ധ്രുവം, അധ്യായം 100 – എഴുത്ത്: അമ്മു സന്തോഷ്

“അർജുന്റെ ഹോസ്പിറ്റൽ ആണോ ഡോക്ടർ ഇത്?”

“അതേ..അഞ്ചു വർഷം മുൻപ് അയാൾ നിർമിച്ച ഹോസ്പിറ്റലാണ്. “

“അർജുൻ ഇന്നലെ രാത്രി ബ്ലോക്കിൽ ഉണ്ടായിരുന്നു എന്നത് ഉറപ്പല്ലേ?”

“മുറിക്കുള്ളിൽ മാത്രേ cctv ഇല്ലാതെയുള്ളു. ബാക്കി എല്ലായിടത്തും ഉണ്ട്. നിങ്ങൾ പരിശോധിക്കണം. അല്ല നിങ്ങളുടെ ഉദ്ദേശമെന്താ അർജുൻ ആണ് അയാളെ കൊ- ന്നതെന്ന് നിങ്ങൾക്ക് സംശയം ഉണ്ടല്ലേ? കഷ്ടം എസ് പി സർ. അവന്റെ ഭാര്യയെയും അവനെയും ഈ അവസ്ഥയിൽ ആക്കിയവരെ നിങ്ങൾക്ക് തൊടാൻ കഴിഞ്ഞിട്ടില്ല. ഒരു സൂചന പോലും കിട്ടിയിട്ടില്ല. അത് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. എന്നിട്ടാ ഇത്. അർജുൻ ഇവിടെ ഉണ്ടായിരുന്നു. ഇവിടെ ഉണ്ട്. സമയം കളയാതെ യഥാർത്ഥ പ്രതിയെ പിടിക്കാൻ നോക്ക്. ഇപ്പൊ കളയുന്ന ഓരോ സമയവും വിലപ്പെട്ടതാണ് “

രാജേഷ് എഴുന്നേറ്റു

“എനിക്ക് അർജുൻ സാറിനെ ഒന്ന് കാണാൻ പറ്റുമോ.?”

“yes sure. ഉറക്കത്തിലാണ് വരൂ “

അർജുന്റെ മുറിയിൽ എത്തി അവർ

മുറിയിൽ അർജുന്റെ ഒപ്പം ദീപു, അച്ഛൻ ദുർഗ, പിന്നെ ഡാഡി..

വലിയ ഒരു മുറിയായിരുന്നു അത്. അർജുൻ മയക്കത്തിലായിരുന്നു. അവന്റെ കൈകാലുകൾ കെട്ടിയെന്ന് ഡോക്ടർ പറഞ്ഞെങ്കിലും അത് അങ്ങനെ ആയിരുന്നില്ല

“ഞാൻ ആണ് അത് അഴിച്ചത്. അത് വേണ്ട “

വൈശാഖൻ മുഴങ്ങുന്ന സ്വരത്തിൽ പറഞ്ഞു

“അവൻ ഞങ്ങളെ ഒന്നും ചെയ്യില്ല “

വൈശാഖന്റെ ശബ്ദം ഒന്നിടറി

രാജേഷ് പിന്നെ അവിടെ അധികം നിന്നില്ല. ഐ ജിയുടെ ഫോൺ വന്നതനുസരിച്ചു അയാൾ ഓഫീസിലേക്ക് പോയി

“ആരാണ് എന്താണ് എന്തിനാണ്? ഇരുപത്തിനാലു മണിക്കൂറിനകമെനിക്ക് റിപ്പോർട്ട്‌ വേണം രാജേഷ്. കൃഷ്ണയേ ഷൂട്ട്‌ ചെയ്ത കേസ് ഇപ്പോഴും ഇരുട്ടിൽ തപ്പിക്കൊണ്ടിരിക്കുന്നു. ഇത് മീഡിയയ്ക്ക് സെലിബ്രേഷൻ ആണ്. നോക്കിക്കേ എല്ലാ  ചാനലുകളും പോലീസിനെ കൊ- ന്നു കൊ- ലവിളിക്കുകയാണ്. നാണമില്ലെടോ ദിവസം എത്രയായി? ഒരാളെ കിട്ടിയോ? നമുക്ക് ഇമേജ് രക്ഷിക്കാൻ എങ്കിലും ഒരാൾ വേണം. ഒറ്റ ആള് എങ്കിലും. എങ്ങനെ എന്നൊന്നും എനിക്ക് അറിയണ്ട.”

രാജേഷ് നിന്ന് വിയർത്തു. അയാൾ അവിടെ നിന്നിറങ്ങി. സി ഐ ഹാരീസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു

“സർ കൊട്ടേഷൻ ആണ് സർ “

“അത് നീ പറഞ്ഞോണ്ടാക്കിയാലേ എനിക്ക് അറിയാവൊള്ളോ.ആരുടെ? എന്തിന്?”

“കൊട്ടേഷൻ ഊഹിച്ചു നോക്കിയാൽ മനസ്സിലാവില്ലേ സർ. തീർച്ചയായും അത് അർജുൻ സാറിന്റെ ആവും “

“ഉണ്ട. അങ്ങേര് ബോധം ഇല്ലാത് ആശുപത്രിയിൽ ആണെടോ “

സി ഐ വിളറിപ്പോയി

“പിന്നെ ആരാണ് സർ?”

“എന്നോട് തന്നെ ചോദിക്ക്. പോയി അന്വേഷിച്ചു കണ്ടു പിടിക്കെടോ. ഒറ്റ ദൃക്‌സാക്ഷി. ഒറ്റയാളെ കിട്ടുമോ?”

“ആരും കണ്ടിട്ടില്ലന്നാണ് മൊഴി “

“അവിടെ കൂടി നിന്ന ഒരുത്തനെ പൊക്ക്. ചോദിക്കണ്ട രീതിയിൽ ചോദിച്ചു നോക്ക്. അവൻ പറയും വേഗം”

സി ഐ പോയി

അർജുൻ അല്ലെങ്കിൽ പിന്നെ ആര്?സാധുവാണ് അച്ഛൻ ജയറാം..പിന്നെ വീൽ ചെയ്റിൽ ഉള്ള ഒരു പാവം വയസൻ..ആശുപത്രിയിൽ കിടക്കുന്ന ഭാര്യ

ആര്? “

അയാൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി

മാധവം മെഡിക്കൽ കോളേജ്

കൃഷ്ണ രണ്ടാം ദിവസമാണ് നിരാഹാരം

“എന്തെങ്കിലും കഴിക്ക് മോളെ ” ലത കരഞ്ഞു

അവൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു

“എന്റെ മോളെ അർജുന്‌ ജീവന് ഒന്നും സംഭവിച്ചിട്ടില്ല മോളെ. എന്റെ മോള് ഇത് കഴിക്ക് അർജുൻ വരും “

രമേശനും അവളോട് കെഞ്ചി. അവൾ ആരെയും നോക്കിയില്ല. ഡോക്ടർ ദുർഗ അവിടേക്ക് വന്നു

“അച്ഛനും അമ്മയും ഒന്ന് പുറത്തേക്ക് നിക്കാമോ?”

അവർ വിനയത്തോടെ ചോദിച്ചു. അവര് പുറത്തേക്ക് പോയി

“കൃഷ്ണ?” ദുർഗ അവളുടെ കയ്യിൽ ഒന്ന് പിടിച്ചു

“മോളെന്താ ഭക്ഷണം കഴിക്കാത്തത്?”

“എന്റെ അപ്പുവേട്ടനെവിടെ?എന്തുണ്ടെങ്കിലും എന്നോട് പറയാം. പറയ്.”

