ധ്രുവം, അധ്യായം 118 – എഴുത്ത്: അമ്മു സന്തോഷ്

രാവിലെ അടുക്കളയിൽ ആയിരുന്നു ദുർഗ. അനിൽ നാട്ടിലേക്ക് പോയിട്ട് രണ്ടു ദിവസം ആയി. ജയറാം അരികിൽ ചെന്നു നിന്നു

“എന്താണ് പരിപാടി?”

“ബ്രേക്ക്‌ഫാസ്റ്റ് എന്താ വേണ്ടതെന്നാ “

“നീ ഇങ്ങോട്ട് മാറിക്കെ ഞാൻ ചെയ്യാം. ചപ്പാത്തി ഉണ്ടാക്കാം. മുട്ട റോസ്റ്റും. എനിക്ക് ആകെ അറിയാവുന്ന പണിയ അത് “ജയറാം പറഞ്ഞു

“ആഹാ കുക്കിംഗ്‌ അറിയോ?”ദുർഗ അതിശയിച്ചു

“പിന്നല്ല നീ അങ്ങോട്ട് മാറിക്കെ. അവിടേ ഇരിക്ക് “

ജയറാം കൈ പിടിച്ചു ദുർഗയേ കസേരയിൽ ഇരുത്തി

“വെറുതെ ഇരിക്കണ്ട സവാള അരിഞ്ഞു കൊണ്ട് ഇരിക്ക് “

മൂന്നാല് സവാള എടുത്തു പ്ലേറ്റിൽ വെച്ച് കൊടുത്തു ജയറാം. ദുർഗ ഒരു ചിരിയോടെ അത് അരിഞ്ഞു തുടങ്ങി. ജയറാം ചപ്പാത്തി മാവു കുഴച്ചു വന്നപ്പോഴേക്കും അരിഞ്ഞു തീർന്നു. മുട്ട പുഴുങ്ങാൻ വെച്ചിട്ട് ഒരു അടുപ്പിൽ നോൺ സ്റ്റിക്കിന്റ പാൻ വെച്ച് സവാള വഴറ്റി തുടങ്ങി

“മിടുക്കൻ. ഇതൊക്കെ കയ്യിൽ ഉണ്ടായിരുന്നോ?”

“അല്ല പിന്നെ. ഒറ്റയ്ക്ക് അല്ലായിരുന്നോ എല്ലാം പഠിക്കും. പക്ഷെ എനിക്ക് വേണ്ടി മാത്രം ആണെങ്കിൽ ഞാൻ ഒന്നും ചെയ്യില്ല. മടി. അപ്പൊ പുറത്ത് നിന്ന് ഓർഡർ ചെയ്തു വരുത്തി കഴിക്കും. ഇതിപ്പോ നീയുണ്ടല്ലോ. ഒപ്പം “

ദുർഗയുടെ ഉള്ളു ഒന്ന് കുളിർന്നു. അവർ ജയറാമിന്നോട് അല്പം ചേർന്ന് നിന്നു. ജയറാം തല തിരിച്ചവരെ നോക്കി. ദുർഗ മെല്ലെ നോട്ടം മാറ്റിക്കളഞ്ഞു

“ദുർഗ?” ദുർഗ മുഖം ഉയർത്തിയതും നിറുകയിൽ ജയറാമിന്റെ മുഖം അമർന്നതും ഒരെ നിമിഷം ആയിരുന്നു

ദുർഗ കണ്ണുകൾ അടച്ചു. ഒരു മഴതുള്ളി ഇറ്റ് വീണ പോലെ ഒരു തണുപ്പ്. ജയറാം ആ മുഖത്തേക്ക് നോക്കി. ചുവന്നു പോയിരിക്കുന്നു. നാണം പൂത്തു നിൽക്കുന്നു.

