സന്തോഷത്തോടെ അയാൾ ഫോൺ അറ്റൻഡ് ചെയ്യുമ്പോൾ ചെയ്തിരുന്ന ജോലി പകുതിയിൽ നിറുത്തി റീത്തയും അങ്ങോട്ട് ചെന്നു.

Story written by Sajitha Thottanchery
===========================

“ദേ ഇച്ചായാ…. ഈ ക്രിസ്തുമസിനു പിള്ളേർ എല്ലാരും ഉണ്ടാകും കേട്ടോ? എത്ര വർഷം ആയി ഒന്നിച്ചു ഒരു ക്രിസ്തുമസ് ആഘോഷിചിച്ചിട്ട്….”

ഉത്സാഹത്തോടെ അവരത് പറയുബോൾ ബെന്നി അവളെ ഒന്ന് നോക്കി.

പണ്ടത്തെ ഇരുപതുകളിലേക്ക് പോയ പോലെ തോന്നി അവളെ കണ്ടപ്പോൾ അയാൾക്ക്. കുറച്ചു നര വീണെങ്കിലും അന്നത്തെ ആ ചുറുചുറുക്ക് അവളിൽ അയാൾ കണ്ടു.

“നിങ്ങളെന്നാ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നെ മനുഷ്യാ…. ആദ്യായിട്ട് കാണുന്ന പോലെ….”

റീത്ത അരിഞ്ഞു കൊണ്ടിരിക്കുന്ന പച്ചക്കറി അവിടെ മാറ്റി വച്ചു അയാൾക്ക് അരികിലേക്ക് വന്നു.

“അല്ല, ആദ്യായിട്ട് കണ്ടപ്പോൾ ഉണ്ടായിരുന്ന ആ ഒരു സൗന്ദര്യം നഷ്ടപ്പെട്ടോ എന്ന് നോക്കിയതാ…” വായിച്ചു കൊണ്ടിരുന്ന പുസ്തകം മാറ്റി വച്ചു അയാൾ പറഞ്ഞു.

“എന്നിട്ട് എന്ത്  തോന്നി. കുറഞ്ഞോ….അതോ കൂടിയോ…..” നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ മാടിയൊതുക്കി അവർ ചോദിച്ചു.

“കുറഞ്ഞിട്ടൊന്നുമില്ല….. കൂടിയോ ന്നെ സംശയം ഉള്ളു എന്റെ റീത്തമ്മേ” അയാൾ അത് പറഞ്ഞപ്പോൾ അവരുടെ മുഖം ചെറുതായൊന്നു തുടുത്തു.

“പിന്നേ വയസ്സാം കാലത്ത് അങ്ങേര്ടെ ഒരു കിന്നാരം. ഒന്ന് പോ ഇച്ചായാ….” വന്ന നാണം മറച്ചു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ഇതാ ഇപ്പൊ നന്നായെ, എനിക്ക് എന്റെ ഭാര്യയോടല്ലാതെ അപ്പുറത്തെ വീട്ടിൽ പോയി കിന്നരിക്കാൻ ഒക്കുമോ. ആർക്കാ ഇവിടെ വയസ്സായെ? Iam still young…നിനക്ക് എന്തേലും സംശയം ഉണ്ടോ “

“ഇല്ലായെ….ഇപ്പൊ അതല്ലലോ ഇവിടത്തെ വിഷയം. പിള്ളേർ ഇങ്ങെത്താറായി. അവർക്ക് ഇഷ്ടമുള്ളതൊക്കെ ഒരുക്കണം. പുൽക്കൂടും ലൈറ്റും എല്ലാം കൂടി വീടാകെ നമുക്ക് നല്ല കളറാക്കണം “

“ആക്കാലോ, നീ ഒന്നടങ്ങ്. എല്ലാം നമുക്ക് ശെരിയാക്കാം. കുഞ്ഞുങ്ങൾക്ക് ഡ്രെസ്സും എടുത്ത് വയ്ക്കാം. എന്തൊക്കെയാ വേണ്ടെന്നു നീ ഒരു ലിസ്റ്റ് ശെരിയാക്ക്. നമുക്ക് ഒരുമിച്ച് പോകാം.” ആയാളും ഉത്സാഹത്തോടെ പറഞ്ഞു.

റീത്തയും ബെന്നിയും ആകെ ഉത്സഹാത്തിലായിരുന്നു. വിദേശത്തുള്ള അവരുടെ മക്കൾ രണ്ടു പേരും ഇത്തവണ ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലെത്തും എന്ന് പറഞ്ഞത് മുതൽ നിലത്തു നിൽക്കാൻ നേരമില്ലാരുന്നു രണ്ട് പേർക്കും. മക്കൾക്കും മരുമക്കൾക്കും ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൂട്ടി. വീടൊരുക്കി, പുൽക്കുടൊരുക്കി, കൊച്ചു മക്കൾക്ക് ഡ്രസ്സ്‌ എടുത്തു. ഒന്നും പറയണ്ട ആകെ തിരക്ക്.

