കൃഷ്ണയുടെ ഹൗസർജൻസി പീരിയഡ് കഴിഞ്ഞു
അവർ വയനാട്ടിലേക്ക് തിരിച്ചു..ഷെല്ലി എല്ലാം ഏർപ്പാട് ചെയ്തിരുന്നു. വഴിയിൽ നന്ദന കൂടെ ചേർന്നു. ഷെല്ലിയുടെ അമ്മാവന്റെ മകളാണ് നന്ദന
നന്ദന വയനാടിനെ കുറിച്ച് പറയുകയായിരുന്നു
വയനാട്…
“വയനാടിനെ കുറിച്ച് പറയുകയാണെങ്കിൽ മലകളും പുഴകളും കാട്ട് അരുവികളും ധാരാളം ഉള്ള ഭൂപ്രദേശമാണ് വയനാട്. വൃത്തിയുടെ കാര്യത്തിൽ കേരളത്തിൽ നമ്പർ വൺ പട്ടണമായ സുൽത്താൻബത്തേരി പട്ടണത്തിൽ നിന്നും മൈസൂരിലേക്ക് പോകുന്ന എൻഎച്ച് 766 റോഡിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ മുത്തങ്ങ എന്ന സ്ഥലത്ത് എത്തും. അവിടെ മനോഹരമായ പുഴ കാണാം, ആന വളർത്തൽ കേന്ദ്രം കാണാം, അവിടെ നിന്ന് വനത്തിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ചുക്കാലിക്കുനി,കുമിളി എന്നിങ്ങനെ പേരുകളുള്ള ചെറിയ ഒരു ഗ്രാമം, അവിടെ ആദിവാസികളും, വയനാടൻ ചെട്ടി സമുദായത്തിൽ പെട്ടവരും ആണ് താമസം. അരുവികളും പുഴകളും ഉള്ള കൃഷിസ്ഥലം. നെൽപ്പാടമാണ് കൂടുതലും, മൃഗങ്ങൾ ധാരാളം വരുന്ന സ്ഥലം. അവിടെയുള്ളവരുടെ ഭക്ഷണരീതി ചേന, ചേമ്പ്, താള്, ഞണ്ട്, മീൻ, കാട്ടിറച്ചി എന്നിങ്ങനെയായിരുന്നു. എന്നാൽ മൃഗസംരക്ഷണം വന്നതോടെ മൃഗങ്ങളെ വേട്ടയാടൽ പാടെ നിന്നു. ഇപ്പോൾ നാട്ടിൻ പ്രദേശങ്ങളിലെ പോലെയുള്ള ഭക്ഷണം ആണ് അവർ കഴിക്കുന്നത്. മുത്തങ്ങയിൽ നിന്ന് ഒരു കിലോമീറ്റർ പോയാൽ വനത്താൽ ചുറ്റപ്പെട്ട തകരപ്പാടി എന്ന സ്ഥലം കാണാം.
അവിടെയാണ് ആദിവാസികൾ കുടിൽ കെട്ടി ബൂ സമരം നടത്തുന്നതിനിടയിൽ വലിയ പ്രക്ഷോഭം നടക്കുകയും, വെടിവെപ്പിൽ ഒരു ആദിവാസിയും ഒരു പോലീസുകാരനും മരിക്കുകയും ചെയ്‌തത് .അവിടെ നിന്നും 6 കിലോമീറ്റർ പോയാൽ വനത്തിൽ ചുറ്റപ്പെട്ട പൊൻകുഴി എന്ന കൊച്ചു ഗ്രാമം കാണാം. ആ ഗ്രാമത്തിന് കുറച്ചധികം പ്രത്യേകതകളുണ്ട്. കർണാടക ബോർഡർ, ശ്രീരാമനും സീതാദേവിയും വനവാസത്തിന് വന്നപ്പോൾ വിശ്രമിച്ച സ്ഥലം, ശ്രീരാമൻ സീതാദേവിയെ ഉപേക്ഷിച്ചപ്പോൾ സീതാദേവിയുടെ കണ്ണുനീർ വീണു എന്ന് പറയപ്പെടുന്ന കണ്ണുനീർ തടാകം. അതിമനോഹരമായ ശ്രീരാമ സീതാദേവി ക്ഷേത്രം വിശാലമായി ഒഴുകുന്ന പുഴ, നെൽവയലുകൾ, കുറച്ച് ആദിവാസികൾ മാത്രം താമസിക്കുന്ന സ്ഥലം. എന്തുകൊണ്ടും അതിമനോഹരമായ വയനാടിന്റെ ചെറിയ ഒരു ഭാഗം.”
നന്ദന പറഞ്ഞു കൊണ്ട് ഇരുന്നു
“യൂ ട്യൂബ് ചാനൽ ഉണ്ടൊ നന്ദനയ്ക്ക്?”
കൃഷ്ണ ചോദിച്ചു
“എങ്ങനെ മനസിലായി?”
“പറയുന്ന രീതി കേട്ടിട്ട് “
കൃഷ്ണ പുഞ്ചിരിച്ചു
“എനിക്ക് ഒരു ചാനെൽ ഉണ്ട് കേട്ടോ. വെറുതെ ഇരിക്കണ്ടല്ലോ. ഇവിടെ ഒക്കെ കാണാൻ നല്ല രസല്ലേ. അപ്പൊ പകൽ ഒക്കെ അത് ഷൂട്ട് ചെയ്യും. ഇനി ഡോക്ടറെയും ഷൂട്ട് ചെയ്യും നോക്കിക്കോ…”
അർജുനും കൃഷ്ണയും നന്ദനയും വാഹനത്തിൽ വയനാട്ടിലൂടെ സഞ്ചരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു
“നമ്മുടെ വീട് എവിടെ ആണ്?”
“വീട് കുറേ നോക്കി ട്ടോ. ടൗണിൽ പോലെയല്ല ഇവിടെ കിട്ടാനില്ല. ഇത് പനവേലി എന്ന സ്ഥലമാണ്. നിങ്ങൾ പറഞ്ഞത് പോലെഎല്ലാം ഇവിടെ ഉണ്ട്. പക്ഷെ വീട് കിട്ടിയില്ല. പിന്നെ പുൽപ്പള്ളി അടുത്ത് ചെങ്ങാടി എന്നൊരു സ്ഥലം ഉണ്ട്. അവിടെ ആണ് നിങ്ങൾക്ക് ഉള്ള വീട്. തൊട്ട് അടുത്ത്. കബനി പുഴ ഉണ്ട് ഫോറെസ്റ്റ് ഉണ്ട്. കുറേ കൃഷി സ്ഥലങ്ങൾ ഉണ്ട്. നീര്ചോലകൾ ഉണ്ട്. പിന്നെ മൃഗത്തിന്റെ കുറച്ചു ശല്യം ഉണ്ട്. അതിന് അവർ ചില ടെക്‌നിക്സ് ഒക്കെ യൂസ് ചെയ്യുന്നുണ്ട്. ഇവിടയാണ് നമ്മുടെ സ്ഥലം. സ്വന്തം ആയിട്ട് മേടിക്കുന്നതിനൊക്കെ കുറേ procedure ഉണ്ട്. ഉടനെ ഒന്നും നടക്കല്ല. കാരണം രജിസ്റ്റർ ചെയ്യാൻ പലർക്കും ശരിക്കുമുള്ള മുൻ ആധാരം ഒക്കെ കാണില്ല. അത് കൊണ്ട് കുറേ സമയം എടുക്കും. ഇത് എന്റെ കൂട്ടുകാരിയായ മഞ്ജുളയുടെ വീടാണ്. അച്ഛനും അവളും മാത്രം ആയിരുന്നു..അവൾ ഇപ്പൊ സിവിൽ സർവീസ് ലഭിച്ചു ഡൽഹിയിൽ ആണ്. പോസ്റ്റിങ്ങ് അവിട തന്നെ. അച്ഛനെയും കൊണ്ട് പോയി. ഈ മേഖലയിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് ജേതാവാണ്. അവളുടെ വീടാണ് ഇത്. ഭാഗ്യത്തിന് പേപ്പർസ് എല്ലാം ഉണ്ടായിരുന്നു. അത് കൊണ്ടാണ് രജിസ്റ്റർ ചെയ്യാൻ പറ്റിയത്..
ഷെല്ലി ചേട്ടൻ ഇടക്ക് വന്നാരുന്നു. എല്ലാം ശരിയാക്കിയിട്ടാ പോയത്. ടൗണിൽ ഒക്കെ ജീവിച്ചിട്ട് ഇവിടെ നിങ്ങൾക്ക് എത്ര ഇഷ്ടം ആകുമെന്ന് അറിയില്ല എനിക്ക്. പക്ഷെ കുറച്ചു നാള് ഉള്ളു എന്ന് പറഞ്ഞു ചേട്ടൻ. ഹണിമൂൺ ആണ് അല്ലെ?”
കൃഷ്ണ ഒന്ന് ചിരിച്ചു അതേ എന്ന് തലയാട്ടി
“അപ്പൊ ചിലപ്പോൾ ഇഷ്ടം ആകും വ്യത്യസ്ത മായ അനുഭവം ആയിരിക്കും”
അവർ അവിടെ എത്തി. കാർ പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ട്
“ഇവിടെ നിന്നു അഞ്ചു കിലോമീറ്റർ ദൂരമേയുള്ളു എന്റെ വീട്ടിലേക്ക്. ഒന്ന് ഫോൺ ചെയ്താ മതി. ഞാൻ എത്തിക്കൊള്ളാം. എന്ത് ആവശ്യമുണ്ടെങ്കിലും പറയണം.”
കൃഷ്ണ തലയാട്ടി
“പിന്നെ കൂടെ വന്നവർക്ക് താമസിക്കാൻ ഉള്ള സൗകര്യം അവിടെയാണ്. അത് ഒരു റിസോർട് ആണ്. അവർ അവിടെ താമസിച്ചോളുമല്ലോ അല്ലെ?”
അർജുൻ ഒന്ന് മൂളി. പുറകിൽ രണ്ടു കാറിൽ വന്നവർ മുകളിൽ തന്നെ നിന്നു.
സെക്യൂരിറ്റി വേണ്ടാന്ന് നുറു വട്ടം പറഞ്ഞതാണ് ഡാഡി കേട്ടില്ല. പതിവില്ലാതെ അച്ഛനും അത് സമ്മതിച്ചു തന്നില്ല
“അവര് റിസോർട്ടിൽ താമസിച്ചോളും അർജുൻ. പക്ഷെ ഫ്രീ ആയിട്ട് നിങ്ങളെ ഒറ്റയ്ക്ക് വിടാൻ പറ്റില്ല. കൃഷ്ണ കൂടെയുണ്ട്. ഒരിക്കൽ അനുഭവിച്ചതാണ് ഇനി വയ്യ.” അച്ഛൻ തീർത്തു പറഞ്ഞു
സമ്മതിച്ചു കൊടുത്തു
“നിങ്ങൾ മാത്രമേയുള്ളു താമസിക്കാനായിട്ട്?”
“അതേ “
“വീട് കാണിച്ചു തരാം കേട്ടോ. ശരിക്കും ഇങ്ങനെ ഒന്നുമില്ലായിരുന്നു. മൊത്തം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. ഷെല്ലി ചേട്ടൻ കുറേ പണിക്കാരെ ഒക്കെ കൊണ്ടാ വന്നേ.അവരാണ് ഇതിനെ ഇങ്ങനെ ആക്കിയെടുത്തത്. മൂന്നാല് മുറികൾ എക്സ്ട്രാ ചെയ്തു. എ സി വെച്ചു പിന്നെ അടുക്കളയിൽ ഗ്യാസ് കണക്ഷൻ എടുത്തു. പുറത്ത് അടുപ്പുണ്ട് അവിടെ നിങ്ങൾ കുക്ക് ചെയ്യില്ല എന്ന് വിശ്വസിക്കുന്നു. ആ റിസോർട്ടിൽ ഫുഡ് കിട്ടും നല്ല ഫുഡ് ആണ്. അല്ലെങ്കിൽ പറഞ്ഞാൽ മതി വീട്ടിൽ നിന്ന് കൊടുത്തു വിടാം “
“ഹേയ് അതൊന്നും വെണ്ട. ഞാൻ പാചകം ചെയ്യും അടുപ് മതി. പരിചയം ഉണ്ട്. ഗ്യാസ് ഒന്നും വേണ്ട. ഇഷ്ടം പോലെ വിറകുണ്ടല്ലോ “
നന്ദനക്ക് അത്ഭുതം തോന്നി
ഷെല്ലിച്ചേട്ടൻ പറഞ്ഞത് വലിയ പണക്കാർ ആണെന്നാണ്. കണ്ടപ്പോഴും അത് തോന്നി. പക്ഷെ വളരെ സിമ്പിൾ. നല്ല ഭംഗിയുള്ള രണ്ടു പേര്
“നിങ്ങൾ ഒക്കെ എങ്ങനെയാ.?”
