ധ്രുവം, അധ്യായം 97 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണാ എന്നൊരു വിളികേട്ടുവോ…കൃഷ്ണ ഞെട്ടിയുണർന്നു

എന്റെ അപ്പുവേട്ടൻ എവിടെ? എന്താ വരാത്തത്?

അവളുടെ കണ്ണ് നിറഞ്ഞൊഴുകി

“മോളെ?” ഡോക്ടർ ദുർഗ

“അപ്പുവേട്ടൻ എവിടെ?”

മറുപടി ഇല്ല

“എന്താ എന്നേ കാണാൻ വരാത്തത്?”

ദുർഗ നിറഞ്ഞ കണ്ണുകളോടെ  നിന്നു

“എന്താ പറ്റിയെ?” അവൾ ഉറക്കെ ചോദിച്ചു

ദുർഗ ചുണ്ട് കടിച്ചു പിടിച്ചു സങ്കടം അടക്കി

“എന്റെ അപ്പുവേട്ടൻ ജീവനോടെയില്ലേ?സത്യം പറ..ആരെങ്കിലും സത്യം പറ “

അവൾ അലറി പോയി

“മോളെ…”

“ഞാൻ ഇതെല്ലാം കൂടി വലിച്ചു പറിച്ചു കളഞ്ഞിട്ട് ഇവിടെ നിന്ന് ഇറങ്ങി പോകും…എന്റെ അപ്പുവേട്ടൻ എവിടെ ആണെന്ന് പറ. ജീവനോടെ ഉണ്ടൊ ഇല്ലേ?”

അവൾ കിതച്ചു

“ഉണ്ട് “

“ഉണ്ടെങ്കിൽ എന്താ ഇവിടെ വരാത്തത്? വയ്യേ?”

ദുർഗ പെട്ടെന്ന് മൂളി

“എന്നിട്ട് എവിടെ ആണ്? എന്താ എന്നോട് ഫോണിൽ പോലും സംസാരിക്കാത്തത്?”

“അതിനിപ്പോ പറ്റുന്ന അവസ്ഥ അല്ല “

അവൾ സംശയത്തോടെ നോക്കി

“ഡോക്ടർ എന്നോട് കള്ളം പറയരുത്. ആ ആള് ഈ ഭൂമിയിൽ ജീവനോടെ ഉണ്ടെങ്കിൽ കയ്യും കാലും നഷ്ടം ആയാലും ഒരിത്തിരി ജീവനാ ശരീരത്തിൽ ഉണ്ടെങ്കിൽ എന്നേ കാണാൻ വരും. ഞാനില്ലാതെ എന്നോട് മിണ്ടാൻ വയ്യാതെ അപ്പുവേട്ടൻ ജീവിച്ചിരിക്കില്ല “

അവൾ പൊട്ടിക്കരഞ്ഞു

“എന്നോട് സത്യം പറ എന്റെ അപ്പുവേട്ടൻ
എവിടെയാ?”

അവൾ കരയുന്ന കണ്ടു നിൽക്കാൻ വയ്യാതെ ദുർഗ ഇറങ്ങി പോയി. അവർ ജയറാമിൻറെ മുന്നിൽ ചെന്നു ആ കസേരയിലേക്ക് വീണു

“എനിക്ക് വയ്യ. കൃഷ്ണ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല. അവളോട് എന്ത് പറയും?എങ്ങനെ പറയും?പറഞ്ഞു കഴിഞ്ഞാൽ അവൾ അവനെ കാണാൻ വാശി പിടിക്കും. ഈ അവസ്ഥയിൽ എങ്ങനെ കൊണ്ട് പോകുമവളെ?”

ജയറാം കൈകൾ മുഖത്തർപ്പിച്ചു കുനിഞ്ഞിരുന്നു

“ഡോക്ടർ?” ജയറാം വാതിൽക്കൽ നോക്കി

മനു

“ഞാൻ അകത്തോട്ടു വന്നോട്ടെ?”

അദ്ദേഹം വരാൻ ആംഗ്യം കാണിച്ചു

“മനു ഇരിക്ക് “

മനു ഇരുന്നു

“അർജുൻ എവിടെ ഡോക്ടർ?”

ഈ ചോദ്യം ഏത് നിമിഷവും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു ജയറാം

“ഇപ്പൊ ഒരാഴ്ച ആയി. കൃഷ്ണയേ കാണാൻ അർജുൻ വന്നിട്ടില്ല. അർജുൻ അങ്ങനെ ചെയ്യില്ല എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. അവള് അവൾക്കേറ്റ മുറിവുകളുടെ നോവിനെക്കാൾ ഈ അവസ്ഥ ആണ് അവൾക്ക് സഹിക്കാൻ വയ്യാത്തത്. ഓരോ തവണ കാണുമ്പോഴും എന്റെ കുഞ്ഞ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല. എന്നോടെങ്കിലും പറയ് അർജുൻ എവിടെ?”

“അർജുൻ മെന്റൽ ഹോസ്പിറ്റലിൽ ആണ് “

ജയറാം ശാന്തനായി പറഞ്ഞു..മനു ഞെട്ടിപ്പോയി

പകച്ച മിഴികൾ അദേഹത്തിന്റെ മുഖത്ത് അർപ്പിച്ച് അവൻ അങ്ങനെ ഇരുന്ന് പോയി

“കൃഷ്ണ മുറിവേറ്റ് വീണത് അർജുന്റെ നെഞ്ചിലാണ്. ഈ.ലോകത്തിലേറ്റവും കൂടുതൽ അവൻ സ്നേഹിച്ച ആളാണ്  അവന്റെ കണ്മുന്നിൽ പിടഞ്ഞു വീണത്. ഒരിക്കല ആ അവസ്ഥയിലൂടെ പോയിട്ടുള്ളതാണ്. മനസ്സ് താളം തെറ്റി. അവന്റെ വിചാരം കൃഷ്ണ മരിച്ചു പോയെന്നാണ്. എത്ര ശ്രമിച്ചിട്ടും ഇല്ല എന്ന് അവൻ വിശ്വസിക്കുന്നില്ല “

“അവളെയൊന്ന് കാണിച്ചു കൊടുത്താൽ പോരെ?”

“അതിന് ഈ ഹോസ്പിറ്റലിൽ അവൻ വരണം. എങ്ങനെ കൊണ്ട് വരും? അവന്റെ ഹോസ്പിറ്റലാണ് നാളെ ഒരിക്കൽ അവൻ വീണ്ടും നോർമൽ ആകും. പക്ഷെ ഈ കാഴ്ചകൾ ഇവിടെ ഉള്ളവർ മറക്കുമോ? എന്റെ കുഞ്ഞിനെ ഭ്രാ- ന്തൻ എന്ന് ചാപ്പ കുത്തും. എന്റെ മോൻ ഭ്രാ-ന്തനല്ല. അവളെ അത്രമേൽ അവൻ സ്നേഹിച്ചു പോയത് കൊണ്ട് മാത്രം മനസ്സ് നഷ്ടപ്പെട്ട ഒരാളാണ്. കൃഷ്ണയേ അങ്ങോട്ട് കൊണ്ട് പോകാൻ പറ്റിയ സ്റ്റേജിലല്ല. ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്. അർജുൻ ഒന്ന് calm ആയാൽ ഇവിടെ വരും അവളെ കാണുന്ന അന്ന് എല്ലാം നോർമൽ ആകും. പക്ഷെ ഇപ്പൊ അവൻ വയലന്റ് ആണ്. ഇവിടെ എത്തിക്കാൻ പറ്റില്ല. ഒരു പക്ഷെ മയക്കി എത്തിച്ചാൽ പോലും ബോധം വരുമ്പോൾ അറിയില്ല എങ്ങനെ ആണെന്ന്. ഇത് ഒരു ഹോസ്പിറ്റൽ കൂടിയാണ്. മറ്റുള്ളവരുടെ സുരക്ഷ നമ്മൾ നോക്കണം എന്റെ മോൻ ആയത് കൊണ്ട് മാത്രം ഒന്നും പറ്റില്ല മനു”

മനു തറഞ്ഞിരുന്നു പോയി. അവന് ആ സങ്കടം താങ്ങാൻ കഴിയുന്നില്ലായിരുന്നു

“ഇത് അവളോട് പറഞ്ഞു കൂടെ? ഏത് അവസ്ഥ ആണെങ്കിലും അവൾ അത് സഹിക്കും. ഇങ്ങനെ ഒന്നുമൊന്നും അറിയാതെ അവൾ ആധി കേറി മരിച്ചു പോകും. പ്ലീസ് ഡോക്ടറെ ഞാൻ സൂക്ഷിച്ചു പറഞ്ഞു കൊള്ളാം. പക്ഷെ പാവം അവളോട് പറഞ്ഞോട്ടെ “

“ഒരു ചെറിയ ആഘാതം പോലും. ഇപ്പൊ കൃഷ്ണയുടെ ഹൃദയം താങ്ങില്ല മനു. അർജുൻ മുറിവേറ്റ അവസ്ഥയിലാണെന്ന് പറഞ്ഞിട്ടുണ്ട്. അവൻ ഉറങ്ങുമ്പോൾ വീഡിയോയിൽ അവനെ കാണിക്കാമെന്നാണ് കരുതുന്നത്. പക്ഷെ അവൻ ഇന്നലെയും ഇന്നും ഉറങ്ങിയില്ല. മരുന്നുകൾ എത്ര എന്ന് വെച്ചാ കൊടുക്കുന്നത്?”

“അവിടെ ആരുണ്ട്?”

“അവന്റെ ടീം മുഴുവൻ ഉണ്ട്. അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരനുണ്ട്.”

“ഞാൻ ഒന്ന് പോയി കണ്ടോട്ടെ?”

ജയറാം ദുർഗയെ നോക്കി

“എനിക്കും ഒന്ന് വരണം ജയേട്ടാ. കാണണം. ഒരുമിച്ചു പോകാം “

അദ്ദേഹം ഒന്ന് മൂളി

ദീപുവിന്റെ വീട്

നീരജ കുഞ്ഞിനെ ഉറക്കി അമ്മയെ ഏൽപ്പിച്ചു. അവൾ ദിനവും കൃഷ്ണയേ കാണാൻ പോകും. അനുവദിച്ച സമയം അവൾക്ക് അരികിൽ ഇരിക്കും. കൃഷ്ണ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം ഇല്ല

അർജുൻ

അപ്പുവേട്ടനെവിടെ ഒന്ന് പറ എന്ന് അവൾ കരയുമ്പോൾ കൂടെ കരയാൻ മാത്രേ നീരജയ്ക്ക് കഴിയുന്നുള്ളു. അർജുൻ മനസിന്‌ സുഖം ഇല്ലാതെ ഹോസ്പിറ്റലിൽ ആണെന്ന് ദീപു സൂചിപ്പിച്ചു. പക്ഷെ അത് പറയരുത് എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഒന്നും വയ്യ

അർജുന്‌ മുറിവേറ്റ് മറ്റൊരു മുറിയിലാണ് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. തീർച്ചയായും വരും എന്ന് ആവർത്തിക്കും അവൾ

കരഞ്ഞു കരഞ്ഞു കൃഷ്ണ ഉറങ്ങുന്നത് നോക്കിയിരിക്കെ അവൾ കരഞ്ഞു പോകും. ദീപു പിന്നെ വീട്ടിലേക്ക് വന്നിട്ടില്ല. ഹോസ്പിറ്റലിൽ തന്നെ ആണ്

ആ സമയം സായി മെന്റൽ ഹോസ്പിറ്റലിൽ

അർജുൻ ദീപുവിന്റെ കയ്യിൽ മുറുകെ പിടിച്ചു

“എന്നേ ഒന്ന് കൊ- ന്നു തരുവോ ദീപു?”

ദീപു ആ മുഖത്ത് ഒറ്റ അടി കൊടുത്തു

“നിന്റെ പെണ്ണ് ജീവനോടെ ഉണ്ട്..എത്ര തവണ പറഞ്ഞു അത്.”

അർജുൻ ഉറക്കെ ചിരിച്ചുപൊട്ടി പൊട്ടി ചിരിച്ചു

“അവൾ ചത്തു പോയി..ദേ നോക്ക് “

അവൻ ദീപുവിന്റെ മുഖം പിടിച്ചു തിരിച്ചു

“ഇങ്ങോട്ട് നോക്ക്.എന്റെ കയ്യിൽ ദേ ഇവിടെ.. ഇവിടെ..രക്തം കണ്ടോ..അവളുടേതാ. എന്റെ നെഞ്ചിലുമുണ്ടാരുന്നു. അവൻ നെഞ്ചിൽ തൊട്ട് തടവി. ഇവിടെ ഒക്കെ ഉണ്ടാര്ന്നു

അവൻ പെട്ടെന്ന് നെഞ്ചിൽ ആഞ്ഞടിച്ചു

ദീപു പെട്ടെന്ന് ആ കൈകൾ മുറുകെ പിടിച്ചു

“അവളുടെ ചോര പുരണ്ട ശരീരമാ ഇത്..എനിക്ക് വേണ്ടിത്..എനിക്ക് മരിക്കണം ദീപു എനിക്ക് അവളുടെ കൂടെ പോണം…അവൾക്ക് ഞാൻ ഇല്ലാതെ പറ്റില്ലടാ…പ്ലീസ് എനിക്ക് പോണം എന്നേ വിട്..”

അത് വരെ കണ്ട അർജുൻ അല്ല. അവൻ അക്രമസാക്തനായി. വാതിൽക്കൽ നിന്നവർ അകത്തു കയറി

ഡോക്ടർ വന്നു

അർജുൻ ഭയാനകമായി അലറി കൊണ്ടിരുന്നു. കൃഷ്ണാ എന്നാ നിലവിളി അവിടെ മുഴങ്ങി

ദീപു പെട്ടെന്ന് നീരജയ്ക്ക് ഫോൺ ചെയ്തു ഫോൺ ചെയ്തു

നീരജ കൃഷ്ണയ്ക്ക് അരികിൽ ഉണ്ടായിരുന്നു. കൃഷ്ണ നല്ല ഉറക്കം

നീരജ് കുറച്ചു മാറി നിന്നു കാൾ എടുത്തു

“കൃഷ്ണ എവിടെ?”

“ഉറക്കം ആണ് “

“നീ വീഡിയോയിൽ വാ “

അർജുൻ ജനൽ കമ്പിയിൽ തല ഇടിക്കാൻ ശ്രമിക്കുന്നത് തടയുകയായിരുന്നു മറ്റുള്ളവർ

“അർജുൻ നോക്ക്…നോക്കെടാ..നിന്റെ കൃഷ്ണ ആണ്. നോക്ക് “

അർജുൻ തല തിരിച്ചു ഒന്ന് നോക്കി. പിന്നെ അടുത്തു വന്നു നോക്കി

പിന്നെ ഉറക്കെ ചിരിച്ചു

“ഇതോ കൃഷ്ണ? പോടാ..ഏതോ ഒരു പെണ്ണിനെ കാണിച്ചിട്ട് എന്റെ കൃഷ്ണ ആണെന്ന്..”

ദീപു നടുങ്ങി പോയി

അർജുൻ ചിരിക്കുകയും കരയുകയും ഒരുമിച്ചു ചെയ്യുന്നത് കണ്ട് ദീപു വിങ്ങി കരഞ്ഞു പോയി. മറുതലയ്ക്കൽ നീരജ അത് കണ്ട് വിശ്വസിക്കാൻ ആവാതെ നിന്നു പോയി

അർജുന്‌ വയ്യ എന്ന് സൂചിപ്പിച്ചു ദീപു. മനസ്സ് ഒന്നിടറി എന്ന് മാത്രം

ഇത്രത്തോളം ഭയാനകമായ ഒരു അവസ്ഥ ആണെന്ന് അവൾക്ക് അറിയില്ലായിരുന്നു

“എന്റെ കൃഷ്ണ പോയി…എന്റെ കൃഷ്ണ പോയി..എനിക്കും പോകണം….എന്റെ പെണ്ണ് ഒറ്റയ്ക്കാ.. അത് വേണ്ട..അവൾക്ക് ഒറ്റയ്ക്ക് ആവുന്നത് പേടിയാ ദീപു…ഒറ്റയ്ക്ക് പേടിയാ..പാവാ..നീ കണ്ടിട്ടില്ലേ? പാവല്ലേ..ഉം?”

അർജുൻ ദീപുവിനെ കെട്ടിപിടിച്ചു

“എന്നെയൊന്നു കൊ- ന്നു താടാ ദീപു. എനിക്ക് വയ്യട. തല പൊട്ടിത്തെറിച്ചു പോവാ. നെഞ്ചു വേദനിക്കുന്നെടാ..സഹിക്കാൻ വയ്യാ “

അർജുന്റെ മുഖം നെഞ്ചിൽ അമർത്തി ദീപു പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തിരുന്നു

“ഡോക്ടറെ ഇവനെ എന്തെങ്കിലും മരുന്ന് കൊടുത്തു ഉറക്ക് എനിക്ക് വയ്യ ഇത് കാണാൻ “

ദീപു കെഞ്ചികരഞ്ഞു. ഡോക്ടർ വാസുദേവൻ സിറിഞ്ചിൽ മരുന്ന് നിറച്ചു. അർജുൻ പിടഞ്ഞു കൊണ്ടിരുന്നു

ഒടുവിൽ മരുന്ന് രക്തത്തിലേക്ക് കയറി തുടങ്ങിയപ്പോൾ അവൻ തളർന്ന് പോയി

“ദീപു..നീ പോവല്ലെടാ “

അർജുൻ അവന്റെ കൈ എടുത്തു നെഞ്ചിൽ വെച്ചു

ദീപു അവന്റെ മുഖത്ത് അമർത്തി ഉമ്മ വെച്ചു

“പോവില്ല “

അവൻ അർജുന്റെ ശിരസ്സിൽ തലോടി. അവന്റെ കണ്ണുകൾ അടയുന്നത് നോക്കിയിരുന്നു. ജയറാമും ദുർഗയും മനുവും വരുമ്പോൾ അർജുൻ ഉറക്കമായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ അവന് അസുഖം ഒന്നും ഉണ്ടെന്ന് തോന്നുമായിരുന്നില്ല. സാധാരണ പോലെ തന്നെ

മനു അർജുനെ അൽപനേരം നോക്കി നിന്നു. പിന്നെ ദീപുവിനെ പരിചയപ്പെട്ടു

“കണ്ടിട്ടുണ്ട് കല്യാണത്തിന്..അന്ന് പരിചയപ്പെട്ടില്ല. ഇന്ന് ഇങ്ങനെ “

മനു വേദനയോടെ പറഞ്ഞു

“ഇന്ന് കൃഷ്ണയേ വീഡിയോയിൽ കാണിച്ചിരുന്നു “

ദീപു ജയറാമിന്നോട് പറഞ്ഞു

“അതിൽ കാര്യമില്ല ദീപു. അവന് ഇപ്പൊ അത് accept ചെയ്യാൻ കഴിയില്ല അവന്റെ മനസ്സ് ആ ദിവസത്തിൽ നിന്ന് പോയി. സ്റ്റക് ആയി പോയി. ഇന്നത്തെ ദിവസം ഏതാണെന്നു ചോദിച്ചു നോക്ക്. അവൻ ആ തീയതിയേ പറയുകയുള്ളു. ഈ ഒരാഴ്ച കടന്ന് പോയതൊന്നും അവന് അറിയില്ല.”

“പക്ഷെ എന്നേ അറിയാം.”

“yes അറിയാം. നീ പണ്ടേ ഉണ്ടല്ലോ. ഞാൻ ഉണ്ട്. ദുർഗ ഉണ്ട്. മനുവിനെയും കണ്ടാൽ അവൻ പേര് തന്നെ വിളിക്കും..പക്ഷെ കൃഷ്ണ അവന്റെ കയ്യിൽ വീണു നിശ്ചലമായി പോയി. അവിടേ നിൽക്കുകയാണ് ഇപ്പൊ അവൻ.”

“എന്ന് അതിൽ നിന്ന് പുറത്ത് വരും?”

“അതിന് കൃഷ്ണ നേരിട്ട് വരണം.”

“ഇങ്ങോട്ട് കൊണ്ട് വരാൻ ഇപ്പൊ?”

“പറ്റില്ല ദീപു. ഇന്റെർണൽ ബ്ലീഡിങ് കൺട്രോളഡ് ആയി വരുന്നേയുള്ളൂ. ഉദരത്തിലൂടെ കടന്ന് പോയ ബുള്ളറ്റ് കുടലുകൾ മുറിച്ചാണ് പോയിരിക്കുന്നത്. നട്ടെല്ല് തൊട്ടാണ് മറ്റേ ബുള്ളെറ്റ് ഉണ്ടായിരുന്നത്. എല്ലാം മില്ലിമ്മീറ്റർ ദൂരങ്ങളാണ്. ഇല്ലെങ്കിൽ ഇന്ന് കൃഷ്ണ ഇല്ല. ഭഗവാന്റെ അനുഗ്രഹം പോലെ ഒരു അതിശയമാണ് നടന്നത്.”

“ഇതാരാണ് ചെയ്തത്?”

മനുവിന്റെ ശബ്ദം അറിയാതെ ഉയർന്നു പോയി

“തീർച്ചയായും അത് അർജുന്റെ ശത്രുക്കൾ ആണ്. ഇപ്പൊ നിലവിൽ ഒറ്റ ശത്രുവേയുള്ളു. മാക്സ് ഗ്രൂപ്പ്‌. പക്ഷെ ആ ഗ്രൂപ്പിൽ നാലു പേരുണ്ട്. ജേക്കബ്,ജിതിൻ, സിദ്ധാർഥ്, അക്ബർ അലി. പിന്നെ ഒരാൾ കൂടി നീന പദ്മനാഭൻ. ഇവരുടെ കൂട്ടായ ഒരു ശ്രമം ഇതിന് പിന്നിൽ ഉണ്ട്. പോലീസ് അന്വേഷിക്കുന്നുണ്ട് പക്ഷെ കണ്ടു പിടിക്കാൻ പോകുന്നില്ല. കാരണം ജേക്കബ് ഒഴിച്ച് നാലുപേരും ജയിലിലാണ്. അത് ഒരു നല്ല തെളിവാണ് അവരെ തൊടാൻ ആവില്ല. അതിന് ഒരാൾക്കേ കഴിയു. എന്റെ മോന്..അവനെ ആക്രമിച്ചാൽ അവർക്ക് അറിയാം അടുത്ത നിമിഷം അവർ ഭസ്മം ആകുമെന്ന്. പകരം കൃഷ്ണ ആണെങ്കിൽ അവൻ ഈ അവസ്ഥ ആകുമെന്നും. തളർന്ന് പോയ വീഴ്ത്താൻ എളുപ്പമാണ് മനുഷ്യനെ. അതാണ് അവന്റെ സ്ട്രോങ്ങ്‌ പോയിന്റിൽ അവർ അടിച്ചത്. അവർ കണക്ക് കൂട്ടിയത് പോലെ അവൻ തകർന്നു തളർന്നു. പക്ഷെ അവർക്ക് അറിയാതെ പോയ ഒരാളുണ്ട്…അർജുനെക്കാൾ അപകടകാരിയായ ഒരാൾ “

ജയറാമിന്റെ മുഖം തീ പോലെ ചുവന്നു

“അത് ആരാണ്?”

“വൈശാഖൻ എന്റെ ഡാഡി…ഒന്നിനെയും വിടില്ല. ഒന്നിനെയും”

ജയറാം പല്ല് കടിച്ചു. ആ മുഖത്ത് തീ പടർന്നു

“എന്റെ മോൻ തിരിച്ചു വരും. ഈ ചെയ്തവൻ അന്നും ജീവനോടെ ഉണ്ടാവും.  അർജുന്‌ കത്തിച്ചു കളയാനായിട്ട്..നോക്കിക്കോ ദീപു അന്ന് ആദ്യമായിട്ട് എന്റെ മോനൊപ്പം ഞാൻ പോകും. എനിക്ക് കാണണം അത്…”

അത് ഒരു വല്ലാത്ത നിമിഷം ആയിരുന്നു

ദേവൻ അസുരനായി മാറിയ നിമിഷം

ദേവാസുരം

തുടരും…