ധ്രുവം, അധ്യായം 96 – എഴുത്ത്: അമ്മു സന്തോഷ്

രണ്ടു ബുള്ളറ്റുകൾ

കൃഷ്ണയുടെ ശരീരത്തിൽ കൂടി കടന്ന് പോയത് രണ്ടു ബുള്ളറ്റുകളായിരുന്നു. ഒന്ന് ഹൃദയത്തിന്റെ അടുത്ത് കൂടി, മറ്റൊന്ന് ഉദരത്തിൽ

പത്രങ്ങളിൽ അത് വലിയ വാർത്തയായി. ഇതിനു മുൻപും ആക്രമണം ഉണ്ടായിട്ടും ആഭ്യന്തരവകുപ്പ് ക്രമസമാധാനത്തിൽ പൂർണ പരാജയമായി എന്ന് മീഡിയ മുഴുവൻ ഒറ്റക്കെട്ടായി പറഞ്ഞു. ഉന്നതനായ ഒരു വ്യക്തിയുടെ ഭാര്യക്ക് ഇതാണ് അവസ്ഥ എങ്കിൽ സാധാരണക്കാരൻ എങ്ങനെ പുറത്ത് ഇറങ്ങുമെന്ന് ചോദിച്ചു തുടങ്ങി

കേരളത്തിൽ തന്നെ ആദ്യത്തെ സംഭവം ആയി അതിനെ കണക്കാക്കി. അന്വേഷണത്തിനായി ഒരു സംഘം തന്നെ രൂപീകരിക്കപ്പെട്ടു. ജൂഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

നെഞ്ചിൽ കൂടി കടന്നു പോയ ബുള്ളറ്റ് വളരെ അപകടം പിടിച്ചതായിരുന്നു. അമിതമായി രക്തസ്രാവം ഉണ്ടായത് കൊണ്ട് ധാരാളം രക്തം വേണ്ടി വന്നു. മൂന്ന് ദിവസങ്ങൾക്കു ശേഷം ആണ് അവൾക്ക് ബോധം വീണത്. ബോധം വീണു എന്നു മാത്രം. അപകടനില തരണം ചെയ്തിട്ടില്ല

തളർന്നു പോയ മിഴികൾ ചുറ്റും പായിച്ചു കൃഷ്ണ

ജയറാം, ദുർഗ, അച്ഛൻ, അമ്മ, ഏട്ടൻ…എവിടെ

എവിടെ?

അപ്പുവേട്ടൻ?

അവൾ ഇടറി ചോദിച്ചു

ജയറാം കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു

“എവിടെ?”

അവൾ വീണ്ടും ചോദിച്ചു

“വരും “

കൃഷ്ണയുടെ കണ്ണുകൾ അടഞ്ഞു. അദ്ദേഹം മെല്ലെ പറഞ്ഞു. പിന്നെ വേഗം മുറി വിട്ടു പോയി. മുറിയിൽ വന്നു വാതിൽ അടച്ചു ജയറാം പൊട്ടിക്കരഞ്ഞു

ഉറക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു കൊണ്ടേയിരുന്നു. വിധി എന്തിനാണ് ഇങ്ങനെ ക്രൂരമായി പരീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായില്ല

ഇന്റർകോം ശബ്ദിച്ചു

“മുറിയിലേക്ക് വാ ജയാ,

ഡാഡി

അന്ന് തന്നെ ഡാഡി വന്നു. ഹോസ്പിറ്റലിന്റെ ചാർജ് ഏറ്റെടുത്തു. അത് വളരെ വേഗമായിരുന്നു

“ജയാ ഈ ഡോക്യൂമെന്റസ് വായിച്ചോ?”

ജയറാം വെറുതെ വായിച്ചു കൊണ്ട് ഇരുന്നു

“നീ അത് വായിക്കുകയാണോ അതോ വെറുതെ നോക്കുകയാണോ.?”

