പോസ്റ്റ്‌ ചെയ്ത ഫോട്ടോ സൂം ചെയ്ത് കനിയെ ഒന്ന് കൂടി നോക്കി. ഒരുപാട് ഫോട്ടോസും വീഡിയോസും എടുത്ത് വെക്കേണ്ടതായിരുന്നെന്ന് തോന്നി.

Story written by Athira Sivadas
========================

കഴിഞ്ഞ കാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയിട്ടുള്ളത് അവസാനിച്ചു പോയ ഹോസ്റ്റൽ ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോഴാണ്.

തുടക്കത്തിൽ അപരിചിതരായ ഈ മനുഷ്യർക്കൊപ്പം എങ്ങനെ ഒരു കൊല്ലം തള്ളിനീക്കുമെന്ന് ആലോചിച്ച് പകച്ചു നിന്ന എന്നിൽ നിന്നും “ഇവിടെ നിന്ന് പോയാൽ പിന്നെ ഇവരെയൊക്കെ എങ്ങനെ കാണാനാണ്.” എന്നോർത്ത് വേദനിച്ച എന്നിലേക്ക് വലിയ ദൂരമൊന്നുമുണ്ടായിരുന്നില്ല.

പ്രേതസിനിമകളും, പിന്നെ ഓരോരുത്തരുടെയും ഭാവനകൂടെ ചാലിച്ച ഹൊറർ സ്റ്റോറീസും ആയിരുന്നു രാത്രികളെ മനോഹരമാക്കിയത്. കഥകളൊക്കെ കഴിഞ്ഞ് ഉറങ്ങാൻ കഴിയാതെ നാല് മണി വരെ ഉണർന്നിരിക്കുമ്പോഴൊന്നും തിരിച്ചറിഞ്ഞിരുന്നില്ല ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നതെന്ന്.

ഇന്നിപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റിൽ വന്നു കിടക്കുമ്പോൾ അവരെയൊക്കെ ഓർക്കാറുണ്ട്. ഇടയ്ക്കിടെയുള്ള സ്റ്റാറ്റസ് റിപ്ലൈയിലേക്കും വർഷത്തിലൊരിക്കലുള്ള ബർത്ത്ഡേ വിഷിലേക്കും സംസാരങ്ങൾ ചുരുങ്ങിയിരിക്കുന്നു. എങ്കിലും പ്രിയപ്പെട്ട മനുഷ്യരേ, നിങ്ങളൊക്കെ  മനോഹരമായിരുന്നു. ഏറ്റവും ഭംഗിയുള്ള കാലഘട്ടത്തിനിപ്പോഴും നിങ്ങളുടെ മുഖമാണ്. അവിടെ മുഴങ്ങി കേൾക്കുന്നതിപ്പോഴും നിങ്ങളുടെ ചിരിയാണ്.

“നൈറ്റ്‌ ഔട്ട്‌ പോയാലോ” എന്ന ഒറ്റയൊരാളുടെ ചോദ്യത്തിൽ എക്സാമിനെക്കുറിച്ചും ബ്രേക്ക്പ്പിനെക്കുറിച്ചും വ്യാകുലതകളില്ലാതെ ചാടിയിറങ്ങിയിട്ടുണ്ട്. വാർഡൻ കാണാതെ പുറത്തിറങ്ങാൻ പ്ലാനും റെഡിയാക്കി രാത്രി മുഴുവൻ സമയം ചിലവഴിക്കാൻ സ്പോട്ടും കണ്ടെത്തിയിറങ്ങിയ ദിവസങ്ങളെകുറിച്ചൊക്കെ ഓർക്കുമ്പോൾ ഇന്ന് നെഞ്ച് പിടയാറുണ്ട്.

ജീവിതത്തിലെ ഒരു നിശ്ചയകാലയളവിൽ മാത്രം കൂടെയുണ്ടായിരുന്ന മനുഷ്യരേ…ഞാൻ ഉള്ളു തുറന്ന് ചിരിച്ചത് നിങ്ങൾക്കൊപ്പമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ…സ്വകാര്യത മറന്ന് ഞാൻ പലതും പങ്കുവച്ചത് നിങ്ങളോട് ആയിരുന്നെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ….

അതെ…നിങ്ങൾ തന്ന് പോയ ഓർമ്മകൾ ഞാനിന്നും ഹൃദയത്തിൽ കോറിയിട്ടിട്ടുണ്ട്. ചോര പൊടിയുമ്പോഴൊക്കെ ഞാൻ ഗാല്ലറി തുറന്ന് പഴയ ഫോട്ടോസിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തും. പിന്നെ നനവുള്ളൊരു ചിരിയോടെ ഇന്നിലേക്ക് നടന്നുനീങ്ങും.

ചില മനുഷ്യർക്കും അവരുടെ ഓർമ്മകൾക്കും ഭയങ്കര സൗന്ദര്യമാണ്…

മനസ്സിൽ തോന്നിയതത്രയും കുത്തിക്കുറിച്ച് എല്ലാവരും ഒപ്പമുള്ളൊരു ഫോട്ടോയും വച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. കഴിഞ്ഞ വർഷം ബർത്ത്ഡേയ്ക്ക് വിഷ് ചെയ്തു പോയവരൊക്കെ ഓരോരുത്തരായി പോസ്റ്റിന് കമന്റ്‌ ഇട്ടും, മെസ്സേജ് അയച്ചും പതിയെ പതിയെ വന്നു തുടങ്ങി…

സംസാരങ്ങളിലൊക്കെ ആരും കനിയെ പറ്റി പറയാൻ മറന്നില്ല. അവളെ പറ്റി പറയുമ്പോഴൊക്കെ എന്തോ വല്ലാത്ത വേദന തോന്നുന്നുണ്ടായിരുന്നു. കൂട്ടത്തിൽ ഒരുപാട് സംസാരിക്കുന്ന, സ്മാർട് ആയ പെൺകുട്ടി.

ഹോസ്റ്റൽ മുറികളിൽ ഒതുങ്ങി കൂടിയിരുന്ന ഞങ്ങളെയൊക്കെ പല മുക്കിലും മൂലകളിൽ  നിന്നും പെറുക്കിയെടുത്തു ഒരു കൂട്ടിലിട്ടു കുടുംബമാക്കിയെടുത്തത് അവളായിരുന്നു. എപ്പോഴും ആക്റ്റീവ് ആയും പ്ലസന്റ് ആയും മാത്രം കണ്ടിട്ടുള്ള വ്യക്തി. കുറച്ചു ഹൈപ്പർ ആക്റ്റീവ് ആണെന്ന് മിക്കപ്പോഴും ഞങ്ങളൊക്കെ പറയാറുണ്ടായിരുന്നു. കന്യാകുമാരിക്കാരിയായിരുന്നത് കൊണ്ട് തന്നെ തമിഴ് ചുവയുള്ള മലയാളമാണ് പറയുക. അങ്ങനെ ഓരോ ചെറിയ ചെറിയ കാര്യങ്ങളിലും യൂണിക് ആയിരുന്ന എവിടെയൊക്കെയോ ഇൻസെക്യൂരിറ്റീസിന്റെ കുന്നായ എന്നെ ഇൻസ്പയിർ ചെയ്തിട്ടുള്ളവൾ. അവൾ വെക്കേഷന് പോയി കഴിഞ്ഞാൽ സെക്കന്റ്‌ ഫ്ലോറിലെ ഹോസ്റ്റൽ മുറികൾക്കൊക്കെ വല്ലാത്ത ക്ഷീണമാണ്. ചിരികളും ബഹളങ്ങളുമില്ലാതെ ആകെ നിശബ്ദത മാത്രം നിറഞ്ഞു കിടക്കും.

ഓണാവധിയ്ക്ക് ഞാൻ നാട്ടിൽ പോയപ്പോഴായിരുന്നു ഒരു വെളുപ്പാൻകാലത്ത് ഗായത്രി വിളിച്ച് കനി മരിച്ച വിവരം പറഞ്ഞത്. ആത്മഹത്യ ആയിരുന്നത്രെ. എന്റെ നിലവിളിയും കരച്ചിലും കേട്ടായിരുന്നു അന്ന് വീട്ടിലുള്ളവരൊക്കെ ഉറക്കമുണർന്നത്. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അമ്മയും അപ്പയും അരികിലിരുന്നു…അശ്വസിപ്പിച്ചു. അവളെ കാണാൻ പോകണമെന്നു പറഞ്ഞു. പക്ഷേ എനിക്ക് ധൈര്യമില്ലായിരുന്നു. എനിക്കവളെ അങ്ങനെ കാണണ്ടായിരുന്നു. ഒച്ചവച്ചും ബഹളം വച്ചും നടന്നിരുന്നവൾ അനക്കമില്ലാതെ വെറുമൊരു ശരീരം മാത്രമായി കിടക്കുന്ന ചിത്രവും എന്റെ ചിന്തകളിൽ എവിടെയും കടന്നു വരേണ്ട എന്നാണ് എനിക്കപ്പോൾ തോന്നിയത്. പൊട്ടിച്ചിരിക്കുന്ന…ഊർജസ്വലയായി സംസാരിക്കുന്ന, കുറുമ്പു കാണിക്കുന്ന, ദേഷ്യപ്പെടുന്ന… ഒരുപാട് ജീവനുള്ള ചിത്രങ്ങൾ മനസ്സിലുണ്ട്…അവളെ എനിക്ക് അങ്ങനെ മാത്രം ഓർത്താൽ മതിയായിരുന്നു.

ഹോസ്റ്റലിലേക്ക് തിരിച്ചു പോകാൻ എനിക്ക് തീരെ മനസ്സിലായിരുന്നു. എന്റെ മുറിയിലായിരുന്നു അവൾ….അവളുടെ ബെഡിൽ പുതിയ കുട്ടി വന്നു. പക്ഷേ സെക്കന്റ്‌ ഫ്ലോറിലെ ഏഴാം നമ്പർ മുറിയിൽ അവളുടെ ചിരികൾ മുഴങ്ങിക്കൊണ്ടേയിരുന്നു. ഓരോരുത്തരായി പൊഴിഞ്ഞു പൊക്കൊണ്ടിരുന്നു. ജീവിതത്തിൽ പുതിയ മനുഷ്യർ കടന്ന് വന്നിട്ടും കനി ഒരു വേദനയായി തന്നെ അവശേഷിച്ചു.

ആത്മഹത്യ ചെയ്യാനുള്ള കാരണം “ഡിപ്രെഷൻ” എന്നാണ് പറഞ്ഞു കേട്ടത്. എനിക്കെന്തോ വിശ്വസിക്കാൻ നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നു. അവളെ പോലൊരാൾ അങ്ങനെ ചെയ്യുമോ എന്ന് അത്ഭുതം തോന്നി.

മുറിയുടെ മൂലയിൽ പൊടി പിടിച്ചു കിടന്ന അവളുടെ പഴയ ബാഗ് കണ്ണിൽ പെടുന്നത് വരെ എന്റെ മനസ്സ് നിറയെ ചോദ്യങ്ങളായിരുന്നു. പക്ഷേ അവൾ തന്നെ ഒക്കെ പറഞ്ഞു തന്നു… ഒരു കഥപോലെ…രണ്ടായിരത്തി അഞ്ചിലെ ഒരു പഴയ ഡയറി.

വൃത്തിയുള്ള കൈപ്പടയിൽ അവൾ എഴുതിയിരുന്ന കുറേ ഏറെ നുറുങ്ങെഴുത്തുകൾ…എനിക്ക് വല്ലാതെ വേദനിച്ചു. അവൾക്ക് ഇത്രയേറെ നൊന്തിരുന്നോ. പുറമെ അണിഞ്ഞിരുന്ന ചിരി ഒരു മുഖംമൂടി മാത്രമായിരുന്നെമാണ് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.

അവളെ അലട്ടിയിരുന്ന അവളുടെ ജീവനെടുത്ത ആ നോവ് എന്തായിരുന്നുവെന്ന് വ്യക്തമായി അവൾ എവിടെയും പറഞ്ഞിരുന്നില്ല. പക്ഷെ മാറ്റാരുടെ മുൻപിലും തുറന്നു കാണിക്കാൻ അവൾ ഇഷ്ടപെടാത്ത ആ കാരണത്തെ തേടി ഞാനും അലഞ്ഞില്ല.

പക്ഷേ ചിരിക്കുന്ന മനുഷ്യരൊക്കെ സന്തോഷിക്കുന്നവരല്ലെന്ന് മനസ്സിലായി. ഒരുപാട് ചിരിക്കുന്നവരെ കാണുമ്പോൾ ഇപ്പോൾ പേടിയാണ്. അവരിലും ഒരു കനി ഉണ്ടാകുമോ എന്ന്… 

പോസ്റ്റ്‌ ചെയ്ത ഫോട്ടോ സൂം ചെയ്ത് കനിയെ ഒന്ന് കൂടി നോക്കി. ഒരുപാട് ഫോട്ടോസും വീഡിയോസും എടുത്ത് വെക്കേണ്ടതായിരുന്നെന്ന് തോന്നി. അവൾ ചിരിക്കുന്നത് കാണാൻ. ജീവനോടെ ഇരുന്നത് കാണാൻ. മരിച്ചു പോയ മനുഷ്യരെ അങ്ങനെ കാണുന്നതിൽ പരം വേദനയില്ലെന്നും അപ്പോഴാ നിമിഷം ഞാൻ തിരിച്ചറിഞ്ഞു.