സൂര്യനെ മോഹിച്ചവൾ, ഭാഗം 30, എഴുത്ത്: ശിവ എസ് നായര്‍

ഏഴ് വർഷത്തെ ജയിൽ വാസം കഴിഞ്ഞു പുറത്തിറങ്ങിയ സുശീലൻ, സൂര്യന്റെ വളർച്ച കണ്ട് അസൂയ പൂണ്ടു. അവന്റെ ഉയർച്ചയിൽ അയാൾക്ക് അധികഠിനമായ ദുഃഖവും വെറുപ്പുമൊക്കെ തോന്നി. ഒപ്പം തന്നെ ഒന്നുമല്ലാതാക്കി തീർത്തവനോട് തീർത്താൽ തീരാത്ത പകയും. കഴിഞ്ഞു പോയ ഏഴ് വർഷങ്ങൾ സുശീലൻ കാത്തിരുന്നത് സൂര്യന്റെ തകർച്ച കാണാൻ വേണ്ടി മാത്രമാണ്. ഇത്രയും ചുരുങ്ങിയ കാലയളവിൽ അവൻ ഇത്രത്തോളം വളർന്നു പന്തലിക്കുമെന്ന് സുശീലൻ വിചാരിച്ചതല്ല.

പഴയത് പോലെ എടുത്തുചാടി സൂര്യനെ നേരിടാനാവില്ല. നല്ല പോലെ ആലോചിച്ച് ഒരു പദ്ധതി തയ്യാറാക്കി മാത്രമേ അവനെ കെണിയിലാക്കാൻ പറ്റുള്ളൂ. പീറ ചെക്കനായിരുന്നപ്പോൾ തന്നെ കുറുക്കന്റെ കൗശല ബുദ്ധി ഉണ്ടായിരുന്നവനെ വില കുറച്ചു കാണാൻ പാടില്ലെന്ന് സുശീലന്റെ അന്തരംഗം മന്ത്രിച്ചു കൊണ്ടിരുന്നു.

ഭാര്യയും മക്കളും കൂടെയില്ലാതെ പോകാനൊരിടമില്ലാത്തവനാണ് സുശീലനിന്ന്. ജയിലിൽ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ ഒരിക്കൽ പോലും അയാളെ കാണാൻ ഭാര്യയോ മക്കളോ അളിയന്മാരോ വന്നിരുന്നില്ല. അയാൾക്കതിൽ നല്ല വിഷമവുമുണ്ട്. എല്ലാരും തന്നിൽ നിന്നകലാൻ കാരണക്കാരനായ സൂര്യനെ വെറുതെ വിടില്ലെന്ന് മനസ്സിലുറച്ച് പുറത്തിറങ്ങാനുള്ള ദിവസത്തിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു സുശീലൻ. ആ ദിവസമാണ് ഇന്ന് വന്നെത്തിയിരിക്കുന്നത്.

കുറേ വർഷം ജയിലിൽ കിടന്നത് കൊണ്ട് തന്നെ പലതരം കുറ്റ കൃത്യങ്ങൾ ചെയ്ത തടവ് പുള്ളികളുമായി സുശീലന് ഒരു സൗഹൃദ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. കുറ്റവാളികൾക്കൊപ്പമുള്ള ജീവിതം അയാളെ കൂടുതൽ ദുഷ്ടനാക്കാൻ സഹായിച്ചതേയുള്ളൂ. ഒരിക്കൽ പോലും സ്വന്തം പ്രവർത്തികൾ ഓർത്ത് സുശീലന് മനസ്താപം തോന്നിയിട്ടില്ല.

ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ദിവസം അയാൾ പോകാൻ തീരുമാനിച്ചിരുന്നത് രണ്ട് മാസം മുൻപ് പുറത്ത് പോയ സഹതടവുകാരനായ ദിവാകരന്റെ അടുത്തേക്കായിരുന്നു. ഒരു കൊലക്കേസിൽ പെട്ട് ജയിലിൽ എത്തിയതായിരുന്നു ദിവാകരൻ. ഇരുവരും അവിടെ വച്ച് നല്ല ചങ്ങാത്തമാവുകയായിരുന്നു. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാൽ തന്നെ വന്ന് കാണാൻ പറഞ്ഞാണ് ദിവാകരൻ പോയത്. അയാൾ പറഞ്ഞ് കൊടുത്ത വിലാസം ജയിലിൽ നിന്ന് കുറച്ച് അകലെയാണ്. അങ്ങോട്ട്‌ പോകാനായി സുശീലന് ബസ് സ്റ്റാൻഡിൽ എത്തേണ്ടതുണ്ട്. സ്റ്റാൻഡിലേക്ക് പോകാനായി ഏതെങ്കിലും ഓട്ടോറിക്ഷ കിട്ടുമോന്ന് നോക്കി റോഡിന് ഓരം ചേർന്ന് അയാൾ നടന്നു.

നര കയറി തുടങ്ങിയ മുടിയിഴകളും മെല്ലിച്ച ശരീരവും കുഴിഞ്ഞ കണ്ണുകളുമൊക്കെ സുശീലന്റെ ഇപ്പോഴത്തെ അവസ്ഥ വരച്ചു കാട്ടുന്നതായിരുന്നു. ഇത്രയൊക്കെ അനുഭവിച്ചിട്ടും സൂര്യനോടുള്ള പക മാത്രം അയാളുടെ മനസ്സിൽ എരിഞ്ഞടങ്ങി കൊണ്ടിരുന്നു. എന്തൊക്കെയോ ആവാൻ ശ്രമിച്ച് അതിനായി വളഞ്ഞ വഴികളിൽ കൂടി സഞ്ചരിച്ച് ഒടുക്കം തടവ് പുള്ളിയായി തീരേണ്ടി വന്നതിന്റെ വേദനയാണ് സുശീലന്. തന്റെ ലക്ഷ്യം നടക്കാതെ പോയതിന് കാരണക്കാരനായവനെ വെറുതെ വിടാൻ ഭാവമില്ലാതെ പ്രതികാര ചിന്തയുമായി ഓരോ ദിവസം തള്ളി നീക്കുകയായിരുന്നു സുശീലൻ നാളിതുവരെ.

പലവിധ ചിന്തകളിൽ പെട്ട് കലുഷിതമായ മനസ്സുമായി മുന്നോട്ട് നടക്കുമ്പോഴാണ് അയാളുടെ തൊട്ടരികിലായി ഒരു കറുത്ത ജീപ്പ് വന്ന് നിന്നത്. ഇതാരാണപ്പാ തന്റെ അടുത്ത് കൊണ്ട് നിർത്താനെന്ന് ഓർത്താണ് സുശീലൻ മുഖമുയർത്തി നോക്കിയത്. ആദ്യം തന്നെ അയാളുടെ കണ്ണിലുടാക്കിയത് ജീപ്പിന്റെ മുൻപിൽ എഴുതിയിരുന്ന അമ്പാട്ട് പറമ്പിൽ എന്ന പേരാണ്. അത് കണ്ട മാത്രയിൽ തന്നെ ആ വന്നത് ആരായിരിക്കുമെന്ന് അയാൾ ഊഹിച്ചു.

ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തേക്കിറങ്ങിയ സൂര്യന്റെ മുഖത്തേക്ക് അറിയാതെ തന്നെ അയാളുടെ മിഴികളുടക്കി.

മുണ്ടിന്റെ അറ്റം മടക്കി കുത്തി മീശ പിരിച്ചുകൊണ്ട് തനിക്ക് നേരെ നടന്ന് വരുന്ന സൂര്യനെ കണ്ട് സുശീലന്റെ മിഴികളിൽ പകയാളി.

“എങ്ങനെയുണ്ടായിരുന്നു ചെറിയച്ഛാ ജയിലിലെ ജീവിതമൊക്കെ.”

“നിന്നോടൊക്കെ സംസാരിച്ചു നിൽക്കാൻ എനിക്ക് നേരമില്ല. മുന്നീന്ന് മാറടാ.” പുച്ഛത്തോടെയുള്ള അവന്റെ ചോദ്യം കേട്ടില്ലെന്ന് ഭാവിച്ച് അയാൾ പോകാൻ തുടങ്ങി.

