മടക്ക യാത്രയിൽ ആനി വേറെ ലോകത്തായിരുന്നു. ബസിൽ വച്ച് ഹരിയുടെ തോളിൽ ചാരിയിരിക്കുമ്പോൾ അവൾ…

സ്നേഹത്തിന്റെ ആഴം….
എഴുത്ത്: നിഷ പിള്ള
=================

ആനി രാവിലത്തെ കുർബാനയ്ക്ക് പള്ളിയിലേക്ക് ഇറങ്ങി. ഇന്നവൾ ഒറ്റക്കാണ് ,എന്നും കൂടെ അപ്പനും അമ്മച്ചിയും ഉണ്ടാകാറുണ്ട്.ഇന്ന് അപ്പന് വലിവ് കൂടിയിട്ടുണ്ട്, അമ്മച്ചി ചൂട് കട്ടൻ കാപ്പി കുടിയ്ക്കാൻ കൊടുത്ത് അപ്പൻ്റെ നെഞ്ച് തടവി കൊടുത്തു. ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ അപ്പൻ കേൾക്കില്ല. വെയിൽ ഉദിക്കുമ്പോഴെല്ലാം ശരിയാകുമെന്ന് പറയുന്നത് കേട്ടു. അപ്പന് ആശുപത്രി പേടിയാണ്, അപ്പൻ്റെ ഈ അവസ്ഥയിൽ
അഡ്മിറ്റാക്കും എന്ന് പേടി.

പള്ളിയിലേക്കുള്ള വഴി വിജനമാണ്. വഴിയിൽ ആകെയുള്ളത് ഹരിയേട്ടന്റെ ചായക്കടയാണ്.നാട്ടിലെ എല്ലാവരുടെയും സഹായിയാണ് ഹരിയേട്ടൻ.ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും ബി എഡും ഒക്കെ എടുത്തെങ്കിലും ഹരികൃഷ്ണന് ഇതുവരെ ഒരു ജോലി തേടാൻ കഴിഞ്ഞില്ല ,എന്നാലും ഹരിയ്ക്ക് നിരാശ ഒന്നുമില്ല.

രാവിലെ അയാൾ ചായക്കടക്കാരൻ ഹരിയായി മാറും. അച്ഛനെയും അമ്മയെയും കടയിൽ സഹായിക്കും.ചുരം കയറി പോകുന്ന തൊഴിലാളികളുടെ വണ്ടികളൊക്കെ ഹരിയുടെ കടയിലെ സ്ഥിരം പറ്റുകാരാണ്.

പത്തു മണി കഴിഞ്ഞാൽ പിന്നെ പ്ലംബർ ഹരിയാണ് ,ഞായറാഴ്ചകളിൽ , പാരലൽ കോളജ് അദ്ധ്യാപകൻ ഹരിയാണ്.അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന ഒരു ബഹുമുഖ പ്രതിഭയാണ് ഹരികൃഷ്ണൻ.

ആനിയെ അന്നക്കുട്ടി എന്ന് വിളിക്കുന്നത് ഹരിയേട്ടൻ മാത്രമാണ്.അവൾക്കു ഹരിയോട്  രഹസ്യ പ്രേമമുണ്ട്.ഞായറാഴ്ചത്തെ പി എസ് സി കോച്ചിങ് ക്ലാസ്സിൽ പഠിപ്പിച്ചപ്പോൾ ആണ് അയാളെ അടുത്തറിയാൻ സാധിച്ചത്.

അന്നൊക്കെ അവൾക്ക് ഹരിമാഷിനെ പേടിയായിരുന്നു.ആരും ഇഷ്ടപെടുന്ന വ്യക്തിത്വമാണ് ഹരികൃഷ്ണന്.രണ്ടു വ്യത്യസ്ത മതമായതു കൊണ്ട് ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ആഗ്രഹത്തെ അവൾ മനസ്സിൽ ഒളിപ്പിച്ച് വച്ചിരിക്കുകയാണ്.

വൈകിയത് കൊണ്ട് റബർ തോട്ടത്തിലൂടെ, ഒഴിഞ്ഞ പുരയിടത്തിന്റെ പൊളിഞ്ഞ വേലിയുടെ വിടവിലൂടെ,രണ്ടു മൂന്നു കയ്യാലകളും ചാടി കടന്നു ഇടവഴിയിലെത്തി.നേരെ നടന്നാൽ ടാറിട്ട റോഡിലെത്താം, അവിടുന്നൊരു നൂറു മീറ്റർ നടന്നാൽ ഹരിയേട്ടന്റെ ചായക്കടയായി.സമയത്ത് പള്ളിയിലെത്താനായി നല്ല വേഗതയിൽ അവൾ നടക്കുകയാണ്.തന്റെ ഒപ്പം ആരോ നടക്കുന്നത് പോലെ അവൾക്ക് തോന്നി.തിരിഞ്ഞ് നോക്കി,തോന്നലല്ല അവൾക്കൊപ്പം ഒരു ആൺകുട്ടിയുണ്ട്, അവളുടെ വേഗതയിൽ അവനും നടക്കുകയാണ്.അവൾ വേഗത കുറച്ചപ്പോൾ അവൻ്റേയും വേഗത കുറഞ്ഞു.

“കുട്ടി ഏതാ ?”

“ഞാൻ ജോയൽ,താഴെ താമസിക്കുന്ന ജോണികുട്ടിയുടെ മോനാ.”

“എവിടെയാ വീട്”

“ചേച്ചി ഇപ്പോൾ വന്നത് ,എന്റെ വീടിന്റെ അടുത്ത് കൂടെയാണ്.അപ്പനെയും അമ്മയെയും വീട്ടിൽ കണ്ടില്ല, നോക്കിയപ്പോൾ ചേച്ചി കയ്യാല ചാടി പോകുന്നു.അതാ ഞാൻ കൂടെ വന്നത്.”

“ഈ നാട്ടിൽ വരുത്തരാണല്ലേ.ഞാൻ പള്ളിയിലേയ്ക്കാണ്,നീ എങ്ങോട്ടാണ്?”

“അപ്പനെ നോക്കി ഇറങ്ങിയതാ .”

ചായക്കടയുടെ മുന്നിലെത്തിയപ്പോൾ ഹരിയവളെ നോക്കി ചിരിച്ചു.

“ഇന്നെന്താ ഒറ്റയ്ക്കയുള്ളു, അപ്പനെവിടെ ?”

“അപ്പന് വീണ്ടും വയ്യാതെയായി,അമ്മച്ചി എന്നോട് നിത്യപ്രാർത്ഥന മുടക്കേണ്ട എന്ന് പറഞ്ഞു.”

“അത് നന്നായി,അടിവാരത്തു നിന്നും നല്ല അച്ചായന്മാരുടെ ആലോചന കിട്ടാൻ മുട്ടിപ്പായി പ്രാർത്ഥിച്ചോ.ഒരു ചായ കുടിക്കുന്നോ ?”

“ഇല്ല സമയമായി,പിന്നെ കാണാം.”

അവൾ ഹരിയോട് യാത്ര പറഞ്ഞു നടന്നു.എന്നാലും കൂടെയുണ്ടായിരുന്ന കുട്ടിക്ക് ചായ വേണമെന്ന് ചോദിച്ചില്ലല്ലോ ഹരിയേട്ടൻ.അവൻ ആരാണെന്നു പോലും അന്വേഷിച്ചില്ല.

പള്ളിയിലെത്തുന്നത് വരെ അവളോടൊപ്പം ജോയലും ഉണ്ടായിരുന്നു. ഗേറ്റിനടുത്തായപ്പോൾ അവൻ അവിടെ നിന്നു .

“നീ വരുന്നില്ലേ അകത്തേയ്ക്ക് .”

“ഇല്ല.ഇതല്ല ഞങ്ങളുടെ പള്ളി.”

അവൻ ദേഷ്യപ്പെട്ടു മുഖം വീർപ്പിച്ചു.

പള്ളിയിൽ നിന്നും അവൾ മടങ്ങുമ്പോഴേക്കും ഹരി കട പൂട്ടി ,തന്റെ പഴയ മാരുതി ഓമ്നി വാനിൽ  വീട്ടിലേക്ക് തിരികെ കൊണ്ട് പോകാനുള്ള പാത്രങ്ങൾ  കയറ്റുകയായിരുന്നു.

“വരുന്നോ ,വീടിനു മുന്നിലിറക്കാം.”

അവൾ കൂടെ വരില്ല എന്നുറപ്പുണ്ടെങ്കിലും അവൻ വെറുതെ ചോദിച്ചു.

“വേണ്ട ഞാൻ റോഡ് വഴി നടന്നു പൊയ്ക്കോളാം.”

അവൾ ഒറ്റക്കാകുന്ന ദിവസങ്ങളിൽ  അവന്റെ ചോദ്യത്തിനും അതിനുള്ള അവളുടെ മറുപടിയ്ക്കും ഒരു മാറ്റവും ഇല്ലായിരുന്നു.

വെയിലുദിച്ചു തുടങ്ങിയിട്ടും അപ്പന്റെ വലിവിന് കുറവൊന്നും ഉണ്ടായില്ല.കൊച്ചു നാൾ മുതലേ കടുത്ത ആസ്ത്മ രോഗിയായിരുന്നു ലാസറേട്ടൻ .

“ഒരു ഓട്ടോ കിട്ടിയായിരുന്നേൽ ഇങ്ങേരെ അങ്ങ് ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാമായിരുന്നു.”

ഒടുവിൽ ഹരിയുടെ വാനിൽ ആനിയുടെ അമ്മച്ചി അപ്പനെ ആശുപത്രിയിൽ കൊണ്ട് പോയി.

“എടി കൊച്ചേ ,മുറ്റത്തു ഉണക്കാനിട്ടിരിക്കുന്ന ഗോതമ്പ് കോഴി കൊത്താതെ നോക്കണേ.ഞാൻ അപ്പച്ചനെ കൊണ്ട് പോയിട്ട് വരാം.”

അമ്മച്ചി പോയി കഴിഞ്ഞപ്പോൾ നനഞ്ഞ തുണികൾ വെയിലത്തു ഇട്ടു ,പാട്ടു കേൾക്കാൻ മൊബൈലുമായി ആനി ഉമ്മറത്തിരുന്നു.മുന്നിലൊരു അനക്കം കണ്ടാണവൾ നോക്കിയത് , തൊട്ട് മുന്നിൽ ജോയൽ.

“ആ ഇരിക്കെടാ ,നീയെങ്ങനെ ഇവിടെയെത്തി.നിൻ്റെ അപ്പനും അമ്മച്ചിയും തിരികെ വന്നോ? അല്ലാ നിനക്കെങ്ങനെ ഈ വീട് അറിയാം.”

അവൻ മൂകനായി അവളുടെ എതിരെ നിന്നു .

“പറയെടാ ,നിനക്കെങ്ങനെ ഈ വീട് മനസിലായി.”

“അപ്പനും അമ്മച്ചിയും തിരികെ വന്നില്ല.ഇന്നലെ രാത്രി മുതൽ അവരെ കാണാനില്ല.ഞാൻ ചോദിക്കുന്നത് ആരും കേൾക്കുന്നില്ല.ആരും ഉത്തരമൊന്നും പറയുന്നുമില്ല.ചേച്ചി മാത്രമാണ് എന്നോട് മിണ്ടിയത്.റോഡിൽ നിന്നപ്പോൾ ചേച്ചിയെ കണ്ടത് കൊണ്ട് ഞാനിങ്ങോട്ടു വന്നതാണ് .ചേച്ചീ എനിക്കെന്റെ അപ്പനെയും അമ്മച്ചിയേയും കാണണം. “

“നീ വല്ലോം കഴിച്ചോ.അപ്പച്ചന് വയ്യാത്തത് കൊണ്ട് അമ്മച്ചി പൊടിയരിക്കഞ്ഞിയാണ് ഉണ്ടാക്കിയത്.വേണോ,നീ കഴിക്കുന്നോ?”

“എനിക്കും അപ്പനെയും അമ്മച്ചിയേയും കാണണം.”

അവൻ അത് തന്നെ ആവർത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു.

“എടാ ജോയലേ ,ഹര്യേട്ടൻ ഒന്ന് വരട്ടെ ,ഹരിയേട്ടൻ പോലീസിലോക്കെ നല്ല പരിചയമാണ്.”

ഉച്ച ആയപ്പോഴേക്കും ഹരി മടങ്ങിയെത്തി .ലാസറേട്ടനെ ആശുപത്രിയിൽ അഡ്മിറ്റാക്കി.

“അന്നക്കുട്ടിയോടു വൈകുന്നേരമാകുമ്പോൾ വീട് പൂട്ടി സേവ്യർ കൊച്ചപ്പന്റെ വീട്ടിലേയ്ക്കു പൊയ്ക്കൊള്ളാൻ പറഞ്ഞു.ഒരു ഫ്ലാസ്കും രണ്ടു മൂന്നു ബെഡ് ഷീറ്റും തന്നാൽ ഞാൻ ആശുപത്രിയിൽ കൊണ്ട് പോയി കൊടുത്തോളാം.”

“ഞാൻ കൂടെ വരണോ ഹരിയേട്ടാ”

“വേണ്ട നീ എല്ലാം എടുത്തു വണ്ടിയിൽ വയ്ക്കൂ,”

അന്നക്കുട്ടി ഫാസ്‌കും ഷീറ്റും എടുത്ത് വാനിൽ വയ്ക്കുമ്പോൾ ഹരിയോട് ചോദിച്ചു.

“ആ കൊച്ചങ്ങു പോയോ.?”

“ഏത് കൊച്ചിന്റെ കാര്യമാ നീ ചോദിച്ചത്.”

“ജോയൽ,ഹരിയേട്ടൻ വന്നപ്പോൾ എന്റെ കൂടെ  ഉമ്മറത്തിരുന്നല്ലോ..”

“ആണോ ,ഞാൻ ശ്രദ്ധിച്ചില്ല,അല്ലേലും നിന്നെ കണ്ടാൽ ഞാൻ ആരെയും നോക്കാറില്ല.”

ഹരിയുടെ മറുപടി കേട്ട് നാണം വന്നെങ്കിലും ആനിയ്ക്ക് പേടി തോന്നി.ഹരിയുടെ വാൻ തിരികെ പോയി.

വൈകിട്ട് സേവ്യർ കൊച്ചപ്പന്റെ വീട്ടിൽ പോകാനായി ആനി നേരത്തെ ഇറങ്ങി.വഴിയിലെങ്ങാനും ജോയലിനെ കണ്ടാലോ?എന്തായാലും ഹരിയേട്ടനെയൊന്നു കാണണം.

ദൂരെ നിന്നെ ആനിയെ കണ്ടു ഹരി കടയുടെ പുറത്തേയ്ക്കു വന്നു.കടയിൽ ചായ കുടിക്കാൻ കുറച്ച് ആളുകൾ മാത്രമേയുള്ളു.ആറു മണി കഴിഞ്ഞാൽ പെറോട്ടയും ബീഫും കഴിക്കാൻ വരുന്നവരുടെ തിരക്കാണ്.

“എടീ ഞാൻ ആശുപത്രിയിൽ പോയി സാധനങ്ങൾ കൊടുത്തിടുണ്ട്.ലാസറേട്ടന് ഇപ്പോൾ കുഴപ്പമൊന്നുമില്ല.നാളെ ഡിസ്ചാർജ് ചെയ്യും.നീ സേവ്യർ ഏട്ടന്റെ വീട്ടിലേയ്ക്കു പൊയ്ക്കോ.”

ഹരി കടയിലേക്ക് തിരിഞ്ഞു നടന്നു.എന്തോ ഓർത്ത പോലെ തിരിഞ്ഞു നിന്ന് അവളോടിങ്ങനെ പറഞ്ഞു.

“രാവിലെ പള്ളിയിൽ പോക്ക് മുടക്കേണ്ട.ഓരോരോ ശീലങ്ങളല്ലേ.എനിക്ക് ഒരു കണി കാണൽ,അതൊരു ഐശ്വര്യമാണ്.”

“ഹരിയേട്ടാ , എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

അവൻ ചോദ്യ രൂപത്തിൽ അവളുടെ മുഖത്തേയ്ക്കു നോക്കി.

“ഉച്ചയ്ക്ക് ജോയലിനെ ഹരിയേട്ടൻ കണ്ടില്ലേ.”

“ഇല്ലടീ ,സത്യം.”

“രാവിലെ പള്ളിയിൽ പോകുന്ന വഴി അവൻ എന്റെ കൂടെ ഉണ്ടായിരുന്നു ,അപ്പോൾ കണ്ടിരുന്നോ? “

“രാവിലെ നീ ഒറ്റക്കല്ലേ ,ഇത് വഴി പോയത്.ഞാൻ വേറെ ആരെയും കണ്ടില്ല.”

ആനി ഹരിയോട് എല്ലാം ചുരുക്കി പറഞ്ഞു.

“ഹരിയേട്ടാ എനിക്ക് പേടിയാകുന്നു.അവൻ എപ്പോഴും എന്റെ കൂടെയുള്ള പോലെ.”

“നീ ഇങ്ങനെ പേടിക്കാതെ,നീ ഇനി അവനെ കണ്ടാൽ അവനോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയണം.നമുക്ക് നോക്കാമെടി.”

അവൻ കടയിൽ കയറി മേശ വലിപ്പ് തുറന്നു അതിൽ സൂക്ഷിച്ചു  വച്ചിരുന്ന ഒരു കൊന്തയെടുത്തു ,ആരും കാണാതെ അവളുടെ കഴുത്തിലിട്ടു.

“പേടിയ്ക്കണ്ട ,നമ്മുടെ ജെയിംസ് അച്ഛൻ റോമിൽ നിന്നും കൊണ്ട് വന്നതാണ് ,എനിക്ക് വിശ്വാസമില്ലാത്തത് കൊണ്ടു ഞാൻ അവിടെ മേശയിൽ വച്ചിരുന്നതാണ്.നിനക്ക് തരണമെന്ന് കരുതിയതാണ്.”

ആനി വൈമനസ്യത്തോടെ മുന്നോട്ടു നടന്നു.ഹരി പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.

“അന്നക്കുട്ടീ ,നീ ഇനി അവനെ കാണുന്നെങ്കിൽ വീടിന്റെ ലൊക്കേഷനും ഡീറ്റയിൽസും വാങ്ങി വയ്ക്കു .ഞാൻ നാളെ ജെയിംസ് അച്ചനെ പോയി കാണുന്നുണ്ട്.അദ്ദേഹം എന്റെ ബാല്യകാല സുഹൃത്താണ് , നമ്മുടെ അടുത്ത ഇടവകയിലെ അച്ചനാണ്.”

പിറ്റേന്ന് ആനി വരുന്നത് വരെ ഹരി കടയിൽ കാത്തിരിക്കുകയായിരുന്നു.

“ലാസറേട്ടൻ വിളിച്ചിരുന്നു ,ഡിസ്ചാർജ് വൈകിട്ടാകും.നിന്നെയും കൂട്ടി വൈകിട്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.”

ഹരി കൂട്ടുകാരനെ കടയിൽ നിർത്തിയിട്ടു ആനിയോടൊപ്പം പള്ളിയിലേക്ക് നടന്നു.എന്നിട്ടു ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു.

“പിന്നീട് നീ അവനെ കണ്ടോ? “

ആനി ഭയത്തോടെ ഹരിയുടെ മുഖത്ത് നോക്കി.

“ഹരിയേട്ടന് കാണാൻ വയ്യേ.എന്റെ വലതു വശത്തു കൂടെ അവൻ നടക്കുന്നുണ്ട്.”

ഹരിയുടെ മുഖത്തും ഭയം നിഴലിച്ച് കണ്ടു.അവൻ തന്റെ വലം കയ്യിൽ കെട്ടിയിരുന്ന കറുത്ത ചരടിൽ മുറുകെ പിടിച്ചു.

“ജോയൽ ഇവിടെ നമ്മുടെ അടുത്തുണ്ടോ ? “

“മ്മ് ഉണ്ട്.”

ഹരി അവളുടെ കൈയിൽ പിടിച്ചു.

“എനിക്ക് കാണാൻ വയ്യാലോ.നീ പേടിക്കാതെ  അവനോടു ചോദിക്ക് ,എന്താ മിനിഞ്ഞാന്ന് രാത്രിയിൽ സംഭവിച്ചതെന്ന്.ഞാൻ ജെയിംസ് അച്ചനെ വിളിക്കാം.ഇന്ന് നിന്റെ അപ്പനും അമ്മയും വരുന്നതിനു മുൻപ് നമുക്ക് ഒരു പരിഹാരം കണ്ടെത്താം.”

ആനി വലതു വശത്തു തിരിഞ്ഞു ആരുടെയോ സംസാരം ശ്രദ്ധിക്കുന്നത് പോലെ തലയാട്ടുന്നു.അതിനു ശേഷം ഹരിയോട് തിരിഞ്ഞു.

“ഹരിയേട്ടാ വീടിരിക്കുന്ന സ്ഥലം എനിക്കറിയാം.അവനോർമ്മയുള്ളതു അവൻ പറഞ്ഞു തന്നിട്ടുണ്ട്.പിന്നെ മിനിഞ്ഞാന്ന് രാത്രി അവനും അപ്പനും അമ്മയും ചോറ് കഴിച്ചോണ്ടിരുന്നപ്പോൾ ബെന്നി അങ്കിൾ കുടിച്ചിട്ട് വന്നു അപ്പനോട് ഏതോ പേപ്പറിൽ ഒപ്പിടാൻ  പറഞ്ഞത്രേ.അപ്പൻ ആ പേപ്പർ കീറി കളഞ്ഞെന്ന്.ബെന്നി അങ്കിളും ഒരു കൂട്ടുകാരനും കൂടി അവൻ്റെ അപ്പനെ തല്ലി ചതച്ചെന്ന്,കൂട്ടുകാരൻ അമ്മയുടെ ചുരിദാർ വലിച്ചു കീറിയപ്പോൾ അമ്മ വലിയ ശബ്ദത്തിൽ കരഞ്ഞെന്നും അത് കണ്ടു ജോയൽ ഒരു വലിയ തടിയെടുത്തു ബെന്നിയുടെ കൂട്ടുകാരനെ തല്ലാൻ ശ്രമിച്ചെന്ന്.ആ സമയത്തു പിറകിലൂടെ വന്ന ബെന്നി അവനെ തൂക്കി ഒരു മൂലയിലേക്ക് എറിഞ്ഞെന്ന് ,പിന്നീടൊന്നും അവനോർമ്മയില്ല.രാവിലെ അവൻ ആ മുറിയിൽ ചെന്ന് നോക്കിയപ്പോൾ അവിടെ ആരെയും കാണുന്നില്ലെന്ന്.”

“മുറ്റത്തു ബെന്നി അങ്കിളിന്റെ ജീപ്പ് വന്ന ടയറിന്റെ പാടുകൾ മാത്രമുണ്ട്. മേശപ്പുറത്തു തലേന്ന് വിളമ്പി വച്ച ചോറും കറികളും നിരന്നിരിക്കുന്നു .കുറച്ചൊക്കെ വീട്ടിലെ കുറിഞ്ഞി പൂച്ച തിന്നിരിക്കുന്നു.അവൻ വിളിച്ചിട്ടു കുറിഞ്ഞി തിരിഞ്ഞു പോലും നോക്കുന്നില്ലായെന്ന് അവനു സങ്കടം.”

“നീ പള്ളിയിൽ കയറി പ്രാർത്ഥിച്ചിട്ടു വാ,അപ്പോഴേക്കും അച്ചൻ വരും.നമുക്ക് ആ വീട് വരെ പോയി നോക്കാം.”

ആനീ മടങ്ങി  വന്നപ്പോൾ  അച്ചനും ഹരികൃഷ്ണനും ചർച്ചയിലായിരുന്നു.അച്ചന്റെ സാൻട്രോ കാറിൽ മുൻവശത്തെ സീറ്റിൽ  ഹരിയും പിറകിലെ സീറ്റിൽ ആനിയും കയറിയിരുന്നു.

“അവനിപ്പോൾ കൂടെയുണ്ടോ ആനി.”

“ഇല്ല “

“അവനെ കാണുമ്പോൾ പറയണം.”

ജെയിംസ് അച്ചൻ പറഞ്ഞു.

ആനി പറഞ്ഞ വഴികളിലൂടെ  അച്ചൻ കാറോടിച്ചു.ഒരു വളവിൽ വച്ച് ആനി തന്റെ കൈ ഹരിയുടെ തോളിൽ വച്ചു.ഹരി തിരിഞ്ഞു നോക്കിയപ്പോൾ ആനിയുടെ വിളറിയ പേടിച്ചരണ്ട മുഖം.

അവൻ അവളോട് ചോദിച്ചു.

“കൂടെയുണ്ടോ.?”

അവൾ അതേയെന്ന് തലയാട്ടി.ഒരിടത്ത് വച്ച് അവൾ പെട്ടെന്ന് വണ്ടി നിർത്താൻ പറഞ്ഞു.

“ഇവിടെ ഇറങ്ങാം ,ഇതിലൂടെ കയ്യാല ചാടി കടന്നു പെട്ടെന്ന് വീട്ടിലെത്താമെന്ന് പറയുന്നു.”

അവളുടെ ഭാവമാറ്റം കണ്ടു ജെയിംസ് അച്ചൻ ഹരിയോട് എന്തോ സ്വകാര്യത്തിൽ സംസാരിച്ചു.ഹരിയുടെ മറുപടി കേട്ട് അച്ചന്റെ പുരികം ചുളിഞ്ഞു.

ആനിയുടെ പിറകെ അവർ നടന്നു.റബർ തോട്ടത്തിന് നടുവിലുള്ള ഒരു ഓടിട്ട വീട്, ആരോ അവളെ പിടിച്ചു വലിച്ച് കൊണ്ട് പോകുന്ന പോലെ അവൾ വേഗതയിൽ വീട്ടിലേയ്ക്കവൾ കയറി,അത് കണ്ടു പേടിച്ചു ഹരി അച്ചന്റെ കയ്യിൽ പിടിച്ചു.തുറന്നു കിടന്ന മുൻ വാതിൽ,മുന്നിലെ മുറി അലങ്കോലമായി കിടന്നിരുന്നു.ഊണ് മുറിയിൽ ഭക്ഷണ അവശിഷ്ടങ്ങൾ ജീർണിച്ച ഗന്ധം ,കിടപ്പു മുറിയിലെ അലമാര തുറന്നു കിടന്നിരുന്നു.ഫയലുകളും പേപ്പറുകളും നിലത്തു ചിതറി കിടന്നു.ആരോ ധൃതിയിൽ എന്തോ തെരെഞ്ഞതു പോലെ.

വീടിലും പരിസരത്തും ആരുമുള്ളതായി തോന്നിയില്ല.അയല്പക്കത്തെ വീട് അവിടെ നിന്നും വളരെ അകലെയാണ്,ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചു ഹരി ജെയിംസ് അച്ചനെ നോക്കി.അച്ചൻ ളോഹയുടെ പോക്കറ്റിൽ നിന്നും തന്റെ ഫോണെടുത്തു ആരെയോ വിളിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ആ സമയത്തൊക്കെ ആനി കിണറിലും പരിസരത്തുമൊക്കെ എന്തൊക്കെയോ അന്വേഷിച്ചു നടക്കുകയായിരുന്നു .

“ഹരി ഞാൻ നമ്മുടെ സുഹൃത്തായ സി ഐ പ്രമോദിനെ വിളിച്ചു കാര്യം പറഞ്ഞു.അവനത്ര വിശ്വാസം വന്നിട്ടില്ല.എന്നാലും ഇതൊരു കൊലപാതകമോ തട്ടിക്കൊണ്ടു പോകലോ ആണെങ്കിൽ നമ്മളിപ്പോൾ നില്ക്കുന്നത് ഒരു ക്രൈം സീനിലാണ്.നാളെ നമ്മൾ പ്രതികളാകും.എന്തായാലും പോലീസ് വരട്ടെ.നമുക്ക് ആനി വഴി കൂടുതൽ വിവരങ്ങൾ കിട്ടുമോയെന്നറിയാം.”

ആനി വഴി അച്ചൻ ചോദ്യങ്ങൾ ജോയലിനോട് ചോദിച്ചു കൊണ്ടേയിരുന്നു. ബെന്നിയെക്കുറിച്ച് ബെന്നിയുടെ ജീപ്പിനെ കുറിച്ചൊക്കെ ചോദിച്ചു.ഇരുണ്ട നിറത്തിൽ പൊക്കം കൂടിയ ബെന്നിക്ക് സ്വന്തമായി ഒരു പന്നി ഫാം അടിവാരത്തുണ്ട്.ബെന്നി ജോണിക്കുട്ടിയുടെ അനിയത്തി സാറയുടെ ഭർത്താവാണ്.പന്നി ഫാമിരിക്കുന്ന എൺപതു സെന്റ്  സ്ഥലം കൂടി ബെന്നിക്ക് വേണം ,അതിനായി ബെന്നിയും ഭാര്യയും ഇടക്കിടെ ജോണിക്കുട്ടിയോടു വഴക്കിടാറുണ്ട്.ധാരാളിയായ ബെന്നിയുടെ കയ്യിലുള്ളത് ചുവന്ന കളർ റുബികോൺ ജീപ്പാണ്.അതിന്റെ മുന്നിൽ ഉറപ്പിച്ചിട്ടുള്ള  സ്റ്റീലിന്റെ യൂണികോൺ വളരെ മനോഹരമാണെന്നു  ജോയൽ പറഞ്ഞു.അതിന്റെ താഴെ ബെന്നി എന്ന് മലയാളത്തിൽ എഴുതിയിട്ടുണ്ട്.

ഈ വിവരങ്ങൾ ജെയിംസ് അച്ചൻ സി ഐ പ്രമോദിനെ അറിയിച്ചു.പ്രമോദും രണ്ടു പോലീസുകാരും അച്ചൻ നൽകിയ വിവരങ്ങൾ അനുസരിച്ചു ജോണിക്കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി.അയല്പക്കകാരിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ചു ബെന്നിയുടെ വീട് കണ്ടെത്തി.ആനിയേയും കൂട്ടി അവർ  ബെന്നിയുടെ വീട്ടിലെത്തി.അവിടെ ആ സമയത്തു ബെന്നി ഉണ്ടായിരുന്നില്ല.സാറയെ ചോദ്യം ചെയ്തപ്പോൾ രണ്ടു മൂന്നു ദിവസമായി ബെന്നി വീട്ടിലെത്തിയിട്ടു എന്നറിഞ്ഞു.

സഹോദരന്റെയും കുടുംബത്തിന്റെയും തിരോധാനമറിഞ്ഞു സാറ വിങ്ങി പൊട്ടി.അവളെയും കൊണ്ട് പോലീസ് ഫാമിലേയ്ക്ക് തിരിച്ചു.പോലീസ് അവിടെ എത്തിയപ്പോൾ അവിടെ മദ്യസേവ നടക്കുകയായിരുന്നു.ആർക്കും സ്വബോധം ഉണ്ടായിരുന്നില്ല.പോലീസ് ജീപ്പ് കണ്ടു രക്ഷപെടാൻ ശ്രമിച്ച ബെന്നിയെയും രണ്ടു കൂട്ടാളികളേയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചോദിച്ച ചോദ്യങ്ങൾക്കൊക്കെ അവർ കൃത്യമായി മറുപടി പറഞ്ഞില്ല.ഫാം ഹൗസിൽ നടത്തിയ പരിശോധനയിൽ ഒരു മുറിയിൽ നിന്നും അബോധാവസ്ഥയിൽ ജോണിക്കുട്ടിയെയും ഭാര്യയെയും കണ്ടെത്തി.അവരെ കണ്ടപ്പോൾ ജോയൽ വളരെ സന്തോഷവാനായി എന്ന് ആനി ജെയിംസ് അച്ചനോട് പറഞ്ഞു.അവരെ ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി.

എത്ര ചോദിച്ചിട്ടും ജോയലിനെക്കുറിച്ച് ബെന്നി ഒരക്ഷരം മിണ്ടിയില്ല. എല്ലാവരുടെയും മുൻപിലൂടെ ആനി ഫാം മുഴുവൻ ഓടി നടന്നു.ഒടുവിൽ പന്നി ഫാമിനകത്തെ വേസ്റ്റ് നിറച്ചു വയ്ക്കുന്ന ചാക്കുകൾ അവൾ അഴിച്ചു പരിശോധിക്കാൻ തുടങ്ങി.ഹരിയും അച്ചനും പോലീസും തടഞ്ഞിട്ടും ഒരു ഭൂതാവിഷ്ടയെ പോലെ അവൾ മൂലയും മുക്കും പരിശോധിച്ചു.ദുർഗന്ധം നിറഞ്ഞ ആ സാഹചര്യത്തിൽ എല്ലാവരും മൂക്കും പൊത്തി നിന്നപ്പോഴും അതൊന്നും വക വൈകാതെ ആനി തന്റെ പ്രവർത്തി തുടർന്നു.ഒടുവിൽ ഹരിയും അവളെ സഹായിക്കാനായി കൂടി.അവസാനത്തെ ചാക്കും അവൾ അഴിച്ചു.അതിൽ നിന്നും ഒരു വാടി തളർന്ന കൈ പുറത്തു വീണു.ചാക്കിൽ ഒരു ഏഴു വയസുകാരൻ പയ്യന്റെ ശരീരം.

സി ഐ തൊട്ടു നോക്കിയിട്ടു പൾസ് ഇല്ലായെന്ന് ദുഖത്തോടെ തലയാട്ടി.പക്ഷെ അവനെ പെട്ടെന്ന് ആശുപത്രിയിലാക്കാൻ ആനി ബഹളം ഉണ്ടാക്കി.കുട്ടിയുടെ ശരീരം ആശുപത്രിയിലേക്കും പ്രതികളെ പോലീസ് സ്റ്റേഷനിലേയ്ക്കും കൊണ്ട്  പോയി.

ആംബുലൻസിന്റെ പിറകെ അച്ചന്റെ കാറും യാത്ര തിരിച്ചു.ജോയൽ കരയുകയാണെന്നും അവന്റെ കരച്ചിൽ സഹിയ്ക്കാൻ കഴിയുന്നില്ലായെന്നും ആനി ഹരിയോട് പറഞ്ഞു.അവളെ തന്നോട് ചേർത്ത് പിടിച്ചു ഹരി ആശ്വസിപ്പിച്ചു.ഇതൊക്കെ കണ്ടു അച്ചൻ ഡ്രൈവിങ്ങിനിടയിലും കർത്താവിനോടു പ്രാർത്ഥിച്ചു.

കുട്ടിയുടെ ശരീരം ഐ സി യുവിലേയ്ക്ക് കൊണ്ട് പോയി.ജീവനുണ്ടെന്നും എന്നാൽ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടർ പറഞ്ഞു.

കുറെ നേരം ആശുപത്രി വരാന്തയിൽ കാത്തു നിന്നിട്ടും അകത്തു നിന്നും റിപ്പോർട്ട് ഒന്നും കിട്ടിയില്ല.ജോയലിന്റെ അപ്പനും അമ്മയും പതിയെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു.

“നമുക്ക് പോകാം ആനി,പോകുന്ന വഴി ജോയലിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.നിന്റെ അപ്പനെയും  അമ്മയെയും ആശുപത്രിയിൽ നിന്നും കൂട്ടി കൊണ്ട് വരണ്ടേ.”

മനസില്ലാമനസോടെ ആനി ഹരിയോടൊപ്പം നടന്നു.ജെയിംസ് അച്ചനോട് യാത്ര പറഞ്ഞു അവർ ബസിൽ കയറുമ്പോൾ ജെയിംസ് അച്ചനവരെ അനുഗ്രഹിച്ചു.ആനി കേൾക്കാതെ അച്ചൻ ഹരിയോടിങ്ങനെ പറഞ്ഞു.

“ഞാൻ ലാസറേട്ടനോട് ഒന്ന് സംസാരിക്കുന്നുണ്ട്,രണ്ടു വീട്ടുകാർക്കും മതമൊന്നും പ്രശ്നമല്ലെങ്കിൽ…..,നിങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ട്.ആ കുട്ടിക്കും തന്നെ ഇഷ്ടമാണെന്നു തോന്നുന്നല്ലോ.”

മടക്ക യാത്രയിൽ ആനി വേറെ ലോകത്തായിരുന്നു.ബസിൽ വച്ച് ഹരിയുടെ തോളിൽ ചാരിയിരിക്കുമ്പോൾ അവൾ ചോദിച്ചു.

“ജോയൽ രക്ഷപ്പെടുമോ ഹരിയേട്ടാ.”

“അറിയില്ല അന്നക്കുട്ടി.നീ ചെയ്യാനുള്ളതൊക്കെ ചെയ്തില്ലേ.ഇനി എല്ലാം ദൈവത്തിന്റെ കയ്യിലാ .”

പിറ്റേ ദിവസം പള്ളിയിൽ പോകാൻ ആനി വന്നില്ല.ഹരിക്കു നല്ല സങ്കടമായി.അവളെ കാണാതെ ഒരു ദിവസം പോലും പറ്റുന്നില്ല.രാവിലത്തെ കച്ചവടം കഴിയുമ്പോൾ ലാസറേട്ടന്റെ സുഖ വിവരം തിരക്കാൻ ആ വീട്ടിലേയ്ക്കൊന്നു പോയി നോക്കാമെന്ന് കരുതി.

രണ്ടാഴ്ച കഴിഞ്ഞിട്ടും ജോയലിനു ബോധം വന്നിട്ടില്ല.ജീവനുണ്ടെന്നു മാത്രം,ഒരു തരം കോമ സ്റ്റേജിലാണ്.

ഒരു ദിവസം കടയിൽ വച്ച് ജെയിംസ് അച്ചന്റെ ഫോൺ വന്നു.

“ഹരി സി ഐ പ്രമോദ് വിളിച്ചിരുന്നു,ജോയൽ കണ്ണ് തുറന്നുവെന്ന്,പക്ഷെ അവൻ ആരെയും തിരിച്ചറിയുന്നില്ല.ആ ബെന്നി ലിവർ കൊണ്ട് കൊച്ചിന്റെ തലക്കടിച്ച കാരണം അവന് ഹെഡ് ഇഞ്ചുറി ഉണ്ടെന്ന്.നിനക്ക് പറ്റുമെങ്കിൽ ആനിയെ കൊണ്ട് ചെന്നു അവനെ കാണിയ്ക്കാമോ.ഞാനും വരാം ,അവളെ അവൻ തിരിച്ചറിയണമല്ലോ.”

ജെയിംസ് അച്ചനും ഹരിയും ആനിയെ കൂട്ടി ജോയലിനെ കാണാൻ പോയി.മുറിയിൽ ജോയലിന്റെ അപ്പനും അമ്മയും സാറയുമുണ്ട് .

“ആനി അവനെ  ഒന്നു വിളിച്ചു നോക്കിക്കേ.” ജെയിംസ് അച്ചനവളോട് പറഞ്ഞു.

ആനി അവന്റെ അടുത്ത് ചെന്നിരുന്നു.അവന്റെ കൈ മെല്ലെ തലോടി.

“ജോയലെ അപ്പനും അമ്മയും ഒക്കെ വന്നപ്പോൾ എന്നെ മറന്നു അല്ലേ .”

“നിങ്ങളാരാ ,അപ്പാ ഇതാരാ .”

അവൻ നിലവിളിച്ചു.ജോയൽ കൈ പിൻവലിച്ചു ,ഭയ ചകിതനായ പോലെ അപ്പനെ നോക്കി.ഇതുവരെ തന്നെ തിരിച്ചറിയാതിരുന്ന മകൻ പെട്ടെന്ന് തന്നെ അപ്പാ എന്ന് വിളിച്ചത് കേട്ട് അയാൾ ഞെട്ടി പോയി.

ഹരിയോടൊപ്പം കരഞ്ഞു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങിയ ആനിയെ ജെയിംസ് അച്ചൻ ആശ്വസിപ്പിച്ചു.

“ആനിയുടെ നിയോഗം അവനെ രക്ഷിച്ചു ജീവിതത്തിലേയ്ക്ക് കൊണ്ട് വരിക എന്നതായിരുന്നു.നമ്മൾ ഫാമിൽ ചെല്ലാൻ കുറച്ചു വൈകിയിരുന്നെങ്കിൽ  അവനിന്നു ജീവനോടെ ഉണ്ടാകില്ലായിരുന്നു.അത് കർത്താവു ആനിയെ ആണ് ഏല്പിച്ചിരുന്നത് .ആനി അത് കൃത്യമായി ചെയ്തു.അതോടെ ആ അധ്യായം ആനിയുടെ ജീവിതത്തിൽ കഴിഞ്ഞു.ഇനി ആനി  ജീവിയ്ക്കേണ്ടത് ആനിയെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണു.അവർക്കു ഒപ്പമാണ്.”

അച്ചൻ ഹരിയുടെ കയ്യെടുത്തു ആനിയുടെ കയ്യിൽ വച്ചു.

“പൊയ്ക്കോ,ഇനി നിങ്ങൾ ഒന്നിച്ചു ജീവിയ്ക്കൂ,ലാസറേട്ടന് സമ്മതമാണ്, സേവിയേറേട്ടനാണ് പ്രശ്നം.അതൊക്കെ നമുക്ക് മാറ്റാം.സ്നേഹിക്കുന്ന ഹൃദയങ്ങൾ ഒത്തു ചേരട്ടെ.”

മടങ്ങുമ്പോൾ ആനി ഹരിയോട് ചോദിച്ചു.

“ഹരിയേട്ടന് എന്നോട് എത്ര സ്നേഹമുണ്ട്?”

“ആ ആകാശത്തോളം വലിപ്പമുണ്ട് എന്റെ സ്നേഹത്തിന്.കടലിൻ്റെ ആഴവും”

അവനവളെ ചേർത്ത് പിടിച്ചു.

✍️നിഷ പിള്ള