പ്രണയത്തിന് കാലഭേദങ്ങളില്ല, പ്രായമില്ല. അത് ഋതു പോലെ സീസണൽ അല്ല. എപ്പോ വേണേലും പെയ്യാൻ വെമ്പുന്ന ഒരു മഴ. ഹൃദയങ്ങൾ തമ്മിൽ ഒരു സങ്കലനം ഉണ്ടാവുകയെ വേണ്ടു..അത് പെയ്തു തുടങ്ങും

ജയറാം ദുർഗയുടെ കവിളിൽ മുഖം ചേർത്ത് ഒരുമ്മ കൊടുത്തു. പിന്നെ അവരെ നെഞ്ചോട് ചേർത്ത് പിടിച്ചു. കൃഷ്ണ കുളിച്ച് അടുക്കളയിലേക്ക് വരികയായിരുന്നു

അവൾ ആ കാഴ്ച കണ്ട് ഒരു നിമിഷം നിന്നു പോയി. പിന്നെ പെട്ടെന്ന് തിരിഞ്ഞു ഓടി. അർജുൻ ന്യൂസ്‌ പേപ്പർ എടുത്തു വായിക്കാൻ തുടങ്ങുകയായിരുന്നു

“അച്ഛൻ എന്തിയെടി?” അവൻ കൃഷ്ണ അടുത്തു വന്നിരുന്നപ്പോൾ ചോദിച്ചു

“നീയെന്താ ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ പോയോ? കിതയ്ക്കുന്നു “

“ങ്ങേ?”

അവൾ ആ കാഴ്ചയിൽ ആയിരുന്നു അപ്പോഴും

“എന്തോന്നാടി?”

“കുന്തം..” അവൾ മുഖം വീർപ്പിച്ചു

“നീ ഇതെന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്? അച്ഛൻ എന്തിയെ? അച്ഛാ “

അവൾ പെട്ടെന്ന് വാ പൊത്തി

“അച്ഛൻ അടുക്കളയിൽ ഉണ്ട് “

“ആഹാ അച്ഛൻ ആണോ പാചകം? എന്താടി കഴിക്കാൻ?”

“അറിഞ്ഞൂടാ, ദുർഗ ഡോക്ടറും ഉണ്ട് “

“അപ്പൊ ചപ്പാത്തി മുട്ട ആയിരിക്കും
അച്ഛന്റെ സ്പെഷ്യൽ ഐറ്റം ആണ്. നീ കഴിച്ചിട്ടില്ല ല്ലോ. സൂപ്പർ ആണ്.നോക്കട്ട് “

“അവിടെ ഇരുന്ന് പത്രം വായിക്കാൻ. അങ്കിൾ ചെയ്യും. ഡോക്ടർ ഉണ്ടല്ലോ കൂടെ…”

“എന്നാലും ഒരു കൈ സഹായിക്കാൻ “

“ഒരിടി ഞാൻ വെച്ച് തരും അവിടെ ഇരുന്നോണം “

“ഇവൾക്ക് ഇതെന്തോന്ന് പറ്റി “

അവൻ അമ്പരപ്പോടെ ചോദിച്ചു. കൃഷ്ണ മെല്ലെ അവന്റെ മടിയിൽ ചെന്നിരുന്നു

“അതേയ്.. പിന്നേയ് “

അവൾ അവന്റെ താടി രോമങ്ങൾക്കിടയിലൂടെ വിരൽ കടത്തി

“നിന്നു കുറുകാതെ കാര്യം പറ പെണ്ണെ..”

“എന്റെ ദൈവമേ ഇങ്ങനെ ഒരു സാധനം..ദേ ചെറുക്കാ ഇങ്ങനെ മൂരാച്ചിയാവല്ലേ കേട്ടോ.. ദുഷ്ടൻ…”

“നീ കാര്യം പറ കൃഷ്ണ”

അവൻ പിന്നെയും പറഞ്ഞു

“ഉണ്ട. ഒന്നുമില്ല “

അവൻ ചുറ്റും നോക്കിയിട്ട് അവളെ ചേർത്ത് പിടിച്ചു

“എന്താ വേണ്ടേ എന്റെ കൊച്ചിന്? ഉം?”

കൃഷ്ണ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നുഒരു മുയൽ കുഞ്ഞ് കിടക്കും പോലെ. അവൻ വാത്സല്യത്തോടെ അവളെ തഴുകി

“അടുക്കളയിൽ ചെന്നപ്പോഴേ..”

“ഉം “

“അവരെ…”

“ഉം “

കൃഷ്ണ നാണത്തിൽ മുഖം പൊത്തി. അവൻ കൈകൾ എടുത്തു മാറ്റി

“എന്തൊരു നാണമാ കൊച്ചിന്. വർഷം ഒന്ന് കഴിഞ്ഞു.പറയു അവർ.. “

“അവര്…”

“അർജുൻ കൃഷ്ണ ബ്രേക്ക്‌ ഫാസ്റ്റ് റെഡി ” ദുർഗ കാസറോളിൽ ചപ്പാത്തി കൊണ്ട് വെച്ച് മുറിയിലേക്ക് നോക്കി ഉറക്കെ പറഞ്ഞു

കൃഷ്ണ മെല്ലെ അവന്റെ മടിയിൽ നിന്ന് ഊർന്ന് ഇറങ്ങി

“കുറച്ചു നേരം കൂടി ഇരുന്നിട്ട് പോടീ..പോകല്ലേ “

അവൻ അവളെ വാരിയെടുത്തു മടിയിൽ ഇരുത്തി. ആ ഇരുപ്പിന് ഒരു സുഖം ഉണ്ടായിരുന്നു. അവൻ അവളുടെ ഉടലിലൂടെ മെല്ലെ തഴുകി കൊണ്ടിരുന്നു. കൃഷ്ണ കണ്ണുകൾ അടച്ച് അവനോട് ചേർന്നിരുന്നു

“പിള്ളേരെ കഴിക്കാൻ വരാൻ “

ജയറാം വന്നു വിളിച്ചു

“നിങ്ങൾ കഴിച്ചോ. ഞങ്ങൾ പിന്നെ വന്നോളാം “

അർജുൻ അച്ഛന് മറുപടി കൊടുത്തു. പിന്നെ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി ചുംബിച്ചു. കൃഷ്ണ ആ കണ്ണുകളിലേക്ക് നോക്കി അവനെ വട്ടം ചുറ്റിപ്പിടിച്ചു

അർജുൻ ആ മുടി ഒന്നോതുക്കി. കാതിൽ മെല്ലെ കടിച്ച് ഇക്കിളിയാക്കി. കൃഷ്ണ ചിരിച്ചു കൊണ്ട് തല കുടഞ്ഞു

“ഇതൊക്കെ ഷേവ് ചെയ്തു കളഞ്ഞോ. എന്റെ ദേഹം മൊത്തം മുറിഞ്ഞു “

അവൾ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് മന്ത്രിച്ചു

“ശരിക്കും?”

“ഉം കുളിച്ചപ്പോ നീറിയിട്ട് വയ്യാ “

“നോക്കട്ടെ “

അവൻ ഉടുപ്പിന്റെ കൊളുത്തുരി

“അയ്യടാ ഇപ്പൊ വെണ്ട “

“എനിക്ക് ഇപ്പൊ വേണം “

“അയ്യേ.. അവരൊക്കെ ഉണ്ടെന്ന്. വിളിക്കും. പകൽ ആണെന്ന് “

“അതിനിപ്പോ എന്താ?”

അവനവളുടെ ടോപ് ഊരിക്കളഞ്ഞു മാറിടത്തിൽ അമർത്തി ചുംബിച്ചു. കൃഷ്ണ ദുർബലമായി പ്രതിഷേധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവളുടെ ഉടലിലേക്ക് ഭ്രാന്തമായി അമർന്നു അർജുൻ. തലേന്ന് കണ്ട മൃദുവായ സാധുവായ അർജുൻ അല്ല. അവന്റെ വിരലുകളിൽ ഉഷ്ണം നിറഞ്ഞു അവളിലേക്ക് ഒരു കടലോഴുകി വന്നു. അവളെ നനച്ചു കൊണ്ട്.. അവളെ വഹിച്ചു കൊണ്ട് അതങ്ങനെ ഒഴുകികൊണ്ട് ഇരുന്നു

കൃഷ്ണ ബലമില്ലാതെ അവനെ പിടിച്ചു

“കൃഷ്ണ?”

അവൾ അവന്റെ മുഖത്തേക്ക് നോക്കി
ചുവന്നു നനഞ്ഞു പോയ മുഖം

“ഉം?”

“ഭ്രാന്ത് പിടിക്കുന്നെടി “

അവൻ മുരണ്ട് കൊണ്ട് അവളെ കടിച്ചു

കടലിന്റെ വേലിയേറ്റങ്ങൾ…

ഭക്ഷണം കഴിക്കാതെയും ദാഹജലം കുടിക്കാതെയും ദിവസങ്ങളോളം കഴിയേണ്ടി വന്നവന്റെ  വിശപ്പ്, ദാഹം..

കൃഷ്ണയിൽ അലിയുമ്പോൾ അർജുന്റെ ഉള്ളിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല

കൃഷ്ണ, കൃഷ്ണ, കൃഷ്ണ

അവൾ മാത്രം

അവനാ പേര് മന്ത്രിച്ചു കൊണ്ടേയിരുന്നു. കൃഷ്ണ വിളി കേട്ടു കൊണ്ടും. ആയിരം തവണ വിളിച്ചിട്ടുണ്ടാകും. അത്രയും തവണ അവൾ മറുപടിയും കൊടുത്തിട്ടുണ്ടാകും

ജയറാം ഇടയ്ക്കെപ്പോഴോ വിളിച്ചിട്ട് കേൾക്കാതെ വന്നപ്പോ വാതിലിൽ മുട്ടാൻ പോയതാണ് ദുർഗ തടഞ്ഞു

“ഇന്നലെ വന്നിട്ടേയുള്ളു. തമ്മിൽ ഇങ്ങനെ സ്വസ്ഥം ആയി ഇരുന്നിട്ട് പാവങ്ങൾ എത്ര ദിവസങ്ങൾ ആയി. വിളിക്കണ്ട. നമുക്ക് ഹോസ്പിറ്റലിൽ പോകാം. അവർക്ക് കുറച്ചു പ്രൈവസി കൊടുക്കാം.”

ജയറാം ഒരു ജാള്യതയോടെ ദുർഗയെ അനുസരിച്ചു. ശരിയാണ്. താൻ അതോർത്തില്ല. പോയേക്കാം അദ്ദേഹം ദുർഗയോട് പറഞ്ഞു

ഒരു നോട് എഴുതി വെച്ചിട്ട് വാതിൽ അടച്ച് അവർ പോയി. അർജുൻ ഉറങ്ങുന്നത് കൃഷ്ണ നോക്കികിടന്നു

അവൾ കമിഴ്ന്നു കിടന്നുറങ്ങുന്ന അവന്റെ മുതുകിലേക്ക് മുഖം വെച്ച് വട്ടം ചുറ്റി പിടിച്ച് ഓരോന്നോർത്തു കിടന്നു

പ്രണയകാലം, വിവാഹം, കുഞ്ഞ് വഴക്കുകൾ, ഇണക്കങ്ങൾ, അവന്റെ ദേഷ്യം പിടിച്ച മുഖം, പ്രണയം തുളുമ്പുന്ന കണ്ണുകൾ, ഒടുവിൽ ആ നെഞ്ചിൽ…പിന്നെ അനുഭവിച്ച വേദന

ഭ്രാന്ത് പിടിച്ചു ഉരുകി തീർന്ന അവൻ. തന്നെക്കാൾ വേദന അവനായിരുന്നു

ശരീരത്തിനും മനസ്സിനും ഒരു പോലെ വേദനിച്ചു അവന്. തന്നെ സ്നേഹിച്ചു പോയത് കൊണ്ട് മാത്രം അവൻ അനുഭവിച്ച വേദനകൾ. അവളുടെ കണ്ണ് നിറഞ്ഞൊഴുകി

അവൾ അവന്റെ പിൻ കഴുത്തിൽ ചുംബിച്ചു

“എന്റെ ജീവനെ..”

മെല്ലെ വിളിച്ചു. പിന്നെ കണ്ണുകൾ അടച്ചു ചേർന്ന് കിടന്നു

ദീപുവിന്റെ വീട്

ദീപു കുഞ്ഞിനെ നെഞ്ചിൽ കിടത്തി കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു. കുഞ്ഞവന്റെ നെഞ്ചിൽ കിടന്നു കളിച്ചു കൊണ്ട് ഇരുന്നു

“വായോ.. പാല് കുടിക്കണ്ടേ “

നീരജ വന്നു തൊട്ടതും അവൾ ചിണുങ്ങി കരഞ്ഞു കൊണ്ട് അച്ഛനെ നോക്കി. ദീപു അവളെ കെട്ടിപിടിച്ചു തന്നോട് ചേർത്ത് പിടിച്ചു

“അച്ഛന്റെ പൊന്ന് പാല് കുടിച്ചിട്ട് വന്നേ “

അവൾ വാ തുറന്നു എന്തൊക്കെയോ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു

“കാര്യമായിട്ട് വഴക്ക് പറയുന്നുണ്ട് “

നീരജ ചിരിച്ചു കൊണ്ട് അരികിൽ ഇരുന്നു

“ഇത്രയും ദിവസം നമ്മൾ എത്ര നോക്കിയിട്ടെന്താ അച്ഛൻ വന്നപ്പോ പെണ്ണിന് ആരേം വേണ്ട.”

നീരജ പറഞ്ഞു

ദീപു കുഞ്ഞിനെ എടുത്തു ഉമ്മ വെച്ച് ശ്വാസം മുട്ടിച്ചു

“ആന്നോടി മുത്തേ…അച്ഛന്റെ പൊന്നല്ലേ…പൊന്നുംകുടമല്ലേ.. “

“അവൾക്ക് വിശക്കുന്നുണ്ടായൊരിക്കും. പറയാത്തതാ “

ദീപു കുഞ്ഞിനെ ബെഡിൽ കിടത്തി ചരിഞ്ഞു കിടന്നു

“നീ പാല് കൊടുക്ക്. അവള് വാശിയൊന്നും കാണിക്കത്തില്ല. അച്ഛന്റെ മുത്ത് പാല് കുടിച്ചേ “

കുഞ്ഞ് വഴക്ക് ഒന്നുമുണ്ടാക്കാതെ മുഖം നീരജയുടെ മാറിലേക്ക് ചേർത്തു

“അച്ചോടാ എന്താ അനുസരണ. അച്ഛനെ കാണുമ്പോ പിന്നെ മോള് നല്ല കുട്ടിയാ കേട്ടോ. ഞാൻ ഓഫീസിൽ പോകുമ്പോൾ അമ്മയെ എടുത്തു തിരിച്ചു വെയ്ക്കും ഇവള്. വീട്ടിൽ നിന്ന് എന്റെ അമ്മ കൂടി വന്നു നിന്നു കുറച്ചു ദിവസം. ഞാൻ ഹോസ്പിറ്റലിൽ പോകും അത് കഴിഞ്ഞു ഓഫീസിൽ പോകും ഒക്കെ കഴിഞ്ഞു വരുമ്പോൾ രാത്രി ആകും. ഇവള് അവരെ എടുത്തിട്ട് ചതയ്ക്കും എന്റെ ദൈവമേ…”

ദീപു നീരജയുടെ ശിരസ്സിൽ തലോടി

“ദേഷ്യം ഉണ്ടോടി ഇത്രയും ദിവസം മാറി നിന്നതിൽ?”

‘എന്തിന്? എനിക്ക് വിഷമം ആയിരുന്നു ദീപു. ഓരോ ദിവസവും ഞാൻ വരുന്നതും നോക്കി കിടക്കും കൃഷ്ണ..എന്തെങ്കിലും വിവരം കിട്ടുന്നുണ്ടോ എന്നറിയാൻ. ആദ്യമൊക്കെ അവളോട് പറഞ്ഞില്ലല്ലോ അർജുന്റെ അവസ്ഥ. അത് ഭയങ്കര കഷ്ടം ആയിരുന്നു. എന്നും കരഞ്ഞു കരഞ്ഞു അത് ഒരു പരുവമായി. പിന്നെ പറഞ്ഞപ്പോഴാ അർജുൻ ഓർക്കുന്നുമില്ല. ഹോ ദൈവമേ ഞാൻ കൂടി കരഞ്ഞു പോയിട്ടുണ്ട് പല ദിവസവും. ഇവിടെ വന്നാലും മോളെ എടുക്കാനോ കൊഞ്ചിക്കാനോ പോലും തോന്നില്ല ദീപു കൃഷ്ണയുടെ മുഖം ആയിരുന്നു ഉള്ളിൽ. ഞാനും ഒത്തിരി വേദനിച്ചിട്ടുണ്ട് ദീപു ആ ദിവസം ഒക്കെ “

“അപ്പൊ നീ എന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്ക്. അവൻ ബോധമില്ലാതെ കാണിക്കുന്നത് കാണുമ്പോൾ എനിക്ക് സ്വന്തം തല അടിച്ച് പൊട്ടിക്കാൻ തോന്നും. നമ്മുക്കും കൂടി ഭ്രാന്ത് പിടിക്കുന്ന പോലെ. സത്യത്തിൽ വാസുദേവൻ ഡോക്ടർക്ക് പോലും സഹിക്കാൻ വയ്യായിരുന്നു അവന്റെ അവസ്ഥ. അവൻ എന്റെ ജീവനാണ് നീരജ. കുഞ്ഞിലേ തൊട്ട് എനിക്ക് അവനേം അവന് എന്നേം വലിയ ഇഷ്ടാണ്. ഷെല്ലിയും നിവിനും വേറെ ഡിവിഷൻ ആയിരുന്നു സ്കൂളിൽ. സ്പോർട്സ് ആണ് ഞങ്ങളെ തമ്മിൽ കൂട്ടാക്കിയത്. അർജുൻ പക്ഷെ പാട്ട്, വയലിൻ, ഗിറ്റാർ അങ്ങനെ സോഫ്റ്റ്‌ ആയ ഒരാൾ ആയിരുന്നു. പിന്നെ അമ്മ പോയപ്പോൾ ഇത് പോലെ..അവൻ ഇവിടെ നിന്ന് പോയി
രണ്ടു വർഷം കഴിഞ്ഞു. ഒരു വിവരോം ഇല്ല. അന്ന് ഈ മൊബൈൽ അങ്ങനെ വ്യാപകമായിട്ടില്ല. ഒരു ദിവസം എനിക്ക് ഒരു കത്ത്. അത് ഞാനിപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്

ഡിയർ ദീപു

ഞാൻ അർജുൻ. ഓർമ്മയുണ്ടോ? സ്കൂളിൽ ഒന്നിച്ചു ഉണ്ടായിരുന്നു. ഞാൻ ഇപ്പൊ ബാംഗ്ലൂർ ആണ്. ഇതാണ് എന്റെ അഡ്രസ്. ഇതാണ് ഫോൺ നമ്പർ. നിനക്ക് സമയം കിട്ടുമ്പോൾ മറുപടി എഴുതിയ മാത്രം മതി

അർജുൻ

ഇത്രേയുള്ളൂ. പിന്നെ കത്തെഴുത്ത് തുടർന്നു

പിന്നെ ഫോൺ കിട്ടിയപ്പോ വിളിയായി. പിന്നെ അവൻ ഇങ്ങോട്ട് വന്നു. ഞാൻ ഈ ബിസിനസ് തുടങ്ങാൻ പറഞ്ഞത് അവനാണ്. അവന്റെ കോൺടാക്ട്സിന്റെ ധൈര്യത്തിലാണ് ഇതിന്റെ സ്റ്റാർട്ടിങ്

നിവിനെയും ഷെല്ലിയെയും ഒക്കെ ഒപ്പം നിർത്തിയത് അവൻ തന്നെ ആണ്. പക്ഷെ ആ സ്നേഹം അവന് പ്രകടിപ്പിക്കാൻ അറിയില്ല. പൊതുവെ അറിഞ്ഞൂടാ. ഇപ്പൊ കൃഷ്ണ വന്നു കഴിഞ്ഞു ഇച്ചിരി മാറ്റം ഉണ്ട്. എന്നാലും ഒരു മുരടൻ സ്വാഭാവമാണ്. പക്ഷെ സ്നേഹം ഉണ്ട്. ജീവൻ കൊടുക്കാൻ പോലും മടിയില്ലാത്ത സ്നേഹം. എനിക്ക് അത് ഈ അവസരത്തിൽ കൂടുതൽ മനസിലായി”

ദീപു പറഞ്ഞു നിർത്തി

“മോള് ഉറങ്ങി “

നീരജ കുഞ്ഞിനെ നോക്കി

“നീ. അവളെ തൊട്ടിലിൽ കിടത്തിയിട്ട് വാ “

നീരജ ഒരു കള്ളച്ചിരി ചിരിച്ചു

“എന്താ ഉദ്ദേശം?”

“നീ ഉദ്ദേശിക്കുന്നത് തന്നെ “

ദീപു എഴുന്നേറ്റു പോയി വാതിൽ. അടച്ചു. നീരജയെ ചേർത്ത് പിടിക്കുമ്പോ ദീപു ആ മണം മൂക്കിലേക്ക് എടുത്തു

“പാൽ മണം “

അവൻ മന്ത്രിച്ചു

നീരജ അവന്റെ മുഖം കൈകളിൽ എടുത്തു. പിന്നെ ആ നെറ്റിയിൽ ചുംബിച്ചു. മൂക്ക് ഉരസി മൂക്കിൽ. പിന്നെ ആവേശത്തോടെ അവനെ കെട്ടിപ്പുണർന്നു

പ്രണയകാലം ആരംഭം

തുടരും…