ഉണ്ണി ചിന്ത
Written by Diju AK
==============
എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കൃഷ്ണപുരം സ്കൂൾ പഠനം ആയിരുന്നു എനിക്ക് ശാരീരികമായി ഏറ്റവും ബുദ്ധിമുട്ട്…
തലവേദന ആയിരുന്നു പ്രശ്നം…
തലവേദന എന്ന് പറഞ്ഞാല് രാവിലെ എഴുന്നേൽക്കുമ്പോൾ മുതലേ ഉള്ളൂ…😃
രാവിലെ തുടങ്ങുന്ന തലവേദന ഉച്ചയ്ക്ക് പരകോടിയിൽ എത്തും…വൈകിട്ട് ആകുമ്പോഴേക്കും പരകോടിയുടെ അറ്റത്ത് എത്തും…അത് എന്നും ഇല്ല…തിങ്കൾ മുതൽ വെള്ളിവരെ പിന്നെ ശനിയും ഞായറും മാത്രം…
ഒരിക്കലും തലവേദന എന്നെ വിട്ട് പോകില്ല എന്ന് മനസ്സിലാക്കിയ ഞാൻ തലവേദനയെ കൂടെപ്പിറപ്പായി കണ്ട് തുടങ്ങി…
ഓർമയുള്ള കാലം മുതൽ കൂടെയുള്ള “പിറപ്പ്…”.😢
വൈകുന്നരം സ്കൂൾ വിടുമ്പോഴേക്കും ഞാൻ തണ്ട് ഒടിഞ്ഞ താമരയാകും. സ്കൂൾ വിട്ടു കഴിഞ്ഞാലാണ് പ്രശ്നം. ബസ് കിട്ടുക എന്നാല് ഇന്നത്തെ ഓണം ബംബർ അടിക്കുന്നതിനേക്കാൾ പാടാണ്…
ഒരു “കുല” സ്കൂൾ പിള്ളേർ ബസ് കാത്തു നിൽക്കുന്നത് കാണുമ്പോഴേ ഡ്രൈവർ ദൂരെ ദൂരെ എന്ന് പറഞാൽ ഓടി എത്താൻ പറ്റാത്ത ദൂരത്ത് കൊണ്ട് നിർത്തും. ഒന്നാമത് തലവേദന അതിൻ്റെ കൂടെ ഓട്ടവും കൂടി ആകുമ്പോൾ ആഹാ…😡എത്രയോ വട്ടം ഡ്രൈവറെ തുപ്പി തുപ്പി പ്രാകിയിട്ടുണ്ട്. പ്രാക്ക് ഏറ്റത് കൊണ്ടാണെന്ന് തോന്നുന്നു ഇപ്പൊ പെൻഷൻ വാങ്ങാൻ കിടന്ന് പാട്പെടുന്നത്…ആ അത് പോട്ടെ…😉
അങ്ങനെയൊക്കെ പോണ കാലത്ത് ആണ് എന്നും എൻ്റെ കൂടെ ബസിൽ വന്നുകൊണ്ടിരുന്ന സുധീഷ് ഒരു ദിവസം ഒരു സൈക്കിളും ചവിട്ടി വരുന്നു…സൈക്കിൾ എന്ന് പറഞാൽ നല്ല പുതുപുത്തൻ സൈക്കിൾ…നല്ല മിനുമിനാ ന്നു ഇരിക്കുന്നു…നേരെ കൊണ്ട് വന്ന് സ്കൂളിൻ്റെ സൈക്കിൾ ഷെഡിൽ കുറച്ച് മാറ്റി ഒതുക്കി വച്ചു..ബാക്കിയുള്ള സൈക്കിളുകൾ സുധീഷിൻ്റെ സൈക്കിളിനെ അസൂയയോടെ നോക്കി ഡൈനാമോ താഴ്ത്തി പ്രതിഷേധിച്ചു…😞
രണ്ട് പിരീഡ് കഴിഞ്ഞപ്പോ സുധീഷ് എന്നെയും വിളിച്ചുകൊണ്ട് ഷെഡിൽ പോയി സൈക്കിളിനടുത്ത് ചെന്ന് ഒരു ചെറിയ കെയറിംഗ് കാഴ്ച വച്ചു…
ഉച്ചയ്ക്ക് ഉണ്ണാൻ വിട്ടപ്പോ വീണ്ടും കെയറിംഗ്… ഉച്ചയ്ക്ക് ശേഷം രണ്ട് പിരീഡ് കഴിഞ്ഞ് വീണ്ടും കെയറിംഗ്…
സുധീഷിനെയും കുറ്റം പറയാൻ പറ്റില്ല അവൻ വീട്ടിൽ അത്രയ്ക്കും യുദ്ധം ചെയ്താണ് സൈക്കിൾ സ്വന്തം ആക്കിയത്… 💪
എന്തായാലും വൈകിട്ട് സ്കൂൾ വിട്ടു…ഞങൾ ഒരുമിച്ച് ഇറങ്ങി…അപ്പോ അവൻ ഒരു suggestion വച്ചു… 🖐️
ഡാ…നമുക്ക് ഒരുമിച്ച് സൈക്കിളിൽ പോകാം…
അതിന് നീ പള്ളിമുക്ക് വരെ അല്ലേ ഉള്ളല്ലോ…എനിക്ക് അതും കഴിഞ്ഞ് പുതിയകാവ് വരെ പോകണ്ടേ…പിന്നെങ്ങെനാ…?? 🤔
എടാ…നമുക്ക് ഒരുമിച്ച് സൈക്കിളിൽ പോകാം എന്നിട്ട് നീ ഓച്ചിറ ഇറങ്ങിക്കോ…അവിടുന്ന് ആകുമ്പോൾ ബസ് കിട്ടാൻ എളുപ്പമല്ലേ…ബസ് മാറ്റി നിർത്തില്ലല്ലോ നിനക്ക് കിടന്ന് ഓടേണ്ടല്ലോ…
ഹൊ…അതൊരു ബുദ്ധി ആണല്ലോ…ഓട്ടം എന്ന തീരാശാപത്തിന് ഒരു ശാശ്വത പരിഹാരം… നീ എൻ്റെ ചങ്കാടാ…നമുക്ക് ഒന്നിച്ച് പോകാം… 🤝
പക്ഷേ ഒരു കണ്ടീഷൻ..ഓച്ചിറ വരെ നീ ചവിട്ടണം..ഞാൻ മുമ്പിൽ ഇരുന്നോളാം..മെഷീൻ കമ്പിയിൽ.. 🫣
ഞാൻ ഓർത്തപ്പോൾ എന്നാലും ലാഭമാ…ഓട്ടം ഓടണ്ടല്ലോ…ഇവനെയും മുന്നിൽ ഇരുത്തി കാര്യം പറഞ്ഞോണ്ട് ചവിട്ടി ഒച്ചിറയ്ക്ക് പോകാം…അവിടുന്ന് ബസിനും…ഓകെ..സെറ്റ്… 🤝
അങ്ങനെ അന്ന് തന്നെ ഞങ്ങടെ ഒന്നിച്ചുള്ള യാത്രയുടെ തുടക്കം…
ഈശ്വരാ… 🙏
ഞാൻ ചവിട്ട് തുടങ്ങി…
സുധീഷ് മുമ്പിൽ മെഷീൻ കമ്പിയിൽ…പതുക്കെ മുന്നോട്ട്…
ഹൊയ്… ഹൊയ്…
ഞങൾ കൃഷ്ണപുരം പാലം കേറിയപ്പോ അതാ വരുന്നു ഒരു കെഎസ്ആർടിസി ബസ്…ബസ് എത്രയെണ്ണം നമ്മൾ കണ്ടിരിക്കുന്നു…പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുമോ…ബസ് പതിവ് പോലെ സ്റ്റോപ്പിൽ നിർത്തിയില്ല…ഞങ്ങളെ ഓവർടേക്ക് ചെയ്തു പോയി…എൻ്റെ ചങ്കിൻ്റെ സൈക്കിൾ ഉളളപ്പോ ആർക്ക് വേണം ബസ് എന്ന മെൻ്റാലിറ്റി ആണ് എൻ്റെ ഉള്ളിൽ… 😏
ഞങ്ങളെ ഓവർടേക്ക് ചെയ്ത ബസ് ഏതാണ്ട് 100 -125 മീറ്റർ മുമ്പിൽ മാറ്റി നിർത്തി…ഞങൾ സൈക്കിളിലും…
“ഒന്ന് ആഞ്ഞ് ചവിട്ടിയാൽ എത്താവുന്നതെ ഉള്ളൂ… എത്തിയാൽ ഈ മുമ്പിൽ ഇരിക്കുന്ന കാലനെയും വച്ച് കൊണ്ട് ഓച്ചിറ വരെ ചവിട്ടണ്ട… അവൻ്റെ ഒരു ഉണക്ക സൈക്കിൾ…😏” എൻ്റെ ഉള്ളിൽ ചിന്ത ഉണ്ടായി…🤔
ഞാൻ സ്പീഡ് കൂട്ടി…
ഡാ… പതുക്കെ പോ എന്തിനാ സ്പീഡ്…ലവൻ ചോദിച്ചു… 😰
ഒന്നുമില്ലെഡാ…പുതിയ സൈക്കിൾ അല്ലേ ഇത്തിരി സ്പീഡിൽ ചവിട്ടുന്നത് നല്ലതാ ചെയിൻ ഒക്കെ ഒന്ന് വലിയട്ടെ…എൻ്റെ മറുപടി…😋
സ്പീഡ് കൂടി…വീണ്ടും കൂടി…
പാലം കഴിഞ്ഞ് ഒരു ചെറിയ ഇറക്കം ആണല്ലോ…സ്പീഡും ഇറക്കവും ഒരമ്മയുടെ മക്കൾ ആണല്ലോ…
സൈക്കിളിൻ്റെ സ്പീഡോ മീറ്റർ 60 km/hr കാണിക്കുന്നു…ബസിൻ്റെ അടുത്ത് എത്താറായപ്പോ ഞാൻ ബ്രേക്ക് ചെയ്യാൻ നോക്കി എന്നുള്ളത് സത്യം ആണ്…പക്ഷേ സൈക്കിൾ നിന്നില്ല…
ബ്രേക്ക് ചെയ്യാൻ ഞാൻ നോക്കിയതല്ലേ ഉള്ളൂ ചെയ്തില്ലല്ലോ…
ബസിൽ കയറണമെങ്കിൽ ഞാൻ സൈക്കിളിൽ നിന്ന് ഇറങ്ങണ്ടെ…അതുകൊണ്ട് ഞാൻ ആദ്യം സൈക്കിളിൽ നിന്ന് അങ്ങ് ചാടി ഇറങ്ങി… 🏃
സൈക്കിളും മുമ്പിൽ മെഷീൻ കമ്പിയിൽ ഇരുന്ന് സുധീഷും മാത്രം..
60 km സ്പീഡിൽ ചെന്ന് ആ ബസിൽ കേറാൻ ഊഴം കാത്ത് നിൽക്കുന്ന മര്യാദക്കാരിയായ ഷീബ അവള് ഞങ്ങടെ ജസ്റ്റ് ജൂനിയർ ആണ് എന്നിട്ടാണ് അവൻ കൊണ്ട് ചെന്ന് ആ കുട്ടിയുടെ പിൻ ഭാഗത്ത് ഒറ്റ ഇടി ഇടിച്ചത്… 😉
ഇടിയുടെ ആഘാതത്തിൽ ആ പാവം പെൺകുട്ടി ഹനുമാൻ ലങ്കയിലേക്ക് ചാടിയ പോലെ പറന്ന് സൈഡിലുുള്ള കൊക്കയിലേക്ക്…
മെഷീൻ കമ്പിയിൽ നിന്ന് ചാടി ഇറങ്ങി സൈക്കിളും പിടിച്ച് കൊണ്ട് നിൽക്കുന്ന സുധീഷിനെയാണ് ബസിൽ ഇരുന്നവരും കണ്ടക്ടറും പിന്നെ കൊക്കയിൽ നിന്ന് പിടിച്ച് കേറി വന്ന ഷീബയും കണ്ടത്…
അപ്പോഴും സുധീഷ് കൊക്കയിലേക്ക് എത്തി നോക്കുന്നുണ്ട്…
ബസിൽ നിന്ന് ഇറങ്ങി വന്ന കണ്ടക്ടർ സുധീഷിൻ്റെ കോളറിൽ പിടിച്ച് കൊണ്ട് ചോദിക്കുന്നു ഇങ്ങനെ ആണോഡാ സൈക്കിൾ ചവിട്ടുന്നത്…
ആൾക്കാരെല്ലാം കൂടി സുധീഷിനെ കൊ- ല്ലാൻ ചെന്നു…ഒടുവിൽ ഷീബയെയും കേറ്റി ബസ് വിട്ടു…
അപ്പോഴും സുധീഷ് കൊക്കയിൽ എന്തോ തിരയുന്നുണ്ട്… 🤔
പിറ്റേന്ന് ഷീബയുടെ വാപ്പയും ആങ്ങളമാരും വന്ന് കുറെ നേരം സുധീഷിനോട് എന്തോ സ്നേഹത്തോടെ സംസാരിച്ചു…ലൈസിയത്തിലെ രവി സാറും സുധീഷും അവരുടെ കാലിൽ വീണു…ഒരു പരുവത്തിന് രവി സാർ വാപ്പ യെയും ആങ്ങളമാരെയും ജയിലിൽ പോകാതെ രക്ഷിച്ചു… 😘
അന്നും ലേറ്റ് ആയിട്ട് ചെന്ന എന്നെ കണ്ട് ഓടി വന്ന സുധീഷ് എന്നോട് പറയുന്നു…അളിയാ നീ ലേറ്റ് ആയത് കാര്യമായി…ഇവിടെ ഭയങ്കര പ്രശ്നം ആയിരുന്നു…ഇന്നലെ സൈക്കിൾ ഇടിച്ച പെണ്ണ് വീട്ടിൽ നിന്ന് ആൾക്കാരെ കൊണ്ട് വന്നു…ആകെ നാണക്കേട് ആയി…അത് പോട്ടെ നീ ഇന്നലെ എപ്പോ പോയി…?? 🤔
ഷീബ പറന്നു പോയ ഗ്യാപ്പിൽ ഞാൻ ബസിൽ കയറിയതൊന്നും ഇവൻ അറിഞ്ഞില്ല…ഇടിയുടെ ആഘാതത്തിൽ ഇവൻ്റെ കിളി പോയി…കണ്ടക്ടർ ഷീബയെ പിടിച്ച് ബസിൽ കേറ്റി എന്നെയാ ഏൽപ്പിച്ചത്…ഇത് വല്ലതും ലവൻ കാണുന്നുണ്ടോ അവൻ കൊക്കയിലോട്ടും വായി നോക്കി നിൽക്കുവല്ലാരുന്നോ…കേറിയ പാടെ ഷീബ എന്നോട് ചോദിച്ചു ആ സൈക്കിളും പിടിച്ചൊണ്ടു നിൽക്കുന്നവൻ്റെ പേര് എന്താ…?
നിഷ്ക്കളങ്കൻ ആയ ഞാൻ പറഞ്ഞു, സുധീഷ്…!
ഏത് ക്ലാസാ…??
കളങ്കം ഇല്ലാത്ത ഞാൻ പറഞ്ഞു 10A.
നാളെയാകട്ടെ ഞാൻ കാണിച്ചു കൊടുക്കാം… 😡
അവൻ ലൈസിയം ട്യൂട്ടോറിയലിൽ ആണ് പഠിക്കുന്നത് എന്ന ഇമ്പോർട്ടൻ്റ് പോയിൻ്റും കൂടി ഞാൻ ഷീബയുമായി share ചെയ്തു…
ഇന്നലത്തെ സീൻ എൻ്റെ മനസ്സിൽ കൂടി കടന്നു പോയപ്പോഴും സുധീഷ് വീണ്ടും ചോദിക്കുന്നു…!
എന്നാലും നീ എങ്ങോട്ട് പൊയടാ ഇന്നലെ…?? ഞാൻ കൊക്കയിൽ മുഴുവൻ നിന്നെ തപ്പി… ഒത്തിരി നേരം നിന്നെയും കാത്ത് നിന്നു… നീ എങ്ങോട്ട് പൊയടാ…??
അതൊക്കെ പിന്നെ പറയാം… വാ നമുക്ക് ക്ലാസ്സിൽ കേറാമെന്ന് പറഞ്ഞു ഞാൻ അവനെ തള്ളി കൊണ്ട് പോയി…
ഇപ്പോഴും അവൻ എന്നെ കാണുമ്പോൾ ചോദിക്കും…നീ എങ്ങോട്ട് പൊയ്ടാ അന്ന്…??