സൂര്യനെ മോഹിച്ചവൾ, ഭാഗം 02, എഴുത്ത്: ശിവ എസ് നായര്‍

പെട്ടെന്നാണ് പിന്നിൽ വാതിൽ പാളികൾ മലർക്കേ തുറന്ന് കൊണ്ട് സുശീലൻ അകത്തേക്ക് പ്രവേശിച്ചത്. അയാളുടെ കണ്ണുകൾ കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന സൂര്യന് നേർക്ക് നീണ്ടുചെന്നു. പ്രതികാരവാജ്ഞയോടെ അയാൾ അവന് നേർക്ക് പാഞ്ഞുചെന്നു. കണ്ണടച്ച് തുറക്കുന്ന നിമിഷത്തിലാണ് സുശീലന്റെ കൈയിലിരുന്ന ബെൽറ്റ്‌ വായുവിൽ ഉയർന്നുപൊങ്ങി സൂര്യന്റെ പുറം ഭാഗത്ത്‌ ശക്തിയിൽ പ്രഹരമേൽപ്പിച്ചത്.

“അച്ഛാ…” അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അലറികരഞ്ഞുകൊണ്ട് അവൻ പിടഞ്ഞെണീറ്റു.

ആ വേദനയിലും സൂര്യൻ അച്ഛാന്ന് വിളിച്ചാണ് കരഞ്ഞത്. കാരണം കുഞ്ഞുനാൾ മുതലേ അവന് അച്ഛനോടായിരുന്നു കൂടുതലടുപ്പം. അമ്മയുടെ ചൂരൽ കൊണ്ടുള്ള അടിയിൽ നിന്നവനെ രക്ഷിക്കാറുള്ളതും സൂര്യന്റെ സകല കുരുത്തക്കേടിനും കൂട്ട് നിൽക്കുന്നതും അവന്റെ പ്രിയപ്പെട്ട അച്ഛൻ മാത്രമാണ്. പതിനേഴ് വർഷക്കാലം ആ അച്ഛനും മകനും ഉറ്റസുഹൃത്തുക്കളെ പോലെയാണ് അമ്പാട്ട് തറവാട്ടിൽ കഴിഞ്ഞിരുന്നത്. അതെല്ലാം ഒരു പകൽ കൊണ്ടാണ് അവന് നഷ്ടമായത്.

സൂര്യന്റെ അച്ഛാന്നുള്ള വിളി കേട്ടപ്പോൾ സുശീലന് തന്റെ രോഷമടക്കാനായില്ല.

“നായിന്റെ മോനെ… ഈ രാത്രി തന്നെ നീയീ തറവാട്ടിൽ നിന്നിറങ്ങണം. ഇനിയൊരു നിമിഷം പോലും നിന്നെയിവിടെ കണ്ട് പോകരുത്.” ഷർട്ടിന്റെ കോളറിൽ പിടിച്ചുവലിച്ച് അയാളവനെ നടുമുറ്റത്തേക്ക് കൊണ്ട് വന്ന് ആഞ്ഞുതള്ളി.

മുഖമടച്ച് കമഴ്ന്ന് വീണ സൂര്യന്റെ ദേഹത്തേക്ക് ബെൽറ്റ്‌ കൊണ്ടയാൾ തലങ്ങും വിലങ്ങും വീശിയടിച്ചു.

“എന്നെ തല്ലല്ലേ ചെറിയച്ഛാ… എന്തിനാ എന്റെ അച്ഛനോടുള്ള ദേഷ്യം എന്നോട് തീർക്കുന്നത്.” വേദന കൊണ്ട് ഉച്ചത്തിൽ കരയുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു.

“നിന്നെ കൊന്ന് കുഴിച്ചു മൂടാനുള്ള ദേഷ്യമുണ്ടെനിക്ക്. ഇത്രേം കാലം എനിക്ക് കൂടി അവകാശപ്പെട്ട തറവാട്ടിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും വിലക്കി നിർത്തിയിട്ട് ഈ സ്വത്തുക്കളെല്ലാം കൂടി നിന്റെ തന്ത ഒറ്റയ്ക്ക് വച്ചനുഭവിക്കുകയല്ലായിരുന്നോ? എന്തായിരുന്നു നിന്റെ തന്തേടെ ഒരു നെഗളിപ്പ്. ഇപ്പൊ ചത്ത്‌ മലച്ച് മേലോട്ട് പോയില്ലേ. ദൈവം എന്റെ കൂടെയാടാ.”

“ഇനിയൊരക്ഷരം ചെറിയച്ഛൻ എന്റെ അച്ഛനെ പറ്റി പറഞ്ഞു പോവരുത്.” ദേഷ്യത്തോടെ അവൻ മുരണ്ടു.

“പറഞ്ഞാൽ നീ എന്ത് ചെയ്യുമെടാ നാറി. അല്ലെങ്കിൽ തന്നെ ഇത്തിരിപോന്ന പീക്കിരി ചെക്കനായ നിന്നെക്കൊണ്ട് എന്ത് സാധിക്കാനാ.” തനിക്ക് നേരെ നെഞ്ച് വിരിച്ച് വെല്ലുവിളിയോടെ നിന്ന സൂര്യനെ അയാൾ പിന്നോട്ട് തള്ളി.

അവിടെ നടക്കുന്ന രംഗങ്ങൾ കണ്ട് ഒരു വശത്ത് പേടിച്ച് വിറച്ച് നിൽക്കുകയാണ് സുശീലന്റെ ഭാര്യയും മക്കളും. സുധർമ്മയ്ക്കയാളെ തടയണമെന്നുണ്ടെങ്കിലും ഭർത്താവിന്റെ അടിയെ പേടിച്ച് മുന്നോട്ട് വച്ച കാൽ പിന്നോട്ടെടുത്ത് അവർ നിന്നിടത്ത് തന്നെ നിൽപ്പ് തുടർന്നു.

“എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ നിന്ന് എന്നെ പറഞ്ഞയക്കരുത് ചെറിയച്ഛാ. അല്ലെങ്കിൽ തന്നെ ഇവിടം വിട്ട് ഞാനെങ്ങോട്ട് പോകാനാണ്. ഇതൊക്കെ എനിക്ക് കൂടി അവകാശപ്പെട്ടതല്ലേ…”

“ഓഹ്… നീ അവകാശമൊക്കെ പറയാൻ ഇപ്പോഴേ പഠിച്ചോ? എന്നാൽ കേട്ടോ നിന്റെ തന്ത എന്നോട് കാട്ടിയ നെറികേടിന് പകരമായി നിന്നെ ഇവിടുന്ന് അടിച്ച് പുറത്താക്കാൻ പോവുകയാണ് ഞാൻ. ഇത്രയും നാൾ സുഖിച്ചു ജീവിച്ചതല്ലേ ഇവിടെ. ഇനി പോയി തെണ്ടി ജീവിക്കടാ നീ. അത്‌ കണ്ട് നിന്റെ തന്തേടേം തള്ളേടേം ആത്മാവ് ഗതികിട്ടാതെ അലയണം.” പുച്ഛത്തോടെ ചുണ്ട് കോട്ടി സുശീലൻ വികൃതമായി ചിരിച്ചു.

അച്ഛന്റെ മുന്നിൽ ഒന്ന് നിവർന്ന് നിൽക്കാൻ പോലും പേടിയുള്ള ചെറിയച്ഛനാണ്, ഇപ്പൊ തന്റെ മുന്നിൽ നിന്ന് ചന്ദ്രഹാസമിളക്കുന്നത്. ആ സമയം എന്താ ചെയ്യേണ്ടതെന്ന് അവനറിയില്ലായിരുന്നു. സുശീലന്റെ അടികൊണ്ട് അവന്റെ ശരീരത്തിലെ തൊലി പൊട്ടി ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു.

സൂര്യൻ ധരിച്ചിരുന്ന ഷർട്ടിന്റെ പുറം ഭാഗത്ത്‌ രക്തകറ തെളിഞ്ഞു വരുന്നത് കണ്ട് സുശീലന്റെ മുഖത്ത് ക്രൂരമായൊരു പുഞ്ചിരി വിടർന്നു.

“നിന്റെ അച്ഛനും എന്നെ പണ്ട് ഇതുപോലെ പട്ടിയെ തല്ലുന്നത് പോലെ ഇവിടെയിട്ട് തല്ലിയിട്ടുണ്ട്. അയാളുടെ സ്വന്തം ചോരയാണെന്ന പരിഗണന പോലും എനിക്ക് തന്നിട്ടില്ല. അതുകൊണ്ട് എന്നിൽ നിന്ന് ഒരു ദയവും നീയും പ്രതീക്ഷിക്കണ്ടാ. നിന്റെ തന്ത എന്നോട് ചെയ്തതിനൊക്കെ നിന്നെക്കൊണ്ട് ഞാൻ അനുഭവിപ്പിക്കും.” ആക്രോശിച്ചുകൊണ്ട് സൂര്യന്റെ അടുത്തേക്ക് പാഞ്ഞുചെന്ന സുശീലൻ അവനെ നടുമുറ്റത്ത്‌ നിന്നും വലിച്ചിഴച്ച് ഉമ്മറത്തേക്ക് കൊണ്ടുപോയി.

“ഇനിയീ തറവാടിന് ഏഴയലത്തുപോലും നിന്നെ കണ്ട് പോകരുത്. എങ്ങോട്ടെങ്കിലും പോയി ചാവടാ മൈ***…” ഉമ്മറത്ത് നിന്ന് അവനെ അയാൾ മുറ്റത്തേക്ക് തള്ളി.

നിലത്ത് ശിരസ്സിടിച്ച് വീണ സൂര്യന്റെ നെറ്റിയിൽ നിന്നും നിണം ഒലിച്ചിറങ്ങി. അവൻ കണ്ണ് നിറച്ച് ചെറിയച്ഛനെ നോക്കി വിതുമ്പി.

അത് കണ്ട് സുശീലൻ അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിയിട്ട് അകത്ത് കയറി വലിയൊരു ശബ്ദത്തോടെ വാതിൽ പാളികൾ വലിച്ചടച്ചു.

ഷർട്ടിന്റെ തുമ്പ് കൊണ്ട് മുഖത്ത് തെറിച്ച തുപ്പൽ തുടച്ചെടുക്കുമ്പോൾ സൂര്യന്റെ മനസും ഹൃദയവും ഒരുപോലെ നൊന്തു.

ഇനിയും കനൽ എരിഞ്ഞടങ്ങാത്ത അച്ഛന്റെയും അമ്മയുടെയും ചിതയ്‌ക്കരികിലേക്ക് നടന്നെത്തുമ്പോൾ അവൻ വേച്ചുപോയിരുന്നു.

“എന്തിനാ അച്ഛാ ചെറിയച്ഛൻ എന്നെ തല്ലി പുറത്താക്കിയത്? ഞാനെന്ത് തെറ്റ് ചെയ്തിട്ടാ… അച്ഛനോടുണ്ടായിരുന്ന ദേഷ്യമൊക്കെ എന്റെ പുറം അടിച്ചുപൊളിച്ചാ ചെറിയച്ഛൻ തീർത്തത്.

അച്ഛനും അമ്മയും ഇതൊക്കെ കാണുന്നുണ്ടോ? എനിക്ക് നോവുന്നച്ഛാ… അച്ഛനും അമ്മയും അച്ഛമ്മയുമില്ലാത്ത തറവാട്ടിൽ എനിക്കും സ്ഥാനമില്ലാതായി…” മൂവരോടും പതം പറഞ്ഞ് കരഞ്ഞുകൊണ്ട് സൂര്യൻ ആ മണ്ണിൽ തന്നെ കിടന്നു.

അവന്റെ മിഴികൾ നിറഞ്ഞ് തുളുമ്പി.

സൂര്യന് ഓർമ്മവച്ച നാൾ മുതൽ അവൻ കാണുന്നത് അമ്പാട്ട് തറവാട്ടിനോട് ചേർന്നുള്ള ചായ്‌പ്പിൽ അവിടുത്തെ ഒരു ആശ്രിതനെ പോലെ കഴിഞ്ഞിരുന്ന ചെറിയച്ഛനെയും കുടുംബത്തെയുമാണ്. അച്ഛനും ചെറിയച്ഛനും തമ്മിൽ വലിയ വഴക്കും ബഹളവുമൊക്കെ നടന്നിട്ടുണ്ടെന്നും അതിനെ തുടർന്ന് തറവാട്ടിൽ നിന്ന് അയാൾക്കും കുടുംബത്തിനും ഭ്രഷ്ട് നൽകി ചായ്‌പ്പിൽ താമസിപ്പിച്ചതൊക്കെ അച്ഛനാണെന്ന് മാത്രമേ അവനറിയൂ. അവർ തമ്മിലുള്ള പ്രശ്നമെന്താണെന്ന് അച്ഛനോ അമ്മയോ അച്ഛമ്മയോ ഒന്നും അവന് പറഞ്ഞു കൊടുത്തിട്ടില്ല. അതേക്കുറിച്ച് മൂവരോടും ചോദിക്കുമ്പോൾ അറിയേണ്ട പ്രായമാകുമ്പോൾ എല്ലാം താൻ തന്നെ പറഞ്ഞു തരാമെന്നുള്ള സുരേന്ദ്രന്റെ വാക്കുകൾ സൂര്യൻ ശിരസ്സാവഹിക്കും. ഒരു പരിധിയിൽ കവിഞ്ഞ് സുശീലനോടും കുടുംബത്തോടും അടുത്തിടപഴകാനും സുരേന്ദ്രൻ, മകന് അനുവാദം നൽകിയിട്ടില്ലായിരുന്നു.

അതുപോലെതന്നെ സുരേന്ദ്രനോടുള്ള ഭയത്താൽ അയാൾക്ക് മുന്നിൽ സ്വന്തം അനുജനായ സുശീലൻ പഞ്ചപുച്ഛമടക്കി നിൽക്കുന്നത് മാത്രമേ സൂര്യൻ കണ്ടിട്ടുള്ളു. ആ അയാളാണ് ഇന്ന് തന്റെ അച്ഛന്റെ ചിതയുടെ ചൂടാറും മുൻപേ തനിക്ക് കൂടി അവകാശപ്പെട്ട തറവാട്ടിൽ നിന്നും അടിച്ച് പുറത്താക്കിയിരിക്കുന്നത്.

“മോനേ… സൂര്യാ…” തോളിൽ ആരുടെയോ കരസ്പർശമറിഞ്ഞതും അവൻ മുഖമുയർത്തി നോക്കി.

“പിള്ള മാമാ…” കാര്യസ്ഥൻ പരമുപിള്ളയെ കണ്ട് സൂര്യനയാളെ കെട്ടിപിടിച്ചു കരഞ്ഞു.

“ചെറിയച്ഛൻ മോനെ അടിച്ചു പുറത്താക്കിയല്ലേ?” അവന്റെ മുറിപ്പാടിലൂടെ വിരലോടിച്ചുകൊണ്ട് പരമു ചോദിച്ചപ്പോൾ അവൻ ശിരസ്സനക്കി.

“എന്തിനാ മാമാ ചെറിയച്ഛനെന്നെ തല്ലിയത്. ഞാനെന്ത് തെറ്റ് ചെയ്തിട്ടാ…”

“നിന്റെ അച്ഛനോടുള്ള പക നിന്നോട് തീർത്തതാണ് മോനെ. സുരേന്ദ്രൻ അങ്ങുന്നിന്റെ മരണത്തോടെ മോനെ സുശീലനിവിടുന്ന് അടിച്ചിറക്കുമെന്ന കാര്യം ഞാൻ പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ അത് ഇത്രവേഗം ചെയ്ത് കളയുമെന്ന് ഒരിക്കലും വിചാരിച്ചതല്ല.”

“അച്ഛനും ചെറിയച്ഛനും തമ്മിൽ എന്തായിരുന്നു മാമാ പ്രശ്നം?”

“പറയാം മോനെ… നീയാദ്യം ഇവിടുന്ന് എഴുന്നേൽക്ക്. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ. വാ… നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. അവിടെ നിന്ന് നിന്നെയാരും ഇറക്കി വിടില്ല.” പരമുപിള്ള അവന്റെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു.

ദേഹത്ത് പറ്റിയ മണ്ണൊക്കെ കൈകൊണ്ട് തൂത്ത് ഇടറുന്ന ചുവടുകളോടെ കാര്യസ്ഥൻ പരമുവിനൊപ്പം അമ്പാട്ട് തറവാട് വളപ്പ് വിട്ടിറങ്ങുമ്പോൾ സൂര്യൻ അവസാനമായൊന്ന് തിരിഞ്ഞുനോക്കി.

ജനിച്ചുവളർന്ന തറവാട്ടിൽ നിന്നും എന്തിനെന്ന് പോലുമെന്നറിയാതുള്ളൊരു പടിയിറക്കം അവന്റെ നെഞ്ചിൽ വേദന നിറച്ചു.

****************

“ഇത്ര നേരായിട്ടും ഒന്നും കഴിക്കാതിരിക്കുവല്ലേ മോനെ. ദാ ഈ കഞ്ഞി കുടിക്ക്.” ഒരു സ്റ്റീൽ പാത്രത്തിൽ കുറച്ചു കഞ്ഞി വിളമ്പി പരമുവിന്റെ ഭാര്യ യശോധ അവന് മുന്നിൽ കൊണ്ട് വച്ച് പറഞ്ഞു.

“എനിക്ക് വിശപ്പില്ല മാമി…”

“അതൊന്നും പറഞ്ഞാൽ പറ്റില്ല… ഇത്തിരിയെങ്കിലും കുടിച്ചേ പറ്റു.” സ്പൂണിൽ കഞ്ഞി കോരി സൂര്യന്റെ ചുണ്ടോട് അടുപ്പിച്ച് പരമു പറഞ്ഞതും അവന് വായ തുറക്കാതിരിക്കാനായില്ല.

സുരേന്ദ്രന്റെ വലംകൈയ്യായി നടന്നിരുന്നവനാണ് കാര്യസ്ഥൻ പരമുപിള്ള. അയാളുടെ അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ അമ്പാട്ട് പറമ്പിലെ കാര്യസ്ഥന്മാരായിരുന്നു.

“എനിക്കിനി തറവാട്ടിലേക്ക് തിരിച്ച് പോകാൻ പറ്റില്ലേ മാമാ.” കഞ്ഞി കുടിക്കുന്നതിനിടയിൽ സൂര്യൻ അയാളോട് ചോദിച്ചു.

“നിന്റെ ചെറിയച്ഛന്റെ സ്വഭാവം വച്ച് ആ തറവാടും സ്വത്തുക്കളുമെല്ലാം അവൻ തന്നെ കയ്യടക്കി വയ്ക്കുമെന്നാണ് തോന്നുന്നത്. ഒന്നിലും അവകാശം പറഞ്ഞ് ചെല്ലാൻ നിനക്ക് കഴിയാത്ത വിധം എന്തെങ്കിലും കുരുക്ക് സുശീലൻ ഉണ്ടാക്കും.

ഇത്രയും വർഷങ്ങൾ നിന്റെ അച്ഛൻ അവനെ അമ്പാട്ടെ വാല്യക്കാരനെ പോലെ അവിടെ നിർത്തിയതിന്റെ ചൊരുക്ക് കാണാതിരിക്കില്ലല്ലോ. പ്രതികാരം വീട്ടാൻ ഒരവസരം കിട്ടിയപ്പോൾ സുശീലനത് നിന്റെ നേർക്ക് തന്നെ പ്രയോഗിച്ചു.”

“മാമനറിയില്ലേ അച്ഛനും ചെറിയച്ഛനും തമ്മിലുള്ള പ്രശ്നം?”

“അറിയാം…”

“എങ്കിൽ പറയ്യ് മാമാ…” ആകാംക്ഷയോടെ സൂര്യൻ പരമുപിള്ളയെ നോക്കി.

“നിന്റെ അച്ഛന്റെ നേരെ വിപരീതമായ സ്വഭാവമായിരുന്നു നിന്റെ ചെറിയച്ഛന്… അതൊക്കെ തന്നെയായിരുന്നു പ്രശ്നങ്ങൾക്ക് കാരണവും..!” ഒരു ദീർഘ നിശ്വാസത്തോടെ കാര്യസ്ഥൻ പരമുപിള്ള പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *