അർജുൻ കൃഷ്ണയേ കേട്ടു കൊണ്ടിരുന്നു. അവളുടെ ഇടറുന്ന ശബ്ദം. ആദ്യമായി കണ്ട നിമിഷം. തന്റെ ദേഷ്യം. പിണക്കം വഴക്ക്
“അപ്പുവേട്ടന് എന്നേ വെറുപ്പായിരുന്നു. ഒത്തിരി കരയിച്ചു എന്നേ. ഞാൻ പാവപ്പെട്ടതായത് കൊണ്ട്.. ഒത്തിരി ഒത്തിരി വെറുത്തിരുന്നു “
അർജുന്റെ നെഞ്ചു പിടച്ചു പോയി
“പക്ഷെ ആദ്യമായി കണ്ട ആ നിമിഷം എന്റെ മനസിലേക്ക്..അന്ന് തൊട്ട് ഇന്ന് വരെ ഇയ്യാള് മാത്രം ഉള്ളു അവിടെ.
ഇന്ന് അപ്പുവേട്ടന് ഞാൻ മരിച്ചവളാ….ജീവിക്കണ്ടാരുന്നു. അയാൾ ഷൂട്ട് ചെയ്തപ്പോൾ മരിച്ചു പോയ മതിയാരുന്നു “
കൃഷ്ണ ഒന്ന് നിർത്തി
“ഞാൻ വെയ്ക്കുവാണ്.. ഒന്നോർത്തു നോക്കുമ്പോൾ ഇതാണ് നല്ലത്. ഇനിം അപ്പുവേട്ടന് നല്ല ഒരു ജീവിതം കിട്ടും. എന്നേ പോലൊരു പെണ്ണ് വേണ്ട.. ഞാൻ മരിച്ചു പോയി. അത് അങ്ങനെ തന്നെ ഇരിക്കട്ടെ..”
ഫോൺ കട്ട് ആയി. അർജുൻ എഴുന്നേറ്റു ഇരുന്നു. ഉള്ളിൽ എന്തോ ഒന്ന് ആർത്തു വരുന്നുണ്ട്. അവളെ കണ്ട നിമിഷം, അവളെ വഴക്ക് പറഞ്ഞത്, ആക്ഷേപിച്ചു ഇറക്കി വിട്ടത്, ഒരുപാട് അവഗണിച്ചത്
അവൻ ജനലിന്റെ അരികിൽ പോയി നിന്നു. ഇത് ദൈവശിക്ഷ ആണ്. തന്റെ അഹങ്കാരത്തിനു കിട്ടിയ ശിക്ഷ
അവൾ ജീവിച്ചിരിപ്പുണ്ടോ? ഇത് അവളാണോ.? ആണെങ്കിൽ അവളെത്ര വേദനിച്ചു കാണും
അവൻ വിങ്ങി കരഞ്ഞു
ദീപു എല്ലാം കേട്ട് കിടന്നു. അവനും സങ്കടം വന്നു. പക്ഷെ അർജുനോട് ആ നിമിഷം ഒന്നും സംസാരിക്കാൻ അവന് തോന്നിയില്ല
അവൻ തന്നെ മനസിലാക്കട്ടെ.
അർജുൻ നടക്കുന്നത്, പിന്നെ വന്നു ഇരിക്കുന്നത്, ഒക്കെ അവൻ കാണുന്നുണ്ടായിരുന്നു
അവൻ കൃഷ്ണയുടെ നമ്പർ ഡയൽ ചെയ്തു. അവൾ എടുക്കുന്നില്ല. അവന്റെ നെഞ്ച് ശക്തിയായി മിടിച്ചു തുടങ്ങി. അവൻ വിളിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ കൃഷ്ണ ഫോൺ എടുത്തു
“ഹലോ “
“ഞാൻ കൃഷ്ണയല്ല. ഏതോ ഒരു പെണ്ണ്. നിങ്ങളുടെ കൃഷ്ണ മരിച്ചു. ഇനിം വിളിക്കണ്ട “
അവൾ കട്ട് ചെയ്തു. അർജുൻ ഒന്ന് പതറി
അവൻ ദീപുവിന്റെ അരികിൽ ചെന്നു
“ദീപു..ഒന്ന് എണീറ്റെ “
ദീപു എണീറ്റു
“എടാ കൃഷ്ണ….കൃഷ്ണ ജീവിച്ചിരിപ്പുണ്ടോ?”
ദീപു സമയം നോക്കി. രണ്ട് മണി
“അതല്ലെടാ പോ-ത്തേ ഇത്രയും നാള് പറഞ്ഞു കൊണ്ട് ഇരുന്നത്?”
” മരിച്ചിട്ടില്ലല്ലേ? എന്നേ വിളിച്ചു ദീപു. എന്തൊക്കെയോ പറഞ്ഞു. പിന്നെ ഫോൺ വെച്ച് കളഞ്ഞു. എന്നോട് ദേഷ്യം പോലെ “
“സ്വാഭാവികം രാത്രി രണ്ടു മണിക്ക് ഫോൺ ചെയ്താൽ സ്വന്തം ഭാര്യ ആണെങ്കിലും ത-ന്തക്ക് വിളിക്കും. നീ കിടന്നു ഉറങ്ങിക്കെ “
“എനിക്ക്…എനിക്ക് ആ ശബ്ദം കേൾക്കാൻ തോന്നുന്നു.. അവളെന്താ ഫോൺ എടുക്കാത്തത് “
“എന്റെ അർജുൻ..ആ കൊച്ചു ഊട്ടിയിൽ ടൂർ പോയതല്ല വെടി കൊണ്ട് ഐ സി യുവിൽ കിടക്കുവാ. അതിന് ഉറങ്ങണം “
അർജുൻ തല ചലിപ്പിച്ചു
“നാളെ വിളിക്കോ?”
“കയ്യിലിരുപ്പ് പോലിരിക്കും “
ദീപു കിടന്നു
“എടാ നീ എന്റെ കൂടെ വന്നു കിടക്ക് “
അർജുൻ അവനോട് പറഞ്ഞു
“പിന്നേ നീ ആ പെണ്ണിനെ ഓർത്തോണ്ട് കിടക്കുവല്ലേ..അതിനിടയിൽ നിനക്ക് വല്ല ദുർബുദ്ധിയും തോന്നിയ എന്റെ മാനം കപ്പല് കേറും. എനിക്ക് പെണ്ണുംപിള്ളയും കൊച്ചുമൊക്കെ ഉള്ളതാ. നീ ഒറ്റയ്ക്ക് കിടന്നു ഉറങ്ങിയാ മതി “
“പോടാ നാറി “
അർജുൻ ഒരു ചവിട്ട് വെച്ചു കൊടുത്തു
ദീപു ചിരിച്ചു. പിന്നെ അർജുന്റെ അടുത്ത് വന്നു കിടന്നു
“മോൻ ഉറങ്ങിക്കോ.. നാളെ കൃഷ്ണ വിളിക്കും.”
അർജുൻ ഒന്ന് മൂളി. പിന്നെ ദീപുവിനെ കെട്ടിപ്പിടിച്ചു കണ്ണുകൾ അടച്ചു. അർജുൻ ഉറങ്ങുന്നത് കണ്ട് ദീപുവിന്റെ കണ്ണ് നിറഞ്ഞു
പാവം
പിറ്റേന്ന് മാധവം ഹോസ്പിറ്റൽ
ദൃശ്യ അവൾക്ക് അരികിൽ വന്നിരുന്നു
“മോളെ…ഇപ്പൊ വേദന ഉണ്ടൊ?”
അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു
“അപ്പുവേട്ടന് എന്നേ ഓർമ്മയില്ല..ഇതാണ് എന്റെ ഏറ്റവും വലിയ വേദന..”
“നോക്ക് നീ ഒരു ഡോക്ടറാണ്. നിനക്ക് എല്ലാം മനസിലാകും മനസിലാകാതെ പോകുന്നതായി നീ അഭിനയിക്കരുത്. അർജുൻ ചേട്ടന് മനസിന് വയ്യ. എന്ത് കൊണ്ട് വയ്യ? നിന്നോടുള്ള സ്നേഹം കൊണ്ട് ഭ്രാന്ത് പിടിച്ചു പോയിട്ട്… എടി ഇത്രയും സ്നേഹം ഉള്ള ഒരാണും ഈ ഭൂമിയിൽ കാണില്ല.”
“എന്റെ വേദന അതാണ്… ആ സ്നേഹം”
അവൾ കണ്ണുകൾ പൂട്ടി
“അർജുൻ ചേട്ടൻ വിളിക്കുന്നുണ്ട് “
അവൾ കാൾ വരുന്നത് കണ്ടു പറഞ്ഞു. കൃഷ്ണ അത് കയ്യിൽ വാങ്ങി
“ഞാൻ പോയിട്ട് വരാം “
“അപ്പുവേട്ടാ “
എല്ലാം മറന്ന് കൃഷ്ണ വിളിച്ചു. അർജുൻ ഒരു നിമിഷം കണ്ണുകൾ അടച്ചു
“എന്റെ പൊന്ന് എന്നോട് മിണ്ടെടാ പ്ലീസ്.. ഞാൻ നിന്റെ കൃഷ്ണയാണ്.”
അവൻ ഒന്ന് മൂളി
“പിന്നെ തലവേദന വന്നോ?”
“കുറച്ച് “
“മരുന്ന് കഴിച്ചോ?”
“കഴിച്ചാൽ ഉറങ്ങി പോകും “
“ഉറങ്ങുമ്പോ അസുഖം മാറും. നന്നായി ഉറങ്ങിക്കോ “
അവൻ ഒന്ന് മൂളി
“ഞാൻ ഇപ്പോഴും ഐ സി യുവിലാണ്. നാളെ ചിലപ്പോൾ റൂമിലേക്ക് മാറ്റുമായിരിക്കും. അറിയില്ല.”
“വേദന ഉണ്ടൊ?” അവൻ ചോദിച്ചു
“ഇല്ല കുറവുണ്ട്.”
രണ്ട് അപരിചിതർ സംസാരിക്കുന്ന പോലെ. തന്റെ അപ്പുവേട്ടൻ അല്ല ഇത്. വേറെ ആരോ എവിടെയോ ഇരുന്ന് കുശലം ചോദിക്കുന്നു
“നിനക്ക് സുഖമാണോ വേദന ഉണ്ടൊ..”
കൃഷ്ണ സങ്കടത്തിൽ അങ്ങനെ കിടന്നു
“വെയ്ക്കട്ടെ “
അവൾ മെല്ലെ ചോദിച്ചു. അർജുൻ മറുപടി പറഞ്ഞില്ല
ഫോൺ കട്ട് ആയി
അർജുന് മനസിലായി. അവൾക്ക് വേദന ഉണ്ട്. ശരീരത്തിനും മനസിനും. തനിക്ക് അവൾ ആഗ്രഹിക്കുന്ന പോലെ സംസാരിക്കാൻ സാധിക്കുന്നില്ല. പറ്റുന്നില്ല. പക്ഷെ ആ ശബ്ദം കേൾക്കുമ്പോൾ എന്തൊക്കെയോ ഓർമ്മകൾ. അപ്പുവേട്ടാ എന്ന വിളി. തന്റെ നെഞ്ചിൽ അമർന്നു കിടക്കുന്ന തന്റെ പെണ്ണ്. നിറയെ സംസാരിച്ച് ഉമ്മ വെച്ച് അങ്ങനെ..
കൃഷ്ണയ്ക്ക് തോന്നി ഫോൺ വെയ്ക്കണ്ടായിരുന്നു. അവന് വയ്യാഞ്ഞിട്ടല്ലേ. പാവം
അവൾ പെട്ടെന്ന് തിരിച്ചു വിളിച്ചു
ഒറ്റ വിളിയിൽ അവൻ കാൾ എടുത്തു
“അപ്പുവേട്ടാ?” അവന്റെ കണ്ണ് ഒന്ന് നിറഞ്ഞു
“നേരെത്തെ കട്ട് ചെയ്തതിന് സോറി ട്ടോ. പെട്ടെന്ന് ഒരു സങ്കടം പോലെ. എന്നോട് ഇങ്ങനെ അല്ലല്ലോ സംസാരിക്കുക.. പിന്നെ ഓർത്തു ആ ഉള്ളിൽ ഞാൻ ഇപ്പൊ…”
“കൃഷ്ണാ…”
“എന്തോ..”
കൃഷ്ണ വിളി കേട്ടു പോയി
“എന്റെ മോളെന്നോട് ക്ഷമിക്ക്. എനിക്ക് ചിലപ്പോൾ പറ്റുന്നില്ല…എനിക്ക് ഇപ്പൊ അറിയാം നീയുണ്ട്.. പക്ഷെ ചിലപ്പോൾ എല്ലാം മറന്ന് പോകുന്നു… ആ കാഴ്ച എന്നേ കുത്തിനോവിക്കുന്നു.. എനിക്ക് സഹിക്കാൻ വയ്യാതാകുന്നു… ഞാൻ കാരണമാണ് എല്ലാം എന്നോർക്കുമ്പോൾ സ്വയം മരിക്കാൻ
തോന്നുന്നു “
കൃഷ്ണ വിങ്ങികരഞ്ഞു പോയി
“എന്റെ കൃഷ്ണയാണ്. എനിക്ക് അറിയാമിപ്പോൾ നീ എന്റെ ജീവനാ…മോളെ.ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ ആരെയും ഞാൻ സ്നേഹിക്കുന്നില്ലടി.. പക്ഷെ ചിലപ്പോൾ പിടി വിട്ട് പോകും. അന്നേരം ക്രൂ- രമായി പറഞ്ഞു പോകുന്നു…”
“സാരമില്ല. എനിക്ക് മനസിലാകും..എനിക്ക് വിഷമമില്ല. എനിക്ക് ഒന്ന് കാണണം.. എത്ര ദിവസമായി ഞാൻ…ഒന്ന്…”
അവൾ പെട്ടെന്ന് നിർത്തി
അർജുനു അത് മനസിലാകുന്നുണ്ടായിരുന്നു. താൻ ഒന്ന് നെഞ്ചോട് ചേർത്ത് പിടിച്ചിട്ട്, ഒരുമ്മ കൊടുത്തിട്ട്, ഒന്ന് ഒന്നിച്ചുറങ്ങിയിട്ട് എത്ര നാളുകൾ ആയി
ഓർക്കുന്നില്ല
“എനിക്ക് ഒന്ന് കാണണം അപ്പുവേട്ടാ…എനിക്ക് വരാൻ വയ്യ. ആകുമെങ്കിൽ ഞാൻ ഇപ്പൊ. അവിടെ ഉണ്ടായിരുന്നേനെ “
അവൻ നിശബ്ദനായി
ഒരു പാട് പ്ലാനുകൾ ഉണ്ട്. ഇവിടെ നിന്നു ഇറങ്ങി പോകാൻ പാടില്ല. ഒക്കെയും തീരുന്ന വരെ എങ്കിലും
“ഡോക്ടർ പോകാൻ അനുവദിക്കില്ല കൃഷ്ണ. ഇപ്പൊ ഞാൻ സാധാരണ പോലെ സംസാരിക്കുന്നുണ്ട്. ചിലപ്പോൾ ഇങ്ങനെ അല്ല.. എനിക്ക് തന്നെ അറിയാം അതൊക്കെ “
“ഒന്ന് വീഡിയോയിൽ വരാമോ?”
അവൻ വീഡിയോ ഓൺ ആക്കി
“ക്ഷീണം നിറഞ്ഞ മുഖം
കൃഷ്ണ അവനെ നോക്കി കിടന്നു
“എന്റെ പൊന്ന് ഒന്നും കഴിക്കുന്നില്ലെടാ? ഒത്തിരി ക്ഷീണിച്ചു “
അവൾ വേദനയോടെ പറഞ്ഞു. അർജുന് തല വേദനിക്കുന്ന പോലെ തോന്നി. വണ്ട് മൂളുന്ന പോലെ
“ഞാൻ വെയ്ക്കട്ടെ “
അവൾ തലയാട്ടി. ഫോൺ വെച്ചിട്ട് അവൻ കണ്ണുകൾ അടച്ച് കിടന്നു
ഗൗരിയും ലതയും വരുമ്പോൾ അവൾ കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു
ഉറങ്ങുകയല്ല. ഒരു മയക്കം
ലത ആ തലയിൽ തലോടി
” മോളെ “
എന്ന് അടക്കി വിളിച്ചു
അവൾ മെല്ലെ കണ്ണുകൾ തുറന്നു. അവരെ കണ്ടു പുഞ്ചിരിച്ചു
“ഗൗരിയേച്ചി. വാവ എങ്ങനെ?” ഗൗരി ആ മുഖത്ത് ഒന്ന് തൊട്ടു
“സുഖം “
“അമ്മ ക്ഷീണിച്ചു.”
