പിന്നെ നിർബന്ധിച്ചപ്പോഴാണ് പറഞ്ഞത് ഏട്ടൻ രാത്രി അവളുടെ വീടിനു പുറകിൽ ചെല്ലുമെന്നും അവളോട് ഇറങ്ങി വരാൻ പറഞ്ഞുവെന്നും…

മൃദുല….
എഴുത്ത്: ദേവാംശി ദേവാ
===================

ആശുപത്രിയിലെ ക്യാന്റീനിൽ നിന്ന് അമ്മക്കുള്ള ആഹാരവും വാങ്ങി വാർഡിലേക്ക് എത്തുമ്പോൾ ഒരു സിസ്റ്റർ അമ്മക്ക് ഇഞ്ചക്ഷൻ എടുക്കുകയായിരുന്നു.

ഇൻജെക്ഷനും എടുത്ത് ബി പിയും നോക്കി അവർ തിരിഞ്ഞപ്പോഴാണ് ആ മുഖം ഞാൻ വ്യക്തമായി കണ്ടത്. കാലിൽ നിന്നൊരു വിറയൽ ശരീരത്തിലാകെ പടർന്നു…

കാലങ്ങളായി കാണാൻ കാത്തിരുന്നവളെ ഒരു നോക്ക് കണ്ടിട്ടും ഒന്ന് അനങ്ങാൻ കഴിയാതെ മിണ്ടാൻ കഴിയാതെ കുറേ നേരം അങ്ങനെ  നിന്നു..

അമ്മയെ നോക്കിയപ്പോ അമ്മക്ക് അവളെ മനസിലായില്ലെന്ന് തോന്നി. പക്ഷെ അവൾക്ക് മനസിലാകാതെ ഇരിക്കോ..

വേഗം നഴ്സിംഗ് റൂമിലേക്ക് ചെന്നു. പ്രായം കുറഞ്ഞൊരു സിസ്റ്റർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.

“എന്താ മേഡം..”

“മൃദു…മൃദുല..മൃദുലയെ കാണണം.”

“മൃദുല സിസ്റ്റർ ഡ്യൂട്ടി കഴിഞ്ഞ് ഇപ്പോ പോയതേയുള്ളു.”

“ഇനി എപ്പോഴാ വരിക..”

“നാളെ ..മോർണിംഗ് ഡ്യൂട്ടി ആണ്. രാവിലെ എട്ട് മണിക്ക് എത്തും.”

അതുവരെ അവളെ കാത്തിരിക്കാനുള്ള ക്ഷമ എനിക്ക് ഇല്ലായിരുന്നു.

“എവിടെയാ മൃദുലയുടെ വീട്.” എന്റെ ചോദ്യം കേട്ട് സംശയത്തോടെ ആ കുട്ടി എന്നെ നോക്കി.

“പ്ലീസ് സിസ്റ്റർ..അത്യാവശ്യം ആയതുകൊണ്ടാണ്.”  ആ കുട്ടി വഴി പറഞ്ഞു തന്നു.

ഉച്ചക്ക് ആങ്ങള വന്നപ്പോൾ അമ്മയെ അവനെ ഏൽപ്പിച്ച് ഒരു ഓട്ടോയിൽ മൃദുലയുടെ വീട്ടിലേക്ക് പോയി.

മൃദുല…അല്ല..മൃദു…

തറവാട്ടിലെ വാല്യക്കാരിയുടെ മകൾ. നാലാം ക്ലാസിലെ വലിയ അവധിക്കാണ് അവളുടെ അമ്മയുടെ കൂടെ അവൾ ആദ്യമായി വീട്ടിലേക്ക് വരുന്നത്. പിന്നാമ്പുറത്തൂടെ വന്ന് അടുക്കളയിൽ പതുങ്ങി നിൽക്കുന്നവൾ എന്നും ഒരു കൗതുകമായിരുന്നു.

ഞാനും ഏട്ടനും ബന്ധത്തിലെ കുട്ടികളുമൊക്കെ കളിക്കുന്നത് അടുക്കളയിലെ പലകകൊണ്ട് അഴിയിട്ട ജനലിലൂടെ അവൾ നോക്കി നിൽക്കും.

ഞങ്ങൾ അവളെ കളിക്കാൻ വിളിക്കാറില്ല..അവൾ വരാറും ഇല്ല.

താഴ്ന്ന ജാ-തിയിൽ പെട്ടവരോട് മിണ്ടുകയോ കൂട്ടുകൂടുകയോ ചെയ്യരുതെന്നാണ് അച്ഛന്റെയും അമ്മാവൻമാരുടെയും ഉത്തരവ്.

സ്കൂളിൽ ചെന്നപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരു ക്ലാസ്സിൽ ആയിരുന്നു.
ഉത്തരവുകളെയൊക്കെ പിന്തള്ളി വളരെ വേഗം തന്നെ ഞങ്ങൾ കൂട്ടുകാരായി.

പതിവ് പോലെ അവൾ രാവിലെ അമ്മയോടൊപ്പം വീട്ടിൽ വരും. അടുക്കള വാതിൽക്കൽ കാത്തു നിൽക്കും.ഞങ്ങൾ കഴിച്ചു കഴിഞ്ഞ ശേഷമേ അവൾക്കും അമ്മക്കും കഴിക്കാൻ പറ്റു. അതുകൊണ്ട് തന്നെ അവൾ സ്കൂളിൽ എത്താൻ താമസിക്കും. മുഖ്യ ദിവസവും അവൾക്ക് തല്ലു കിട്ടും. കിട്ടുന്നത് അവൾക്കാണെങ്കിലും നിറയുന്നത് എന്റെ കണ്ണായിരുന്നു.

എന്റെ പഴയ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു അവൾക്ക് കിട്ടിയിരുന്നത്. അതുകൊണ്ടുതന്നെ ഒന്നും സൂക്ഷിക്കാത്ത ഞാൻ അവൾക്കുവേണ്ടി എല്ലാം സൂക്ഷിച്ചു തുടങ്ങി.

മുതിർന്നു തുടങ്ങിയപ്പോൾ അവളുടെ അമ്മയോടൊപ്പം അവളും അടുക്കള പണി ചെയ്തു തുടങ്ങി. ആ സമയത്താണ് ഏട്ടന് അവളോട് എന്തോ ഒരടുപ്പം ഞാൻ ശ്രെദ്ധിച്ചത്.

ചോദിച്ചപ്പോൾ അവളെ ഇഷ്ടമാണെന്ന് പറഞ്ഞു. അവൾക്ക് പേടി ആയിരുന്നു..ഞാനായിരുന്നു നിർബന്ധിച്ചത്..കുളക്കരയിലും വയ്ക്കോൽ കൂനക്കു പുറകിലും അമ്പലത്തിലുമൊക്കെ അവർക്ക് പരസ്പരം കാണാനുള്ള സൗകര്യം ചെയ്തു കൊടുത്തതും ഞാനായിരുന്നു.

ദിവസങ്ങൾ ഓടി മറഞ്ഞു….

പത്താം ക്ലാസിലെ പരീക്ഷ അടുക്കാറായ സമയം. അന്ന് രാവിലെ മുതൽ അവൾ വല്ലതാ ടെൻഷനിൽ ആയിരുന്നു. ആദ്യമൊന്നും കാര്യം ചോദിച്ചിട്ട് പറഞ്ഞില്ല..പിന്നെ നിർബന്ധിച്ചപ്പോഴാണ് പറഞ്ഞത് ഏട്ടൻ രാത്രി അവളുടെ വീടിനു പുറകിൽ ചെല്ലുമെന്നും അവളോട് ഇറങ്ങി വരാൻ പറഞ്ഞുവെന്നും.

എനിക്ക് ഏട്ടനോട് ദേഷ്യം തോന്നി. നേരിട്ട് തന്നെ പോയി ചോദിച്ചു.

“നീ ഉദ്യേശിക്കും പോലെ ഒന്നും അല്ല..ഇന്ന് അവളുടെ പിറന്നാൾ ആണ്. ഒരു സമ്മാനം കൊടുക്കാനാ വരാൻ പറഞ്ഞത്.”

ഒരു നിമിഷമെങ്കിലും ഏട്ടനെ തെറ്റിധരിച്ചതിൽ വിഷമം തോന്നി.

ഞാൻ കൂടി നിർബന്ധിച്ചിട്ടാണ് അവൾ ഏട്ടനെ കാണാൻ പോയത്. പക്ഷെ അത് ആരൊക്കെയോ കണ്ടു. ആള് കൂടി..അച്ഛനെയും അമ്മാവന്മാരെയും വിളിപ്പിച്ചു.

“ഞാനൊരു തെറ്റും ചെയ്തിട്ടില്ല..ഇവളാ എന്നെ വിളിച്ചത്.”

അവള് വിളിച്ചാലുടൻ നീ വരുമോ എന്ന് ചോദിക്കാനുള്ള ബുദ്ധിയൊന്നും അന്ന് ആർക്കും ഉണ്ടായില്ല..അല്ലെങ്കിൽ ആണുങ്ങൾക്ക് ഇതൊന്നും പ്രശ്നം അല്ല എന്നൊരു രീതിയിൽ അവൾ മാത്രമായി കുറ്റക്കാരി.

“ഏട്ടാ…അച്ഛനെയും അമ്മാവന്മാരെയും പേടിച്ചാ ഏട്ടൻ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയാം. അവരെല്ലാം ചേർന്ന് അവളെ കൊ’ ല്ലാൻ കൂടി മടിക്കില്ല. ഏട്ടന് അവളെയും കൂട്ടി എങ്ങോട്ടെങ്കിലും പൊയ്ക്കൂടെ..”

“ആ താഴ്ന്ന ജാതിക്കാരിയെ അതും ഇവിടുത്തെ വാല്യക്കാരിയുടെ മോളെ ഞാൻ വിവാഹം കഴിക്കാനോ..”

“അപ്പോ..അപ്പോ ഏട്ടന് അവളെ ഇഷ്ടമല്ലേ..”

“ഇഷ്ടോ…അതൊക്കെ എന്റെയൊരു തമാശയല്ലേ..”

പൊട്ടിച്ചിരിക്കുന്ന ഏട്ടനെ കണ്ടപ്പോൾ പുച്ഛം തോന്നി. അന്നാണ് അവസാനമായി അയാളോട് സംസാരിച്ചത്.

എത്രയും വേഗം അവളെ കാണണമെന്ന് തോന്നി..നേരം വെളുക്കാൻ കാത്തിരുന്നു.

എന്നാൽ രണ്ട് മൂന്ന് ദിവസം സ്കൂളിൽ പോകാനോ പുറത്തിറങ്ങാണോ അമ്മ സമ്മതിച്ചില്ല..സ്കൂളിൽ എത്തിയ ദിവസം അറിയുന്നത് അവളും അമ്മയും ആ നാട് വിട്ട് പോയെന്നായിരുന്നു.

പഠിത്തം പൂർത്തിയാക്കാനൊന്നും ആരും അനുവദിച്ചില്ല..പതിനേഴ് കഴിഞ്ഞപ്പോഴേ പിടിച്ച് കെട്ടിച്ചു. എന്നാൽ അതോടെ എന്റെ ജീവിതം രക്ഷപെടുകയായിരുന്നു. പാവമാണ് രാജീവേട്ടനും അച്ഛനും അമ്മയും പിന്നെ എന്റെ കട്ട ചങ്കായ രാജീവേട്ടന്റെ അനിയൻ ഗിരിയും.

സന്തോഷം നിറഞ്ഞ ജീവിതത്തിനിടയിലും മൃദു ഒരു നോവായി ഉള്ളിലുണ്ടായിരുന്നു. ഓരോ ആൾക്കൂട്ടത്തിലും ഞാൻ അവളെ തിരഞ്ഞു.

*****************

അല്പം ബുദ്ധിമുട്ടിയാണെങ്കിലും അവളുടെ വീട് കണ്ടുപിടിച്ചു. ഒരു കുഞ്ഞ് വീട്..എങ്കിലും നല്ല ഭംഗിയുണ്ടായിരുന്നു. എന്നെ കണ്ടതും ആദ്യം അവളൊന്ന് ഞെട്ടി..പിന്നെ പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് ക്ഷണിച്ചു.

അമ്മയെ പറ്റി ചോദിക്കാൻ തുടങ്ങിയപ്പോഴാണ് ഭിത്തിയിൽ മാലയിട്ട് തൂക്കിയ ഫോട്ടോ കണ്ടത്.

“പോയിട്ട് വർഷങ്ങൾ ആയി.” എന്റെ നോട്ടം കണ്ടാണ് അവൾ പറഞ്ഞത്.

“നീ ഇതുവരെ എവിടെ ആയിരുന്നു മൃദു.” ചോദിക്കുമ്പോൾ നാവ് കുഴഞ്ഞു പോകും പോലെ തോന്നി.

“അന്ന് രത്രിയിലെ പ്രശ്നത്തിന് ശേഷം പിറ്റേ ദിവസം തന്നെ നിന്റെ അച്ഛനും അമ്മാവന്മാരും കൂടി വന്ന് നാട്ടുവിട്ട് പോകണമെന്നും ഇല്ലെങ്കിൽ കൊ- ന്നുകളയുമെന്നും ഭീക്ഷണി പെടുത്തി. അമ്മക്ക് ഭയങ്കര പേടിയായിരുന്നു. അന്ന് എന്നെയും കൊണ്ട് അമ്മ അവിടുന്ന് ഇറങ്ങി..ചെന്ന് നിന്നത് അമ്മയുടെയൊരു അകന്ന ബന്ധുവിന്റെ വീട്ടിൽ ആണ്.

