ദുർഗയുടെ കൈ പിടിച്ചു ഒതുക്കുകല്ലുകൾ ഇറങ്ങാൻ സഹായിച്ചു ജയറാം. വീടിനുള്ളിൽ നടക്കുമെങ്കിലും മുറ്റത്തേക്ക് ഇറങ്ങി നടക്കാൻ ധൈര്യമുണ്ടായിരുന്നില്ല ദുർഗയ്ക്ക്. മുറ്റം നിറയെ ചരലുകൾ പാകിയിരുന്നു. നിരപ്പല്ല. അത് കൊണ്ട് തന്നെ വീണു പോകുമോയെന്ന് ഒരു പേടി. ജയറാമിന്റെ കൈ പിടിച്ചു നടക്കുമ്പോൾ വീഴില്ല എന്ന് ഒരു ധൈര്യമുണ്ടായിരുന്നു അവർക്ക്.
“മതി കിതച്ചു യ്യ്യോ വയ്യ ” ദുർഗ അവിടെ തിണ്ണയിൽ ഇരുന്നു
“നല്ല മടിയുണ്ട്. അതിന് മരുന്നുമില്ല ” ജയറാം കളിയാക്കി
“ക്ഷീണം തോന്നും നടന്ന് കുറച്ചു കഴിഞ്ഞു. അതാണെന്നെ മടിയൊന്നുമല്ല ” ദുർഗ ശുണ്ഠിയോടെ പറഞ്ഞു
“അത് നമ്മൾ നടന്ന് നടന്ന് മാത്രേ മാറുകയുള്ളൂ ദുർഗ. വേഗം റെഡി ആകേണ്ട. ജോയിൻ ചെയ്യണ്ടേ?”
“വേണം ” ദുർഗ പുഞ്ചിരിച്ചു
“ഇനി മുറ്റത്തു കൂടി പറമ്പിൽ കൂടി ഒക്കെ നടക്ക് ദിവസം അരമണിക്കൂർ. ഇപ്പൊ ദുർഗക്ക് കുഴപ്പം ഒന്നുമില്ല. exercise മാത്രം മതി “
ദുർഗ തലയാട്ടി
“അർജുനും കൃഷ്ണയും എന്ത് പറയുന്നു?”
“അർജുൻ ഇന്നലെ കോഴിക്കോട് പോയി. മോള് ഹോസ്റ്റലിൽ പോയി. അവർ വീട്ടിൽ ഉള്ളപ്പോൾ നല്ല രസമാണ്. രണ്ടിന്റെയും കളിയും തമാശയും. അർജുൻ ഒട്ടും സീരിയസ് അല്ല ഇപ്പൊ. ഫുൾ ടൈം കൌണ്ടർ അടി തന്നെ. ഭയങ്കര ജീവനാ കൃഷ്ണയേ. ഈയിടെ ആണ് ഞാൻ കണ്ടത് അവന്റെ നെഞ്ചിൽ അവളുടെ മുഖവും പേരും tatoo ചെയ്തിരിക്കുന്നു. ഹൃദയത്തിന്റെ മുകളിൽ ആയിട്ട്. എന്നാ ചെയ്തതെന്ന് ഒരു ഐഡിയയുമില്ല. കൃഷ്ണ അറിഞ്ഞു കൊണ്ടാവില്ല കൃഷ്ണയ്ക്ക് അത് ഒന്നും ഇഷ്ടവുമല്ല. എനിക്ക് തോന്നുന്നത് സ്നേഹിച്ച സമയം വല്ലോം ആയിരിക്കും കല്യാണത്തിന് മുൻപ്. ഞാൻ നോക്കിയപ്പോൾ അവന് ചമ്മൽ. കൃഷ്ണയേ പിടിച്ചു മുന്നിൽ നിർത്തി അത് അങ്ങ് മറച്ചു കളഞ്ഞു. ഞാൻ ചോദിക്കാൻ ഒന്നും പോയില്ല. അതൊക്കെ അവന്റെ ഒരു സന്തോഷം “
ദുർഗ വിടർന്ന കണ്ണുകളോടെ അത് കേട്ടിരുന്നു
“അർജുൻ ഒരുഗ്രൻ കാമുകനാണ് “
അവർ പറഞ്ഞു
“അതേ. പക്ഷെ എന്റെയോ അനുവിന്റെയോ സ്വഭാവം അല്ല അത് ഡാഡിയുടേതാ. ഞാനും അനുവും നോർമൽ ഭാര്യ ഭർത്താക്കന്മാർ ആയിരുന്നു സ്നേഹം ഉണ്ട്. ഭ്രാന്ത് പിടിച്ച ഒരു സ്നേഹം അതില്ല. സ്നേഹം..തമ്മിൽ കണ്ടില്ലെങ്കിൽ ശ്വാസം മുട്ടി ചാകുന്ന പ്രേമം ഇല്ല..”
ജയറാം ചിരിച്ചു
“സത്യത്തിൽ ഈ പ്രണയം എന്താ സംഭവം എന്ന് കൂടി അറിഞ്ഞു കൂടാ ചിലപ്പോൾ തോന്നും ഇത്രേ മണ്ടത്തരം ഉള്ള വേറെ ഒന്നും ഭൂമിയിൽ ഇല്ലാന്ന് “
“അത് ആരേം പ്രണയിക്കാത്തത് കൊണ്ട് തോന്നുന്നതാ ” ദുർഗ പെട്ടെന്ന് പറഞ്ഞു
“ആയിരിക്കും അർജുൻ എന്റെ ഡാഡിയുടെ ഫോട്ടോകോപ്പിയാ. എന്റെ മമ്മി നീ കണ്ടിട്ടുണ്ടാവില്ല. ഡോക്ടർ ആനന്ദി. ചെന്നൈയിൽ ആയിരുന്നു.”
“ഞാൻ നിങ്ങളുടെ കല്യാണത്തിന് കണ്ടിട്ടുണ്ട്. പക്ഷെ ഓർമ്മയില്ല മുഖം”
“ആ yes yes. മമ്മിയേ ഡാഡി കല്യാണം കഴിച്ചത് പ്രണയിച്ചിട്ടാ. മമ്മി തമിഴ് ബ്രാഹ്മിൻ ആയിരുന്നു അത് കൊണ്ട് തന്നെ അവിടെ ഭയങ്കര എതിർപ്പ് ഭൂകമ്പം യുദ്ധം. വിളിച്ചു ഇറക്കി കൊണ്ട് വരികയായിരുന്നു. അർജുൻ കൃഷ്ണയേ സ്നേഹിക്കുന്ന കാണുമ്പോൾ ഞാൻ പണ്ട് എന്റെ കുട്ടിക്കാലം ഓർക്കും ഡാഡിയും മമ്മിയും അവരുടെ സ്നേഹവും. exact ഇത് തന്നെ. കാലമെത്ര കഴിഞ്ഞാലും പ്രണയത്തിന് ഒറ്റ ഭാഷയെയുള്ളു. ഒറ്റ മുഖമേയുള്ളു. ഒറ്റ രുചിയേയുള്ളു. അത് മാറുന്നില്ല.മനുഷ്യൻ മാത്രം മാറുന്നു. മമ്മി മരിച്ചു കഴിഞ്ഞു ഇത്രയും വർഷം ആയി. ഡാഡി ഇത് വരെ ഇവിടെ വന്നു നിന്നിട്ടില്ല. ആ വീട്ടിൽ ആയിരുന്നു അവർ ജീവിച്ചിരുന്നത്. അവരുടെ സ്വർഗം. അത് വിട്ട് വരില്ല. ആ വീട് കാണണം ദുർഗ. ഞാൻ ഒരു ദിവസം കൊണ്ട് പോകാം നീ പൂർണമായി ഭേദം ആയിട്ട്. ആ വീടിന്റെ ചുവരുകൾ മുഴുവൻ അവരാണ്. ഏത് മുറിയിലേക്ക് പോയാലും അവർ രണ്ടും. മമ്മി നൃത്തം ചെയ്യുമായിരുന്നു. ചിലങ്കകൾ ഒക്കെ നിധി പോലെ പൂജാമുറിയിലാണ് ഡാഡി സൂക്ഷിച്ചു വെച്ചിരിക്കുന്നത്. അർജുൻ അതേ പോലെയാണ്, കൃഷ്ണയോട് അവന് പ്രണയം മാത്രം അല്ല ഒരു ആരാധന, ഭ്രാന്ത്, ഒക്കെ പ്രാർത്ഥന പോലെ ഒരു പ്രണയം. അത് കാണുമ്പോൾ ഞാൻ ഓർക്കും ജനുസ്സ് എന്നത് എത്ര കറക്റ്റ് ആണ് എന്ന് ഓർക്കാറുണ്ട് “
“എന്നിട്ട് എന്താ അത് സ്വന്തം മോന് കിട്ടാഞ്ഞത്?”
