ധ്രുവം, അധ്യായം 111 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ നേരേ വന്നു ഡാഡിയേ കണ്ടു. മാസ്ക് വെച്ചിരുന്ന കൊണ്ടും സാധാരണ ധരിക്കുന്ന വസ്ത്രം അല്ലാത്തത് കൊണ്ടും അവനെ ആരും പെട്ടെന്ന് തിരിച്ചറിയില്ലയിരുന്നു

“ഞാൻ കൃഷ്ണയുടെ മുറിയിൽ ഉണ്ട്. അങ്ങോട്ട് ആരെയും വിടണ്ട “

അവൻ പറഞ്ഞു

“അത് നോക്കിക്കൊള്ളാം നീ പൊയ്ക്കോ എന്ന് അദ്ദേഹവും പറഞ്ഞു

അവൻ വാതിലിൽ മുട്ടി കാത്തു

കൃഷ്ണ വാതിൽ തുറന്നു. മുന്നിൽ അർജുൻ. സ്വപ്നം ആണോന്ന് അവൾ ഒരു വേള സംശയിച്ചു പോയി. താൻ സ്വപ്നം കാണുകയാണോ?

അർജുൻ വേഗം അകത്തു കയറി വാതിൽ അടച്ചു കുറ്റി ഇട്ടു. പിന്നെ അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഒരായുസ്സിന്റെ വിരഹം അനുഭവിച്ചു കഴിഞ്ഞ പോലെ. ശരീരം തളർന്ന് പോകുന്നു. അവൻ അവളെ ഇറുകെ പിടിച്ചു മുടിക്കെട്ടിൽ മുഖം അമർത്തി

“എന്റെ പൊന്നെ ” എന്ന് അറിയാതെ വിളിച്ചു പോയി

കൃഷ്ണ കണ്ണീരോഴുകി പരക്കുന്ന മുഖം ആ നെഞ്ചിൽ അമർത്തി

“വരുമെന്ന് ഞാൻ കരുതിയില്ല അപ്പുവേട്ടാ “

അവൾ കണ്ണീരോട് പറഞ്ഞു

“നീ ഒറ്റയ്ക്ക് ആണെന്ന് പറഞ്ഞത് കൊണ്ട് വന്നതാണ്. ഞാൻ ജീവിച്ചിരിക്കുമ്പോൾ നീ ഒറ്റയ്ക്കാവാൻ ഞാൻ സമ്മതിക്കില്ല.”

അവൻ  അവളെ മൃദുവായി ചുംബിച്ചു. പിന്നെ കോരിയെടുത്തു ഉയർത്തി. കൃഷ്ണ ആ ശിരസ്സിൽ ചുംബിച്ചു കൈകൾ കഴുത്തിലൂടെ ചുറ്റി. അവൻ അവളെ മെല്ലെ ബെഡിൽ കിടത്തി. കൃഷ്ണയ്ക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു. അവൾ ഇമ വെട്ടാതെ അവനെ നോക്കി കിടന്നു. അവൻ വല്ലാതെ മെലിഞ്ഞു
ക്ഷീണിച്ചു. അവൾക്ക് ഹൃദയം വേദനിച്ചു. രണ്ട് കൈകളും നീട്ടി അവനെ അവൾ ക്ഷണിച്ചു. അവൻ നേർത്ത പുഞ്ചിരിയോടെ വേണ്ട എന്ന് തല ചലിപ്പിച്ചു. പിന്നെ നെറ്റി നെറ്റിയിലെക്ക് മുട്ടിച്ചു

“എന്റെ കൊച്ച് എത്ര വീക്ക്‌ ആണെന്ന് എനിക്ക് അറിയാം..നിന്റെ കൂടെ കിടന്ന എന്റെ കണ്ട്രോൾ പോകുകയും ചെയ്യും. അതോണ്ട് ഇവിടെ ഇരുന്നോളാം “

അവൻ കസേരയിൽ ഇരുന്നു

“കഷ്ടം ഉണ്ട് ട്ടോ”

അവൾ മുഖം ചുളിച്ചു

“പോടീ..എനിക്കും വയ്യടി. ക്ഷീണം ഉണ്ട്. എന്താ മാത്രം മെഡിസിൻ ആണെന്നോ. ശരീരം തളർന്നു പോകും പോലെയാ “

അവൾ അലിവോടെ ആ കൈ പിടിച്ചു

“ഇവിടെ വന്നു കിടക്ക് എന്റെ പൊന്നല്ലേ വാ “

അവൻ ഒന്ന് നോക്കി. അവൾ അല്പം നീങ്ങി കിടന്നു സ്ഥലം ഉണ്ടാക്കി. അർജുൻ അവൾക്ക് അരികിൽ വന്നു കിടന്നു. കൃഷ്ണ ഒന്ന് ചരിഞ്ഞു ആ നെഞ്ചിലേക്ക് മുഖം വെച്ചു

“ചിലപ്പോൾ ഇനി കാണുക രണ്ടു മൂന്നാഴ്ച്ചക്ക് ശേഷം ആകും “

അവൻ മെല്ലെ പറഞ്ഞു

“അതെന്താ?”

“നിന്നെ രണ്ടാഴ്ച കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യുകയുള്ളൂ. അല്ലെങ്കിൽ മൂന്ന്. ഞാൻ വന്നിട്ടെ നി വീട്ടിൽ വരാവു..”

“അത്രയും ദിവസം എന്തിന അപ്പുവേട്ടാ? ഇപ്പൊ ഒരു വിധം എല്ലാം സുഖമായല്ലോ “

കൃഷ്ണ ആ മുഖം തലോടി

“എന്നാലും കുറച്ചു കൂടെ കഴിയട്ടെ. എന്റെ കുഞ്ഞ് ഒന്നുടെ മിടുക്കിയാവട്ടെ..”

അവന്റെ ശബ്ദം അടച്ചു

“ദീപു ചേട്ടൻ തനിച്ചായോ അവിടേ” കൃഷ്ണ ചോദിച്ചു

അർജുൻ മെല്ലെ പറഞ്ഞു

“ഷെല്ലിയുണ്ട്. എന്റെ കൂട്ടുകാർ ഒക്കെയും ഈ നാളുകളിൽ എനിക്ക് വേണ്ടി മാത്രം ജീവിച്ചവരാ.ഇപ്പോഴാണ് ഞാൻ അവരെ കുറച്ചു കൂടി മനസിലാക്കുന്നത്. അറിയുന്നത് “

കൃഷ്ണ കേട്ടു കിടന്നു

“ഓരോരുത്തരും നമ്മുടെ ജീവിതത്തിൽ എന്താണെന്ന് മനസിലാക്കാൻ ദൈവം ചില അവസരങ്ങൾ കൊണ്ട് തരും. എന്റെ ഡാഡിയോട് ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും ഞാൻ ഡാഡിയെ വേണ്ട പോലെ സ്നേഹിച്ചില്ല. രൂക്ഷമായി സംസാരിച്ചിട്ടുണ്ട്, പെരുമാറിയിട്ടുണ്ട്. ഇപ്പൊ എന്റെ ഡാഡി എങ്ങനെ ആണ് എന്ന് അടുത്ത് നിന്ന് കാണുമ്പോൾ സത്യത്തിൽ എനിക്ക് എന്നോട് തന്നെ ദേഷ്യം വരും. ഞാൻ ഒരു മോശം മനുഷ്യൻ ആയിരുന്നു “

“അല്ല അപ്പുവേട്ടാ. മോശമൊന്നുമല്ല. ദേഷ്യം ഉണ്ട്. അത് ഇപ്പൊ ഒന്ന് അടങ്ങി. നാളെ അത് പുറത്ത് വന്നേക്കാം. നമ്മുടെ രക്തത്തിൽ ഉള്ളതല്ലേ ചില സ്വഭാവങ്ങൾ. സാരമില്ല ട്ടോ “

“എന്റെ കൊച്ചിനും ഞാൻ കാരണമല്ലേ ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്? ഇല്ലെങ്കിൽ എത്ര സമാധാനം ആയിട്ട് ജീവിച്ചു കൊണ്ടിരുന്നതാണ്,

“ആ നേരം പ്രണയം അറിയാൻ പറ്റുമായിരുന്നൊ?” അവൾ കുസൃതിയിൽ ചോദിച്ചു

“ഈ ആള് എന്റെ ഉള്ളിൽ വന്നു കഴിഞ്ഞല്ലേ എല്ലാം അറിഞ്ഞത്?അവന്റെ നെഞ്ചിൽ അവൾ വിരൽ കൊണ്ട് മെല്ലെ വരഞ്ഞു

“എന്താണ് കൃഷ്ണ പ്രണയം?”

അവൻ ആ മൂക്കിൻ തുമ്പിൽ കടിച്ചു

“നിന്നെ കാണാതാകുന്ന നിമിഷം മുതൽ ഏത് സമയവും നിന്നു പോകുന്ന ഹൃദയവുമായി ഞാൻ ജീവിക്കുന്നതാണ്  എന്റെ പ്രണയം “

കൃഷ്ണ മെല്ലെ പറഞ്ഞു

“അങ്ങനെ എങ്കിൽ ഭ്രാന്ത് പിടിച്ച് പോകുന്നതിനു എന്താ മോളെ പറയുക?”

കൃഷ്ണ പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ വരിഞ്ഞു മുറുക്കി

” എന്റെ അപ്പുവേട്ടനെന്തിനാ ഇത്രയും സ്നേഹിക്കുന്നത്? “

അവൻ ചിരിച്ചു

“നീ..എന്നെയിങ്ങനെയാക്കിയതല്ലേ?”അവൻ അടക്കി പറഞ്ഞു

“എനിക്ക് ഉമ്മ വേണം “

അർജുൻ ആ കവിളിൽ ഒരുമ്മ കൊടുത്തു

“ഇതെന്തു ഉമ്മ? ഇതല്ല “

അവൾ കുസൃതിയിൽ പറഞ്ഞു. അർജുൻ നേർത്ത ചിരി യോടെ നോക്കി.. പിന്നെ മൂക്ക് കൊണ്ട് ചുണ്ടിൽ ഉരസി. ചുണ്ടിൽ ചുണ്ട് കൊണ്ട് ഒന്ന് തൊട്ടു ചുണ്ടുകൾ ഉള്ളിലേക്ക് എടുത്തു

അതിമധുരം

അവളുടെ നാവിന്റെ സ്വാദ് ഉള്ളിൽ വന്നപ്പോൾ അർജുന്റെ ഉടൽ പൊട്ടിത്തരിച്ചു. ശരീരമാകമാനം ഒരു ഉണർവ്വ്. നിമിഷങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു

അർജുൻ മുഖം എടുത്തപ്പോൾ കൃഷ്ണ അടഞ്ഞ കണ്ണുകൾ തുറന്നാ മുഖത്തേക്ക് നോക്കി

“തേൻ “

അവൻ മന്ത്രിച്ചു

കൃഷ്ണ പുഞ്ചിരിച്ചു

“എത്ര ദിവസമായി…”

അവൾ അടക്കി പറഞ്ഞു

“പക്ഷെ..ഇത്രയും മതി. മോള് ഉറങ്ങിക്കോ “

അവൾ ഒരു ഇടി വെച്ചു കൊടുത്തു

“എന്നേ ഉറക്കാൻ വന്നതാണോ?”

“അതേ. എന്റെ കൊച്ച് ഒറ്റയ്ക്ക് എന്നേ മാത്രം ഓർത്തു വിഷമിച്ച് ഇങ്ങനെ ഇരിക്കുകയല്ലേ അതല്ലേ വന്നത്. ഉം?”

കൃഷ്ണ അവനെ വട്ടം പിടിച്ചു. അവനും മരുന്നുകൾ ഉണ്ട്. ഉറക്കം ആവശ്യമാണ്. അവൾക്ക് അറിയാം. ഉറങ്ങിയില്ലെങ്കിൽ ചില നേരം അത് വല്ലാതെ ബാധിക്കും. അവന്റെ കൈകൾ വളരെ സൂക്ഷിച്ചവളുടെ ശരീരത്തിൽ പതിഞ്ഞു

മെല്ലെ ഒന്ന് ചേർത്ത് കിടത്തി. ഒരു പൂവിനെ തൊടും പോലെ സൂക്ഷ്മതയോടെ, ഒട്ടും നോവാതെ

“മെഡിസിൻ എന്തെങ്കിലും ഉണ്ടൊ?”

“ഉണ്ടായിരുന്നു ഇപ്പൊ കഴിഞ്ഞു “

“ഉം കുഞ്ഞ് ഉറങ്ങിക്കോ “

കൃഷ്ണ ആ കണ്ണിലേക്കു തന്നെ നോക്കി കിടന്നു. പിന്നെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു മുഖം അവളുടെ ചിത്രം വരഞ്ഞ നെഞ്ചിലേക്ക് ചേർത്ത് വെച്ചു. അമർത്തി ചുംബിച്ചു. മെല്ലെ ഒന്ന് കടിച്ചു

“ഡി എന്താ ഉദ്ദേശം?” അവൻ കുസൃതിയിൽ ആ മുഖം ഉയർത്തി

“ഷർട്ട്‌ വേണ്ട ” അവൾ ചിണുങ്ങി

“നിന്റെ കാര്യം..എടി നീ എന്നേ ചീത്ത ആക്കരുത്. നിനക്ക് തന്നെയാ കുഴപ്പം..വേണ്ട “

അവൾ ആ ഷർട്ട്‌ അഴിച്ചു കളഞ്ഞു ചേർന്ന് കിടന്നു. പിന്നെ അവന്റെ മുഖത്തേക്ക് നോക്കി

“ഈ ശരീരം ആരുടേതാ,?” അവന്റെ നെഞ്ചിൽ തൊട്ട് അവൾ ചോദിച്ചു

അർജുൻ ഒരു നിമിഷം മറുപടി പറഞ്ഞില്ല

“എന്റെയാ ഇത്..എന്റെ അപ്പുവേട്ടനാ. എന്റെ മാത്രം. അപ്പൊ ഈ ശരീരം എന്റെ മാത്രാ. എനിക്ക് ഇഷ്ടം ഉള്ളതൊക്കെ ചെയ്യാം. പകരം അപ്പുവേട്ടൻ എന്റെ ശരീരം എടുത്തോ…എന്നിട്ട് ഇഷ്ടം ഉള്ളതൊക്കെ ചെയ്തോ…”

അവന്റെ കണ്ണ് നിറഞ്ഞു പോയി

“നിന്നെ ഞാൻ എന്താടി ചെയ്യുക?”

“ഇപ്പൊ എല്ലാമൊന്നും പറ്റില്ലല്ലോ “

അവൾ കള്ളച്ചിരി ചിരിച്ചു. പിന്നെ അവന്റെ കഴുത്തിലൂടെ കയ്യിട്ട് നെഞ്ചിൽ നെഞ്ച് ചേർത്ത് വെച്ചു തോളിൽ മുഖം അർപ്പിച്ചു അവന്റെ മുകളിൽ കിടന്നു

“എന്റെ കൊച്ചു ക്ഷീണിച്ചു. ഇപ്പൊ ഒട്ടും ഭാരമില്ല “

“ഒന്നിച്ചാകുമ്പോൾ നന്നായിക്കൊള്ളും ” അവൾ മെല്ലെ പറഞ്ഞു

അവൻ ആ മുടിയിലൂടെ തലോടി കൊണ്ട് ഇരുന്നു

“മോളെ എടി?”

“ഉം “

“വേദന ഉണ്ടൊ ഇപ്പൊ?”

“ഇല്ല “

“ഡാഡി പറഞ്ഞു ഏറെക്കുറെ എല്ലാം ok ആണെന്ന് “

“ഉം “

“എന്നാലും എന്തെങ്കിലും അസ്വസ്ഥത ഉണ്ടൊ?”

“ഒന്നുല്ലന്നേ…ഇപ്പൊ ഒന്നുല്ല. എന്റെ അപ്പുവേട്ടനെ കണ്ട മാത്രം മതി. പിന്നെ ഒന്നുല്ല. നല്ല സുഖമാ “

അവൾ മെല്ലെ പറഞ്ഞു. അവൾ അനുഭവിച്ച വേദനകൾ എത്രയെന്ന് അവന് ഊഹിക്കാമായിരുന്നു. അത് താൻ മൂലമാണെന്ന് ഓർക്കുമ്പോൾ ഹൃദയം പൊട്ടിപ്പോകും

“നീ ഉറങ്ങിയോ?”

“ഊഹും “

“വെഡിങ് ആനിവേഴ്സറി ആയിട്ട് അപ്പുവേട്ടൻ എന്റെ മോളെ…”

അവന്റെ ശബ്ദം ഇടറിപ്പോയി. കൃഷ്ണ പെട്ടെന്ന് മുഖം ഉയർത്തി. ആ കണ്ണീർ ചാലുകൾ തുടച്ചു കളഞ്ഞു

“ഇതൊക്കെ മാറട്ടെ കേട്ടോ… എന്റെ കൊച്ചിന് ഉഗ്രൻ സമ്മാനം തരുന്നുണ്ട്.”

“എനിക്കിങ്ങനെ കെട്ടിപിടിച്ചു കിടന്ന മതി വേറെ സമ്മാനം ഒന്നും വേണ്ട. എന്റെ കൂടെ ഉണ്ടായ മതി “

അർജുൻ ആ നിറുകയിൽ ചുംബിച്ചു

“എപ്പോഴും ആയാ മടുക്കും കേട്ടോ “

അവൻ കളിയിൽ പറഞ്ഞു

“ആർക്ക് മടുക്കും? അപ്പുവേട്ടന് മടുക്കുമായിരിക്കും “

അവൾ പിണങ്ങിയെന്നവണം നിരങ്ങിയിറങ്ങാൻ ഭാവിച്ചു

“എന്റെ പൊന്നെ..പിണങ്ങല്ലേ അവിടെ കിടക്ക്..”

അവൻ ഒന്ന് മുറുകെ പിടിച്ചു. അവൾ ആ നെഞ്ചിൽ അമർത്തി കടിച്ചു

“നോവുന്നെടി “

“ഇനി പറയ്യോ അങ്ങനെ?”

അവൻ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു കിടന്നു

“എനിക്ക് മടുക്കില്ല അപ്പുവേട്ടാ
കാലം എത്ര കഴിഞ്ഞാലും മടുക്കില്ല
സ്നേഹം കൂടുകയേയുള്ളു. ഓരോ കാഴ്ചയിലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന പോലെ…ഓരോ തവണ ഒന്നായ് അലിഞ്ഞു ചേർന്നു പിരിയുമ്പോൾ വീണ്ടും കൊതിയാണ്…ഒന്നായി ഒറ്റ മനസായി ഒറ്റ ഉടലായിട്ട് മരണം വരെ എന്റെ അപ്പുവേട്ടന്റെ മാത്രം ആയിട്ട് അങ്ങനെ..കൊതി മാറില്ല.. ഈ മണം എന്നേ ഭ്രാന്ത് പിടിപ്പിക്കും “

അവൾ അവന്റെ ഗന്ധം ഉള്ളിലേക്ക് എടുത്തു

“അപ്പുവേട്ടന്റെ മണം..ഈ കണ്ണുകൾ.. ഈ ചിരി.. ഈ ശബ്ദം..കൃഷ്ണ എന്നുള്ള വിളിയൊച്ച.. എടി..എന്നുള്ള ദേഷ്യം..”

അവന്റെ കണ്ണ് നിറഞ്ഞിട്ട് അനങ്ങാതെ കിടന്നു

“മോളെ,അന്ന് ഹോസ്പിറ്റലിൽ വന്നിട്ട് എന്നാണ് conscious ആയത്? ഞാൻ അതൊന്നും ആരോടും ചോദിച്ചില്ല. എനിക്ക് എന്തോ അത് ഓർക്കാൻ കൂടി വയ്യാരുന്നു “

“അന്ന് ഇവിടെ വരുമ്പോൾ എനിക്ക് ബോധമില്ല. ഞാൻ മരിച്ചു പോകാനായിരുന്നു കൂടുതൽ സാധ്യതയെന്ന് പിന്നെ ദൃശ്യ പറഞ്ഞു തന്നു. മൂന്നാമത്തെ ദിവസം കുഞ്ഞ് ബോധം വന്നു. പക്ഷെ ഓർമ്മകൾ ഒക്കെ മങ്ങിയ പോലെ..ആ ദിവസമൊക്കെ കടുത്ത വേദന ആയിരുന്നു. വേദന എന്ന് വെറുതെ പറഞ്ഞാൽ പോരാ. ഓരോ അണുവിലും വേദന.പക്ഷെ ഒരു രാത്രി..ഏത് രാത്രി എന്ന് എനിക്ക് അറിയില്ല.. വേദനകൾ ഒക്കെ മാറി. നല്ല സുഖം തോന്നി. ശരീരത്തിനു ഭാരമില്ല. ഞാൻ പഞ്ഞിത്തുണ്ട് പോലെ…അപ്പൊ എന്റെ കിടക്കയ്ക്ക് അരികിൽ അപ്പുവേട്ടന്റെ അമ്മ.”

അർജുൻ ഞെട്ടിപ്പോയി

“അമ്മയോ?”

“ഉം ഞാൻ കണ്ടതാ. അമ്മ ചിരിച്ചു. എന്റെ ശരീരത്തിലും മുഖത്തുമൊക്കെ തലോടി..പിന്നെ എന്റെ കൈ പിടിച്ചു…ഒരുമ്മ തന്നു..അപ്പുനെ വിട്ടു പോകരുത് എന്ന് പറഞ്ഞത് പോലെ..അല്ല അങ്ങനെ പറഞ്ഞു.. എന്റെ അപ്പുനെ നോക്കിക്കോണം എന്ന് പറഞ്ഞു…പിന്നെ… പിന്നെ അമ്മ കരഞ്ഞു…അപ്പൂന് വയ്യ എന്ന് പറഞ്ഞു കരഞ്ഞു.. ഞാനും കരഞ്ഞു. പിന്നെ അമ്മ പോയി…അന്ന് മുതലാണ് എനിക്ക് മാറ്റം വന്നു തുടങ്ങിയത്. ഈ മരുന്നുകൾ അല്ല അപ്പുവേട്ടാ എന്നേ ഭേദമാക്കിയത്. അമ്മയാ. അമ്മ എന്റെ നെഞ്ചിലും വയറിലുമൊക്കെ തടവി..”

അർജുൻ വിങ്ങി പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു.

അമ്മ വന്നു. തന്റെ അടുത്ത് വന്നില്ല. പക്ഷെ തന്റെ പെണ്ണിന്റെ അരികിൽ വന്നു. അവളെ തൊട്ടു. ഉമ്മ കൊടുത്തു

അവന് സഹിക്കാൻ പറ്റുന്നില്ലായിരുന്നു

അമ്മേ എന്നൊന്ന് നിലവിളിച്ചു കരയാൻ തോന്നിപ്പോയി

“അപ്പൂന് വയ്യ എന്ന് പറഞ്ഞത് എന്റെ ഓർമ്മയിൽ ഉണ്ടായിരുന്നു. ഉണർന്നപ്പോൾ കാണാഞ്ഞപ്പോ എനിക്ക് മനസിലായി. പക്ഷെ അത് ഇതാണെന്ന് എനിക്ക് മനസിലായില്ല. ഞാൻ കരുതി എന്നേ പോലെ… അവർ ചിലപ്പോൾ അപ്പുവേട്ടനെയും ഷൂട്ട്‌ ചെയ്തിട്ടുണ്ടാകും എന്ന്. ആരും എന്നോട് ഒന്നും പറഞ്ഞില്ല. ഞാൻ നീറി നീറി. ശരീരത്തിന്റെ വേദന, മനസിന്റെ വേദന..ഓർക്കാൻ വയ്യ “

അർജുൻ അവളുടെ മുഖം ഉമ്മകൾ കൊണ്ട് പൊതിഞ്ഞു

“ഒക്കെയും പറയാൻ വേണ്ടി വിളിച്ചപ്പോൾ എന്നേ ഓർമ്മയില്ലന്ന് “

അവളുടെ ശബ്ദം ഇടറി

“അപ്പുവേട്ടാ നമ്മൾ ശരിക്കും മരിക്കുന്നത് എപ്പോഴാന്നറിയുമോ?അത് ശ്വാസം നിന്നു പോകുമ്പോഴല്ല. ഹൃദയം നിന്നു പോകുമ്പോഴല്ല. തലച്ചോർ പ്രവർത്തനം നിർത്തുമ്പോഴും അല്ല. നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ നമ്മൾ ഇല്ലാതെയാകുമ്പോഴാ. എന്റെ പ്രാണൻ എന്നേ ശരിക്കും വിട്ടു പോയത് പോലെ എനിക്ക് തോന്നിയത് അപ്പുവേട്ടന്റെ ഓർമ്മയിൽ നിന്ന് എന്റെ മുഖം മാഞ്ഞു പോയപ്പോഴാ. നീയാരാ എന്ന് ചോദിച്ച  നിമിഷം  കൃഷ്ണ മരിച്ചു പോയി “

അർജുൻ പൊട്ടിക്കരഞ്ഞു പോയി

“എന്റെ പൊന്നെന്നോട് ക്ഷമിക്ക് “

അവൻ വിതുമ്പി പറഞ്ഞു. കൃഷ്ണ ആധിയോട് ആ മുഖം തന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു

“സങ്കടപ്പെടല്ലേ. എന്റെ വിഷമം പറഞ്ഞതാ. ഇനി പറയില്ല. എനിക്ക് അറിയാം സുഖം ഇല്ലാഞ്ഞിട്ടാ എന്ന്. എന്റെ അപ്പുവേട്ടനല്ലേ കരയരുത് അത് താങ്ങാൻ വയ്യ എനിക്ക് “

“മോളെ എനിക്ക് വീണ്ടും അസുഖം വരുമെന്ന് എനിക്ക് അറിഞ്ഞു കൂടായിരുന്നു. ഇതിങ്ങനെ വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ സ്നേഹിക്കില്ലായിരുന്നു. നിന്നെ വിവാഹം കഴിക്കില്ലായിരുന്നു. ഒരു പെണ്ണിന്റെയും ജീവിതം ഞാൻ നശിപ്പിക്കില്ലായിരുന്നു. ഒറ്റയ്ക്ക് ജീവിച്ചു തീർത്തേനെ. അറിഞ്ഞില്ല ഞാൻ “

കൃഷ്ണ ആധിയോട് കൂടി ആ മുഖം പിടിച്ചു നേരെയാക്കി

“എന്താ ഈ പറയുന്നത് അപ്പുവേട്ടാ? ഈ അസുഖത്തിനെന്താ? എല്ലാ അസുഖം പോലെയുള്ളു ഇത്. കാൻസർ വരുന്നവരെ പ്രണയിക്കുന്നവർ ഇല്ലെ അപ്പുവേട്ടാ? എനിക്ക് അറിയാരുന്നല്ലോ ഇങ്ങനെ ഒരസുഖം വന്നിട്ടുണ്ടെന്ന്. ഒരു ഡോക്ടർ അല്ലെ ഞാൻ? എനിക്ക് അറിയാം മിക്കവാറും അത് വേറെ ഒരു ഷോക്കിൽ ട്രിഗ്ർ ആകുമെന്ന്. വീണ്ടും വന്നേക്കാമെന്ന്. അത് അറിഞ്ഞു കൊണ്ടാണ് ഞാൻ സ്നേഹിച്ചത്. എനിക്ക് അതൊന്നും ഒന്നുമല്ല. മനസിന്റെ അസുഖവും ശരീരത്തിന്റെ അസുഖവും ഒരെ പോലെ തന്നെ. ഞാൻ സ്നേഹിച്ചു തുടങ്ങുമ്പോൾ ഇനിയെന്ത് വന്നാലും ഞാൻ ഈ ആളെ വിട്ടു പോകില്ല എന്നുറപ്പിച്ചിരുന്നു. എനിക്ക് അത് പറ്റാഞ്ഞിട്ടാ അപ്പുവേട്ടാ. അത് കൊണ്ട് എന്റെ പൊന്ന് ഇനി ഇത് പറയരുത് “

പരസ്പരം ആശ്വസിപ്പിച്ചു കൊണ്ട് പരസ്പരം ഓരോന്നും പറഞ്ഞു തീർത്തു കൊണ്ട്..അങ്ങനെ കിടക്കുമ്പോൾ പ്രപഞ്ചം അവരിലേക്ക് ഒതുങ്ങി

രാത്രി വളർന്നതും പുലർച്ചെ ആയതും അവർ അറിയുന്നില്ലായിരുന്നു. അവർ അവരെ മാത്രം കണ്ടു. അവരെ മാത്രം അറിഞ്ഞു. അവരുടെ ലോകം. അവരുടെ പ്രണയഭൂമി

തുടരും….

Leave a Reply

Your email address will not be published. Required fields are marked *