ധ്രുവം, അധ്യായം 95 – എഴുത്ത്: അമ്മു സന്തോഷ്

പനി നന്നായി മാറിയപ്പോൾ ഒരു ദിവസം കൃഷ്ണയും അർജുനും കൂടി നീരജയുടെ വീട്ടിൽ പോയി.

നീരജയുടെ വീട്ടുകാരെ പലതവണ ആയി പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. പക്ഷെ നീരജയ്ക്ക് വേണ്ടി അവർ മൗനം പാലിച്ചു

അങ്ങനെ ആ ദിവസം അത് തെരുമാനിക്കപ്പെട്ടു. നീരജയെയും കുഞ്ഞിനേയും വിളിച്ചു കൊണ്ട് ദീപുവിന്റെ വീട്ടിലേക്ക് കൃഷ്ണയും അർജുനും വരുമ്പോൾ മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു

ദീപു ഒരു വീട് വാങ്ങിയിരുന്നു. പഴയ ഓർമ്മകൾ, ജീവിതം ഒക്കെ നിറഞ്ഞ ആ പഴയ ഫ്ലാറ്റ് അവൻ വിറ്റ് കളഞ്ഞു

പുതിയ വീട്, പുതിയ ജീവിതം

അമ്മയെയും അച്ഛനെയും അവൻ കൂടെ കൊണ്ട് നിർത്തി. അമ്മയും അച്ഛനും ഇനി എന്റെ കൂടെ മതി എന്നവൻ തീർത്തു പറഞ്ഞു

അർജുൻ അവനോട് അവർ പോയി വിളിച്ചാൽ മതിയോ എന്ന് ചോദിച്ചിരുന്നു
ദീപുവിന് അതിൽ പരം ഒരു സന്തോഷം ഇല്ല. മതിയെടാ എന്നവൻ പറഞ്ഞു. അവൻ പൂർണമായും മറ്റൊരാളായി മാറിപ്പോയിരുന്നു

അങ്ങനെ നീരജയെയും കുഞ്ഞിനേയും വഹിച്ചു കൊണ്ട് അർജുന്റെ കാർ അവന്റെ വീടിന്റെ മുറ്റത്തു എത്തി

കുഞ്ഞിന് വേണ്ടിയുള്ള അലങ്കാരങ്ങൾ, അവൾക്ക് വേണ്ടിയുള്ള ഓരോന്നും, നീരജയുടെ കണ്ണ് നിറഞ്ഞു പോയി. ദീപു മുന്നോട്ട് വന്നു കുഞ്ഞിനെ കയ്യിൽ വാങ്ങി. ആർത്തിയോടെ ആ മുഖത്ത് ചുംബിച്ചു. അവളുടെ മണം ഉള്ളിലേക്ക് എടുത്തു. പിന്നെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ നീരജയെ ഒന്നു ചേർത്ത് പിടിച്ചു

“സോറി ” അവൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു

അമ്മ കത്തിച്ച നിലവിളക്ക് കൊണ്ട് നീരജയുടെ കയ്യിൽ കൊടുത്തു. കുഞ്ഞിനെ ദീപു മാറോട് ചേർത്ത് പിടിച്ചു അവൾക്കൊപ്പം പുതിയ വീടിന്റെ പടി ചവിട്ടി. സന്തോഷം നിറഞ്ഞ കൊച്ചുവർത്തമാനങ്ങൾ. ദീപു നീരജയെ നോക്കി കൊണ്ട് ഇരുന്നു. അവൾ കുറച്ചു കൂടി വെളുത്തു തടിച്ചു സുന്ദരി ആയി.

പ്രസവിച്ച പെണ്ണിന് ഒരു പ്രത്യേക ഭംഗിയാണ്. അത് അമ്മയായതിന്റെ ഭംഗി കൂടി ആവും

കുഞ്ഞ് കൃഷ്ണയുടെ കയ്യിൽ ആയിരുന്നു. അവൾ അതിനെ അർജുന്റെ മടിയിലേക്ക് വെച്ചു കൊടുത്തു

“നോക്ക് നോക്ക് അപ്പൂസ് അങ്കിൾ “

കൃഷ്ണ കൊഞ്ചി പറഞ്ഞു. അർജുൻ കൃഷ്ണയേ നോക്കിയിരുന്നു

“എന്റെ മുഖത്തല്ല കുഞ്ഞിനെ നോക്ക് “

അവൾ അടക്കി പറഞ്ഞു

“ലവ് യു “

അവൻ മന്ത്രിച്ചു

കൃഷ്ണ വിളർച്ചയോടെ ചുറ്റും നോക്കി

“ഇതൊക്കെ ഒറ്റയ്ക്ക് ഉള്ളപ്പോൾ പറഞ്ഞൂടെ അന്നേരം എന്താ ഗൗരവം?”

അവൾ മുഖം വീർപ്പിച്ചു കുഞ്ഞിനെ എടുത്തു മടിയിൽ വെച്ചു

“കുഞ്ഞ് മോൾക്ക് എന്താ പേരിട്ടത്? “

മോളെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു കൃഷ്ണ

“കൃഷ്ണ “

നീരജ മെല്ലെ പറഞ്ഞു. കൃഷ്ണ തെല്ല് അമ്പരപ്പോടെ നോക്കി. അർജുനും അതിശയിച്ചു പോയി. ദീപു നിറഞ്ഞ കണ്ണുകളോടെ നീരജയെ നോക്കിക്കൊണ്ടിരുന്നു

“ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ വെച്ച് തന്നെ അവർ ചോദിച്ചു എന്താ പേരിടുക എന്ന്. സത്യത്തിൽ ഞാൻ കൃഷ്ണയേ കണ്ടിട്ടില്ല. പക്ഷെ അർജുന്റെ സംസാരത്തിൽ നിന്ന് കൃഷ്ണയുടെ ഒരു ചിത്രം എന്റെ മനസ്സിലുണ്ടായിരുന്നു. അർജുനെ കഴിഞ്ഞ കുറേ വർഷങ്ങൾ ആയി എനിക്ക് അറിയാം. അർജുൻ മാറിയത് ഞാൻ കണ്ട് കൊണ്ടാണ് ജീവിച്ചത് അർജുൻ മാറിയിട്ടും ദീപു മാറിയില്ല. പക്ഷെ ദീപു ഏറ്റവും ബഹുമാനത്തോടെ പറയുന്ന ഒരു സ്ത്രീയുടെ പേരുണ്ടെങ്കിൽ അത് കൃഷ്ണയുടെ പേരായിരിന്നു. എന്റെ അനിയത്തിക്കുട്ടി എന്ന് അത്ര സ്നേഹത്തോടെ മറ്റൊരാളെ കുറിച്ച് പോലും ദീപു പറഞ്ഞു കേട്ടിട്ടില്ല. ഞങ്ങൾ പിരിഞ്ഞിട്ട് വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോഴും കൃഷ്ണയുടെ പേര് പറയാതെ ഒരു ദിവസം കടന്നു പോയിട്ടില്ല. ഒരിക്കൽ ദീപു എന്നോട് ചോദിച്ചിട്ടുണ്ട് കൃഷ്ണ അർജുനെ സ്നേഹിക്കുന്ന പോലെ നീ എന്നേ സ്നേഹിച്ചിരുന്നോ എന്ന്. ഇല്ല എന്നായിരുന്നു എന്റെ ഉത്തരം. കൃഷ്ണ സ്നേഹിച്ച പോലെ ആർക്ക് സാധിക്കും അത്?”

കൃഷ്ണ പുഞ്ചിരിച്ചു

“മതി ട്ടോ ഓവർ ആക്കി കൊളമാക്കരുത്. എന്നേ പുകഴ്ത്തി നശിപ്പിക്കരുത് പ്ലീസ് “

“അതൊരു വെറും പുകഴ്ത്തലല്ല കൃഷ്ണ. സത്യം ആണ്. ഒരാളിനെ മാറ്റാൻ കഴിയുന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഈ അർജുൻ..”

നീരജ ചിരിച്ചു

“എടാ അപ്പൊ നീ എന്നേക്കാൾ ബോറാണെന്ന ഇവൾ പറഞ്ഞു വെച്ചത്. സന്തോഷം ആയി “

അർജുൻ ചിരിച്ചു പോയി

“ഇനി അങ്ങനെ പറഞ്ഞോ…കൃഷ്ണ ഇരിക്കുന്നു അല്ലെങ്കിൽ ദീപുവിനെ കുറിച്ച് എല്ലാം പറഞ്ഞേനെ.. ?”

