സൂര്യനെ മോഹിച്ചവൾ, ഭാഗം 13, എഴുത്ത്: ശിവ എസ് നായര്‍

സൂര്യന്റെ തിരിച്ചുവരവ് അറിഞ്ഞതും സനൽ ഉന്മേഷവാനായി. അന്ന് രാത്രി അർമാദിക്കണമെന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് സനൽ സൂര്യനെയൊന്ന് കാണാനായി എഴുന്നേറ്റു. കുറേദിവസം ആശുപത്രിയിൽ തിന്നും കുടിച്ചും കിടന്ന് അവനൊന്ന് തുടുത്തു കാണുമെന്ന് മനസ്സിൽ ചിന്തിച്ച് കൊതിയോടെ സനൽ കൈകൾ കൂട്ടിത്തിരുമി. ആ നിമിഷം അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിഞ്ഞു.

നിലത്ത് പായ വിരിച്ച് ചുരുണ്ടുകൂടി കിടക്കുകയായിരുന്നു സൂര്യൻ. രാത്രി സനലും സംഘവും വരുമ്പോൾ അവരെ എങ്ങനെ നേരിടാമെന്ന് അവൻ മനസ്സിൽ കണക്ക് കൂട്ടുകയായിരുന്നു.

അപ്പോഴാണ് അവനരികിൽ ഒരു വഷളൻ ചിരിയോടെ സനൽ വന്ന് നിന്നത്.

“നിനക്കിപ്പോ എങ്ങനെയുണ്ട്?” അരികിൽ സനലിന്റെ പരുക്കൻ ശബ്ദം കേട്ട് സൂര്യൻ തല ചരിച്ച് നോക്കി.

ആർത്തിയോടെ തന്നെ നോക്കുന്ന അവനെ കണ്ടതും സൂര്യന്റെ മിഴികളിൽ കോപം ഇരച്ചെത്തി.

“ഇപ്പൊ കുറച്ചു കുറവുണ്ട്.”

“കുറച്ചുദിവസം ആശുപത്രിയിൽ കിടന്നിട്ട് വന്നപ്പോൾ നീയൊന്ന് തുടുത്തിട്ടുണ്ട്.” അവന്റെ തുടയിലൂടെ വിരലോടിച്ച് കൊണ്ട് സനൽ ചിരിച്ചു.

സൂര്യൻ ഒന്നും മിണ്ടാതെ അവന്റെ കൈ തട്ടി മാറ്റി.

“ഇത്രേം ദിവസം നിന്നെ കാണാതെ ഞാനൊത്തിരി വിഷമിച്ചു. ഇപ്പൊ നിന്നെ കണ്ടപ്പോഴാ എനിക്ക് സമാധാനമായത്. എന്നും രാത്രി നിന്നെ തേടി വന്നത് ഞാൻ തന്നെയായിരുന്നു. ഇന്ന് രാത്രിയും ഞാൻ വരും. നിനക്ക് നോവാതെ കാര്യങ്ങൾ സുഖമായി നടക്കണമെങ്കിൽ നീയുമൊന്ന് സഹകരിച്ച് കിടക്കേണ്ടി വരും. എങ്കിൽ ഇതുപോലെ വീണ്ടും ഹോസ്പിറ്റലിൽ പോയി കിടക്കേണ്ടി വരില്ല നിനക്ക്.”

“നീയാണല്ലേ എന്നോട് അങ്ങനെയൊക്കെ ചെയ്തത്… വൃത്തികെട്ടവൻ… ഇനി നീയെന്നെ ഉപദ്രവിക്കരുത്. നിന്റെയീ വൃത്തികെട്ട കൈകൾ കൊണ്ട് എന്നെയിനി തൊട്ട് പോകരുത്.” മനസ്സിൽ അടക്കി വച്ചിരുന്ന ദേഷ്യവും പകയും സൂര്യന്റെ മുഖത്ത് പ്രകടമായിരുന്നു.

“നാ- *യിന്റെ മോനേ… എന്നോട് തട്ടികേറാൻ മാത്രം ധൈര്യമുണ്ടോടാ നിനക്ക്??? നിന്നെ ഇപ്പൊ ഇവിടെ എല്ലാരേം മുന്നിലിട്ട് ചെയ്യാൻ അറിയാഞ്ഞിട്ടല്ല. ഒരുത്തനും എന്നോട് ചോദിക്കാൻ വരില്ല. കാണണോ നിനക്ക്?” ആക്രോശിച്ചു കൊണ്ട് സനൽ അവന്റെ നേർക്കടത്തു.

“എന്നെ തൊട്ടാൽ നീ വിവരമറിയും.” കടുത്ത മുഖത്തോടെ സൂര്യൻ പായയിൽ എഴുന്നേറ്റിരുന്നു.

“എനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് ഞാൻ കാണിച്ചു തരാടാ നാ-*യേ.” സൂര്യനെ നിലത്തേക്ക് ആഞ്ഞുതള്ളി സനൽ അവന്റെ പുറത്തേക്ക് ചാടിക്കയറി.

പെട്ടെന്നാണ് സൂര്യന്റെ കാലുകൾ സനലിന്റെ അ- ടിവയറിന് താഴെ ശക്തിയിൽ പ്രഹരമേൽപ്പിച്ചത്.

“ഹമ്മേ…” അപ്രതീക്ഷിതമായി കിട്ടിയ തൊഴിയിൽ സനൽ പിന്നിലേക്ക് മലർന്നടിച്ചു വീണു.

സമയമൊട്ടും പാഴാക്കാതെ പിടഞ്ഞെണീറ്റ സൂര്യൻ അവന്റെ സ്വകാര്യ ഭാ-ഗം നോക്കി മുട്ടുമടക്കി ഒരു ചവിട്ട് കൂടി കൊടുത്തു.

കണ്ണിൽ നിന്നും പൊന്നീച്ച പാറിയത് പോലെ സനൽ വേദനയാൽ അടിനാഭി കൈകൊണ്ട് അമർത്തി നിലത്ത് മുട്ടുകുത്തിയിരുന്നു പോയി.

“എന്നെ കൈവച്ചാൽ ഇനിയും നിനക്ക് കിട്ടും. മര്യാദക്ക് പൊയ്ക്കോ, അതാ നിനക്ക് നല്ലത്.” എവിടെ നിന്നോ ആർജിച്ചെടുത്ത ധൈര്യത്തിൽ സൂര്യൻ പറഞ്ഞു.

“പ- ന്ന ക-*ഴു* വേറി മോനെ… നിന്നെ ഞാൻ കൊ- ല്ലുമെടാ ചെ-* റ്റേ.” സൂര്യനോടുള്ള പകയിൽ വേദന മറന്ന് അവൻ സടകുടഞ്ഞെണീറ്റു.

തന്നെ ഇടിക്കാനായി മുഷ്ടി ചുരുട്ടി പാഞ്ഞുവന്ന സനലിനെ കണ്ടതും സൂര്യൻ പായയുടെ അടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് വിരലുകക്കിടയിൽ തിരുകിവച്ചു. തന്റെ മുഖത്തിന്‌ നേർക്ക് നീണ്ട് വന്ന സനലിന്റെ കൈയ്യിൽ നിന്ന് തെന്നി മാറി സൂര്യൻ അവനു നേർക്ക് കത്തി വീ- ശി.

സനലിന്റെ കൈവിരലുകളിൽ കത്തി കൊണ്ട് വരഞ്ഞു മുറിഞ്ഞു. വലത് കയ്യിൽ പടർന്ന നീറ്റലും ഒഴുകി വരുന്ന ചോരയും കണ്ട് സനലൊന്ന് പകച്ചു. സൂര്യന്റെ കൈക്കുള്ളിൽ എന്തോ ഒരായുധമുണ്ടെന്ന് അവന് മനസ്സിലായി. അപമാനവും വേദനയും സഹിക്കാനാവാതെ അലറികൊണ്ട് സനൽ അവന്റെ നേരെ ചെന്നു.

അപ്പോഴേക്കും അവിടുത്തെ ബഹളം കേട്ട് സനലിന്റെ കൂട്ടുകാരും മറ്റ് സഹ തടവുകാരും അവിടെ എത്തി ചേർന്നിരുന്നു.

സൂര്യന്റെ മുഖത്ത് കൈവീശി അടിക്കാനാഞ്ഞ സനലിന്റെ കൈപ്പത്തി തട്ടി മാറ്റി അടിനാ- ഭി നോക്കി ഒരു ചവിട്ട് കൂടി അവൻ കൊടുത്തു.

ഒരാർത്തനാദത്തോടെ സനൽ നിലത്തേക്കിരുന്നു. അത് കണ്ടതും മറ്റുള്ളവർ ആഹ്ലാദത്തോടെ ഉച്ചത്തിൽ കയ്യടിച്ചു കൊണ്ട് അവരുടെ സന്തോഷം പ്രകടമാക്കി. അവരെ സംബന്ധിച്ച് ആദ്യമായിട്ടാണ് ഒരാൾ സനലിന് നേർക്ക് കയ്യുയർത്തുന്നത്. ഇത് കണ്ട് അവന്റെ കൂട്ടുകാർ നാലുപേരും കൂടി സൂര്യനെ അടിക്കാനായി വളഞ്ഞതും സനൽ അടികൊണ്ട് വീണ ധൈര്യത്തിൽ മറ്റുള്ളവരെല്ലാവരും ചേർന്ന് അവന്റെ കൂട്ടുകാർക്ക് നേരെ ചാടി വീണ് അടിക്കാനും തൊഴിക്കാനും തുടങ്ങി.

അവർക്കൊക്കെ അപ്രതീക്ഷിതമായി വീണ് കിട്ടിയൊരു സുവർണാവസരമായിരുന്നു അത്. അതവർ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. സനലിനെയും സംഘത്തെയും കൂട്ടം ചേർന്ന് ത- ല്ലി ച-തച്ച് ഇഞ്ച പരുവമാക്കിയപ്പോൾ എല്ലാവർക്കും തൃപ്തിയായി. ഓരോരുത്തരായി വന്ന് സൂര്യനോട് പ്രത്യേകം നന്ദി പറയുകയും ചെയ്തു.

അടികൊണ്ട് ച- തഞ്ഞ അഞ്ചുപേരെയും ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വന്നു. അതോടെ ഏറെ നാളുകൾക്ക് ശേഷം അന്ന് രാത്രി എല്ലാവരും ഭയമേതും കൂടാതെ സമാധാനത്തോടെ ഉറങ്ങി. സൂര്യൻ സനലിനെ അടിച്ചിട്ടതോട് കൂടി മറ്റുള്ളവർക്കും അവനോടുണ്ടായിരുന്ന ഭയം പൂർണമായും മാറിയിരുന്നു.

ആ സംഭവത്തോട് കൂടി സൂര്യന് മറ്റുള്ളവർക്കിടയിൽ ഒരു നായക പരിവേഷം കിട്ടിത്തുടങ്ങിയിരുന്നു. അവൻ കാരണം സനലിന്റെ ലൈം- ഗിക പീ’ *ഡനത്തിൽ നിന്നും രക്ഷപെട്ടതിൽ പലരും ആശ്വാസം കൊണ്ടു.

അച്ഛന്റെയും അമ്മയുടെയും അപ്രതീക്ഷിത മരണത്തിൽ തളർന്ന് പോയവന് പിന്നീട് സഹിക്കേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങൾ മാത്രമായിരുന്നു. നാട്ടുകാർക്ക് മുൻപിൽ നാണം കെട്ട് തലകുനിച്ച് കള്ള കേസിൽ പെട്ട് ജയിലടയ്ക്കപ്പെട്ടു. അവിടെ വച്ച് സഹതടവുകാരനിൽ നിന്നേറ്റ ക്രൂ-* രമായ പീ- *ഡനങ്ങൾ…

വിധി അവനായി നൽകിയ ഓരോ പരീക്ഷണങ്ങളും പതിയെ പതിയെ സൂര്യനെ മറ്റൊരാളായി മാറ്റികൊണ്ടിരുന്നു. അച്ഛന്റെ തണലിൽ വളർന്നവൻ, ആശ്രയത്തിനായി അച്ഛന്റെ അടുത്തേക്ക് ഓടിയണയുന്നവൻ, എന്തിനെയും പേടിയോടെ കണ്ടിരുന്നവൻ, അച്ഛനോപ്പമുള്ളപ്പോൾ മാത്രം ധൈര്യശാലിയായിരുന്നവൻ…. ആ സൂര്യൻ ഇപ്പോഴില്ല… അവന് ഒരുപാട് മാറ്റം കൈവന്നിരിക്കുന്നു. അനുഭവങ്ങൾ അവനെ പുതിയൊരു സൂര്യനായി വാർത്തെടുക്കുകയാണ്.

തല്ലാൻ ഭയന്നിരുന്നവൻ, പേടിച്ചു മാറി നടന്നവൻ അടികൊണ്ട് വീനിരുന്നവൻ ഇപ്പൊ അടിച്ചാൽ തിരിച്ചടിക്കാനും ആരെയും ഭയമില്ലാത്തവനുമായി. സനലിനെ എല്ലാവരും വെറുപ്പോടെയും ഭയത്തോടെയുമാണ് കണ്ടിരുന്നതെങ്കിൽ സൂര്യനെ ആരാധനയോടെയാണ് സഹതടവുകാർ കണ്ടത്.

രണ്ടാഴ്ചത്തെ ആശുപത്രിവാസം കഴിച്ച് സനലും കൂട്ടുകാരും മടങ്ങിയെത്തുമ്പോൾ ജയിലും ജയിലിലെ നിവാസികളും ഒരുപാട് മാറിയിരുന്നു. തങ്ങളെ ഭയത്തോടെ വീക്ഷിച്ചിരുന്ന കണ്ണുകളിൽ വെറുപ്പും പരിഹാസവും കണ്ട് സനലിനും കൂട്ടുകാർക്കും സൂര്യനോട് അടങ്ങാത്ത പക തോന്നി.

താൻ രാജാവിനെ പോലെ വാണിരുന്ന ജയിലിൽ തന്റെ സ്ഥാനത്തിപ്പോൾ സൂര്യനാണെന്ന തിരിച്ചറിവ് സനലിനെ വളരെയധികം പ്രകോപിപ്പിച്ചു. വീണ്ടുമൊരു മൽപ്പിടുത്തത്തിനൊരുങ്ങി ആ അഞ്ചംഗ സംഘം സൂര്യനടുത്തേക്ക് ചെന്നെങ്കിലും അവന്റെ രോമത്തിലൊന്ന് തൊടുന്നതിന് മുൻപ് തന്നെ മറ്റുള്ളവർ കൂട്ടം ചേർന്ന് അവരെ വളഞ്ഞിരുന്നു. ഇനി തങ്ങളിൽ ആരെയെങ്കിലും കൈവച്ചാൽ അഞ്ചെണ്ണത്തിന്റെയും കൈയ്യും കാലും അടിച്ചൊടിക്കുമെന്നുള്ള അവരുടെ ഭീഷണി സനലിനെയും കൂട്ടരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കഴിഞ്ഞ തവണ അവരിൽ നിന്ന് കിട്ടിയ കൂട്ടതല്ലിന്റെ ശേഷിപ്പ് ഇനിയും ശരീരത്തിൽ നിന്നും വിട്ട് മാറാത്തതിനാൽ ഭയന്ന് പിന്മാറുകയല്ലാതെ അഞ്ചുപേർക്കും മറ്റ് നിവൃത്തിയുണ്ടായിരുന്നില്ല.

******************

ദിവസങ്ങളും മാസങ്ങളും കടന്നുപോയി… മറ്റുള്ളവരെ പേടിപ്പിച്ചും ഉപദ്രവിച്ചും നടന്നിരുന്നവർ ഒടുവിൽ അവരുടെ കൈയ്യിൽ നിന്നും അടി വാങ്ങി ഒരു കോണിലേക്ക് മാറ്റി നിർത്തിപ്പെട്ടപ്പോൾ അവരുടെയെല്ലാം നേതാവായി സൂര്യൻ മാറിക്കഴിഞ്ഞിരുന്നു. കുറ്റവാളികൾക്കൊപ്പമുള്ള ജീവിതം അവന്റെ മനസ്സിൽ നിന്നും സ്നേഹത്തിന്റെ കണികകൾ തുടച്ച് മാറ്റി.

ജയിലിലേക്ക് ചെന്ന് കയറുമ്പോൾ പാവത്താനായിരുന്ന സൂര്യൻ പരുക്കൻ സ്വഭാവമുള്ളവനായി.

ഇടയ്ക്കിടെ കോൺസ്റ്റബിൾ അഭിഷേക് അവനെ കാണാനായി ജയിലിൽ വരുമായിരുന്നു. നാട്ടിലെ വിശേഷങ്ങളൊക്കെ അവനിൽ നിന്നറിഞ്ഞപ്പോൾ നിരാശ നിറഞ്ഞൊരു നെടുവീർപ്പ് മാത്രമായിരുന്നു അവനിൽ നിന്നുതിർന്നത്. നല്ല പ്രവർത്തികൾ കൊണ്ട് അച്ഛൻ സമ്പാദിച്ച സൽപ്പേര് ഒരു രാത്രി കൊണ്ട് ഇല്ലാതാക്കിയ ചെറിയച്ഛനോടുള്ള പക സൂര്യൻ മനസ്സിൽ കണക്ക് കൂട്ടി വച്ചിട്ടുണ്ടായിരുന്നു. അവന്റെ ഉപരി പഠനത്തിന് വേണ്ട സഹായങ്ങളൊക്കെ അഭിഷേക് ചെയ്ത് കൊടുത്തു.

ജയിലിൽ നിന്ന് കൊണ്ട് തന്നെ ഡിഗ്രി പഠനം സൂര്യൻ തുടങ്ങി വച്ചു. സുശീലനോടുള്ള പ്രതികാരമാണ് അവനെ ജീവിക്കാൻ തന്നെ പ്രേരിപ്പിച്ചിരുന്നത്. ഓരോ ദിനങ്ങൾ കഴിയുംതോറും സൂര്യൻ ഉള്ളിൽ നീറിപ്പുകയുന്ന പകയാൽ കത്തി ജ്വലിച്ചു കൊണ്ടിരുന്നു.

തുടരും…