“അങ്ങനെയങ്ങ് പോയാലോ… കുറച്ചു കണക്ക് കൂടി തീർക്കാനുണ്ടായിരുന്നു. നിങ്ങളെ ജയിലിൽ അടച്ചതോടെ എന്റെ പ്രതികാരം തീർന്നെന്നാണോ ചെറിയച്ഛൻ വിചാരിച്ചു വച്ചിരിക്കുന്നത്.”

“നിനക്കിനി എന്താ വേണ്ടത് സൂര്യാ… എന്റെ ആരോഗ്യവും സമ്പത്തും എന്റെ കുടുംബവുമെല്ലാം നീ കാരണം എനിക്ക് നഷ്ടമായി. ഇനിയും എന്നെ ഉപദ്രവിച്ചിട്ട് നിനക്കെന്ത് കിട്ടാനാ. നിന്നോട് വീണ്ടും അടിയുണ്ടാക്കാനുള്ള ആരോഗ്യം എനിക്കില്ല. അതുകൊണ്ട് ഇനിയെങ്കിലും എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.” താൻ പുറത്തിറങ്ങിയ ദിവസം തന്നെ സൂര്യൻ തന്നെ കാണാൻ ഇവിടേക്ക് വരണമെങ്കിൽ ആ വരവിലെന്തോ പന്തികേട് ഉണ്ടെന്ന് സുശീലന്റെ ബുദ്ധി ഉപദേശിച്ചു.

സംസാരത്തിൽ പരമാവധി ദയനീയത വരുത്തിയാണ് സുശീലൻ ഓരോ വാക്കും പറയുന്നത്. അവന്റെ മുന്നിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നാണ് അയാൾ ചിന്തിച്ചത്. മനസ്സിലെന്തോ ഉദ്ദേശിച്ചാണ് സൂര്യൻ വന്നിരിക്കുന്നതെന്ന് മാത്രം സുശീലൻ ഊഹിച്ചു.

അപ്പോഴാണ് ഒരു ഓട്ടോ ദൂരെ നിന്ന് വരുന്നത് അയാൾ കണ്ടത്. വേഗം ആ വണ്ടിക്ക് കൈ കാണിച്ച് നിർത്തി അതിൽ കയറി സൂര്യന്റെ മുന്നിൽ നിന്ന് രക്ഷപെട്ടു പോകാമെന്ന് വിചാരിച്ച് സുശീലൻ മുന്നോട്ട് നടന്നതും സൂര്യനായാളെ ഷർട്ടിന്റെ കോളറിൽ തൂക്കിയെടുത്ത് ജീപ്പിലേക്കിട്ടു.

“ഏയ്‌… നീയെന്താ ഈ ചെയ്യുന്നത്. എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകണം. എന്നെ വിടെടാ സൂര്യാ. ഇനിയുമെന്നെ എങ്ങോട്ടാ നീ പിടിച്ചുകൊണ്ട് പോകാൻ ശ്രമിക്കുന്നത്. എന്നെയൊന്ന് സ്വസ്ഥമായി ജീവിക്കാൻ നീ സമ്മതിക്കില്ലല്ലേ.” ജീപ്പിനുള്ളിൽ നിന്നും പുറത്തേക്ക് ചാടിയിറങ്ങാൻ അയാൾ വ്യഥാ ശ്രമിച്ചു.

“നിങ്ങളെ കയ്യോടെ പൊക്കി കൊണ്ട് പോവാനാ ഞാൻ വന്നത്. ചെറിയച്ഛനിപ്പോ അത്യാവശ്യമായി എങ്ങോട്ടാ പോകാനുള്ളത് എന്നൊക്കെ എനിക്കറിയാം. അതുകൊണ്ട് ചിലയ്ക്കാതെ അടങ്ങിയിരിക്കാൻ നോക്ക്. അല്ലെങ്കിൽ സൂര്യന്റെ കൈചൂട് നിങ്ങളറിയും.” അവന്റെ സ്വരത്തിന് ഭീഷണിയുടെ ചുവയുണ്ടായിരുന്നു.

സുശീലന്റെ എതിർപ്പുകൾ അവഗണിച്ചവൻ അയാളെ സീറ്റിനോട് ചേർത്ത് കൈ രണ്ടും കൂട്ടികെട്ടി ഇരുത്തിയ ശേഷം ജീപ്പ് സ്റ്റാർട്ട്‌ ആക്കി ഓടിച്ചുപോയി. അമ്പാട്ട് പറമ്പിൽ തറവാടായിരുന്നു അവന്റെ ലക്ഷ്യ സ്ഥാനം.

സൂര്യൻ തന്നെ പിടിച്ചുകൊണ്ട് പോകുന്നത് എന്തിനാണെന്നറിയാതെ വീർപ്പു മുട്ടലോടെ ഇരിക്കാനേ അയാൾക്ക് കഴിയുമായിരുന്നുള്ളു.

***************

പടിപ്പുര വാതിൽ കടന്ന് ഒരു ഇരമ്പലോടെ തറവാട്ട് മുറ്റത്ത്‌ ജീപ്പ് ബ്രേക്കിട്ട് നിന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ സൂര്യൻ മറുവശത്ത് കൂടി വന്ന് സുശീലന്റെ കൈകളിലെ കെട്ടഴിച്ച ശേഷം ഉമ്മറത്തേക്ക് ആഞ്ഞുതള്ളി. ആ തള്ളലിൽ നില തെറ്റിയ സുശീലൻ പടിക്കെട്ടിൽ മുഖമടച്ചാണ് വീണത്.

“ആ… അമ്മേ…” ഒരാർത്തനാദം അയാളുടെ കണ്ഠനാളത്തിൽ കുരുങ്ങി നിന്നു.

വീഴ്ചയിൽ സുശീലന്റെ ചുണ്ട് പൊട്ടി ചോരയൊഴുകി.

“എന്തിനാടാ നീയെന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്. നിന്നോടിനി ഒന്നിനും ഇല്ലെന്ന് ഞാൻ പറഞ്ഞതല്ലേ… എന്നിട്ടും എന്തിനാ നീയിങ്ങനെ എന്റെ പിന്നാലെ കൂടിയിരിക്കുന്നത്.” വേദന കടിച്ചമർത്തി അയാൾ മുരണ്ടു.

“ഛീ… നിർത്തെടാ… നിങ്ങള് കൂടുതലങ്ങ് നിഷ്കളങ്കൻ ചമയണ്ട. എനിക്കെല്ലാം അറിയാം. എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാനിവിടെ നിന്റെ മുന്നിലിങ്ങനെ നിൽക്കുന്നത്.” പരിഹാസത്തോടെ പറഞ്ഞുകൊണ്ട് സൂര്യൻ അയാളെയും വലിച്ചിഴച്ച് പത്തായ പുരയിലേക്ക് പോയി.

“സൂര്യാ… വേണ്ട സൂര്യാ… എന്നെയൊന്നും ചെയ്യരുത്.” അപകടം മനസിലാക്കിയ സുശീലൻ ഒരിറ്റ് ദയക്കായി അവന്റെ മുന്നിൽ അപേക്ഷിച്ചു.

“നിങ്ങളെ തേടി ഞാൻ വന്നത് നിങ്ങളുടെ കയ്യിലിരിപ്പ് ശരിയല്ലാത്തോണ്ടാ. ഇത്രയും കിട്ടിയിട്ടും നിങ്ങൾ മാറിയില്ല. ഇനിയൊരിക്കലും മാറാൻ പോണില്ലെന്നും എനിക്കറിയാം. അതുകൊണ്ടല്ലേ ജയിലിൽ നിന്ന് ഇറങ്ങിയപാടെ എനിക്കുള്ള കൊട്ടേഷൻ കൊടുക്കാൻ നീ ദിവാകരന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയത്. നിങ്ങളെന്താ വിചാരിച്ചത്? ഞാനൊന്നും അറിയില്ലെന്നോ.”

സൂര്യന്റെ വാക്കുകൾ കേട്ട് അയാളുടെ മുഖം കടലാസ് പോലെ വിളറി.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *