മെമ്പർ സുഗുണൻ കുറച്ച് ആൾക്കാരേം കൂട്ടി പോലിസ് ജീപ്പിന് പിന്നാലെ തന്നെ വിട്ടു. എസ് ഐ യുടെ ജീപ്പ് സ്റ്റേഷൻ കോമ്പൗണ്ട് കടക്കുമ്പോൾ അവരും തൊട്ട് പിന്നാലെ അവിടെ എത്തിച്ചേർന്നു.
“നിങ്ങള് ദാ അവിടെ ഇരുന്നോ… ഇവരെയൊന്ന് ചോദ്യം ചെയ്തിട്ട് നിങ്ങളെ ഞാൻ വിളിപ്പിക്കുന്നുണ്ട്.” സ്റ്റേഷന് മുന്നിലെ വരാന്തയിൽ ഇട്ടിരുന്ന മര ബെഞ്ച് ചൂണ്ടിക്കാട്ടി എസ് ഐ അശോകൻ സുഗുണനോടായി പറഞ്ഞിട്ട് രതീഷിനെയും സുശീലനെയും അകത്തേക്ക് കൊണ്ട് പോയി.
സുഗുണനും ഒപ്പം വന്ന ആൾക്കാരും ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. അവിടെയിരുന്നാൽ അകത്ത് ചോദ്യം ചെയ്യുന്നതൊക്കെ അവർക്കും കേൾക്കാമായിരുന്നു.
രതീഷിനെ ഒരു മൂലയിലേക്ക് മാറ്റി നിർത്തിയിട്ട് സുശീലനെ അടുത്തേക്ക് വിളിച്ചിട്ട് എസ് ഐ കസേരയിലേക്ക് അമർന്നു.
“രതീഷ് എത്ര നാളായി സുരേന്ദ്രന്റെ വെയർ ഹൌസിൽ ജോലിക്ക് വരാൻ തുടങ്ങിയിട്ട്?”
“നാല് വർഷം കഴിയും സാർ. മിക്കപ്പോഴും ചേട്ടന്റെ കൂടെ ഇയാൾ തറവാട്ടിൽ വരുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയാണ് രതീഷിനെ എനിക്ക് കണ്ട് പരിചയമായത്.”
“സുരേന്ദ്രൻ ക-ഞ്ചാവ് കടത്തിയിരുന്ന വിവരം നിനക്കറിയില്ലെന്ന് പറഞ്ഞത് സത്യമാണോ. കിലോ കണക്കിന് ലഹരി സ്വന്തം തറവാട്ടിൽ സൂക്ഷിച്ചിരുന്നത് നീ കണ്ടിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പോലീസിന് കുറച്ച് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് സത്യം പറയുന്നതാണ് നിനക്ക് നല്ലത്.”
“അയ്യോ സാറേ… ഞാൻ പറയുന്നത് സത്യമാണ്. എന്റെ ചേട്ടന് ഇങ്ങനെയൊരു ബിസിനസ് ഉണ്ടായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. ഞാനോ എന്റെ ഭാര്യയോ മക്കളോ ആ തറവാട്ടിനുള്ളിൽ കയറാറില്ല. ചേട്ടൻ കയറ്റിയിട്ടില്ല എന്നതാണ് സത്യം. എന്റെ ഭാര്യേം പിള്ളേരും ആ തറവാടിനകം ആദ്യമായി കാണുന്നത് തന്നെ അവർ മരിച്ച ദിവസമാണ്.
വർഷങ്ങളായി ഞാനും ചേട്ടനും തമ്മിൽ അത്ര രസത്തിലല്ലായിരുന്നു. ഞങ്ങളുടെ താമസം പോലും തറവാട്ടിനോട് ചേർന്ന ചായ്പ്പിലാണ്.”
“എന്തായിരുന്നു ചേട്ടനുമായി പ്രശ്നമുണ്ടാവാൻ കാരണം?”
“അത് കുറച്ചു പഴയ കഥയാണ് സാറേ. ഇന്നാട്ടിൽ അതൊന്നും അറിയാത്ത ആരുമില്ല.”
“ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞാ മതി നീ.” അശോകൻ ശബ്ദമുയർത്തി.
സുശീലൻ ചുറ്റിനുമൊന്ന് കണ്ണോടിച്ചുകൊണ്ട് ഒന്ന് മുരടനക്കി സംസാരിക്കാൻ തയ്യാറെടുത്തു. താൻ പറയാൻ പോകുന്ന കാര്യങ്ങൾ പുറത്ത് നിൽക്കുന്ന പഞ്ചായത്ത് മെമ്പർ സുഗുണനും അയൽക്കാരും കേൾക്കുകയെന്നതാണ് അയാളുടെ ലക്ഷ്യം.
“സാറേ… എന്റെ അമ്മ എന്റെ അച്ഛന്റെ രണ്ടാം ഭാര്യയായിരുന്നു. അച്ഛന് ആദ്യ ഭാര്യയിലുണ്ടായ മോനാണ് എന്റെ ചേട്ടൻ സുരേന്ദ്രൻ. അച്ഛൻ ഒന്നാണെങ്കിലും അമ്മ രണ്ടായിരുന്നു. പക്ഷേ എനിക്ക് ഓർമ്മ വച്ച നാൾ മുതൽ എന്റെ അമ്മ എന്തിനും ഏതിനും കൂടുതൽ പരിഗണനയും സ്നേഹ വാത്സല്യങ്ങളും കൊടുത്തിരുന്നത് എന്റെ ചേട്ടനായിരുന്നു. സ്വന്തം മോനായിട്ട് കൂടി അമ്മയ്ക്ക് ഞാൻ രണ്ടാം തരക്കാരനായി മാറി. ഇതിനെല്ലാം കാരണക്കാരനായ സുരേന്ദ്രൻ ചേട്ടനോട് ചെറുപ്പം മുതൽ എനിക്ക് തീർത്താൽ തീരാത്ത പകയായിരുന്നു.
എല്ലാവരുടെയും മുന്നിൽ നല്ല പിള്ള ചമഞ്ഞു ചേട്ടൻ വിലസി നടന്നപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ ഞാനൊരു തല്ല് കൊള്ളിയായി മാറി. അല്ലെങ്കിൽ തന്നെ എങ്ങനെ മാറാതിരിക്കും. പെറ്റമ്മയുടെ സ്നേഹം വല്ലവനും കൂടെ പങ്കിട്ട് പോകുന്നത് ഏത് മക്കൾക്കാ സാറെ സഹിക്കാൻ പറ്റുക?
വീട്ടിൽ നിന്നുള്ള സ്നേഹ രാഹിത്യം കാരണമാണ് സാറേ ഞാൻ കള്ള് കുടിയും ചീട്ട് കളിയും തുടങ്ങിയത്. അല്ലാതെ വേറൊരു മോശം സ്വഭാവവും എനിക്കില്ലായിരുന്നു. അച്ഛന് മുന്നിൽ എന്നെ കള്ളനാക്കാൻ വളപ്പിലെ തേങ്ങയും മറ്റും പെറുക്കി വിറ്റ് ആ കാശ് കുടിച്ച് ബോധമില്ലാതെ ഉറങ്ങുന്ന എന്റെ ഷർട്ടിന്റെ പോക്കറ്റിൽ അവൻ തിരുകി വയ്ക്കും.
അതോടെ ചേട്ടൻ കാരണം അച്ഛനും അമ്മയ്ക്കും മുന്നിൽ തറവാട് കട്ട് മുടിക്കുന്നവനായി ഞാൻ. അവൻ കാരണം അച്ഛനെന്നെ തൂണിൽ കെട്ടിയിട്ട് ബെൽറ്റ് കൊണ്ട് തല്ലി ചതച്ചിട്ടുണ്ട്.
ഞാൻ നിരപരാധിയാണെന്ന് തെളിയിക്കാൻ എന്റെ കയ്യിൽ തെളിവൊന്നുമില്ലായിരുന്നു. അല്ലെങ്കിലും മ-ദ്യപിച്ച് നടക്കുന്ന എന്റെ വാക്ക് ആര് കേക്കാനാ സാറേ. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അമ്പാട്ടെ തറവാട്ടിൽ ആ സംഭവം അരങ്ങേറിയത്.
രാവിലെ അച്ഛനും അമ്മയും ഏതോ അമ്പലത്തിൽ തൊഴാൻ പോയിരുന്നു. തറവാട്ടിൽ ചേട്ടൻ ഒറ്റയ്ക്കായിരിന്നു. കൂട്ടുകാരോടൊപ്പം മദ്യ സേവ കഴിഞ്ഞു ഞാൻ തറവാട്ടിലെത്തുമ്പോൾ അച്ഛന്റെ പെങ്ങളെ മോൾ ഇന്ദിരയെ എന്റെ ചേട്ടൻ പീ- ഡി- പ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ചേട്ടന് അവളോടൊരു ഇഷ്ടമുണ്ടായിരുന്നു. പക്ഷേ ഇന്ദിരയ്ക്ക് അത്ര വലിയ താല്പര്യമൊന്നുമില്ലായിരുന്നു. അവൾക്ക് വേറെ ആലോചനകൾ വരുന്നുണ്ടെന്ന് അറിഞ്ഞിട്ട് അവളെ വളഞ്ഞ വഴിയിൽ കൂടി സ്വന്തമാക്കാൻ ചേട്ടൻ കണ്ടെത്തിയ മാർഗമായിരുന്നു ബലപ്രയോഗത്തിലൂടെ ഇന്ദിരയെ തന്റേതാക്കുകയെന്നത്. ചേട്ടൻ ഉദേശിച്ചത് നടക്കുകയും ചെയ്തു.
കുടിച്ച് കൂ- ത്താടി ഞാൻ വരുമ്പോൾ കണ്ടത് അർദ്ധ ന-ഗ്നരായി കിടക്കുന്ന ചേട്ടനെയും അവളെയുമാണ്. പക്ഷേ അതിനിടയ്ക്ക് അച്ഛനും അമ്മയും എത്തി. അവർ വരുന്നതിന് തൊട്ട് മുൻപാണ് ഞാൻ തറവാട്ടിൽ വന്ന് കേറിയത്. എന്റെ കണ്ട് ചേട്ടൻ പരിഭ്രമിച്ച് നിക്കുമ്പോഴാണ് അച്ഛന്റേം അമ്മേടേം വരവ്. അതോടെ ഇന്ദിരയോട് അവളെ അച്ഛൻ കെട്ടണമെങ്കിൽ ഞാനവളെ പീ-ഡിപ്പിക്കാൻ ശ്രമിച്ചെന്ന് നുണ പറയണമെന്ന് ഭീഷണിപ്പെടുത്തി അടുക്കള വാതിൽ വഴി ചേട്ടൻ പുറത്തേക്ക് ഓടി രക്ഷപെട്ടു.
അച്ഛനും അമ്മയും അകത്തേക്ക് കയറി വന്നപ്പോൾ ഇന്ദിര കരഞ്ഞുകൊണ്ട് അവർക്കടുത്തേക്ക് ഓടി ക- ള്ളും മോന്തി വന്ന് ഞാൻ പീ- ഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ആ പ്രശ്നത്തോടെ എന്റെ ഭാഗമൊന്ന് പറയാൻ കൂടി സമ്മതിക്കാതെ അച്ഛനെന്നെ അടിച്ച് പുറത്താക്കി. ചേട്ടൻ ഒന്നുമറിയാത്തവനെ പോലെ വന്ന് കയറി ഇന്ദിരയെ അവന് ഇഷ്ടമാണെന്നും അവളെ കെട്ടിക്കോളാമെന്നും പറഞ്ഞു.
എന്നെ അവിടുന്ന് ഓടിച്ച് വിട്ട് സ്വത്തുക്കൾ കൈക്കലാക്കി നാട്ടുകാരേം പറ്റിച്ചാണ് അവൻ ജീവിച്ചിരുന്നത്. അച്ഛന്റെ മരണ ശേഷം എന്റെ ഓഹരി ചോദിച്ചു ചെന്നപ്പോ അവനെന്നെ അടിച്ചിറക്കി. എന്നെ തറവാട്ടിൽ നിന്ന് പറഞ്ഞു വിടരുതെന്ന് എന്റെ അമ്മ പറഞ്ഞത് കൊണ്ട് മാത്രമാണ് ചായ്‌പ്പിലെങ്കിലും എനിക്കും കുടുംബത്തിനും കിടക്കാൻ പറ്റിയത്. എല്ലാം ഒറ്റയ്ക്ക് വച്ച് അനുഭവിച്ച് ഒടുവിൽ കാലവനെ നേരത്തെ കൊണ്ട് പോവേം ചെയ്ത്. പക്ഷേ എന്റെ ചേട്ടൻ കാരണം തകർന്നത് എന്റെ ജീവിതമാണ് സർ. നാട്ടുകാർക്കും വീട്ടകാർക്കുമിടയിൽ ചീത്തപ്പേരായി തല്ല് കൊള്ളിയെന്ന് പേര് വീണ് എല്ലാവർക്കും വെറുക്കപ്പെട്ടവനായി പന്ത്രണ്ട് വർഷമായി ആ ചായ്‌പ്പിൽ ഞാൻ കഴിഞ്ഞു കൂടി. എനിക്കർഹമായത് വാങ്ങിച്ചെടുത്തിട്ടേ അവിടുന്ന് ഇറങ്ങാവൂന്ന് കരുതിയാ കടിച്ചു തൂങ്ങി നിന്നത്.
ചേട്ടന് എന്തൊക്കെയോ രഹസ്യങ്ങളും അനധികൃതമായി പണം സമ്പാദിക്കുന്നുണ്ടെന്നും എനിക്ക് ഉറപ്പായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ഇതിൽ എനിക്കൊരു മനസ്സറിവുമില്ല സർ. എന്റെ ചേട്ടന് നല്ല വക്ര ബുദ്ധിയായിരുന്നു. ഈ നാട്ടുകാരും ആ മെമ്പറുമൊക്കെ ഒരു മണ്ടന്മാരായത് കൊണ്ട് കുറച്ചു പുത്തൻ കാണിച്ച് അവരെ എന്റെ ചേട്ടൻ പറ്റിച്ചുകൊണ്ടിരുന്നു. നിരപരാധിയായ എനിക്ക് കഷ്ടപ്പാടും ദുരിതവും. ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാലും വിശ്വസിക്കോ സർ… കാരണം നാട്ടുകാർക്കിടയിൽ അവന് അത്രയ്ക്കുണ്ടായിരുന്നു സ്വാധീനം.” ആരെയും വിശ്വസിപ്പിക്കാൻ പോന്ന തരത്തിലായിരുന്നു സുശീലന്റെ അഭിനയം.
പോലിസ് സ്റ്റേഷന്റെ പുറത്ത് അയാൾ പറഞ്ഞതൊക്കെ കേട്ടുകൊണ്ട് നിന്ന മെമ്പർ സുധാകരന്റെയും മറ്റുള്ളവരുടെയും മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി. തങ്ങൾ ഇത്രയും വർഷങ്ങൾ പറ്റിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവ് അവരെ രോഷാകുലരാക്കി പറ്റി.
അതിസമർത്ഥനയി സ്വന്തം മുഖം രക്ഷിക്കുകയും നിരപരാധിയായ സ്വന്തം ചേട്ടന്റെ സൽപ്പേരിൽ കളങ്കം വരുത്തുകയും ചെയ്തതോടെ സുശീലൻ മനസ്സിൽ ഉദേശിച്ചത് നടന്നു.”
“നിന്റെ ചേട്ടൻ പഠിച്ച കള്ളനാണല്ലോ. എന്തായാലും എല്ലാരേം അധിക കാലം പറ്റിക്കാൻ പറ്റില്ലെന്ന് ഇപ്പൊ മനസ്സിലായില്ലേ. നാശം പിടിച്ചവൻ ചത്തു തുനിഞ്ഞില്ലെങ്കി എപ്പഴേ ഞാനവനെ ജയിലിലാക്കിയേനെ.” ക്രോധത്തോടെ അശോകൻ ടേബിളിൽ ആഞ്ഞിടിച്ചു.
“എടോ തോമസേ… താൻ പുറത്ത് നിക്കുന്നവരോട് അകത്തേക്ക് വരാൻ പറയ്യ്.” അശോകനൻ പറഞ്ഞത് കേട്ട് പുറത്തേക്ക് പോയ കോൺസ്റ്റബിൾ തോമസ് മെമ്പർ സുഗുണനെയും കൂടെയുള്ളവരെയും കൂട്ടി അകത്തേക്ക് വന്നു.
തങ്ങളുടെ നാടകങ്ങൾ ഫലം കണ്ടോന്ന് അറിയണമെങ്കിൽ സുഗുണൻ വായ തുറക്കണമെമെന്ന് സുശീലനോർത്തു.
സുഗുണന്റെ വാക്കുകൾക്ക് കാതോർത്ത് അയാൾ നിന്നു.
തുടരും…