പകൽ. ഒരു രാത്രി നമ്മൾ മാത്രം. നമ്മുടെ പഴയ ആ ദിവസങ്ങൾ ഓർമ വരുമ്പോൾ ഇടക്ക് ഞാൻ ഓർക്കും ഒന്നു പോയി നിന്നാലൊന്ന്. ക്ലീൻ ചെയ്തിടാൻ പറയാം “

കൃഷ്ണ സന്തോഷം കൊണ്ട് തുള്ളിച്ചാടിയില്ലന്നേയുള്ളു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അർജുൻ ദുർഗയെ കുറിച്ച് അച്ഛനോട് ചോദിച്ചു

“ദുർഗയ്ക്ക് നല്ല മാറ്റമുണ്ട്  വാക്കർ ഇല്ലാതെ നടക്കുന്നുണ്ട്. പക്ഷെ ഒരു പാട് ദൂരമൊന്നും ആയില്ല. വീടിനുള്ളിൽ ആരുടെയും സഹായമില്ലാതെ നടക്കുന്നുണ്ട് “

“ഇനിം സമയം എടുക്കും അല്ലെ?”

കൃഷ്ണ ചോദിച്ചു

“spinal injury cure ആകാൻ നല്ല പോലെ ടൈം എടുക്കും. ചിലർക്ക് ഒന്നും രണ്ടും വർഷങ്ങൾ എടുക്കാറുണ്ട്. ഇതിപ്പോ അയാൾക്ക് ഫാസ്റ്റ് റിക്കവറി ആണെന്ന് പറയാം “

“അച്ഛൻ ഇനിയെന്ന അങ്ങോട്ട്?”

“ഞാൻ..ഈ വീക്ക്‌ എൻഡിൽ പോയാൽ കൊള്ളാമോന്ന. നിനക്ക് എന്തെങ്കിലും പ്രോഗ്രാം ഉണ്ടൊ?”

“എനിക്ക് അതേയുള്ളു.”

അവൻ ചിരിച്ചു

“നീ എന്തിന ഡാഡിയോട് ഷെയർ ചോദിച്ചത്?”

കൃഷ്ണ അമ്പരന്ന് അർജുനെ നോക്കി

ഷെയർ ചോദിച്ചോ, ഡാഡിയോടോ, എന്തിന്

“എനിക്ക് ഒരു 2000cr ന്റെ ആവശ്യം ഉണ്ട്. ഞാൻ പറഞ്ഞല്ലോ ഞാൻ മാക്സ് ഗ്രൂപ്പിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ പോകുകയാണ്. ഏഴു ഡിസ്ട്രിക്ട്സിലെ ഹോസ്പിറ്റലിൽ. സേവിയേഴ്‌സ് ഗ്രുപ്പിന്റെ attachment കഴിഞ്ഞല്ലേയുള്ളു. ഫണ്ട്‌ വന്നു തുടങ്ങുന്നേയുള്ളു. അത് profit ഫണ്ട്‌ ആകണമെങ്കിൽ രണ്ടു മാസം എടുക്കും. അത് വരെ വെയിറ്റ് ചെയ്യാനും പറ്റില്ല. ചോദിച്ചപ്പോ ഡാഡി ചൊറിഞ്ഞു. അപ്പൊ ഞാൻ ഷെയർ ചോദിച്ചു. അത് ഞാൻ ചോദിച്ചതിന്റെ അഞ്ചിരട്ടിയിൽ കൂടുതൽ വരുമെന്ന് ഡാഡിക്ക് അറിയാം ആൾ ബുദ്ധിപൂർവം ഞാൻ ചോദിച്ചത് തന്നു. ഞാനും അതേ ഉദ്ദേശിച്ചുള്ളൂ “

“എന്റെ അർജുൻ. നിന്നെ ഞാൻ എന്താ പറയേണ്ടത്? മറ്റുള്ളവരുടെ ഫീലിങ്‌സിനു ഒരു importance ഇല്ലെടാ? ഡാഡിക്ക് വിഷമം ആയി. എന്നെ വിളിച്ചു പറഞ്ഞു. ശേ. എന്റേം അനുവിന്റേം കൂടി ചോദിച്ചോ നീ?”

“ചോദിച്ചു എന്റെ അമ്മേടേം അച്ഛന്റേം അല്ലെ? കുറേ വർഷങ്ങൾ ആയി അത് അവിടെ ഫ്രീസല്ലേ? ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ അല്ലെ കാശ്?”