ലത ഒന്നും പറഞ്ഞില്ല. വെറുതെ അവളുടെ കയ്യും പിടിച്ചിരുന്നു
ഐ സി യൂവിൽ നിന്ന് കുറച്ചു നേരം കഴിഞ്ഞു എല്ലാവരും പോകണം. അത് കൃഷ്ണയ്ക്കും അങ്ങനെ തന്നെ. സന്ദർശകരെ അധികമനുവദിക്കില്ല. പ്രത്യേകിച്ച് കൃഷ്ണയേ കാണാൻ ഏറ്റവും വേണ്ടപ്പെട്ട ആൾക്കാർക്ക് മാത്രം ആണ് അനുവാദം. വൈശാഖന്റെ സ്ട്രിക്ട് ഓർഡർ ഉണ്ട്
എല്ലാവരും പോയപ്പോൾ അവൾ വീണ്ടും തനിച്ചായി. വീണ്ടും മയങ്ങി
ശിരസ്സിൽ ആരോ തലോടും പോലെ. ഉണർന്നപ്പോൾ ആരുമില്ല
“ആരെങ്കിലും വന്നു പോയോ?” അവൾ നേഴ്സ്നോട് ചോദിച്ചു
“വൈശാഖൻ സർ വന്നിട്ട് പോയി “
ഡാഡി വന്നോ, തന്നോട് മിണ്ടിയിട്ടേയില്ല. ഇങ്ങനെ വന്നു അഡ്മിറ്റ് ആയിട്ടും ഇങ്ങോട്ട് കണ്ടിട്ടില്ല. ഇഷ്ടം അല്ലന്ന് തോന്നിയിട്ടുണ്ട്. വന്നിട്ട് എന്താ മിണ്ടാതെ പോയത്. അവൾ അതോർത്തു കിടന്നു
പിന്നീട് കൃഷ്ണ വിളിക്കുമ്പോൾ അർജുൻ ആള് മാറിയിരുന്നു
രാത്രി ആയിരുന്നു അത്. അവൻ ശരിക്കും സംസാരിക്കാൻ കൂട്ടാക്കിയില്ല
“അപ്പുവേട്ടാ ഇങ്ങോട്ട് നോക്കിക്കേ. നമ്മൾ ഇന്ന് പകൽ കുറേ സംസാരിച്ചു. ഓർമ്മയില്ലേ?”
“ഇല്ല… ആരാ നീ?”
കൃഷ്ണ പൊട്ടിപ്പോയേനെ. പക്ഷെ അവൾക്ക് അവനെ മനസ്സിലാകുന്നുണ്ട്
“ആ നെഞ്ചിൽ ഒരു ചിത്രം ഇല്ലെ?അതല്ലേ ഞാൻ “
“അത് നീയല്ല. എന്റെ കൃഷ്ണയാ എന്റെ പെണ്ണ് “
“അത് ഞാനല്ലേ അപ്പുവേട്ടാ?”
“അല്ല നീ വേറെ ആരോ ആണ്. എന്റെ അസുഖം മാറാൻ ഇവരാരോ വേഷം കെട്ടി വിട്ടിരിക്കുവാ. ഇനി എന്നേ വിളിച്ചു പോയേക്കരുത് കേട്ടല്ലോ “
അവൻ ഫോൺ വെച്ചു കളഞ്ഞു. കൃഷ്ണ അനങ്ങാതെ കിടന്നു. അർജുൻ ഫോൺ ഓഫ് ചെയ്തു വെച്ചു
ഇനി വിളിക്കണ്ട, കേൾക്കണ്ട
ദീപു ഒക്കെ അറിയുന്നുണ്ടായിരുന്നു
അവൻ കണ്ണുകൾ അടച്ചു ഉറക്കം നടിച്ചു കിടന്നു. അർജുൻ തന്നെ എന്തോ പിറുപിറുത്തു കൊണ്ട് ഇരുന്നു. പിന്നെ കിടന്നു
ദുർഗ മുറിയിലേക്ക് വരുമ്പോൾ ഇരുളിലേക്ക് നോക്കി നിൽക്കുകയായിരുന്നു ജയറാം
“കഴിക്കുന്നില്ലേ?”
