അവനെ ചുറ്റിവരിഞ്ഞിരുന്ന കൈകൾ സ്വതന്ത്രമാക്കിയിട്ട് കാഞ്ചന എഴുന്നേറ്റ്  കട്ടിലിൻ്റെ….

Story written by Saji Thaiparambu
==========================

നിനക്കെന്താ ഇന്നൊരു മൂഡില്ലേ?

അവനെ ചുറ്റിവരിഞ്ഞിരുന്ന കൈകൾ സ്വതന്ത്രമാക്കിയിട്ട് കാഞ്ചന എഴുന്നേറ്റ്  കട്ടിലിൻ്റെ ക്റാസിയിൽ ചാരിയിരുന്നു

ഞാനിങ്ങോട്ട് ഇറങ്ങാൻ തുടങ്ങുമ്പോൾ മൈഥിലിയുടെ കോള് വന്നിരുന്നു, നാളെ അവള് ലാൻ്റ് ചെയ്യുമെന്ന്

നീരജ് ഷർട്ടിൻ്റെ ബട്ടണുകൾ കോർത്ത് കൊണ്ട് അവളോട് പറഞ്ഞു

ങ്ഹേ എന്താ ഇത്ര പെട്ടെന്ന് ? പോയിട്ട് ആറ് മാസം പോലുമായിട്ടില്ലല്ലോ?

ആഹ് അവൾക്ക് ഇവിടെ വന്നിട്ട് എന്തൊക്കെയോ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന്, വന്നിട്ട് അധികം നില്ക്കാതെ ഉടനെ തിരിച്ച്പോകുമത്രേ

ഓഹ് സമാധാനമായി. അപ്പോൾ പിന്നെ നീ ടെൻഷനടിക്കണ്ട കാര്യമില്ലല്ലോ?

പക്ഷേ അവളെ ഫെയ്സ് ചെയ്യുന്ന കാര്യമോർക്കുമ്പോൾ വല്ലാത്തൊരു കുറ്റബോധം പോലെ

അത് ശരി ഇപ്പോഴും നിനക്കവളോട് ആത്മാർത്ഥതയുണ്ടല്ലേ? അപ്പോൾ അവളെ മനസ്സിൽ വച്ച് കൊണ്ട് നീ എൻ്റെ അടുത്ത് വരുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ല, നിൻ്റെ ദാഹം തീർക്കാൻ മാത്രമാണല്ലേ?

കാഞ്ചീ, ഒരു ദുർബ്ബലനിമിഷത്തിൽ നമുക്കിടയിലൊരു തെറ്റ് സംഭവിച്ചു, മേലാൽ അതാവർത്തിക്കരുതെന്ന് നമ്മളൊരുമിച്ച് അന്ന് തീരുമാനം എടുത്തതുമാണ്, പക്ഷേ നീയാണ് എന്നെ വീണ്ടും ഇതിലേക്ക് വലിച്ചിഴച്ചത്, എന്നിട്ടും നിനക്കെന്നെ കുറ്റപ്പെടുത്തി സംസാരിക്കാൻ എങ്ങനെ തോന്നുന്നു…?

അത് ശരി. ഇപ്പോൾ കുറ്റമെല്ലാം എൻ്റെ മാത്രമായി. നിൻ്റെ ഭാര്യ തിരികെയെത്തുമെന്നറിഞ്ഞപ്പോൾ നിനക്കെന്നെ ഒഴിവാക്കണം അതല്ലേ നിൻ്റെ ഇപ്പോഴത്തെ ചിന്ത ?

ആ ചിന്ത തുടങ്ങിയത് ഇപ്പോഴല്ല, കുറച്ച് നാളുകളായി. അത് നിന്നോട് പറയാനുള്ള മടി കൊണ്ട് തുറന്ന് പറഞ്ഞില്ലെന്നേയുള്ളു

ഓഹോ അപ്പോൾ നീയിന്ന് വന്നത് എന്നോട് യാത്ര പറയാനായിരുന്നല്ലേ? ശരി നീ പൊയ്ക്കോ ,നിൻ്റെ ദാമ്പത്യ ജീവിതത്തിൽ ഒരു തടസ്സമായി ഞാൻ നില്ക്കുന്നില്ല,,

അത്രയും പറഞ്ഞ് കാഞ്ചന മുറി വിട്ട് പുറത്തേയ്ക്ക് പോയി. ഒരു ദീർഘനിശ്വാസമുതിർത്ത് കൊണ്ട് നീരജ് തൻ്റെ വീട്ടിലേയ്ക്ക് മടങ്ങി

പിറ്റേന്ന് എയർപോർട്ടിലേയ്ക്ക് ചെല്ലാമെന്ന് നീരജ് പറഞ്ഞെങ്കിലും മൈഥിലി സമ്മതിച്ചില്ല

വൈകുന്നേരത്തോടെ ഒരു ഊബർടാക്സിയിൽ മൈഥിലി വീട്ടിലെത്തി

രാത്രി…

കിടപ്പറയിൽ, മൈഥിലിയുടെ വരവും കാത്ത്, നീരജ് അക്ഷമയോടെ ബെഡ്ഡിലിരുന്നു

എന്താ കിടന്നില്ലേ? മണി പതിനൊന്ന് കഴിഞ്ഞല്ലോ? ഇന്നലെ ഈ സമയത്ത് ഞാൻ വിളിക്കുമ്പോൾ ഉറക്കം വരുന്നെന്ന് പറഞ്ഞ് പെട്ടെന്ന് ഫോൺ കട്ട് ചെയ്തായിരുന്നല്ലോ?’

അവൾ കുസൃതി ചിരിയോടെ ചോദിച്ചു

ഇന്നങ്ങനെയല്ലല്ലോ? ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റല്ലേ? അന്ന് കല്യാണം കഴിഞ്ഞ് നിനക്ക് സുഖമില്ലാത്തത് കൊണ്ട് ഒന്നും നടന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ  കമ്പനിയിൽ നിന്ന് മെയില് വന്നെന്നും പറഞ്ഞ് നീ ഉടനെ തന്നെ  തിരിച്ച് പോകുകയും ചെയ്തു. പിന്നെ ഇപ്പോഴല്ലേ കാണുന്നത്….

അത് ശരിയാ, അന്ന് വയ്യാതിരുന്നത് എൻ്റെ ശരീരത്തിനല്ല മനസ്സിനാണെന്ന് ഞാനന്ന് പറഞ്ഞായിരുന്നല്ലോ ? നീരജിനറിയുമോ ? ആദ്യമായി സ്പർശിച്ച പുരുഷനെ ഒരു സ്ത്രീയ്ക്കും മറക്കാൻ കഴിയില്ല. അത് പോലെ തന്നെയാണ് ആദ്യമായി സ്നേഹിച്ച പുരുഷനും. എൻ്റെ മനസ്സിൽ നിന്ന് ഇപ്പോഴും സച്ചിൻ്റെ മുഖം മാഞ്ഞ് പോയിട്ടില്ല. മറ്റൊരാളെ മനസ്സിൽ വച്ച് കൊണ്ട് എനിക്ക് നീരജിനൊപ്പം ആദ്യരാത്രി ആഘോഷിക്കാൻ കഴിയില്ല, കുറച്ച് കാലം കൂടി നീരജ് കാത്തിരിക്കേണ്ടി വരും. അതെത്ര നാളെന്ന് ഇപ്പോൾ പറയാൻ കഴിയില്ല

അത് കേട്ട് നീരജിൻ്റെ ഹൃദയം വിങ്ങി

മൂന്നാം ദിവസം മൈഥിലി, തൻ്റെ ജോലി സ്ഥലത്തേക്ക്  മടങ്ങിപ്പോയി.

അന്ന് വൈകുന്നേരം നീരജിന് കാഞ്ചനയുടെ ഫോൺ വന്നു.