“എടാ ഡാഡി വിചാരിച്ചു കാണില്ലേ ഞാൻ കൂടി അറിഞ്ഞു കൊണ്ടാണെന്നു..ഞാനാണെങ്കിൽ ഇങ്ങനെ ഒരു ദുഷ്ടന്റെ അച്ഛൻ ആയി പോയതോഴിച്ചാ മനസ്സാ വാചാ കർമ്മണാ ഒരു തെറ്റും ചെയ്തിട്ടുമില്ല “

കൃഷ്ണ പൊട്ടിച്ചിരിച്ചു പോയി

“അത് ഗോൾ…ഹോ എന്റെ അങ്കിളേ കിടിലൻ ഡയലോഗ് പൊളിച്ച് “

“എന്നെയാരെങ്കിലും പറയുമ്പോൾ അവളുടെ സന്തോഷം നോക്ക്. ഭയങ്കരി “

അവൻ ഒരു നുള്ള് വെച്ചു കൊടുത്തു

“സത്യം ആര് പറഞ്ഞാലും നമ്മൾ അംഗീകരിക്കാൻ മടിക്കരുത് രമണാ. അങ്കിൾ ഇപ്പൊ ഈ പറഞ്ഞത് സത്യം വെള്ളം ചേർക്കാത്ത പാല് പോലെ സത്യം,

അവന്റെ ഇടതു കൈ അവളുടെ തുടയിൽ അമർന്നു. കൃഷ്ണ പെട്ടെന്ന് വിളറി

“ആഹാ അങ്ങനെ ആണോ
എന്നിട്ട്?”

അവന്റെ കൈ ഒന്ന് അമർന്നു നീങ്ങി. അവളുടെ തൊണ്ട അടച്ചു. അവൾ വിക്കി

“എന്താ മോളെ?”

“തൊണ്ടയിൽ എന്തോ തടഞ്ഞു. വെള്ളം കുടിക്കെടി “

കൃഷ്ണ വേഗം വെള്ളം കുടിച്ചിട്ട് ദയനീയമായി അവനെ നോക്കി. അർജുന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരിയുണ്ടായിരുന്നു

കൃഷ്ണ നിശബ്ദയായി

“ആ അപ്പൊ നമ്മൾ പറഞ്ഞു കൊണ്ട് വന്നത്. ഹോസ്പിറ്റലിന്റെ കാര്യത്തിൽ ഞാൻ ഇത്രയും സ്പീഡ് ആകുന്നത് എന്തിനെന്നോ അത് പേർസണൽ revenge ആണ്..മാത്യു നമ്മുടെ ഓഫീസിൽ ഇരുന്ന് അവർക്കായ് വേല ചെയ്തു കൊണ്ട് ഇരിക്കുകയായിരുന്നു. ഹോസ്പിറ്റലിൽ വെച്ചു കൃഷ്ണയുടെ നേരേ ഉണ്ടായ അറ്റാക് അവരുടെ പ്ലാൻ ആയിരുന്നു. ഹോട്ടലിൽ വെച്ച് എന്റെയും ഇവളുടെയും നേരെയുണ്ടായത് അതും അവരുടെ പ്ലാൻ ആയിരുന്നു. എന്തിന്? ഞാൻ അവരോട് എന്ത് ചെയ്തു? എന്ന് തുടങ്ങിയതാ ഇത്? ഡാഡി ഈ അവസ്ഥയിൽ ആയത് തന്നെ ഇവര് കാരണമാ. എന്നിട്ട് പ്രതികാരം തീർക്കാൻ ഒന്നും ഞാൻ ഇറങ്ങി പുറപ്പെട്ടില്ല. വിട്ട് കളഞ്ഞു. ഇപ്പൊ അത് എന്റെ പെണ്ണിന്റെ നേരേ ആകുമ്പോൾ ചുമ്മാ നോക്കി ഇരിക്കില്ല അർജുൻ.”

അവൻ എഴുന്നേറ്റു

“അവരുടെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട് അവർ തെരുവിൽ ഇറങ്ങും. അന്ന് അർജുൻ അവരുടെ മുന്നിൽ ചെല്ലും. അന്നാണ് ഭൂമിയിലെ അവരുടെ ലാസ്റ്റ് ഡേ. അച്ഛൻ ഇതിൽ ഇടപെടരുത്. ഇത് പേർസണൽ ആണ്. തികച്ചും പേർസണൽ “

ജയറാം സ്തംഭിച്ചു പോയി. കൃഷ്ണയും.

“വേറെ എന്തും അർജുൻ സഹിക്കും അച്ഛാ. സത്യം. എന്റെ കൃഷ്ണയേ ഒരാൾ ഉപദ്രവിക്കാൻ ഓർക്കുന്നത് പോലും ഞാൻ സഹിക്കില്ല. അത് ഇവൾ ഇരിക്കുന്നത് കൊണ്ട് പറയുന്നതല്ല. അത് ഇനി ആരാണെങ്കിലും അവർ ഏത് ഗുഹയിൽ പോയി ഒളിച്ചാലും തേടി ചെല്ലും ഞാൻ…തീർത്തു കളയും “

അവന്റെ കണ്ണിലെ ചുവപ്പിലേക്ക് ജയറാം ഭീതിയോടെ നോക്കി. ആ ചുവപ്പ് ഇതിനു മുന്നേ കണ്ടിട്ടുണ്ട് ജയറാം. കുറേ വർഷങ്ങൾ മുൻപ്…

കൃത്യമായി പറഞ്ഞാൽ അനുപമ മരിച്ചു കഴിഞ്ഞതിന്റെ പിറ്റേന്ന്…

തുടരും…