രാമചന്ദ്രന്റെ കൂടെ ചെല്ലുന്നില്ലെന്ന് പറഞ്ഞ് സൂര്യൻ ഒഴിയാൻ ശ്രമിച്ചെങ്കിലും അയാളത് സമ്മതിച്ചില്ല. അവനെ നിർബന്ധപൂർവ്വം സ്വന്തം വീട്ടിലേക്കയാൾ കൂട്ടികൊണ്ട് പോയി. നിനച്ചിരിക്കാതെ വന്ന് ചേർന്ന ആ സഹായ ഹസ്തം വിശ്വാസ യോഗ്യമാണോയെന്ന സംശയം അപ്പോഴും അവന്റെയുള്ളിൽ നിഴലിച്ചു നിന്നു. പക്ഷേ ആ സംശയത്തിന് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പോകുന്ന വഴിക്ക് കൃഷ്ണ പ്രസാദിനെ അയാളുടെ വീട്ടിലിറക്കിയ ശേഷം രാമചന്ദ്രൻ സ്വന്തം വീട്ടിലേക്ക് കാറോടിച്ചു. ഡ്രൈവിംഗിനിടയിൽ അയാൾ ഓരോ കാര്യങ്ങൾ പറയുവാൻ തുടങ്ങി.
“എന്റെ ഭാര്യ സീമ ഇപ്പൊ ജീവിച്ചിരിപ്പില്ല… വീട്ടിൽ ഞാനും മോളും സീമേടെ അനിയത്തി ജാനകിയും അവരുടെ അമ്മയും മാത്രമേയുള്ളൂ. എന്റെ ഭാര്യ കഴിഞ്ഞ മാസം മഞ്ഞുനോവ് വന്ന് മരിച്ചുപോയി. അങ്ങനെയാ എല്ലാം നിർത്തി ഞാൻ നാട്ടിൽ തന്നെ കൂടിയത്. മോളെ തനിച്ചാക്കാൻ പറ്റില്ലല്ലോ.” അയാളുടെ കണ്ണിൽ നിന്നും രണ്ട് നീർതുള്ളി കവിളിലേക്ക് ഇറ്റ് വീണു.
പ്രിയപ്പെട്ടവർ വിട്ട് പോകുന്നതിന്റെ വേദന അനുഭവിച്ചറിഞ്ഞത് കൊണ്ടാവും രാമചന്ദ്രന് തന്റെ വേദന മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് അവനോർത്തു.
“മോൾക്ക് എത്ര വയസ്സുണ്ട് അങ്കിൾ?”
“അവൾക്കിപ്പോ പത്ത് വയസ്സാകുന്നു. പേര് നീലിമയെന്നാ. ഞാൻ നീലൂന്ന് വിളിക്കും.” മകളുടെ വിശേഷങ്ങൾ പറയാൻ അയാൾക്ക് നൂറു നാവാണെന്ന് തോന്നി അവന്.
“അങ്കിൾ എപ്പഴാ ഗൾഫിൽ നിന്ന് വന്നത്?”
“സീമയെ സീരിയസായിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയപ്പോൾ ഞാൻ അവിടുന്ന് ലീവെടുത്തു വന്നതാ. പിന്നെ തിരികെ പോയില്ല. അല്ലെങ്കിലും മടങ്ങി വരാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. കുടുംബത്തോടൊപ്പം നിൽക്കുകയും ചെയ്യാം ഒപ്പം എന്തെങ്കിലും കച്ചവടം തുടങ്ങാമെന്ന പദ്ധതിയായിരുന്നു മനസ്സിൽ. സീമയുടെ മരണം എന്നെ വല്ലാതെ പിടിച്ചുലച്ചുവെന്ന് പറയാം. പിന്നെ മരിച്ചവരെ ഓർത്തിരുന്നാൽ നമ്മൾക്ക് മുന്നോട്ട് ജീവിക്കാൻ കഴിയില്ലല്ലോന്ന് ഓർത്ത് എല്ലാം മറക്കാൻ ശ്രമിക്കുകയാണ് ഞാൻ.” രാമചന്ദ്രന്റെ കണ്ഠമൊന്നിടറി.
“അങ്കിൾ എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നത് അവിടെയുള്ളവർക്ക് ഇഷ്ടമാകുമോ?”
“എന്റെ മോളെ മാത്രേ എനിക്ക് പേടിയുള്ളു. ഞാൻ ആരോടും കൂടുതൽ അടുക്കുന്നത് നീലുവിന് ഇഷ്ടമല്ല. അക്കാര്യത്തിൽ ഇത്തിരി വാശിക്കാരിയാണ്. അവളെ നീ മെരുക്കിയെടുക്കേണ്ടി വരും.”
“അമ്മയില്ലാത്ത കുട്ടിയല്ലേ അങ്കിൾ… അതാവും വാശിക്കാരി ആയത്.”
“അത് ശരിയാ… കഴിഞ്ഞയാഴ്ച്ച, രാത്രി കിടക്കാൻ നേരം എന്റെ മോള് എന്നോട് പറയാ അച്ഛൻ വേറെ കല്യാണം കഴിക്കരുത് എനിക്കത് ഇഷ്ടമില്ലെന്ന്. കാരണം ചോദിച്ചപ്പോൾ പറയുവാണ് ഞാൻ വേറെ കല്യാണം കഴിച്ചാൽ രണ്ടാം ഭാര്യേം അതിലുണ്ടാകുന്ന മക്കളോടും ആയിരിക്കും സ്നേഹമെന്നും മോളുടുള്ള സ്നേഹം കുറഞ്ഞുപോകുമെന്നും. ആരൊക്കെയോ ആ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ പറഞ്ഞ് കുത്തി നിറച്ചിട്ടുണ്ട്. അതാ അവളങ്ങനെ പറഞ്ഞത്. എന്നെകൊണ്ട് വേറെ കല്യാണം കഴിക്കില്ലെന്ന് സത്യം ഇട്ട് വാങ്ങുകയും ചെയ്തു. അല്ലെങ്കിലും എനിക്ക് എന്റെ മോള് മാത്രം മതിയെന്നാ. ഒരു രണ്ടാം വിവാഹമൊന്നും മനസ്സിൽ പോലുമില്ല.”
“അങ്കിൾ വിഷമിക്കണ്ട… അങ്കിളിനു കൂട്ടായി മോളില്ലേ.”
“എനിക്കെന്റെ മോളുണ്ട്… പക്ഷേ നിനക്കോ? നിനക്കാരുമില്ലാതായി പോയില്ലേ… സുരേന്ദ്രൻ സാർ ഉണ്ടായിരുന്നെങ്കിൽ നിനക്കൊരിക്കലും ഈ അവസ്ഥ വരില്ലായിരുന്നു കുഞ്ഞേ. എന്റെ ജീവനുള്ള കാലം വരെ നിന്നെ ഞാൻ തനിച്ചാക്കില്ല.” രാമചന്ദ്രൻ പറഞ്ഞത് കേട്ട് സൂര്യന്റെ മിഴികൾ നിറഞ്ഞു.
ബന്ധുക്കൾക്ക് പോലും തോന്നാത്ത സ്നേഹവും കരുണയുമാണ് തന്റെ ആരുമല്ലാത്ത ആ മനുഷ്യൻ കാണിക്കുന്നതെന്ന് അവനോർത്തു.
അവരിരിവരും സംസാരിച്ച് വീടെത്തിയത് അറിഞ്ഞില്ല. ഒരു പഴയ നാല് കെട്ടായിരുന്നു ആവണിശ്ശേരി. വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ട് ഉമ്മറത്തെ ബൾബ് തെളിഞ്ഞു. അൽപ്പ സമയത്തിനുള്ളിൽ തന്നെ വാതിൽ തുറക്കപ്പെട്ടു. അകത്ത് നിന്നും രാമചന്ദ്രന്റെ മകൾ നീലിമ അച്ഛാന്ന് വിളിച്ച് അയാൾക്കരികിലേക്ക് ഓടി വന്നു.
“അച്ഛന്റെ പൊന്നുമോള് ഉറങ്ങിയില്ലായിരുന്നോ?” രാമചന്ദ്രൻ മകളെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.
“ഉറക്കം വന്നില്ല അച്ഛാ…”
“രാമേട്ടന്റെ കൂടെയാരാ..” അയാൾക്ക് പിന്നിലായി നിന്നിരുന്ന സൂര്യനെ കണ്ട് ജാനകി ചോദിച്ചു.
“ഇത് അമ്പാട്ടെ സുരേന്ദ്രൻ സാറിന്റെ മോനാ, സൂര്യൻ. കാര്യങ്ങളൊന്നും ഞാൻ വിശദീകരിക്കാതെ തന്നെ നിനക്കറിയാലോ.”
“ഓ…” ചുളിഞ്ഞ മുഖത്തോടെ ജാനകി മൂളി.
“ഇനി മുതൽ സൂര്യനും നമ്മുടെ കൂടെ ഇവിടെയുണ്ടാവും.”
“എന്തിനാ? ഇവിടേം കഞ്ചാവ് കൊണ്ട് ഒളിപ്പിച്ചിട്ടുണ്ടോന്ന് അറിയാൻ പോലിസ് കേറി ഇറങ്ങാനോ?” ജാനകിയുടെ മുഖത്ത് വെറുപ്പ് പ്രകടമായി.
സൂര്യൻ വല്ലായ്മയോടെ രാമചന്ദ്രനെ നോക്കി.
“ജാനകീ…” താക്കീതോടെ അയാൾ വിളിച്ചു.
“ഞാൻ പറഞ്ഞത് സത്യമല്ലേ?”
“അല്ല… കേട്ടതെല്ലാം വെറും നുണ കഥകളാണ്. സുരേന്ദ്രൻ സാറിനെ എനിക്ക് നന്നായി അറിയാം. നാട്ടുകാർ പറഞ്ഞു നടക്കുന്നത് വിശ്വസിക്കാതെ നീ ഞാൻ പറയുന്നത് കേട്ടാൽ മതി. നീ വിചാരിക്കുന്ന പോലെ കുഴപ്പക്കാരനൊന്നുമല്ല സൂര്യൻ. അതുകൊണ്ട് വെറുതെ കുത്തുവാക്കുകൾ പറഞ്ഞ് ഇവനെ ഇവിടുന്ന് ഓടിക്കരുത്.”
“രാമേട്ടന്റെ ഇഷ്ടം പോലെ… അല്ലേലും നിങ്ങടെ കനിവിൽ കഴിഞ്ഞു കൂടുന്ന ഞാനെന്ത് അഭിപ്രായം പറയാനാ.”
“നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട… അമ്മ എവിടെ?”
“കുറേ നേരം നോക്കിയിരുന്നിട്ട് അമ്മ ഉറങ്ങി…”
“ഉറക്കമിളയ്ക്കാതെ നീയും പോയി കിടന്നോ… പിന്നെ രാവിലെ എഴുന്നേറ്റ് വരുന്ന അമ്മയോട് സൂര്യനെ കുറിച്ചോരോന്ന് പറഞ്ഞ് വെറുപ്പുണ്ടാക്കാൻ നിക്കരുത്. അതൊരു പാവം പയ്യനാ… അവനെ കയ്യൊഴിയാൻ എനിക്ക് പറ്റില്ല.” മോളെയും കൊണ്ട് അകത്തേക്ക് കേറുമ്പോൾ ശബ്ദമടക്കി രാമചന്ദ്രൻ ജാനകിയോടായി പറഞ്ഞു.
രാമചന്ദ്രന്റെ തോളിലിരുന്ന നീലിമ കണ്ണിമ ചിമ്മാതെ സൂര്യനെ നോക്കുന്നുണ്ട്. അച്ഛന്റെ കൂടെ വന്നയാൾ ആരാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ആ കുഞ്ഞി തലയിൽ. തന്റെ അച്ഛന്റെ സ്നേഹം പങ്കിട്ട് പോകുമോ എന്നുള്ള പേടിയായിരുന്നു കുഞ്ഞി കണ്ണുകളിൽ നിറയെ.
“മോൾക്ക് കളിക്കാൻ കൂട്ടിനായി അച്ഛൻ കൊണ്ട് വന്ന ചേട്ടനാ ഇത്. ഈ ചേട്ടൻ വന്നതിന്റെ പേരിൽ മോളോടുള്ള സ്നേഹമൊന്നും കുറയല്ലാട്ടോ. മോളോടുള്ള സ്നേഹകൂടുതൽ കൊണ്ടാ മോൾക്ക് കൂട്ടിന് അച്ഛനീ ചേട്ടനെ കൊണ്ട് വന്നേ.” സ്നേഹത്തോടെ മകളുടെ നെറുകയിൽ തടവി ആ കുഞ്ഞ് മനസ്സിലെ സംഘർഷം തിരിച്ചറിഞ്ഞെന്ന പോലെ രാമചന്ദ്രൻ പറഞ്ഞു.
“സത്യാണോ അച്ഛാ…”
“സത്യം… അതുകൊണ്ട് മോള് ചേട്ടനോട് വഴക്ക് കൂടാനൊന്നും പോകല്ലേ… ചേട്ടനൊരു പാവമാ.”
“മ്മ്മ്…” അച്ഛൻ പറഞ്ഞത് കേട്ട് അവൾ നീട്ടിയൊന്ന് മൂളി.
അച്ഛന്റെ തോളിലിരുന്ന് അവൾ സൂര്യനെ ഒന്ന് നോക്കി. നീലുവിന്റെ നോട്ടം കണ്ട് അവൻ കണ്ണ് ചിമ്മി ചിരിച്ചപ്പോൾ അവളുടെ ചുണ്ടിലും ചെറിയൊരു പുഞ്ചിരി വിടർന്നു. അത് കണ്ട് സൂര്യനും രാമചന്ദ്രനും സന്തോഷം തോന്നി.
പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിൽ കൂടി ആവണിശ്ശേരിയിലേക്കുള്ള സൂര്യന്റെ കടന്ന് വരവ് ജാനകിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഭർത്താവുമായി പിരിഞ്ഞ ശേഷം രണ്ട് വർഷമായി അവിടെയാണ് അവൾ ജീവിക്കുന്നത്. സീമയുടെ അപ്രതീക്ഷിത മരണത്തോടെ ആവണിശ്ശേരിയിലെ കാര്യങ്ങൾ നോക്കിനടത്തുന്നതിപ്പോ അവളാണ്. നീലിമ മോളെയും സ്വന്തം പോലെ നോക്കിക്കോളും.
*********************
ദിവസങ്ങൾ കഴിയവേ നീലിമ സൂര്യനുമായി നല്ല കൂട്ടായിരുന്നു. ജാനകിക്ക് മാത്രമേ സൂര്യനോട് ഇഷ്ടക്കേടുണ്ടായിരുന്നുള്ളു. സീമയുടെ അമ്മ സരോജിനിക്കും അവനെ ഇഷ്ടപ്പെട്ടിരുന്നു. സൂര്യനും അച്ഛനുമൊന്നും തെറ്റ് ചെയ്തതായും അവരും വിശ്വസിച്ചിരുന്നില്ല… അതൊക്കെ സൂര്യന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഇതുപോലെ കുറച്ച് പേരെങ്കിലും തങ്ങളെ അവിശ്വസിച്ചിട്ടില്ലെന്നത് ഒരാശ്വാസം തന്നെയായിരുന്നു സൂര്യന്.
തങ്ങൾ മൂന്ന് പേര് മാത്രമുണ്ടായിരുന്നിടത്തേക്ക് അന്യനായ സൂര്യന്റെ വരവ് ജാനകിക്കൊരു അസ്വസ്ഥത തന്നെയായിരുന്നു.. എങ്കിലും അവളത് പുറമേ പ്രകടിപ്പിച്ചില്ല. സീമയുടെ മരണത്തോടെ ഒരമ്മയുടെ കുറവുകൾ അറിയിക്കാതെ നീലിമ മോളെ സ്വന്തം പോലെ നോക്കാൻ തുടങ്ങിയ ജാനകിക്ക് രാമചന്ദ്രനോടും മനസ്സ് കൊണ്ടൊരു അടുപ്പം തോന്നി തുടങ്ങിയിരുന്നു. തനിക്ക് രാമചന്ദ്രനോട് തോന്നിയ തോന്നിയ അടുപ്പം എപ്പോഴെങ്കിലും അയാൾക്കും തിരികെ തോന്നുമെന്ന പ്രതീക്ഷയിലായിരുന്നു അവൾ. തറവാട്ടിൽ തങ്ങൾ മൂവരും മാത്രമാകുമ്പോൾ കുറേ നാൾ പരസ്പരം ഇടപഴകി ഒരിഷ്ടം ഉടലെടുക്കുമെന്ന ജാനകിയുടെ സ്വപ്നമാണ് ഇല്ലാതായിരിക്കുന്നത്.
രാമചന്ദ്രൻ ആവണിശ്ശേരിയിൽ ഉള്ളപ്പോഴൊക്കെ അയാൾ സൂര്യന്റെ കൂടെയായിരിക്കും മുഴുവൻ സമയവും. സ്കൂൾ വിട്ട് വന്ന് കഴിഞ്ഞാൽ നീലിമയെ പഠിപ്പിക്കുന്നതും സൂര്യനാണ്. താൻ ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങൾ അവൻ ചെയ്യാൻ തുടങ്ങിയതും ജാനകിയെ ചൊടിപ്പിച്ചിരുന്നു.
രാമചന്ദ്രൻ, സൂര്യനെ തന്നോടൊപ്പം കൂട്ടിയ ശേഷം അവനെ ഹോട്ടലിൽ പണിയെടുക്കാനൊന്നും വിട്ടിട്ടില്ല. സുഹൃത്തായ തന്റെ വക്കീൽ മുഖാന്തരം സൂര്യന്റെ സ്വത്തുക്കൾ തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലായിരുന്നു രാമചന്ദ്രൻ. അവരുടെ നീക്കങ്ങളൊക്കെ സുശീലനും അളിയന്മാരും അറിയുന്നുണ്ടായിരുന്നു. എന്തെങ്കിലും ഉടനെ ചെയ്യേണ്ടതുണ്ടെന്ന് അവിരും തീരുമാനിച്ചു.
തുടരും….