“മോനേ… സൂര്യാ…”
ചിന്തകളിൽ മുഴുകി അവനങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി കേട്ടത്.
അവൻ പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തനിക്ക് നേരെ ധൃതിയിൽ നടന്ന് വരുന്ന കാര്യസ്ഥൻ പരമു പിള്ളയെയാണ്.
“പിള്ള മാമാ…” അവന്റെ അധരങ്ങൾ മന്ത്രിച്ചു.
“നിനക്ക് സുഖാണോ മോനെ.” അവന്റെ ശിരസ്സിൽ അയാൾ വാത്സല്യത്തോടെ തഴുകി.
“എനിക്കെന്ത് സുഖം മാമാ… മാമന് സുഖമല്ലേ.” നനവാർന്നൊരു പുഞ്ചിരിയോടെ സൂര്യൻ ചോദിച്ചു.
നിലാവെളിച്ചത്തിൽ അവന്റെ കൺകോണിൽ തിളങ്ങുന്ന നീർമുത്ത് കണ്ട് പരമു പിള്ള വ്യസനത്തോടെ അവനെ നോക്കി.
“നിവൃത്തികേട് കൊണ്ടാ കുഞ്ഞേ ഇവിടുത്തെ കാര്യസ്ഥ പണി ഒഴിവാക്കാത്തത്. വീട്ടിലെ നാല് വയറ് കഴിഞ്ഞു കൂടുന്നത് ഇവിടുന്ന് പണിയെടുത്തു കിട്ടുന്ന കാശ് കൊണ്ടല്ലേ. സുശീലനെ പിണക്കിയാൽ ഈ നാട്ടിൽ ജീവിക്കാൻ അവൻ സമ്മതിക്കില്ലെന്ന് കുഞ്ഞിനും അറിയാലോ.”
“അറിയാം പിള്ള മാമാ. അയാളൊരു ദുഷ്ടനാ.”
“ഇതിന്റെ പേരിൽ മോന് എന്നോട് വിരോധം ഒന്നും തോന്നരുത്.”
“എന്തിന്?”
“സുരേന്ദ്രൻ അങ്ങുന്നിനോട് ഞാൻ നന്ദികേട് കാട്ടിയതായി വിചാരിക്കരുത്. വർഷങ്ങളായി തലമുറകൾ മാറി മാറി ഇവിടുത്തെ പണി ചെയ്ത് ജീവിച്ചത് ശീലമായി പോയിട്ടാ.”
“എല്ലാം എനിക്കറിയാം മാമാ… മാമന് എന്നോടും അച്ഛനോടുമുള്ള നന്ദിയും സ്നേഹവുമൊക്കെ മാമൻ പറഞ്ഞില്ലെങ്കിലും എനിക്കറിയാം. ഞാൻ ജയിലിലായിരുന്ന സമയം എന്നെക്കുറിച്ച് അഭിഷേക് സാറിനോട് അന്വേഷിക്കാറുണ്ടായിരുന്നുവെന്ന് സാർ കാണാൻ വരുമ്പോൾ പറഞ്ഞിട്ടുണ്ട്.
ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കാതിരുന്ന സമയത്ത് മാമന് അങ്ങനെയെങ്കിലും എന്റെ സുഖ വിവരങ്ങൾ തിരക്കാൻ തോന്നിയല്ലോ.”
“കുഞ്ഞിലേ മുതൽ കുഞ്ഞിനെ കാണുന്നതല്ലേ ഞാൻ. ഈ നെഞ്ചത്ത് കിടത്തി എത്ര ഉറക്കിയിട്ടുള്ളതാ നിന്നെ. ദണ്ണം കാണാതിരിക്കോ മോനെ. എന്തെങ്കിലും നിവർത്തിയുണ്ടായിരുന്നെങ്കിൽ നിന്നെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ട് പോയേനെ.” നിറഞ്ഞ കണ്ണുകൾ മുണ്ടിന്റെ അരിക് കൊണ്ട് അയാളൊപ്പിയെടുത്തു.
“ഇത് പറയാനുള്ള മനസ്സുണ്ടായല്ലോ മാമന്, എനിക്കത് മതി. എന്നെകൂടി കൊണ്ട് പോയിട്ട് ഉള്ള കഞ്ഞികുടി മുട്ടിക്കണ്ട. എനിക്കിപ്പോ ഇതെല്ലാം ശീലമായി. പക്ഷേ എത്രയൊക്കെ കഷ്ടപ്പെടേണ്ടി വന്നാലും നഷ്ടപ്പെട്ടതൊക്കെ ഞാൻ തിരിച്ചുപിടിക്കും മാമാ. മാമനെനിക്ക് വേണ്ടി പ്രാർത്ഥിക്കണം.” പരമുപിള്ളയുടെ കരങ്ങൾ കവർന്ന് അവൻ പറഞ്ഞു.
“അത് തന്നെയാ മോനെ നിന്നോടെനിക്ക് പറയാനുള്ളതും. നിനക്ക് അവകാശപ്പെട്ട സ്വത്തുവകകളാണ് സുശീലൻ തട്ടിപ്പറിച്ച് വച്ചേക്കുന്നത്. ആധാരത്തിൽ എന്തൊക്കെയോ തിരിമറിയും നടത്തിയിട്ടുണ്ട്.”
“അതൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു മാമാ. എല്ലാത്തിനും ഒരു പരിഹാരമുണ്ടാക്കണം. ഉടനെ എന്നെകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. ഞാനൊന്ന് ഇവിടെ വേരുറപ്പിച്ച ശേഷം ഓരോന്നായി തുടങ്ങണം.”
“മോനിപ്പോ സുശീലന്റെ കൈയ്യും കാലും ത-ല്ലിയൊ-ടിച്ച സ്ഥിതിക്ക് അവനെന്താ നിന്നെ തിരിച്ച് ചെയ്യാൻ പോകുന്നതെന്ന് നമുക്ക് ഊഹിക്കാൻ പോലും പറ്റില്ല. അതുകൊണ്ട് മോനൊന്ന് കരുതിയിരിക്കുന്നത് നല്ലതാ.”
“അയാൾ എന്ത് വേണമെങ്കിലും ചെയ്യട്ടെ മാമാ. പേടിച്ചോടാൻ ഞാൻ തയ്യാറല്ല. പിന്നെ പിള്ള മാമൻ ഇപ്പോഴൊന്നും അങ്ങോട്ട് പോണ്ട. നാവനക്കാനും എണീക്കാനും കഴിയാതെ വേദന എടുത്ത് നരകിച്ച് അയാളവിടെ കിടക്കട്ടെ.”
“ഞാനാ ഭാഗത്തേക്കേ പോകില്ല മോനെ. അറിഞ്ഞമട്ട് കാണിക്കില്ല ഞാൻ. അവിടെ കിടന്ന് ചാ-കട്ടെ നാ’ശം പിടിച്ചവൻ.”
“അങ്ങനെയൊന്നും അയാൾ ചാകില്ല. ആരും തിരിഞ്ഞു നോക്കാനില്ലെന്ന് അറിയുമ്പോൾ അവിടുന്ന് താനെ ഇഴഞ്ഞുവരട്ടെ. അപ്പൊ കണ്ടാൽ മതി എല്ലാവരും.”
“നീയിപ്പോ എങ്ങോട്ടാ കുഞ്ഞേ പോകുന്നത്?”
“അറിയില്ല മാമാ… പോകാൻ എനിക്ക് പ്രത്യേകിച്ച് സ്ഥലമൊന്നുമില്ലല്ലോ. മഴയും വെയിലും കൊള്ളാതെ വല്ല കടത്തിണ്ണയിലും അന്തിയുറങ്ങിയണം. നാളെ തൊട്ട് എവിടെയെങ്കിലും ജോലി കിട്ടുമോന്നും അന്വേഷിക്കണം.”
“മോന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ മോനീ ഗതി വരില്ലായിരുന്നു. എനിക്ക് പോലും നിന്നെ സഹായിക്കാൻ പറ്റുന്നില്ലല്ലോ കുഞ്ഞേ. എങ്ങനെ ജീവിച്ചാ മോനാ… ഇപ്പൊ കടത്തിണ്ണയിൽ….” വാക്കുകൾ മുഴുമിക്കാൻ കഴിയാതെ നെഞ്ച് പൊട്ടുന്ന വേദനയോടെ പരമുപിള്ള അത് പറയുമ്പോൾ സൂര്യനയാളെ ചേർത്ത് പിടിച്ചു.
“ഇതൊന്നും എനിക്കിപ്പോ ഒരു പ്രശ്നമല്ല മാമാ. ഇതിനപ്പുറം ഞാൻ ജയിലിൽ അനുഭവിച്ചിട്ടുണ്ട്.” ആദ്യ കാലങ്ങളിൽ ജയിലിൽ സനലിൽ നിന്ന് നേരിട്ട പീ- ഡനങ്ങൾ അവന്റെ ഓർമ്മയിലേക്ക് തികട്ടി വന്നു.
“ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത സുരേന്ദ്രൻ അങ്ങുന്നിന്റെ മോന് ഈ അവസ്ഥ വന്നതോർക്കുമ്പോ സഹിക്കുന്നില്ല.”
“പിള്ള മാമൻ ഒന്നും ഓർത്ത് സങ്കടപ്പെടണ്ട… എല്ലാം ശരിയാകും.”
“പക്ഷേ കുഞ്ഞേ… നിന്നെയിവിടെ സമാധാനത്തോടെ ജോലി ചെയ്ത് ജീവിക്കാൻ സുശീലൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ? അവനെ ഈ അവസ്ഥയിലാക്കിയ സ്ഥിതിക്ക് അതിനിരട്ടി തിരിച്ചടി നിനക്ക് കിട്ടും. അത് മാത്രമോ, നാട്ടുകാർക്ക് മൊത്തം മോനെയും മോന്റെ അച്ഛനെയുമൊക്കെ വെറുപ്പാണ്. നിങ്ങളുടെ നിരപരാധിത്വം ആരും മനസിലാക്കിയിട്ടില്ല.
അങ്ങനെയുള്ള സാഹചര്യത്തിൽ എല്ലാവരെയും വെറുപ്പ് സമ്പാദിച്ച് നീയെങ്ങനെ ഇവിടെ കഴിയും. മറ്റെങ്ങോട്ടെങ്കിലും പോയി ഒന്ന് രക്ഷപെട്ട ശേഷം നിനക്ക് തിരിച്ച് ഇങ്ങോട്ട് വന്നൂടെ മോനെ.” പരമു പിള്ളയുടെ ഭയം കലർന്ന വാക്കുകൾ കേട്ടിട്ടും സൂര്യന്റെ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടായില്ല.
“ഇതൊക്കെ ഞാൻ നേരത്തെ മനസ്സിലാക്കിയതാ മാമാ. ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി തുറന്ന് കിട്ടും. എന്റെ അച്ഛനും അമ്മയും കൂടെയുള്ളതാണ് എന്റെ ധൈര്യം. എല്ലാം മാറിമറിയുന്ന ഒരു ദിവസം വരും. എന്റെ കഷ്ടപ്പാടുകൾ ഓർത്ത് മാമൻ മനസ്സ് വിഷമിക്കാതെ വീട്ടിലേക്ക് ചെല്ല്. ഞാൻ പോവാ… നേരമൊത്തിരി വൈകി…” അയാളുടെ കരങ്ങൾ കവർന്ന് നിമിഷങ്ങളോളം നിന്നിട്ട് ഇരുൾ മൂടിയ പാട വരമ്പിലൂടെ സൂര്യൻ മുന്നോട്ട് നടന്ന് പോയി.
നിറഞ്ഞ കണ്ണുകൾ തുടച്ച് അവൻ പോകുന്നതും നോക്കി നിസ്സഹായതയോടെ പരമു പിള്ള നിന്നു. സൂര്യൻ കണ്ണിൽ നിന്നും മറഞ്ഞതും അയാളും തന്റെ വീട്ടിലേക്ക് ചുവടുകൾ വച്ചു.
*******************
രാത്രി ഏറെ വൈകിയിരുന്നു… ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടി ഒരു മഴയ്ക്കുള്ള ആരംഭമായി.
നാളുകളായി അടച്ചിട്ടിരിക്കുന്ന ഒരു കടയുടെ മുന്നിലിരിക്കുകയായിരുന്നു സൂര്യനപ്പോൾ. വിശപ്പ് കാരണം അവന് വയറ് എരിയുന്നുണ്ടായിരുന്നു. കൈയ്യിൽ കരുതിയിരുന്ന ഒരു ബിസ്കറ്റിന്റെ കവർ പൊട്ടിച്ച് ആർത്തിയോടെ അവൻ കഴിച്ചു തുടങ്ങി. ഒപ്പം പഞ്ചായത്ത് കിണറിൽ നിന്നും കുപ്പിയിൽ ശേഖരിച്ച വെള്ളം കൂടി കുടിച്ച് സൂര്യൻ വിശപ്പടക്കി.
അപ്പോഴാണ് ഇരുട്ടിൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ അവൻ കണ്ടത്. സൂര്യൻ സൂക്ഷിച്ചു നോക്കുമ്പോൾ എല്ലും തോലുമായൊരു നായ്ക്കുട്ടി അവനിൽ നിന്നും കുറച്ചകലം പാലിച്ച് എന്തെങ്കിലും കഴിക്കാൻ കിട്ടുമോന്ന് നോക്കി നിൽക്കുകയാണ്. ആരോ വളർത്താൻ എടുത്തിട്ട് തെരുവിൽ ഉപേക്ഷിച്ചതാണെന്ന് അതിന്റെ കഴുത്തിലെ ബെൽറ്റ് കണ്ടപ്പോൾ അവന് മനസ്സിലായി. നായ്ക്കുട്ടിയുടെ ക്ഷീണിച്ച കോലം കണ്ടപ്പോൾ തന്നെ അത് എന്തെങ്കിലും കഴിച്ചിട്ട് നാളുകളായെന്ന് സൂര്യന് തോന്നി.
വിശപ്പിന്റെ കാഠിന്യം എത്രത്തോളമുണ്ടെന്ന് അറിയാവുന്നതിനാൽ കവറിൽ മിച്ചമുണ്ടായിരുന്ന ബിസ്കറ്റിൽ നിന്ന് ഒരെണ്ണമെടുത്ത് അവൻ നായ്ക്കുട്ടിക്ക് നേരെ എറിഞ്ഞു കൊടുത്തു. ഒന്ന് ശങ്കിച്ചു നിന്ന ശേഷം മൂക്ക് കൊണ്ട് മണം പിടിച്ച് ആ നായകുട്ടി ബിസ്കറ്റ് കടിച്ചെടുത്ത് ആർത്തിയോടെ ഭക്ഷിച്ചു. അത് കണ്ടപ്പോൾ സൂര്യന്റെ മിഴികൾ ആർദ്രമായി. അവൻ ബാക്കിയുള്ളതും കൂടി അതിന് എറിഞ്ഞുകൊടുത്തു.
ഞൊടിയിടയിൽ ആ ബിസ്കറ്റ് മുഴുവനും കഴിച്ച് നായ്ക്കുട്ടി സൂര്യനെ നന്ദിയോടെ നോക്കി. കുപ്പിയിൽ നിന്ന് കുറച്ച് വെള്ളം അടുത്ത് കണ്ട ചിരട്ടയിൽ പകർന്ന് അവൻ അതിന് നേർക്ക് നീക്കി വച്ചു. വാലാട്ടി തന്റെ നന്ദിയും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് ചിരട്ടയിലുള്ള വെള്ളവും നായകുട്ടി കുടിച്ചു തീർത്തു. വിശപ്പ് അടങ്ങിയ സന്തോഷത്തിൽ കടത്തിണ്ണയുടെ ഓരം പറ്റി സൂര്യനെയും നോക്കി കൊണ്ട് അവന് കാവലെന്നോണം അവിടെ കിടപ്പ് പിടിച്ചു.
തനിക്ക് കൂട്ടിനൊരാളെ കിട്ടിയ സന്തോഷത്തിൽ കയ്യിലെ ബാഗ് തലയ്ക്കൽ വച്ച് സൂര്യനും കിടന്നു.
പെട്ടെന്നാണ് ആകാശത്ത് നിന്നും കണ്ണഞ്ചിപ്പിക്കുന്ന മിന്നലും പിന്നാലെ ഇടിയും മുഴങ്ങിയത്. ശക്തമായൊരു മഴ വരാൻ പോകുന്ന സൂചനയാണ് അതെന്ന് അവന് മനസ്സിലായി. അധികം വൈകാതെ തന്നെ ഹുങ്കാര ശബ്ദത്തോടെ മഴ ആർത്ത് പെയ്യാൻ തുടങ്ങി.
സൂര്യന്റെ അടികൊണ്ട് കൈയ്യും കാലും ഒടിഞ്ഞ് ശരീരമൊന്ന് അനക്കാൻ കൂടി കഴിയാനാവാതെ വേദന കൊണ്ട് ഞരങ്ങുകയായിരുന്നു സുശീലൻ. ആരെങ്കിലുമൊന്ന് ആ വഴി വന്നിരുന്നെങ്കിലെന്ന് അതിയായി അയാൾ ആഗ്രഹിച്ചു.
തുടരും…