സൂര്യനെ മോഹിച്ചവൾ, ഭാഗം 03, എഴുത്ത്: ശിവ എസ് നായര്‍

“നിന്റെ അച്ഛന്റെ നേരെ വിപരീതമായ സ്വഭാവമായിരുന്നു നിന്റെ ചെറിയച്ഛന്… അതൊക്കെ തന്നെയായിരുന്നു പ്രശ്നങ്ങൾക്ക് കാരണവും..!” ഒരു ദീർഘ നിശ്വാസത്തോടെ കാര്യസ്ഥൻ പരമുപിള്ള പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി.

ബാലകൃഷ്ണൻ മേനോന്, അതായത് നിന്റെ അച്ഛാച്ചന് അദ്ദേഹത്തിന്റെ രണ്ടാമത്തെ വേളിയിലുണ്ടായ മകനാണ് സുശീലൻ.

സുരേന്ദ്രൻ അങ്ങുന്ന് നല്ല അച്ചടക്കത്തിൽ വളർന്നപ്പോൾ സുശീലൻ താന്തോന്നിയായിട്ടാണ് വളർന്നത്. തറവാട്ടിലെ സ്വത്തുക്കളൊക്കെ കട്ട് മുടിക്കാനുണ്ടായ സന്തതിയെന്ന് പറഞ്ഞ് നിന്റെ അച്ഛാച്ചനെപ്പോഴും സുശീലനെ തല്ലുമായിരുന്നു.

ചെറുപ്പം മുതലേ അവൻ ആരും കാണാതെ പണപ്പെട്ടിയിൽ നിന്ന് പൈസ കട്ടെടുക്കുകയും പറമ്പിലെ നാളികേരവും അടയ്ക്കയുമൊക്കെ പെറുക്കി വിൽക്കുകയുമൊക്കെ ചെയ്യുമായിരുന്നു. നിന്റെ അച്ഛനത് കണ്ട്പിടിച്ച് അച്ഛാച്ചനോട് പറഞ്ഞു കൊടുത്തു. അന്നവന് നിന്റെ അച്ഛാച്ചന്റെ കൈയ്യിൽ നിന്ന് പൊതിരെ തല്ല് കിട്ടി. അതോടെ സുശീലന് നിന്റെ അച്ഛനോട് പകയും ദേഷ്യവും വളരാൻ തുടങ്ങി.

വളരുംതോറും നിന്റെ ചെറിയച്ഛന്റെ സ്വഭാവം കൂടുതൽ മോശമായി തുടങ്ങി. ചീത്ത കൂട്ടുകെട്ടുകളിൽ ചെന്ന് പെട്ട് രാത്രി കാലങ്ങളിൽ കുടിച്ച് ലക്ക് കെട്ടാണ് തറവാട്ടിലേക്ക് വരുന്നത്. ഒരു ദിവസം നിന്റെ അച്ഛനത് കണ്ടിട്ട് അച്ഛാച്ചനോട്‌ പറഞ്ഞു കൊടുത്തു. പിറ്റേന്ന് രാത്രി കു- ടിച്ച് ബോധമില്ലാതെ വന്ന സുശീലനെ ഉമ്മറത്തെ തൂണിൽ കെട്ടിയിട്ട് ബെൽറ്റൂരി അ-ടിച്ച് അവന്റെ പുറം പൊളിച്ചു. അന്നത്തെ അടിയോട് കൂടെ സുശീലൻ കുറച്ചൊന്ന് ഒതുങ്ങി.

സുശീലന്റെ തെറ്റുകൾ കണ്ട്പിടിച്ച് മോന്റെ അച്ഛാച്ചനോട്‌ പറഞ്ഞു കൊടുക്കുന്നത് സുരേന്ദ്രനങ്ങുന്നായിരുന്നു. നിന്റെ അച്ഛന്റെ ശ്രദ്ധ എപ്പോഴും അവനിലുണ്ടായിരുന്നു.

നാട്ടിലും വീട്ടിലും ചേട്ട- ൻ നല്ലപേരും താൻ വെറുമൊരു തല്ലുകൊള്ളിയുമാണെന്നുള്ള ചിന്ത സുശീലനെ ഭ്രാന്ത് പിടിപ്പിച്ച് തുടങ്ങിയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സുശീലന്റെ അമ്മ ഭാനുമതിക്ക് നിന്റെ അച്ഛനോട് യാതൊരു വേർതിരിവും കാണിച്ചിട്ടില്ല. നൊന്ത് പ്രസവിച്ച സ്വന്തം മകനേക്കാൾ അവർ സ്നേഹിച്ചത് മോന്റെ അച്ഛനെയാണ്. ഇതൊക്കെ സുശീലന്റെ പക കൂടാൻ കാരണമായി തീർന്നു.