അടുക്കള പണി തന്നെയായിരുന്നു. അടുക്കളയിൽ കിടക്കാൻ കുറച്ചു സ്ഥലവും കിട്ടി.

എന്നെ പഠിപ്പിക്കണമെന്ന് അമ്മക്ക് വാശിയായിരുന്നു. മരിക്കുന്നതിന് തലേ രാത്രിയും അതുതന്നെയാണ് പറഞ്ഞത്. പഠിച്ച് സ്വന്തം കാലിൽ നിൽക്കാനൊരു ജോലി കണ്ടെത്തണം എന്ന്. അന്ന് ഞാൻ നഴ്സിംഗിന് പഠിക്കുവാ.

പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലായിരുന്നു. രാവിലെ ഉണർന്നില്ല..

അമ്മ പോയ ശേഷം ആ വീട്ടുപണി ഞാൻ ഏറ്റെടുത്തു..കൂടെ പഠിത്തവും. അമ്മയുടെ ആഗ്രഹം പോലെ ജോലി നേടി..കുഞ്ഞൊരു വീടും വെച്ചു.”

കട്ടൻചായ എന്റെ നേർക്ക് നീട്ടികൊണ്ട് അവൾ അവളുടെ കഥ പറഞ്ഞു.

“നിന്റെ അമ്മയെ അപ്രതീക്ഷിതമായ അവിടെ കണ്ടത്. അമ്മക്ക് എന്നെ മനസിലാവാത്ത് കൊണ്ടാ ഞാൻ പിന്നെ സംസാരിക്കാൻ പോകാത്തത്.”

“നിനക്ക്..നിനക്കെന്നോട് ദേഷ്യം ഉണ്ടോ..”

“എന്തിന്..എല്ലാം വിധി..അങ്ങനെ വിശ്വസിക്കാനാ എനിക്ക് ഇഷ്ടം.” ഞാനവളെ കെട്ടിപിടിച്ച് കരഞ്ഞു. കുറേ കരഞ്ഞപ്പോൾ ഒരു ആശ്വാസം കിട്ടി.

“നിന്റെ വിവാഹം..”

“അതിനെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടില്ല…ഒരിക്കൽ ഒരാളെ സ്നേഹിച്ചത് ഓർക്കുമ്പോൾ തന്നെ പേടിയാണ്. ഇനി ഒരാളെ സ്നേഹിക്കാൻ കഴിയോ എന്നറിയില്ല.

നിന്റെ ഏട്ടൻ ഇപ്പോൾ…”

“വിവാഹം കഴിഞ്ഞു..അമ്മാവന്റെ മോളാ..കുറേ നാൾ അവളുടെയും അമ്മായിയുടെയും വാലാട്ടി പ- ട്ടിയായി കിടന്നപ്പോ അവന് മടുത്തു. ഇപ്പോ ഡിവോഴ്സും കഴിഞ്ഞു. കുട്ടികളൊന്നും ഇല്ല..അതൊരു ഭാഗ്യം.”

അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സിൽ ഉറച്ചൊരു തീരുമാനം എടുത്തിരുന്നു.
അതികം താമസിക്കാതെ അവളെന്റെ സഹോദരന്റെ ഭാര്യയായി.

മൃദുലയുടെ കാര്യം പറഞ്ഞപ്പോൾ അവളെ കാണാനും വിവാഹം കഴിക്കാനും അമ്മക്കും ഏട്ടനും താല്പര്യം ഉണ്ടായിരുന്നു. പക്ഷെ അവളെയൊന്ന് കാണാൻ പോലും അവരെ ഞാൻ സമ്മതിച്ചില്ല.

കണ്ടനാൾ മുതൽ ഒരു കൂടപിറപ്പിന്റെ സ്‌നേഹം തന്ന, പ്രായം കൊണ്ട് എന്റെ ഏട്ടനാണെങ്കിലും സ്ഥാനം കൊണ്ട് എന്റെ അനിയനായവന്റെ ഭാര്യയാണിന്നവൾ. എന്റെ ഗിരിയുടെ ഭാര്യ.

ഏട്ടനെ പ്രണയിക്കാൻ നിർബന്ധിച്ച തെറ്റിന്റെ പ്രായശ്ചിത്തമെന്നോ അവളോടുള്ള സ്നേഹമെന്നോ എന്ത് വേണമെങ്കിലും കരുതാം..

മൃദുല. അവൾ എനിക്ക് പ്രിയങ്കരിയാണ്..അന്നും ഇന്നും…ഇനി എന്നും

Leave a Reply

Your email address will not be published. Required fields are marked *