ജയറാം തിരിയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത് കണ്ട് ദുർഗ വേദനയോടെ അടുത്ത് ചെന്നു
“എന്റെ മോൻ വല്ലോം കഴിച്ചു കാണുമോ ദുർഗ?”
“കഴിച്ചു. ഞാൻ ഇപ്പൊ വിളിച്ചു ചോദിച്ചു. രാത്രി ചപ്പാത്തി ആയിരുന്നു. രണ്ടെണ്ണം കഴിഞ്ഞു. കാപ്പിയും മരുന്നും കഴിച്ചു. ദീപു പറഞ്ഞു. ആള് ഇപ്പൊ ഉറങ്ങി “
ജയറാം ആശ്വാസത്തോടെ അവരെ നോക്കി. തളർന്നു പോകുന്നുണ്ട് താൻ. ദുർഗ ഇല്ലായിരുന്നു എങ്കിൽ വീണു പോയേനെ. പണ്ടത്തെ പോലെ ചെറുപ്പമല്ല. താങ്ങാൻ വയ്യ. വയസ്സായി
“നിനക്ക് ബുദ്ധിമുട്ട് ആയോ ദുർഗ?”
“എന്താ ഇത്? എനിക്ക് എന്താ ബുദ്ധിമുട്ട്? ഏട്ടൻ വന്നു കഴിച്ചിട്ട് കിടക്ക് സമയം പതിനൊന്നു കഴിഞ്ഞു. രാവിലെ ഹോസ്പിറ്റലിൽ പോകാൻ ഉള്ളതാണ് “
ജയറാം കൂടെ ചെന്നു. ദോശ ആയിരുന്നു
“ഒരെണ്ണം മതി വിശപ്പില്ല “
“അത് പറഞ്ഞാൽ പറ്റില്ല. രണ്ടെണ്ണം കഴിക്കണം “
ദുർഗ വിളമ്പി. പിന്നെ അടുത്തിരുന്നു
“കൃഷ്ണ ഇപ്പൊ വിളിക്കുന്നുണ്ട് ട്ടോ അർജുനെ. ആദ്യമൊക്കെ മെരുങ്ങിയില്ല
ഇന്ന് പകല് കുറച്ചു കാര്യമായിട്ട് സംസാരിച്ചു. പക്ഷെ വൈകുന്നേരം ആയപ്പോൾ ഒരു വല്ലായ്മ ഉണ്ടത്രേ. പെട്ടെന്ന് ഫോൺ വെച്ചു എന്ന് കൃഷ്ണ പറഞ്ഞു “
“അത് അവൻ ഇത് വരെ സ്റ്റേബിൾ ആയിട്ടില്ല ഇടക്ക് തോന്നും കൃഷ്ണ ഉണ്ടെന്ന് ഇടക്ക് ഇല്ലന്നും. അവന്റെ മനസ്സ് തന്നെ അവനെ കളിപ്പിച്ചു കൊണ്ട് ഇരിക്കുകയാണ്. പക്ഷെ കൃഷ്ണ ആയത് കൊണ്ട് അവൾക്ക് അത് മനസിലാകും അവൻ നോർമൽ ആകുന്ന വരെ അവൾ വിളിച്ചു കൊണ്ട് ഇരിക്കുകയും ചെയ്യും “
“ഒരു തരത്തിൽ കൃഷ്ണയുടെ കാര്യം കഷ്ടം ആണ് ഏട്ടാ. അതിന് ഫിസിക്കല്ലി വയ്യ. അതിന്റെ കൂടെ അർജുൻ കൊടുക്കുന്ന സങ്കടം വേദന. അത് ആഗ്രഹിക്കുന്നുണ്ടാകും അർജുൻ ഒന്ന് അടുത്തുണ്ടായിരുന്നു എങ്കിൽ എന്ന്.. ഇതിപ്പോ അവന്റെ ഉള്ളിൽ മരിച്ചു എന്ന് പറയുമ്പോ പാവം അത് കരയുന്നത് കണ്ടു നിൽക്കാൻ വയ്യ “
ജയറാംമും അതാലോചിച്ചു. കൃഷ്ണ അനുഭവിക്കുന്ന വേദന
വിധി
ഭക്ഷണം കഴിഞ്ഞു ജയറാം കൈ കഴുകി
“ഞാൻ രാവിലെ വന്നു വിളിക്കാട്ടോ “
ദുർഗ പുഞ്ചിരിയോടെ പറഞ്ഞു റൂമിലേക്ക് പൊയി. ജയറാം തന്റെ മുറിയിലേക്കും
രാത്രി എപ്പോഴോ ഉറക്കം ഉണർന്നപ്പോൾ കൃഷ്ണ മൊബൈൽ എടുത്തു. തന്റെയും അവന്റെയും ഫോട്ടോ നോക്കി കിടന്നു. പിന്നെ കുറേ മെസ്സേജ് അയച്ചു. എത്ര മണിയായി എന്ന് നോക്കി
രണ്ടു മണി. ഉറങ്ങി കാണും. അവന്റെ നെഞ്ചോടോട്ടി കിടന്ന രാത്രികൾ ഓർത്തു അവൾ. അവന്റെ ലാളനകളിൽ സ്നേഹചുംബനങ്ങളിൽ മയങ്ങി പോയ രാത്രികൾ
അവൾ ഒന്ന് ചരിഞ്ഞു കിടക്കാൻ നോക്കി
നല്ല വേദന
ഫോൺ ശബ്ദിക്കുന്നത് കണ്ട് അവൾ എടുത്തു
“മോളെന്താ മെസ്സേജ് അയച്ചത്? ഉറങ്ങിയില്ലേ?”
സ്നേഹം തുളുമ്പുന്ന സ്വരം. കൃഷ്ണയുടെ ഉള്ളു നിറഞ്ഞു
“ഉറക്കം വരുന്നില്ല “
“അതെന്താ?”
“അറിഞ്ഞൂടാ..ഒരു പാട്ട് പാടി തരാമോ?”
“ഇപ്പോഴോ?”
“രണ്ടു വരി മതി “
അവൻ രണ്ടു വരി മൂളി
“ഉറങ്ങട്ടെ “
കൃഷ്ണ മന്ത്രിച്ചു
“വേണ്ട… എന്നോട് മിണ്ട്… എനിക്ക് നിന്റെ ശബ്ദം കേൾക്കണം കൃഷ്ണ…സംസാരിച്ചു കൊണ്ട് ഇരിക്ക്…ഉറങ്ങണ്ട..”
അവൾ ഈറൻ കണ്ണുകൾ തുടച്ചു
“അപ്പുവേട്ടൻ പറയ്..നമ്മൾ ഒന്നിച്ചുണ്ടായിരുന്ന നിമിഷത്തെ കുറിച്ച്…ആ ദിവസങ്ങളെ കുറിച്ച്…എന്നോട് എത്ര ഇഷ്ടം ഉണ്ടെന്ന്… ഒക്കെ പറയ്… എനിക്ക് ആ ശബ്ദം കേട്ടാ മാത്രം മതി “
അർജുൻ കണ്ണുകൾ അടച്ചു തുറന്നു. അവന്റെ വാക്കുകളിൽ അവൾ നിറഞ്ഞു. അവളോടുള്ള ഭ്രാന്ത് നിറഞ്ഞു
കൃഷ്ണയുടെ ഹൃദയത്തിൽ ഒരു കടലിളകി. തന്റെ ഹൃദയത്തിൽ ഒരു കടലുണ്ടെന്ന് അവൾ അറിഞ്ഞതും അപ്പോഴാണ്. അർജുൻ പറഞ്ഞതോരൊന്നും അവരുടെ പ്രണയമായിരുന്നു
അവളെ അറിഞ്ഞത്, അവളിൽ അലിഞ്ഞത്, അവളിൽ ജീവിച്ചത്…എല്ലാം എല്ലാം അവൻ പറഞ്ഞു കൊണ്ട് ഇരുന്നു
അവൾ അത് കേട്ട് കിടന്നു. രാവ് പുലർന്നത് അറിയാതെ…..
തുടരും…