ഒരു ദിവസം അമ്പാട്ടെ തറവാട്ടിൽ ആ സംഭവം അരങ്ങേറി. നിന്റെ അച്ഛാച്ചന്റെ സഹോദരിയുടെ മകളായിരുന്നു നിന്റെ അമ്മ ഇന്ദിര. ഇന്ദിരയെ നിന്റെ അച്ഛന് വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം ഇന്ദിര അമ്പാട്ട് വന്ന ദിവസം സുശീലൻ മാത്രമേ തറവാട്ടിലുണ്ടായിരുന്നുള്ളു. അവളെ തനിച്ച് കിട്ടിയ സുശീലൻ നിന്റെ അച്ഛനോടുള്ള പക വീട്ടാൻ അവളെ കരുവാക്കി.

തറവാട്ടിൽ ആരുമില്ലാത്ത ധൈര്യത്തിൽ നിന്റെ അമ്മയെ ചെറിയച്ഛൻ ഉപദ്രവിക്കാൻ ശ്രമിച്ചു. കൃത്യ സമയത്ത് നിന്റെ അച്ഛാച്ചൻ വന്നത് കൊണ്ട് മാത്രം മാനം പോകാതെ ഇന്ദിര അവന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ടു. അന്ന് നിന്റെ അച്ഛാച്ചൻ സുശീലനെ അടിച്ചവശനാക്കി തറവാട്ടിൽ നിന്ന് പുറത്താക്കി. അതോടെ അവൻ നാടുവിട്ടു. നാടുവിട്ട് പോകുമ്പോൾ സുശീലന് വയസ്സ് പതിനെട്ട്. പോകുന്ന പോക്കിൽ തറവാട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ മൂല്യമുള്ള സ്വർണ്ണാഭരണങ്ങളും പണപ്പെട്ടിയിലെ കാശും അടിച്ച് മാറ്റിയാണ് അവൻ പോയത്.

പിന്നീട് അമ്പാട്ട് വന്ന നിന്റെ അച്ഛൻ വിവരങ്ങളൊക്കെ അറിഞ്ഞ് ഇന്ദിരയെ ചേർത്ത് പിടിച്ച് ജീവിതത്തിലേക്ക് ക്ഷണിച്ചു. ഇരുവരും കല്യാണം കഴിച്ച് ഇവിടെ സുഖമായി ജീവിച്ചു പോന്നു. അപ്പോഴാണ് എന്റെ അച്ഛന് സുഖമില്ലാതായിട്ട് ഞാനിവിടെ കാര്യസ്ഥ പണിക്ക് കേറുന്നത്.

നാല് വർഷത്തിന് ശേഷമാണ് നാടുവിട്ട് പോയ സുശീലൻ മടങ്ങി വരുന്നത്. അവൻ മടങ്ങി വന്നത് മോന്റെ അച്ഛാച്ചൻ മരിച്ചിട്ട് പതിനാറ് തികയുന്ന ദിവസമായിരുന്നു. അന്ന് അവന്റെയൊപ്പം സുധർമ്മയുമുണ്ടായിരുന്നു. ഇന്നാട്ടിലെ തന്നെ പുത്തൻ പണക്കാരന്റെ മോളായിരുന്നു സുധർമ്മ. സുധർമ്മ പട്ടണത്തിൽ പഠിച്ച പെണ്ണായിരുന്നു.

നിന്റെ അച്ഛാച്ചൻ സുശീലനെ തറവാട്ടിൽ നിന്ന് അടിച്ചിറക്കിയ ദിവസം അവൻ ഈ നാടുവിട്ട് ബസ് കയറി പോയത് പട്ടണത്തിലേക്കായിരുന്നു. അവിടെ വച്ചാണ് ഇവൻ സുധർമ്മയെ വളച്ചെടുക്കുന്നത്. സുശീലനവളെ വിളിച്ചിറക്കി കൊണ്ടുപോയി താലികെട്ടിയ ശേഷം അവളുടെ വീട്ടിലേക്ക് ചെന്നു…

സുശീലന് കൂടി അവകാശപ്പെട്ട സ്വത്തുക്കൾ അവകാശം പറഞ്ഞു വാങ്ങിയിട്ട് ചെന്നാൽ മാത്രമേ ഇരുവരെയും സുധർമ്മയുടെ വീട്ടിൽ കയറ്റുള്ളുവെന്ന് അവളുടെ അച്ഛൻ അവനോട് പറഞ്ഞു. ദാരിദ്ര്യവാസിയായ മരുമോനെ അവർക്ക് വേണ്ട പോലും… ഒപ്പം മകൾ നശിച്ചു പോയാലും പ്രശ്നമില്ല… പകരം സുശീലന് അവകാശപ്പെട്ട ഓഹരിയും വാങ്ങി ചെന്നാൽ അവിടെ കയറ്റമെന്ന് അവളുടെ അച്ഛൻ ഉറപ്പ് കൊടുത്തു.

നിന്റെ അച്ഛാച്ചൻ ജീവനോടെ ഇരിക്കുന്ന കാലം വരെ ഈ പടി ചവിട്ടാൻ കഴിയില്ലെന്ന് സുശീലന് ബോധ്യമായിരുന്നു. അങ്ങനെയാണ് കാത്ത് കാത്തിരുന്ന് സ്വന്തം അച്ഛൻ മരിച്ച ശേഷം ധൈര്യസമേതം ജേഷ്ഠനോട്‌ പറഞ്ഞു സ്വത്തുക്കൾ തുല്യമായി ഭാഗം വയ്ക്കാനായി സുശീലൻ ഇങ്ങോട്ട് വന്നത്.

സ്വന്തം അച്ഛൻ മരിച്ച് കിടന്നപ്പോ പോലും തിരിഞ്ഞു നോക്കാതെ സ്വത്തും ചോദിച്ചു വന്നവനെ നിന്റെ അച്ഛൻ പട്ടിയെ തല്ലുന്ന പോലെ അമ്പാട്ടെ മുറ്റത്തിട്ട് തല്ലി. പോരാഞ്ഞ് നിന്റെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ കണക്കും കയ്യോടെ കൊടുത്തു.

സുശീലനെ മോന്റെ അച്ഛൻ അമ്പാട്ടെ മുറ്റത്തൂടെ വലിച്ചിഴച്ച് ബെൽറ്റ്‌ കൊണ്ട് അവന്റെ പുറം അടിച്ച് പൊളിക്കുന്ന കാഴ്ച ഇപ്പോഴും എനിക്കോർമ്മയുണ്ട്. സുശീലനെ പുറത്താക്കി പടിപ്പുര അടയ്ക്കാൻ തുനിഞ്ഞ നിന്റെ അച്ഛനെ അന്ന് തടഞ്ഞത് ഭാനുമതി അമ്മയായിരുന്നു.

വയസ്സ് കാലത്ത് അവനും കണ്മുന്നിൽ വേണമെന്ന് പറഞ്ഞ് അവർ സുരേന്ദ്രങ്ങുന്നിന്റെ മുന്നിൽ നിന്ന് കരഞ്ഞു. സ്വന്തം മോനേക്കാൾ തന്നെ സ്നേഹിച്ച് അമ്മയില്ലാത്ത കുറവ് നികത്തി തന്നെ വളർത്തിയ ആ സ്ത്രീ മുന്നിൽ നിന്ന് സ്വന്തം മകന് വേണ്ടി യാചിച്ചപ്പോൾ മോന്റെ അച്ഛന്റെ മനസ്സലിഞ്ഞു. പക്ഷേ അവനെ തറവാട്ടിൽ താമസിപ്പിക്കാൻ നിന്റെ അച്ഛൻ സമ്മതിച്ചില്ല. പകരം തറവാട്ടിലെ ആശ്രിതനെ പോലെ ചായ്‌പ്പിൽ താമസിക്കാൻ അനുവദിച്ചു.

ഭാനുമതിയമ്മയ്ക്ക് സുശീലൻ കണ്മുന്നിൽ ഉണ്ടായ മതിയെന്ന് മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവനെ ചായ്‌പ്പിൽ താമസിപ്പിച്ചതിനോട് അവർക്ക് വിരോധമൊന്നുമുണ്ടായിരുന്നില്ല.
അതുപോലെതന്നെ സുശീലന് സുധർമ്മയെയും കൊണ്ട് പോകാനൊരു ഇടമില്ലാത്തതിനാൽ ചായപ്പില്ലെങ്കിലും കിടക്കാൻ അനുവാദം കിട്ടിയത് ഭാഗ്യമായി കരുതി അവിടെ കഴിഞ്ഞു കൂടി.

വർഷങ്ങൾ ഇത്രയും പിന്നിട്ടു. സുധർമ്മ രണ്ട് മക്കളെ പ്രസവിച്ചതും ചായ്‌പ്പിൽ വച്ച് തന്നെയാ. എന്നെങ്കിലും തനിക്ക് അവകാശപ്പെട്ട സ്വത്തുക്കൾ വച്ച് നീട്ടിയാൽ അതുമായി അവിടന്ന് പോകാമെന്നായിരുന്നു സുശീലന്റെ മനസ്സിൽ. പക്ഷേ തല്ലുകൊള്ളിയായ മകന് മോന്റെ അച്ഛാച്ചൻ സ്വത്തുക്കളൊന്നും തന്നെ എഴുതി വച്ചിരുന്നില്ല. സുരേന്ദ്രനോട്‌ ചോദിക്കാനുള്ള ധൈര്യവും അവനുണ്ടായില്ല… കാരണം നിന്റെ അച്ഛൻ നിന്റെ അച്ഛാച്ചനെക്കാൾ ദേഷ്യക്കാരനായി മാറിയിരുന്നു. മാത്രമല്ല സ്വത്തിന്റെ ഭാഗം ചോദിച്ചു വന്നപ്പോൾ നിന്റെ അച്ഛന്റെ കൈയ്യിൽ നിന്ന് കിട്ടിയ അടിയുടെ ചൂടും സുശീലനെ ഭയപ്പെടുത്തിയിരുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും സുരേന്ദ്രനങ്ങുന്ന് സുശീലന്റെ പേരിൽ കുറച്ചു ദൂരെയായി ഒരേക്കർ പുരയിടവും അവന് കിട്ടേണ്ട സ്വത്തുക്കൾ പണമായി ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഇത് അവനറിയില്ലായിരുന്നു. എന്നെങ്കിലും സുശീലന്റെ സ്വഭാവം നന്നായ ശേഷം അക്കാര്യം തുറന്ന് പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു മോന്റെ അച്ഛൻ.

അമ്പാട്ടെ അടിമപ്പണി ചെയ്തു മടുത്ത സുശീലൻ ഒരിക്കൽ നിന്റെ അച്ഛനുമായി ചെറിയൊരു കലഹമുണ്ടായി. അന്ന് അവന്റെ പേരിൽ നീക്കി വച്ച സ്വത്തുക്കൾ കൈമാറാൻ നിന്റെ അച്ഛൻ സന്നദ്ധനായപ്പോൾ അമ്പാട്ടെ തറവാട് അവനു വേണമെന്ന് പറഞ്ഞു തർക്കിച്ചു. അത് കിട്ടുംവരെ ആ നിയമ യുദ്ധം ചെയ്യുമെന്ന് വെല്ലുവിളിച്ചു. എങ്കിൽ അങ്ങനെ ചെയ്യാൻ നിന്റെ അച്ഛനും പറഞ്ഞു. അങ്ങനെ തറവാട് വിട്ട് കിട്ടാൻ സുശീലൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിപ്പോ കോടതിയിൽ നടക്കുകയാണ്. കേസ് വിഷയമായി നിന്റെ അച്ഛൻ ഏതോ വക്കീലിനെ കാണാൻ പോകുന്ന വഴിക്കാണ് ഈ ആക്‌സിഡന്റ് നടക്കുന്നത്…”

“എന്റെ അച്ഛനെ ഇത്ര പേടിയുള്ള ചെറിയച്ഛനെങ്ങനെയാ കേസിന് പോകാനുള്ള ധൈര്യമൊക്കെ ഉണ്ടായത്.” സൂര്യൻ തന്റെ സംശയം മറച്ചു വച്ചില്ല.

“കുറേ നാളായി സ്വന്തം തറവാട്ടിൽ അടിമയെ പോലെ കഴിഞ്ഞ് അവന് മടുത്തിട്ടുണ്ടാവും. അതായിരിക്കുമല്ലോ സുശീലൻ തനിക്ക് അവകാശപ്പെട്ടത് ചോദിക്കാനുള്ള ധൈര്യം കാണിച്ചത്. ഉള്ളതും കൊണ്ട് എവിടേലും പോയി ജീവിക്കട്ടെ എന്നുകരുതി നിന്റെ അച്ഛൻ അവന് എഴുതി വച്ചത് കൊടുക്കാൻ തയ്യാറായതാണ്. പക്ഷെ അവന് അഹങ്കാരം…”

“എന്റെ അച്ഛനെയും അമ്മയെയും അപകടപ്പെടുത്തിയത് ചെറിയച്ഛനാണോ മാമാ…”

“എനിക്കും അതിൽ സംശയമുണ്ട് മോനെ… ഇത്രയും വർഷം നിന്റെ അച്ഛനെ പേടിച്ച് മിണ്ടാതെ കഴിഞ്ഞിരുന്നവന് ഇപ്പൊ സ്വത്ത്‌ ചോദിക്കാനുള്ള ധൈര്യം എവിടുന്ന് കിട്ടി?”

പരമുപിള്ളയ്ക്കും അക്കാര്യത്തിൽ സംശയമുണ്ടായിരുന്നു.

തുടരും….