സൂര്യനെ മോഹിച്ചവൾ, ഭാഗം 07, എഴുത്ത്: ശിവ എസ് നായര്‍

കൈയ്യിൽ വിലങ്ങുമായി നാട്ടുകാർക്ക് നടുവിലൂടെ അപമാനിതനായി നടന്ന് സൂര്യൻ ജീപ്പിലേക്ക് കയറി ഇരുന്നു. ജീപ്പിലേക്ക് കയറുംവരെ അവൻ മുഖമുയർത്തി ആരെയും നോക്കിയില്ല. കോടതി മുറ്റവും കടന്ന് പോലിസ് ജീപ്പ് അവനെയും കൊണ്ട് പോകുമ്പോൾ സുശീലൻ പരിഹാസത്തോടെ സൂര്യനെ നോക്കി ചിരിച്ചു. മുഖമുയർത്തി ചുറ്റിനും വീക്ഷിച്ച സൂര്യന്റെ കണ്ണുകൾ അയാളിൽ ചെന്നുടക്കി നിന്നു. കണ്ണിൽ ആളികത്തുന്ന പകയോടെ സുശീലനെ തന്നെ അവൻ നോക്കിയിരുന്നു.

ആ നിമിഷം അയാളെ കൊ- ല്ലാനുള്ള പക തോന്നി സൂര്യന്. തന്റെ അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയവനോട് പ്രതികാരം വീട്ടാൻ തിരികെ വരുമെന്ന് അവനപ്പോൾ മനസ്സിൽ പ്രതിജ്ഞയെടുത്തു. കണ്ണിൽ നിന്നും മറയുംവരെ ഇരുവരും നോട്ടം മാറ്റിയിരുന്നില്ല. ഒരു എതിരാളിയെ കൂടി ഒതുക്കിയ സന്തോഷമായിരുന്നു സുശീലനിൽ അപ്പോൾ നിറഞ്ഞ് നിന്നത്. പക്ഷേ അയാൾ ഒരു കാര്യം വിസ്മരിച്ച് പോയിരുന്നു; താനിപ്പോൾ ചെയ്ത് കൂട്ടുന്നതിനൊക്കെ ഒരു നാൾ ഇരട്ടിയായി തിരിച്ച് കിട്ടുമെന്ന സത്യം.

*******************

പോലീസുകാർക്കൊപ്പം ജുവൈനൽ ഹോമിലേക്ക് പ്രവേശിക്കുമ്പോൾ താൻ നേരിടാൻ പോകുന്ന അഗ്നിപരീക്ഷണങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് അവനൂഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് സൂര്യനറിഞ്ഞിരുന്നില്ല. കൊടും കുറ്റവാളികളായ കുട്ടികൾക്കിടിയിലെ സൂര്യന്റെ ജീവിതം അവന്റെ സ്വഭാവത്തെയും ഭാവിയെയും തന്നെ കീഴ്മേൽ മറിക്കുമെന്ന് ആ നിമിഷം അവൻ തിരിച്ചറിഞ്ഞില്ല.

“എടാ സനലേ… പുതുയൊരു ചെക്കൻ വന്ന് കേറിയിട്ടുണ്ട്, ക- ഞ്ചാ’വ് കേസാ.” സനലിന്റെ സന്തത സഹചാരിൽ ഒരുവനായ ഉണ്ണിയാണ് ആ വിവരം വന്ന് പറഞ്ഞത്.

ആ ജയിലിലെ ഏറ്റവും സീനിയർ ആയിട്ടുള്ള തടവ് പുള്ളിയാണ് സനൽ. പത്ത് വയസ്സിൽ സ്വന്തം അച്ഛനെ തലയ്ക്കടിച്ച് കൊന്ന കുറ്റത്തിനാണ് അവൻ ജയിലിലായത്. ഇപ്പൊ വയസ്സ് പതിനേഴുണ്ടെങ്കിലും കണ്ടാലൊരു ഇരുപത്തി മൂന്ന് തോന്നിക്കും.

സനൽ ജയിലിൽ വന്ന നാളുകളിൽ സഹ തടവുകാരിൽ നിന്നേറ്റ ക്രൂരമായ പീഡനങ്ങൾ അവനെയൊരു മോശം വ്യക്തിയാക്കി മാറ്റിയിരുന്നു. ഇപ്പൊ അവനാണ് ആ ജയിലിലെ തന്നെ തല മുതിർന്നവൻ. അവനെ ചുറ്റിപ്പറ്റി കണ്ണൻ, ജോണി, ജുനൈസ്, ഉണ്ണി എന്നിങ്ങനെ നാലുപേര് കൂടിയുണ്ട്. സനലും കൂടി ചേർന്ന ആ അഞ്ചംഗ സംഘത്തിന്റെ നേതാവും അവനാണ്. ജയിലിൽ പുതുതായി വരുന്ന തടവ് പുള്ളികൾക്ക് സനലിന്റെ കൈയ്യിൽ നിന്നും കുറച്ചു നാളത്തേക്ക് മോചനമുണ്ടാവില്ല. ഒന്നുകിൽ അവന് മടുക്കുന്നത് വരെ അല്ലെങ്കിൽ പുതിയ തടവുകാരൻ വരുന്നത് വരെ സനലിന്റെ ക്രൂ- ര പീ- ഡനങ്ങളും വൃത്തികേടുകളും സഹിക്കണം.

“കണ്ടിട്ട് ആളെങ്ങനെയാ?” തന്റെ സ്വത സിദ്ധമായ വഷളൻ ചിരിയോടെ സനൽ ചോദിച്ചു.

“ഒരു സുന്ദരൻ ചെക്കനാ, നിന്റെ പ്രായം വരും. പക്ഷേ ആള് മെലിഞ്ഞുണങ്ങി നിന്റെ പകുതി പോലുമില്ല.” ഉണ്ണി താൻ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പറഞ്ഞു.

“ഇനി കുറച്ചുനാളത്തേക്ക് സനലിന് ആഘോഷിക്കാനുള്ള വകയായല്ലോ.” അവന്റെ തോളിലൊന്ന് തട്ടി ജുനൈസ് ആത്മനിർവൃതിയടഞ്ഞു.

“നമുക്ക് ഇപ്പൊത്തന്നെ അവനെ പോയൊന്നു കണ്ട് വരാടാ ഉണ്ണി. നീ പറഞ്ഞതൊക്കെ കേട്ടപ്പോൾ ചെക്കനെ കാണാനൊരു പൂതി.” ദേഹത്ത് പറ്റിയ മണ്ണ് കൈകൊണ്ട് തൂത്ത് സനൽ ഇരുന്നിടത്ത് നിന്നെണീറ്റു.

“അതിനെന്താ ഇപ്പൊത്തന്നെ നമുക്ക് കണ്ടേക്കാം.” ഉണ്ണിക്കും ഉത്സാഹമായി.

ആ അഞ്ചംഗ സംഘം സൂര്യനെ ഇട്ടിരുന്ന സെല്ലിന് നേർക്ക് ചുവടുകൾ വച്ചു.

******************

തനിക്കായി അനുവദിച്ച് കിട്ടിയ സെല്ലിനുള്ളിലായിരുന്നു സൂര്യനപ്പോൾ. കൈയിലിരുന്ന പായ ഒന്ന് തട്ടി കുടഞ്ഞ ശേഷം നിലത്ത് വിരിച്ച് അതിലേക്ക് അവനിരുന്നു.

സൂര്യന്റെ മനസ്സിലേക്ക് അമ്പാട്ട് തറവാടും അച്ഛനും അമ്മയും അച്ഛമ്മയുമൊക്കെ നിറഞ്ഞ് വന്നു. സുഖത്തോടെ സന്തോഷത്തോടെ അച്ഛന്റെ ചിറകിന് കീഴിൽ കഴിഞ്ഞിരുന്ന താനിപ്പോൾ ഒരനാഥനായി മാറുകയും ഒരു തെറ്റും ചെയ്യാതെ കുറ്റവാളിയായി മുദ്ര കുത്തപ്പെട്ട് ജയിലിലായതൊക്കെ ഉള്ളുലയുന്ന വേദനയോടെ സൂര്യനോർത്തു.

ആപത്തുകളിൽ നിന്നും അപകടങ്ങളിലും നിന്നുമൊക്കെ തന്നെ പൊതിഞ്ഞു പിടിച്ചിരുന്ന അച്ഛന്റെ കരുത്തുറ്റ കരങ്ങൾ ഇനി തന്റെ സംരക്ഷണത്തിനായി വരില്ലെന്ന സത്യം അവന്റെ മനസ്സിനെ ചുട്ട് പൊള്ളിച്ചു. കടുത്ത ഹൃദയ വേദനയാൽ ഭിത്തിയിലേക്ക് ചാരി മിഴികളടച്ച് അവനിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളെ അതിന്റെ പാട്ടിനുവിട്ട് അമ്പാട്ടെ ഓർമ്മകൾ മനസ്സിലേക്ക് ആവാഹിച്ച് സൂര്യൻ ആ ഇരിപ്പ് തുടർന്നു.

അതേസമയം അവനെതന്നെ വീക്ഷിച്ചുകൊണ്ട് സെല്ലിന് പുറത്ത് നിന്നിരുന്ന സനലിനെയും കൂടെയുള്ളവരെയും സൂര്യൻ കണ്ടിരുന്നില്ല. അവനപ്പോൾ മറ്റ് ചിന്തകളിൽ മുഴുകി കണ്ണുകൾ അടച്ചിരിക്കുകയായിരുന്നു. കുറച്ചുസമയം സൂര്യനെ നോക്കി നിന്ന ശേഷം അവരഞ്ചുപേരും അവിടെ നിന്നും നടന്ന് മറഞ്ഞു. സൂര്യനെ കണ്ടപ്പോൾ മുതൽ സനലിന്റെ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമാണ്. അത്‌ എന്തിനാണെന്ന് അവന്റെ കൂടെയുള്ളവർക്കറിയാം.

*********************

പല്ലാവൂർ ഗ്രാമം

ചെമ്മൺ പാതയിലൂടെ പൊടി പറത്തികൊണ്ട് രണ്ട് പോലിസ് ജീപ്പുകൾ അമ്പാട്ട് പറമ്പിൽ തറവാടിന്റെ മുറ്റത്തേക്ക് വന്ന് നിന്നു. സൂര്യൻ ജയിലിലായതിന് പിന്നാലെയാണ് ആ സംഭവം അരങ്ങേറിയത്.

മുന്നിലെ ജീപ്പിൽ നിന്നും എസ് ഐ അശോകനിറങ്ങി. തൊട്ട് പിന്നിലെ ജീപ്പിൽ നിന്ന് അമ്പാട്ടെ സുരേന്ദ്രന്റെ വെയർഹൗസിലെ സൂപ്പർ വൈസറായ രതീഷിനെ രണ്ട് കോൺസ്റ്റബിൾമാർ ചേർന്ന് പുറത്തിറക്കി.

“ഇങ്ങോട്ട് മാറി നിക്കെടാ…” കോൺസ്റ്റബിൾ തോമസ് അവന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് എസ് ഐ അശോകന്റെ മുന്നിലേക്ക് നീക്കി നിർത്തി.

അപ്പോഴേക്കും പോലീസ് ജീപ്പ് കണ്ട് നാട്ടുകാരും ചുറ്റും തടിച്ച് കൂടാൻ തുടങ്ങിയിരുന്നു. ആ സമയത്താണ് സുശീലനും ഭാര്യയും രണ്ട് മക്കളും പുറത്തേക്ക് വന്നത്.

“എന്താ സാറേ? എന്താ പോലിസ് ജീപ്പൊക്കെയായിട്ട് ഇവിടെ.?” മുഖത്ത് ഭയം വരുത്തി വിനീതനായി സുശീലൻ എസ് ഐ ക്ക് മുന്നിൽ നിന്നു.

“ഇവനെ നിനക്കറിയോ?” രതീഷിനെ ചൂണ്ടി അശോകൻ ചോദിച്ചു.

“അറിയാം സർ, ചേട്ടന്റെ വെയർ ഹൗസിലെ സൂപ്പർ വൈസറാണ്. ഇടയ്ക്ക് ചേട്ടന്റെയൊപ്പം ഇവിടെ വരുമ്പോഴാണ് കണ്ടിട്ടുള്ളത്.”

“എന്തിന്റെ വെയർ ഹൌസ് ആണെന്ന് നിനക്കറിയോ?”

“പഞ്ചസാരയുടെയാണെന്ന് അറിയാം സർ. ചേട്ടനെന്നെ അങ്ങോട്ട്‌ പോകാൻ അനുവദിച്ചിട്ടില്ല. എന്നെ ഏൽപ്പിച്ചിട്ടുള്ളത് ഇവിടെ പറമ്പിലെ ജോലികൾ ചെയ്യാനാണ്.”

“അപ്പോ അതിലെന്തോ കള്ളത്തരമുണ്ടല്ലോ.”

“അതിനെക്കുറിച്ചൊന്നും എനിക്കറിയില്ല സർ.”

“ഞങ്ങൾക്ക് ഈ തറവാടൊന്ന് സേർച്ച്‌ ചെയ്യണം. ഇതാ വാറണ്ടുമുണ്ട്.” പോക്കറ്റിൽ നിന്നും സേർച്ച്‌ വാറണ്ടിന്റെ പകർപ്പെടുത്ത് സുശീലനെ കാണിച്ചിട്ട് രതീഷിനെയും കൂട്ടികൊണ്ട് പോലീസുകാർ അകത്തേക്ക് കയറിപ്പോയി.

എന്തൊക്കെയാണ് അവിടെ നടക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയോടെ നാട്ടുകാർ തമ്മിൽ തമ്മിൽ പല അഭ്യൂഹങ്ങളും പറഞ്ഞു കൊണ്ട് അവിടെ നിലയുറപ്പിച്ചു.

നിമിഷങ്ങൾ അതിവേഗം കടന്ന് പോയി. അകത്തേക്ക് പോയ പോലീസുകാർ അൽപ്പ സമയം കഴിഞ്ഞാണ് പുറത്തേക്ക് വന്നത്. അവരുടെ കൈയ്യിൽ അകത്ത് നിന്നും പിടിച്ചെടുത്ത കെട്ട് കണക്കിന് കഞ്ചാവുമുണ്ടായിരുന്നു.

“നിന്റെ ചേട്ടൻ, ചത്തുപോയ സുരേന്ദ്രൻ പഞ്ചസാര കച്ചവടത്തിന്റെ മറവിൽ ചെയ്തിരുന്നത് ക’ ഞ്ചാ-വ് ബിസിനസായിരുന്നു. ഇനി നിനക്കും ഇതിൽ പങ്കുണ്ടോടാ? അകത്ത് മൊത്തം കഞ്ചാവ് സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു. സുശീലന്റെ കഴുത്തിന് കുത്തിപ്പിടിച്ച് എസ് ഐ മുരണ്ടു.

“അയ്യോ സാറേ എനിക്കൊന്നും അറിയാൻ പാടില്ല. കഴിഞ്ഞ കുറേ വർഷങ്ങളായിട്ട് ചേട്ടനും ഞാനും അത്ര ചേർച്ചയിലല്ല സർ. എന്നെയും കുടുംബത്തെയും ചേട്ടനിതുവരെ ഈ തറവാട്ടിനുള്ളിൽ കയറ്റിയിട്ടില്ല. ഞങ്ങൾ ദേ ആ ചായ്‌പ്പിലാ ഇത്രേം വർഷങ്ങളായി കിടന്നിരുന്നത്. സാറിന് സംശയമുണ്ടെങ്കിൽ ദേ ഈ നാട്ടുകാരോട് ചോദിക്ക് സാറേ.” സുശീലൻ എല്ലാവർക്കും മുൻപിൽ നല്ല അഭിനയം തന്നെ കാഴ്ച വച്ചു.

“ഇവൻ പറയുന്നതൊക്കെ നേരാണോ…” ചുറ്റും കൂടി നിന്ന ആളുകളെ നോക്കിയാണ് എസ് ഐ അത് ചോദിച്ചത്.

“നേരാ സാറേ…. അവര് ചേട്ടാനിയന്മാർ ആണെങ്കിലും സുശീലൻ ഇവിടുത്തെ ജോലിക്കാരനെ പോലെയായിരുന്നു. എന്താ സാറേ പ്രശ്നം.” പഞ്ചായത്ത് മെമ്പർ സുഗുണൻ മുന്നോട്ട് വന്നു.

“മരിച്ചുപോയ സുരേന്ദ്രൻ ആളെങ്ങനെയാ?”

“നല്ലൊരു മനുഷ്യനായിരുന്നു സാറേ. നാട്ടുകാർക്കും ഈ ഗ്രാമത്തിന്റെ വികസനത്തിനും വേണ്ടി അദ്ദേഹം ചെയ്യാത്ത സഹായങ്ങളൊന്നുമില്ല സർ.”

“നാട്ടുകാരെ സഹായിച്ച് അയാൾ നിങ്ങളുടെ മുന്നിൽ നല്ല പിള്ള ചമയലായിരുന്നു. കുറച്ചുനാളായി ഞങ്ങളൊരു കേസിന്റെ പിന്നാലെയായിരുന്നു. സ്കൂൾ കുട്ടികൾക്കും കോളേജ് കുട്ടികൾക്കും കഞ്ചാവ് കൊടുത്ത് അവരെ ലഹരിക്ക് അടിമയാക്കാൻ ശ്രമിക്കുന്നൊരു സംഘമുണ്ടായിരുന്നു.

ഈ സുരേന്ദ്രനിവിടുന്ന് കയറ്റി അയക്കുന്ന പഞ്ചസാര ചാക്കിന് മറവിൽ വൻ തോതിൽ ക- ഞ്ചാവും കടത്തുന്നുണ്ടായിരുന്നു. അയാൾക്കിത് എവിടുന്നാ കിട്ടിയിരുന്നതെന്ന് കണ്ട് പിടിക്കേണ്ടി ഇരിക്കുന്നു. ഈ കയറ്റി അയക്കുന്ന കഞ്ചാവ് പല ജില്ലകളിലും എത്തിക്കുന്നതായിരുന്നു ഇയാളുടെ ജോലി. അതിനോടൊപ്പം ഈ നാട്ടിലെ കുട്ടികൾക്ക് മോൻ വഴിയും മിട്ടായിൽ ലഹരി കലർത്തിയും സപ്ലൈ തുടങ്ങിയിരുന്നു. അതിനാ ആ ചെക്കനെ ഞങ്ങൾ അറസ്റ്റ് ചെയ്തത്. അവന്റെ മുറിയിൽ നിന്ന് രണ്ട് കിലോ കഞ്ചാവാണ് ഇന്നലെ പോലിസ് പൊക്കിയത്.

തറവാട്ടിലും വെയർ ഹൗസിലുമായി സുരേന്ദ്രൻ കിലോ കണക്കിന് ല-ഹരിയാണ് സൂക്ഷിച്ചിരുന്നത്. ഇതിന് നിർലോഭം കാശ് കിട്ടുന്നത് കൊണ്ട് നാട്ടുകാർക്കും ഗ്രാമത്തിന്റെ വികസനത്തിനും അയാൾക്ക് വാരിയെറിയാൻ പണം ധാരാളമുണ്ടായി.

പിന്നെ സുരേന്ദ്രനും ഭാര്യയും സഞ്ചരിച്ചുരുന്ന കാറിലേക്ക് ഇടിച്ചു കയറിയ ലോറി ഡ്രൈവറെ ഞങ്ങൾ കസ്റ്റടിയിൽ എടുത്തിരുന്നു. അയാളുടെ മൊഴി സുരേന്ദ്രൻ മനഃപൂർവം ലോറിക്ക് മുന്നിലേക്ക് വന്ന് കയറുകയായിരുന്നുവെന്നാണ്. എല്ലാംകൂടി കൂട്ടി വായിക്കുമ്പോൾ പോലീസിന് മനസ്സിലാകുന്നത് പോലീസിന്റെ അന്വേഷണം തന്നിലേക്ക് എത്തുന്നതറിഞ്ഞ സുരേന്ദ്രൻ മാനഹാനി ഭയന്ന് ആ-ത്മഹത്യ ചെയ്യാനുറച്ച് ലോറിക്ക് മുന്നിലേക്ക് കാറോടിച്ച് കയറ്റിയതായിട്ടാണ്. കുറച്ചുകൂടി നേരത്തെതന്നെ എല്ലാം കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ അയാളെ പിടിച്ച് ഞാൻ ജയിലിട്ടേനെ. ഇനിയെങ്കിലും നിങ്ങളൊരു കാര്യം മനസ്സിലാക്കണം പുറമേ അമിതമായി മാന്യതയുടെ മുഖംമൂടി അണിഞ്ഞു നടക്കുന്നവന്മാരൊന്നും സത്യത്തിൽ മാന്യന്മാരേ അല്ലെന്നത്.” എസ് ഐ അശോകന്റെ വാക്കുകൾ ചുറ്റും കൂടി നിന്ന ആളുകളിൽ നടുക്കം സൃഷ്ടിച്ചു.

ദൈവത്തെ പോലെ തങ്ങൾ കണ്ടിരുന്ന മനുഷ്യന് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ അവർക്കൊക്കെ പ്രയാസം തോന്നി.

“നീയും കേറടാ ജീപ്പിലേക്ക്… സ്റ്റേഷനിൽ ചെന്ന് ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞു നിന്നെ തിരിച്ച് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാം.” രതീഷിനൊപ്പം സുശീലനെയും ജീപ്പിലേക്ക് പിടിച്ചു കയറ്റി എസ് ഐ പറഞ്ഞു.

“അയ്യോ ഞാനൊരു തെറ്റും ചെയ്തിട്ടില്ല സാറേ. പിന്നെ എന്തിനാ എന്നെ കൂടി പിടിച്ചുകൊണ്ട് പോകുന്നത്.” സുശീലൻ അയാൾക്ക് മുന്നിൽ താണ് കേണു.

“ഇതൊക്കെ ഞങ്ങളുടെ കേസിന്റെ ഭാഗമായിട്ടാണ്. എടോ, അയല്പക്കത്തെ കുറച്ചാളുകളെയും കൂട്ടി താൻ സ്റ്റേഷനിലേക്ക് വരണം. എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്.” ജീപ്പിലേക്ക് കയറി ഇരിക്കുമ്പോൾ അശോകൻ പഞ്ചായത്ത് മെമ്പറെ നോക്കി പറഞ്ഞു.

“ശരി സാറേ… ഇപ്പൊത്തന്നെ വരാം.” സുഗുണൻ വിനീതനായി പറഞ്ഞു.

രതീഷിനെയും സുഗുണനെയും കയറ്റിയ ജീപ്പുകൾ അമ്പാട്ട് പറമ്പിൽ നിന്നും ചെമ്മൺ പാതയിലേക്കിറങ്ങി കുതിച്ചുപാഞ്ഞു.

മുന്നിൽ അരങ്ങേറുന്ന നാടകങ്ങൾ കണ്ട് കണ്ണീർ വാർത്തുകൊണ്ട് സുധർമ്മ മക്കളെയും ചേർത്ത് പിടിച്ച് ചായ്‌പ്പിലേക്ക് ഓടിക്കയറി.

തുടരും…