ദുർഗ കള്ളച്ചിരിയോടെ ചോദിച്ചു
“അത് എന്റെ കുറ്റമല്ല ജീനുകളുടെ സ്വഭാവങ്ങൾ ആദ്യത്തെ തലമുറയിലേക്ക് തന്നെ വരണമെന്നില്ല. ചിലപ്പോൾ അടുത്ത രണ്ടാം തലമുറയിലേക്ക് ആണ് അത് കൈമാറ്റം ചെയ്യാ. ജനിറ്റിക്സ് പഠിച്ചിട്ടില്ലേ?”
ദുർഗ തൊഴുതു
“സമ്മതിച്ചു എന്റെ ദൈവമേ.. എന്ത് പറഞ്ഞാലും മറുപടി ഉണ്ട് “
“ശെടാ മെഡിക്കൽ സയൻസ് അല്ലെ?”
“അത് കറക്റ്റ് “
പിന്നെ കുറച്ചു നേരം വിഷയങ്ങൾ ഒന്നും കിട്ടാതെ അവർ നിശബ്ദരായി ഇരുന്നു. ഇടയ്ക്ക് എപ്പോഴോ ജയറാം ദുർഗയെ നോക്കി
“ഇടയ്ക്കിടെ ഇത്രയും ദൂരം യാത്ര ചെയ്തു വരുന്നത് ജയറാമേട്ടന് ബുദ്ധിമുട്ട് ആവുന്നുണ്ടോ” ദുർഗ നേർത്ത സ്വരത്തിൽ ചോദിച്ചു
“ഇല്ല. നീ ബെറ്റർ ആകുന്നുണ്ടല്ലോ. ഞാൻ വരുന്നത് കൊണ്ടാണ് അത്. അതെനിക് അറിയാം. ഞാൻ വഴക്ക് പറഞ്ഞാലൊന്ന് പേടിച്ചിട്ട്. അത് ഓർത്തെങ്കിലും വേഗം നടക്കുമല്ലോ “
“പിന്നെ പേടിച്ചിട്ടൊന്നുമല്ല എനിക്ക് വേഗം അങ്ങ് വരണം ഹോസ്പിറ്റലിൽ. എല്ലാം എത്ര മിസ്സ് ചെയ്യുന്നുന്നെന്നോ. ഹോ മടുത്തു. എങ്ങും പോകാൻ വയ്യാതെയിങ്ങനെ. ഇവിടെ ആർക്കും അതൊരു ബുദ്ധിമുട്ടോ മടുപ്പൊ ഒന്നുല്ല ട്ടോ. അവർക്കൊക്കെ ഇത്രയും ദിവസം എന്നെ കിട്ടിയതിൽ സന്തോഷമാണ്. ഏട്ടന്റെ വൈഫിനു പ്രത്യേകിച്ച്. ഈ കാട്ടിൽ ആരേം കാണാതെയും മിണ്ടാതെയും എത്ര നാളായി. ഇപ്പൊ പുള്ളിക്കാരി ഹാപ്പിയാ. എപ്പോഴും എന്റെ അരികിൽ തന്നെ. അമ്മയും അതേ..അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങൾ തന്നെയാണ്. പക്ഷെ എനിക്ക് അവിടെയാ ഇഷ്ടം
ഹോസ്പിറ്റലിൽ പോകുന്ന കാര്യങ്ങൾ ഒന്നും ഇത് വരെ അവതരിപ്പിച്ചില്ല. വെറുതെ എന്തിന് അവരുടെ മനസമാധാനം കളയുന്നത് പോകാൻ ഏകദേശം ആകുമ്പോൾ പറയാം. ഏട്ടൻ ഒരിക്കൽ പറഞ്ഞു ഇവിടെ ഒരു ക്ലിനിക് ഇട്ട് തരാം, പോകേണ്ട എന്ന്. ഇവിടെ ഉള്ളവർക്ക് ഹോസ്പിറ്റലിൽ പോകാൻ ടൗണിൽ പോകണം. ചെറിയ ക്ലിനിക്കുകൾ ഇല്ല. എനിക്ക് അത് ഒന്നും വയ്യ “
ജയറാം ഒന്നും പറഞ്ഞില്ല
“ആ ഞാൻ ഒരു കാര്യം പറയാൻ മറന്നു. കഴിഞ്ഞ ദിവസം ഏട്ടന്റെ കൂടെ പഠിച്ച രണ്ടു മൂന്ന് പേര് കാണാൻ വന്നു. കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞു ഏട്ടനെന്നെ വിളിച്ചു ചോദിക്കുകയാണ് ആ വന്നവരിൽ കിഷോർ എന്നയാളെ കണ്ടോ. അയാൾ ദുബായിലാണ് എഞ്ചിനീയർ ആണ്. എന്തോ കാരണം കൊണ്ട് കല്യാണം നടന്നിട്ടില്ല എന്നെ ഇഷ്ടമായി. ആലോചിച്ചു നോക്കട്ടെ എന്ന് “
ഒറ്റ നിമിഷം കൊണ്ട് ജയറാമിന്റെ മുഖം മാറി. അത് ദുർഗ കണ്ടു
“നല്ലതല്ലേ നീ yes പറ. ദുബായിൽ നല്ല അവസരങ്ങൾ കിട്ടും ഇവിടുത്തേക്കാൾ ബെറ്റർ ആണ് “
ദുർഗ അവിശ്വസനീയതയോടെ അയാളെ നോക്കിയിരുന്നു. അവർ കണ്ണ് നിറഞ്ഞിട്ട് കുനിഞ്ഞു കളഞ്ഞു
“അത് ശരി ഞാൻ എവിടെ ഒക്കെ നോക്കി. വന്നേ രണ്ടാളും.ഭക്ഷണം എടുത്തു വെച്ചിരിക്കുന്നു “
ഏട്ടത്തി
ജയറാം എഴുന്നേറ്റു. ദുർഗയും
ദുർഗ ഏട്ടത്തിയുടെ കൈകളിൽ മുറുകെ പിടിച്ചു മെല്ലെ നടന്നു. ജയറാം അത് ശ്രദ്ധിച്ചു തന്റെ കൈകളിൽ അല്ല പിടിച്ചത്. തന്നെ നോക്കിയതുമില്ല. ഭക്ഷണം കഴിഞ്ഞു യാത്ര പറയുമ്പോഴും ദുർഗയുടെ മുഖം നിർവികാരമായിരുന്നു. തണുത്തിരുന്നു
ജയറാമിന് താൻ പറഞ്ഞത് കുറച്ചു മോശമായി പോയി എന്ന് തോന്നി. അതവളെ വേദനിപ്പിച്ചു എന്ന് അയാൾക്ക് മനസിലായി. വേണ്ടായിരുന്നു
തിരിച്ചു പോരുമ്പോൾ ആദ്യമായി ജയറാമിന് വേദന തോന്നി. തന്നെ ജീവിതം മുഴുവൻ സ്നേഹിച്ച പെണ്ണാണ്. ഇന്നും സ്നേഹിക്കുന്നവൾ. ഒരു വാക്ക് കൊണ്ട് പോലും അത് പറഞ്ഞു ശല്യം ചെയ്യാത്തവളാണ്. പാടില്ലായിരുന്നു. നൊന്ത് കാണും.
വീട്ടിൽ എത്തിയിട്ടും മനസ്സ് വല്ലാതെ…അയാൾ കുളിച്ചു വേഷം മാറി കിടന്നു. എത്തിയോ എന്നുള്ള പതിവ് ഫോൺ കാൾ ഒന്നും വന്നില്ല. മെസ്സേജ് ഒന്നുമില്ല
അയാൾ ഫോൺ എടുത്തു
“ഹലോ ” നനഞ്ഞ സ്വരം
തളർന്ന് പോയ സ്വരം. അപ്പൊ ജയറാമിനും വേദനിച്ചു
“ദുർഗ ഞാൻ എത്തി “
ഒരു മൂളൽ മാത്രം. പിന്നെ ഒന്നുമില്ല
“ദുർഗ ഞാൻ..പെട്ടെന്ന്. സോറി “
ഒരു അടക്കിയ കരച്ചിൽ കേട്ടു ജയറാം. ഫോൺ കട്ട് ആയി. പിന്നെ വിളിച്ചിട്ട് ദുർഗ കാൾ എടുത്തില്ല. അവർക്ക് അത് വല്ലാതെ വേദനിച്ചു പോയിരുന്നു
നീ yes പറ..പൊയ്ക്കോ എന്ന് പറയുന്നത് പോലെ..സത്യത്തിൽ താൻ ആരാണ്. ആരുമല്ല
ജയറാമേട്ടന് ഒരു സഹതാപം ഉണ്ട്. അത് ആക്സിഡന്റ് ആയതിനു ശേഷം വന്നതാണ്. അത് സ്നേഹം അല്ലെന്ന് ആദ്യമായ് അവർക്ക് തോന്നി. കൂടെയുള്ള ഒരു സഹജീവി അപകടത്തിൽ പെട്ടപ്പോൾ തോന്നിയ ഒരു സഹതാപം അനുതാപം..അത്രേ ഉള്ളു
അവർ അനങ്ങാതെ കിടന്നു. ശരീരവും മനസ്സും പെട്ടെന്ന് തളർന്നു പോയി
ദിവസങ്ങൾ കഴിഞ്ഞു പോയി
ദുർഗ വിളിച്ചില്ല പിന്നെ
ജയറാം വിളിച്ചപ്പോൾ എന്തോ ഒന്നോ രണ്ടോ വാക്കുകൾ കൊണ്ട് സംഭാഷണം അവസാനിപ്പിച്ചു
ദിവസങ്ങൾ കടന്ന് പോയി
“ദുർഗ ഇത് ഞാൻ ഡോക്ടറെ വിളിച്ചു പറയും കേട്ടോ ഇതെന്തൊരു മടിയാ. എത്ര ദിവസമായി ഇതിനകത്ത് തന്നെ ഇങ്ങനെ നടക്കുന്നില്ലേ. വാ ഞാൻ പിടിക്കാം “
ദുർഗ ഏട്ടത്തിയോട് വേണ്ട എന്ന് പറഞ്ഞു. പിന്നെ ജനലിലൂടെ പുറത്ത് നോക്കി കിടന്നു . അവർ കുറച്ചു നേരം കൂടി നോക്കി നിന്നിട്ട് പോയി
നടക്കുന്നില്ല. എന്തിന് വേണ്ടിട്ട്? ആർക്ക് വേണ്ടിട്ട്? ജീവിതം തന്നെ വേണ്ട എന്ന് തോന്നുന്നുണ്ട് ഇപ്പൊ. മടുത്തു
അവർ മുഖം തലയിണയിൽ വെച്ച് അനങ്ങാതെ പുറത്ത് നോക്കി കിടന്നു. പുറത്ത് ഒരു സംസാരം കേൾക്കാം ആരോ വന്നതാവും. സന്ദർശകരാണെങ്കിൽ വയ്യ
ഓരോരുത്തരും വന്നു സഹതപിച്ചു നോക്കുന്നത് മടുത്തു. അവർ പതിയെ എഴുനേറ്റു
വാക്കർ കുറച്ചു ദൂരെയാണ്. ഭിത്തിയിൽ പിടിച്ചു മെല്ലെ നടക്കാൻ തുടങ്ങി. ശരീരത്തിന് പഴയ ബലമൊന്നുമില്ല. വീണു പോയേക്കും. ദുർഗ ഒടുവിൽ വീഴുക തന്നെ ചെയ്തു. രണ്ടു കൈകൾ താങ്ങി നെഞ്ചിൽ ചേർക്കുന്നു
ദുർഗ പെട്ടെന്ന് അമ്പരപ്പോടെ നോക്കി
ജയറാം
“നീ എന്താ നടക്കാത്തത്? മടിയാണെന്ന് പറഞ്ഞല്ലോ അമ്മ “
ദുർഗയ്ക്ക് പെട്ടെന്ന് ശബ്ദം നഷ്ടപ്പെട്ടു. ആ കൈകൾക്കുള്ളിൽ ആണ് താൻ. അവരുടെ മുഖം ചുവന്നു തുടുത്തു. പിണക്കമെല്ലാം എങ്ങോ പോയി ഒളിച്ചു. നെഞ്ചു ശക്തിയായി മിടിക്കാൻ തുടങ്ങി. ജയറാം അത് അറിയുന്നുണ്ടായിരുന്നു. ആ പതർച്ച പരിഭ്രമം വിളർച്ച
“എന്താ പറ്റിയെ നിനക്ക്?”
ശബ്ദം തൊട്ട് അടുത്താണ്. ശ്വാസം മുഖത്ത് തട്ടുന്നു
ദുർഗ വിളറി
“എന്താ എന്റെ കാൾസ് മര്യാദക്ക് ആൻസർ ചെയ്യഞ്ഞത്?”
ദുർഗ ആ മുഖത്തേക്ക് നോക്കി
“എന്താ എന്നെ വിളിക്കാതിരുന്നത്?”
ദുർഗ പൊട്ടിക്കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ മുഖം പൂഴ്ത്തി
“ഞാൻ ആരുമല്ലന്ന് തോന്നിയെനിക്ക്. എന്നോട് പൊയ്ക്കോളാൻ പറഞ്ഞത് പോലെ..ഞാൻ..ഞാൻ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് എന്ന് പോലും തോന്നി. എന്നോട് തന്നെ വെറുപ്പ് “
ജയറാമിന്റെ കണ്ണുകൾ നിറഞ്ഞു.
“ദുർഗ?”
ജയറാം ആ കണ്ണുനീർ തുടച്ചു
“നമ്മൾ ഒന്നിച്ചു ജീവിക്കും. നീ എന്ന് വരുന്നോ. അന്ന്. നീ വേഗം വന്നാൽ അത്രയും നേരെത്തെ നമ്മൾ ഒന്നിച്ചുണ്ടാകും. താമസിച്ചാൽ അത്രയും ദിവസങ്ങൾ നമുക്ക് നഷ്ടപ്പെടും.”
ദുർഗ ആ മുഖത്തേക്ക് നോക്കി
“നീ എന്ത് പറയുന്നു. എന്റെ ഒപ്പം ജീവിക്കണോ വേണ്ടയോ? നിന്റെ ചോയ്സ് ആണ്.”
ദുർഗ ഒന്നും വിശ്വസിക്കാൻ വയ്യാതെ അങ്ങനെ നിന്നു. കേട്ടതൊക്കെ സത്യം ആണോ. അതോ സ്വപ്നമോ
കണ്ണീരോഴുകി കൊണ്ടിരുന്നു. ജയറാം അവളെ വിട്ട് അകന്നു മാറി ടവൽ കൊടുത്തു
“മുഖം തുടയ്ക്ക് എന്നിട്ട് വാ നടക്കാം “
നീട്ടിയ കൈകളിൽ ദുർഗ മുറുകെ പിടിച്ചു
മെല്ലെ നടന്നു
“അത് ശരി ഞങ്ങൾ മുഴുവൻ പേരും പറഞ്ഞിട്ട് കേട്ടില്ല. ഡോക്ടറെ പേടിയുണ്ട് നോക്ക് അമ്മേ “
ഏട്ടത്തി ആ കാഴ്ച അമ്മയെ വിളിച്ചു കാണിച്ചു. ദുർഗ ഒന്ന് ചിരിച്ചു. മുറ്റത്തു കൂടി നടക്കുമ്പോൾ ഇക്കുറി ദുർഗ കിതച്ചില്ല. ക്ഷീണം തോന്നിയുമില്ല
“എന്നോട് സഹതാപം ആണോ ജയറാമേട്ടാ?” ഇടയ്ക്ക് അവർ ചോദിച്ചു
“എന്തിന്?”
“വയ്യാത്ത കൊണ്ട് “
“അത് കൊണ്ട്?”
“അത് കൊണ്ടാണോ കൂടെ കൂട്ടമെന്ന് തോന്നണത് “
“എന്നാ പിന്നെ ഞാൻ ട്രീറ്റ് ചെയ്യുന്ന സ്ത്രീകളോട് മുഴുവൻ തോന്നണ്ടേ?”
“അങ്ങനെ അല്ല. ഞാൻ അവരെ പോലെ അല്ലല്ലോ “
ജയറാം നിന്നു
“എന്താ വ്യത്യാസം?”
“നമ്മൾ കുറേ വർഷം ആയിട്ട് അറിയുന്നതല്ലേ? ഇപ്പൊ വീണു പോയപ്പോൾ ഒരു കൈ സഹായം അതാണോ മനസ്സിൽ?”
ജയറാമിന് അവൾ എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസിലായി. സ്നേഹം ഉണ്ടൊ എന്നാണ്
അയാൾ മറുപടി പറഞ്ഞില്ല
കഴിഞ്ഞു പോയ ദിവസങ്ങളിൽ പതിവില്ലാതെ ഒരു പാട് തളർന്നു പോയിരുന്നു. ഏകാന്തത വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു. എത്രയോ വർഷങ്ങളായി ഒരു മുറിയിൽ തനിച്ച്. ഒരു രാത്രി അനുവിനെ സ്വപ്നം കണ്ടു
ആ മുഖം വേദന കൊണ്ട് നിറഞ്ഞ പോലെ
“ഇനിയെങ്കിലും ഇത് മതിയാക്ക്.. അവള് പാവമാണ് “
ശരിക്കും കേട്ടു അത്. താൻ ഞെട്ടിയെഴുനേറ്റ് അവളുടെ മുറിയിൽ പോയി. അവളുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നിന്നു. കുറേ കരഞ്ഞു. കുറേ സങ്കടം പറഞ്ഞു
പക്ഷെ അത് കഴിഞ്ഞു കണ്ണടയ്ക്കുമ്പോൾ ഉള്ളിൽ അനുവിന്റെ മുഖം തെളിയുന്നില്ല. ദുർഗയുടെ മുഖം. അവളുടെ മുഖം മാത്രം
അന്ന് തൊട്ട് ഈ നിമിഷം വരെ കണ്ണടച്ചു നോക്കിയാൽ ദുർഗയുടെ മുഖം ആണ് ഉള്ളിൽ. നേരെത്തെ അങ്ങനെ ടെസ്റ്റ് ചെയ്തു നോക്കിട്ടില്ല. ഇപ്പൊ ഇടയ്ക്കിടെ നോക്കും. കണ്ണടച്ച് നോക്കും
ഒരു വെളിച്ചം പോലെ ദുർഗ
“ഇനി മതി “
ദുർഗ തളർന്നു
“നോക്ക് നമ്മൾ അര മണിക്കൂർ നടന്നു “
ദുർഗ പുഞ്ചിരിച്ചു. ജയറാം ആ മുഖത്തേക്ക് നോക്കി നിന്നു
“സഹതാപം അല്ല ദുർഗ…അനുതാപവും അല്ല. ഇപ്പൊ എന്റെ ഉള്ളിൽ നീയുണ്ട് “
ദുർഗയുടെ കണ്ണ് നിറഞ്ഞു തുളുമ്പി. അവൾ അറിയാതെ ആ കൈ വിട്ട് പിന്നിലേക്ക് നടന്ന് ഒരു മരത്തിൽ ചാരി. എത്ര വർഷങ്ങൾ ഈ വാചകത്തിനായി കാത്തിരുന്നു
ഈ ഒറ്റ വാചകം
എന്റെ ഉള്ളിൽ നീയുണ്ട്
അതിനോളം ഭംഗി ഉള്ള മറ്റൊരു പ്രണയ വാചകം ഉണ്ടൊ?
തുടരും….