പക്ഷേ അവരുടെ യൗവ്വനകാലത്ത് ഈ പറഞ്ഞ ബന്ധുക്കളൊക്കെ ഒരു പുനർവിവാഹത്തിന് അവരെ ഒത്തിരി നിർബന്ധിച്ചിരുന്നു…

Story written by Saji Thaiparambu
=========================

അവർക്കൊരു പുനർവിവാഹം വേണമായിരുന്നു, പക്ഷേ മക്കളും മരുമക്കളും ബന്ധുക്കളുമൊക്കെ അവരുടെ ആഗ്രഹത്തെ പുശ്ചത്തോടെ തള്ളിക്കളഞ്ഞു

അതിനൊരു കാരണമുണ്ട്, അവരുടെ പ്രായം അറുപതിനോടടുക്കുന്നു. ഈ പ്രായത്തിൽ കല്യാണം കഴിച്ചിട്ടിനി എന്തോ ചെയ്യാനാ…?

ബന്ധുക്കൾ പരിഹാസച്ചിരിയോടെ പരസ്പരം ചോദിച്ചു

പക്ഷേ അവരുടെ യൗവ്വനകാലത്ത് ഈ പറഞ്ഞ ബന്ധുക്കളൊക്കെ ഒരു പുനർവിവാഹത്തിന് അവരെ ഒത്തിരി നിർബന്ധിച്ചിരുന്നു

അന്നവരെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോകുമ്പോൾ അവർക്ക് പ്രായം നാല്പത് തികയുന്നതേയുള്ളു. പ്രായപൂർത്തിയായ രണ്ട് പെൺമക്കൾ ഉണ്ടെങ്കിലും  യൗവ്വനത്തിൻ്റെ പീക്ക് ലെവലിൽ നില്ക്കുന്ന അവരുടെ മനസ്സിൽ അവിഹിത ചിന്തകളുണ്ടാകുമോ എന്ന ആശങ്കയാണ് ബന്ധുക്കളെ അതിന് പ്രേരിപ്പിച്ചത്

പക്ഷേ പെൺമക്കളുടെ ഭാവി ഭദ്രമാക്കിയിട്ട് മതി തനിക്കൊരു ജീവിതം എന്ന തീരുമാനത്തിലാണ് അന്നവര് അതിന് തയ്യാറാവാതിരുന്നത്

ഇപ്പോൾ പെൺമക്കളാണ് പ്രധാനമായും എതിർപ്പ് പ്രകടിപ്പിക്കുന്നത്. അവരുടെ ഭർതൃവീട്ടുകാർ അത് വലിയൊരു അപരാധമായി കാണുമത്രേ…!

അമ്മയ്ക്ക് ഇനിയെന്തിനാണ് ഒരു വിവാഹം? അമ്മയുടെ കാര്യങ്ങളൊക്കെ ഞങ്ങള് നോക്കുന്നില്ലേ? ആഴ്ചതോറും ഞങ്ങളുടെ രണ്ട് പേരുടെയും വീട്ടിൽ മാറി മാറി അമ്മ താമസിക്കുന്നില്ലേ?

അത് തന്നെയായിരുന്നു മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ അവരെ നിർബന്ധിതയാക്കിയത്, എവിടെങ്കിലും ഒരിടത്ത് സ്വസ്ഥതയോടെ സ്ഥിരമായി നില്ക്കാൻ കഴിയുന്നില്ല.

മൂത്ത മകളുടെ വീട്ടിൽ ചെന്ന് ഒരാഴ്ചയെത്തുമ്പോൾ, അവൾ ചോദ്യം തുടങ്ങും, അനുജത്തിയുടെ വീട്ടിലേക്ക് പോകുന്നില്ലേ ? എന്ന്…

ആ ചോദ്യം കേൾക്കുമ്പോൾ തന്നെ മനസ്സ് മടുക്കും, പിന്നെ ഒരു നിമിഷം പോലും അവിടെ നില്ക്കാൻ തോന്നില്ല, രണ്ട് ജോഡി വസ്ത്രങ്ങളടങ്ങിയ തുണി സഞ്ചിയുമെടുത്ത്, ഇളയ മകളുടെ അടുത്തേയ്ക്ക് പോകും.

ഒരാഴ്ചയ്ക്ക് ശേഷം അമ്മയെ കാണുന്ന സന്തോഷമൊന്നും അപ്പോൾ ഇളയവളുടെ മുഖത്തുണ്ടാവില്ല, പകരം ഒരു ചോദ്യമുണ്ട്….

അമ്മയ്ക്ക് കുറച്ച് ദിവസം കൂടി അവിടെ നില്ക്കാമായിരുന്നില്ലേ? ഇവിടെയിപ്പോൾ അത്യാവശ്യമൊന്നുമില്ലായിരുന്നല്ലോ?

അതിൻ്റെയർത്ഥം, അമ്മ ഇപ്പോൾ ഒരു അധികപ്പറ്റാണെന്ന് മകള് പറയാതെ പറയുകയാണെന്ന് അവർക്ക് മനസ്സിലാകുമായിരുന്നു,

പിന്നീട് ഇളയ മകളുടെ വീട്ടിൽ നിന്നും മൂത്തമകളുടെ അടുത്തേയ്ക്കവർ പോയില്ല

അവരുടെ ലക്ഷ്യം അടുത്തുള്ള വൃദ്ധസദനമായിരുന്നു. മരണം വരെ സ്ഥിരമായി നില്ക്കാനൊരിടം, അത് മാത്രമായിരുന്നു അവരുടെ ആഗ്രഹം

പക്ഷേ അവിടെ വെച്ച് അവർ അപ്രതീക്ഷിതമായി ഒരാളെ കണ്ട് മുട്ടുന്നു. ഒരു കാലത്ത് അവരെ സ്നേഹിക്കുകയും എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അവരെ വിവാഹം കഴിക്കാൻ കഴിയാത്തതിലുള്ള നിരാശയിൽ അവിവാഹിതനായി ജീവിതം തുടരുകയും ചെയ്ത തൻ്റെ പഴയ കളിക്കൂട്ടുകാരൻ

വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടിയ അവർക്ക് പരസ്പരം പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു

ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി. ആരൊക്കെ എതിർത്താലും ഇനിയങ്ങോട്ട്  ഒരുമിച്ച് ജീവിക്കുക, മരണം വരെ

അവരുടെ തീരുമാനങ്ങൾക്ക് പിന്തുണയുമായി വൃദ്ധസദനത്തിലെ മുഴുവൻ പേരും കൂടെ നിന്നു.

-സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *