ധ്രുവം, അധ്യായം 129 – എഴുത്ത്: അമ്മു സന്തോഷ്

ജയറാമിനെ മുറിയിൽ കാണാതെ വന്നപ്പോ നോക്കി നടക്കുകയായിരുന്നു ദുർഗ

അർജുൻറ്റ മുറിയിൽ നിഴലനക്കം കണ്ട് അവിടേക്ക് പോയി നോക്കി. അവന്റെ ബെഡ് ഷീറ്റ് കുടഞ്ഞു വിരിക്കുകയായിരുന്നു ജയറാം

“ഇതെന്താ ഇത് മുഷിഞ്ഞില്ലല്ലോ “

ജയറാം നിവർന്നു

“അർജുന്‌ ബെഡ്ഷീറ് നീട് ആയിരിക്കണം ഒട്ടും പൊടി കാണാൻ പാടില്ല. എപ്പോഴാ വരിക എന്നറിയില്ലല്ലോ.”

ദുർഗയ്ക്ക് ഹൃദയത്തിൽ ഒരു നോവുണ്ടായി

ജയറാം വല്ലാതെ മൂകനാകുന്നത്, ചിലപ്പോൾ ഒക്കെ സങ്കടം വന്നപോലെ ഈ മുറിയിൽ വന്നു ഇരിക്കുന്നത് ദുർഗ കാണുന്നുണ്ട്

അവർ പോയിട്ട് രണ്ടാഴ്ച ആയതേയുള്ളു. ജയറാം ടേബിൾ ഒക്കെ തുടച്ചു. ടേബിളിൽ അവന്റെയും കൃഷ്ണയുടെയും ഫോട്ടോ

“കല്യാണത്തിന് എടുത്തതാ “

ജയറാം അത് കയ്യിൽ എടുത്തു മെല്ലെ തുടച്ചു

അർജുന്റെ മുഖം ഒരു മൂന്നാല് ആവൃത്തി തുടച്ചു. പിന്നെ സ്വന്തം മുറിയിലേക്ക് പോരുന്നു

“അർജുൻ എങ്ങനെ അവിടെ നിൽക്കുന്നോ ആവോ?” ജയറാം തന്നെ പറഞ്ഞു

ദുർഗ പുഞ്ചിരിച്ചു

“അവന് ഭക്ഷണം ഒക്കെ ശരിയാകും അല്ലെ ദുർഗ?”

“കൃഷ്ണ ഉണ്ടല്ലോ.”

“ഉണ്ട്..എന്നാലും..അർജുന്‌ പാല് വലിയ ഇഷ്ടാണ്. ഇവിടെ ഉള്ളപ്പോ ഞാൻ രാവിലെയും വൈകുന്നേരവും ഹോർലിക്സ് ഒക്കെ ഇട്ട് കൊടുക്കും. ആൾക്ക് വേറെ വലിയ ഭക്ഷണം ഒന്നും വേണ്ട. രാവിലെ ഒരു ഗ്ലാസ്‌ പാല് കിട്ടിയാൽ പിന്നെ ഹാപ്പിയാണ്. കൃഷ്ണയോട് ഒന്ന് സൂചിപ്പിക്കണമെന്ന് കരുതി. പിന്നെ അവൾ എന്താ വിചാരിക്കുക. അത് കൊണ്ട് പറഞ്ഞില്ല. അവൻ ഇല്ലാതെ ഒരു സുഖം ഇല്ല…ആത്മാവിന്റെ പാതി എവിടെയോ വീണു പോയ പോലെ…എന്റെ മോൻ…”

അയാൾ പാതിയിൽ നിർത്തി. ദുർഗ മെല്ലെ ജയറാമിനെ ഒന്ന് കെട്ടിപിടിച്ചു

“നമുക്ക് അങ്ങോട്ട് പോകാം. ഇന്നന്നേ പോകാം. കണ്ടു കഴിയുമ്പോൾ ഈ വിഷമം മാറും. അവൻ അവൾ അവരുടെ മാത്രം ലോകത്തിൽ കുറച്ചു നാളുകൾ ജീവിക്കാൻ ആഗ്രഹിക്കുന്നു. നമ്മളെ വേണ്ടാഞ്ഞിട്ടല്ല. അവരുടെ പ്രായം അതാണ്‌. പ്രണയിച്ചു വിവാഹം ചെയ്തവർ. ഇപ്പോഴും അതിന്റെ ഇരട്ടി സ്നേഹം ഉള്ളിൽ ഉള്ളവർ. അവർക്ക് ഈ നാളുകളിൽ ഒന്നും സമാധാനം കിട്ടിയിട്ടില്ല. അവർക്ക് ഒന്ന് സ്വസ്ഥം ആവണം…ഒരു കുഞ്ഞ് വേണംന്ന് അർജുന്നുണ്ട് അന്ന് ചോദിച്ചത് ഓർമ്മയില്ലേ..അതിനൊക്കെ കൂടിയ അവർ പോയത്… നമുക്ക് പോയി രണ്ടു ദിവസം നിന്നിട്ട് വരാം “

ജയറാം അവരെ ഇറുകെ കെട്ടിപിടിച്ചു. പിന്നെ ആ മുഖത്ത് നിറയെ ഉമ്മ വെച്ചു. ദുർഗ തുടുത്തു പോയി

“ഇതെന്താ പതിവില്ലാതെ?”

അവരുടെ ശബ്ദം അടച്ചു

“നീ ഒപ്പം ഇല്ലായിരുന്നു എങ്കിൽ ഞാൻ…എത്ര ഒറ്റയായി പോയേനെ ദുർഗ?”

ജയറാം മന്ത്രിച്ചു

“ഞാൻ…ഞാൻ…നിന്നെ സ്നേഹിക്കുന്നു ദുർഗ…ലവ് യു “

ദുർഗ നേർത്ത ഒരു വിങ്ങലോടെ ആ നെഞ്ചിൽ ചേർന്നു. ജയറാമിന്റെ കൈകൾക്ക് ലാളനയുടെ താളം വന്നു. പരിരംഭണങ്ങൾക്ക്  മുറുക്കവും

ദുർഗ ഒരു പൂമരമായി. ജയറാം തൊടുമ്പോഴൊക്കെ പൂക്കുന്ന പൂമരം

പ്രണയപർവ്വങ്ങൾ കീഴടക്കുമ്പോൾ ഒരു ലഹരി പോലെ ദുർഗ ജയറാമിൽ നിറഞ്ഞു

ഓരോ അണുവിലും അത് നിറഞ്ഞു

സമയം….കടന്ന് പൊയ്ക്കൊണ്ടിരുന്നു

അർജുൻ ഫോൺ വെച്ച് തിരിഞ്ഞു

കൃഷ്ണ കുളിച്ചു വന്നു മുടി വിതർത്തിട്ട് ഒരു പൊട്ട് വെയ്ക്കുകയായിരുന്നു

“അച്ഛൻ വരുന്നു “

അവളുടെ മുഖം വിടർന്നു

“ഹായ് എപ്പോ?”

“ഓൺ ദി വേ ആണ്. ഉച്ചക്ക് എത്തും “

“അടിപൊളി. ഡോക്ടർ ഇല്ലെ ഒപ്പം “

“ആന്റിയും ഉണ്ട്. നീ എന്തിനാ അങ്ങനെ വിളിക്കുന്നത്. ആന്റിക്ക് ഒരു അകൽച്ച തോന്നും. നീയും ആന്റി എന്ന് വിളിക്ക് “

“ok done. നമുക്ക് ഫുഡ് ഉണ്ടാക്കാം. അവര് പുറത്ത് നിന്നു കഴിക്കരുത് എന്ന് പ്രത്യേകം പറ. നമുക്ക് നല്ല വയനാടൻ ഫുഡ് ഉണ്ടാക്കി കൊടുക്കാം. കം ഓൺ,

“ഞാനോ?”

“പിന്നെ ഞാൻ ഒറ്റയ്ക്കോ. ഇങ്ങോട്ട് വാ
ചെറുക്കാ “

അച്ഛന്റെ കാർ ഗേറ്റ് കടന്ന് വരുന്നത് കണ്ട് അർജുൻ മുറ്റത്തേക്ക് ഇറങ്ങി

“കൃഷ്ണ അവർ വന്നു “

കൃഷ്ണ ഭക്ഷണം എടുത്തു ടേബിളിൽ വെച്ച് കൊണ്ടിരിക്കുകയായിരുന്നു. അവളും കൈ തുടച്ച് അവിടേക്ക് വന്നു

ജയറാം കാറിൽ നിന്നിറങ്ങി

അർജുൻ മെല്ലെ മുന്നോട്ട് ചെന്നു

അച്ഛൻ

അവന്റെ ഉള്ളു ഒന്ന് തുടിച്ചു. അച്ഛനെ അങ്ങനെ കെട്ടിപിടിച്ചു ശീലം ഇല്ല. അത് കൊണ്ട് തന്നെ ഉള്ളിൽ സ്നേഹം നിറഞ്ഞു തുളുമ്പിയാലും അർജുൻ ഒന്ന് ചേർത്ത് പിടിക്കും അത്രേ തന്നെ

ജയറാം പക്ഷെ അവനെ കെട്ടിപ്പിടിച്ചു. അവന്റെ മുഖം താഴ്ത്തി കവിളിൽ ഉമ്മ വെച്ചു കണ്ണ് തുടച്ചു

“അച്ഛ…അയ്യേ കരയല്ലേ “

അർജുൻ അച്ഛന്റെ തോളിൽ കയ്യിട്ട് നടന്നു

അർജുൻ കുറച്ചു തടിച്ചു. കുറേ കൂടെ സുന്ദരനായി. കൃഷ്ണയും അതേ

മിടുക്കിയായി. ക്ഷീണം ഒക്കെ മാറി. നല്ല സുന്ദരിക്കുട്ടി

നല്ല സന്തോഷം അവരെ കാണുമ്പോൾ

കൃഷ്ണ ജയറാമിനെ കെട്ടിപിടിച്ചു

“അങ്കിളേ…”

ജയറാം അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. കൃഷ്ണ കവിളിലും

“അത് കൊള്ളാം. എനിക്കില്ലേ?”

ദുർഗ മുഖം വീർപ്പിച്ചു

“അയ്യോ ഞാൻ. ഇത് സ്ഥിരമായി അങ്കിളിനു കൊടുക്കുന്നതാണ്. ആന്റിക്ക് ഇഷ്ടം ആകുമൊന്ന് ഡൌട്ട് അതല്ലേ?”

“ഉമ്മ ഒക്കെ ഇഷ്ടം ഇല്ലാത്ത മനുഷ്യരുണ്ടോ?”

ദുർഗ കളിയാക്കി. കൃഷ്ണ ദുർഗയെയും കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു

നല്ല മണം. ദുർഗ പെട്ടെന്ന് പറഞ്ഞു

“ഇലഞ്ഞി മരമുണ്ടോ ഇവിടെ? ഇലഞ്ഞി പൂ മണക്കുന്നു “

കൃഷ്ണ വിളറി പോയി

അർജുൻ ചിരി വന്നിട്ട് മുറിയിൽ നിന്ന് എന്തോ പറഞ്ഞു രക്ഷപെട്ടു

ദുർഗ ജനലിൽ കൂടെ പുറത്തേക്ക് നോക്കി

“നോക്കിക്കേ നിറയെ മരങ്ങൾ. എന്ത് രസല്ലേ “

“രണ്ടു പേരും റിസോർട്ലാണോ താമസിക്കുന്നത്?”

കൃഷ്ണ ചോദിച്ചു

“അതെന്തിന്? ഇവിടെ മുറിയുണ്ടല്ലോ “

“എ സി ഇല്ലാട്ടോ. ഞങ്ങളുടെ മുറിയിൽ മാത്രം ഉള്ളു. പിന്നെ ബാക്കി മുറീയൊക്കെ ചെറിയ മുറികൾ ആണ്. ഇഷ്ടം ആവില്ല “

“ഹേയ് രണ്ടു ദിവസം അല്ലെ. ഇതൊക്കെ മതി “

ജയറാം മുറികൾ നോക്കി

“അത്യാവശ്യം വലിപ്പം ഉണ്ടല്ലോ “

കൃഷ്ണ പുഞ്ചിരിച്ചു

“ഞങ്ങളെ ഓടിക്കാൻ ഉള്ള പരിപാടി ആണല്ലേ?”

“അയ്യോ അങ്കിളേ ഞാൻ മനസ്സാ വാചാ കർമ്മണാ അങ്ങനെ ഒന്നും ചിന്തിച്ചു കൂടിയില്ല “

ജയറാം നെറ്റി ചുളിച്ചു

“സത്യം ഊഹും ഇല്ലാന്ന് “

ദുർഗ ബാത്‌റൂമിൽ പോയി

“രണ്ടാളും വേഷം മാറ്റിയിട്ട് വാ കിടിലൻ ഫുഡ് നിങ്ങൾക്ക് വേണ്ടി വെയ്റ്റിംഗ് “

“അത് കഴിച്ചിട്ട് ഞങ്ങളു പറയേണ്ടതല്ലേ മോളെ?”

“മറന്ന് പോയാലോന്നു കരുതി ഒന്നോർമ്മിപ്പിച്ചതാ എന്റെ പോന്നോ.”

കൃഷ്ണ വേഗം അവിടെ നിന്ന് പോയി. ജയറാം വാതിൽ അടച്ചു

“എടാ “

അർജുൻ പ്ലേറ്റ് എടുത്തു വെയ്ക്കുവാരുന്നു

“എന്താ?”

“നീ എന്തിനാ കിണിച്ചേ?”

അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ അടുപ്പിച്ചു

“ഇലഞ്ഞി പൂവിന്റെ മണം എനിക്ക് മാത്രം അല്ല അപ്പൊ…”

അവൾ സ്വയം മണപ്പിച്ചു നോക്കി

“എനിക്ക് കിട്ടുന്നില്ലല്ലോ.”

അവൻ ചുറ്റും ഒന്ന് നോക്കി

പിന്നെ അവളെ വലിച്ചടുപ്പിച്ചുകഴുത്തിൽ മുഖം അമർത്തി

“എന്റെ ഈശ്വര കണ്ട്രോൾ തരു പ്ലീസ്.”

അവൻ അവളുടെ കാതിൽ പറഞ്ഞു. കൃഷ്ണ ആ മുഖം പിടിച്ചു നേരെയാക്കി

“പോയി ഗ്ലാസിൽ ഒക്കെ വെള്ളം നിറച്ചു വെയ്ക്ക് “

“ദുഷ്ട പെണ്ണേ..”

അവൻ അവളെ വീണ്ടും വലിച്ചടുപ്പിച്ചപ്പോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് പെട്ടെന്ന് അകന്ന് അടുക്കളയിൽ പോയി

“കുറേ ഉണ്ടല്ലോ സാധനങ്ങൾ?”

ദുർഗ ഓരോന്നിലും നോക്കി

“ഇതൊക്ക എന്താ സംഭവം?”

“എല്ലാം പറഞ്ഞു തരാം. ക്ഷമ വേണം  ട്ടോ ആക്രാന്തം പാടില്ല “

“വലിയ ബിൽഡപ്പ് ആണല്ലോ.”

കൃഷ്ണ ഓരോന്നായി എടുത്തു വിളമ്പി

“ഇത് മുളക്കൂമ്പ് തോരൻ “

“എന്ന് വെച്ചാൽ?”

“മുളയുടെ മൂട്ടിൽ ഒരു കുഞ്ഞുണ്ട് ചെറിയ മുള. അതെടുത്തു ചെയ്തതാ. ഇവിടെ ഒക്കെ സ്ഥിരം ഉണ്ടാകുന്ന ഒരു ഡിഷ്‌ ആണ്..കഴിച്ചു നോക്കിക്കോ. ഒരു പാട് ഗുണങ്ങൾ ഉണ്ട്.”

അവർ കഴിച്ചു നോക്കി

“ഉഗ്രൻ ആണല്ലോ “

ജയറാം പറഞ്ഞു

“സമ്മതിച്ചുല്ലോ. എന്തായിരുന്നു ജാഡ “

അവൾ മുഖം കോട്ടി

“ഇത് എന്താ നീല നിറം “

“ചേന. ഒരുതരം ചേന ആണ്. നമ്മുടെ പറമ്പിൽ ഉള്ളതാ. ഇവിടെ പച്ചക്കറി പുറത്ത് നിന്ന് വാങ്ങിക്കുകയെ വെണ്ട. എല്ലാം ഉണ്ട് “

“ഇത് ഒരു തരം റൂട്ട് ആണ് ട്ടോ നല്ല ടേസ്റ്റ് ആണ്. ഇത് ചുണ്ടക്ക തീയൽ “

കൃഷ്ണ നല്ല ഒരു വീട്ടമ്മയെ പോലെ എല്ലാം പറഞ്ഞു കൊടുക്കുന്ന കണ്ട് അർജുൻ നിന്നു

“നിങ്ങൾ കൂടെ ഇരിക്ക് “

“അത് ശരിയാവില്ല. ഡെമോ വേണ്ടേ?”

അർജുൻ പറഞ്ഞു. ജയറാം ചിരിച്ചു പോയി

“ഇത് പുഴ മീനാ അങ്കിളേ. പക്ഷെ ഇന്നലെ വെച്ചതാ. അത് കൊണ്ട് ടേസ്റ്റ് കൂടുതൽ ഉണ്ടാവും “

ദുർഗയ്ക്കും ജയറാമിനും ഭക്ഷണം നന്നായി ഇഷ്ടപ്പെട്ടു. അവർ വയറ് നിറച്ചു കഴിക്കുകയും ചെയ്തു

“രണ്ടാളും പോയി വിശ്രമിച്ചോ. ഞങ്ങളുടെ ഊഴമാണ് ഇനി “

കൃഷ്ണ പറയുന്നത് കേട്ട് ദുർഗ ചിരിച്ചു

“ഞാൻ വിളമ്പി തരാം മോളെ “

“എന്തിന്? ഞങ്ങൾക്ക് ഒരു പാത്രം മതി. അപ്പുവേട്ടൻ മാത്രേ ഒറ്റയ്ക്ക് കഴിഞ്ഞുള്ളു എനിക്ക് വാരി തരും അല്ലെ അപ്പുവേട്ടാ “

അവൻ ഒന്ന് ചമ്മി

ദുർഗ കള്ളച്ചിരിയോടെ ഒന്ന് മൂളിയിട്ട് മുറിയിലേക്ക് പോയി. അവൻ പതിവ് പോലെ ഒരു പ്ലേറ്റിൽ ഭക്ഷണം എടുത്തു. പിന്നെ അവളെ നോക്കി. അവൾ കണ്ണ് കാണിച്ചു. പറമ്പിൽ മാവിന്റെ ചുവട്ടിലവർക്ക് ഇഷ്ടം ഉള്ള ഒരു സ്ഥലം ഉണ്ട്. കുറച്ചു പാറകൾ ഒക്കെ ഇട്ട് അവർ ശരിയാക്കി വെച്ചിട്ടുണ്ട് അത്. നല്ല തണലാണ്. അവിടെ ഇരുന്നാണ് അവർ കഴിക്കുക. ഒന്ന് രണ്ടു പൂച്ചയും ഒരു പട്ടിയും കൃത്യമായി ആ സമയത്ത് വരും

കൃഷ്ണയ്ക്ക്  ഇങ്ങനെ ഉള്ള ജന്തുക്കളോട് സ്നേഹം കൂടുതലായത് കൊണ്ട് അവൾ തന്റെ ഭക്ഷണം മിക്കവാറും ഇവർക്ക് കൊടുക്കുന്നത് കണ്ടിട്ടണ് അവൻ ഭക്ഷണം ഒന്നിച്ചെടുക്കുന്നത്. അത് കൊണ്ട് അവൾ കഴിക്കും. ഇല്ലെങ്കിൽ നല്ല ചീത്ത കേൾക്കും

ജയറാം അത് നോക്കി നിന്നു. അവർ ഇരിക്കുന്നത്. അർജുൻ അവളെ ഊട്ടുന്നത്കൃഷ്ണ വായിൽ ഉരുള വാങ്ങി കൊണ്ട് പൂച്ചയുടെ കൂടെ കളിക്കുന്നുണ്ട്

പിന്നെ മരത്തിൽ തൂങ്ങി ആടുന്നു. അർജുൻ വഴക്ക് പറയുമ്പോ കുറച്ചു നേരം അവന്റെ അരികിൽ വന്നിരിക്കും

വീണ്ടും ഓട്ടം

ജയറാം നേർത്ത ചിരിയോടെ അത് കണ്ടു നിന്നു

അർജുൻ കല്യാണം കഴിച്ചത് കൃഷ്ണ എന്നൊരു പെൺകുട്ടിയായത് കൊണ്ട് മാത്രം ആണ് ഇങ്ങനെ. അദ്ദേഹം ഓർത്തു

അത് ദുർഗയെ കാണിച്ചു കൊടുത്തു

കൃഷ്ണ അവന്റെ കഴുത്തിൽ തൂങ്ങി അങ്ങനെ കിടന്ന് സംസാരിക്കുന്നു

അർജുൻ കഴിക്കുകയാണ്. ഇടക്ക് ഓരോ ഉരുള കൊടുക്കുന്നുണ്ട്. കൃഷ്ണ അവന്റെ മുഖത്ത് ഒരുമ്മ കൊടുക്കുന്നത് കണ്ടപ്പോൾ ദുർഗ ജനലടച്ചു

“അവർ സ്നേഹിക്കട്ടെ “

ജയറാം ആ കൈ പിടിച്ചുപിന്നെ അവരെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ദുർഗ ആ നെഞ്ചിൽ ചേർന്നു കണ്ണുകൾ അടച്ചു

പാത്രങ്ങൾ ഒക്കെ കഴുകി വെയിൽ കൊള്ളിക്കാൻ വെച്ചു കൃഷ്ണ

“അപ്പുവേട്ടൻ വേണേൽ കിടന്നോ..ഞാനെ ദേ ഈ പുളി കിട്ടിയത് മുറിച്ചു ഉണക്കാൻ വേയ്ക്കട്ടെ “

“എനിക്ക് ഉറങ്ങണ്ട..ഇതെവിടെ നിന്ന് കിട്ടി?”

“നോക്ക് ആ തോട്ടിൽ വീണു കിടന്നതാ “

“ഇതിന്റെ പേരെന്ത? പുളി എന്ന് തന്നെ ആണോ?”

“ദാ പഴുത്തത്. തിന്നേ നല്ല മധുരം ഉണ്ട്. ഇത് കുടം പുളി. നമ്മുടെ നാട്ടിൽ അധികം ഉപയോഗിക്കില്ല. പക്ഷെ ഇതാണ് ഗുണം. ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് ഐശ്വര്യ റായി ഇത് കഴിച്ച വെയിറ്റ് കുറച്ചത് എന്ന് “

“പിന്നെ ഇത് കഴിച്ചിട്ട്. ഒന്ന് പോടീ. അവർ വല്ല സർജറിയും ചെയ്തു കാണും “

“ആവോ ഓൺലൈൻ വായന ആണ്. fake ആവും ചിലപ്പോൾ “

അവൾ അത് കുരു കളഞ്ഞു അരിഞ്ഞു

എന്നിട്ട് ഒരു പായിൽ ഉണക്കാൻ വെച്ചു

“ഇതെവിടെ നിന്നു കിട്ടി “

“നമ്മുടെ പുറത്തെ ഷെഡിൽ കുറേ പഴയ സാധനങ്ങൾ ഉണ്ടായിരുന്നു. ഞാൻ കുറെയൊക്കെ കഴുകി ഉണക്കി useful ആക്കി. അതിലൊന്ന ഇത് “

അർജുൻ അവളെ മെല്ലെ തന്റെ മടിയിലേക്ക് ചായ്ച് കിടത്തി

മുടിയിൽ മെല്ലെ തഴുകി. ആ തിരുനെറ്റിയിൽ ചുംബിച്ചു

കൃഷ്ണ അനങ്ങാതെ അങ്ങനെ കിടന്നു

“കൃഷ്ണ?”

“, ഉം “

“എന്റെ കുഞ്ഞിന് പഠിക്കണ്ടേ?”

“എന്ത്?”

“എം ഡി യുടെ എൻട്രൻസ്ന് വേണ്ടിട്ട് “

“കുറേ കഴിഞ്ഞു മതി. ഇപ്പൊ ഒന്നും വേണ്ട. പഠിത്തം. ജോലി. ടെൻഷൻ ഒന്നും. ഇപ്പൊ ഞാൻ അപ്പുവേട്ടന്റെ ഭാര്യ. ഒരു സാധാരണ വീട്ടമ്മ. മതി. ആ പോസ്റ്റ്‌ ഞാൻ ആസ്വദിക്കുവാ…നല്ല രസമുണ്ട്.. ഇത് തീരാതിരുന്നെങ്കിൽ. എന്ന് തോന്നും ചിലപ്പോൾ. എന്നുമിത് പോലെ… ഇവിടെ “

അവൻ ആ കവിളിൽ ചുംബിച്ചു

“അത്രേ ഇഷ്ടം ആയോ ഇവിടെ?”

“ഒരു പാട് “

അവൾ മെല്ലെ പറഞ്ഞു

“എം ഡി കഴിഞ്ഞു നമുക്ക് ഇവിടെ വരാം ട്ടോ “

“ഈ അനുഭവിക്കുന്ന സന്തോഷം അപ്പൊ കിട്ടില്ല. മനസ്സ് മാറും. കാലം മാറും തിരക്ക് വരും കുഞ്ഞുങ്ങൾ ഉണ്ടാവും. നമ്മുടെ സമയം വീതിച്ചു. പോകും. അന്ന് വയനാട് ചിലപ്പോൾ നമ്മെ എക്സൈറ്റ് ചെയ്യിക്കില്ല. നമുക്ക്  വർത്തമാനകാലത്തിൽ ജീവിക്കാം അപ്പുവേട്ടാ. ഒരു വർഷം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞ് അങ്ങനെ ഉള്ള പ്ലാനിങ് വേണ്ട. ഇന്ന് ഈ നിമിഷം. ഇത് നമ്മുടെ ആണ്. ഈ നിമിഷത്തിൽ ജീവിക്കാം നമുക്ക് “

അർജുൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു അങ്ങനെ ഇരുന്നു

എന്റെ ഭാവിയും വർത്തമാനവും എല്ലാം നീയാണ് മോളെ. അവൻ മെല്ലെ പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിലമർത്തി ചുംബിച്ചു

തുടരും….