ധ്രുവം, അധ്യായം 93 – എഴുത്ത്: അമ്മു സന്തോഷ്

താൻ എവിടെയാണെന്ന് എന്താ സംഭവിക്കുന്നതെന്ന് പെട്ടെന്ന് ഒരു ഐഡിയ കിട്ടിയില്ല നീനയ്ക്ക്. കണ്ണുകൾ ഇരുട്ടിൽ നിന്നു പ്രകാശത്തിലേക്ക് വന്നപ്പോൾ മഞ്ഞളിച്ചു പോയി. കണ്ണുകൾ വലിച്ചു തുറന്നു നോക്കുമ്പോൾ താൻ ഒരു ആശുപത്രിയിൽ ഏതോ മുറിയിലാണ്. അടുത്തെങ്ങും മനുഷ്യരാരുമില്ല

ഇതെവിടെയാണ്…?

അവൾ ചുറ്റും നോക്കിക്കൊണ്ടിരുന്നു. അവൾ തോക്ക് എടുത്തു കയ്യിൽ പിടിച്ചു കൊണ്ട് വാതിൽ തുറന്നു നടന്നു

അർജുൻ. അവളുടെ ശ്വാസം നിലച്ചു പോയ ഒരു നിമിഷം ആയിരുന്നു അത്. അവൾ തോക്ക് അവന്റെ  നേരേ നീട്ടി

കൃത്യമായി അവന്റെ നെറ്റിയിലേക്ക്. അർജുൻ ഒന്ന് പുഞ്ചിരിച്ചു പിന്നെ ചുറ്റും നോക്കി

ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം അവളെ വളഞ്ഞു. അതിനൊപ്പം എല്ലാ മീഡിയയുടെയും ക്യാമറ കണ്ണുകൾ നടക്കുന്നതോരൊന്നും ഒപ്പിയെടുത്തു കൊണ്ടിരുന്നു

നീന പതറി

എന്നിട്ടും അവളുടെ വിരൽ ട്രിഗ്റിൽ അമർന്നു. ഒരു ഞോടി കൊണ്ട് അർജുൻ അത് കൈക്കലക്കി പോലീസിനെ ഏൽപ്പിച്ചു. മീഡിയ അർജുന്റെ മുന്നിൽ വന്നു. പോലീസ് അവളെ കൊണ്ട് പോയി

“എന്താ സർ സംഭവം ഒന്ന് വിശദീകരിക്കാമോ?”

“ആക്ച്വലി എനിക്ക് ഇവരെ അറിയില്ല. പക്ഷെ ഇന്ന് രാത്രി എന്റെ വൈഫിന്റെ നേരേ ഇവര് വധശ്രമം നടത്തിയിരുന്നു. അപ്പോൾ തന്നെ ഞാൻ ഊഹിച്ചു അടുത്തത് എന്റെ നേരേ ആവുമെന്ന്. കാരണം എന്റെ മാനേജർ മാത്യു പറഞ്ഞത് ഇവര് മാക്സ് ഗ്രുപ്പിന്റെ ലീഗൽ അഡ്വസർ ആണ് എന്നാണ്
സ്വാഭാവികം ആയും അവർ അയച്ചതവാം. സ്ത്രീ ആവുമ്പോൾ പെട്ടെന്ന് സംശയിക്കില്ല. ഇതിനു മുൻപു മെഡിക്കൽ കോളേജിലെ അറ്റാക്കും അവരുടെ പ്ലാൻ ആയിരുന്നു. അന്നും വൈഫ്‌ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. ഞാൻ ഒരു സമാധാനപ്രിയനാണ്. സമാധാനത്തിന്റെ വഴി ആണ് എന്റേത്. പോലീസ്, നിയമം, ആ വഴി ആണ് എന്റേത്. അത് കൊണ്ട് പോലീസിൽ അറിയിച്ചു. പോലീസ് ഇവിടെ കാത്തു നിന്നു. ഊഹം തെറ്റിയില്ല ഇവര് ഇവിടേക്ക് തന്നെ വന്നു. നിങ്ങളെ കൂടി ഇൻഫോം ചെയ്തത് എന്താ എന്ന് വെച്ചാൽ നാളെ വേറെ ഒരു രീതിയിൽ ന്യൂസ്‌ പുറത്ത് വരാതിരിക്കാൻ ആണ്. നിങ്ങൾ നേരിട്ട് കണ്ടല്ലോ എല്ലാം. thats all about this “

അവൻ സൗമ്യമായി പുഞ്ചിരിച്ചു കൊണ്ട് കൈകൂപ്പി. എല്ലാവരും പിരിഞ്ഞു പോയപ്പോൾ അവൻ കൃഷ്ണയേ വിളിച്ചു

“ഞാൻ വരുന്നു റെഡി ആയി നിൽക്ക് “

“അപ്പുവേട്ടാ ഞാൻ എത്ര നേരമായി വിളിക്കുന്നു. ഇവിടെ ഒരു സംഭവം…”

“ഞാൻ വരുന്നു കൃഷ്ണ. അത് വരെ എന്റെ മോള് ഏഷ്യാനെറ്റ്‌ ന്യൂസ്‌ കാണു “

കൃഷ്ണ അമ്പരന്നു പോയി. ന്യൂസിൽ വന്നോ. അതെങ്ങനെ. ആരും അറിഞ്ഞിട്ടില്ലല്ലോ. ഒരു ചാനെൽ കാരും വന്നില്ല. ഇപ്പോഴും നടുക്കം മാറിയിട്ടില്ല. എന്റെ ദൈവമേ

സ്കൂളിൽ ഓട്ട മത്സരത്തിൽ സമ്മാനം മേടിച്ചിട്ടുണ്ട്. ഈ ഓട്ടത്തിന് വല്ല സമ്മാനം ഉണ്ടായിരുന്നെങ്കിൽ സ്വർണമെഡൽ തന്നെ കിട്ടിയേനെ. അജ്ജാതി ഓട്ടം ഓടി

ആ ജന്തുവിന്റെ കയ്യിൽ തോക്ക്. ഇതൊക്കെ എവിടെ നിന്ന് വരുന്നു

അവൾ അവിടെയിരുന്ന ടീവിയിൽ ന്യൂസ്‌ ചാനെൽ വെച്ച് നോക്കി. അവളുടെ ശ്വാസം നിലച്ചു പോയി

നീന. അർജുന്റെ നേരേ ചൂണ്ടുന്ന തോക്ക്. ചുറ്റും പോലീസ്. ചാനൽ

അർജുൻ അത് വാങ്ങി പോലീസ് കാരെ ഏൽപ്പിക്കുന്നു. അവന്റെ സൗമ്യമധുരമായ സംഭാഷണം. സമാധാനത്തിന്റെ വഴി ആണ് എന്റേത്. അവൾ അറിയാതെ ഉറക്കെ പൊട്ടിച്ചിരിച്ചു പോയി

“എന്താഡി വട്ട് ആയോ?”

ദൃശ്യ

അവൾ പേടിച്ചു വിറങ്ങലിച്ചു ഒരു പരുവമായി. ആ സമയം അവൾ അവിടെ ഉണ്ടായിരുന്നു. അവൾ എല്ലാം നേരിട്ട് കണ്ടു

ഒരു കട്ടിലിന്റെ മറവിൽ മറഞ്ഞിരുന്നു മുഴുവൻ മൊബൈൽ ക്യാമെറയിൽ പകർത്തുകയും ചെയ്തു

“നീ ഇത് കണ്ടോ അവൾ ഇവിടെ നിന്ന് നേരേ അപ്പുവേട്ടന്റെ അടുത്തേക്ക് പോയി. കൊള്ളാം പറ്റിയ ആള് തന്നെ. പക്ഷെ എന്റെ സംശയം കക്ഷി ഇത് എങ്ങനെ അറിഞ്ഞെന്നാണ് പോലീസും മീഡിയയും ഒക്കെ മുൻകൂട്ടി പറഞ്ഞു വന്നല്ലോ “

“അർജുൻ ചേട്ടനല്ലേ ആള്. അവൾ ഇവിടെ വന്നത് പുള്ളി അറിഞ്ഞിട്ടുണ്ടാകും. നമുക്ക് വേണേൽ പുള്ളിയുടെ പ്ലാൻ ഗസ്സ് ചെയ്യാം. നമുക്ക് പുള്ളിയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് “

കൃഷ്ണ അവളെ നോക്കി

“ഇവിടെ നടന്നത് അർജുൻ ചേട്ടന്റെ ആൾക്കാർ കണ്ടിട്ടുണ്ട് അവളെ പൊക്കിയെടുത്തു മുന്നിൽ കൊണ്ടിട്ടിണ്ടാകും. ചേട്ടൻ നേരെത്തെ പോലീസിനെ ഇൻഫോം ചെയ്തു കാണും. ഇത്രേ ഉള്ളു “

“സാധാരണ ഇങ്ങനെ അല്ലല്ലോ.”

“പെണ്ണായത് കൊണ്ടാ
ആണായിരുന്നെങ്കിൽ…തകർത്തേനെ “

നേരം വെളുത്തു തുടങ്ങി. ഡ്യൂട്ടി അവസാനിക്കാറായി. അർജുന്റെ കാൾ വരുന്നു

“അപ്പുവേട്ടൻ വിളിക്കുന്നുണ്ട്. നീയും വാ”

അവർ ഒന്നിച്ചു ഇറങ്ങാൻ ഭാവിച്ചപ്പോൾ ഡോക്ടർ ലക്ഷ്മി അവിടേക്ക് വന്നു

“കൃഷ്ണ പ്രിൻസിപ്പൽനെ ഒന്ന് കാണണം എന്ന് പറഞ്ഞു. ഇപ്പൊ വേണ്ട വൈകുന്നേരം വരുമ്പോൾ മതി. ഇന്നത്തെ സംഭവം എല്ലാവരും പേടിച്ചു മോളെ. ആരാണ് എന്താണ് എന്നൊക്കെ അറിയാമോ?”

“ന്യൂസിലുണ്ട് ഡോക്ടർ. എല്ലാം വിശദമായി ഉണ്ട് “

അവൾ മറുപടി പറയുമ്പോഴേക്ക് അർജുന്റെ കാർ അരികിൽ വന്നു നിന്നു. അർജുൻ പുറത്ത് ഇറങ്ങി വരികയും ചെയ്തു. ഡോക്ടർ ലക്ഷ്മി ആദ്യമായാണ് അവനെ നേരിട്ട് കാണുന്നത്

“നമസ്കാരം ഡോക്ടർ. കൃഷ്ണയുടെ husband ആണ് അർജുൻ “

ലക്ഷ്മിയും അറിയാതെ കൈകൾ കൂപ്പി പോയി. അതിസുന്ദരനായ സാധുവായ ഒരു ചെറുപ്പക്കാരൻ. അങ്ങനെ ആണ് അവർക്ക് തോന്നിയത്

അവർ യാത്ര പറഞ്ഞു പോകുമ്പോഴും ലക്ഷ്മി കുറച്ചു നേരം കൂടി അങ്ങനെ  നിന്നു പോയി. ദൃശ്യ ഉള്ളത് കൊണ്ട് അർജുൻ തലേന്നത്തെ ഒരു കാര്യങ്ങളും ചർച്ച ചെയ്തില്ല. അവൻ അധികം സംസാരിച്ചുമില്ല. അവന്റെ ഗൗരവം കണ്ടപ്പോൾ കൃഷ്ണയ്ക്ക് ഒന്നും പറയാനും തോന്നിയില്ല

ദൃശ്യ വീട്ടിലേക്ക് പോയി കഴിഞ്ഞു

“ഞാൻ ഒന്ന് കുളിച്ചു വരുമ്പോഴേക്കും ഒരു ചായ വേണം “

അവൻ കൃഷ്ണയോട് പറഞ്ഞിട്ട് പോയി
അവൾ കുളിച്ചു വേഷം മാറ്റി അടുക്കളയിൽ ചെന്ന് അനിയേട്ടനോട് കാര്യങ്ങൾ പറഞ്ഞു ജയറാമിന്റെ മുറിയിൽ വന്നു

മുറിയിൽ ഇല്ല. അച്ഛൻ പൂജമുറിയിലാണ്

പ്രാർത്ഥന കഴിഞ്ഞു പുറത്ത് വരുമ്പോൾ കൃഷ്ണയേ കണ്ടു

“ആഹാ എന്റെ കുട്ടി രാവിലെ തന്നെ വന്നൂലോ. ഞാൻ കരുതി ഇന്ന് ഹോസ്റ്റലിൽ ആണെന്ന് “

അവൾ ചിരിച്ചു

“അപ്പൊ ഇന്നലെ നടന്ന സംഭവങ്ങൾ ഒന്നും അങ്കിൾ അറിഞ്ഞിട്ടില്ലല്ലേ?”

“എന്ത് നടന്നു? എന്താ അർജുൻ?”

അർജുൻ കുളിച്ചു വന്നു ടീവി ഓൺ ചെയ്തിട്ട് അച്ഛനെ അരികിൽ ഇരിക്കാൻ ക്ഷണിച്ചു. അനിൽ കൊണ്ട് വന്ന ചായ അർജുനും ജയറാമിനും കൊടുത്തു കൃഷ്ണ. അവളും ഒരെണ്ണം എടുത്തു

“എന്റെ ദൈവമേ ഇതാരാ ഇതെന്തു സംഭവം? തോക്കൊ? മാക്സ് ഗ്രൂപ്പ്‌ കാരുടെ അഡ്വക്കേറ്റ് നിന്നെ കൊ’ ല്ലുന്നതെന്തിനാ? ഇതിലു വേറെയെന്തോ ഉണ്ട്. സത്യം പറ അർജുൻ “

“പറ പറ സമാധാനത്തിന്റെ വെള്ളരി പ്രാവ് പറ. മുഴുവൻ പറയണേ ഒരു അക്ഷരം പോലും വിടരുത് ട്ടോ “

കൃഷ്ണ കളിയാക്കി

“പോടീ ഒന്നുല്ല അച്ഛാ. ഇവള് പദ്മനാഭന്റെ മോളാ. ഡാഡിയുടെ ലീഗൽ കമ്മറ്റിയിൽ ഉണ്ടായിരുന്ന ഇപ്പൊ അവർ പോയി മാക്സിൽ ജോയിൻ ചെയ്തു. ഡാഡി ഒരിക്കൽ പറഞ്ഞില്ലേ?”

“yes. ബട്ട്‌ അവൾ എന്തിനാ നിന്നെ കൊ’ ല്ലാൻ നോക്കുന്നത്? നിങ്ങൾ തമ്മിൽ എന്ത് ബന്ധം?”

“കല്യാണാലോചന ” കൃഷ്ണ ചിരിച്ചു

“ങ്ങേ? ഞാൻ അറിയാതെയോ?”

“പിന്നെ എല്ലാം അങ്കിൾ അറിഞ്ഞിട്ടാണോ? ഈ സാധനം ഭയങ്കര ഉടായിപ്പാ അങ്കിളേ. വിശ്വസിക്കാൻ കൊള്ളുകേല “

“ആ നീ എന്റെ കയ്യിൽ നിന്നു മേടിക്കും “

കൃഷ്ണ അവന്റെ അരികിലേക്ക് ചേർന്നിരുന്നു

“ഞാൻ പറയാം അങ്കിളേ ഡാഡി ഈ കുട്ടിയെ ഏട്ടന് പ്രൊപോസ് ചെയ്തു. ഏട്ടന്റെ മുന്നിൽ ഒരു പെണ്ണ് കാണൽ പോലെ ഈ കക്ഷി വന്നു. ഇത് രാ- ക്ഷസൻ ആണല്ലോ? വായിൽ വന്നത് മുഴുവൻ ആ പെണ്ണിനെ പറഞ്ഞു. പെണ്ണ് നാണം കെട്ട് പോയി. വൈരാഗ്യം ആയി വെറുപ്പ് ആയി. അങ്ങനെ അവർ കുടുംബത്തോടെ കമ്പനി വിട്ടു. ആ വൈരാഗ്യം സ്വാഭാവികമായും എന്റെ നേരെ വന്നു.ഇന്നലെ രാത്രി തോക്കും കൊണ്ട് വന്നു മെഡിക്കൽ കോളേജിൽ ഒരു  മെഗാഷോ. സ്കൂളിൽ ഓടി ഓടി ഓട്ടത്തിന് ഞാൻ ഒന്നാമതാ. ഇല്ലെങ്കിൽ കാണാരുന്നു. ഫോട്ടോ ആയേനെ. അവൾക്ക് നല്ല ഉന്നമാ അങ്കിളേ ഞാൻ ചാടി ഒഴിഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് ഏകദേശം തീരുമാനം ആയേനെ. ജസ്റ്റ്‌ അടുത്തു കൂടാ ബുള്ളറ്റ് പോയത്. പിന്നെ എന്റെ പിന്നാലെ ഓടി വന്നു. അവളും സ്കൂളിൽ ഓട്ട മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാ തോന്നുന്നേ. അജ്ജാതി ഓട്ടം. നല്ല പൊക്കം ഉള്ളത് കൊണ്ട് ഒരു കാല് വെയ്ക്കുമ്പോ തന്നെ എന്റെ അടുത്തെത്തും. നമ്മൾ ആരാ മോള്, ലോങ്ങ്‌ ജമ്പ് ഹൈ ജമ്പ് ഇതിൽ ഒക്കെ ഒന്നാം സമ്മാനം മേടിച്ച നമ്മളോടാ കളി. ഓടിയും ചാടിയും ഒരു വിധത്തിൽ രക്ഷപെട്ടു എന്ന് പറഞ്ഞ മതി. ഈ ദുഷ്ടൻ നോക്കിക്കേ ഇത് വരെ എന്നോട് ഇത് ഒന്നും ചോദിച്ചില്ല. ഭാര്യ ജീവനോടെ ഉണ്ടല്ലോ എന്നോർത്ത് ഒന്നു സ്നേഹത്തോടെ നോക്കുക. ങ്ങേ ഹേ. കൃഷ്ണേ എനിക്ക് ഒരു ചായ വേണം ന്നു. ഇതെന്തൊരു സാധനം ആണ് അങ്കിളേ “

അർജുൻ പൊട്ടിച്ചിരിച്ചു പോയി. ജയറാമിന് പക്ഷെ ചിരി വന്നില്ല. അദ്ദേഹം ഭയന്ന്പോയി.

എന്താ അർജുൻ എന്നാ ഭാവത്തോടെ ഒന്നു നോക്കി. അർജുൻ ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു. അച്ഛൻ ഹോസ്പിറ്റലിൽ പോയപ്പോ അവൻ കൃഷ്ണയേ പിടിച്ചു കൊണ്ട് മുറിയിൽ പോയി

“പോടാ സ്നേഹം ഇല്ലാത്തവനെ…മരങ്ങോടാ “

അവൾ അവനെ നുള്ളി മാന്തി ഇടിച്ചു

അർജുൻ അവളെ തന്നോട് ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു

“അയ്യടാ പുന്നാരം നോക്ക്.. ചുമ്മാ കാണിക്കുവ ഇതൊക്കെ “

അവൾ മുഖം വീർപ്പിച്ചു

“ആന്നോടി അത് ഒന്നു എന്റെ കണ്ണിൽ നോക്കിപറ “

“ഓ പിന്നെ ഡയലോഗ്…”

“നിന്നെ ഞാൻ ഇന്ന്…”

“ദേ എനിക്ക് വയറ് വേദന ആണ് ട്ടോ അങ്ങോട്ട് നീങ്ങി കിടന്നോ “

“ഞാൻ തടവി തരാല്ലോ എവിടെ ആണ് എന്റെ കൊച്ചിന് വേദന നോക്കട്ടെ “

അവൻ മെല്ലെ തടവി

“ദേ സമാധാനത്തിന്റെ ആൾ രൂപമേ …സത്യം പറ എന്നോടെങ്കിലും പറ ആ പെണ്ണ് എങ്ങനെ ആശുപത്രിയിൽ വന്നു? സത്യം ആയിട്ടും സെക്യൂരിറ്റി കടന്ന് അപ്പുവേട്ടന്റെ മുന്നിൽ എത്താനൊന്നും പറ്റില്ല. എനിക്ക് അറിയാം. പറ “

അവൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു പറഞ്ഞു തുടങ്ങി. കൃഷ്ണയ്ക്ക് അരികിലേക്ക് ഒരു പെണ്ണ് വരുന്നത് ആദ്യം കണ്ടത് അജിയാണ്. അന്ന് അവനായിരിന്നു ഡ്യൂട്ടി. ക്രിമിനൽകൾക്ക് അവരുടെ മാതിരിയുള്ള ആൾക്കാരുടെ ശരീരഭാഷ പെട്ടെന്ന് മനസിലാകും. അജി ഗൺ ഉന്നം വെച്ച് നിൽക്കുക തന്നെ ആയിരുന്നു. പക്ഷെ നീന ഗൺ എടുത്തപ്പോൾ ഒരു അമ്മയും കുഞ്ഞും പെട്ടെന്ന് അവന്റെ മുന്നിലൂടെ കടന്ന് പോയി. ഭാഗ്യത്തിന് കൃഷ്ണ ഓടി മാറുകയും ചെയ്തു. പിന്നെ എളുപ്പമായിരുന്നു ഓടി വന്ന അവളെ വളരെ ഈസി ആയി അടിച്ചു താഴെ ഇട്ട് താഴെ നിൽക്കുന്ന കൂട്ടാളികൾക്ക് ഇട്ട് കൊടുത്തു എന്നിട്ട് തന്നെ വിളിച്ചു. അപ്പൊ പ്ലാൻ കൃത്യമായി  പറഞ്ഞു കൊടുത്തു. അജിയെ കൊണ്ട് തന്നെ പോലീസിനെയും മീഡിയയെയും അറിയിച്ചു. അജ്ഞാതന്റെ ഫോൺ സന്ദേശം പോലെ. ഇന്ന് രാത്രി അർജുൻ ജയറാം ഹോസ്പിറ്റലിൽ വെച്ച് കൊ’ ല്ലപ്പെടും അതായിരുന്നു ആ സന്ദേശം. അത് നീനയെ മുറിയിൽ എത്തിച്ചതിന് ശേഷം ആയിരുന്നു. പിന്നേ ഉള്ളതെല്ലാം പ്ലാൻ പ്രകാരം നടന്ന് കഴിഞ്ഞു

“അടുത്ത പ്ലാൻ എന്താ?”

എല്ലാം കേട്ട് കഴിഞ്ഞു കൃഷ്ണ ചോദിച്ചു

“ഇനിയെന്ത് പ്ലാൻ? എന്റെ കൊച്ചിന് വയലൻസ്  ഇഷ്ടം അല്ല. സമാധാനം. അഹിംസ. ബുദ്ധന്റെയാളാ. അതോണ്ട് നമ്മളില്ലേ..”

“എനിക്ക് അത്രേ വിശ്വസം പോരാ “

“ദേ ഇതാണ് കുഴപ്പം. ഞാൻ നന്നായാലും വിശ്വസിക്കില്ല. എന്താ ചെയ്ക? എടി പഴയ സ്വഭാവത്തിനാണെങ്കിൽ അവൾ ഇന്ന് ഭൂമിയിൽ ഉണ്ടാവില്ല. ഞാൻ ഡീസന്റ് ആയത് കൊണ്ടല്ലേ പോലീസിൽ ഏൽപ്പിച്ചത്. നീ എന്റെ നിർമ്മലമായ മനസിനെ വേദനിപ്പിക്കരുത് കേട്ടോ. നിന്റെ അപ്പുവേട്ടൻ നന്നായി. സത്യം “

കൃഷ്ണ തോക്കിൻകുഴലിലൂടെ എന്നവണ്ണം അവനെ നോക്കി കൊണ്ടിരുന്നു. ഇതൊക്കെ ചുമ്മാതെയാണെന്ന് അവൾക്ക് അറിയാം. എന്തോ വലിയ പ്ലാൻ ഉണ്ട്  ആളുടെ മനസ്സിൽ. അത് എന്താ എന്ന് കക്ഷിക്ക് മാത്രം അറിയാം

“ദേ ആരേം കൊ- ല്ലുക വെ- ട്ടുക ഒന്നും വേണ്ട. നിയമം ശിക്ഷ കൊടുക്കും അത് മതി ” അവൾ ആ നെഞ്ചിൽ ഒന്ന് തൊട്ടു

“മതി.. അത് മതി.. അത് മതിയല്ലോ. ഞാൻ ഒന്നിനുമില്ല. പോരെ?”

അവൾക്ക് ചിരി വന്നു. അവൾ തെല്ല് ഉയർന്ന ചുണ്ടിൽ മൃദുവായി കടിച്ചു

“ഭയങ്കര കള്ളനാ ട്ടോ. എനിക്ക് അറിയാട്ടോ ഇതൊക്കെ ഉടായിപ്പ് ആണെന്ന്… വേണ്ട “

“ഒന്നുല്ല..എന്റെ മോള് ഉറങ്ങിക്കോ. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നതല്ലേ? അതും പീരിയഡ് ടൈം. ഉറങ്ങിക്കോ.”

അവൻ ആ നിറുകയിൽ ചുംബിച്ചു. പിന്നെ തന്നോട് ചേർത്ത് കിടത്തി തഴുകി തലോടി. കൃഷ്ണയുടെ കണ്ണുകൾ മെല്ലെ അടഞ്ഞു

അർജുന്റെ കണ്ണുകളിൽ തീ ആളി തുടങ്ങി

തുടരും….