എസ് പി രാജേഷ് അന്വേഷണത്തിന്റെ റിപ്പോർട്ട് നോക്കി
പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ പരിസരത്ത് കണ്ട വാഹനം ഒരു ടാറ്റാ സുമോ ആയിരുന്നു. വാഹനത്തിൽ ഇരുന്ന് എയിം ചെയ്യുകയായിരുന്നു. സൈലന്സർ ഘടിപ്പിച്ച ഗൺ ആയത് കൊണ്ട് സൗണ്ട് കേട്ടില്ല. അയാളുടെ മുഖം മൂടിയിരുന്നു. കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നില്ല. വാഹനത്തിന്റെ നമ്പർ ഫേക്ക് ആണ്
അന്വേഷണം എങ്ങും എത്താതെ നിന്ന് പോയി. ഇനിയെങ്ങോട്ട് എന്നത് ഒരു ചോദ്യം ആയി അവശേഷിച്ചു
ഈ സമയം വൈശാഖന്റെ മുറിയിൽ
“പറയു ഇഖ്ബാൽ “
ഇഖ്ബാൽ വൈശാഖനും പരിചിതരാണ്. അർജുൻ ഒരിക്കൽ ഇക്ബാലിനെ ചെന്നൈയിൽ കൊണ്ട് പോയിട്ടുണ്ട്. സംഭവം അറിഞ്ഞു അർജുനെ കിട്ടാത്തപ്പോ അദ്ദേഹം വൈശാഖനെയാണ് വിളിച്ചത്
“സർ ഇത് സിദ്ധാർഥ്ന്റെ കൊട്ടേഷൻ ആണ്. ആള് വന്നത് പുറത്ത് നിന്നാണ്. മുംബൈയിൽ നിന്ന്. വന്നിട്ട് കാര്യം നടത്തി അവൻ അന്നുച്ചക്ക് തിരിച്ചു പോയി. അവൻ വന്നപ്പോൾ അക്ബർ അലിയുടെ ഫ്രണ്ട്ന്റെ ഫ്ലാറ്റിൽ ആണ് താമസിച്ചത്. ഒറ്റ ഫോൺ കാൾ അവിടേക്ക് വന്നിട്ടുണ്ട് അത് ജേക്കബ്ന്റെ ഭാര്യയുടെ ഫോണിൽ നിന്നാണ്. ഇരുപത്തി രണ്ട് സെക്കന്റ് മാത്രം ഉള്ള ഫോൺ കാൾ. ലൊക്കേഷൻ പറയാൻ വേണ്ടി മാത്രം. മൂന്ന് സ്ഥലങ്ങൾ അവർ കണ്ടു വെച്ചിരുന്നു. ഒന്ന് കാറിൽ വെച്ച്, അല്ലെങ്കിൽ മെഡിക്കൽ കോളേജിൽ വെച്ച്, ഇല്ലെങ്കിൽ സാറിന്റെ വീട്ടിൽ വെച്ച്. യാദൃശ്ചികമായി വീണു കിട്ടിയതാണ് ഈ സ്പോട്. “
“ഇത് ഡിപ്പാർട്മെന്റ് അറിയരുത് ഇഖ്ബാൽ “
“ഇല്ല സർ. ഇത് അർജുൻ സാറിന്റെ തിരുവനന്തപുരത്തെ പിള്ളേരന്വേഷിച്ചു അറിഞ്ഞതാണ്. അർജുൻ സാറിനെ ഒന്ന് കാണാൻ പറ്റുമോ?”
“ഇപ്പൊ പറ്റില്ല. അറിയാല്ലോ ആകെ വല്ലാതെ. അത് പോട്ടെ. ജേക്കബ് ഇപ്പൊ എവിടെ ഉണ്ട് “
“കൊച്ചിയിലെ വീട്ടിൽ ഉണ്ട് “
“വീട്ടിൽ ആരൊക്കെ ഉണ്ട് “
“അയാളും ഭാര്യയും പിന്നെ ജോലിക്കാരും മാത്രം. ജോലിക്കാർ രാത്രി പോകും. “
“മറ്റു സെക്യൂരിറ്റി സിസ്റ്റം?”
“ഫുൾ cctv covered ആണ്. വെളിയിലും അകത്തും സെക്യൂരിറ്റി ഉണ്ട്. ഫുൾ protected ആണ് “
“അവൻ വെളിയിൽ വരട്ടെ. ഒറ്റയ്ക്ക്. അതിന് എന്താ വേണ്ടത് എന്ന് അറിയാമല്ലോ “
“അറിയാം സർ, ചെയ്തോളാം “
“ശരി “
ഇഖ്ബാൽ എഴുന്നേറ്റു
അർജുന് ശരിക്കും എന്താ സംഭവിച്ചിരിക്കുന്നതെന്ന് അവൻ അറിഞ്ഞിരുന്നു. അവൻ അതിൽ വല്ലാതെ വേദനിച്ചു. സ്വന്തം ജോലി പോയാലും വേണ്ടില്ല എന്നൊരു സ്റ്റാൻഡ് എടുക്കാൻ കാരണവും അതായിരുന്നു
അവൻ നേരേ ജിതിൻ ജേക്കബ് ഒക്കെ കിടക്കുന്ന ജയിലിലേക് ആണ് പോയത്. തടവുകാരിൽ ഒരാളെ ഒന്ന് കണ്ണ് കാണിച്ചിട്ട് അവൻ മാറി നിന്നു
അവൻ സക്കറിയ..
മൂന്ന് കൊ- ലപാതകങ്ങൾ ചെയ്തിട്ട് നാലാമത്തെ കൊ- ലപാതകശ്രമത്തിന് റിമാൻഡ് ചെയ്ത പ്രതി
“നിന്റെ വീട്ടിൽ ഇന്ന് അഞ്ചു ലക്ഷം രൂപ എത്തും. ജിതിൻ ജേക്കബിന്റെ നട്ടെല്ല് അടിച്ചു വെള്ളമാക്കിയിരിക്കണം. അവൻ പുറത്ത് ഏതെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന പോലെ അടിച്ച് ലെവൽ ആക്കിയേക്കണം “
“സർ പറഞ്ഞ പിന്നെ സക്കറിയ അത് പോലെ ചെയ്തിരിക്കും “
“വെറുതെ വേണ്ട നിന്റെ ഭാര്യയുടെ കയ്യിൽ കാശ് എത്തിയോ എന്ന് വിളിച്ചു ചോദിച്ചിട്ട് മതി ‘
“സാറിനെ എനിക്ക് വിശ്വസമാ സാറെ “
അയാൾ നടന്നകന്നു
ജിതിൻ ജേക്കബ്, സിദ്ധാർഥ് അക്ബർ അലി മൂന്ന് പേരും മൂന്നിടങ്ങളിൽ ആയിരുന്നു. ജിതിൻ ഭക്ഷണം കഴിക്കാൻ ഉള്ള പാത്രം എടുത്തു. കോടീശ്വരൻ ആണ്. പക്ഷെ ജയിലിൽ എന്ത് കോടീശ്വരൻ?
എല്ലാവരെയും പോലെ അയാളും ക്യു നിന്നു. ഇപ്പൊ സങ്കടം ഒന്നും തോന്നുന്നില്ല. അർജുൻ ജയറാമിന്റെ ഭാര്യ മരണത്തോട് മല്ലടിച്ചു ആശുപത്രിയിൽ കിടക്കുന്നു. അവൻ മനോനില തെറ്റി ഒരു ഹോസ്പിറ്റലിൽ കിടക്കുന്നു. അവന്റെ സാമ്രാജ്യം തകരാൻ ഇനിയെത്ര സമയം വേണം. ഉടനെ ജാമ്യം കിട്ടും. പിന്നെ കേസ് അങ്ങനെ നീണ്ടു പോകും. ബാക്കി കളികൾ ഒക്കെ ഈസി
അവൻ ഭക്ഷണം മേടിച്ചു നടന്നു വരവേ ഒറ്റ ചവിട്ട് കിട്ടി വീണു പോയി. താഴെ വീണ അവനെ വലിച്ചു സെല്ലിൽ ഇട്ട് പൂട്ടി സക്കറിയ
അവിടെ മറ്റു നാലു പേര്. ജിതിന്റെ വായിലേക്ക് ഒരു മുണ്ട് തിരുകി ഒരുത്തൻ. പിന്നെ കൊടിയ മർദനമായിരുന്നു
രക്തത്തിൽ മുങ്ങിയ ശരീരം മണ്ണിലേക്കിട്ട് അവർ ഒന്നും അറിയാത്ത പോലെ ഭക്ഷണം കഴിക്കാൻ പ്ലേറ്റുമായി ക്യു നിന്നു. പോലീസുകാർ അത് തീരുവോളം ആ പരിസരത്തേക്ക് വന്നതേയില്ല
പരിപാടി കഴിഞ്ഞപ്പോൾ ജിതിൻ ജേക്കബ്നെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രാത്രി തന്നെ ജേക്കബിന് വിവരം എത്തി
ജിതിൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. അയാൾ ഡ്രൈവറെ വിളിച്ചു
“സാറെ എനിക്ക് നല്ല പനിയാണ്. അനിയൻ വരും ” ഡ്രൈവർ പറഞ്ഞു
രാത്രി ആണ്. ഭാര്യയോട് വിവരം പറഞ്ഞിട്ട് ഡ്രൈവർ വന്നപ്പോ അയാൾ കാറിൽ കയറി. വാഹനം വഴി തെറ്റി സഞ്ചരിക്കുന്ന പോലെ തോന്നിട്ട് ജേക്കബ് ഒന്ന് ആഞ്ഞിരുന്നു
“മെഡിക്കൽ കോളേജ് ഈ വഴിയാണ്” ജേക്കബ് പറഞ്ഞു
ഡ്രൈവർ കേൾക്കാത്തത് പോലെ വാഹനം ഓടിച്ചു കൊണ്ട് ഇരുന്നു.
ട്രാപ്പ് ആണ്. ജേക്കബിന് മനസിലായി
അയാൾ തോക്ക് എടുത്തു അവന്റെ പിന്നിൽ ചൂണ്ടി
“കാർ നിർത്ത് “എന്ന് അലറി
പൊടുന്നനെ ഡ്രൈവർ കാർ നിർത്തി ഇറങ്ങി ഓടി പോയി. അയാൾ വെളിയിൽ ഇറങ്ങി
വിജനമായ ഒരു സ്ഥലം. പിന്നാലെ പെട്ടെന്ന് മറ്റൊരു വാഹനം വന്നു നിന്നു. അതിന്റെ ഹെഡ് ലൈറ്റ് തെളിഞ്ഞു. മൂന്ന് പേര് അതിൽ നിന്നിറങ്ങി. ഒരെ പോലെ നീളം ഉള്ള മൂന്ന് പേര്. ഒരെ ശരീരപ്രകൃതിയുള്ള മൂന്ന് പേര്
അവർ കാറിൽ നിന്ന് ഒരു വീൽ ചെയർ ഇറക്കി
വൈശാഖൻ
ജേക്കബിന്റെ മുഖം വിളറി
അയാൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് തോക്ക് മുറുകെ പിടിച്ചു. പിന്നെ വൈശാഖന്റെ നേരേ നീട്ടി. പിന്നിൽ നിന്ന് ഒറ്റ അടി. മലച്ചു പോയി ജേക്കബ്. അടിച്ച ആൾ മുന്നിലേക്ക് വന്നു
അർജുൻ
അർജുന്റെ കണ്ണുകളിൽ ഭ്രാന്തിന്റെ നിഴൽ വീണു കിടന്നു
“കൊ- ല്ലെടാ അവനെ “
വൈശാഖൻ അലറി
“കൊ- ല്ലും ഡാഡി. പക്ഷെ ഇവിടെ വെച്ചല്ല. എന്റെ പെണ്ണ് വീണു പോയിടത്ത് വെച്ച്. അവിടെ വെച്ച്…അവള് മരിച്ചിടത്ത് വെച്ച് കൊ- ല്ലും ഞാൻ ഇവനെ. അവളുടെ ആത്മാവ് അത് കാണണം..” അർജുൻ അമർത്തിയ ശബ്ദത്തിൽ പറഞ്ഞു
കൃഷ്ണ മരിച്ചിട്ടില്ല എന്ന് ആരും ആ നിമിഷം അവനെ തിരുത്തിയില്ല
“നിങ്ങൾ മൂന്ന് പേരും പ്രൊസ്തറ്റിക്സ് (മുഖംമൂടി )യൂസ് ചെയ്യണം. ഇവനെയൊക്കെ കൊ- ന്നിട്ട് ജയിലിൽ പോകാൻ നമുക്ക് മനസില്ല “
വൈശാഖൻ പറഞ്ഞു. അർജുൻ അവരെ നോക്കി
ദീപു, ഷെല്ലി, നിവിൻ
അവന്റെ ത്രീ മെൻ ആർമി
അവൻ അവരുടെ ഷൂവിലേക്ക് നോക്കി. ഉയരം അളന്നു ഒരു പോലെയാക്കാൻ അർജുൻ ആണ് അവരോട് പറഞ്ഞത്. ഒരെ ഉയരമുള്ള മൂന്ന് പേര്. ഒരെ ഔട്ഫിറ്റ് ധരിച്ച ഒരെ ശരീരഭാഷയുള്ള മൂന്ന് പേര്. പോലീസിന്റെ മുന്നിലെ ആദ്യത്തെ ആശയക്കുഴപ്പം അവിടെ തുടങ്ങും. ഫോട്ടോസ്റ്റാറ്റ് പോലെ മൂന്നെണ്ണം
അർജുൻ മുഖം മൂടിയില്ല. അവനത് വേണ്ടാന്ന് പറഞ്ഞു
അജിയുടെ ഗാങ് പതിനഞ്ച് പേര് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിരന്നു. ജേക്കബിനെ അവിടെയെത്തിച്ചു. ജേക്കബിന്റെ കാറിലായിരുന്നു വൈശാഖൻ ഉൾപ്പെടെ അവർ നാലുപേരും
കിഴക്കേക്കോട്ടയിൽ അന്നേരം പുലർച്ചെ മൂന്ന് മണി. ജോലിക്ക് പോകാൻ ഉള്ളവർ ബസ് കാത്തു നിൽക്കുന്നുണ്ട്
കുറച്ചു പേരേയുള്ളു. പൊടുന്നനെ നഗരം ബ്ലോക്ക് ചെയ്യപ്പെട്ടപ്പോൾ ഏതെങ്കിലും vip യുടെ വരവാണോ എന്ന് അവർ സംശയിച്ചു
അല്ല
കുറച്ചു പേര് അവിടേക്ക് പോയി നോക്കി. പക്ഷെ വേഗം തിരിഞ്ഞു
“ഗുണ്ടകൾ ആണ്. ഏതോ കൊ- ലപാതകം ആണ്. ഇനി നമ്മൾ ഇവിടെ നിന്നാ സാക്ഷി ആണെന്ന് പറഞ്ഞു പോലീസും ഇവന്മാരും നമ്മുക്ക് സ്വൈര്യം തരില്ല “
പലരും ഓടി മാറിക്കളഞ്ഞു. ജേക്കബിനെ റോഡിലേക്ക് ചവിട്ടി വീഴ്ത്തി നിവിൻ. അയാളുടെ കൈകൾ പിന്നിലേക്ക് ബന്ധിച്ച് വായിൽ സെല്ലോടേപ് ഒട്ടിച്ചു ഷെല്ലി
ദീപു അർജുന്റെ ഒപ്പം നിന്നതേയുള്ളു…അവൻ പതറിയാൽ ബാക്കി ചെയ്യാൻ തയ്യാറായിട്ട്
വൈശാഖൻ കാറിന്റെ ഗ്ലാസ് താഴ്ത്തി. കാഴ്ച കാണണം. വർഷങ്ങൾക്ക് മുൻപ് തന്നെ വെട്ടിയരിഞ്ഞിടുമ്പോൾ ഇവൻ നോക്കിക്കിൽക്കുന്നുണ്ടായിരുന്നു. ഇന്ന് കാലമൊന്ന് തിരിച്ചു കറങ്ങുമ്പോൾ അവൻ നിലത്ത് താൻ കാഴ്ചക്കാരൻ. അർജുൻ ചുറ്റും നോക്കി
കൃഷ്ണ വെടിയേറ്റ് വീണ ഭാഗത്തേക്ക് നോക്കിയപ്പോൾ അവന്റെ തലച്ചോർ കത്തിപ്പിടിക്കാൻ തുടങ്ങി. അവൻ പകയോടെ ജേക്കബിനെ നോക്കി
ദീപു വാൾ അവന്റെ കൈയിലേക് കൊടുത്തു. അർജുൻ അത് അയാളുടെ താടിയിൽ തൊട്ട് മുഖം അവിടേക്ക് തിരിച്ചു
“അവിടേ..ദേ അവിടെയാ എന്റെ കൃഷ്ണ. ഈ സ്ഥലത്താണ് നീ കൊണ്ട് വന്നവൻ അവളെ ഉന്നം വെച്ചത്. ഇവിടെ ഇരുന്നു കൊണ്ട്…ഷൂട്ട് ചെയ്തവൻ..എന്തിനാടാ എന്റെ പെണ്ണിനെ തൊട്ടത്? “
ഒരു അലച്ചയോടെ അർജുൻ അയാളുടെ ഇരു കൈകളും വെട്ടി മാറ്റി
“വയസ്സ് എഴുപതു കഴിഞ്ഞില്ലെടാ നാ- യെ…”
കാലുകൾ അറ്റു നീങ്ങി
കൃഷ്ണയുടെ രക്തത്തിൽ മുങ്ങിയ ശരീരത്തിന്റെ ഓർമ്മയിൽ അർജുന് ഭ്രാന്ത് പിടിച്ചു. ഭ്രാന്തമായി അവൻ അയാളെ വെ- ട്ടിയ- *രിഞ്ഞു. ഒടുവിൽ ജ- നനേന്ദ്ര്യത്തിൽ വാ- ള് കു- ത്തി നിർത്തി കിതച്ചു
ദീപു അവനെ ഒന്ന് ചേർത്ത് പിടിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ആംബുലൻസ് വന്നത് അതേ സമയം തന്നെ. ഇഖ്ബാൽ ഡ്രൈവിംഗ് സീറ്റിൽ. അർജുൻ സംശയത്തോടെ അങ്ങോട്ട് നോക്കി
“മെഡിക്കൽ കോളേജിന്റെയൊന്നുമല്ലടാ
its fake “
ദീപു പിറുപിറുത്തു. അവരെല്ലാവരും കയറി
വൈശാഖൻ ഉൾപ്പെടെ ഉള്ളവരെ കൊണ്ട് അത് ചീറിപ്പാഞ്ഞു. ഫീൽഡിൽ ഒരു തെളിവും ശേഷിപ്പിക്കാതിരിക്കുന്ന ജോലി അജിക്കും കൂട്ടാളികൾക്കുമായിരുന്നു. അവരത് വൃത്തിയായി ചെയ്തു സ്ഥലം കാലിയാക്കി
ദൃക്‌സാക്ഷികൾ വേണം എന്നുള്ളത് അർജുന്റെ ഓർഡർ ആയിരുന്നു. പോലീസിന് സംശയം ഉണ്ടാകണം. പക്ഷെ തെളിവുണ്ടാകരുത്
ഒറ്റ ആള് പോലും മൊബൈലിൽ അത് പകർത്താതിരിക്കാൻ അവർ മുൻകരുതലുകൾ എടുത്തു
പക്ഷെ കണ്ണ് കൊണ്ട് കണ്ടോട്ടെ എന്നാ നിലപാട് ആയിരുന്നു. പക്ഷെ പലരും പേടിച്ചു അവിടേക്ക് വന്നില്ല. എന്നാലും ചിലരൊക്കെ ദൂരെ നിന്ന് എത്തി നോക്കിക്കൊണ്ട് പോയിരുന്നു. അവിടെയുള്ള സകലരുടെയും ഫോട്ടോ അജി എടുത്തിരുന്നു. നാളെ ഒരിക്കൽ എന്തെങ്കിലും പണിയൊപ്പിച്ചാൽ തടയാനുള്ള മുൻകരുതൽ ആയിരുന്നു അത്
ആംബുലൻസ് ആശുപത്രിയുടെ പിന്നിൽ എത്തി നിന്നു. അതിന്റെ സ്റ്റിക്കറുകളൊക്കെ ഞൊടിയിടയിൽ എടുത്തു മാറ്റി നശിപ്പിക്കപ്പെട്ടു
സായി മെന്റൽ ഹോസ്പിറ്റലിന്റെ ആംബുലൻസ് ആയി അതിന്നു രൂപമാറ്റം വന്നു
“ഇവിടെ cctv ഇല്ല “ദീപു പറഞ്ഞു
ആശുപത്രിയുടെ പിന്നിലെ പറമ്പായിരുന്നു അത്
അർജുന് മരുന്നിന്റെ ഡോസ് കൂടുതലായിരുന്നത് കൊണ്ട് ഒരു തളർച്ച വന്നു
“ഞാൻ ഇവനെ കൊണ്ട് മുറിയിലേക്ക് പോകുന്നു. നീയും ഷെല്ലിയും ദേ ആ വഴി പോയ മതി. അത് ഇവന്റെ പ്ലോട്ട് തന്നെ ആണ്. ആ വഴി മാധവത്തിന്റെ കാർ പാർക്കിംഗ് ന്റെ ബാക്കിൽ അവസാനിക്കും. വൈശാഖൻ സാറിനെ ഇഖ്ബാൽ കൂട്ടിയ മതി.”
ദീപു പറഞ്ഞു. ഷെല്ലിയും നിവിനും yes പറഞ്ഞു
ഷെല്ലി മുന്നോട്ട് വന്നു അർജുനെ ഒന്ന് കെട്ടിപ്പിടിച്ചു
“പോട്ടെടാ മോനെ..അടുത്ത സമയം പറഞ്ഞ മതി പ്ലാനിങ് കൃത്യമായിരിക്കണം “
അർജുൻ ഒന്ന് തലയാട്ടി
അവന് തല വേദനിച്ചു തുടങ്ങി. നിവിന് അത് മനസിലായി
“ഡാ അവനെ കൊണ്ട് കിടത്തിക്കോ. പിന്നെ no more discussions ok “
“അതേ ഇത് നമ്മൾ അറിഞ്ഞിട്ടില്ല. ചർച്ച വേണ്ട. അർജുൻ സാറിനെ ഡിസ്റ്റർബ് ചെയ്യുന്ന ഒന്നും അടുത്ത പ്ലാൻ വരെ പാടില്ല ” ഇഖ്ബാൽ അത് എടുത്തു പറഞ്ഞു
അത് തീരുമാനം ആയി
അവർ നിന്നിടത്ത് നിന്നു. ഭൂമിക്കടിയിലേക്ക് ഒരു ടണൽ ഉണ്ട്. അത് അർജുന്റെ മുറിയിൽ എത്തി നിൽക്കും. മുറിയുടെ floor സ്ലൈഡ് ചെയ്തു മാറ്റാവുന്ന പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. പക്ഷെ പുറമേയ്ക്ക് മനോഹരമായ ടൈൽസ് ആയി മാത്രം ആണ് അത് കാണപ്പെടുക.. അവർ അതിലെ കൂടിയാണ് യാത്ര ചെയ്യുക. മുറിയിൽ എത്തിയതും അർജുൻ ബെഡിൽ വീണു പോയി
ദീപു ഭീതിയോടെ ഡോക്ടറെ വിളിച്ചു ഡോക്ടർ വന്നു മരുന്ന് സിറിഞ്ചിൽ നിറച്ചു
“ഹേയ് പേടിക്കണ്ട. മെഡിസിൻ ഡോസ് കൂടുതലായിരുന്നു കൊടുത്തത്. അല്ലെങ്കിൽ ചിലപ്പോൾ ഇടക്ക് വെച്ച് അർജുൻ ഡ്രോപ്പ് ആകും. നമുക്ക് അറിയില്ലല്ലോ പിന്നെ എന്ത് സംഭവിക്കുമെന്ന്. ചിലപ്പോൾ വയലന്റ് ആയാൽ പദ്ധതികൾ മുഴുവൻ പാളും. എല്ലാം കൃത്യമായി നടന്നില്ലേ?”
“100%പക്കാ “
ഡോക്ടർ വാസുദേവൻ അർജുന്റെ ഞരമ്പിൽ നിന്നു നീഡിൽ ഊരി
“ഉറങ്ങട്ടെ ആള്. ദീപു കാണില്ലേ?”
“ഇവനെ വിട്ട് എവിടെ പോകാൻ?”
ദീപു വാത്സല്യത്തോടെ അർജുനെ നോക്കി
“ശരി ഞാൻ റൂമിൽ കാണും. ഇന്ന് മുതൽ മിക്കവാറും പോലീസ് ഇവിടെ ഡ്യൂട്ടി ഇടും. ഇനി മുതൽ കൂടുതൽ സൂക്ഷിച്ചു വേണം “
“ഇവനൊന്ന് ഉണർന്നോട്ടെ ഡോക്ടറെ…ബുദ്ധി രാക്ഷസനാ ഇത്..എന്താ ചെയ്ക. ആ കൊച്ചു മരിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല എന്ന് മാത്രം “
“അത് ഉപബോധമനസ്സിൽ ഇപ്പോഴും ആ ചോരയിൽ മുങ്ങിയ കൃഷ്ണയുടെ രൂപം കിടക്കുന്ന കൊണ്ടാണ്..സമയം എടുക്കും “
ദീപു തലയാട്ടി. വാതിൽ ചാരി ഡോക്ടർ പോയി
തുടരും…