കൃഷ്ണ കൗതുകത്തോടെ ചോദിച്ചു
“ഇവിടെ എല്ലാം കിട്ടുമെല്ലോ. ദേ അങ്ങോട്ട് ഒന്നിറങ്ങിയ ഇഷ്ടം പോലെ പച്ചക്കറി കിട്ടും. ആരും നട്ടു നനച്ച് ഉണ്ടാക്കുന്നത് അല്ലാട്ടോ. കോവയ്ക്ക ഒക്കെ താനെ പൊടിച്ചു വന്നു നിറഞ്ഞു നിൽക്കുന്നത് കണ്ടോ. നിങ്ങൾ രണ്ടു പേരല്ലേയുള്ളു. കുറച്ചു മതി. ദേ പടർന്നു കിടക്കുന്നുണ്ട് മത്തങ്ങാ. ഒരു കറി അവനെ കൊണ്ട് പറ്റും. പിന്നെ ഇഷ്ടം പോലെ ചേമ്പ് ഒക്കെ യുണ്ട്. പിന്നെ ഒരുട്ടം ഉണ്ട് മുള. അതിന്റെ ചെറിയ മുളക്കൂമ്പ് വെച്ച് കറി ഉണ്ടാക്കാം നല്ല സ്വാദാ. പറഞ്ഞു തരാം അതൊക്കെ “
നന്ദന ചിരിച്ചു
“പുഴ മീൻ കിട്ടും. കടൽ മീൻ കുറവാണ്
പുഴ മീനിന് നല്ല രുചി ആണ്. പിന്നെ ചിക്കൻ ആണെങ്കിൽ വീട്ടിൽ വളർത്തുന്ന ഒന്നിനെ വല്ലോം സംഘടിപ്പിച്ചു തരാം. ഇല്ലെങ്കിൽ ഹോട്ടലിൽ നിന്ന് വാങ്ങാം “
കൃഷ്ണ ചിരിച്ചു
“വണ്ടി ഉള്ളത് കൊണ്ട് കുഴപ്പമില്ല. നിങ്ങൾക്ക് പോയി വാങ്ങാമല്ലോ. അല്ലെങ്കിൽ ചെക്കന്മാർ ടൗണിൽ പോകുന്നവർ ഉണ്ട് ലിസ്റ്റ് തന്ന മതി ഞാൻ വാങ്ങിപ്പിച്ചു തരാം “
കൃഷ്ണ അത് ശരി വെച്ചു
“കൊതുക് ഉണ്ടാവും വൈകുന്നേരം ഒന്ന് പുകയ്ക്കണം പിന്നെ ഗുഡ്‌നൈറ്റ് വെച്ചോ. കുറച്ചു ആശ്വാസം കിട്ടും “
കൃഷ്ണ ചുറ്റും നോക്കുകയായിരുന്നു
തണുപ്പ്. കാടിന്റെ ഭംഗി. എങ്ങും പച്ചപ്പ്
“തണുപ്പ് ഉണ്ട്. ബ്ലാങ്കറ്റ് ഉണ്ടൊ?”
“ഉണ്ട് കൊണ്ട് വന്നു “
അർജുൻ മുറ്റത്തു ഇറങ്ങി ഒരു സിഗരറ്റ് കത്തിച്ചു പുക വിട്ടു. നല്ല തണുപ്പുണ്ട്. നല്ല സ്ഥലം
കൃഷ്ണ അടുക്കളയിലേക്ക് കയറി
“ഇതെന്താ ഭൂമിക്കടിയിൽ ആണോ അടുപ്പ്?”
“അത് ഇവിടെ മിക്കവാറും വീട്ടിൽ ഈ അടുപ്പം ഉണ്ട് ട്ടോ. കുറച്ചു താഴ്ത്തി കെട്ടിയെടുത്തു ഉണ്ടാക്കുന്നതാ. നിലത്ത് ഇരുന്ന് പാചകം ചെയ്യാറുണ്ട് ഞങ്ങൾ. അവിടെ മിക്കവാറും എല്ലാവരും നിന്നു കൊണ്ടല്ലേ പാചകം. നാട്ടിലെ. ശരിക്കും പറഞ്ഞാൽ അമ്മമാർ റസ്റ്റ് ഇല്ലാതെ അങ്ങനെ നിൽക്കുന്നത് കൊണ്ടാണ് മുട്ട് വേദന, നടു വേദന, വേരിക്കോസ് എല്ലാം. ആ ഞാൻ ആരോടാ പറയുന്നേ
ഒരു ഡോക്ടറോട്. ഡോക്ടർക്കെല്ലാം അറിയാല്ലോ “
“കൃഷ്ണ അത് മതി “
കൃഷ്ണ നേർത്ത ചിരിയോടെ പറഞ്ഞു
“നമ്മൾ ഒരെ പ്രായമായിരിക്കും കൃഷ്ണ എന്ന് വിളിച്ച മതി “
കൃഷ്ണ വീണ്ടും പറഞ്ഞു
“വരുന്ന വഴിയിൽ നെൽപടങ്ങൾ കണ്ടല്ലോ “
“കൃഷി ഉണ്ട് “
“ആദിവാസി മേഖല ആണോ? ബസ് ഒക്കെ ഉണ്ടൊ? സ്കൂൾ ഒന്നും കണ്ടില്ല..”
കൃഷ്ണയ്ക്ക് കൗതുകം തീരുന്നില്ല
“ഈ ഗ്രാമം ഉണ്ടല്ലോ യൂണിക് ആണ് വനത്തിന് നടുവിൽ ഒരു ഗ്രാമം. കബനി പുഴ യുടെ തീരത്ത്. പുൽപള്ളി ടൗണിൽ നിന്നും 13 km, ഇടക്ക് ഒരു ksrtc ബസ് മാത്രം…യാത്ര സൗകര്യത്തിന്. ആദിവാസികളും ഉണ്ട്. ചെട്ടി, പണിയ വിഭാഗം ആളുകൾ അധിക വും താമസിക്കുന്നു. ഒരു LP സ്കൂൾ, റേഷൻ shop ഒഴികെ മറ്റു ആവശ്യങ്ങൾ ക്കായി പുൽപള്ളി ടൗണിൽ തന്നെ എത്തണം. വന്യ മൃഗങ്ങളുടെ ശല്യം ഉണ്ട്. ഇപ്പോഴും പുല്ലു മേഞ്ഞ തറ ചാണകം മെഴുകിയ വീടുകൾ ഈ ഗ്രാമത്തിൽ ഉണ്ട്. കാണാൻ നല്ല രസാണ് “
“എനിക്കിവിടെ മുഴുവൻ ചുറ്റി നടന്നു കാണാൻ ആഗ്രഹം ഉണ്ട്..”
കൃഷ്ണ പറഞ്ഞു
“കാണാമല്ലോ. ഇനിയും ഒരു പാട് അറിയാനുമുണ്ട്. അറിഞ്ഞാൽ പിന്നെ ഇവിടെ നിന്ന് പോകാൻ തോന്നില്ല. ഇന്നിനി റസ്റ്റ് എടുത്തോളൂ. ഭക്ഷണം പയ്യൻ എത്തിക്കും “
നന്ദന യാത്ര പറഞ്ഞു പോയി
കൃഷ്ണ ഒന്ന് കുളിച്ചു വേഷം മാറി വന്നു. അർജുൻ നേരെത്തെ ഫ്രഷ് ആയിരുന്നു
“എന്ത് തണുപ്പാ അല്ലടാ “
അർജുൻ സ്നേഹത്തോടെ അവളെ പൊതിഞ്ഞു പിടിച്ചു
“നമുക്ക് നാളെ സ്ഥലം കാണാൻ പോകണം.”
“പോകാം “
“കാർ വേണ്ട ട്ടോ “
“നടന്നു പോകാം “
“ഇപ്പൊ മനസ്സിന് എന്ത് സന്തോഷം എന്നറിയുമോ?’
അവിടെ അവളുടെ മുഖത്ത് ഒരുമ്മ കൊടുത്തു
“ഞാനും എന്റെ അപ്പുവേട്ടനും മാത്രം. ഇനി കുറേ നാളുകൾ.. വിഷമം ഉണ്ടൊ?”
“എന്തിനാ”
” നമ്മുടെ വീടിന്റെ ആർഭാടം ഒന്നുമില്ല “
“എന്റെ കൊച്ചില്ലേ കൂടെ? അത് മാത്രം മതി എനിക്ക് ഇവിടെ സ്വർഗമാണ്..എനിക്കും വേറെ ഒന്നും ചിന്തിക്കാൻ ഇഷ്ടം അല്ല ഇപ്പൊ.. നിന്റെ മാത്രം ആയ മതി. ടെൻഷൻ ഒന്നും ഉടനെ വയ്യ “
അവരങ്ങനെ കെട്ടിപിടിച്ചു ചൂട് പകർന്നു കിടന്നു
ഒരു വിളിയൊച്ച കേട്ട് അർജുൻ മുറ്റത്തേക്ക് ചെന്നു
ഒരു ചെക്കൻ. പതിനാറു വയസ്സ് വരും
“ആരാ”
“എന്റെ പേര് കാളിദാസൻ. കാളി എന്ന് വിളിക്കും. നന്ദന ചേച്ചി പറഞ്ഞിട്ട് വന്നതാ. ഇത് ഇവിടെ തരാൻ പറഞ്ഞു “
അപ്പോഴേക്കും കൃഷ്ണയും വന്നു . രണ്ടു മൂന്ന് സഞ്ചി നിറയെ സാധനങ്ങൾ
“ഇതൊക്കെ എന്താ?”
“അടുക്കളയിൽ വെണ്ട സാധനങ്ങൾ എന്ന പറഞ്ഞത്. പിന്നെ രാത്രി ഭക്ഷണം ഈ കവറിൽ ഉണ്ട്. പാല് വേണേൽ പറയണം. രാവിലെയും വൈകുന്നേരവും ഓരോ കുപ്പി എത്തിക്കാം “
“വേണം “
കൃഷ്ണ അതൊക്കെ വാങ്ങി
“എവിടെയാ കാളി താമസിക്കുന്നത്?”
“ദോ മലയുടെ താഴെ..ഒരു വിളി വിളിച്ചാ മതി കേട്ടോ ഓടി വരും ഞാൻ..”
അർജുൻ ചിരിച്ചു
“എങ്ങനെ വിളിക്കും. എത്ര ഉറക്കെ വിളിച്ചാ നീ കേൾക്കും?”
കാളി ഉറക്കെ ഒരു വിളി
കാളി……..
അത് മലയിടുക്കുകളിൽ തട്ടി പ്രതിധ്വനിച്ചു
“ആവൂ നല്ല സൗണ്ട് വേണമല്ലോ “
കാളി ചിരിച്ചു
“സന്ധ്യ കഴിഞ്ഞാ ആ റോഡിലോട്ട് ഒന്നും പോകണ്ട. ആന ഇറങ്ങും ചിലപ്പോൾ. ഇങ്ങോട്ട് വരില്ല. നമ്മൾ അങ്ങോട്ട് ചെന്നു അതിനെ പേടിപ്പിക്കാതിരുന്ന മതി “
അർജുൻ ചിരിച്ചു പോയി
“താൻ ആള് കൊള്ളാല്ലോ “
“എല്ലാരും പറയും,
കാളി തെല്ല് നാണത്തോടെ പറഞ്ഞു
“ചേട്ടന്റെ പേര്?”
