സൂര്യനെ മോഹിച്ചവൾ, ഭാഗം 01, എഴുത്ത്: ശിവ എസ് നായര്‍

മു- ന്നിൽ ചീറിപ്പാഞ്ഞ് വരുന്ന ടാങ്കർ ലോറി കണ്ടതും സുരേന്ദ്രൻ തന്റെ അംബാസിഡറൊന്ന് ഇടത്തേക്ക് വെട്ടിച്ചു. പക്ഷേ ഒരു നിമിഷം വൈകിപ്പോയിരുന്നു. മറ്റൊരു ലോറിയെ ഓവർടേക്ക് ചെയ്ത് വന്ന ടാങ്കർ ലോറി സഡൻ ബ്രേക്ക് ഇടുന്നതിന് മുൻപേ അംബാസിഡറിന് നേർക്ക് ഇടിച്ച് കയറിയിരുന്നു.

കാറിനുള്ളിൽ നിന്നും സുരേന്ദ്രന്റെയും ഭാര്യ ഇന്ദിരയുടെയും നിലവിളി ഉയർന്ന് കേൾക്കാമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുറച്ച് പിന്നോട്ട് പോയ കാർ ഒന്ന് വട്ടം കറങ്ങി ഇടത് വശത്തേക്ക് ചരിഞ്ഞു വീണു. ലോറിയുടെ ഇടിയേറ്റ് അംബാസിഡറിന്റെ മുൻവശം പൂർണ്ണമായും തകർന്ന് തരിപ്പണമായിരുന്നു.

ആക്‌സിഡന്റിന്റെ കാതടിപ്പിക്കുന്ന ശബ്ദം കേട്ട് സമീപവാസികൾ അവിടേക്ക് ഓടിക്കൂടി. പിന്നാലെ വന്ന വണ്ടികളും റോഡിന് ഓരം ചേർന്ന് തങ്ങളുടെ വാഹനം നിർത്തിയിട്ട് അതിദാരുണമായ ആ കാഴ്ച കണ്ട് നിന്നു. നിമിഷങ്ങൾക്കുള്ളിൽ അവിടെ വലിയൊരു ഗതാഗതകുരുക്ക് രൂപപ്പെട്ടു.

തമിഴ്നാട്ടിൽ നിന്നും വന്നൊരു ടാങ്കർ ലോറിയായിരുന്നു കാറിനെ ഇടിച്ചത്. ആക്‌സിഡന്റ് കണ്ട് ഭയന്നുപോയ ലോറി ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ വാഹനമുപേക്ഷിച്ച് അവിടെ നിന്നും ഓടിപ്പോയി.

അതേസമയം അവിടെ ഓടിക്കൂടിയ സമീപവാസികൾ ചേർന്ന് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.

നാട്ടുകാരിൽ ആരോ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസും ആക്‌സിഡന്റ് നടന്ന സ്ഥലത്ത് എത്തിച്ചേർന്നു.

ഒട്ടേറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അംബാസിഡറിൽ കുടുങ്ങിയിരുന്ന മധ്യ വയസ്ക്കരായ ദമ്പതികളെ അവർ പുറത്തെത്തിച്ചു. പക്ഷെ ഇരുവരും അപ്പോഴേക്കും മ- രണപ്പെട്ടിരുന്നു.

ചോ- രയിൽ കുളിച്ച രണ്ട് മൃതദേഹങ്ങളും സ്ട്രച്ചറിൽ എടുത്ത് വച്ച് ആംബുലൻസിലേക്ക് കയറ്റുമ്പോൾ കണ്ട് നിന്ന ആളുകളുടെ മനസ്സും തെല്ലൊന്ന് അസ്വസ്ഥമായി. സുരേന്ദ്രന്റെയും ഇന്ദിരയുടെയും മൃ- തശരീരങ്ങളുമായി ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്ക് പോയി. അതിനോടകം തന്നെ അവിടുത്തെ ഗതാഗതകുരുക്ക് പോലീസ് നിയന്ത്രിച്ചിരുന്നു.

പല്ലാവൂർ ഗ്രാമത്തിലെ അമ്പാട്ട് പറമ്പിൽ തറവാട്ടിലെ കാരണവരാണ് ആക്‌സിഡന്റിൽ മരണപ്പെട്ട സുരേന്ദ്രൻ. സുരേന്ദ്രനും ഇന്ദിരയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടതും ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു പോയെന്നുമുള്ള വാർത്ത അധികം വൈകാതെ തന്നെ പല്ലാവൂർ ഗ്രാമം മൊത്തം അറിഞ്ഞു.

അമ്പാട്ട് പറമ്പിൽ സുരേന്ദ്രനും ഭാര്യ ഇന്ദിരയ്ക്കും ഒരേയൊരു മകനാണ് പേര് സൂര്യനാരായണൻ. പതിനേഴ് വയസ്സുള്ള സൂര്യനിപ്പോ പ്ലസ്‌ ടു കഴിഞ്ഞ് നിൽക്കുകയാണ്. ഇവരെ മൂവരെയും കൂടാതെ അമ്പാട്ട് പറമ്പിൽ തറവാട്ടിൽ സുരേന്ദ്രന്റെ അമ്മ ഭാനുമതിയും അനിയൻ സുശീലനും ഭാര്യ സുധർമ്മയും അവരുടെ രണ്ട് മക്കളും താമസമുണ്ട്.

കാര്യസ്ഥൻ പരമുപിള്ള വഴി അമ്പാട്ട് പറമ്പിൽ തറവാട്ടിലും വിവരമെത്തി. മകന്റെയും മരുമകളുടെയും മരണ വാർത്ത അറിഞ്ഞപാടെ ഭാനുമതിയമ്മ കുഴഞ്ഞുവീണു. ആശുപത്രിയിൽ കൊണ്ട്പോകുന്ന വഴി ഹൃദയാഘാതം മൂലം ആ വൃദ്ധയും ചരമം പ്രാപിച്ചു.

ഈ സംഭവങ്ങളൊക്കെ അരങ്ങേറുമ്പോൾ കൊയ്ത്ത് കഴിഞ്ഞ പാടത്ത് കൂട്ടുകാരുമൊത്ത് കളിച്ചു തിമിർക്കുകയായിരുന്നു സൂര്യ നാരായണൻ. എല്ലാവരും കളിയിൽ ഏർപ്പെട്ടിരുന്നതിനാൽ അവനും കൂട്ടുകാരും തങ്ങൾക്ക് ചുറ്റിനും നടക്കുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

രാവിലെ പത്തരയോടെയാണ് ആക്‌സിഡന്റ് നടന്നത്. ഉച്ച തിരിഞ്ഞ് മൂന്നുമണി കഴിഞ്ഞ നേരത്ത് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് സുരേന്ദ്രന്റെയും ഇന്ദിരയുടെയും മൃതദേഹം ആംബുലൻസിൽ തറവാട്ടിലേക്ക് കൊണ്ട് വരുകയാണ്. തൊട്ട് പിന്നാലെ മറ്റൊരു ആംബുലൻസിൽ ഭാനുമതിയമ്മയുടെ മൃതദേഹവും കൊണ്ട് വരുന്നുണ്ടായിരുന്നു.

പതിവില്ലാതെ തങ്ങളുടെ ഗ്രാമത്തിലെ ചെമ്മൺപാതയിലൂടെ പൊടിപറത്തി കൊണ്ട് പാഞ്ഞുപോകുന്ന രണ്ട് ആംബുലൻസ് കണ്ടിട്ടാണ് സൂര്യനാരായണനും കൂട്ടുകാരും കളി നിർത്തി പാടത്ത് നിന്നും വരമ്പിലേക്ക് കയറുന്നത്.

“എന്താടാ സൂര്യാ പതിവില്ലാതെ ആംബുലൻസൊക്കെ പോവുന്നത്?” സൂര്യന്റെ കൂട്ടുകാരൻ അനന്തനാണ് അത് ചോദിച്ചത്.

“എനിക്കുമറിയില്ലെടാ…വാ നമുക്ക് പോയി നോക്കാം.” പറഞ്ഞുകൊണ്ട് സൂര്യൻ തങ്ങളുടെ സൈക്കിൾ വച്ചിരിക്കുന്ന ഭാഗത്തേക്ക്‌ നടന്നു.

“എടാ സൂര്യാ… നിന്റെ തറവാട്ടിലേക്കുള്ള വഴിയിലേക്കാണല്ലോ ആംബുലൻസ് പോവുന്നത്.” അവന്റെ കൂടെയുണ്ടായിരുന്ന ബിനീഷ് വിളിച്ചു പറഞ്ഞു.

ബിനീഷിന്റെ വാക്കുകൾ കേട്ട് ഉള്ളിലൊരു ആന്തലോടെ സൂര്യൻ ചെമ്മൺപാതയിലേക്ക് നോട്ടമെറിഞ്ഞു. അമ്പാട്ട്പറമ്പിലേക്ക് പോവുന്ന വളവ് തിരിഞ്ഞ് ആംബുലൻസ് അവരുടെ കണ്ണിൽ നിന്ന് മറയുന്നത് അവൻ വ്യക്തമായി കണ്ടു.

ഒരുനിമിഷം ആ കാഴ്ച കണ്ട് സൂര്യന്റെ ഉള്ളൊന്ന് കിടുങ്ങി. ഭീതിയുടെ കരിനിഴൽ ഒരു തേരട്ടയെ പോലെ അവന്റെ ഹൃദയത്തിലേക്ക് ഇഴഞ്ഞിറങ്ങി. മിടിക്കുന്ന നെഞ്ചുമായി അമ്പാട്ട് പറമ്പിൽ തറവാട് ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടുമ്പോൾ ഊർജ്ജം നഷ്ടപ്പെട്ട് അവന്റെ കാലുകൾ കുഴഞ്ഞുപോയിരുന്നു.

സൂര്യന്റെ സമാനമായ മാനസികാവസ്ഥ തന്നെയായിരുന്നു അവന്റെ കൂടെയുള്ള കൂട്ടുകാർക്കും. ആർക്കുമാർക്കും പരസ്പരമൊന്നും ഉരിയാടാൻ കഴിയുന്നുണ്ടായിരുന്നില്ല.

അമ്പാട്ടെ തറവാട്ട് മുറ്റത്തേക്ക് സൈക്കിളും ഉന്തികൊണ്ട് കയറി ചെല്ലുമ്പോൾ ആംബുലൻസിൽ നിന്നും പുറത്തേക്കിറക്കുന്ന അച്ഛന്റെയും അമ്മയുടെയും അച്ഛമ്മയുടെയും വെള്ള പുതപ്പിച്ച ശരീരം കണ്ട് സൂര്യൻ നടുങ്ങിത്തരിച്ച് പ്പോയി. അവന് പിന്നാലെ കയറി വന്ന കൂട്ടുകാരും തൊട്ട് മുന്നിലെ കാഴ്ച കണ്ട് സ്തംഭിച്ചുപോയി.

“സൂര്യാ…” അനന്തൻ അവന്റെ കൈകളിൽ പിടിമുറുക്കി.

പക്ഷേ അനന്തന്റെ കൈകൾ തട്ടിയെറിഞ്ഞ സൂര്യൻ അലറിക്കരഞ്ഞ് കൊണ്ട് മുന്നോട്ടേക്ക് പാഞ്ഞു.

“അച്ഛാ… അമ്മേ…” ഇറയത്തേക്ക് എടുത്തു കിടത്തിയ മാതാപിതാക്കളുടെ ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ച് സൂര്യൻ പൊട്ടിക്കരഞ്ഞു.

സുരേന്ദ്രന്റെയും ഇന്ദിരയുടെയും ബോ- ഡിക്കരികിലായി അച്ഛമ്മയെ കൂടെ കിടത്തിയിരിക്കുന്നത് കണ്ട് സൂര്യന്റെ നിലവിളി ഉച്ചത്തിലായി.

“എന്റെ അച്ഛനും അമ്മയ്ക്കും അച്ഛമ്മയ്ക്കും എന്താ പറ്റിയത്? ആരെങ്കിലുമൊന്ന് പറയ്യ്.”

കാഴ്ചക്കാരെ പോലെ ചുറ്റിനും നിറയുന്ന ആൾക്കൂട്ടത്തെ നോക്കി ഭ്രാന്തനെ പോലെ സൂര്യൻ അലറി.

അവന്റെ അവസ്ഥ കണ്ട് ഒന്ന് സമാധാനിപ്പിക്കാൻ പോലും കഴിയാനാവാതെ മുറ്റത്ത്‌ തന്നെ വിറങ്ങലിച്ചു നിൽക്കുകയാണ് സൂര്യന്റെ കൂട്ടുകാർ.

അച്ഛന്റെയും അമ്മയുടെയും കാലുകൾ കൂട്ടിപ്പിടിച്ച് സൂര്യൻ നെഞ്ച് പൊട്ടി കരഞ്ഞു. കാര്യസ്ഥൻ പരമുപിള്ള അവനരികിലേക്ക് വന്ന് നടന്ന കാര്യങ്ങൾ അറിയിച്ചു. എല്ലാം കൂടെ കേട്ടതും അവന്റെ സമനിലയാകെ താളംതെറ്റി. ഭ്രാന്തനെ പോലെ തന്റെ മുടിക്കുള്ളിലൂടെ വിരലോടിച്ച് അവൻ മുടിയിഴകൾ പിച്ചി വലിച്ചു.

“ഞാൻ…ഞാൻ തനിച്ചായിപോയല്ലോ മാമാ…എനിക്കിനി ആരുണ്ട് മാമാ…” പരമുവിന്റെ നെഞ്ചിലേക്ക് വീണ് സൂര്യൻ തലതല്ലി കരഞ്ഞു.

“വിധിയെ തടുക്കാൻ നമുക്കാവില്ലല്ലോ കുഞ്ഞേ. ഈ അവസ്ഥയിൽ നീ തളർന്ന് പോവരുത്. അച്ഛന്റെയും അമ്മയുടെയും കർമ്മങ്ങൾ നീ വേണം ചെയ്യേണ്ടത്.” പരമുപിള്ള അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

ഉമ്മറ കോലായിൽ അരഭിത്തിയോട് ചേർന്ന് നിറകണ്ണുകളോടെ ഇരിക്കുകയാണ് സുശീലനും ഭാര്യയും മക്കളും. മരിച്ചുകിടക്കുന്ന സ്വന്തം ജേഷ്ഠനെയും ഭാര്യയെയും വകവയ്ക്കാതെ ഭാനുമതിയമ്മയെ നോക്കി സങ്കടപ്പെട്ടാണ് സുശീലനിരിക്കുന്നത്. സുധർമ്മയുടെ മുഖത്ത് നിർവികാരതയായിരുന്നു. അവരുടെ മക്കളായ പത്തും പന്ത്രണ്ടും വയസ്സുള്ള ശ്രുതിയും സുഭാഷും ചുറ്റിനും നടക്കുന്നതൊക്കെ നോക്കി അമ്മയ്‌ക്കരികിൽ ഭയന്ന് വിറച്ചിരിക്കുകയാണ്.

തങ്ങളുടെ വല്യച്ഛനും വല്യമ്മയും അച്ഛമ്മയും ഇനിയില്ല എന്ന സത്യം മാത്രം അവർക്ക് മനസ്സിലായി.

സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.

പല്ലാവൂർ ഗ്രാമം മുഴുവനും അമ്പാട്ട് പറമ്പിൽ തറവാട്ട് മുറ്റത്ത്‌ തടിച്ച് കൂടിയിരുന്നു. അത്രയും ജന സമ്മതനായ വ്യക്തിയായിരുന്നു മരണപ്പെട്ട സുരേന്ദ്രൻ. സുരേന്ദ്രന്റെ മരണത്തോട് കൂടി ആ തറവാട്ടിലിനി സൂര്യന്റെ അവസ്ഥ എന്താകുമെന്നോർത്തായിരുന്നു മിക്കവരുടെയും ആധി. കാരണം സുരേന്ദ്രനും സുശീലനും തമ്മിലുള്ള സ്വത്ത്‌ തർക്കവും അതിന്റെ പേരിൽ നടക്കുന്ന കേസും വഴക്കും അറിയാത്തവരായി ആ നാട്ടിൽ ആരുമില്ല. സുരേന്ദ്രൻ മരിച്ച സ്ഥിതിക്ക് ആ തറവാടും സ്വത്തുക്കളും കയ്യടക്കി സുശീലൻ സൂര്യനെ അവിടുന്ന് അടിച്ചിറക്കാൻ പോലും മടിക്കാത്തൊരു ദുഷ്ടനാണ്.

കാണാനുള്ളവരെല്ലാം കണ്ട് കഴിഞ്ഞപ്പോൾ മൂവരുടെയും മൃതദേഹം തെക്കേ പറമ്പിലേക്ക് എടുക്കപ്പെട്ടു. മൂവർക്കുമുള്ള ചിത അതിനോടകം തന്നെ തെക്കേ പറമ്പിൽ ഒരുങ്ങി കഴിഞ്ഞിരുന്നു.

കുളിച്ച് ഈറനുടുത്തുവന്ന് സൂര്യനും സുശീലനും മരണാനന്തര ചടങ്ങുകൾ നടത്തി. ഏറ്റവുമൊടുവിൽ അച്ഛന്റെയും അമ്മയുടെയും പട്ടടയ്ക്ക് അഗ്നി പകരുമ്പോൾ സൂര്യൻ ആ ചിതയ്ക്കരികിലായി കുഴഞ്ഞ് വീണ് പോയി.

കാര്യസ്ഥൻ പരമുപിള്ള കൃത്യ സമയത്ത് തന്നെ അവനെ താങ്ങിപ്പിടിച്ചത് കൊണ്ട് സൂര്യൻ പൊള്ളലേൽക്കാതെ രക്ഷപെട്ടു.

***************

തെക്കേ പറമ്പിലെ പട്ടടയിൽ അപ്പോഴും കനലുകൾ എരിഞ്ഞുകൊണ്ടിരുന്നു. അന്തരീക്ഷത്തിൽ മാംസം കരിഞ്ഞ ഗന്ധം നിറഞ്ഞ് നിൽക്കുകയാണ്. മരണം അറിഞ്ഞെത്തിയവരൊക്കെ ബോഡി സംസ്കരിച്ചതോടെ അവിടെ നിന്നും മടക്കമായി. വീടുകൾ തൊട്ടടുത്ത് തന്നെ ആയതിനാൽ അടുത്ത ബന്ധുക്കളും ചടങ്ങുകൾ കഴിഞ്ഞതോട് കൂടി അവരവരുടെ വീടുകളിലേക്ക് പോയി. മരണം നടന്നതിന്റെ പേരിൽ ആരും അമ്പാട്ട് പറമ്പിൽ തങ്ങേണ്ട ആവശ്യമില്ലെന്ന സുശീലന്റെ പ്രഖ്യാപനം കാരണം നിൽക്കാനുദ്ദേശിച്ചവരും മടങ്ങിപ്പോയി.

ആളും ആരവവുമൊഴിഞ്ഞ് അമ്പാട്ട് പറമ്പിൽ തറവാട് ഇരുളിലാണ്ട് നിശബ്ദമായി കിടന്നു. അച്ഛന്റെയും അമ്മയുടെയും മുറിയിൽ അവർ തലേന്ന് വരെ കിടന്നിരുന്ന കട്ടിലിൽ കയറി കമഴ്ന്ന് കിടക്കുകയാണ് സൂര്യനാരായണൻ.

ആ മുറിയിൽ അവരുടെ ഗന്ധം അപ്പോഴും നിറഞ്ഞ് നിൽക്കുന്നതായി അവന് അനുഭവപ്പെട്ടു. അവന്റെ മിഴികളിൽ നിന്നും ചാലിട്ടൊഴുകിയ കണ്ണുനീർ തുള്ളികൾ തലയിണയെ നനച്ച് കൊണ്ടിരുന്നു.

പെട്ടെന്നാണ് പിന്നിൽ വാതിൽ പാളികൾ മലർക്കേ തുറന്ന് കൊണ്ട് സുശീലൻ അകത്തേക്ക് പ്രവേശിച്ചത്. അയാളുടെ കണ്ണുകൾ കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന സൂര്യന് നേർക്ക് നീണ്ടുചെന്നു. പ്രതികാരവാജ്ഞയോടെ കണ്ണടച്ച് തുറക്കുന്ന നിമിഷത്തിലാണ് സുശീലന്റെ കൈയിലിരുന്ന ബെൽറ്റ്‌ വായുവിൽ ഉയർന്നുപൊങ്ങി സൂര്യന്റെ പുറംഭാഗത്ത്‌ ശക്തിയിൽ പ്രഹരമേൽപ്പിച്ചത്.

തുടരും….