ജയറാം മുഖം മേശമേൽ അമർത്തി വെച്ച് കരഞ്ഞു പോയി

“എനിക്ക്. പറ്റുന്നില്ല ഡാഡി പ്ലീസ്. ഒരു ജോലിയും എനിക്ക് തരരുത്. എന്റെ മോൻ..എന്റെ മോനിപ്പോ..  “

വൈശാഖന്റെ കണ്ണുകൾ നിറഞ്ഞു

“ജയാ അവൻ തിരിച്ചു വരും. അവന്റെ പെണ്ണ്…ആ ഓർമ്മയിൽ തിരിച്ചു വരും “

“ഓർമ്മകൾ ഒക്കെ പോയില്ലേ?,

ജയറാം മുഖം പൊത്തി. മാനേജർ മുകുന്ദൻ വന്നു

“സർ എസ് പി കാണാൻ അനുവാദം ചോദിക്കുന്നു “

വൈശാഖൻ ജയറാമിനെ നോക്കി

“നീ ഒന്ന് ഫ്രഷ് ആയി വാ. നമ്മുടെ ദുഃഖം നമ്മുടെ മാത്രം ആണ്. നമ്മുടെ പ്രതികാരവും നമ്മുടേത് മാത്രം. ഇതിന്റെ പിന്നിൽ ആരാണെന്നു നമുക്ക് അറിയില്ല. ആർക്കും എതിരെ പരാതി ഇല്ല. ഇതാണ് സ്റ്റേറ്റ്മെന്റ് “

ജയറാം തലകുലുക്കി

“എന്റെ ആനന്ദി പ്രസവിച്ചത് ഒരു ആൺകുട്ടിയെ ആണ് ജയറാം. നീ ഇനി മേലിൽ കരയരുത്. ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഉണ്ട് “

ജയറാം ഒന്ന് മൂളി

അദ്ദേഹം ഫ്രഷ് ആകാൻ മുറിയിലേക്ക് പോയി

എസ് പി രാജേഷ് മുറിയിലേക്ക് വന്നു

“നമസ്കാരം സർ. അർജുൻ സാറിനെ ഒന്ന് കാണണം “

“അർജുന്‌ നല്ല സുഖമില്ല. അഡ്‌മിറ്റെഡ് ആണ്. ഇപ്പൊ സന്ദർശകരെ അനുവദിക്കില്ല “

“സർ എന്താ അർജുൻ സാറിന്? സാറിന് വെടിയേറ്റതായി അറിഞ്ഞില്ല.”

“അത് മാത്രം അല്ലലോ അസുഖം?മാനസികമായി ബുദ്ധിമുട്ട് ഉണ്ട്. കാണാൻ സാധിക്കില്ല.”

“വൈഫ്‌ കൃഷ്ണ?”

“ബോധം വീണിട്ടില്ല “

എസ് പി അപ്പോൾ അവിടേക്ക് വന്ന ജയറാമിനെ നോക്കി

“നമസ്കാരം സർ “

ജയറാം ഒന്ന് തലകുലുക്കി

“ആരെയെങ്കിലും സംശയം? ഒരു പരാതി തന്നിരുന്നു എങ്കിൽ..”

“ആരെയും സംശയം ഇല്ല. പരാതിയും ഇല്ല.” എസ് പി അൽപനേരം ഇരുന്നു

“സർ പ്ലീസ്. അന്വേഷണത്തിനോട് സഹകരിക്കണം “

“ഇല്ലെങ്കിൽ എന്ത് ചെയ്യും? അറസ്റ്റ് ചെയ്യുമോ? ഞങ്ങൾ പ്രതികൾ അല്ല
അന്വേഷിച്ചു കണ്ടു പിടിക്കേണ്ടത് നിങ്ങൾ ആണ്. ഞങ്ങൾക്ക് പരാതി ഇല്ല..”

എസ് പി എഴുന്നേറ്റു പോകാൻ ഒരുങ്ങിയിട്ട് ഒരു നിമിഷം നിന്നു

“സർ revenge നേരേ നേരേ ലൈൻ ആണെങ്കിൽ വേണ്ട സർ. ഇവിടെ ഒരു സിസ്റ്റം ഉണ്ട്. പോലീസ് ഉണ്ട് നിയമം ഉണ്ട്. അർജുൻ സാറിനെ ഞങ്ങൾക്ക് നന്നായി അറിയാം. ഏതെങ്കിലും രീതിയിൽ എന്തെങ്കിലും ഉണ്ടായാൽ സർ അത് നല്ലതല്ല “

“ആയിക്കോട്ടെ സിസ്റ്റം വേഗം അന്വേഷിച്ചു കണ്ടു പിടിക്കാൻ നോക്ക് “

വൈശാഖൻ തിരിച്ചടിച്ചു

“വാസുദേവൻ വിളിച്ചോ?”

ജയറാമിന്നോട് അദ്ദേഹം ചോദിച്ചു

“ഉം അങ്ങോട്ട് പോകുകയാണ് ഞാൻ “

“ശരി എത്തിയിട്ട് വിളിക്ക് “ജയറാം ഇറങ്ങി

ഡോക്ടർ വാസുദേവൻ. ഫ്ലാറ്റിനു മുന്നിലെ ബോർഡിൽ വെറുതെ തൊട്ടു ജയറാം. പിന്നെ കാളിംഗ് ബെൽ അടിച്ച് കാത്തു നിന്നു

ഭാര്യ ആണ് വാതിൽ തുറന്നത്

“ജയറാം സർ വരൂ “

അദ്ദേഹം അകത്തേക്ക് ചെന്നു

“വാസു?”

“അർജുനെ ഹോസ്പിറ്റലിലേക്ക് മാറ്റി. കുറച്ചു മുൻപ്. വല്ലാതെ വയലന്റ് ആയി. ഫ്ലാറ്റിൽ പറ്റാതെയായി. അപ്പൊ തന്നെ വിളിച്ചിരുന്നു. സർ എടുത്തില്ല.  “

ജയറാം തലയാട്ടി

“സർ വരികയാണെങ്കിൽ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു “

ജയറാം അവിടെ നിന്നിറങ്ങി

ഹൃദയം തകർന്നു പോകുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നു. പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി മനസ്സ് അവനെ വിട്ടു പോയിരിക്കുന്നു..ഇനി എങ്ങനെ?

ദൈവമേ….കൃഷ്ണ?

ജയറാമിന്റെ കാറിനെ പിന്തുടർന്ന പോലീസ് വാഹനംഅദ്ദേഹം ഒരു മാനസിക ആരോഗ്യകേന്ദ്രത്തിലെക്ക് പ്രവേശിക്കുന്നത് കണ്ട് സ്ലോ ചെയ്തു

എസ് പി കാർ നിർത്താൻ പറഞ്ഞു. അയാൾ ഇറങ്ങി നടന്നു. ജയറാമിനെ കണ്ടു വാസുദേവൻ

“വരൂ ഡോക്ടർ. അർജുൻ ഇപ്പൊ സെഡേഷൻലാണ്.  വയലന്റ് ആയിരുന്നു. അത് കൊണ്ടാണ് കൊണ്ട് വന്നത്. റൂമിലേക്ക് പോകാം “

ജയറാം തലയാട്ടി. അദ്ദേഹം തളർന്ന് പോയ പാദങ്ങൾ വലിച്ചു നടന്നു. എസ് പി രാജേഷ് അവർ അറിയാതെ അദ്ദേഹത്തെ പിന്തുടർന്ന് നടന്നു

കിടക്കയിൽ അർജുൻ. ട്രിപ്പിൽ നിന്ന് മരുന്നുകൾ തുള്ളി ആയി ഇറ്റ് വീഴുന്നുണ്ട്

“മരുന്നിന്റെ മയക്കമാണ്. ഉണർന്ന പഴയ പോലെ തന്നെ…”

ജയറാം ആ നെറ്റിയിൽ മെല്ലെ തടവി

“ട്രോമ ഈസ്‌ ബാക്…പഴയ മരുന്നുകൾ ഒക്കെ തന്നെ മതിയോ എന്നറിയില്ല. നോക്കട്ടെ “

“ഞാൻ ഇവിടെ നിൽക്കട്ടെ..”

“കൃഷ്ണ?”

“കൃഷ്ണയ്ക്ക് സർജറി കഴിഞ്ഞു. ഹാർട്ട്‌നോട്‌ ചേർന്ന് കടന്ന് പോയ ബുള്ളറ്റ് കുറച്ചു പ്രോബ്ലം ആണ്. severe blood loss…അതും…ഉണർന്നപ്പോൾ അർജുനെ അന്വേഷിച്ചു. എത്ര ദിവസം ഞാൻ മറച്ചു വെയ്ക്കും. അവള് മരിച്ചു പോകും ഇത് വല്ലോം അറിഞ്ഞാൽ..സത്യത്തിൽ എനിക്ക് പേടിയാണ്. അർജുനെ ഓർത്തല്ല കൃഷ്ണയേ ഓർത്ത്..”

വാസുദേവൻ സഹതാപത്തോടെ ആ മുഖം നോക്കി

എന്ത് പറയാനാണ്, അറിയില്ല

ജനലിനരികിൽ നിന്ന് എസ് പി രാജേഷ് ഓഫിസ് റൂമിലേക്ക് മാറി

“ഇവിടെ ആരും വേണ്ട ജയറാം. ഞാൻ മുഴുവൻ ടൈം ഉണ്ട്. രാത്രിയും ഞാൻ ഇവിടെ തന്നെ ഉണ്ട്. വിഷമിക്കണ്ട. അർജുൻ എന്റെ മകനെ പോലെ തന്നെ. ഞാനുണ്ട് ഇവിടെ “

ജയറാം തലയാട്ടി

കൃഷ്ണയ്ക്ക് വെടിയേറ്റ് കൊണ്ട് വരുമ്പോൾ അർജുന്‌ ബോധം ഉണ്ടായിരുന്നില്ല. അവളെ ചേർത്ത് പിടിച്ചവൻ ബോധമറ്റ് നിലത്തേക്ക് വീണു പോയിരുന്നു. ബോധം വന്നപ്പോൾ ഒരു അലർച്ചയായിരുന്നു. ഒരു അലറി കരച്ചിൽ. തല ഭിത്തിയിൽ ആഞ്ഞിടിച്ചു കൊണ്ട് ഭ്രാന്ത് പിടിച്ചത് പോലെ. കൃഷ്ണാ എന്നാലർച്ച ഇപ്പോഴും കാതിൽ മുഴങ്ങുന്നു. എത്ര ശ്രമിച്ചിട്ടും അവനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല

ഒടുവിൽ ഡോക്ടർ വാസുദേവൻ വരേണ്ടി വന്നു. sedatives കൊടുത്തു മാധവത്തിൽ നിന്ന് അദേഹത്തിന്റെ ഫ്ലാറ്റിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. പക്ഷെ അവിടെയും നിന്നില്ല. ഇപ്പൊ മെന്റൽ ഹോസ്പിറ്റലിൽ തന്നെ അഡ്മിറ്റ് ചെയ്യേണ്ടി വന്നു

ഫോൺ ബെൽ അടിച്ചപ്പോൾ അദ്ദേഹം നോക്കി

ദീപു

“അങ്കിൾ അവനെവിടെ?”ആ ശബ്ദം കരച്ചിൽ പോലെയായിരുന്നു

ഒരു നിമിഷം അദ്ദേഹം ശബ്ദമില്ലാതെ നിന്നു പോയി

“എന്റെ അർജുൻ എവിടെ അങ്കിളേ?”

“സായി മെന്റൽ ഹോസ്പിറ്റലിൽ ” ജയറാം നെഞ്ചു പൊടിയുന്ന വേദനയോടെ പറഞ്ഞു

ദീപു സ്തംഭിച്ചു പോയി. അവൻ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു നെഞ്ചിൽ കൈ വെച്ച് ഭിത്തിയിൽ ചാരി

“എന്താ ദീപു?”

നീരജ ആ ഭാവം കണ്ടു ഭയന്ന് പോയി

“ഒന്നുല്ല. ഞാൻ ഇപ്പൊ വരാം “

അവൻ കാറിന്റെ കീ എടുത്തു വെളിയിലേക്ക് ഇറങ്ങി പോയി.

ആ സമയം ഹോസ്പിറ്റലിൽ എസ് പി രാജേഷ് ഡോക്ടർ വാസുദേവനെ കണ്ടു

“ഡോക്ടർ വാസുദേവൻ ഞാൻ എസ് പി രാജേഷ്. ഇപ്പൊ കൃഷ്ണയുടെ കേസ്
അന്വേഷിക്കുന്നത് ഞാനാണ്”

“കൃഷ്ണ ഇവിടെ ഇല്ല “

ഡോക്ടർ അലസമായി പറഞ്ഞു

“പക്ഷെ അർജുൻ ഇവിടെ ഉണ്ടല്ലോ? എന്താ ഡോക്ടർ അദേഹത്തിന്റെ അവസ്ഥ?”

ഡോക്ടർ വാസുദേവൻ ഒരു നിമിഷം നിശബ്ദനായിരുന്നിട് പറഞ്ഞു തുടങ്ങി

“അർജുന്‌ പതിനഞ്ചു വർഷം മുൻപ് അവന്റെ അമ്മ മരിച്ചപ്പോൾ ഒരു മെന്റൽ അറ്റാക് വന്നിരുന്നു. രണ്ടു വർഷം ട്രീറ്റ്മെന്റ്. അവൻ ok. ആയി. പിന്നെ ഒരിക്കലും വന്നിട്ടില്ല. പക്ഷെ കണ്മുന്നിൽ ഭാര്യ വെടിയേറ്റ് വീണപ്പോൾ അത് ട്രിഗർ ആയി അസുഖം പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു. ഇപ്പൊ അവസ്ഥ ആണ് “

രാജേഷ് തെല്ല് നടുങ്ങി പോയി

“അർജുൻ ഒരു മെന്റൽ patient ആണോ?”

“yes He is…”

“Are you sure? “

“I am his doctor “

രാജേഷ് എഴുന്നേറ്റു.

ഈ ബിസിനസ് കിങ്ങ് ഒരു മെന്റൽ patient? അയാൾക്ക് വിശ്വസിക്കാൻ ആയില്ല

പൊടുന്നനെ ഒരു അലർച്ച കേട്ടു. ആ ബ്ലോക്കിൽ നിന്നാണ്. ഡോക്ടർ വാസുദേവൻ അങ്ങോട്ടേക്ക് ഓടി. ജയറാമിന്റെ കൈയിൽ നിൽക്കുന്നില്ല അർജുൻ. മുറിയിലുള്ള സകലതും എറിഞ്ഞുടച്ചു കളഞ്ഞു

“അർജുൻ” ഒരു അലർച്ച

ദീപുവായിരുന്നു അത്. അർജുനെ അവൻ വട്ടം പിടിച്ചു. അർജുൻ കുതറി മാറി തല ഭിത്തിയിൽ ആഞ്ഞിടിച്ചു. തല പൊട്ടി രക്തം ഇറ്റ് വീണു കൊണ്ട് ഇരുന്നു

“മോനെ എടാ വേണ്ടെടാ “

ദീപു അവനെ വട്ടം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു

“എടാ കൃഷ്ണയ്ക്ക് ഒന്നുല്ല…”

ആ പേര് കേട്ടതും അവൻ വീണ്ടും വയലന്റ് ആയി. കൃഷ്ണാ എന്നുള്ള അലർച്ച മുഴങ്ങി. ജയറാം വിങ്ങി കരഞ്ഞു കൊണ്ട് പുറത്ത് ഇറങ്ങി

“ഞാനല്ലേ അവളെ കൊ- ന്നത്?ഞാനല്ലെടാ അവളെ കൊ- ന്നത്? അല്ലേടാ?”

ദീപുവിനെ അവൻ തള്ളിയകറ്റി

“എനിക്ക് ജീവിക്കണ്ട..എനിക്ക് ജീവിക്കണ്ടാ..എന്റെ പെണ്ണ് എന്റെ കയ്യിലാ മരിച്ചു വീണത്…ഞാൻ കാരണമാ..അവള് പാവല്ലായിരുന്നോ നീ പറ…നിനക്ക് അറിയില്ലേ..”

അവൻ മേശപ്പുറത് വെച്ചിരുന്ന ഗ്ലാസ്‌ അടിച്ച് പൊട്ടിച്ച് മുന്നോട്ട് നീട്ടി

“അടുത്ത് വന്ന ഞാൻ കൊ- ല്ലും “

“അർജുൻ മോനെ ഒന്നും ചെയ്യല്ലേടാ, കൃഷ്ണയ്ക്ക് ഒന്നുല്ല “

“കള്ളം പറയണ്ട. അവള് മരിച്ചു പോയി. എന്റെ കയ്യിൽ..അല്ല നെഞ്ചിൽ കിടന്നു മരിച്ചു..എന്തിനാടാ അവര് എന്റെ കൊച്ചിനെ കൊ- ന്നത്…അവളെന്തു ചെയ്തിട്ടാ… ആ അവള് ചെയ്തു….എന്നേ കല്യാണം കഴിച്ചു..ഞാൻ കാരണം. ഞാൻ ഇനി വേണ്ട ഭൂമിയിൽ..എന്റെ കൊച്ചില്ലാത്ത ഈ ലോകം എനിക്ക് വേണ്ടാ “

അവൻ പൊട്ടിയ ഗ്ലാസ്‌ വയറിലേക്ക് ആഞ്ഞു കുത്തി. ദീപു ഓടി ചെന്ന് ആ ഗ്ലാസ്‌ കഷ്ണം വാങ്ങി വലിച്ചെറിഞ്ഞു

അവന്റെ കൈ പിളർന്നു ചോര ഒഴുകി

“എന്റെ കൊച്ച് പോയി…ഇനി വരില്ല..”അർജുൻ നിലത്ത് മുട്ട് കുത്തി

“മോനെ..ഞാൻ കാണിച്ചു തരാം. സത്യം ആയിട്ടും കൃഷ്ണ ജീവനോടെ ഉണ്ട് “

“കള്ളമാ…എന്റെ പൊന്ന് പോയി. എന്നേ വിട്ടിട്ട് പോയി.ഇനിയാരുണ്ട് എനിക്ക്? ആരൂല്ല..” അവൻ നിലത്ത് കിടന്നുരുണ്ട് മറിഞ്ഞു

എസ് പി രാജേഷ് മെല്ലെ അവിടെ നിന്ന് നടന്നകന്നു. അപ്പോഴാണ് അയാൾ അറിഞ്ഞത്. തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. ഹൃദയത്തിൽ നിന്നും ഒരു വേദന വന്നലയ്ക്കുന്നു. അയാൾ അർജുനെ ആദ്യം കാണുകയാണ്. കൃഷ്ണയേ അയാൾ കണ്ടിട്ടില്ല

പക്ഷെ ഇന്നത്തെ കാഴ്ച അയാളെ അത്രയധികം ഉലച്ച് കളഞ്ഞു. ആരെങ്കിലും ഇങ്ങനെ ഉണ്ടാകുമോ എന്ന് അയാൾ ഓർത്ത് പോയി

അയാൾ അറിയാതെ ഒരു നമ്പർ ഡയൽ ചെയ്തു

“ഹലോ “

“രാജേഷേട്ടാ ഡ്യൂട്ടി കഴിഞ്ഞോ എപ്പോ വരും?”

ഭാര്യ…തന്റെ പെണ്ണ്

“ഏട്ടാ എന്താ മിണ്ടാത്തെ? വേഗം വാ ട്ടോ. “

“ഗായത്രി?”

“ഉം “

“ഒന്നുല്ല. വേഗം വരാം “

“ഉം “

അയാൾ ഫോൺ കട്ട്‌ ചെയ്തു. ഇത് ചെയ്തത് ആരാണെങ്കിലും നിന്റെ പുറകെ ആണ് ഇനി ഞാൻ അയാൾ പല്ല് കടിച്ചു

എസ് പി രാജേഷ് മൊബൈൽ എടുത്തു ഓഫീസിൽ വിളിച്ചു

“എനിക്ക് കൃഷ്ണ അറ്റാക് നടന്ന ദിവസത്തെ പരിസരത്ത് ഉള്ള സകല ഷോപ്പുകളുടെയും cctv ഫുടേജ് വേണം. ഒരു മണിക്കൂറിനകം”

“സർ,

അദ്ദേഹം നടന്നു കാറിൽ കയറി

“ഓഫീസിലേക്ക് “

ഡ്രൈവറോട് പറഞ്ഞു

അർജുനെ ഒടുവിൽ കീഴടക്കാൻ നാലു പേര് വേണ്ടി വന്നു. തലയിൽ നാലു സ്റ്റിച്ച്. വയറിൽ രണ്ടെണ്ണം

“കൂടുതൽ sedation കൊടുക്കാൻ പറ്റില്ല ജയാ..ഇനി ഉടനെ എങ്ങനെ?”

ജയറാം അവനെ തന്നെ നോക്കി നിന്നു. കണ്ണുകൾ ഉറയ്ക്കാതെ ചലിച്ചു കൊണ്ടിരിക്കുന്നു. മുഖം അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി കൊണ്ടിരിക്കുന്നു. ദീപു ആ കൈകളിൽ മുറുകെ പിടിച്ചു

“tie him”

ജയറാം പറഞ്ഞു. ദീപു ഞെട്ടിപ്പോയി

ഡോക്ടർ വാസുദേവന്റെ കണ്ണുകൾ നിറഞ്ഞു

“അത് വേണ്ട “

“വേണം അല്ലെങ്കിൽ അവൻ സൂയിസൈഡ് ചെയ്യും. എനിക്ക് ഉറപ്പാണ്
കൃഷ്ണയേ അവൻ ജീവനോടെ നേരിൽ കാണുന്ന വരെ അങ്ങനെ മതി “

“വേണ്ട അങ്കിളേ ഞാൻ നോക്കിക്കൊള്ളാം കെട്ടിയിടരുത് പ്ലീസ് “

“ദീപു നിന്റെ ദൃഷ്ടി മാറുന്ന ഒരു സെക്കന്റ്‌ മതി അവന്. ഇപ്പൊ അവൻ നിന്റെ അർജുൻ അല്ല ദീപു. He is a patient.. a mental patient. tie him”

ജയറാം മുറിയിൽ നിന്ന് ഇറങ്ങി പോയി. ദീപു പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ ഇറുകെ കെട്ടിപിടിച്ചു. അർജുന്റെ കൈകാലുകൾ ബന്ധിക്കപ്പെട്ടു

അവൻ പിടഞ്ഞടിച്ചു കൊണ്ടിരുന്നു

കൃഷ്ണാ…

എന്നൊരു അലർച്ച ആശുപത്രിയിൽ മുഴുവൻ മുഴങ്ങി കേട്ട് കൊണ്ടിരുന്നു

തുടരും….