“എന്റെ മോളെ ഹിസ്റ്ററി ജോഗ്രാഫി ഒന്നും ഇനി വേണ്ട. പ്രേസേന്റ് കാലം മതി. ഇനിയങ്ങോട്ട് എന്താ അത് മതി “

“അതേ അത് മതി. ഇത് വരെ ഉള്ള ചീത്ത എല്ലാം മാഞ്ഞു. പോട്ടെ
ഓം ക്രീം കുട്ടിച്ചാത്താ “

കൃഷ്ണ അന്തരീക്ഷത്തിൽ ഒരു വര വരച്ചു മായ്ച്ചു

എല്ലാവരും പൊട്ടിച്ചിരിച്ചു

“മന്ത്രവാദമൊക്കെ അറിയാമല്ലേ?”

നീരജ കളിയാക്കി

“അങ്ങനെ അല്ലെ ഞാൻ ഈ ആളെ മയക്കിയത്. അല്ലെ അപ്പുവേട്ടാ?”

ദീപു നേർത്ത ഒരു ചിരിയോടെ നോക്കി

“ആന്റി വിളിക്കുന്ന പേരായിരുന്നു അല്ലേടാ?”

അർജുൻ ഒന്നു മൂളി

“കുഞ്ഞിലേ ഇവൻ ഭയങ്കര വികൃതി ആയിരുന്നു. എന്റെ പൊന്നെ അടി വാങ്ങിക്കാത്ത ഒറ്റ ദിവസം ഇല്ല. അന്നൊക്കെ ആന്റി ദീപുവിനെ കണ്ട് പഠിക്ക് എന്നല്ലെടാ പറഞ്ഞു കൊണ്ട് ഇരുന്നേ “”പിന്നേ…ഒന്നു പോടാ ഉവ്വേ. എന്റെ അമ്മയുടെ കയ്യിൽ നിന്ന് ഇവനും കിട്ടിയിട്ടിണ്ട് അടി.”

“അതിവൻ ചെയ്യുന്നതിന്റെ പകുതി എന്റെ തലയിൽ വെയ്ക്കുന്നതാ അങ്ങനെ കിട്ടുന്നതാ “

വർത്താനം നീണ്ടു. അമ്മ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അവർ എഴുന്നേറ്റു. നല്ല നാടൻ കറികൾ കൂട്ടി ഇലയിൽ ഒരു ഊണ്. സ്വദിഷ്ടമായിരുന്നു അത്. ഭക്ഷണം കഴിഞ്ഞു. ദീപുവും അർജുനും ഓഫീസ് റൂമിലേക്ക് പോയി

“എന്തായി കാര്യങ്ങൾ? എടാ ഇനി വെയിറ്റ് ചെയ്യണ്ട നാറികളെ തീർക്കാൻ ഉള്ള വഴി നോക്ക്. നേരിട്ട് എങ്കിൽ നേരിട്ട്. ആളെ ഇറക്കുന്നെങ്കിൽ ഞാൻ ചെയ്യാം. നിവിനും ഷെല്ലിയും എന്തിനും റെഡി ആണ്. നേരേ നേരേ എങ്കിൽ അങ്ങനെ. അല്ലെങ്കിൽ വേറെ വഴി നോക്ക്. മൂന്നെണ്ണവും ഭൂമിയിൽ കാണരുത്”

“സമയം എടുക്കും പെട്ടെന്ന് പറ്റില്ല. ഞാൻ അതാണ് വെയിറ്റ് ചെയ്യുന്നത് “

“നീ വെയിറ്റ് ചെയ്യുന്നത് അവർക്ക് ഒരു അവസരമാകരുത്. കൃഷ്ണ മെഡിക്കൽ കോളേജിൽ പലപ്പോഴും ഒറ്റയ്ക്ക് ആണെന്ന് ഓർക്കണം. എത്ര സെക്യൂരിറ്റി ഉണ്ടെങ്കിലും മുന്നിൽ വരുന്ന patient ഒരു കത്തി കൊണ്ട് വന്ന തീർന്നില്ലേ? ഞാൻ ഉദേശിച്ചത്‌ patient ന്റെ രൂപത്തിൽ ഏതെങ്കിലും ഒരുത്തൻ വന്നാൽ…ആ നീന വന്നത് പോലെ
എപ്പോഴും നമുക്ക് നോക്കി ഇരിക്കാൻ പറ്റില്ല അർജുൻ. നിന്റെ കാര്യം പോലെ അല്ല ആ കൊച്ച് പബ്ലിക് ആയിട്ട് ഒത്തിരി interaction ഉള്ള ജോലി ആണ്. എത്രയും വേഗം അത് ഫിനിഷ് ചെയ്യു”

അർജുൻ ഒന്നു മൂളി

“നമുക്ക് നാലിനും കൂടി ഒന്നിരിക്കണം. പ്ലാൻ ചെയ്യണം “

“ഞാൻ അവന്മാരെ വിളിക്കാമെടാ. ഈ ആഴ്ച തന്നെ ഇരിക്കാം “അർജുൻ പറഞ്ഞു

ദീപു തലയാട്ടി

നീരജ കൃഷ്ണയേ നോക്കിയിരിക്കുകയായിരുന്നു. ഒരു ആർഭാടം ഇല്ല. സാധാരണ ഒരു ചുരിദാർ. കണ്ണെഴുതി പൊട്ട് വെച്ചിട്ടുണ്ട്. നീണ്ട മുടി വെറുതെ ക്ലിപ്പ് ഇട്ടിരിക്കുന്നു

അർജുൻ ജയറാമിന്റെ ഭാര്യ

നീരജ തന്നെ ഒന്നു ചിരിച്ചു പോയി. വേറെ ഒരാൾ ആയിരുന്നു എങ്കിലെങ്ങനെ ഒക്കെ ആയിരുന്നേനെ എന്ന് വെറുതെ ഓർത്തു പോയി

ഈ ലാളിത്യമാണ് കൃഷ്ണയുടെ മുഖമുദ്ര. അവളുടെ സംസാരവും ആകർഷണിയമാണ്

“കുഞ്ഞ് ഉറങ്ങിട്ടോ ചേച്ചി “

അവൾ മോളെ നീരജയുടെ കൈയിൽ വെച്ചു കൊടുത്തു. നീരജ മോളെ തൊട്ടിലിൽ കിടത്തി വന്നു അവൾക്ക് അരികിൽ ഇരുന്നു

“ഇടയ്ക്ക് വരണം “

കൃഷ്ണ തലയാട്ടി

“എങ്ങനെ നന്ദി സ്നേഹം ഒക്കെ പറയണം എന്നൊന്നും അറിഞ്ഞു കൂടാ. ഉള്ളിൽ ഉണ്ട് എല്ലാം. ദീപു മാറിയതിൽ അറിഞ്ഞോ അറിയാതെയോ കൃഷ്ണയ്ക്ക് ഒരു പങ്കുണ്ട്..കൃഷ്ണയുടെ നന്മക്ക് “

കൃഷ്ണ ആ കൈകൾ കൂട്ടിപിടിച്ചു

“അങ്ങോട്ടും വരണം “

“വരും “

അർജുൻ അവിടേക്ക് വന്നപ്പോ കൃഷ്ണ എഴുന്നേറ്റു

“പോകാം “

അവർ എല്ലാവരോടും യാത്ര പറഞ്ഞു

ദീപുവും നീരജയും തനിച്ചായി. ദീപു എന്ത് പറയണമെന്നറിയാതെ അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു. പിന്നെ അത് ശിരസ്സിൽ അമർത്തി കുനിഞ്ഞിരുന്നു ഏറെ നേരം. നിശബ്ദമായി ഒരായിരം മാപ്പ് അപേക്ഷ ആ കാൽക്കൽ വെച്ചു കരഞ്ഞു പോയി അവൻ. നീരജ അവന്റെ ശിരസ്സ് പതിയെ മാറോട് ചേർത്ത് പിടിച്ചു..പുതിയ ജീവിതം തുടങ്ങുകയാണ് …പഴയ ഓർമ്മകൾക്ക് വിട

*************************

അർജുന്റെ വീട്

പൂജാമുറിയിൽ നിന്ന് നാമജപം കേൾക്കാം. അർജുൻ കുളിച്ചു വന്നു. കൃഷ്ണ പ്രാർത്ഥിക്കുന്നു. അച്ഛനും അടുത്തുണ്ട്. അവൻ വന്നച്ഛന്റെ അരികിൽ നിന്നു. ഈ വീട്ടിൽ കൃഷ്ണ വന്നതിനു ശേഷം ആണ് നാമം ജപിക്കുന്നതൊക്കെ കേട്ട് തുടങ്ങിയത്

അമ്മ അതൊന്നും ചൊല്ലി കേട്ടിട്ടില്ല. ദിവസവും വിളക്ക് വെച്ച് പ്രാർത്ഥിക്കും തന്നെയും കൂട്ടും. അമ്മയ്ക്ക് സമയം ഉണ്ടായിരുന്നില്ല അച്ഛനും

കൃഷ്ണ അങ്ങനെ അല്ല. എത്ര സമയം ഇല്ലെങ്കിലും പ്രാർത്ഥന മുടക്കില്ല. നാമജപം അതിനായ് അവൾ സമയം കണ്ടെത്തുക തന്നെ ചെയ്യും. അവൻ അറിയാതെ കണ്ണുകൾ അടച്ചു കൈ. കൂപ്പി. മനസ്സ് തിരയടങ്ങിയ കടൽ പോലെ ശാന്തം. കൃഷ്ണ തന്റെ നെറ്റിയിൽ ചന്ദനം തൊട്ടപ്പോൾ മാത്രം ആണ് പ്രാർത്ഥന തീർന്നത് അവൻ അറിഞ്ഞത്

അച്ഛൻ മുറിയിലേക്ക് പോയി കഴിഞ്ഞു. കൃഷ്ണ ധരിച്ചിരിക്കുന്ന ചന്ദന നിറമുള്ള ഉടുപ്പ് അവളുടെ ശരീരത്തോഡിണങ്ങി കിടന്നു. കുങ്കുമചെപ്പ് കയ്യിൽ വെച്ച് അവൾ അവനെ കണ്ണ് കാണിച്ചു. ഒരു നുള്ള് കുങ്കുമം നിറുകയിൽ
പിന്നെ താലിയിൽ. അവൻ കുനിഞ്ഞു ഒരുമ്മ കൊടുത്തു

അവൾ പുഞ്ചിരിച്ചു. പിന്നെ താലി ഉള്ളിലേക്കിട്ട് കുങ്കുമ്മചെപ്പ് തട്ടിൽ വെച്ചു

“ഇന്ന് പോകണം “

അവൾ അവന്റെ കൈവിരലിൽ വിരൽ കോർത്തു

“രാവിലെ എട്ടു മണിക്ക് ഡ്യൂട്ടി തുടങ്ങും “

അവൾ ക്ലോക്കിൽ നോക്കി

“ഞാൻ കൊണ്ട് വിടാം “

“എന്നാ വേഗം കഴിക്കട്ടെ. അപ്പുവേട്ടൻ വന്നിട്ട് സ്വസ്ഥം ആയി പിന്നെ കഴിച്ച മതി ട്ടോ. വയറ് നിറച്ചു കഴിക്കണേ “

അവൻ ചിരിച്ചു

“കഴിക്കോ?”

“ആ “

അവൾ ഓടി പോയി. പ്ലേറ്റിൽ രണ്ടു ദോശ എടുത്തു വന്നു. നിന്നു കൊണ്ട് തന്നെ കഴിച്ചു. കുറച്ചു അവനും കൊടുത്തു

“ഞാൻ ഇന്ന് തിരുവനന്തപുരത്തുണ്ട് ഞാൻ വന്നു വിളിച്ചോളാം “

അവൾ തലയാട്ടി. ബാഗ് എടുത്തു

“അങ്കിളേ ഞാൻ ഇറങ്ങുന്നേ “

ജയറാമിന്റെ മുറിയുടെ വാതിൽക്കൽ ചെന്ന് യാത്ര പറഞ്ഞു അവൾ

അർജുൻ കാർ എടുത്തു. ജയറാം അവർ പോകുന്നത് നോക്കി നിന്നു

“പഴവങ്ങാടിയിൽ കയറി ഗണപതിക്ക് ഒരു തേങ്ങ ഉടയ്ക്കാൻ സമയം ഉണ്ടാവുമോ.?”

അവൻ വാച്ചിൽ നോക്കി

“ഉണ്ടെടി..എന്താ പതിവില്ലാതെ?”

“ഹേയ് നേർച്ച ഒന്നുമല്ലന്നേ..അപ്പുവേട്ടൻ ഇങ്ങനെ ഓടി നടക്കുവല്ലേ. ഞാൻ എല്ലാ വെള്ളിയാഴ്ചയും ചെയ്യും. അപ്പുവേട്ടന്റെ പേരില് ഒരു ഭാഗ്യസൂക്തം പിന്നെ ഒരു തേങ്ങ ഉടയ്ക്കല്.  “

അവൻ അവളെ ഒന്നു നോക്കി

“നിന്റെ പേരില് വേണ്ടേ?,

“അപ്പുവേട്ടന് കിട്ടുന്നത് എല്ലാം എനിക്ക് അല്ലെ? പിന്നെ എന്തിന് വേറെ ഭാഗ്യസൂക്തം?. പിന്നെ ഇന്ന് വേറെ ഒരു വിശേഷം ഉണ്ട്. ഓർക്കുന്നെങ്കിൽ പറ “

അവൻ സ്നേഹത്തോടെ ഒന്നു ചേർത്ത് പിടിച്ചു

“എന്റെ കൊച്ച് പറ “

“ഭയങ്കര സ്നേഹം ഉള്ള ആളല്ലേ ഓർത്തു നോക്ക്. ഇന്നത്തെ ദിവസം എന്താ വിശേഷം?”

നിരത്തിൽ വാഹനങ്ങൾ കുറവാണ്

“ഇന്ന് പബ്ലിക് ഹോളിഡേ അല്ലെ? “

അവൾ പൊട്ടിച്ചിരിച്ചു

“അതാണോ വിശേഷം?”

അവൻ തോറ്റു. അവൾ പറഞ്ഞു

കാർ അമ്പലത്തിനടുത്ത് തന്നെ നിർത്തി

“ഞാൻ പോയിട്ട് വരാം. ഇവിടെ ഇരുന്നോ.”

“ഞാൻ കൂടി വരാം “

അവൻ പുറത്ത് ഇറങ്ങി. അവന്റെ കണ്ണുകൾ സ്വതസിദ്ധമായ രീതിയിൽ ചുറ്റുമോന്ന് നോക്കി

അവന്റെ സെക്യൂരിറ്റി ഒപ്പം ഇറങ്ങി. അവിടെ തന്നെ നിന്നു കൊള്ളാൻ അവൻ കണ്ണുകൾ കൊണ്ട് ഒരു ആംഗ്യം കാണിച്ചു. പാന്റിന്റെ പിന്നിൽ തിരുകിയ തോക്ക് അവിടെ തന്നെ ഉണ്ടോ എന്ന് അവൻ ഉറപ്പ് വരുത്തി. കൃഷ്ണ കറുക മാലയും ഒരു തേങ്ങയും വാങ്ങി വന്നു

“വാ “

അവൾ അവന്റെ കൈ പിടിച്ചു

“എടി പ്ലീസ് ഡി എന്താ ഇന്നത്തെ ദിവസത്തെ പ്രത്യേകത “

“വേറെ വല്ല ഭാര്യമാരും ആണെങ്കിൽ വഴക്കിടും കേട്ടോ “

അർജുൻ സംശയത്തോടെ അവളെ നോക്കി. കൃഷ്ണ താലിയിൽ ഒന്നു തൊട്ട് കാണിച്ചു. അർജുൻ തലയിൽ കൈ വെച്ച് പോയി. ഗുരുവായൂർ വെച്ച് താലി കെട്ടിയ ദിവസം

“ഈശ്വര എന്റെ പൊന്നുമോൾ എന്നോട് ക്ഷമിക്ക് ഞാൻ മറന്നു പോയി ” അവന്റെ കണ്ണ് നിറഞ്ഞു

“സാരമില്ല ന്നേ..വാ പോയി തൊഴുതു വരാം “

പൊടുന്നനെ ശരീരത്തിൽ എന്തോ വന്നു തറച്ച പോലെ അവൾ ഒന്നു വിറച്ചു. പിന്നെയും ഒന്ന് രണ്ട് തവണ കൂടി…

അർജുൻ പെട്ടെന്ന് തിരിഞ്ഞു നോക്കി. അകന്ന് പോകുന്ന ഒരു കാർ. ഒരു ഗൺ അകത്തേക്ക് പോയി. ഗ്ലാസ്‌ ഉയർന്നു കാഴ്ച മറഞ്ഞു

സൈലന്സർ ഘടിപ്പിച്ച സ്‌നേയിപ്പർ ഗൺ. അവനത് മനസിലായി. അവന്റെ നെഞ്ചിലേക്ക് കൃഷ്ണ തളർന്ന് വീണു. നെഞ്ചിൽ കൂടി ഒഴുകി പരക്കുന്ന രക്തം

അർജുൻ നിലവിളിക്കാൻ കൂടി മറന്ന് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. അവന്റെ മുന്നിൽ ഭൂമി നിശ്ചലമായി. കണ്ണുകളിൽ ഇരുട്ട്. സർവത്ര ഇരുട്ട് …

തുടരും….