“ഒരു ഇഡലി കൂടി കഴിക്ക് “
ദീപു ഒന്ന് കൂടി എടുത്തു പ്ലേറ്റിൽ വെച്ചു. അർജുൻ എതിരൊന്നും പറഞ്ഞില്ല. ദീപുവിനെ നോക്കിയിരുന്നു
“നിന്റെ നെറ്റി എങ്ങനെയാട മുറിഞ്ഞേ?”
ദീപു പെട്ടെന്ന് നെറ്റിയിൽ ഒന്ന് തടവി
“ഓ അത് ആ സ്റ്റെപ്പിൽ വെച്ച് ഒന്ന് സ്ലിപ്പ് ആയതാ.”
“നീ എന്താ സൂക്ഷിച്ചു നടക്കാത്തത്?”
അർജുൻ അവന്റെ മുറിവിൽ തൊട്ടു. പിന്നെ അവന്റെ കവിളിൽ തലോടി. ദീപുവിന്റെ കണ്ണ് ഒന്ന് കലങ്ങി ചുവന്നു. ഇന്നലെ രാത്രി അവൻ വീണ്ടും വയലന്റ് ആയപ്പോൾ പിടിച്ചു തള്ളിയതാണ്. പക്ഷെ അവന് അത് ഓർമ്മയില്ല.
ദീപു ഇഡലി സാമ്പാറിൽ മുക്കി അവന്റെ വായിൽ വെച്ച് കൊടുത്തു
” കൃഷ്ണ?”
“കൃഷ്ണ ഉണ്ട്..നിനക്ക് ഇടയ്ക്ക് മനസ്സ് ഒന്ന് തകിടം മറിഞ്ഞു പോകുന്നുണ്ട്. അപ്പൊ തോന്നുന്നതാ.. ആവശ്യമില്ലാത്ത തോന്നലുകൾ. ഒരു പാട് തവണ ഞാൻ അത് നിന്നോട് പറഞ്ഞില്ലേ?”
അർജുൻ തലയാട്ടി കൊണ്ടിരുന്നു
“പക്ഷെ എന്റെ കയ്യിൽ അവളുടെ രക്തം. അന്ന് അവള് വീണത് “
ദീപു പെട്ടെന്ന് പ്ലേറ്റിൽ ഒരു തട്ട് തട്ടി ഒരു ശബ്ദം ഉണ്ടാക്കി. ഡോക്ടർ പറഞ്ഞു കൊടുത്ത ഒരു ടെക്‌നിക്ക് ആയിരുന്നു അത്. മനസ്സ് പിടി വിട്ട് പോകുന്ന അവസരം കാണുമ്പോൾ പെട്ടെന്ന് ശ്രദ്ധ മാറ്റുക
എന്തെങ്കിലും ശബ്ദം ഉണ്ടാക്കാം മറ്റെന്തെങ്കിലും വിഷയം പറയാം
“മതിയെടാ ” അർജുൻ പറഞ്ഞു
ദീപു എഴുന്നേറ്റു
“നീ കഴിച്ചോ?” അർജുൻ ചോദിച്ചു
ദീപു അവന്റെ ശിരസ്സിൽ ഒന്ന് തടവി
“എനിക്ക് ചിലപ്പോൾ എന്തോ പോലെ..ഞാൻ നോർമൽ അല്ല. പഴയ അസുഖം വന്നു അല്ലെടാ?”