“പറയാം. മോള് സഹിക്കണമത്. ഇത്രയും ദിവസം പറയാതിരുന്നത് മോളുടെ അവസ്ഥ മോശമായി പോയത് കൊണ്ട. “

കൃഷ്ണയുടെ നെഞ്ചിടിച്ചുഅവൾ പേടിയോടെ നോക്കി

“അർജുന്‌ പതിനഞ്ചു വർഷം മുന്നേ ഒരു മെന്റൽ distarction വന്നത് അറിയാമല്ലോ. ഇന്ന് അതേ സ്റ്റേജിലൂടെ കടന്ന് പോകുകയാണ്. ഇക്കുറി അത് കുറച്ചു സീരിയസ് ആണ് എന്ന് മാത്രം.”

കൃഷ്ണയ്ക്ക് അത് വിശ്വസിക്കാനായില്ല. അവൾ തുറിച്ച മിഴികളോടെ നോക്കി കിടന്നു

“നീ വെടിയേറ്റ് വീണത് ആ കൈകളിലല്ലേ മോളെ? ആ നിമിഷം അവൻ…”

ദുർഗയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കൃഷ്ണ ആ കൈകളിൽ മുറുകെ പിടിച്ചു

“എന്നെയൊന്നു കൊണ്ട് പോവോ?”

“പറ്റില്ല. അവൻ…അവൻ..നിന്നെ അറിയില്ല മോളെ. അവനെ സംബന്ധിച്ച് നീ മരിച്ചു പോയി. വല്ലാതെ വയലന്റ് ആണ്. നിന്നെക്കണ്ട നിന്നെ ആക്രമിക്കാൻ സാധ്യത ഉണ്ട്. നിന്റെ ഇപ്പോഴത്തെ ഫിസിക്കൽ കണ്ടിഷൻ അത് അനുവദനീയമല്ല.”

“എന്നേ കൊ- ന്നോട്ടെ എന്റെ അപ്പുവേട്ടനല്ലേ. എന്നേ ഒന്ന് കൊണ്ട് പോയി കാണിക്ക് “

അവൾ വിങ്ങിക്കരഞ്ഞു

“നിനക്ക് മണിക്കൂറുകൾ തോറും ഇൻജെക്ഷൻ ഉണ്ട് അറിയില്ലേ നിനക്ക്? നീ വേഗം സുഖം ആയാൽ മാത്രമേ അവനും സുഖമാകുകയുള്ളു. അത് നീ മനസ്സ് വെച്ചാൽ നടക്കും “

“എനിക്ക് വീഡിയോയിൽ എങ്കിലും ഒന്ന് കാണിച്ചു തരുമോ ഞാൻ ഇത്ര ദിവസമൊന്നും ആ മുഖം കാണാതെയും ഒച്ച കേൾക്കാതെയും ജീവിച്ചിട്ടില്ല. അപ്പുവേട്ടനും അതേ..ഒന്ന് കണ്ടാൽ എന്റെ ശബ്ദം കേട്ടാൽ മാറും “

“ഒരു ദിവസം നിന്നെ വീഡിയോയിൽ കണ്ടു അർജുൻ. പക്ഷെ ഫലം ഇല്ലാ. എന്നാലും നിന്നെ ഞാൻ കാണിക്കാം “

കൃഷ്ണ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അതിനായി കാത്തു. ദീപു ദുർഗയുടെ ഫോൺ കാൾ എടുത്തു

“ദീപു, അർജുൻ എന്ത് ചെയ്യുകയാ “

“ഇപ്പൊ സൈലന്റ് ആയി ഇരിക്കുകയാണ്. മരുന്നിന്റെ ഒരു മയക്കം വിട്ട് വരുന്നേയുള്ളൂ “

“ഒന്ന് വീഡിയോയിൽ വാ “

ദീപു വീഡിയോ ഓൺ ആക്കി

കൃഷ്ണ

അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ

“സ്പീക്കർ ഓൺ ആക്കിക്കോ ദീപു “

അർജുൻ വീഡിയോയിൽ വന്നതും കൃഷ്ണയുടെ ഹൃദയം നിലച്ചു പോയി

താടി രോമങ്ങൾ വളർന്നു. മുടി വളർന്നു. ക്ഷീണിച്ചു

“അപ്പുവേട്ടാ ” അവളുടെ ശബ്ദം അടഞ്ഞു പോയി

പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ വീണ്ടും അവനെ വിളിച്ചു

“അപ്പുവേട്ടാ “

അർജുൻ ഒന്ന് തിരിഞ്ഞു. അവൻ മൊബൈലിലേക്ക് നോക്കിക്കൊണ്ടിരുന്നു

“അപ്പുവേട്ടന്റെ കൃഷ്ണയാ എന്തെങ്കിലും പറയോ?”

അവൾ വീണ്ടും വീണ്ടും പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു. അർജുൻ നിശ്ചലനായി അങ്ങോട്ട് നോക്കിയിരുന്നു

“എന്റെ പൊന്നല്ലെടാ മിണ്ടാത് ഇരിക്കാതെ. എനിക്ക് വയ്യാത്ത കൊണ്ടല്ലേ അല്ലെങ്കിൽ ഞാൻ വന്നേനെ..”

അർജുൻ തല തിരിച്ചു കളഞ്ഞു. മൊബൈൽ ഓഫ്‌ ചെയ്യാൻ അവൻ ആംഗ്യം കാണിച്ചു. ശബ്ദം കേൾക്കാൻ വയ്യാത്ത പോലെ ചെവി രണ്ടും പൊത്തി. പിന്നെ കമിഴ്ന്ന് കിടന്നു

കൃഷ്ണ പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി. അവൾ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു. ദീപു ഹൃദയം പൊട്ടിപ്പോകുന്ന വേദനയോടെ മൊബൈൽ ഓഫ്‌ ചെയ്തു

അർജുൻ അനങ്ങാതെ കിടക്കുന്നു. ദീപു അവനെയൊന്ന് ചേർത്ത് പിടിച്ചു

“അതാരാ ദീപു?”

ദീപു ഞെട്ടിപ്പോയി

“എന്താ?”

“അതാരാ വീഡിയോയിലെ പെണ്ണ്?”

“എടാ അത് കൃഷ്ണയല്ലേ? അവള് ഹോസ്പിറ്റലിൽ അല്ലെ?”

അർജുൻ ഒറ്റ ചവിട്ട് കൊടുത്തു ദീപുവിന്
ദീപു ഭിത്തിയിൽ മുഖം അടിച്ചു വീണു

“നിന്നോട് ഞാൻ നുറു തവണ പറഞ്ഞു കൃഷ്ണ മരിച്ചു പോയിന്ന്. കണ്ട പെണ്ണുങ്ങളെ വീഡിയോയിൽ കാണിച്ചു ഷോ കാണിക്കുന്ന രീതി ഇന്നോടെ നിർത്തി ക്കോണം. എന്റെ പെണ്ണ് മരിച്ചു.. മരിച്ചു.. ഞാനും…പോകും..ഞാനും “

പൊടുന്നനെ അർജുൻ വാതിൽ തുറന്നു ഇറങ്ങി ഓടി. ചവിട്ട് കൊണ്ട് വീണത് കൊണ്ട് ദീപുവിന് പെട്ടെന്ന് അവനെ പിടിക്കാൻ സാധിച്ചില്ല. പക്ഷെ ഇടനാഴിയിലൂടെ ഓടും മുന്നേ അവൻ ആശുപത്രി ജീവനക്കാരുടെ വലയത്തിലായി

അതേ അലർച്ച, അതേ നിലവിളി, അതേ പിടച്ചിൽ

ദീപുവിന് അത് കണ്ടു നിൽക്കാൻ വയ്യായിരുന്നു. എന്റെ മോളെ എന്നൊരു നിലവിളിയിൽ അർജുൻ പിടഞ്ഞടിച്ചു കൊണ്ടിരുന്നു. ദീപു തന്റെ തല ഭിത്തിയിൽ ഇടിച്ചു കരഞ്ഞു പോയി

“ദീപു…”

ജയറാം അവനെ തന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു

“എനിക്ക് വയ്യ അങ്കിളേ ഇത് കാണാൻ…ഞാനും എന്തെങ്കിലും ചെയ്തു പോകും. അങ്കിളേ. എന്റെ അർജുൻ എന്താ ഇങ്ങനെ?എത്ര ദിവസമായി?”

“ദീപു ഒന്ന് വീട്ടിൽ പോയി റസ്റ്റ്‌ എടുക്ക്. രണ്ടു ദിവസം ഒന്ന് ഉറങ്ങു. ഇത് ശരിയാവില്ല “

“വേണ്ട. എനിക്ക് വീട്ടിൽ പോകണ്ട. പോയ സമാധാനം കിട്ടത്തില്ല. ഇവിടെ ആകുമ്പോൾ അവനെ കാണാം.”

“ഇതെന്താ നെറ്റി പൊട്ടിയല്ലോ. അവൻ ഉപദ്രവിച്ചു അല്ലെ?”

“ഓ അതൊന്നും സാരമില്ല. കുഞ്ഞിലേ എന്ത് മാത്രം വഴക്ക് ഉണ്ടാക്കിയിരിക്കുന്നു. അത് സാരമില്ല. അവന് ബോധം ഇല്ലാഞ്ഞിട്ടല്ലേ. ബോധം ഉള്ളപ്പോൾ എന്ത് മാത്രം സ്നേഹിച്ചിട്ടുണ്ട്.. ഇത്. ഇപ്പൊ വയ്യ അവന്…ഞാനങ്ങോട്ട് ചെല്ലട്ടെ. അവൻ അന്വേഷിക്കും.”

ദീപു അദേഹത്തിന്റെ കൈ വിടുവിച്ചു അർജുന്റെ മുറിയിൽ പോയി. അർജുൻ കിടക്കുകയായിരുന്നു. മരുന്ന് ഞരമ്പിലേക്ക് കയറുന്നു

ദീപു അത് നോക്കി നിന്നു

“ദീപു?”

അവൻ ഓടി അരികിൽ ചെന്നു

“പോകല്ലേടാ “

ശബ്ദം നേർത്തു

കണ്ണീരിന്റെ കനത്ത മറയിൽ ആ കാഴ്ച മറഞ്ഞു.

കൃഷ്ണ കണ്ണ് തുറന്നു കിടക്കുകയായിരുന്നു. രാത്രി ഒരു പാട് കനത്തു. അവൾ സമയം നോക്കി. രണ്ട് മണി. അവൾ അർജുന്റെ ഫോൺ നമ്പർ ഡയൽ ചെയ്തു. അർജുൻ ഉണർന്ന് കിടക്കുകയായിരുന്നു. അവൻ ശാന്തനായിരുന്നു അന്ന് എങ്കിലും കാലുകൾ ബന്ധിച്ചിരുന്നു

ദീപു മുറിയിൽ ഉണ്ടായിരുന്നു. നല്ല ഉറക്കം

മൊബൈൽ ശബ്ദിക്കുന്നത് കണ്ട് അർജുൻ ഫോൺ എടുത്തു

കൃഷ്ണ കാളിംഗ്

“അപ്പുവേട്ടാ…”

