ഋതുഭേദങ്ങൾ അറിയാതെ….
Story written by Ammu Santhosh
======================
“ദേ അടുത്ത വീട്ടിൽ പുതിയ വാടകക്കാർ വന്നു “
ഇതിപ്പോ മൂന്നാമത്തെ തവണ ആണ് ലക്ഷ്മി പറയുന്നത്.
നകുലൻ കോടതിയിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു
“ആഹാ “
“ചെറിയ കുട്ടികൾ ആണ്. ചെക്കന് ജോലി ഉണ്ടെന്ന് തോന്നുന്നു “
അയാൾ ഒന്ന് മൂളി. അയാൾ കണ്ടിരുന്നു. രണ്ടാഴ്ച ആയി. ചിരിയും റൊമാൻസും ഒക്കെ പബ്ലിക് ആയിട്ടാണ്
“നല്ല സ്നേഹം ഉണ്ട് രണ്ടും കൂടി “
“അതിപ്പോഴത്തെ പിള്ളേർ ഇങ്ങനെ തന്നെ “
“അതിനെന്താ കുഴപ്പം? സ്നേഹം പിന്നെ പ്രകടിപ്പിക്കണ്ടേ?”
“പരസ്യമായി കെട്ടിപിടിച്ചു ഉമ്മ കൊടുത്താലേ സ്നേഹം ആവുകയുള്ളു?”
അയാൾ കോട്ട് എടുത്തു
“അതേയ്..വൈകുന്നേരം വരുമ്പോൾ കോടതിയുടെ മുന്നിലെ കടയിൽ നിന്ന് പരിപ്പ് വട വാങ്ങി വരുമോ.?”
“അയ്യേ..എടോ ഞാൻ ഡിസ്ട്രിക്ട് ജഡ്ജ് ആണ്. കടയിൽ നിന്ന് പരിപ്പുവട മേടിക്കുകെ…?”
“അതോണ്ട് എന്താ..എന്റെ നകുലേട്ടനല്ലേ ?”
അയാളുടെ മുഖം ചുവന്നു പോയി
അയാൾ പോയപ്പോൾ വാതിൽ അടച്ചിട്ടു അവർ അടുത്ത വീട്ടിലേക്ക് നോക്കി
ചെക്കൻ പോകാൻ ഇറങ്ങുന്നു. അവളെ ചേർത്ത് പിടിച്ചു ഒരുമ്മ. അവർ അത് സന്തോഷത്തോടെ നോക്കി നിന്നു
കോടതിയിൽ ഇരിക്കുമ്പോൾ നകുലന്റെ ഏകാഗ്രത പോയി. ഉള്ളിൽ എന്തോ ഒന്ന് വന്നു നിറഞ്ഞു
കല്യാണം കഴിഞ്ഞു മുപ്പത് വർഷത്തിൽ ഒരിക്കൽ പോലും തോന്നാത്ത ഒരു വികാരം
എന്റെ നകുലേട്ടനല്ലേ? “
ആ ഒറ്റ ചോദ്യം അയാളെ കീഴ് മേൽ മറിച്ചു കളഞ്ഞു
കോടതി പിരിഞ്ഞു. ഇറങ്ങാനുള്ള നേരമായി. അയാൾ ജനലിൽ കൂടി ആ കട നോക്കി
പരിപ്പ് വട
അയാൾ ഇറങ്ങി
കാർ അതിനുമുന്നിൽ കൂടി പോകുമ്പോ അയാൾ അതിന് മുന്നിൽ നിർത്താൻ പറഞ്ഞു
“ഞാൻ വാങ്ങി വരാം സാർ “
ഡ്രൈവർ പറഞ്ഞപ്പോൾ അയാൾ വേണ്ടാന്ന് പറഞ്ഞു
ചൂട് പരിപ്പുവട വാഴയിലയിൽ പൊതിഞ്ഞു കടലാസ്സിൽ വീണ്ടും പൊതിഞ്ഞു അയാളെ ഏല്പിച്ചു കടയുടമസ്ഥാൻ
“സാർ പറഞ്ഞിരുന്നെങ്കിൽ..”
അയാൾ ചിരിച്ചു കൊണ്ട് നടന്നു
കാറിൽ കയറി
ലക്ഷ്മി അയയിൽ നിന്ന് തുണികൾ എടുക്കുമ്പോൾ നകുലൻ മുന്നിൽ
“ഉയ്യോ വന്നോ?”
“വരണ്ടേ?”കുസൃതി നിറഞ്ഞ മുഖം
“പൊ അവിടുന്ന്. വിളിച്ചില്ലല്ലോ. ഞാൻ ചായ ഇട്ടില്ല”
അയാൾ ചുറ്റും ഒന്ന് നോക്കി
പിന്നെ അവരെയും
മുപ്പത് വർഷം മുന്നേ നെഞ്ചിലേക് വന്ന മുഖത്തിനു ഇന്നും നല്ല ചുവപ്പാണ്
അയാൾ കുനിഞ്ഞു
“അത് ശരി രാവിലെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് “
കവിളിൽ വീണ ഉമ്മയുടെ ചൂടിൽ പൂത്തു പോയി ലക്ഷ്മി
ചൂട് ചായ മൊത്തി ഉമ്മറത്ത് ഇരിക്കുമ്പോൾ മുന്നിൽ പൊതി അഴിഞ്ഞു. അവർ കൊതിയോടെ ഒന്നെടുത്തു കടിച്ചു
“ഹോ എന്ത് രുചിയാ “
അയാൾ ചിരിച്ചു
“ദേ ആ ചെക്കൻ ജോലി കഴിഞ്ഞു വന്നു”
അവൻ വരുന്ന ശബ്ദം കേട്ട് അവൾ ഇറങ്ങി വരുന്നതും ചേർത്ത് പിടിച്ചു അകത്തേക്ക് പോകുന്നതും അവർ നോക്കിയിരുന്നു. പിന്നെ അയാളെ നോക്കി
“ഇന്ന് ഉമ്മ കൊടുത്തില്ലല്ലോ “
“അത് സാരല്ല. നിനക്ക് കിട്ടിയില്ലേ?”
അവർ മുഖം പൊത്തി കളഞ്ഞു
-Ammu Santhosh