“അർജുൻ “
“ചേച്ചി?”
“കൃഷ്ണ “
“അപ്പൊ ഞാൻ പോട്ടെ?”
“നിൽക്കു”
അർജുൻ നുറു രൂപയുടെ ഒരു നോട്ടെടുത്തു കൊടുത്തു
“അയ്യോ ഇത് എന്തിനാ? ഇതൊന്നും വെണ്ട. നിങ്ങൾ നമ്മുടെ നാട്ടിൽ വന്നവരല്ലേ? അപ്പൊ ഇതൊക്കെ ഞങ്ങൾ ചെയ്തു തരേണ്ടതാ.കൂലി മേടിക്കുന്ന ജോലിയല്ല ഇവിടെ ആർക്കും ഇത്. ആവശ്യം ഉണ്ടാവുമ്പോ ഒറ്റ വിളി
ഞാൻ എത്തി. പോട്ടെ “
അവൻ ഒറ്റ ഓട്ടത്തിന് വളവു തിരിഞ്ഞു പോയി
“നോക്കിക്കേ നമ്മുടെ നാട്ടിൽ ആയിരുന്നു എങ്കിലോ? ഇത് പോരാന്നു പറഞ്ഞു തർക്കിച്ചു വാങ്ങിയേനെ “
കൃഷ്ണ പറഞ്ഞു. അർജുൻ ഒന്ന് മൂളി. പിന്നെ അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു. ഭക്ഷണം നല്ല ചൂട് കഞ്ഞിയും ചമ്മന്തിയും കൂമ്പ് തോരനുമായിരുന്നു. നല്ല രുചി ഉണ്ടായിരുന്നു അത്
അവർ അത് കഴിച്ചു കഴിഞ്ഞ ഉടനെ ഫോൺ വന്നു
“ഇഷ്ടായോ?”
“ഉഗ്രൻ “
കൃഷ്ണ പറഞ്ഞു
“മെഴുകുതിരി തീപ്പെട്ടി കുറച്ചു മണ്ണെണ്ണ. ഒക്കെ അതിലുണ്ട് കേട്ടോ. inverter കണക്ഷൻ ഉണ്ട്. എന്തെങ്കിലും പ്രോബ്ലം വന്നാൽ. അത് എടുക്ക് ട്ടോ “
“താങ്ക്യൂ “
“എനിക്ക് വിളക്ക് ഒരെണ്ണം വാങ്ങണം. കത്തിക്കാൻ പ്രാർത്ഥിക്കാൻ.”
“നാളെ ഞാൻ കൊടുത്തു വിടാം. ഇവിടെ മൂന്നാല് എണ്ണം എക്സ്ട്രാ ഉണ്ട് “
“ആയിക്കോട്ടെ “
“എങ്കിൽ ഗുഡ്‌നൈറ്റ് “
“ഗുഡ്‌നൈറ്റ് “
കൃഷ്ണ ഫോൺ വെച്ചിട്ട് അർജുന്റെ അരികിൽ ചെന്നു. അവൻ കൈകൾ വിടർത്തി അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു
“ഇന്ന് മുതൽ നിയന്ത്രണങ്ങൾ ഒന്നുമില്ല”
അവൻ മന്ത്രിച്ചു
“നമ്മൾ ഈ കാട്ടിലെ മനുഷ്യരെ പോലെ ജീവിക്കാൻ പോവാ…തോന്നുമ്പോൾ ഉറങ്ങി തോന്നുമ്പോ എഴുന്നേറ്റു..തോന്നുമ്പോൾ ഒക്കെ ഇണ ചേർന്ന്…”
അവൻ അവളുടെ ഉടുപ്പ് മെല്ലെ ഊരികളഞ്ഞു
“വന്യമായ ര- തി എന്താന്ന് മോളിനിയാണ് അറിയാൻ പോകുന്നത് “
കൃഷ്ണ കണ്ണുകൾ അടച്ച് അവനെ തന്നിലേക്ക് അമർത്തി
തുടരും….