അവൻ ആ ഫോണിലേക്ക് നോക്കി

“എന്നേ അറിയില്ല എന്ന് എല്ലാവരും പറയുന്നു. എന്നെ എന്റെ അപ്പുവേട്ടൻ തിരിച്ച് അറിഞ്ഞില്ലാന്ന്…എന്നേ കണ്ടിട്ട് മനസിലായില്ലന്ന്. ഏത് അവസ്ഥ വന്നോട്ടെ കൃഷ്ണയേ മനസിലാക്കാൻ വയ്യാത്ത ഒരു അവസ്ഥ ആണെങ്കിൽ കൃഷ്ണ മരിക്കാൻ പോവാ അപ്പുവേട്ടാ…ഇനിയെന്തിനു ജീവിക്കണം ആർക്ക് വേണ്ടിട്ട്…അപ്പുവേട്ടന്റെ മനസ്സിൽ മരിച്ചവളായിട്ട് എനിക്ക് ഭൂമിയിൽ ജീവിക്കണ്ട. ഇത് കേൾക്കുന്നുണ്ടോ അറിയുന്നുണ്ടോ എന്നൊന്നും എനിക്ക് അറിഞ്ഞൂടാ…എനിക്ക് വയ്യ ഇനി..ഇതിൽ കൂടുതൽ ഒന്നും ഇനി എനിക്ക് വരാനില്ല…ഞാൻ ഇനി….”

അർജുൻ വിറയ്ക്കുന്ന കൈകളോട് കൂടി ഫോൺ മുറുകെ പിടിച്ചു

“എന്റെ പൊന്നിന് എന്നേ എന്താഡാ മനസിലാകാതെ പോകുന്നത്? നമ്മൾ ഒന്നിച്ചുള്ള ഒരു നിമിഷം പോരെ എന്നേ ഓർക്കാൻ?”

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

“കൃഷ്ണ അർജുനെ സ്നേഹിച്ച പോലെ ലോകത്ത് ഒരു പെണ്ണും അവളുടെ പുരുഷനെ സ്നേഹിച്ചു കാണില്ല. ഇപ്പൊ ഇങ്ങനെ ദൂരെ ഇരിക്കുമ്പോൾ  ജീവിക്കാൻ എനിക്ക് തോന്നുന്നില്ല. ഇത് അപ്പുവേട്ടന്റെ ഹോസ്പിറ്റല. ഞാൻ ആദ്യായിട്ട് അപ്പുവേട്ടനെ കണ്ടത് ഇവിടെ വെച്ചാ..എന്റെ നെഞ്ചിലേക്ക് ഒരു കടല് പോലെ എന്റെ അപ്പുവേട്ടൻ നിറഞ്ഞത് ഇവിടെ വെച്ചാ..ഞാൻ ആദ്യായിട്ട് സ്നേഹിച്ച ആളാ…എന്നേ ആദ്യായിട്ട് ഉമ്മ വെച്ചത്കെട്ടിപിടിച്ചത്, സ്നേഹിച്ചത് ഒക്കെ ഇവിടെ വെച്ചാ..”

അവൾ വിങ്ങിക്കരഞ്ഞു

“നമ്മൾ ഒത്തിരി സ്വപ്നം കണ്ടത് ഇവിടെ വെച്ചാ അപ്പുവേട്ട. എന്റെ അപ്പുവേട്ടനെ ഭ്രാന്ത് പോലെ സ്നേഹിച്ചു പോയതും ഇവിടെ വെച്ചാണ്. ഇന്ന് ഞാൻ എന്നേ മരണത്തിനു വിട്ട് കൊടുക്കാൻ പോവാ..അതും ഇവിടെ വെച്ച് മതി..എന്റെ അപ്പുവേട്ടൻ എന്നേ അറിയുന്നില്ലല്ലോ. പിന്നെ എന്തിനാ ഞാൻ…”

“നീ കൃഷ്ണയാണോ?”