മൈഥിലി തിരിച്ച് പോയെന്ന് അറിഞ്ഞത് കൊണ്ടാണ് ഞാൻ ധൈര്യമായി വിളിച്ചത്. നിന്നെ ഞെട്ടിക്കുന്ന ഒരു വാർത്ത പറയാൻ, ഞാൻ പ്രെഗ്നൻ്റാണ്, പക്ഷേ നീ പേടിക്കണ്ട ഞാനത് അ- ബോർട്ട് ചെയ്ത് കൊള്ളാം കാരണം നിനക്കത് അബദ്ധത്തിൽ പറ്റിയ തെറ്റാണല്ലോ ? മാത്രമല്ല നിൻ്റെ സമാധാനപൂർണ്ണമായ ദാമ്പത്യ ജീവിതത്തിന് അത് തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നി. അപ്പോൾ ശരി, ഞാൻ വയ്ക്കുവാ, ഇനി ഞാൻ നിന്നെ വിളിക്കില്ലാട്ടോ?

അത്രയും പറഞ്ഞ് കാഞ്ചന ഫോൺ കട്ട് ചെയ്തപ്പോൾ നീരജ് പരിഭ്രാന്തനായി.

അയാൾ വേഗം ബൈക്കുമെടുത്ത് കാഞ്ചനയുടെ വീട്ടിലേയ്ക്ക് പാഞ്ഞു. അപ്പോൾ അയാളുടെ മനസ്സിനെ  മൈഥിലി പറഞ്ഞ വാക്കുകൾ പ്രകമ്പനം കൊള്ളിച്ച് കൊണ്ടിരുന്നു

ആദ്യമായി സ്പർശിച്ച പുരുഷനെ ഒരു സ്ത്രീയ്ക്കും മറക്കാൻ കഴിയില്ലത്രെ, കാഞ്ചന ആദ്യം സ്നേഹിച്ചതും അവളെ ആദ്യം  സ്പർശിച്ചതും താനാണെന്ന് അവൾ എപ്പോഴും പറയുമായിരുന്നു

നീരജ്, ബൈക്കിൻ്റെ ആക്സിലേറ്റർ പരമാവധി തിരിച്ച് വച്ച് വേഗത കൂട്ടി

കാഞ്ചനയുടെ കോർട്ടേഴ്സിന് മുന്നിലെത്തുമ്പോൾ അവൾ ഗേറ്റ് പൂട്ടി ഇറങ്ങുകയായിരുന്നു

നീയെന്താ എന്നെ വിശ്വാസമില്ലാഞ്ഞിട്ട് വന്നതാണോ ഞാൻ ഡോക്ടറെ കാണാൻ ഇറങ്ങുവായിരുന്നു, വേണമെങ്കിൽ നിനക്കും വരാം എല്ലാം നേരിൽ കണ്ട് വിശ്വസിക്കാമല്ലോ?

സോറീ….കാഞ്ചനേ…അന്ന് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞ് ഒരു പുരുഷനായ എനിക്ക് പെട്ടെന്ന് നിന്നെ കൈയ്യൊഴിയാൻ പറ്റും. പക്ഷേ നിനക്ക് സംഭവിച്ചതൊന്നും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കിയത് ഇപ്പോഴാണ്, നിൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കുരുതി കൊടുക്കണ്ട. നമുക്കതിനെ വളർത്തണം. നമ്മുടെ സ്വന്തം കുഞ്ഞായിട്ട് തന്നെ. അതിനെനിക്കിനി ആരുടെയും സൗകര്യം നോക്കണ്ട കാര്യമില്ല, മൈഥിലിയോട് ഞാൻ തന്നെ എല്ലാം പറഞ്ഞോളാം. ഇനി അവൾ നാട്ടിലേക്ക് വരുന്നത് ഡൈവോഴ്സ് പെറ്റീഷനിൽ ഒപ്പിടാൻ വേണ്ടി ആയിരിക്കും

അവൻ പറഞ്ഞത് വിശ്വസിക്കാനാവാതെ നിന്ന കാഞ്ചനയെ അയാൾ തൻ്റെ നെഞ്ചിലേയ്ക്ക് വലിച്ചിട്ടു.

-സജി തൈപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *