മുത്തശ്ശൻ ഉണർന്നപ്പോഴേക്കും കൃഷ്ണ മുന്നിലുണ്ട്
“കോഫീ ” അദ്ദേഹം ചിരിച്ചു
“മോൾ എന്തിനാ കൊണ്ട് വന്നത്. അതിനൊക്കെ ആൾക്കാർ ഉണ്ടല്ലോ “
“അതിനെന്താ?”
അവൾ പിടിച്ച് എഴുനേൽപ്പിച്ച് കസേരയിൽ ഇരുത്തി
“ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം “
അവൾ തലയാട്ടി
മുത്തശ്ശൻ ബാത്‌റൂമിൽ പോയപ്പോൾ അവൾ കിടക്ക കുടഞ്ഞു വിരിച്ചു. ജനാലകൾ തുറന്നിട്ടു. ബാൽകണിയിലേക്ക് ഇറങ്ങി നിന്നു
കല്യാണത്തിന് മുൻപ് ഒരു പ്രാവശ്യം ഇവിടെ താമസിച്ചപ്പോ താൻ ഈ മുറിയിൽ ആയിരുന്നു. അവൾ അതൊക്കെ ഓർത്തു നിന്നു. പുറകിൽ നിന്ന് രണ്ട് കൈകൾ ചുറ്റി. അവൾക്ക് കുളിർന്നു. പിൻകഴുത്തിൽ മുഖം അമരുന്നു
“പറയാതെ എഴുന്നേറ്റു പോരരുത് എന്ന് പറഞ്ഞിട്ടില്ലേ “
അവൾ ആ മുഖത്തേക്ക് തിരിഞ്ഞു ചുണ്ടിൽ ഒരുമ്മ കൊടുത്തു
“ഹോ കിടിലൻ ഉമ്മ. ഒന്ന് കൂടി ” കൃഷ്ണ മുഖം പിടിച്ചു ചേർത്ത് ഒരുമ്മ കൂടി കൊടുത്തു
അർജുൻ പെട്ടെന്നവളെ പൊക്കിയെടുത്തു തോളിലിട്ട് മുറിയിലേക്ക് കൊണ്ട് പോയി
“അയ്യേ ശേ മുത്തശ്ശൻ ചോദിക്കുമെന്ന്ദേ നോക്ക് കഷ്ടം ഉണ്ട് ട്ടോ ചെക്കാ
കോഫീ കൊടുത്തിട്ട് വരാം “
“പുള്ളി എടുത്തു കുടിച്ചോളും. നീ എന്റെ അടുത്ത് ഇരുന്നാ മതി. എത്ര നാളുകൾ കാണാതെ ഇരുന്നതാ. എന്തായിരുന്നു ഫോണിൽ കൂടി കരച്ചിൽ. ഇപ്പൊ നോക്ക്. അവൾ എന്റെ അടുത്ത് ഇരിക്കുന്നില്ല. അങ്ങോട്ടുമിംങ്ങോട്ടും ഓട്ടം “
“അച്ചോടാ എന്റെ മോൻ ഉറങ്ങുവാരുന്നു അതല്ലേ പോയെ “
“വിളിച്ചാ പോരെ?”
അവന്റെ ശുണ്ഠി കണ്ടു അവൾ ചിരിച്ചു
“എന്റെ പൊന്നുവേ ” കൃഷ്ണ ആ മുഖത്ത് നിറയെ ഉമ്മകൾ കൊടുത്തു
പിന്നെ മാറോട് ചേർത്ത് പിടിച്ചു
“എന്റെ ജീവനല്ലെടാ.. ഉം “
അർജുൻ ശാന്തനായി അനങ്ങാതെ അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി ചേർന്ന് ഇരുന്നു
“ടി?”
“നിനക്ക് എത്ര നാളുകൾ കൂടിയുണ്ട് ഹൗസർജൻസി “
“രണ്ടു മാസം കൂടിയേ ഉള്ളു. തീർന്നു “
“നീ എന്നോട് പറഞ്ഞിട്ടില്ലേ വയനാട് പോകണംന്ന് “
“ഉം. കൊണ്ട്. പോവോ?”
അവളുട കണ്ണുകൾ വിടർന്നു
“ഉം നമുക്ക് കുറച്ചു നാളുകൾ അവിടെ പോകാം. എനിക്ക് ഈ നഗരം ഇപ്പൊ മടുത്തു. കുറച്ചു നാള് ഒരു ബ്രേക്ക് വേണം. ഇവിടെ ഇപ്പൊ എല്ലാരും ഉണ്ട്. ഞാൻ ഇവിടെ ഇല്ലെങ്കിലും ഉടനെ കുഴപ്പമില്ല. നമുക്ക് വയനാട് പോകാം. ഞാനും നീയും മാത്രം..”
കൃഷ്ണ അവിശ്വസനീതയോടെ അവനെ നോക്കികൊണ്ട് ഇരുന്നു
സത്യത്തിൽ പറഞ്ഞതാണോ? ഇതൊക്കെ വിട്ടു കൊണ്ട് വരുമോ? അത് പോലൊക്കെ ഉള്ള സ്ഥലത്തു ആള് താമസിക്കുമോ.?
“എന്നേ പറ്റിക്കാൻ പറയുവാണോ?”
“അല്ലെടി. അങ്ങനെ ചെയ്യോ? നമുക്ക് പോകാം. എല്ലാം ഒന്ന് സെറ്റ് ആക്കണം. എന്നിട്ട് ഒരു യാത്ര. ഉടനെ വരില്ല കേട്ടോ. കുറേ നാളുകൾ കഴിഞ്ഞേ വരൂ…എനിക്ക് നിന്നെ എന്റെ മാത്രം ആയിട്ട് വേണം. ഇത് അങ്ങോട്ട് ഓടും. ഇങ്ങോട്ട് ഓടും. അത് പോരാ. ഞാനും നീയും മാത്രം. എന്റെ മാത്രം “
കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവന്റെ മുഖത്തേക്ക് മുഖം ചേർത്തു
“നീ പറഞ്ഞത് പോലെ ഒരു ചെറിയ വീട്. ചുറ്റും വലിയ പറമ്പ്, കൃഷി.. സാധാരണ പോലെ ഒരു ജീവിതം. തിരക്ക് ഒന്നുമില്ലാതെ. നിനക്ക് എം ഡി ക്ക് പ്രിപയർ ചെയ്യാം “
അവൾ മിഴിഞ്ഞ കണ്ണുകളോട് കൂടി അവനെ നോക്കി
“അപ്പുവേട്ടൻ എന്ത് ചെയ്യും?”
“എനിക്ക് അല്ലെ ഏറ്റവും വലിയ പണി?”
“അതെന്താ?”
” പ്രൊഡക്ഷൻ .. tough task അല്ലെ? “
അവൾക്ക് ആദ്യം മനസിലായില്ല. മനസിലായപ്പോ നാണിച്ചു ചുവന്നു
“ശീ “
“എന്ത് ശീ? നീയല്ലെടി പറഞ്ഞത് വാവേ
വേണംന്ന് “
കൃഷ്ണ ആ മൂക്കിൽ പിടിച്ചു
“വാവേ വേണം..എന്ന് വെച്ച് വേറെ പണിയൊന്നും ചെയ്യണ്ടേ?”
അവൻ കുസൃതിയിൽ ചിരിച്ചു
“ഞാൻ കൃഷി ചെയ്താലോന്നാ…എങ്ങനെ ഇരിക്കും?”
“മോന്റെ കൈ നോക്കട്ടെ “
അവൾ ആ കൈകൾ എടുത്തു നോക്കി. ചുവന്നു തുടുത്തു രക്തം ഇറ്റുന്ന കൈകൾ. കാലുകളും അങ്ങനെ തന്നെ
“അതൊന്നും എന്റെ ചെക്കനെ കൊണ്ട് പറ്റില്ല. നോക്കിക്കേ കയ്യും കാലുമൊക്കെ. അധ്വാനിച്ചു ജീവിക്കുന്നവരുടെ കൈ ആണോ ഇത്? അതൊന്നും വേണ്ട “
“നീ എന്നേ അങ്ങനെ കൊച്ചക്കല്ലേ.. nothing is impossible “
“എന്റെ കുട്ടിയതൊന്നും ചെയ്യണ്ട. ഞാൻ വെറുതെ ഒരാഗ്രഹം പറഞ്ഞതല്ലേ? നമുക്ക് ഏതെങ്കിലും റിസോർട്ടിൽ പോയി രണ്ടാഴ്ച നിന്നിട്ട് വരാം. അത് മതി “
അവൻ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു
“നിനക്ക് എന്നേ വിശ്വാസം ഇല്ലെ?”
കൃഷ്ണ ആ മുഖത്തേക്ക് മുഖം ചേർത്ത് വെച്ചു
“അതിന്റെ ഉത്തരം നിനക്ക് അറിഞ്ഞൂടെ?”
പിന്നെ മെല്ലെ ഒന്ന് കടിച്ചു
“നോവുന്നു കേട്ടോ “
“ആഹാ നോവുന്നുണ്ട് അല്ലെ. എന്റെ ദേഹത്ത് നോക്കിക്കേ കടിച്ച പാട് കാണിച്ചു തരട്ടെ “
അവൾ കാണിച്ചു കൊടുത്തു. നീലിച്ച പാടുകൾ
“സോറി “
അവന്റെ ശബ്ദം ഒന്ന് അടച്ചു. അവൻ അതിൽ തലോടി
“സോറി “
അവൾ ചിരിയോടെ ആ മുഖം ഉയർത്തി
“എന്തിനാ സോറി എനിക്കിഷ്ടാണ്. വെറുതെ കളിപ്പിക്കാൻ പറയണത് അല്ലെ?”
അവന്റെ മുഖം തെളിഞ്ഞു
“എന്നാലും വേണ്ട ഞാൻ സൂക്ഷിച്ചു കൊള്ളാം. ഇനി വേദനിപ്പിക്കില്ല “
“ദേ ഒന്നങ്ങ് തരും കേട്ടോ “
“അർജുൻ “പുറത്ത് വൈശാഖന്റെ വിളിയൊച്ച. അവൻ മടിയോടെ എഴുന്നേറ്റു
“ഈ യൂണിവേഴ്സിൽ നിന്നേ പോകണം”
അവൻ പിറുപിറുക്കുന്നത് കേട്ട് അവൾ വാ പൊത്തി ചിരിച്ചു
“നോക്കിക്കോ നിന്നേം കൊണ്ട് ഞാൻ വേറെ വല്ല ഗ്രഹത്തിലേക്കും പോകും. ഇങ്ങനെ ഉണ്ടോ ഒരു വിളി “
അവൾ അവന്റെ പുറകിൽ നിന്ന് തള്ളി
“നടക്കട്ടെ അങ്ങനെ നടക്കട്ടെ..”
അവൻ ചിരിച്ചു കൊണ്ട് നടന്നു. ഹാളിൽ ജയറാംമും ദുർഗയും
“ആഹാ രണ്ടാളും ഹോസ്പിറ്റലിൽ പോയില്ലേ?”
അർജുൻ ചിരിയോടെ സെറ്റിയിൽ ഇരുന്നു. കൃഷ്ണ അവന്റെ പിന്നിൽ വന്നു നിന്നു
“നിങ്ങളെ കണ്ടിട്ട് പോകാമെന്നു കരുതി. ബ്രേക്ക്‌ഫാസ്റ്റ് ദുർഗ കൊണ്ട് വന്നിട്ടുണ്ട്
നല്ല ഉഗ്രൻ ഇഡലിയും സാമ്പാറും “
“ആഹാ.. പ്രഭുവിന്റെ സ്ഥിരം ബ്രെഡ് ടോസ്ട് കഴിക്കേണ്ടി വരുമല്ലോ എന്നോർത്ത് പേടിച്ചു ഇരിക്കുകയായിരുന്നു “
വൈശാഖൻ പറഞ്ഞു. പ്രഭു കൂടെ കൂടിയിട്ട് മുപ്പത് വർഷം ആയി. ഇപ്പൊ കേരളത്തിൽ പോരുമ്പോൾ ആദ്യമൊക്കെ ആൾക്ക് ഒരു അപരിചിതത്വം ഉണ്ടായിരുന്നു
വന്ന നാളുകളിൽ നമ്മൾ എപ്പോ തിരിച്ചു പോകും എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. ഇപ്പൊ കേരളം ആൾക്ക് വളരെ ഇഷ്ടപ്പെട്ടു. റൊമ്പ നല്ല തണ്ണി അതാണ് മെയിൻ അട്ട്രാക്ഷൻ
എന്തായാലും അത് ഭാഗ്യമായി. ആൾക്ക് കുടുംബം ഒന്നുമില്ല
ഭാര്യ ഉണ്ടായിരുന്നു. മരിച്ചു. മക്കളില്ല. ബന്ധുക്കൾ ഇല്ല. ഇത് തന്നെ എല്ലാം
ജയറാം അർജുനെ ശ്രദ്ധിക്കുകയായിരുന്നു. അവളുടെ വിരലുകളിൽ പിടിച്ചു കൊണ്ട് അങ്ങനെ..
വേറെയൊന്നും വലുതായി ശ്രദ്ധിക്കുന്നില്ല. ഒരു അബ്സെന്റ് മൈൻഡ്. കൃഷ്ണയും അങ്ങനെ തന്നെ
അവന്റെ തോളിൽ ശിരസ്സ് വെച്ച് സംസാരം കേൾക്കുകയാണ് എങ്കിലും അതൊന്നും പൂർണമായും ഉൾക്കൊള്ളുന്നില്ല. ഇടക്ക് അവന്റെ തലയിൽ തലോടുന്നുണ്ട്. അവനെ നോക്കി ചിരി തൂകുന്നു
അവന്റെ വിരലുകളിൽ വിരൽ കോർത്തു മടിയിൽ വെച്ച് മെല്ലെ അമർത്തി അങ്ങനെ…ഇവരുടെ പ്രണയം തീ പോലെയാണെന്ന് ജയറാമിന് തോന്നി
കാണാതിരുന്നാലും കാലം കഴിഞ്ഞാലും കനൽ അങ്ങനെ അണയാതെ കിടക്കും
ഒരു ചെറുക്കാറ്റ് വീശിയ മതി
കനൽ തിളങ്ങും. ആളിപ്പിടിക്കും. ജ്വാലയായി കഴിഞ്ഞു. അത് പോലെയാണ് അവർ
“നീ ഹോസ്പിറ്റലിൽ വരുന്നില്ലേ?”
അർജുൻ കേട്ടില്ല എന്ന് തോന്നി
“അർജുൻ?”
“ങ്ങേ?”
“നീ ഹോസ്പിറ്റലിൽ വരുന്നില്ലേ?”
അവൻ കൃഷ്ണയേ ഒന്ന് നോക്കി
“നീ ഇന്ന് പോണുണ്ടോ?”
അവൾ ഇല്ല എന്ന് കണ്ണിറുക്കി
“ഞാൻ ഇല്ല..അച്ഛനും ആന്റിയും ഡാഡിയും ഒക്കെ ഉണ്ടല്ലോ. മടി “
“നീ ജസ്റ്റ് ഒന്ന് വന്നിട്ട് പോടാ “
“ഹോ വയ്യ..ഞാൻ റസ്റ്റ് എടുത്തോട്ടെന്ന്”
അവൻ കൈകൾ ഉയർത്തി നെറ്റിയിൽ അമർത്തി
“അവർ ഇവിടെ ഇരുന്നോട്ടെ.. അത്ര അത്യാവശ്യം ഒന്നുല്ല അർജുൻ. ഡാഡി ഉണ്ടല്ലോ. അല്ലെതന്നെ. അല്ലെ ഡാഡി “
“ഞാൻ എന്തായാലും പോകും എനിക്ക്. ഇത് പോലെ മടിച്ചു ഇരിക്കാൻ ഇഷ്ടം അല്ല. അർജുൻ നീ നിനക്ക് തോന്നുമ്പോൾ വന്നാ മതി. ഓൺലൈൻ വേണേൽ മീറ്റിംഗ് വെയ്ക്കാം. ഇപ്പൊ ഹോസ്പിറ്റലിൽ വരണ്ട..”
“ഡാഡിയാ ഇവനെ വഷളാക്കുന്നത്”
ജയറാം പറഞ്ഞു
“ഇവനെന്താ കുഴപ്പം?” വൈശാഖൻ ചിരിച്ചു
“ബ്രേക്ക് ഫാസ്റ്റ് എടുത്തു വെച്ചു “
പ്രഭു വന്നു പറഞ്ഞു
“അവൻ പറയുന്നത് കേട്ടാൽ തോന്നും അവൻ കുക്ക് ചെയ്തതാ എന്ന് “
എല്ലാവരും ചിരിച്ചു. ഭക്ഷണം കഴിഞ്ഞു. അവർ മൂന്ന് പേരും പോയി. വീണ്ടും തങ്ങളുടെ ലോകം
“നമുക്ക് വയനാട് സ്ഥലം നോക്കാം “
യൂ ട്യൂബ് വീഡിയോസ് നോക്കി അവർ
“എടി ഷെല്ലിക്ക് റിലേറ്റീവ്സ് ഉണ്ട് വയനാട്ടിൽ ഞാൻ അവനെയൊന്ന് വിളിച്ചു നോക്കട്ടെ “
അർജുൻ ഫോൺ എടുത്തു
“എന്താ ഡാ “
ഷെല്ലി ഫോൺ എടുത്തു
“ഡാ നിന്റെ അമ്മേടെ…”
“രാവിലെ വിളിച്ചു അമ്മയ്ക്ക് പറയുന്നോടാ പ- ട്ടി?”
അർജുൻ മുഴുമിക്കും മുന്നേ ചോദ്യം വന്നു. അർജുൻ പൊട്ടിച്ചിരിച്ചു പോയി
“അതേയ് ഷെല്ലി എടാ നീ കംപ്ലീറ്റ് കേൾക്ക് “
“പറഞ്ഞു തൊ- ലയ്ക്ക് “
“നിന്റെ അമ്മേടെ അനിയൻ വയനാട്ടിൽ അല്ലെ?”
“അതേ അജിത് മാമൻ എന്താ?”
“പുള്ളി. എവിടെയാ?”
“മുത്തങ്ങ,
“പുള്ളി കുറേ വർഷം ആയില്ലേ അവിടെ?”
“പത്തു വർഷത്തിൽ കൂടുതലായി എന്താ ഡാ?”
“എനിക്ക്. ഒരു സ്ഥലം വേണം. വീടും.”
“എന്തോന്ന്. എന്തോന്ന് “
“അതായത് എനിക്ക് അവിടെ കുറച്ചു സ്ഥലം മേടിക്കാൻ പ്ലാൻ ഉണ്ട്
ഒരു വീടും വേണം. വീടിനോട് ചേർന്ന് കുറെയധികം സ്ഥലം..വെറുതെ തരിശ് ഭൂമിയല്ലാ. കാടിനോട് ചേർന്ന്.. പുഴ ഒക്കെ ഉള്ളതിന്നു അടുത്ത് “
“മനസിലായി. നീ എന്താ അങ്ങോട്ട് പോകുന്നോ.?”
“കുറച്ചു നാള് “
“ദേ ചെറുക്കാ ഒറ്റ വീക്ക് വെച്ച് തരും കേട്ടോ “
“കുറച്ചു ദിവസം അത് കഴിഞ്ഞു പോരും. ഹണിമൂൺ ആണെടാ “
ഷെല്ലി നിശബ്ദനായി
“നിനക്കൊക്കെ എന്തും ആവാല്ലോ
എനിക്ക് ആരുമില്ലാത്ത കൊണ്ട് ഹണിയില്ല ഇപ്പൊ രാത്രി രാത്രി മൂൺ മാത്രേയുള്ളു. നിയൊക്കെ വിശുദ്ധന്മാർ ആയി പോയില്ലേ?”
“ഇതിന്റെ മറുപടി നേരിട്ട് പറഞ്ഞ മതിയോ?”
“കൃഷ്ണ അടുത്തുണ്ട് അതാണ് മാന്യനാകുന്നത് മനസിലായി മോനെ..ശരി അന്വേഷിച്ചു ഉടനെ പറയാം. ദീപുവിനോട് പറഞ്ഞാരുന്നോ.?”
“ഇല്ല. വെറുതെ ഒരാലോചന വന്നേയുള്ളു. ഒന്നും ആയില്ല. ആലോചിച്ചു വന്നപ്പോ തന്നെ ഞാൻ നിന്റെ കാര്യം ഓർത്തു. അതാണ് വിളിച്ചത്. വല്ലതും ആയിട്ട് അവനെ വിളിച്ചു പറയാം”
“സാരോല്ല ഞാൻ വിളിച്ചു പറഞ്ഞോളാം.”
“ഡാ ഡാ നീ. ആദ്യം പറഞ്ഞ കാര്യം ചെയ്യാൻ നോക്ക് അത് കഴിഞ്ഞു അവനേം നിവിനേം വിളിച്ചു പറഞ്ഞോ
എന്റെ പോന്നോ. എജ്ജാതി സാധനം ഇതൊക്കെ “
“നീ ഫോൺ വെച്ചേ ഞാൻ അമ്മാവനെ ഒന്ന് വിളിച്ചു നോക്കട്ടെ “
ഷെല്ലി കട്ട് ചെയ്തു
“അവൻ ശരിയാക്കും.. നോക്കാം “
കൃഷ്ണ തലയാട്ടി. പിന്നെ ആ നെഞ്ചിൽ ചേർന്ന് ഇരുന്നു
കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം
“ഇനി ഇതേതു മാരണം ആണോ.”
അവന് ദേഷ്യം വന്നു
“ഞാൻ പോയി നോക്കാം “
“വേണ്ട…പ്രഭു അങ്കിളേ ആ ഡോർ തുറന്നെ “
പ്രഭു പോയി
അമ്മ അച്ഛൻ മനു ഗൗരി
“ആഹാ ഇതാരൊക്കെയാണ്? ഫ്ലാറ്റിലേക്കുള്ള വഴി എങ്ങനെ കണ്ടു പിടിച്ചു?”
കൃഷ്ണ ആഹ്ലാദത്തോടെ എഴുന്നേറ്റു. അർജുനും അതിശയം കൂറി
“മോൻ വന്നത് ഇന്നലെ ആണ് മോള് പറഞ്ഞത്. രാവിലെ വീട്ടിൽ വന്നപ്പോ പൂട്ടിക്കിടക്കുന്നു. പിന്നെ ദൃശ്യയാണ് ഈ വഴി പറഞ്ഞു തന്നത് “
രമേശൻ പറഞ്ഞു
“അച്ഛൻ ഇരിക്ക്. എല്ലാവരും ഇരിക്ക് “
അർജുൻ എഴുന്നേറ്റു
മനുവനേ നോക്കിക്കൊണ്ടിരുന്നു
അന്ന് ഹോസ്പിറ്റലിൽ കണ്ടത് പോലെയല്ല. പഴയ അർജുൻ. ഒരു മാറ്റവുമില്ല. എന്നാലും ഉള്ളിന്റെയുള്ളിൽ അവനൊരു വേദന തോന്നി
തന്റെ അനിയത്തി. അവൾ കടന്ന് പോയ വഴികൾ. അനുഭവിച്ച വേദന. എത്ര പണമുണ്ടെങ്കിലും സമാധാനം ഇല്ലെങ്കിൽ എന്ത് പ്രയോജനം
അർജുന് മാനസികമായി പ്രശ്നം വന്നപ്പോഴും അവളെയത് ബാധിച്ചില്ല എന്നത് മനുവിന് അതിശയം ആയിരുന്നു. അവളെന്താ ഇങ്ങനെ എന്ന് പലകുറി മനു ചിന്തിച്ചു. ഒരു തവണ അവളോട് ചോദിച്ചു പോയി
“നിനക്ക് അർജുനെ പേടിയില്ലേ? എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ അവൻ നിന്നെ ഉപദ്രവിച്ചാലോ?”
അവളുടെ മുഖം ശാന്തമായിരുന്നു
“എന്റെ അപ്പുവേട്ടനല്ലേ എന്നേ കൊ- ന്നോട്ടെ. ഞാൻ സന്തോഷം ആയിട്ട് മരിക്കും. വയ്യാഞ്ഞിട്ടല്ലേ…”
അവൾ പുഞ്ചിരിച്ചു. അന്ന് അവളോട് തോന്നിയത് സ്നേഹം അല്ല. ബഹുമാനം.
ലോകത്ത് ഒരു മനുഷ്യരോടും ഇത്രയും ബഹുമാനം തോന്നിയിട്ടില്ല. പ്രണയം എന്നത് എങ്ങനെ വേണം എന്ന് ഒരു പക്ഷെ അവളിലൂടെ പഠിക്കണം. തീർച്ചയായും ഗൗരിയെ മറന്നിട്ടില്ല. തനിക്ക് ഒരു അസുഖം ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് ജീവിതത്തിൽ വന്നവളാണ്. പക്ഷെ ഇത് അങ്ങനെ അല്ല
ഈ അസുഖം ചിലപ്പോൾ ചുറ്റുമുള്ള ആൾക്കാരെയും ബാധിക്കും
പക്ഷെ കൃഷ്ണ സന്തോഷവതിയാണ്. അവൾക്ക് അർജുൻ ഒപ്പം വേണം എന്നേയുള്ളു. ഒരു പക്ഷെ ഈ ലോകത്തിലെ എല്ലാം അവൾ മറന്നു പോകും. തങ്ങളെ പോലും
അർജുൻ മതി. അവൻ മാത്രം മതി
തുടരും….