ധ്രുവം, അധ്യായം 102 – എഴുത്ത്: അമ്മു സന്തോഷ്

ജയറാംമും ഡോക്ടർമാരും വരുമ്പോൾ കൃഷ്ണ നല്ല ഉറക്കംആയിരുന്നു.

“ഇതെന്താ പതിവില്ലാതെ ഒരു ഉറക്കം? ക്ഷീണം വല്ലോം ഉണ്ടൊ മോളെ?”

ദുർഗ ആകുലതയോടെ അവളുടെ കവിളിൽ തൊട്ടു

“ഒന്നുല്ല..”

അവൾ മെല്ലെ പറഞ്ഞു. ആ മുഖത്ത് ഒരു നാണം പൂവിട്ടു നിൽക്കുന്നുണ്ട്. പക്ഷെ ദുർഗക്ക് അതെന്താ എന്ന് മനസിലായില്ല

ചോദിക്കുന്നതിനൊന്നുമല്ല മറുപടി. ഏതോ ലോകത്തിലാണ്. സ്വപ്നം കാണും പോലെ

ജയറാം ചോദിച്ച ചോദ്യങ്ങൾ ഒന്നും അവൾ കേട്ടില്ല. ശൂന്യമായ കണ്ണുകൾ കൊണ്ട് നോക്കിയിട്ട് വെറുതെ മൂളി

പരിശോധിച്ചപ്പോൾ നോർമൽ ആണ്

“വേദന ഉണ്ടോ?” ദുർഗ ചോദിച്ചു

“ങ്ങേ?”

“വേദന ഉണ്ടോന്ന്?”

അവൾ ഇല്ല എന്ന് തലയാട്ടി. ഇതെന്താ ഈ കൊച്ച് ഇങ്ങനെ. ഫോൺ വരുന്നത് കണ്ട് അവൾ വേഗം അത് എടുത്തു. പിന്നെ മെല്ലെ ചരിഞ്ഞു കിടന്നു

ദുർഗ മുറിയിൽ നിന്ന് ഇറങ്ങി

“എന്താ പറ്റിയത് കൃഷ്ണക്ക്?” ജയറാം ദുർഗയോട് ചോദിച്ചു

“പ്രണയം സീസൺ 2”

ദുർഗ ചിരിച്ചു

“വാട്ട്‌? “ജയറാമിന്നത് മനസിലായില്ല

“ഞാൻ ആരോടാ ഇതൊക്കെ പറയുന്നത്? ഒന്നുമില്ല പൊന്നെ “

ദുർഗ തൊഴുതു

“നീ വാർഡിൽ പോ അതാണ് നിനക്ക് പറ്റിയ പണി “

ജയറാം മുറിയിലേക്ക് പോയി. ദുർഗ വാർഡിലേക്കും

“അപ്പുവേട്ടാ?”

“ഉം “

“എന്റെ ചക്കരെ..”

“ഉം.”

“എന്റെ പൊന്നെ “

അർജുൻ ദീപുവിനെ ഒന്ന് നോക്കി. അവൻ ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ട് ഇരിക്കുകയാണ്. അർജുൻ പതിയെ മുറിയിൽ നിന്നിറങ്ങി ഇടനാഴിയിലൂടെ നടന്നു

“ഉമ്മ്മ്മ്മ്മ്മ “

കൃഷ്ണ മെല്ലെ പറഞ്ഞു. അവൻ അത് കണ്ണുകൾ അടച്ച് ഏറ്റു വാങ്ങി

“അതേയ് “

“പറ “

“എപ്പോഴാ എന്റെ അരികിൽ വരിക?”

“വരും “

“ഇപ്പൊ എന്താ തോന്നുന്നേ?”

“ഇപ്പൊ തോന്നുന്നത് ഫോണിൽ കൂടെ പറയാൻ പറ്റില്ല “

അവൾ ചിരിക്കുന്നത് കേൾക്കാം

“എനിക്ക് കാണണം “

“എടി കൊച്ചേ കണ്ടാൽ എന്റെ കണ്ട്രോൾ പോകുമെന്ന്. ദിവസം കുറെയായി കണ്ടിട്ട്. നിന്നെ കണ്ട തീർന്നു..”

“പിന്നെ…അങ്ങനെ ഒന്നുല്ല
കാണണം. കെട്ടിപിടിച്ചു കുറച്ചു നേരമങ്ങനെ മിണ്ടി ഇരിക്കണം അത്രേ ഉള്ളു “

“അത്രേ ഉള്ളോ?”

“ആ “

“എന്നാ വരാം “

“എപ്പോ?”

“ഒരു രാത്രി വരും .നീ ഉറങ്ങി കിടക്കുമ്പോൾ വരും. എന്നിട്ട്..എന്റെ കൊച്ചിന്റെ ഓറഞ്ചിന്റെ മധുരമുള്ള ചുണ്ടിൽ ഒരുമ്മ തരും “

കൃഷ്ണയ്ക്ക് ഉടലാകെ പൊട്ടിത്തരിക്കും പോലെ തോന്നി

“എന്നിട്ട്,?”

“എന്നിട്ടോ?

“ഉം.”

“എടി എന്നിട്ടൊന്നുമില്ല. ഞാൻ ഇങ് തിരിച്ചു പോരും “

“അതെന്താ?”

“അത്…നീ അവിടെ എന്തിനാ കിടക്കുന്നെ?”

“വയ്യാഞ്ഞിട്ട്. ബുള്ളറ്റ് രണ്ടെണ്ണമാ കേറിപോയത് “

“ആണല്ലോ അല്ലാതെ വെറുതെ റസ്റ്റ്‌ എടുക്കുവല്ലല്ലോ “

“അല്ല “

അവളുടെ ശബ്ദം താഴ്ന്നു

“നിനക്കിത്രയേ പാടുള്ളു. ഇത് തന്നെ ഓവറാണ് “

“പോടാ പ- ട്ടി “

അവൻ പൊട്ടിച്ചിരിച്ചു പോയി

“എന്റെ കൊച്ച് സഭ്യമായ ഭാഷയിൽ സംസാരിക്കാൻ പഠിച്ചല്ലോ “

“എനിക്ക് അപ്പുവേട്ടനെ കാണണം ന്ന് “

“വരാം. ഇപ്പൊ മെഡിസിൻ ഉണ്ട്. ചിലത് നന്നായി ഉറങ്ങി പോകും. ഇൻജെക്ഷൻ ഉണ്ട്. അത് ക്ഷീണം ഉണ്ടാക്കും. അതിന്റെ കോഴ്സ് ഇന്ന് തീരുമാനം ആകും. അത് കഴിഞ്ഞു വരാം. പക്ഷെ എന്നാലും ഞാൻ വീട്ടിൽ വരില്ല  നീ എന്ന് ഡിസ്ചാർജ് ആവുന്നോ അന്ന് വരും. അന്നേ വരൂ “

“ഉം “

“അച്ഛൻ വന്നോ?”

“അങ്കിൾ ദുർഗ ഡോക്ടർ പിന്നെ വേറെ കുറേ പേര്..എല്ലാരും വന്നു. മണിക്കൂർ കണക്കിന് ആള് വന്നു കൊണ്ട് ഇരിക്കും. ഏറ്റവും വലിയ രസം എന്താ ന്നൊ. രാത്രി ആരോ എന്റെ തലയിൽ തലോടും പോലെ തോന്നിട്ടോ. ആരാണെന്നൊ?”

“ആരാ?”

“ഡാഡി “

“റിയലി?”

“yes എന്നും വരും..”

“ശേ…പോടീ “

“ശരിക്കും. നല്ല സ്നേഹം ആണ്. പ്രകടിപ്പിക്കാൻ അറിയില്ല. ഈ  സാധനത്തിനെ പോലെ “

“എനിക്ക് പ്രകടിപ്പിക്കാൻ അറിഞ്ഞൂടെ?”

“ഇല്ല “

അവൾ ചിരി കടിച്ചു പിടിച്ചു

“മുരടനാ..”

“ഞാൻ പച്ചക്ക് വല്ലോം വിളിച്ചു പറയും കേട്ടോ. ഇതൊന്നുമല്ലല്ലോടി നീ മുൻപൊക്കെ രാത്രി പറഞ്ഞോണ്ടിരുന്നത്
അപ്പുവേട്ടനെ പോലെ സ്നേഹിക്കുന്ന ഒരാൾ ഭൂമിയിൽ ഉണ്ടാവില്ല. ഇത്രയും പെണ്ണിനെ ലാളിക്കുന്ന ഒരു പുരുഷൻ വേറെ കാണില്ല.. എന്തൊക്കെയാ പറഞ്ഞോണ്ടിരുന്നത്. വേറെ കുറച്ചു കാര്യങ്ങൾ ഉണ്ട്. പറഞ്ഞു കേൾപ്പിക്കട്ടെ”

അവൾ ഉറക്കെ പൊട്ടിപ്പൊട്ടി ചിരിച്ചു. പെട്ടെന്നവൾക്ക് വയറ് വേദനിച്ചു

“എന്താ മോളെ?”

പെട്ടെന്ന് ചിരി നിന്നപ്പോൾ അവൻ ചോദിച്ചു

“ഒന്നുല്ല ” അവൾ വയറിൽ പൊത്തി പിടിച്ചു

“എന്താ കൃഷ്ണ?”

അവളുടെ ശബ്ദം മാറിയതറിഞ്ഞ് അവൻ വീണ്ടും ചോദിച്ചു

“ഒന്നുല്ലന്നേ “

“എടി പറയടി എന്താ ന്ന്?”

“പെട്ടെന്ന് വയറ്റിൽ ഒരു വേദന വന്നു..”

അവളുടെ ശബ്ദം താഴ്ന്നു. അവന്റെയുള്ളു കലങ്ങി മറിഞ്ഞു

“സാരോല്ല ട്ടോ ഇപ്പൊ കുറഞ്ഞു “

“ഞാൻ പിന്നെ വിളിക്കാം “

“അയ്യോ കട്ട്‌ ചെയ്യല്ലേ “

“മോള് റസ്റ്റ്‌ എടുക്ക്…ഉം “

“ഇനി എപ്പോ വിളിക്കും?”

“ഉച്ചക്ക്. അത് വരെ ഉറങ്ങിക്കോ. ഉമ്മ്മ്മ്മ്മ്മ “

കൃഷ്ണയ്ക്ക് സന്തോഷം ആയി

ജയറാമിന്റെ ഫോൺ ബെൽ അടിച്ചു. അദ്ദേഹം ഒന്ന് നോക്കി

അർജുൻ

“മോനെ…പറയ് “

“കൃഷ്ണയ്ക്ക് വയറ് വേദന ഉണ്ടെന്ന് പറഞ്ഞു. ഒന്ന് സ്കാൻ ചെയ്തു നോക്കണം “

“എപ്പോ പറഞ്ഞു. ഞാൻ രാവിലെ നോക്കിയപ്പോൾ നോർമൽ ആയിരുന്നു ല്ലോ. വേദന പറഞ്ഞില്ലല്ലോ “

“ഇപ്പൊ ചിരിച്ചു. അപ്പൊ വേദന ഉണ്ടെന്ന് പറഞ്ഞു. എന്തായാലും ഒന്ന് സ്കാൻ ചെയ്യ് “

“ശരി “

അവൻ ഫോൺ വെച്ചു. ജയറാം അങ്ങോട്ടേയ്ക്ക് ചെന്നു. കൃഷ്ണ മയങ്ങുകയായിരുന്നു. ജയറാം ആ നെറ്റിയിൽ ഒന്ന് വിരൽ തൊട്ടു

“മോളെ?” കൃഷ്ണ കണ്ണുകൾ തുറന്നു

“വയറ് വേദന ഉണ്ടൊ?”

“കുറേശ്ശേ “

“ഒന്ന് സ്കാൻ ചെയ്യാം ” അവൾ തലയാട്ടി

അർജുൻ അങ്ങോട്ടുമിങ്ങോട്ടും കുറെയായി നടക്കുന്നു

“എന്താ?”

ദീപു മുന്നിൽ ചെന്നു നിന്നു

“കൃഷ്ണയ്ക്ക് സ്കാനിംഗ് “

ദീപുവിന് പെട്ടെന്ന് ഒരു സന്തോഷം തോന്നി. കൃഷ്ണ ജീവിച്ചിരിപ്പുണ്ട് എന്ന് അവന്റെ മനസ്സ് accept ചെയ്തു

ദീപു ഒന്ന് ചിരിച്ചു

“റെഗുലർ സ്കാനിംഗ് അല്ലെ?”

“അവൾക്ക് വയറ് വേദന”

“അതെന്താ പെട്ടെന്ന്?”

“അത് ഞാൻ ഫോണിൽ സംസാരിച്ചപ്പോൾ അവൾ ചിരിച്ചു. ഉറക്കെ ചിരിച്ചപ്പോ…”

“നിർത്ത് നിർത്ത് എന്താ? നീ സംസാരിച്ചപ്പോൾ അവള് ചിരിച്ചു? നിന്റെ കോമഡി കേട്ടിട്ട്…പോ-ടാ കോപ്പേ?”

“ഡാ സത്യം. കോമഡി ആയിരുന്നില്ല “

അവന്റെ മുഖം ചുവന്നു

“പിന്നെ എന്തായിരുന്നു?”

അവന്റെ മുഖം രക്തനിറമായി

“ഏതാണ്ട് വൃത്തികെട്ട കാര്യമാ. അതാണ് ആ കൊച്ച് ഇത്രയും ചിരിച്ചത്….സത്യം പറ എന്തായിരുന്നു?”

“പോടാ..”അവൻ ദീപുവിനെ മെല്ലെ ഒന്ന് തള്ളി..

പിന്നെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു. തമ്മിൽ പങ്കിട്ട പ്രണയാനുഭൂതികളുടെ ഓർമ്മകൾ അവനിൽ നിറഞ്ഞു

“എന്റെ അപ്പുവേട്ടനാ ഈ ലോകത്തിലേറ്റവും നല്ല കാമുകൻ “

അവൾ പറയുന്നു. തന്റെ മുഖം മാറോടടുക്കി ചേർത്ത് പിടിച്ചിരിക്കുന്നു. മുടിയിലൂടെ തഴുകിയിറങ്ങുന്ന വിരലുകൾ. മുഖം ഉയർത്തി അവൾക്ക് നേരേ കൊണ്ട് വന്നിട്ട് ഒരുമ്മ

“എന്റെ അപ്പുവേട്ടനാ “

പ്രണയം പൂക്കുന്ന ഒരു വനത്തിലൂടെ നടക്കുന്ന പോലെ. എല്ലാം മറന്ന് അവളിൽ ലയിക്കുന്ന നേരങ്ങൾ. കണ്ണുകളിലേക്ക് നോക്കിയിരിക്കുന്ന ചില നേരങ്ങളുണ്ട്. എന്റെ മോനാ ഇത്. അപ്പൊ വാത്സല്യത്തോടെ പറയും

“എന്റെ മോന് എന്താടാ വേണ്ടേ?”

അവന്റെ കണ്ണുകൾ നിറഞ്ഞു തൂവി. ആ സന്തോഷങ്ങളൊക്കെ എത്ര പെട്ടെന്നാണ് നഷ്ടം ആയത്. എത്ര നാളായി ഒന്ന് കണ്ടിട്ട്?

ദീപു അവന്റെ തോളിൽ ഒന്ന് തൊട്ടു
അർജുൻ പെട്ടെന്ന് തിരിഞ്ഞവനേ കെട്ടിപ്പിടിച്ചു. ദീപു ആ ചുമലിൽ തലോടി

“സഹിക്കാൻ വയ്യാതെ ആയി പോകുന്നെടാ ചിലപ്പോൾ.ഒരു കൊടുംകാറ്റ് അടിക്കുന്ന പോലെ..എന്നേ ചുഴട്ടിയെറിഞ്ഞു കളയുന്ന പോലെ.. എനിക്ക് വയ്യ ദീപു..”

അർജുന്റെ ശബ്ദം ഇടറി. ദീപു അവനെ ഈയ്യവസ്ഥയിൽ പണ്ട് കണ്ടിട്ടുണ്ട്. പക്ഷെ അന്ന് ദീപുവും കൊച്ചായിരുന്നു. അതിന്റെ ഗൗരവം അവന് മനസിലായില്ല. പക്ഷെ ഇന്ന് അർജുൻ കരയുമ്പോൾ ദീപുവിന് അത് സഹിക്കാൻ ആവുന്നില്ലയിരുന്നു

“എനിക്ക്. അവളെ കാണണം ദീപു. എന്റെ മോളെ എനിക്ക് ഒന്ന് നെഞ്ചോട് ചേർത്ത് പിടിക്കണം.. ഒരൊറ്റ തവണ. ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും. അവള് എന്നേ കാണാതെ ഇത്രയും നാള് ഇത് വരെ നിന്നിട്ടില്ല ദീപു…”

“നമുക്ക് പോകാം. ഇപ്പോഴത്തെ ഈ അന്വേഷണം നമ്മളിലേക്ക് തിരിയരുത്. ബാക്കി ഉള്ള നാറികൾ കൂടി തീരണം. അത് കൊണ്ട് നീ ഒന്ന് സ്ട്രോങ്ങ്‌ ആക്. ഒന്ന് ഒതുങ്ങിയ പോകാം മോനെ “

“അത് വരെ അവളെയെനിക്ക് കാണാതിരിക്കാൻ പറ്റില്ല ദീപു..എന്റെ കൃഷ്ണ മരിച്ചു പോയിന്ന് ഞാൻ വിശ്വസിച്ചിരുന്നു. ചിലപ്പോൾ മനസ്സ് കൈ വിട്ടു പോകുമ്പോൾ  അങ്ങനെ ഇനിയും ഓർത്തേക്കാം. പക്ഷെ എന്റെ കൃഷ്ണ ഉണ്ട്. ജീവനോടെയുണ്ട്. എന്നേ മാത്രം ഓർത്തു കൊണ്ട്.. ഒരിടത്തുണ്ട് “

അവൻ മുഖം തുടച്ചു

“നീ പറഞ്ഞത് പോലെ അവളെയും എന്നെയും വേർപിരിച്ചത് ആരൊക്കെയാണെങ്കിലും എന്റെ കൃഷ്ണ അനുഭവിക്കുന്ന ഈ വേദനയ്ക്ക് കാരണമായവരാരൊക്കെയാണെങ്കിലും ഞാൻ കൊ- ല്ലും.. ഒന്നിനേം വിടില്ലടാ. അത് വരെ പക്ഷെ അവളെ കാണാതെ ജീവിക്കാൻ വയ്യ. ഒരു തവണ കാണണം..”

“ഉം “

അർജുന്റെ ഫോൺ ബെൽ അടിച്ചു

“അച്ഛൻ ആണ് “

അവൻ എടുത്തു

“സ്കാൻ ചെയ്തു അർജുൻ. കുഴപ്പമില്ല. വയറിന്റെ ഉള്ളിൽ മുറിവുണ്ടായത് പൂർണമായി ഉണങ്ങിട്ടില്ല. അത് പുറമേയ്ക്ക് അറിയില്ലല്ലോ. മോള് കിടക്കുമ്പോൾ ഒക്കെ വേദന ഉണ്ട് എന്ന് പറയാറുണ്ട് എന്ന് ഇന്ന് അവളുടെ അമ്മ പറഞ്ഞു. കഴിയുന്നതും വേദനകൾ പറയില്ല. പിന്നെ ലിക്വിഡ് ഫുഡ്‌ മാത്രം ആണ് ഉള്ളിലേക്ക് ഇപ്പൊ. സോളിഡ് ആയിട്ടുള്ളത് കൊടുത്തു തുടങ്ങിയില്ല.. അതിന്റെ ഒരു ക്ഷീണം ഉണ്ട് ആൾക്ക്. അല്ലാതെ വേറെ കുഴപ്പമില്ല. നീ സമാധാനം ആയിട്ടിരിക്ക് “

അവൻ അവളുടെ കാര്യം പറയുന്നത് തന്നെ ഒരു പോസിറ്റീവ് സിഗ്നൽ ആണ് എന്ന് ജയറാം ഓർത്തു

“അവളെ നോക്കിക്കോണേ അച്ഛാ “

അവൻ സങ്കടത്തോടെ പറഞ്ഞു

“അത് നീ എന്നോട് പറയണോ അർജുൻ. നീ വേഗം സുഖമായി വാ.”

അവൻ ഒന്ന് മൂളി. ഫോൺ കട്ട്‌ ആയപ്പോൾ വന്നു കിടക്കയിൽ വീണു

“ഇതിനെല്ലാം കാരണം ഞാനാ. എന്റെ അഹങ്കാരം. എന്റെ വാശി. ആ മാക്സ് ഗ്രൂപ്പ്‌ എങ്ങനെയോ ആയിപോട്ടെ എന്ന് കരുതിയ മതിയാരുന്നു.അവരോട് മത്സരം വേണ്ടായിരുന്നു. ഒന്നും വേണ്ടായിരുന്നു..”

“ഇനിയിപ്പോ അത് പറ..എടാ അവരല്ലേ തുടങ്ങി വെച്ചത്? ഡാഡി ഈ അവസ്ഥ ആയത് എങ്ങനെയാ? കൃഷ്ണയ്ക്ക് നേരേ നിനക്ക് നേരേ എല്ലാം അവരല്ലേ അർജുൻ? നീ ചെയ്താലും ഇല്ലെങ്കിലും അവർ ഇതൊക്കെ ചെയ്യും. നീ അതോർത്തു ഇനി മനസ്സ് കലക്കണ്ട. അടുത്ത പരിപാടി നോക്കാം “

വാതിൽ തുറന്നു ഡോക്ടർ വാസുദേവൻ ഉള്ളിലേക്ക് വന്നു

“എങ്ങനെ ഉണ്ട് അർജുൻ?”

അർജുൻ ചിരിക്കുന്നതായി ഭാവിച്ചു. അവനുള്ള ഇൻജെക്ഷൻ, മരുന്ന് എല്ലാം കൊടുത്തിട്ട് അദ്ദേഹം പോയി. അർജുൻ മെല്ലെ കട്ടിലിലേക്ക് വീണു

അർജുന്റെ മൊബൈൽ ഇടതടവില്ലാതെ ശബ്ദിക്കുന്നത് കണ്ടു ദീപു എടുത്തു

“അപ്പുവേട്ടാ “

നേർത്ത പക്ഷിക്കുഞ്ഞിന്റെ പോലെ ആ സ്വരം

“കൃഷ്ണ അർജുൻ ഉറക്കം ആണ്. മെഡിസിന്റെയാണ്. ഉണരുമ്പോൾ വിളിക്കും.”

“ശരി “

“മോളുടെ വേദന എങ്ങനെ ഉണ്ട്?”

“കുറഞ്ഞു ദീപുച്ചേട്ടാ “

“നീരജ വന്നിട്ട് പോയോ?”

“ഇല്ല. വരാറാവുന്നെ ഉള്ളു.”

“ഞാൻ വിളിച്ചിട്ട് കിട്ടിയില്ല. കാറിലാവും. വന്നാ വിളിക്കാൻ പറയെ “

“പറയാം. ആ ദേ ആള് വന്നു. കൊടുക്കാം “

നീരജ വന്നു കയറിയെ ഉള്ളു

“ദീപു ചേട്ടൻ ആണ് “

കൃഷ്ണ ഫോൺ കൊടുത്തു

“മിസ്സ്‌ കാൾ ഞാൻ കണ്ടു കേട്ടോ ഡ്രൈവു ചെയ്യുവാരുന്നു “

“അത് സാരമില്ല കൊച്ചു സുഖം ആയിട്ടിരിക്കുന്നോ?”

“പിന്നെ അവള് സുഖമായിരിക്കുന്നു. നാട്ടിൽ നിന്ന് പപ്പയും മമ്മയും വന്നിട്ടുണ്ട്. അവരുടെ കയ്യിലാ ഇപ്പൊ എപ്പോഴും. അത് രക്ഷ ആയി. ഇവിടെ വന്നിരിക്കുമ്പോ അല്ലെങ്കിൽ ഒരു ടെൻഷൻ ആണ്. അമ്മയെ ശരിയാക്കും അവള് ചട്ടമ്പിയാ “

ദീപു ചിരിച്ചു

“അർജുൻ എങ്ങനെ?”

“ഇപ്പൊ ok ആണ്. ഉറങ്ങി എന്നേൽക്കുന്ന മൂഡ് പോലിരിക്കും. മാറാം “

“ഉം..ദീപു കഴിച്ചോ?”

“അതൊക്കെ കൃത്യമായി നടക്കുന്നുണ്ട്. ഇവിടെ ഇവൻ ഒന്ന് നേരെയായ മാത്രം മതി. സഹിക്കാൻ പറ്റില്ലടി ചിലപ്പോൾ. ഹോ ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലൂടെ ഇത് വരെ കടന്ന് പോയിട്ടില്ല “

നീരജ ഒന്നും പറയാനില്ലാതെ നിന്നു

“ശരി നീ വെച്ചോ രാത്രി വിളിക്കാം. മോളെ കാണണം “

നീരജ കാൾ കട്ട്‌ ചെയ്തു. പിന്നെ കൃഷ്ണയുടെ അരികിൽ ഇരുന്നു

അർജുൻ ഉണർന്നു

മൊബൈൽ എടുത്തു നോക്കി

“കൃഷ്ണ വിളിച്ചു. നീ ഒന്ന് തിരിച്ചു വിളിക്കെ “

ദീപു പറഞ്ഞു. അർജുൻ മിണ്ടാതെ ഇരുന്നു കുറച്ചു നേരം

“എന്താഡാ?”

“കൃഷ്ണ?”

“അവൻ തുടങ്ങി..എടാ കോ- പ്പേ നിന്റെ ഭാര്യ വിളിച്ചു “

അർജുൻ തലയാട്ടി

“തിരിച്ചു വിളിക്കാൻ..”

അവൻ ഫോൺ എടുത്തു. പിന്നെ അവിടേ വെച്ചു

“എന്താ?’

“മനസിന്‌ ഒരു…ഇപ്പൊ വിളിക്കുന്നില്ല. ചിലപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞു പോകും “

“അത്രേം ബോധം ഉണ്ട്. എന്ന പിന്നെ വിളിച്ചു കൂടെ?”

രാത്രി ആയി

കൃഷ്ണ വിളിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ അവൻ കാൾ എടുത്തു

“എന്താ അപ്പുവേട്ടാ വല്ലായ്മ വല്ലോം ഉണ്ടൊ?”

അവന്റെ ഹൃദയം ഒന്നിളക്കി മറിഞ്ഞു

“വയ്യേ”

“ആ “

“എന്താ തോന്നണേ?”

“നീ ഫോൺ വെയ്ക്കാൻ…”

ഒരു അലർച്ച. കൃഷ്ണ ഞെട്ടിപ്പോയി. ദീപു ഞെട്ടി നോക്കി

ഒരു കടലിരമ്പി വരുന്നു. അവൻ വേഗം ചെന്നു വാതിൽ അടച്ച് അവന്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി കട്ട്‌ ചെയ്തു. അർജുൻ ബെഡിലിരുന്നു കാലുകൾ ആട്ടിക്കൊണ്ട് ഇരുന്നു

“ദീപു…സത്യം പറ കൃഷ്ണ ഉണ്ടൊ? ഇല്ലയോ “

ദീപുവിന്റെ കണ്ണ് നിറഞ്ഞൊഴുകി

തുടരും….

Leave a Reply

Your email address will not be published. Required fields are marked *