അർജുന്റെ പരുക്കൻ സ്വരം

“അപ്പുവേട്ടാ ” അവൾ കരഞ്ഞു പോയി

“ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്റെ മുന്നിൽ വാ…ഞാൻ വിശ്വസിക്കാം…നീ എന്റെ മുന്നിൽ വാടി “

അവൻ അലറി

“അപ്പുവേട്ടാ എന്റെ അവസ്ഥ…എനിക്ക്”

“നീ എന്റെ കൃഷ്ണ ആണെങ്കിൽ ഏത് അവസ്ഥയിലും എന്റെ മുന്നിൽ വരും. എന്റെ കൃഷ്ണ വരും. ജീവന്റെ അവസാനകണിക നിന്നിലുണ്ടെങ്കിൽ എന്റെ കൃഷ്ണ മറഞ്ഞിരിക്കില്ല. നീ വാ കൃഷ്ണ. ഞാൻ വിശ്വസിക്കാം. അല്ലാതെ ഫോണിൽ കൂടിയുള്ള ഒന്നും വേണ്ട. വിശ്വസിക്കാൻ ഞാൻ മണ്ടനല്ല “

“എന്നേ യാത്ര ചെയ്യാൻ ഇവര് അനുവദിക്കില്ല. എനിക്ക് സുഖമില്ല അപ്പുവേട്ട. എന്റെ പൊന്ന് കണ്ടതല്ലേ?”

“നീ എന്റെ മുന്നിൽ വാടി, അത് കഴിഞ്ഞു സംസാരിക്ക് “

“അപ്പുവേട്ടന് വന്നൂടെ?”

കൃഷ്ണ പെട്ടെന്ന് തിരിച്ചു ചോദിച്ചു

“എന്നേ കാണാൻ വരാമോ?”

“ഇല്ല..”

“അതെന്താ?”

“നീ എന്റെ ആരാ?”

കൃഷ്ണ ഒന്ന് ഏങ്ങലടിച്ചു

“ഞാൻ അപ്പുവേട്ടന്റെ ആരുമല്ലന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ ഈ ഫോൺ കട്ട്‌ ചെയ്തോ…പിന്നെ ഒരിക്കലും ആ മുന്നിൽ ഞാൻ വരില്ല. ഒരിക്കലും ആരുടെ മുന്നിലും വരില്ല..ജീവിച്ചിരിക്കെ മരിച്ചു പോയവളാണ്. ഇനി യഥാർത്ഥത്തിൽ മരിച്ചു പൊയ്ക്കോട്ടെ. ഞാൻ ഏഴാമത്തെ നിലയിലാണ് ഐ സി യുവിലാണ്. ഇവിടെ ഞാൻ മാത്രമേ ഉള്ളു. ഒരു നേഴ്സ് ഉണ്ട്. ഉറങ്ങുകയാണ്..”

അർജുൻ പരിഭ്രാന്തനായി

അവന്റെ ഹൃദയത്തിൽ അടഞ്ഞു. കിടന്ന ജാലകങ്ങളിൽ ഒന്ന് കാറ്റിലെന്ന പോലെ മലർക്കേ തുറന്നു

“അപ്പുവേട്ടന് എന്നേ വേണ്ടേ?”

അർജുൻ ശക്തിയായി ശ്വാസം എടുത്തു

“ആ നെഞ്ചിൽ ഞാനില്ലേ?”

“ഞാൻ…ഞാൻ..ഞാൻ പോവാ ” അവൾ സങ്കടത്തിൽ പറഞ്ഞു

“വേണ്ടാ “

അർജുൻ പെട്ടെന്ന് പറഞ്ഞു

“ഫോൺ വെയ്ക്കണ്ട..”

അവൻ കിതച്ചു

കൃഷ്ണയുടെ കണ്ണ് നിറഞ്ഞൊഴുകി

“ഫോൺ വെയ്ക്കണ്ട…മിണ്ട്.. ഇനിം പറയ്..എന്റെ കൃഷ്ണ ആണെങ്കിൽ നീ എല്ലാം പറയ്. ആദ്യം മുതൽ ഉള്ള എല്ലാം. ഒന്നും വിട്ട് പോകരുത്.. ഒന്നും “

കൃഷ്ണ പറഞ്ഞു തുടങ്ങി. ആ പ്രണയകാലം…

തുടരും

Leave a Reply

Your email address will not be published. Required fields are marked *