നീലിമയെ കൂടി കാണാനുള്ള ഉദേശത്തിലാണ് സൂര്യൻ കൃഷ്ണ പ്രസാദിന്റെ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷേ ആവണിശ്ശേരി എത്തുന്നതിനു മുൻപ് തന്നെ അവൻ, സ്കൂളിലെ ക്ലാസ്സ് കഴിഞ്ഞ് തനിക്കെതിരായി നടന്ന് വരുന്ന നീലിമയെ കണ്ടു.
“നീലൂ… നിനക്ക് സുഖാണോ… എത്ര നാളായി നിന്നെ കണ്ടിട്ട്.”
കുറേ നാളുകൾക്ക് ശേഷം നീലിമയെ കണ്ടതിന്റെ സന്തോഷമായിരുന്നു സൂര്യന്റെ മുഖത്ത്. പക്ഷേ അവനെ മുന്നിൽ കണ്ടതും അവൾ പേടിച്ചു വിറച്ച് വഴിയരികിൽ തന്നെ നിന്നുപോയി. തനിക്കരിലേക്ക് വരാതെ മടിച്ച് നിൽക്കുന്ന നീലിമയെ കണ്ട് അവൻ മുന്നോട്ട് നടന്നു.
“നീയെന്താ എന്നോട് പിണക്കത്തിലാണോ? അങ്കിൾ മരിക്കുമ്പോ ഞാൻ സുഖമില്ലാതെ കിടപ്പിലായിരുന്നു. അതാ എനിക്ക് ആവണിശ്ശേരിയിലേക്ക് വരാൻ കഴിയാതിരുന്നത്.” നീലിമ തന്നോട് പിണങ്ങി മാറി നിൽക്കുകയാവും എന്ന വിചാരമായിരുന്നു സൂര്യനിൽ.
“സൂര്യേട്ടൻ എന്റെ അടുത്തേക്ക് വരരുത്. എനിക്ക് പേടിയാ. എന്റെ വീട്ടീന്ന് പോവരുതെന്ന് പറഞ്ഞിട്ടും ഏട്ടൻ പോയതല്ലേ. ഏട്ടനിപ്പോ ചീത്തയാന്ന് എനിക്കറിയാം. ഇനി ഏട്ടനെ വഴിയിൽ വച്ച് കണ്ടാൽ മിണ്ടരുതെന്നാ ചെറിയമ്മ പറഞ്ഞത്. അച്ഛനും എതിർത്തു പറഞ്ഞിട്ടില്ല… അതോണ്ട് ഇനിയെന്നോട് മിണ്ടാൻ വരരുത്. എനിക്കിപ്പോ ഇഷ്ടല്ല ഏട്ടനെ, പേടിയാ എനിക്ക്.” അത്രയും പറഞ്ഞവൾ അവനെ മറികടന്ന് ഓടിപ്പോയി.
“നീലൂ… അവിടെ നിക്ക്…. ഞാനൊന്ന് പറഞ്ഞോട്ടെ.” സൂര്യൻ പിന്നിൽ നിന്ന് വിളിച്ചെങ്കിലും നിൽക്കാൻ കൂട്ടാക്കാതെ അവന്റെ കണ്മുന്നിൽ നിന്ന് നീലിമ ഓടി മറഞ്ഞു.
ജാനകി എന്തൊക്കെയോ പറഞ്ഞ് കൊടുത്തത് കേട്ട് തന്നെ തെറ്റിദ്ധരിച്ചു വച്ചിരിക്കുകയാണ് അവളെന്ന് സൂര്യന് മനസ്സിലായി. അവന് പറയാനുള്ളത് കേൾക്കാൻ പോലും നിൽക്കാതെ സൂര്യനെ ഭയന്ന് ഓടിപ്പോയവൾ പിന്നീട് പലപ്പോഴും വഴിയിലെവിടെയെങ്കിലും വച്ച് സൂര്യനെ കണ്ടാൽ അവൻ സംസാരിക്കാനായി അടുത്ത് ചെല്ലുമ്പോഴേക്കും ഭയന്ന്, ഓടിയൊളിക്കും. അവനെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ വിരിയുന്ന ഭയം കണ്ട് പിന്നെ പിന്നെ സൂര്യനും നീലിമയെ കാണുമ്പോൾ ഒഴിഞ്ഞു മാറി പോകും. എന്നെങ്കിലും തന്റെ നിരപരാധിത്വം അവൾക്ക് സ്വയം ബോധ്യപ്പെടുമ്പോൾ വന്ന് മിണ്ടട്ടെ എന്നവൻ കരുതി.
പഴയ കളിക്കൂട്ടുകാരിയായി നീലിമയെ കിട്ടാത്തതിൽ സൂര്യന് വിഷമമുണ്ടായിരുന്നു. എങ്കിലും അവനത് കാര്യമാക്കിയില്ല.
******************
മാസങ്ങൾ വേഗത്തിൽ കഴിഞ്ഞു പോയെങ്കിലും അമ്പാട്ട് പറമ്പിൽ തറവാടും സ്വത്തുക്കളും തിരിച്ചു കിട്ടാനായി കോടതിയിൽ കൊടുത്ത കേസ് ഓരോരോ കാരണങ്ങൾ കൊണ്ട് നീണ്ടുപോയി. കാര്യങ്ങൾ മാക്സിമം സ്പീഡാക്കാൻ കൃഷ്ണ പ്രസാദ് തന്നാലാവുന്നത് ചെയ്യുന്നുണ്ടായിരുന്നു.
തറവാട് വിട്ട് കിട്ടുന്നത് വരെ തന്റെ വീട്ടിൽ തങ്ങിയാൽ മതിയെന്നും പഴയത് പോലെ കടത്തിണ്ണയിൽ പോയി കിടക്കണ്ടെന്ന് ശാരദ അവനോട് പറഞ്ഞതിനാൽ സൂര്യൻ അവർക്കൊപ്പം പുഴക്കരയിലെ വീട്ടിൽ തന്നെ തങ്ങി.
ജീവിക്കാൻ വേണ്ടി ശാരദ മറ്റൊരു ജോലി അന്വേഷിച്ചു കുറേ അലഞ്ഞെങ്കിലും നാട്ടിലെല്ലാവരും അവൾക്ക് ജോലി കൊടുക്കാൻ മടിച്ചു. അവരുടെ കണ്ണിൽ അവളിപ്പിഴും വേശ്യ തന്നെയായിരുന്നു. ഒരു ജോലിക്ക് വേണ്ടി മറ്റുള്ളവർക്ക് മുൻപിൽ യാചിക്കുമ്പോൾ നിനക്ക് പറ്റിയത് മറ്റേ പണി തന്നെയാടി, ഞങ്ങൾ വേണമെങ്കിൽ രാത്രി വീട്ടിൽ വരാം എന്നൊക്കെയുള്ള അറപ്പുള്ളവാക്കുന്ന വാക്കുകളാണ് ശാരദയ്ക്ക് പലരിൽ നിന്നും കേൾക്കേണ്ടി വന്നത്. അങ്ങനെയൊക്കെ ആയപ്പോൾ തന്നെ സൂര്യൻ അവളോട് എങ്ങോട്ടും പോണ്ടെന്ന് പറഞ്ഞ് വിലക്കി. തങ്ങൾക്ക് ജീവിക്കാനുള്ളത് ഉണ്ടാക്കാൻ താൻ വിചാരിച്ചാൽ ഉണ്ടാക്കാവുന്നതേയുള്ളു എന്ന് അവനുറപ്പുണ്ടായിരുന്നു. അതിൻ പ്രകാരം മുൻപ് ജോലി ചെയ്തിരുന്ന ഹോട്ടലിൽ ജോലിക്കായി ചെന്നെങ്കിലും അവിടെ ഒഴിവില്ലാത്തതിനാൽ അവനെ ജോലിക്കെടുത്തില്ല.
സ്ഥിരമായി ഒരിടത്ത് പണി കിട്ടാത്തത് കൊണ്ട് തന്നെ സൂര്യൻ കിട്ടുന്ന ജോലിക്ക് പോയി തുടങ്ങി. കൊത്തന്റെ കയ്യാളായിട്ടും പെയിന്റ് അടിക്കാനും, സെപ്റ്റിക് ടാങ്ക് ക്ളീനിംങിനും, അഴുക്ക് ചാൽ വൃത്തിയാക്കാനും തുടങ്ങി എന്ത് തന്നെയാണെങ്കിലും മടി കൂടാതെ അവൻ ചെയ്തു.