“ഇച്ചായാ, അവർടെ ഫ്ലൈറ്റ് എപ്പോഴാ എന്നൊന്നും പറഞ്ഞില്ലല്ലോ. കൊണ്ട് വരാൻ പോകണ്ടേ നമുക്ക്.” ഉണ്ടാക്കി വച്ച വൈൻ പുറത്തെടുക്കുന്നതിനിടക്ക് റീത്ത പറഞ്ഞു.

“ഇന്ന് വൈകുന്നേരം വരെ വിളിച്ചില്ലേൽ അങ്ങോട്ട് വിളിച്ചു ചോദിക്കാം “എന്ന് ബെന്നി പറയുമ്പോഴേക്കും അയാളുടെ ഫോൺ അടിച്ചു.

“മോളാടീ…ഇപ്പൊ പറഞ്ഞെ ഉള്ളു. വരുന്ന കാര്യം പറയാൻ ആയിരിക്കും.”

സന്തോഷത്തോടെ അയാൾ ഫോൺ അറ്റൻഡ് ചെയ്യുമ്പോൾ ചെയ്തിരുന്ന ജോലി പകുതിയിൽ നിറുത്തി റീത്തയും അങ്ങോട്ട് ചെന്നു.

“പറ മോളെ, എപ്പോഴാ നിങ്ങൾ എത്തുന്നേ. അവൻ വിളിച്ചിരുന്നോ നിന്നെ.” എന്ന് ചോദിച്ച അയാൾക്ക് അപ്പുറത്ത് നിന്നും വന്ന മറുപടി അത്ര സന്തോഷം ഉള്ളതായിരുന്നില്ല എന്ന് മുഖഭാവങ്ങളിൽ നിന്നും റീത്തക്ക് വ്യക്തമായി.

“അവർ വരുന്നില്ലേ ” അയാൾക്കരുകിൽ ഇരുന്ന് റീത്ത ചോദിച്ചു.

“ഇല്ലന്ന്….അവർ രണ്ടുപേരും ഫാമിലി ആയി എവിടേക്കോ ട്രിപ്പ്‌ പ്ലാൻ ചെയ്തുന്നു. അവരുടെ അവിടത്തെ ഫ്രണ്ട്‌സ് ഒക്കെ കൂടെ. അതെല്ലാം കഴിഞ്ഞു വരാം ന്നാ പറയുന്നേ.”

അതിനു റീത്ത മറുപടി ഒന്നും പറഞ്ഞില്ല.

ട്രിപ്പ്‌ കഴിഞ്ഞുള്ള അവരുടെ വരവോക്കെ കണക്കാകും എന്ന് റീത്തക്ക് അറിയായിരുന്നു.

“അമ്മയ്ക്കും അപ്പയ്ക്കും ഇങ്ങോട്ട് വന്നൂടെ. ഞങ്ങടെ കൂടെ ഇവടെ. ഞങ്ങൾ രണ്ടുപേരും ഇവിടല്ലേ. ആരുടെ കൂടെ വേണേലും നിൽക്കാലോ. ഞങ്ങൾക്ക് ഈ കിട്ടുന്ന വെക്കേഷൻ അല്ലേ ഉള്ളു അമ്മാ. അതിപ്പോ അവർ എല്ലാരും കൂടി പ്ലാൻ ചെയ്തിട്ട് ഞങ്ങൾ മാത്രം ഒഴിഞ്ഞു മാറിയാൽ മോശം അല്ലേ. ഞങ്ങൾ എല്ലാം കഴിഞ്ഞിട്ട് വരാം.” മക്കളോട് വരാത്തതിനെ പറ്റി പരാതി പറഞ്ഞപ്പോൾ അവരുടെ മറുപടി ഇതായിരുന്നു.

അവരുടെ മനസ്സ് പോലെ തന്നെ നിറം കെട്ട് പോയി ആ വീടിനും. മക്കൾക്കായി ഒരുക്കിയ പുൽക്കൂടും ഒരുക്കങ്ങളും അവരെ നോക്കി കളിയാക്കി ചിരിച്ചു.

“നീ എന്തിനാടീ വിഷമിക്കുന്നെ. നീ ഓർക്കുന്നുണ്ടോ പണ്ട് ഓണത്തിനും ക്രിസ്തുമസിനുമൊക്കെ വരില്ലേ ന്നു ചോദിച്ച് നമ്മുടെ വീട്ടിൽ ന്നു വിളിക്കുമ്പോ നമ്മൾ പ്ലാൻ ചെയ്ത യാത്രകൾ മാറ്റി വയ്ക്കാൻ ആവാതെ നമ്മൾ വിഷമിക്കാറുള്ളത്.അന്ന് നമ്മൾ എന്താ ചെയ്യാറുള്ളത്. നമ്മൾ പ്ലാൻ ചെയ്ത പോലെ മക്കളേം കൂട്ടി ട്രിപ്പ്‌ പോയി വെക്കേഷന്റെ ലാസ്റ്റ് ഒന്ന് നമ്മുടെ വീടുകളിൽ ഒന്ന് മുഖം കാണിച്ചു വരും. അല്ലേ….അന്ന് അവരൊക്കെ നമ്മളെ ഇങ്ങനെ കാത്തിരുന്നു കാണില്ലേ. അവർ അവരുടെ ജീവിതം ആസ്വദിക്കട്ടെ. നമ്മളെ കാണാൻ തോന്നുമ്പോ വരട്ടെ. ജീവിതം അവർക്കും ഒന്നല്ലേ ഉള്ളു. ഈ കിട്ടുന്ന അവധി ദിനങ്ങൾ അല്ലേ അവർക്കും അതിനൊക്കെ സമയം ഉള്ളു.”ഉള്ളിൽ വിഷമം ഉണ്ടെങ്കിലും അവരുടെ ന്യായം കണ്ടെത്താൻ അയാൾ ശ്രമിച്ചു.

“നീ ഈ വെക്കേഷനും വരുന്നില്ല അല്ലേ റീത്തമോളെ ” അമ്മച്ചിയുടെ പണ്ടത്തെ വാക്കുകൾ റീത്തയുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

“മക്കളെ കണ്ടിട്ട് എത്ര നാളായി” അപ്പച്ചന്റെ സങ്കടം നിറഞ്ഞ ചോദ്യം റീത്തയെ വീർപ്പുമുട്ടിച്ചു.

നാട്ടിൽ തന്നെ ഉണ്ടായിട്ട് പോലും പല വെക്കേഷനും ഓടിയെത്താൻ കഴിയാറില്ല. ഇത് പോലെ ചെറിയ ചെറിയ യാത്രകൾ പ്ലാൻ ചെയ്യുന്നത് അപ്പോഴാകും.

മക്കളെ കാണാൻ കൊതിയോടെ വിളിച്ച അപ്പച്ചനോട് അടുത്ത ആഴ്ച കാണിക്കാം എന്ന് പറഞ്ഞതും, അവൾ പറഞ്ഞ ദിവസം ആകുന്നതിനു മുൻപ് ആ പാവം പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ റീത്തയുടെ  കണ്ണിനു മുന്നിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ അവളുടെ കവിൾതടം പൊള്ളിച്ചു. ഇച്ചായൻ കാണാതെ കണ്ണുകൾ തുടച്ചു അവൾ അടുക്കളയിലേക്ക് പോയി.

“ഇത് നീ നിന്റെ മക്കൾക്ക് കൊടുത്തോ. അവർക്ക് പാകം ആകും. ഇനി അവർ വരുമ്പോ വേറെ കൊണ്ട് പോയി എടുത്ത് കൊടുക്കാം.”

കൊച്ചു മക്കൾക്ക് ആശയോടെ വാങ്ങിയ പുത്തൻ ഉടുപ്പുകൾ ജോലിക്ക് വരുന്ന രാജിയുടെ കയ്യിൽ കൊടുത്ത് റീത്ത പറഞ്ഞു.അത് കേട്ടപ്പോൾ അവരുടെ കൂടെ വന്ന മക്കളുടെ കുഞ്ഞ് കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ റീത്തയുടെ മനസ്സ് നിറഞ്ഞു.

ക്രിസ്തുമസിന്റെ അന്ന് രാവിലെ അവർ രണ്ടുപേരും തങ്ങളുടെ അച്ഛനമ്മമാരുടെ അടുത്ത് പോയി പൂവ് വച്ചു പ്രാർത്ഥിച്ചു. ജീവിച്ചിരുന്നപ്പോൾ നൽകാൻ പറ്റാതെപോയ സമയമോർത്ത് അവരുടെ കണ്ണുകൾ ഈറനായി. അടുത്തുള്ള അനാഥാലയത്തിൽ പോയി അവിടത്തെ കുട്ടികളുടെ കൂടെ ഭക്ഷണം കഴിച്ചു അന്നത്തെ ദിവസം ആഘോഷിച്ചു. കണ്ണും മനസ്സും നിറഞ്ഞ് അവിടന്ന് തിരിച്ചു പോരുമ്പോൾ മക്കൾ വരാത്ത ദുഖമൊക്കെ അവർ മറന്നു പോയിരുന്നു.

“എന്താ ഈ വഴി. വീട്ടിലേക്കുള്ള വഴി കഴിഞ്ഞല്ലോ” റീത്തയുടെ ചോദ്യത്തിന് ബെന്നി കണ്ണടച്ച് കാണിച്ചു.

“നമുക്കും ഒരു യാത്ര പോയി വരാടോ…ഇത് നമ്മുടെ രണ്ടാം ഹണിമൂൺ ആണെന്ന് വച്ചോ. നമുക്കും ഒന്ന് അടിച്ചു പൊളിക്കാം ന്നെ…” അയാൾ അത് പറയുമ്പോൾ അയാളുടെ കവിളിൽ നുള്ളി റീത്തയും ആ ചിരിയിൽ പങ്കു ചേർന്നു….

-Sajitha Thottanchery

Leave a Reply

Your email address will not be published. Required fields are marked *