Story written by Athira Sivadas
=====================
“പപ്പാ…പാട്ടി എരന്തിട്ടാര്…”
വെങ്കിയുടെ സ്വരം കേട്ടതും പപ്പ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. കുറച്ചു സമയം ഒന്നും മിണ്ടാതെ കണ്ണു തുറന്നു കിടന്നു. നിറഞ്ഞു വന്ന മിഴികൾ പതിയെ ഒപ്പിക്കൊണ്ട് ഞാൻ അടുത്ത് തന്നെയിരുന്നു…
“എപ്പോഴായിരുന്നു…??”
“ഇന്ന് കാലേലെ…”
ചുളിഞ്ഞ കവിളിൽ കൂടി കണ്ണുനീര് ഊർന്ന് ഇറങ്ങിക്കൊണ്ടിരുന്നു. വെങ്കിയോട് പൊക്കോളാൻ പറഞ്ഞു ഞാനും മുറി വിട്ട് പുറത്തേക്ക് ഇറങ്ങി. പപ്പയുടെ കരച്ചിൽ മുറിക്ക് പുറത്ത് കേൾക്കാമായിരിന്നു. കർത്താവിന്റെ ഫോട്ടോയുടെ മുൻപിൽ മുട്ടുകുത്തിയിരുന്ന് ഞാൻ പാട്ടിയുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു.
പപ്പയെയും പാട്ടിയെയും ഞാൻ ഒരിക്കൽ പോലും ഒന്നിച്ച് കണ്ടിട്ടില്ല. എങ്കിലും ഒരു പ്രണയകാലം അവർ രണ്ടു പേരും ഒരുമിച്ച് ജീവിച്ചു തീർത്തത് ഒരു ചിത്രം പോലെ ഞാൻ കാണാറുണ്ട്.
ആന്റണിവർഗീസ് എന്ന സത്യക്രിസ്ത്യാനി, ദേവകി രാമകൃഷ്ണ അയ്യർ എന്ന് ബ്രഹ്മിൻ പെൺകുട്ടിയെ പ്രണയിച്ച കഥ എന്നെ കുറേ രാത്രികളിൽ കണ്ണീരു കുടിപ്പിച്ചിട്ടുണ്ട്.
പാട്ടി “ഇച്ചായാ…” എന്ന് വിളിക്കുന്നത് കേൾക്കാൻ പപ്പയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നത്രെ. ആദ്യമൊക്കെ അത്താ എന്ന് വിളിച്ചിരുന്ന പാട്ടി പിന്നീട് ഒരു പ്രേത്യേക താളത്തിൽ തമിഴ് ചുവയിൽ ഇച്ചായ എന്ന് വിളിക്കുന്നതിന് ഒരു ഇമ്പമുണ്ടായിരുന്നെന്ന് പപ്പാ എപ്പോഴും പറയുന്നത് കേൾക്കാം.
അവരെ ഒരുമിച്ചു ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല. പക്ഷേ പാട്ടിയുടെ ഒരുപാട് ഫോട്ടോസ് പപ്പയുടെ പഴയ ഇരുമ്പു പെട്ടിയിൽ കേടുപാടുകളേതുമില്ലാതെ ഇപ്പോഴും ഭദ്രമായുണ്ട്. പപ്പയ്‌ക്ക് ഫോട്ടോഗ്രാഫി പണ്ട് തൊട്ടേ ഭയങ്കര ക്രെയിസ് ആയിരുന്നു. ആഗ്രഹാരത്തിലെ അമ്പലത്തിലെ ഉത്സവത്തിന് കയ്യിൽ താലം പിടിച്ചു നിൽക്കുന്ന പതിനേഴുകാരിയായിരുന്ന പാട്ടി. വെള്ളിമൂക്കുത്തിയും ചുവന്ന വലിയ പൊട്ടും ആ മുഖത്തിനൊരു അലങ്കാരമായിരുന്നു. സുന്ദരിയായിരുന്നു പാട്ടി. സാരിത്തലപ്പ് ഇടുപ്പിൽ കുത്തി ആഗ്രഹരത്തിലെ കുട്ടികൾക്ക് നൃത്തം പഠിപ്പിക്കുന്നതും, കോലം വരക്കുന്നതും, കൃഷ്ണന് മുൻപിൽ തൊഴുതു നിൽക്കുന്നതുമൊക്കെയായ ഒരുപാട് ചിത്രങ്ങൾ പപ്പയുടെ ആൽബത്തിൽ ഇപ്പോഴുമുണ്ട്.
അമ്പലത്തിലെ ഉത്സവത്തിനിടയിലാണ് പപ്പാ പാട്ടിയെ ആദ്യമായി കാണുന്നത്. സരസ്വതി ദേവി രൂപം എന്നാണത്രെ ആദ്യ കാഴ്ചയിൽ പപ്പയ്ക്ക് തോന്നിയത്. വലിയ മൂക്കുത്തിയും നെറ്റി നിറഞ്ഞ പൊട്ടും ഇളം മഞ്ഞയിൽ പച്ച ബോർഡറുള്ള ദാവണിയുമായിരുന്നത്രെ വേഷം. ക്ഷേത്രവിളക്കുകൾക്കിടയിൽ ശോഭ കൂടുതൽ തോന്നിച്ചത് ആ പട്ടത്തി പെണ്ണിന്നായിരുനെന്ന് ആണ് പപ്പ പറയാറ്. സാക്ഷാൽ ഭഗവതി…പതിനേഴുകാരി…
പിറ്റേ ദിവസം തന്നെ വഴിയരികിൽ പിടിച്ചു നിർത്തി ഇഷ്ടം പറഞ്ഞത്രേ ആന്റണി വർഗീസ്…ഭയന്ന് നിന്ന പാട്ടിയുടെ പിന്നാലെ പോകാനോ ശല്യം ചെയ്യാനോ പപ്പ പോയിട്ടില്ല.
ആൽത്തറയിലിരുന്ന പപ്പയ്ക്ക് നേരെ വന്നൊരു ചെറു പുഞ്ചിരിയായിരുന്നത്രെ സമ്മതം അറിയിച്ചത്. പിന്നീട് അങ്ങോട്ട് മൗനമായിരുന്നൊരു പ്രണയകാലം…
കൃത്യം പതിനെട്ടു വയസ്സ് തികഞ്ഞതും പാട്ടിക്ക് വിവാഹാലോചന വന്ന് തുടങ്ങിയത്രെ. മുന്നിലെന്താണെന്ന് പോലും ചിന്തിക്കാതെ ആ ഇരുപത്തിരണ്ടുകാരൻ പാട്ടിയുടെ വീട്ടുകാരെ കണ്ടു വിവാഹലോചനയും നടത്തി. പക്ഷെ എടുത്ത് പറയാൻ സ്വന്തമായൊരു ജോലി പോലുമില്ലാത്ത നസ്രാണി ചെക്കനെ അവർ ആട്ടി പുറത്താക്കി…
പുറത്ത് നിൽക്കുമ്പോൾ പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന പാട്ടി അടികൊണ്ട് കരയുന്നത് ഒരു മിന്നായം പോലെ കാണുകയും ചെയ്തത്രെ.
ഉടനെ തന്നെ ആരുടെയോ ഒപ്പം പാട്ടിയെ വിവാഹം കഴിച്ചയക്കുകയും ചെയ്‌തു. നീണ്ട ഏഴു വർഷത്തെ അതിഭീകരമായ ദാമ്പത്യ ജീവിതത്തിനൊടുവിൽ വിധവയായി മടങ്ങി വന്ന പാട്ടി പപ്പയ്ക്ക് പിന്നീടുമൊരു പ്രതീക്ഷയായിരുന്നു.
അയാൾ കാത്തിരുന്നു…അവരോട് കേണപേക്ഷിച്ചു ഒപ്പം വരാൻ…
എന്തുകൊണ്ടോ പപ്പയുടെ ജീവിതം നശിപ്പിക്കുന്നത് പോലെയാണ് പാട്ടിയ്ക്ക് ആ പ്രവൃത്തിയെ തോന്നിയത്. അവർ ഒന്നിനും കൂട്ടാക്കാതെ തന്റെ കുഞ്ഞ് മക്കളെയും നോക്കി ആ ആഗ്രഹാരത്തിൽ തന്നെ കഴിച്ചു കൂട്ടി. പപ്പയ്ക്ക് മുഖം കൊടുക്കാതെ, പപ്പയുടെ കൺവെട്ടത്ത് പോലും വരാതെ ഒരു കുറ്റവാളിയെ പോലെ അവരവിടെ കഴിഞ്ഞു.
പ്രായശ്ചിത്തം പോലെ, സ്വയം ശിക്ഷിക്കും പോലെ…ഇതുവരെ ചെയ്തിട്ടില്ലാത്തൊരു കുറ്റത്തിന്റെ പേരിൽ. പപ്പ ഒരു കാത്തിരിപ്പിലായിരുന്നു. എന്നെങ്കിലും ആ ആഗ്രഹരത്തിന്റെ പഠിപ്പുര വാതിൽ കടന്നവർ വരുമെന്ന് അൽപ്പം മുൻപ് വരെ പപ്പ ആഗ്രഹിച്ചിരുന്നു.
വലിയ പപ്പ ആണെങ്കിലും പപ്പാ എന്ന് തന്നെ വിളിച്ചാൽ മതിയെന്ന് ചെറുപ്പം മുതലേ പറഞ്ഞു തന്നത് എന്റെ പപ്പ തന്നെയായിരുന്നു. പപ്പയുടെ ഏകാന്ത വാസത്തിന് തടസ്സം വരുത്തി ചെറുപ്പം മുതലേ ഞാൻ ഒപ്പം തന്നെയുണ്ട്.
ഉച്ചക്ക് എന്റെ പപ്പ എത്തിയിട്ടാണ് പാട്ടിയുടെ അടുത്തേക്ക് പപ്പയെ കൊണ്ടുപോകാം എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയത്. പപ്പ വല്ലാതെ അവശനായി പോയിരുന്നു. ഞങ്ങളുടെ രണ്ടാളുടെയും കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ ഉടലാകെ വിറയ്ക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
ആഗ്രഹാരത്തിന്റെ പഠിപ്പുര കടന്ന് അകത്തേക്ക് ചെല്ലുമ്പോൾ അത്ഭുതത്തോടെ കുറേ കണ്ണുകൾ ഞങ്ങൾക്ക് നേരെ നീളുന്നത് കണ്ടു. പാട്ടിയുടെ ആങ്ങളമാരും ബന്ധുക്കളും ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. എവിടേ നിന്നോ വെങ്കി കുടയുമായി വന്ന് പപ്പയെ ചേർത്ത് പിടിച്ചു. തടയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു നാവും ചലിച്ചിരുന്നില്ല. യാതൊരു വിധ തടസ്സങ്ങളുമില്ലാതെ ഞങ്ങൾ അകത്തേക്ക് ചെന്നു. പാട്ടിയെ കണ്ടു. സുഖമായി ഉറങ്ങുകയാണെന്നെ തോന്നുകയുള്ളു ആ കിടപ്പ് കണ്ടാൽ. പപ്പ നിലത്തേക്ക് ഊർന്ന് ഇരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടെ പ്രിയപ്പെട്ടവൾക്ക് അവസാന ചുംബനം. കണ്ണ് നിറയ്ക്കുന്നൊരു കാഴ്ചയായിരുന്നത്. അകലെ നിന്ന് മാത്രം സ്നേഹിച്ച മനുഷ്യൻ. സ്നേഹത്തിനു പകരമായി കഴിഞ്ഞ് പോയ വർഷങ്ങളിൽ അയാൾക്ക് നോവുകയല്ലാതെ മറ്റൊന്നും കിട്ടിയിട്ടുമില്ല.
തിരികെ ഇറങ്ങുമ്പോൾ പാട്ടിയുടെ ഏറ്റവും മൂത്ത ജേഷ്ഠൻ വന്ന് പപ്പയുടെ തോളിൽ പിടിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു. കുറ്റബോധം കാരണം അയാളുടെ തല കുനിഞ്ഞിരുന്നു ഒരിക്കൽ ആട്ടി ഇറക്കി വിട്ടതിനു മാപ്പ് അപേക്ഷിക്കും പോലെ….
പുറത്ത് മഴ കനത്ത് തുടങ്ങിയിരുന്നു…അകത്തളത്തിൽ വെള്ളം നിറഞ്ഞു തുടങ്ങിയിരുന്നു. പാട്ടിയെ ഒറ്റയ്ക്ക് ആക്കാൻ കൂട്ടാക്കാത്തത് പോലെ പപ്പ അവർക്ക് അരികിൽ തന്നെയിരുന്നു…കൂട്ടിന് ഞാനില്ലയോ എന്ന പോലെ….