രാജകുമാരനെ പോലെ ജീവിച്ച, ഇനിയും ജീവിക്കേണ്ടിയിരുന്ന ചെക്കന്റെ ഇപ്പോഴത്തെ ഗതികേട് മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാനൊരു നേരമ്പോക്കായി. ആളുകളുടെ കളിയാക്കാലോ പരിഹാസമോ അവനെ തളർത്തിയില്ല. ഓരോ ദിവസം കഴിയുംതോറും ജീവിക്കാനുള്ള വാശി അവനിൽ വർധിച്ചു. തന്നെ നിരന്തരം പരിഹസിക്കുന്ന തന്നെയും തന്റെ അച്ഛനെയും അപമാനിക്കുന്ന ആ നാട്ടുകാർക്ക് മുൻപിൽ പഴയ പ്രൗഡിയിൽ തന്നെ ജീവിക്കണമെന്ന് സൂര്യൻ മനസ്സിൽ അരക്കിട്ട് ഉറപ്പിച്ചു.
നാട്ടുകാരുടെ കളിയാക്കലുകൾ എല്ലാം പിടിച്ചു കയറാനുള്ള കച്ചിത്തുരുമ്പായി അവൻ കണ്ടു. അതോടൊപ്പം തന്നെ കേസിന്റെ വിധി ഉടനെയൊന്നും വരില്ലെന്ന് അറിഞ്ഞത്തോടെ എന്ത് ചെയ്തിട്ടാണെങ്കിലും സുശീലനെ തറവാട്ടിൽ നിന്ന് എങ്ങനെയും അടിച്ച് പുറത്താക്കണമെന്ന് സൂര്യൻ ചിന്തിച്ചു. കാരണം, അമ്പാട്ട് പറമ്പിൽ തറവാടിന്റെ പുറക് വശത്ത് അതി വിശാലമായൊരു തെങ്ങിൻ തോപ്പുണ്ട്. അത് സുശീലൻ തമിഴ് നാട്ടിലുള്ള ആർക്കോ വ്യാജ ആധാരമുണ്ടാക്കി രഹസ്യമായി കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നത് അവിടുത്തെ കാര്യസ്ഥൻ പരമുപിള്ള വഴി സൂര്യൻ അറിഞ്ഞു. ഉടനെ എന്തെങ്കിലും ചെയ്തെങ്കിൽ എന്തെങ്കിലും തിരിമറി നടത്തി സ്വത്തുക്കൾ വിറ്റ് തുലച്ച് നാട് വിടാനാണ് സുശീലന്റെ ഉദേശമെന്ന് കൂടി കേട്ടതോടെ സൂര്യൻ സമ്മർദ്ദത്തിലായി.
സുശീലനെ എങ്ങനെ നേരിടുമെന്ന ചിന്ത അവന്റെ മനസ്സിനെ കാർന്ന് തിന്നാൻ തുടങ്ങി. ഒരു ദിവസം തറവാട്ടിൽ കയറി ചെന്ന് അയാളെ അവിടുന്ന് അടിച്ചിറക്കിയാലോ എന്ന് വരെ അവൻ ആലോചിച്ചു. പക്ഷേ, പിന്നീട് അതിന് പിന്നാലെ വരുന്ന കേസും വഴക്കും തന്റെ ജീവിതം വീണ്ടും ജയിലിൽ ആകുമോ എന്ന ഭയം കാരണം എന്ത് ചെയ്യണമെന്നറിയാതെ സൂര്യനാകെ ആശയകുഴപ്പത്തിലായി. അങ്ങനെയാണ് അവൻ സഹായം ചോദിച്ചു അഭിഷേകിനെ വിളിക്കുന്നത്.
“എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല സർ. ചെറിയച്ഛൻ സ്വത്തുക്കൾ മറിച്ചു വിൽക്കാനുള്ള ശ്രമത്തിലാ. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതൊക്കെ തിരിച്ചു പിടിക്കാൻ വേറെ കേസും വഴക്കുമൊക്കെ നടത്തി പിന്നെയും കുറേ വർഷം കാത്തിരിക്കേണ്ടി വരും. അയാളുടെ ലക്ഷ്യം എങ്ങനെയും പണമുണ്ടാക്കണം എന്ന് മാത്രമാണ്.
എന്റെ അച്ഛനെ കൊ’ ന്ന, എന്റെ തറവാട്ടിൽ നിന്ന് എന്നെ ബെൽറ്റിനടിച്ച് പുറത്താക്കി, ഒടുവിൽ കള്ളകേസിൽ ജയിലിൽ അടച്ച ദുഷ്ടനെ തിരിച്ചും അതുപോലെ അവിടുന്ന് തല്ലിയിറക്കാൻ എന്റെ കൈ തരിക്കുന്നുണ്ട്. പക്ഷേ ഞാനങ്ങനെ ചെയ്ത് കഴിഞ്ഞാൽ പിന്നെ കേസും വഴക്കുമൊക്കെ ആകുമോന്നാ എന്റെ പേടി. അതോർത്തിട്ടാ ഒന്നും ചെയ്യാതെ ഞാൻ നിസ്സഹായനായി നിൽക്കേണ്ടി വരുന്നത്. സാറിനെന്നെ സഹായിക്കാൻ പറ്റുമോ?” ശ്വാസം പോലും വിടാതെ നടന്നതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞവസാനിപ്പിക്കുമ്പോൾ സൂര്യൻ കിതച്ച് പോയിരുന്നു.
“നിനക്ക് ഭാഗ്യമുണ്ട് സൂര്യാ… എനിക്ക് പല്ലാവൂർ സ്റ്റേഷനിലേക്ക് സ്ഥലമാറ്റം കിട്ടിയിട്ടുണ്ട്. അത് മാത്രമല്ല അവിടുത്തെ എസ് ഐ എന്റെ അച്ഛന്റെ വളരെ സുഹൃത്തിന്റെ മോനാണ്. അക്കാര്യം ട്രാൻസ്ഫർ ഓർഡർ കയ്യിൽ കിട്ടിയപ്പോഴാ ഞാനറിയുന്നത്. അതുകൊണ്ട് ഇനി നിന്റെ സമയമാണ് സൂര്യാ. തിരിച്ചടിക്കാനുള്ള സമയമടുത്തു. നീ അനുഭവിച്ചത്തിന്റെ ഇരട്ടി വേദന അയാളനുഭവിക്കണം. നിനക്ക് ഫുൾ സപ്പോർട്ടായിട്ട് ഞാനുണ്ട് കൂടെ.” അഭിഷേകിന്റെ വാക്കുകൾ കേട്ട് സൂര്യൻ ആഹ്ലാദത്താൽ മതി മറന്നു.
ഇത്ര പെട്ടെന്ന് കാര്യങ്ങൾ മറിമറിയുമെന്നും സാഹചര്യം തനിക്ക് അനുകൂലമാകുമെന്നും അവൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.
“സാർ എന്നാ ഇങ്ങോട്ട് വരുന്നത്?”
“എനിക്ക് നാളെ തന്നെ റിപ്പോർട്ട് ചെയ്യണം. അവിടുത്തെ വന്നിട്ട് നിനക്കൊരു സർപ്രൈസ് തരാമെന്നാ കരുതിയത്. പക്ഷേ ഇങ്ങനെയൊരു പ്രശ്നം നീ പറഞ്ഞ് കേട്ടപ്പോൾ നിന്നോട് മറച്ച് വയ്ക്കാൻ മനസ്സ് വന്നില്ല.”
“സർ നാളെ എത്തുമെങ്കിൽ, സുശീലനെ നാളെത്തന്നെ കാണേണ്ട രീതിയിൽ ഞാനൊന്ന് കാണുന്നുണ്ട്.” സൂര്യൻ ആവേശത്തിലായി.
“ആവേശം കൂടി അയാളെ കൊ’ *-ല്ലുകയൊന്നും ചെയ്യരുത്. എങ്കിൽ പിന്നെ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല.”
“കൊ- iല്ലണമെങ്കിൽ അത് നേരത്തെ ആകാമായിരുന്നു സർ. പക്ഷേ അയാൾ ജീവിച്ചിരിക്കെ തന്നെ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ അനുഭവിക്കണം. അതുകൊണ്ട് അതോർത്തു സർ പേടിക്കണ്ട.”
“മ്മ്മ്… എങ്കിൽ പിന്നെ നമുക്ക് നാളെ കാണാം.” അഭിഷേക് കാൾ കട്ട് ചെയ്തു.
കോയിൻ ബൂത്തിൽ കയറി ഒരു രൂപ കോയിൻ മുടക്കിയാണ് സൂര്യൻ അഭിഷേകിനോട് സംസാരിച്ച് കൊണ്ടിരുന്നത്. അഭിഷേക് വരുന്ന വിവരം കേട്ടപ്പോൾ മുതൽ സൂര്യൻ സന്തോഷത്തിലാണ്. നാളത്തെ ദിവസം സുശീലനെ നേരിടാനുറച്ച് ഉറക്കം പോലുമില്ലാതെ ആ രാത്രി അവൻ എങ്ങനെയൊക്കെയോ കഴിച്ച് കൂട്ടി.
തുടരും….