നിനക്കൊരിക്കലും ആ കാശ് തിരികെ തരാൻ പറ്റില്ല..ഒന്നും രണ്ടും അല്ല എഴുപത്തയ്യായിരം രൂപയാ…

വിവാഹം…..
എഴുത്ത്: ദേവാംശി ദേവ
===================

ഒരുക്കമൊക്കെ കഴിഞ്ഞ് മുടിയിൽ മുല്ല പൂവ് ചോടാൻ തുടങ്ങുമ്പോഴാണ് അമയയുടെ ഫോൺ റിങ് ചെയ്തത്.

‘akashettan calling’ എന്ന് കണ്ടതും അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

“കെട്ടിനിനി കുറച്ചു നേരം കൂടിയല്ലേ പെണ്ണെ യുള്ളൂ..ഇനിയെങ്കിലും ആ ഫോണൊന്ന് താഴെ വെച്ചൂടെ..” അമ്മ അവളെ കളിയാക്കി..

അമയ അമ്മയെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് ഫോൺ കാതോട് ചേർത്തു.

“ഹലോ ആകാശേട്ടാ..”

“അമ്മു..താൻ ok അല്ലേ..പൂർണ സമ്മതം തന്നെയല്ലേ ഈ വിവാഹത്തിന്.”

“നമ്മൾ ഒന്നാവാൻ ഇനി മിനിറ്റുകൾ മാത്രം അല്ലേ ആകാശേട്ടാ ഉള്ളു. ഇപ്പോഴും ഈ ചോദ്യം തന്നെ ചോദിക്കണോ…എനിക്ക് പൂർണ സമ്മതം തന്നെയാണ്.”

“വിവാഹം ഉറപ്പിച്ചെങ്കിലും നമ്മൾ ആദ്യമായല്ലേ കാണാൻ പോകുന്നത്.”

“ഒരു ടെൻഷനും വേണ്ട..ഏട്ടൻ സന്തോഷമായിട്ട് ഇരിക്ക്. ഞങ്ങൾ ദേ അമ്പലത്തിലേക്ക് പുറപ്പെടാൻ പോകുവാ..” അമയ ഫോൺ വെച്ചു.

അവളുടെ മനസ് മുഴുവൻ ആകാശ് ആയിരുന്നു.

കുട്ടിക്കാലം മുതലേ അച്ഛന്റെ അസുഖം കണ്ടായിരുന്നു വളർന്നത്. ഹാർട് പെഷ്യന്റ് ആയിരുന്നു അച്ഛൻ. അതുകൊണ്ട് തന്നെ ദാരിദ്രവും ദുരിതവും വിട്ടൊഴിഞ്ഞിട്ടില്ല.

പ്ലസ് ടു വിന് പഠിക്കുമ്പോൾ ആയിരുന്നു അച്ഛൻ മരിക്കുന്നത്. അതിനും കുറച്ചു മുൻപ് തന്നെ ഓപ്പറേഷനും മറ്റുമായി അച്ഛൻ ആശുപത്രിയിലായി. അമ്മക്ക് ജോലിക്ക് പോകാനും പറ്റാതായി. കിട്ടാവുന്നിടത്തിന്നൊക്കെ കടം വാങ്ങി. എന്നിട്ടും അച്ഛനെ തിരികെ കിട്ടിയില്ല.

അച്ഛന്റെ മരണ ശേഷം കടക്കാരുടെ ശല്യം കൂടി വന്നപ്പോൾ വീട് വിറ്റ് കടങ്ങളൊക്കെ തീർത്ത് അമ്മ അവളെയും കൊണ്ട് വാടക വീട്ടിലേക്ക് മാറി.
അപ്പോഴും അമ്മാവനിൽ നിന്ന് വാങ്ങിയ കാശ് തിരികെ കൊടുക്കാൻ അമ്മക്ക് കഴിഞ്ഞില്ല. സ്വന്തം ആങ്ങളയായതുകൊണ്ട് കുറച്ചു കൂടി സാവകാശം കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. പക്ഷെ അതൊരു വല്യ ബാധ്യത തന്നെ ആയിരുന്നെന്ന് പിന്നീട് അവർക്ക് മനസിലായി.

“നിനക്കൊരിക്കലും ആ കാശ് തിരികെ തരാൻ പറ്റില്ല..ഒന്നും രണ്ടും അല്ല എഴുപത്തയ്യായിരം രൂപയാ..എനിക്കത് വെറുതെ കളയാനും പറ്റില്ല. അതുകൊണ്ടാ ഞാൻ പറയുന്നത്..നിന്റെ മോളോട് ഈ വിവാഹത്തിന് സമ്മതിക്കാൻ പറ.

നല്ല ചെറുക്കനാ..കോടീശ്വരൻ..പിന്നെ അവന്റെ കാലിനു ചെറിയ മുടന്തുണ്ട്..അത് അത്രക്കൊരു പ്രശ്നമായി എനിക്ക് തോന്നിയിട്ടില്ല.

അഞ്ച് വർഷം മുൻപ് അവനും അമ്മയും കൂടി ബൈക്കിൽ പോയപ്പോൾ ഒരു അപകടം ഉണ്ടായി..അമ്മ അപ്പോ തന്നെ മരിച്ചു..അവന് കാലിനൊരു പ്രശ്നവും വന്നു. അമ്മ മരിച്ചതിൽ പിന്നെ അവൻ വിദേശത്താ..അവിടെ വീടൊക്കെയുണ്ട്. ഇങ്ങോട്ടേക്ക് വരാറില്ല.

നിങ്ങൾക്ക് സമ്മതമാണെങ്കിൽ ചെക്കനിങ്ങ് വരും..ഈ കല്യാണം നടന്നാൽ നിങ്ങളുടെ ഭാഗ്യമാ..”

അമ്മവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥന്റെ മകനാണ് ചെക്കൻ.

“എനിക്ക് സമ്മതമാ അമ്മാവാ..” അമ്മ എന്തെങ്കിലും പറയും മുൻപേ അവൾ മറുപടി പറഞ്ഞു.

“മോളെ എന്നാലും…”

“എന്ത് എന്നാലും..അവൾക്ക് സമ്മതമാണെന്ന് പറഞ്ഞില്ലേ. പിന്നെ നീ എന്തിനാ എതിർക്കുന്നത്. ഞാൻ ഇന്ന് തന്നെ സാറിനെ കണ്ട് സംസാരിക്കാം..

പിന്നെ ആ ചെക്കൻ ഇങ്ങോട്ട് വിളിക്കുമ്പോൾ അവനുണ്ടായ അപകടത്തെ കുറിച്ചൊന്നും ചോദിക്കരുത്..അവന്റെ കാലിനെ കുറിച്ചും. അവന്റെ അമ്മ മരിച്ച അപകടമാ അത്..ആ ഓർമ എപ്പോഴും വേണം..”

അമ്മാവൻ പോയി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ആകാശിന്റെ കോൾ വരുന്നത്.

“എന്നെ പറ്റി എല്ലാം അറിഞ്ഞിട്ട് തന്നെയാണോ താനീ വിവാഹത്തിന് സമ്മതിച്ചത്.”

“എല്ലാം അറിഞ്ഞിട്ട് തന്നെയാ..”

“ഒന്നുകൂടി ആലോചിച്ചിട്ട് മതി..തന്റെ ജീവിതമാണ്.”

“അപകടത്തെ പറ്റിയും ആകാശേട്ടന്റെ കാലിനെ കുറിച്ചു മൊക്കെ അമ്മാവൻ പറഞ്ഞു…ഇനി അതിനെ പറ്റിയൊന്നും സംസാരിക്കേണ്ട..എനിക്ക് ഇഷ്ടമാണ് ആകാശേട്ടനെ..”

പിന്നീട്‌ അങ്ങോട്ട് അവരുടെ പ്രണയമായിരുന്നു..പിന്നീടൊരിക്കലും അവൾ ആ അപകടത്തെ പറ്റി സംസാരിച്ചില്ല. അവൻ സംസാരിക്കുമ്പോഴൊക്കെ അവൾ തടഞ്ഞു..അവനെ വേദനിപ്പിക്കാൻ അവൾക്ക് ഇഷ്ടമായിരുന്നില്ല.

ഇന്ന് അവരുടെ വിവാഹമാണ്. അവർ ആദ്യമായി കാണാൻ പോകുന്ന ദിവസവും ഇന്ന് തന്നെയാണ്. ഇന്നലെയാണ് ആകാശ് വിദേശത്ത് നിന്ന് എത്തിയത്..

“ഇറങ്ങാറായോ” അമ്മാവൻ വിളിച്ചു ചോദിച്ചതും അവളും അമ്മയും, അമ്മാവനും ബന്ധുക്കളോടും ഒപ്പം അമ്പലത്തിലേക്ക് തിരിച്ചു.

അമ്പലത്തിന് അകത്തേക്ക് കയറിയപ്പോഴാണ് ചെക്കനെയും കൂട്ടരെയും അവർ കണ്ടത്.

ആകാസിനെ കണ്ട് അവളും അമ്മയും ഒരുപോലെ ഞെട്ടി..അരക്ക് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട് വീൽചെയറിൽ ഇരിക്കുന്ന ആളായിരുന്നു അവൻ.

“എന്താ ഏട്ടാ ഇത്..ഇതാണോ കാലിന് ചെറിയ പ്രശ്നമെന്ന് പറഞ്ഞത്.” അവളുടെ അമ്മ ചോദിച്ചു.

“ചതിക്കുകയായിരുന്നു ആല്ലേ അമ്മാവാ..”

”ഞാൻ എന്ത് ചതിച്ചെന്നാടി പറയുന്നത്. നിന്നെ കെട്ടാന്‍ പിന്നെ രാജകുമാരൻ വരുമോ..”

“മുഹൂർത്തമായി..”

തിരുമേനി വിളിച്ച് പറഞ്ഞതും ഒരു നിമിഷം ഒന്ന് ആലോചിച്ചിട്ട് അവൾ മുന്നോട്ട് നടന്നു.

“വേണ്ട മോളെ..നമുക്കിത് വേണ്ട..” അമ്മ അവളെ തടഞ്ഞു.

“എനിക്കിത് തന്നെ മതിയമ്മേ..” അവൾ മുന്നോട്ട് നടന്നു..കണ്ണിമ ചിമ്മാതെ തന്നെ നോക്കുന്ന ആകാശിനെ നിറഞ്ഞ മനസോടെ അവൾ നോക്കി.

******************

“അങ്കിൾ ഉറങ്ങിയായിരുന്നോ.” ആകാശിന്റെ അച്ഛന്റെ മുറിയിലേക്ക് കയറികൊണ്ട് അവൾ ചോദിച്ചു.

“ഇല്ല…എന്താ മോളെ..ആകാശ് എവിടെ..”

“ആകാശേട്ടൻ ഉറങ്ങി..എനിക്ക് അങ്കിളിനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.” എന്താണെന്നുള്ള അർത്ഥത്തിൽ അയാൾ അവളെ നോക്കി.”

“ആകാശേട്ടന്റെ കാലിന് ഇത്രയും പ്രശ്നമുണ്ടെന്ന് ഞാൻ അറിഞ്ഞില്ല..അമ്മാവൻ അതെന്നോട് പറഞ്ഞില്ല.” ഒരു ഞെട്ടലോടെ അയാൾ അവളെ നോക്കി.

“പക്ഷെ അയാൾ പറഞ്ഞത് മോൾക്ക് എല്ലാം അറിയാമെന്നായിരുന്നു.”

“അയാൾ നമ്മൾ രണ്ട് കൂട്ടരെയും ചതിക്കുകയായിരുന്നു.”

“പക്ഷെ മോളെ..എന്റെ മോൻ..അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. നിങ്ങൾ തമ്മിൽ സംസാരിച്ചു തുടങ്ങിയ ശേഷമാ അവന്റെ മുഖമൊന്ന് തെളിഞ്ഞു കണ്ടത്.”

“അങ്കിൾ വിഷമിക്കേണ്ട..ഞാൻ ഒരിക്കലും ആകാശേട്ടനെ ഉപേക്ഷിക്കില്ല..എന്നും കൂടെ ഉണ്ടാകും. അത്ര മാത്രം ആ മനുഷ്യൻ എന്നെ സ്നേഹിക്കുന്നുണ്ട്..ഞാൻ തിരിച്ചും.

അങ്കിൾ എനിക്കൊരു സഹായം ചെയ്യണം. നാളെ മുതൽ എന്റെ അമ്മാവൻ എന്ന് പറയുന്ന ചതിയൻ നമ്മുടെ ഓഫസിൽ ഉണ്ടാകരുത്..വെറുതെ പറഞ്ഞു വിടരുത് അയാളെ…” അയാളെ ഒന്ന് നോക്കിയിട്ട് അവൾ പുറത്തേക്ക് നടന്നു.

പിറ്റേ ദിവസം അടുക്കളയിൽ നിൽക്കുമ്പോഴാണ് ആകാശിന്റെ അച്ഛന്റെ മെസ്സേജ് അവളുടെ വാട്സാപ്പിലേക്ക് വരുന്നത്.

ഓഫീസിൽ തിരിമറി കാട്ടിയ ഉദ്യഗസ്ഥനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു. അയാളുടെ വീട്ടിൽ നിന്നും പോലീസ് കാശ് കണ്ടെടുത്തു.

അത് അവളുടെ അമ്മാവനായിരുന്നു. തന്നെ ആകാശിനു വിവാഹം കഴിച്ചു കൊടുത്തതിന്റെ പേരിൽ ആകാശിന്റെ അച്ഛൻ കൊടുത്ത കാശാണ് അതെന്ന് അവൾക്ക് മനസിലായി..

“ചതിക്ക് മറുപടി ചതി”

പുഞ്ചിരിയോടെ അവൾ ഫോൺ ഓഫ്‌ ചെയ്ത് വെച്ച് ആകാശിനുള്ള ആഹാരവും എടുത്ത് അവന്റെ അടുത്തേക്ക് പോയി….

Leave a Reply

Your email address will not be published. Required fields are marked *