Story written by Saji Thaiparambu
=========================
ഭാര്യയുടെ നിർബന്ധപ്രകാരമാണ് ക്രൈം ത്രില്ലർ മാത്രം എഴുതിക്കൊണ്ടിരുന്ന അയാൾ ആദ്യമായി പ്രണയകഥ എഴുതി തുടങ്ങിയത്
ആദ്യ പാരഗ്രാഫ് എഴുതിയിട്ട് അത് എങ്ങനെയുണ്ടന്നറിയാൻ അയാൾ ഭാര്യയെ കാണിച്ചു
അയാളെഴുതിയത്:
ഓഫീസിൽ നിന്നും വീട്ടിലെത്തിയ ഭർത്താവ് തൻ്റെ ബാഗ് ഭാര്യയെ ഏല്പിച്ചിട്ട് കുടിക്കാൻ ചായ എടുക്കാൻ പറയുന്നു
ബാഗ് ടേബിളിൻ്റെ മുകളിൽ വച്ചിട്ട് ഭാര്യ അടുക്കളയിൽ ചെന്ന് അയാൾക്കുള്ള ചായയുമായി ഹാളിലേയ്ക്ക് വന്നു
അപ്പോഴേക്കും ഫ്രഷായി വന്ന ഭർത്താവിൻ്റെ കൈയ്യിലേക്ക് ചായ കൊടുത്തിട്ട് ഭാര്യ നോക്കി നിന്നു
ചായയുമായി സെറ്റിയിലേയ്ക്കിരുന്ന ഭർത്താവ് പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് ഇൻ്റർനെറ്റ് ഓൺ ചെയ്ത് ഫെയ്സ് ബുക്കിലെ റീൽസുകൾ ഓരോന്നായി കണ്ടാസ്വദിച്ച് കൊണ്ട് ചൂട് ചായ മൊത്തിക്കുടിച്ചു
ഭാര്യ തൻ്റെ ചെയ്ത് തീരാത്ത അടുക്കള ജോലികളിലേക്ക് മടങ്ങി.
ഇതിൽ ചെറിയ മാറ്റങ്ങൾ കൂടി വരാനുണ്ട് ചേട്ടാ……
വായിച്ചതിന് ശേഷം അയാളുടെ ഭാര്യ പറഞ്ഞു
ഇതിലിനി എന്ത് മാറ്റമാണ് വരാനുള്ളത് ?
അയാൾ നീരസത്തോടെ ചോദിച്ചു
വിരോധമില്ലെങ്കിൽ ഞാനൊന്ന് തിരുത്തി എഴുതിക്കോട്ടെ?
അവൾ അനുവാദം ചോദിച്ചു.
ഉം ശരി…..
അയാളുടെ സമ്മതത്തോടെ തിരുത്തി എഴുതിയത് അവൾ ഭർത്താവിന് വായിക്കാൻ കൊടുത്തു.
വീട്ട് ജോലികളെല്ലാം നേരത്തെ തീർത്തിട്ട്, ദേഹം കഴുകി മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റിയുടുത്ത്, ഭാര്യ ചെന്ന് ഉമ്മറപ്പടിയിലിരുന്നു.
ദൂരെ നിന്നും ഭർത്താവിൻ്റെ കാറ് വരുന്നത് കണ്ട ഭാര്യ, മുഖം നിറയെ ചിരിയുമായി, ഓടി ചെന്ന് ഗേറ്റ് തുറന്ന് കൊടുത്തു.
പോർച്ചിൽ പാർക്ക് ചെയ്ത കാറിൽ നിന്നിറങ്ങിയ ഭർത്താവ് അടുത്തേയ്ക്ക് ചെന്ന ഭാര്യയെ തോളിൽ കൈയ്യിട്ട് തന്നോട് ചേർത്ത് പിടിച്ച്, അകത്തേയ്ക്ക് നടന്നു.
വേഗം പോയി ഫ്രഷായിട്ട് വാ,
അപ്പോഴേയ്ക്കും ഞാൻ ചായ എടുക്കാം…
ഭർത്താവിൻ്റെ കൈയ്യിലിരുന്ന ഓഫീസ് ബാഗ് വാങ്ങിയിട്ട്, ഭാര്യ സ്നേഹത്തോടെ പറഞ്ഞു.
അത് കേട്ട് അവളുടെ കവിളിൽ, ഒന്നമർത്തി ചുംബിച്ചിട്ടാണ് തൻ്റെ കരവലയത്തിൽ നിന്നും അയാൾ ഭാര്യയെ മോചിപ്പിച്ചത്.
അടുക്കളയിലെത്തിയ ഭാര്യ, കടുപ്പത്തിലുള്ള ചായ തിളപ്പിക്കുന്നതിനൊപ്പം, നേരത്തെ മാവിൽ മുക്കി വച്ചിരുന്ന നേന്ത്രപ്പഴത്തിൻ്റെ സ്ളൈസുകൾ, പാനിൽ തിളച്ച് മറിയുന്ന എണ്ണയിലിട്ട് വറുത്തെടുക്കുകയും ചെയ്തു
ഡ്രെസ്സ് മാറി ഫ്രഷായി ഹാളിലെ സോഫയിൽ വന്നിരുന്ന ഭർത്താവിൻ്റെ മുന്നിലേയ്ക്ക്, ചൂട് പഴംപൊരിയും ചായയും കൊണ്ട് വച്ചിട്ട്, അവളും സോഫയിലേക്കമർന്നു.
ഒരു പഴംപൊരിയെടുത്ത് രണ്ടായി ഒടിച്ച്, അതിലേയ്ക്ക് ഊതി ചൂടകറ്റിയിട്ട്, ഭാര്യയുടെ വായിലേയ്ക്ക് വച്ച് കൊടുത്തതിന് ശേഷമാണ്, ബാക്കി പകുതി അയാൾ കഴിച്ചത്.
നീയറിഞ്ഞോ ലിസാ, ഇന്ന് ഓഫീസിൽ വലിയൊരു കോമഡി ഉണ്ടായി…
അയാൾ ഓഫീസിൽ അന്നുണ്ടായ വിശേഷങ്ങളെല്ലാം ഭാര്യയോട് പറയുമ്പോൾ ആകാംക്ഷയോടെ അവളത് കേട്ടിരുന്നു.
താൻ പറഞ്ഞ തമാശകൾ കേട്ട്,
ഭാര്യ പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് ആവേശമായി.
പിന്നീട് ഭാര്യ, അന്ന് വീട്ടിൽ വന്ന് പോയവരെ കുറിച്ചും ചെയ്ത ജോലികളെ കുറിച്ചുമൊക്കെ വാചാലയായപ്പോൾ അത് കേൾക്കാനുള്ള താത്പര്യത്തോടെ അയാൾ അവളുടെ മടിയിലേയ്ക്ക് തല വച്ച് ചരിഞ്ഞ് കിടന്നു.
ഇങ്ങനെ എഴുതാനാണെങ്കിൽ അവർ അത്താഴം കഴിച്ച് കഴിയുമ്പോൾ തന്നെ, ഒരു എപ്പിസോഡ് ഫുൾ ആകുമല്ലോ?
അപ്പോൾ ചെറുകഥയ്ക്ക് പകരം, ഞാൻ നോവലെഴുതേണ്ടി വരും..
അയാളത് വായിച്ചിട്ട് ഭാര്യയോട് അനിഷ്ടത്തോടെ പറഞ്ഞു.
ആയിക്കോട്ടെ ചേട്ടാ പ്രണയത്തെക്കുറിച്ച് ഒരു നോവലല്ല, ഒരായിരം നോവലെഴുതിയാലും, വായിക്കാൻ സ്ത്രീകൾ തയ്യാറാണ്, കാരണം പല ഭർത്താക്കൻമാരിൽ നിന്നും നേരിട്ട് കിട്ടാത്ത സ്നേഹവും,
പരിഗണനയും ആശ്വാസവും ആലിംഗനങ്ങളുമൊക്കെ
ആ പ്രണയ കഥകളിൽ നിന്നും ഓരോ ഭാര്യമാരും വായിച്ചനുഭവിക്കുന്നുണ്ട്,
അത്രയും പറഞ്ഞ്, ഭാര്യ അടുക്കളയിലേയ്ക്ക് മടങ്ങുമ്പോൾ,
അയാൾക്കൊരു കാര്യം ബോധ്യമായി.
നല്ല പ്രണയകഥ എഴുതണമെങ്കിൽ അതിനാദ്യം വേണ്ടത് നല്ല ജീവിതാനുഭവങ്ങളാണ്,
അയാൾ എഴുത്ത് നിർത്തിവച്ച് അടുക്കളയിലേയ്ക്ക് ചെന്നു.
അത്താഴത്തിനുള്ള ചപ്പാത്തി ചുടുന്ന തിരക്കിലായിരുന്നു ഭാര്യ,
പുറകിലൂടെ ചെന്ന് ,അവളുടെ വയറിന് ഇരു വശത്ത് കൂടി, തൻ്റെ കൈകൾ കോർത്ത്, ഭാര്യയെ തന്നിലേയ്ക്കടുപ്പിക്കുമ്പോൾ അവൾ ഞെട്ടിപ്പോയി.
അല്പനേരത്തേയ്ക്ക് പകച്ച് നിന്ന ഭാര്യ, അയാൾക്കഭിമുഖമായി തിരിഞ്ഞപ്പോൾ, അവളുടെ കണ്ണുകൾ എന്ത് കൊണ്ടോ നിറഞ്ഞിരുന്നു.
-സജി തൈപ്പറമ്പ്