ദീപു അവന്റെ മുഖം നെഞ്ചിൽ ചേർത്ത് ശിരസ്സിൽ മുഖം അമർത്തി
“ഒന്നുല്ലടാ സാരമില്ല “
“എടാ എനിക്ക് ചിലപ്പോൾ എന്റെ കൊച്ചു വന്നു എന്റെ അടുത്തിരുന്നു കരയും പോലെ തോന്നും. ഞാനെ അവളോട് മിണ്ടാതെ ഒറ്റ ദിവസം പോലും ഇരുന്നിട്ടില്ല.. അവൾക്ക് പെട്ടെന്ന് സങ്കടം വരൂമതൊക്കെ. ഡോക്ടർ ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. പൊട്ടിയാ. എനിക്ക് അവളെ ഒന്ന് കാണണം. പക്ഷെ ചിലപ്പോൾ ആ നിമിഷം ആണ് ഞാൻ പിടി വിട്ട് പോകുന്നതെങ്കിൽ നീ എന്നെയങ്ങു കൊന്നേക്ക്. പക്ഷെ അതിന് മുൻപ് ബാക്കി ഉള്ളവരേം തീർക്കണം “
“അത് ചിന്തിക്ക് അത് മാത്രം. എല്ലാത്തിനേം തീർക്കണം
ദീപു പകയോടെ പറഞ്ഞു. അർജുൻ പതിവില്ലാതെ അന്ന് ശാന്തനായിരുന്നു. അവൻ മൊബൈൽ എടുത്തു നോക്കിക്കൊണ്ടിരുന്നു
“പിന്നെ വിളിച്ചില്ല ” അവൻ തനിയെ പറഞ്ഞു കൊണ്ടിരുന്നു
“നീ അങ്ങോട്ട് വിളിക്ക് ” അവൻ സ്നേഹത്തോടെ പറഞ്ഞു
“അവൾക്ക് വേണേൽ വിളിക്കട്ടെ ” അവന് ദേഷ്യം വരുന്നുണ്ട്. ആള് മാറിക്കഴിഞ്ഞു. ദീപു മുറിക്ക് വെളിയിൽ പോയി
നീരജ കൃഷ്ണയുടെ അടുത്തുണ്ടായിരുന്നു
“നീ കൃഷ്ണയോട് ഇപ്പൊ അർജുനെ വിളിക്കാൻ പറ. എന്നിട്ട് നീ പുറത്ത് പൊയ്ക്കോ.”
“ok.”
നീരജ അപ്രകാരം ചെയ്തു. അർജുൻ ഫോൺ വെയ്ക്കാൻ ഭാവിക്കുകയായിരുന്നു. ഫോൺ ബെൽ അടിക്കുന്നു. അവൻ പെട്ടെന്ന് അത് എടുത്തു നോക്കി
കൃഷ്ണ
തന്റെയും അവളുടെയും മുഖം. അവൻ അത് ഓൺ ആക്കി
“അപ്പുവേട്ടാ?”
അവൻ ഒന്നും മിണ്ടിയില്ല
“കഴിച്ചോ?”
അവൻ ഒന്ന് മൂളി
“ഇപ്പോഴും ഞാൻ കൃഷ്ണ ആണെന്ന് സംശയം ഉണ്ടൊ?”
” നീയെന്താ വിളിക്കാഞ്ഞത്? എന്റെ കൃഷ്ണ എന്നോട് പിണങ്ങില്ല”
അവളുടെ കണ്ണ് നിറഞ്ഞു
“ഞാൻ പിണങ്ങിയില്ല. സ്കാനിംഗ് ഉണ്ടായിരുന്നു. ചെസ്റ്റ് പെയിൻ ഉണ്ട് ഇടക്ക്. ഇപ്പൊ റൂമിൽ വന്നേയുള്ളു. എന്നോട് ദേഷ്യം കാണിക്കല്ലേ “
അവന്റെ നെഞ്ചു പിടച്ചു
“ഇല്ല.”
കൃഷ്ണ ചുണ്ടുകൾ കടിച്ചു പിടിച്ചു. എന്ത് പറയണം എന്നറിയില്ലായിരുന്നു അവൾക്ക്
“ഒന്ന് വീഡിയോയിൽ വരാമോ?”
അവൾ ചോദിച്ചു
“ഇല്ല “
“അപ്പുവേട്ടാ…എന്നേ വേണ്ടേ മോന്?”
അവൾ കരഞ്ഞു പോയി. അർജുൻ പെട്ടെന്ന് കാൾ കട്ട് ആക്കി. അത് ഓഫ് ചെയ്തു വെച്ചു
തല വേദനിക്കുന്നു. ഒരു കടൽ പോലെ വേദന ഇരമ്പിയാർത്തു വരുന്നു
“ദീപു.. എനിക്ക് sedatives തരാൻ പറ.. ഞാൻ ഇപ്പൊ പിടി വിട്ട് പോകും “
അവൻ തല കുടഞ്ഞു. പിന്നെ മുട്ടിൽ മുഖം അമർത്തി
കൃഷ്ണ കുറേ നേരം മൊബൈൽ നോക്കിയിരുന്നു. വയ്യാഞ്ഞിട്ട അവൻ. അത് അവൾക്ക് മനസിലാകും
എന്നാലും…
പിന്നെ വിളിച്ചു നോക്കിയപ്പോഴൊക്കെ ഓഫ് ആയിരുന്നു
പോലീസ് സ്റ്റേഷൻ
എസ് പി രാജേഷ് അകത്തുള്ള ശബ്ദം കേട്ട് കൊണ്ട് ഇരുന്നു. ദൃക്സാക്ഷികൾ ഒന്നല്ല രണ്ട് മൂന്ന് പേരുണ്ട്. എല്ലാവരും പറയുന്നത് ഒരെ വാചകം. അവർ മൂന്ന് പേരുണ്ടായിരുന്നു. മൂന്ന് പേരും ക്യാപ് ധരിച്ചിരുന്നു. മൂന്ന് പേരും മുഖം മൂടിയിരുന്നു. മൂന്ന് പേർക്കും ഒരെ നീളം ആണ്. ഒരെ ശരീരഭാഷ. കൂട്ടത്തിൽ ഏറ്റവും ക്രൂ- രമായ ഭേദ്യം ചെയ്തത് ഒരാളാണ്. അയാൾ മുഖം മൂടിയിട്ടില്ല. പക്ഷെ മുഖം വ്യക്തമല്ല. തിരിഞ്ഞ നിന്നത്
ബാക്കിയുള്ളവർ അവനു പ്രൊട്ടക്ഷൻ കൊടുത്തതേയുള്ളു. എല്ലാവരുടെ കയ്യിലും ഗൺ ഉണ്ട്. കൂടാതെ ബൈക്കുകളിലായി ഏകദേശം പത്തോളം പേര് അടങ്ങുന്ന ഒരു സംഘം ഉണ്ടായിരുന്നു. അവർ കാവൽ നിന്നു
“സാറെ സത്യമായും മുഖം മൂടി വെച്ചവന്മാരുടെ മുഖം കണ്ടു പിടിക്കാൻ ഉള്ള ടെക്‌നിക് ഒന്നും ഞങ്ങളുടെ പക്കലില്ല. ഇനി സർ ഞങ്ങളെ കൊ- ന്നാലും ഞങ്ങൾക്ക് വേറെ ഒന്നും പറയാനില്ല. അവരെ ആർക്കും ഐഡന്റിഫയി ചെയ്യാൻ പറ്റില്ല സാറെ. “
“ശരി അവർ വന്ന വാഹനം”
“അത് അവിടെ കിടപ്പുണ്ടായിരുന്നു. ചത്ത അങ്ങേരുടെ വാഹനം “
“അവർ പോയ വാഹനം?”
“എന്റെ പൊന്ന് സാറെ അത് ഒരു ആംബുലൻസ് ആയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നെഴുതി വെച്ചിരുന്നു “
“അതോടിച്ച ആളെ കണ്ടോ?”
“ഉവ്വ് “
അവൻ മുഖം മൂടിയിരുന്നോ? “
“മാസ്ക് ക്യാപ് ഇത് രണ്ടും ഉണ്ടായിരുന്നു. പക്ഷെ സാറെ അത് ഒരു പോലീസ് ആയിരിക്കും “
“ങ്ങേ?”
“അല്ല അയാളുടെ മുടി കട്ടിങ് കണ്ടിട്ട് തോന്നിയതാ. ഒരു പോലീസ് look “
“സാറെ ഇപ്പോഴത്തെ പിള്ളാരൊക്കെ അങ്ങനെ മുടി വെട്ടുന്നുണ്ട് ഇനി കൊ- ന്നത് പോലീസ് ആണെന്ന് കൂടി പറഞ്ഞു വെയ്ക്കണം അത് കൂടിയേ ഉള്ളു. തികഞ്ഞു “
എസ് ഐ പറഞ്ഞു
“ഇത് എങ്ങും എങ്ങും എത്തുന്നില്ലല്ലോടോ” എസ് പി നിരാശയോടെ പറഞ്ഞു
“അവരെ എന്ത് ചെയ്യാൻ സർ?”
“പറഞ്ഞു വിട്ടേക്ക് “
അവർ പോയി
ഹോസ്പിറ്റലിൽ
അർജുൻ തന്റെ മാലയിൽ പിടിച്ചു കൊണ്ട് എന്തോ ആലോചിച്ചു ഇരിക്കുന്ന കണ്ട് ദീപു അടുത്ത് ചെന്നു
ഇപ്പൊ ഏറെക്കുറെ ശാന്തനാണ്. നോർമൽ ജീവിതത്തലേക്ക് പതിയെവരുന്നുണ്ട്. പക്ഷെ മിക്കവാറും മൂകതയാണെന്ന് മാത്രം കൃഷ്ണയുടെ ഫോൺ വരുമ്പോളും മൂളൽ മാത്രം.
“നീ എന്താ ആലോചിച്ചു കൂട്ടുന്നത്?”
“ഇത് കൃഷ്ണ വാങ്ങി തന്നതാ. എനിക്ക് ഒന്നും പറ്റാതിരിക്കാൻ രക്ഷ ഒക്കെ ഇട്ട് തന്നു. അവൾക്ക് ഞാൻ ഒന്നും കൊടുത്തില്ല ദീപു. അത് കൊണ്ടല്ലേ അവള്…എന്റെ കൊച്ചിന് എന്ത് വേദനിച്ചു കാണും അല്ലെ?”ബുള്ളറ്റ് ശരീരത്തിൽ…”
ദീപു എങ്ങനെ അവന്റെ ശ്രദ്ധ മാറ്റണം എന്നാലോചിച്ചിരിക്കെ ഫോൺ ശബ്ദിച്ചു
കൃഷ്ണ
“ഇന്നാ.. സംസാരിക്ക്.. ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം. മൂളൽ മാത്രം പോരാ. എന്തെങ്കിലും കാര്യമായിട്ട് സംസാരിക്ക് കാമുകിയല്ല ഇത് നിന്റെ ഭാര്യയാ “
ദീപു പുറത്തേക്ക് പോയി. അവൻ കാൾ എടുത്തു
“ഹലോ “
“അപ്പുവേട്ടാ?”
ഇപ്പോഴിപ്പോ ഉള്ളിൽ ബോധം തെളിയുന്നുണ്ട് ഇത് കൃഷ്ണയാണ്. കൃഷ്ണ ആശുപത്രിയിൽ ആണ്. എന്നൊക്കെ. പക്ഷെ ചിലപ്പോൾ എല്ലാം മാഞ്ഞു പോകുന്നു. ഒന്നും വിശ്വസിക്കാൻ ആവുന്നില്ല. ആരോ എവിടെയോ ഇരുന്നു പറ്റിക്കും പോലെ
“അപ്പുവേട്ടാ?”
അവൻ ഒന്ന് മൂളി
“ഒന്ന് വീഡിയോയിൽ വരുമോ?”
അവൻ മറുപടി പറഞ്ഞില്ല
” എനിക്ക് കാണണം അപ്പുവേട്ടാ
ഇതിൽ കൂടുതൽ എനിക്ക് വയ്യ. എനിക്ക് അങ്ങോട്ട് വരാൻ വയ്യ.പ്ലീസ്. എനിക്ക് കാണണം. എന്റെ അടുത്ത് വാ. എനിക്കി വേദന വയ്യ…”പൊട്ടിക്കരഞ്ഞു കൃഷ്ണ
അവൻ ഫോൺ കട്ട് ആക്കി. അവൻ കുറേ നേരം ഫോണിൽ നോക്കിയിരുന്നു പിന്നെ അത് കിടക്കയിൽ ഇട്ടു
ദീപു തിരിച്ചു വരുമ്പോൾ അർജുൻ പുറത്തേക്ക് നോക്കി നിൽക്കുകയാണ്
“ഇത്രയും വേഗം കഴിഞ്ഞോ?”
അവൻ ഒന്ന് മൂളി
“ആ കൊച്ചിനെ കരയിച്ചു കാണും. അല്ലെ?”
അർജുൻ മിണ്ടിയില്ല
“എടാ അതിന് വയ്യട.. അത് കിടക്കയിൽ ആയിട്ട് ഇന്ന് ഇരുപത് ദിവസം ആയി. അറിയുമോ നിനക്ക്? നിനക്ക് എന്താ സ്നേഹത്തോടെ ഒന്ന് മിണ്ടിയാൽ
എടാ കോ- പ്പേ കൃഷ്ണ ജീവനോടെ ഉണ്ട്..അല്ലാത് ആരും വേഷം കെട്ടി നിന്നെ വിളിക്കുന്നതല്ല” അർജുൻ പോയി കിടന്നു
രാത്രി
അവൻ തിരിഞ്ഞു മറിഞ്ഞു കിടക്കുന്നത് ദീപു കണ്ടില്ലന്നു നടിച്ചു. അർജുൻ ഫോൺ എടുത്തു ഡയൽ ചെയ്യുന്നത് കണ്ടു. പിന്നെ മേശപ്പുറത്തു വെയ്ക്കുന്നു
“എടുക്കുന്നില്ല “
“വാശി നിനക്ക് മാത്രം ആവില്ലലോ “
അർജുൻ തലയാട്ടി
“നീ ഉറങ്ങിക്കോ. രാവിലെ വിളിക്കാം “
അർജുൻ കണ്ണുകൾ അടയ്ക്കാൻ ശ്രമിച്ചു. കയ്യിലേക്ക് പിടഞ്ഞു വീഴുന്ന കൃഷ്ണ. അവൻ ചാടിയെഴുനേറ്റ് ഇരുന്നു കിതച്ചു
“ദീപു?”
“ഉം “
“എനിക്ക് അവളെ ഒന്ന് കാണണം “
“എന്തിനാ ഒറിജിനൽ ആണോന്ന് പ്രൂവ് ചെയ്യാനാണോ?”
“അതേ ” ദീപു അവനെ തന്നെ നോക്കിയിരുന്നു
“പോകണോ?”
“വേണം “
“എടാ ഡോക്ടർ സമ്മതിക്കില്ല കേട്ടോ “
“ഞാൻ പോയിട്ട് വന്നോളാം.”
“അങ്ങനെ ഇപ്പൊ ഒറ്റയ്ക്ക് ഉണ്ടാക്കണ്ട. എന്നിട്ട് എങ്ങോട്ടെങ്കിലും പോയ ഞാൻ സമാധാനം പറയണം “
“എന്നാ നീ വാ “
“രാവിലെ പോരെ?”
“എന്റെ കൃഷ്ണ ആണോ അത് എന്ന് അറിയണം. ഈ രാത്രി അറിയണം. “
“ദൂരെ നിന്ന് കണ്ടിട്ട് പോരണം. അവളെ ചാടികേറി കെട്ടിപിടിച്ചു കളയരുത് “
“ഇല്ല.”
“എടാ നീ ok. ആണോ…? കുഴപ്പം ഉണ്ടാക്കരുത്. ഞാൻ ഒറ്റയ്ക്ക് ആണ് കൂടെ വരുന്നത്.”
അർജുൻ ഒന്ന് ചിരിച്ചത് പോലെ തോന്നി
“നിന്നെ ഞാൻ ഒന്നും ചെയ്യില്ല പോരെ?”
“എന്നേ ചെയ്താലും കുഴപ്പമില്ല. ആ കൊച്ചു വീക്ക് ആണ്. അവളെ ഒന്നും ചെയ്യരുത് “
“ഇല്ല “
അവർ ആശുപത്രിയുടെ പിന്നിലെ വഴിയിലൂടെ പുറത്ത് കടന്നു
“ഓട്ടോ വല്ലോം കിട്ടുമോ?”
“എന്റെ അപ്പന് ഓട്ടോ ഓടിക്കൽ ആണല്ലോ പണി?”
ദീപുവിന് കലി വന്നു
“നടന്നാലോ? ഈ വഴി പോയ കാർ പാർക്കിങ്ങിന്റെ ബാക്കിൽ എത്താം “
അവൻ ബാക്കിൽ കൂടി ഒരു വഴി കാണിച് കൊടുത്തു
“ബെസ്റ്റ് എത്ര കിലോമീറ്റർ ഉണ്ടെന്ന് അറിയാമോ?”
“അറിയാം നാലു കിലോമീറ്റർ “
അർജുൻ ശാന്തമായി പറഞ്ഞു. ദീപു അതിശയം കൂറുന്ന കണ്ണുകൾ ഉയർത്തി
“പാതിരാത്രി നാലു കിലോമീറ്റർ നടന്നവന് അവന്റെ ഭാര്യയെ കാണാൻപോകണം. രാവിലെ കാറിൽ പോയ പോരാ “
“ആരും അറിയണ്ട “
“ബെസ്റ്റ്. നീ മുഖംമൂടി വെയ്ക്കാൻ പോവാണോ?”
“എന്റെ ഇപ്പോഴത്തെ രൂപത്തിന് പ്രത്യേകിച്ച് മുഖം മൂടി വേണ്ട “
“അത് കറക്റ്റ് “
അവർ നടന്നു
“ഞാൻ മുന്നിൽ കൂടി വരുന്നില്ല. നീ എന്ടറൻസിൽ casuality പറഞ്ഞ മതി. പിന്നെ എളുപ്പവഴി ഞാൻ കാണിച്ചു തരാം “അർജുൻ പറഞ്ഞു
“എടാ സ്വന്തം സ്ഥാപനത്തിൽ കള്ള വണ്ടി പിടിച്ചു പോകുന്നതെന്തിനാ?ഉള്ളത് പറഞ്ഞു അകത്തു പോകാം, “
“വേണ്ട. നീ നേരേ. പോകണം casuality അവിടെ നിന്ന് ഐ സി യു.. വേഗം വരണം. ഡോക്ടർ ശർമ്മയെ കണ്ടിട്ട് ഐ സി യുവിൽ ഇപ്പൊ ഡ്യൂട്ടി ഉള്ള ആള് പുറത്ത് പോകാൻ പറയണം “
അവൻ അവിടേ നിന്ന് നടന്നു നീങ്ങി.
ഐ സി യുവിൽ കൃഷ്ണ മാത്രമായിരുന്നു. കൃഷ്ണ ഉറങ്ങി കിടക്കുകയായിരുന്നു
അർജുൻ വാതിൽ തുറന്നകത്തേക്ക് വന്നു
“കൃഷ്ണ “
അവന്റെ തലച്ചോറിൽ എന്തൊക്കെയോ വലിഞ്ഞു മുറുകി
കൃഷ്ണ…
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
എന്റെ പെണ്ണ് ….
അവൻ ദീർഘമായി ശ്വസിച്ചു. ആ നിമിഷം അവന്റെ മനസ്സിൽ നിന്ന് അവളില്ലന്ന തോന്നൽ മാഞ്ഞു പോയി. ഹൃദയം ശാന്തമായി. അവൾ മരിച്ചിട്ടില്ലന്ന സത്യം അവന്റെയുള്ളിൽ ആഴത്തിൽ പതിഞ്ഞു
അവൻ കിടക്കയ്ക്ക് അരികിൽ ചെന്നു. ഞരമ്പിലൂടെ ഒഴുകുന്ന ചോരയ്ക്ക് ശക്തി കൂടുന്നു. കിടക്കുന്നത് തന്റെ പ്രാണനാണ്. adrinalin rush ചെയ്യുന്നു
അവൻ അറിയാതെ കുനിഞ്ഞു. ആ നെറ്റിയിൽ ഒരു തുള്ളി കണ്ണീർ വീണു
കൃഷ്ണയുടെ മിഴികൾ ഒന്ന് അനങ്ങി
അർജുൻ
“എന്റെ മോളെ “
അവൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി വിളിച്ചു
“അപ്പുവേട്ടാ “
അർജുൻ സ്വയം നിയന്ത്രിക്കാൻ പാട് പെട്ട. അവൻ അടുത്തിരുന്നു
“ഹോസ്പിറ്റലിൽ നിന്ന് വന്നതാണോ?”
അവൻ ഒന്ന് മൂളി
“തിരിച്ചു പോണോ?”
അവൻ അതിനും മൂളി
പിന്നെ കുനിഞ്ഞു
അധരങ്ങളിലേക്ക്…ആവേശത്തോടെ, സ്നേഹത്തോടെ, പ്രണയത്തോടെ, ദീർഘമായ ഒരു ചുംബനം
കൃഷ്ണ കണ്ണുകൾ ഇറുക്കിയടച്ചു
അർജുന്റെ കൈകൾ അവളെ പൊതിഞ്ഞു. മുഖം നിറയെ ഉമ്മകൾ
അവൻ മുഖം ഉയർത്തുമ്പോൾ അവൾ കിതച്ചു. നിമിഷങ്ങൾ കടന്ന് പോയി
“പോവാ മോളെ…”
“ഇനി എന്നാ വരിക?”
“ഞാൻ കുറച്ചു നാൾ കൂടി കഴിഞ്ഞു മാത്രേ വരൂ..കുറച്ചു ജോലിയുണ്ട്. തീർത്തിട്ട് വരും. ഇനി. ആ നേരമേ അർജുൻ നിന്റെ മുന്നിൽ വരൂ. നീ ഈ ഭൂമിയിൽ ഉണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് ഇനി മരുന്നുകൾ വേണ്ട. ഒന്നും വേണ്ട..”
അവൻ വീണ്ടും കുനിഞ്ഞു. കൊതി തീരാതെ അവളുടെ കവിളിൽ വീണ്ടും ഉമ്മ വെച്ചു
“ഞാൻ ഇന്നിവിടെ വന്നിട്ടില്ല. got it”
അവൾ തലയാട്ടി
“എന്റെ മോള് എന്നോട് ക്ഷമിക്കണം “
അവൾ ആ മുഖം പിടിച്ചു താഴ്ത്തി അമർത്തി ചുംബിച്ചു
“നിന്റെ അപ്പുവേട്ടനാവാൻ ഇനിയും സമയം എടുക്കും. പക്ഷെ അർജുൻ നിന്നിലാ ഇപ്പൊ ജീവിക്കുന്നത്. ഇനി ഒരിക്കലും നിന്നെ ഞാൻ വേദനിപ്പിക്കില്ല. എന്റെ അമ്മ സത്യം “
മുഖം കുനിച്ച് ഒരുമ്മ കൂടി കൊടുത്തു അവൻ. കൃഷ്ണ അവൻ ഇറങ്ങി പോകുന്നത് നോക്കി കിടന്നു
തുടരും…