“അവരോട് ഞാൻ എന്ത് പറയണം മോനെ ?” ഡേവിഡ് വേദനയോട് ചോദിച്ചു
“എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞേക്ക്” എബി പറഞ്ഞു
“എടാ ഒരു തവണ അങ്ങനെ…വന്നു പോയെന്ന് വെച്ച് എല്ലാ വിവാഹലോചനകളും ഇങ്ങനെ വേണ്ട എന്ന് പറയണോ “
“പപ്പാ അത് പറയണ്ട.. ഞാൻ ഇറങ്ങുവാ”
“ഈ രാത്രി തന്നെ പോകണോ? നല്ല ഇടിയും മഴയും ഉണ്ട് “
“സാരമില്ല. ജീവിതത്തിൽ ആദ്യമല്ലല്ലോ മഴ കാണുന്നത്.. പോകണം.. നാളെ ഓഡിറ്റ് ഉണ്ട്. പിന്നെ ഹോസ്പിറ്റലിൽ ഒന്ന് കയറണം ഡാനി വിളിച്ചു. ഒന്ന് ചെല്ലാൻ പറഞ്ഞു..”
ഡേവിഡ് ദീർഘനിശ്വാസമയച്ചു. അവനെ തടുക്കാൻ ഒന്നും പറ്റില്ല. അവന്റെ തീരുമാനങ്ങൾ ആണ് എപ്പോഴും നടക്കുക. ഒന്നൊഴിച്ച്, അത് ചെറുപ്പത്തിൽ തന്നെ അങ്ങനെയാണ്
പറയുന്ന വാക്കുകൾക്ക് ചെയ്യുന്ന പ്രവർത്തികൾക്ക് ഒക്കെ ക്‌ളാരിറ്റി ഉണ്ടാകും. എന്ന് കരുതി സാധുവല്ല. പാവത്താനും അല്ല
അനീതി കണ്ടാൽ പ്രതികരിച്ചിരിക്കും. അടി വീണിരിക്കും. കോളേജ് വിദ്യാഭ്യാസമൊക്കെ കഴിഞ്ഞപ്പോൾ ഒതുങ്ങി
അവന്റെ വിവാഹം. അത് തന്റെ തീരുമാനം ആയിരുന്നു. അത് കഴിഞ്ഞാൽ ഈ ചട്ടമ്പി സ്വഭാവം പൂർണ മായും മാറുമെന്ന് കരുതി
പക്ഷെ…
തന്റെ ജെസ്സി മരിക്കുമ്പോൾ എബിക്ക് മൂന്ന് വയസ്സായിരുന്നു. പിന്നെ ഒരു പെണ്ണ് ജീവിതത്തിൽ ഉണ്ടായില്ല. താൻ അത് സമ്മതിച്ചില്ല. ആര് വന്നാലും തന്റെ ജെസ്സിയെ പോലെ പറ്റുമോ.? താൻ ആയിരുന്നു അവന് എല്ലാം. അപ്പനും മോനുമല്ല, കൂട്ടുകാരായിരുന്നു. എല്ലാം പറയുന്ന കൂട്ടുകാർ
ജെസ്സി പോയി കഴിഞ്ഞു ഒരു വിവാഹം കഴിക്കാൻ പലരും നിർബന്ധിച്ചിട്ടും ചെയ്യാഞ്ഞത് അവനെ ഓർത്തത് കൊണ്ട് മാത്രം ആണ്
അവൻ വളർന്നു…പഠിക്കാൻ മിടുക്കനായിരുന്നു. ഇടയ്ക്ക് തല്ലും പിടിയുമൊക്കെ ഉണ്ടാക്കും. പിള്ളേരല്ലേ വെറുതെ വിടുകയാണ് പതിവ്. ആർക്കിട്ടെക്ച്ചർ കോഴ്സ് ചെയ്തു. സ്വന്തം ആയി കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി. അപ്പോഴായിരുന്നു ആ വിവാഹആലോചന
നല്ല കുട്ടിയാണ്, നല്ല തറവാട്ടുകാർ, പെൺകുട്ടി എം ബി എ ചെയ്തു നിൽക്കുന്നു. നല്ലതാണല്ലോ എന്നോർത്ത്. അവന് ഇരുപത്തിനാലു വയസ്സ് കഴിഞ്ഞിട്ടേയുള്ളായിരുന്നു
വേണ്ട പപ്പാ എന്നൊരു ആയിരം തവണ പറഞ്ഞു
എടാ ഞാൻ കെട്ടിയത് ഈ പ്രായത്തിലാടാ എന്ന് പറഞ്ഞു വായടപ്പിച്ചു
പപ്പാ എന്ത് പറഞ്ഞാലും അന്നൊക്കെ കേൾക്കും. അനുസരിക്കും. കേട്ടു. പെണ്ണിനെ പോയി കണ്ടു. നല്ല കുട്ടി
അവനോളം നിറവും ഭംഗിയുമില്ലെങ്കിലും ആരും കുറ്റം പറയില്ല. ചെക്കനും പെണ്ണും സംസാരിച്ചു. മൂന്ന് മാസം കഴിഞ്ഞു എൻഗേജ്മെന്റ്. ആറാം മാസം കല്യാണം. അവർ നന്നായി അടുക്കാനായിരുന്നു അത്. ദിവസവും ഫോൺ വിളി. ഇടക്ക് പരസ്പരം കാണും. അവൾ വീട്ടിൽ വരും. ഇവൻ അങ്ങോട്ട് പോകും
അങ്ങനെ ആ ദിവസവും വന്നു
കുരിശുങ്കൽ ഏബൽ ഡെവിഡ് എന്ന എബിയുടെ കല്യാണം. നാടൊട്ടുക്കു ക്ഷണം. മന്ത്രിമാരും സിനിമതാരങ്ങളും അടങ്ങുന്ന അതിഥികൾ
വിവാഹചടങ്ങ് തുടങ്ങാൻ സമയമായിട്ടും വധുവിന്റെ വീട്ടുകാർ എത്തിയില്ല. ആൾക്കാർ ചോദ്യങ്ങൾ തുടങ്ങി. പലരും കുശുകുശുക്കുന്നു. ഒടുവിൽ അറിഞ്ഞു പെൺകുട്ടി മിസ്സിംഗ് ആണ്
വന്നു കൂടിയ അതിഥികൾക്ക് മുന്നിൽ ഒടുവിൽ തല താഴ്ത്തി എബി നിൽക്കുന്ന കാഴ്ച ഇന്നുമുണ്ട് കണ്ണിൽ. പെൺകുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. അവൾ വിദഗ്ധമായി അഭിനയിച്ചു
വിദേശത്ത് ആയിരുന്ന കാമുകൻ വരുന്നത് വരെ അവൾ എല്ലാവരുടെയും മുന്നിൽ അഭിനയിച്ചു കൊണ്ടിരുന്നു
അവൻ വന്നു. അവനൊപ്പം അവൾ രാത്രി തന്നെ ഫ്ലൈറ്റ് കയറുകയും ചെയ്തു. അവന് അത് പലപ്പോളും വിശ്വസിക്കാൻ ആയില്ല
അവൻ തന്നോട് ചോദിച്ചു
മനുഷ്യൻ എങ്ങനെയാണു പപ്പാ ഇത്രയും അധഃപതിക്കുന്നത്?
ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ അവളെ അവനൊപ്പം അയയ്ക്കില്ലായിരുന്നോ, എന്തിനാ പപ്പാ എന്നെ നാണം കെടുത്തി കളഞ്ഞത്? “
“ഞാൻ എന്ത് തെറ്റ് ചെയ്തു?
അവന്റെ ചോദ്യങ്ങൾക്ക് ഒന്നും മറുപടിയില്ല. കുറെ നാൾ അവൻ പുറത്ത് ഇറങ്ങിയില്ല. പിന്നെ പതിയെ ശരിയായി. പക്ഷെ സദാ കളിച്ചു ചിരിച്ചു തമാശ പറഞ്ഞു നടന്നവൻ അന്തർ മുഖിയായി. ഒന്നും തുറന്നു പറയാതെ അവൻ നടക്കുന്നത് കാണുമ്പോൾ നെഞ്ചു വിങ്ങി പോകും
അവൻ താമസം മാറി. തൃശൂർ ടൗണിൽ ഒരു ഫ്ലാറ്റിലേക്ക് മാറി. ആഴ്ചയിൽ ഒരു ദിവസമെങ്കിലും വരും. അത്ര തന്നെ. പിന്നെ പള്ളിയിൽ പോയിട്ടില്ല. പ്രാർത്ഥനയും കണ്ടിട്ടില്ല. അവൻ മാറിപ്പോയി
അയാൾ വേദന നിറഞ്ഞ മനസ്സോടെ ഇരുന്നു. തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ എബി പപ്പായെ ഓർത്തു
പപ്പായെ വിട്ടു നിൽക്കാൻ ഇഷ്ടം ഉണ്ടായിട്ടില്ല. ആ സംഭവം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു. പക്ഷെ ആൾക്കാർ ഒന്നും മറന്നിട്ടില്ല. കാണുമ്പോൾ സഹതാപം നിറഞ്ഞ നോട്ടങ്ങൾ. ആ ചിരിയിൽ പോലുമുണ്ട് സഹതാപം പരിഹാസം
നാട്ടിൽ പോകാൻ ഇഷ്ടം അല്ലാതായി. പപ്പ തനിച്ചാണ്. ഇരുപത്തിയഞ്ചു വർഷങ്ങൾ ആയി പാവം. തനിക്ക് വേണ്ടിയാണ്
ടെസ്സ
അവൾ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ താൻ ഇന്നും പഴയ പോലെ സന്തോഷം ആയി ജീവിച്ചു പോയേനെ. ഒരു വാക്കിൽ പോലും സൂചന ഒന്നുമില്ല. സ്നേഹം ആയിരുന്നു
ഓരോ ഫോൺ വിളിയും സ്നേഹത്തോടെ ആയിരുന്നു “എബി..” എന്ന് വിളിക്കുമ്പോൾ.പോലും അവൾ സ്നേഹം നിറച്ചാണ് വിളിക്കുക. വളരെ കൂൾ ആയി ഇടപെട്ടു. ഒന്നിച്ചു യാത്ര ചെയ്തു. സ്ഥലങ്ങൾ കാണാൻ പോയി. സിനിമ കാണാൻ പോയി. എവിടെയെല്ലാം പോയി
അവളുടെ ഫ്രണ്ട്സ് ന്റെ കല്യാണത്തിന് കൊണ്ട് പോയി വുഡ് ബി ആണെന്ന് പരിചയപ്പെടുത്തി
എന്തിനായിരുന്നു ആ നാടകം. താൻ ചതുരംഗത്തിലെ ഏത് കരു ആയിരുന്നു?
ആർക്ക് വേണ്ടിയായിരുന്നു എല്ലാം?
അതിന്റെ ഷോക്ക് കഴിഞ്ഞപ്പോൾ ഏറ്റവും അടുത്ത സുഹൃത്ത് ഡാനിയെ വിളിച്ചു ഒന്ന് അന്വേഷിക്കാൻ പറഞ്ഞു. അവൻ അന്വേഷിച്ചറിഞ്ഞ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു
അവൾ ഏഴു വർഷം ആയി പ്രണയത്തിൽ ആയിരുന്നു. അവൻ പുറത്തേക്ക് പോകും മുന്നേ ബ്രേക്ക്‌അപ്പ് ആയി. അങ്ങനെ ആണ് താനുമായുള്ള കല്യാണ നിശ്ചയം നടന്നത്. അതിന് ശേഷം ആണ് പൂർവ കാമുകനുമായുള്ള ബന്ധം പുനസ്ഥാപിച്ചതും ഒടുവിൽ അവൾ അവനൊപ്പം പോയതും
വീട്ടുകാർക്ക് എല്ലാം അറിയാമായിരുന്നു. അവർ കൂടി ചേർന്നായിരുന്നു ചതി. ആദ്യമായി സ്വന്തം എന്ന് കരുതി സ്നേഹിച്ചു തുടങ്ങിയ പെണ്ണ്. വിശ്വസിക്കാൻ വയ്യാരുന്നു
ഒരിക്കൽ അവൾ തന്നോട് ചോദിച്ചു
റിലേഷൻ ഉണ്ടായിരുന്നോ എബിക്ക്?
സത്യം പറഞ്ഞു. ഇല്ലായിരുന്നു
പെൺസുഹൃത്തുക്കൾ ധാരാളം ഉണ്ടായിരുന്നു. പക്ഷെ ഒരു പ്രണയം ഇല്ല. ഉണ്ടായിട്ടില്ല. ക്രഷ് തോന്നിയവരുണ്ട്. അത് പ്രണയം ആയില്ല. അവളും പറഞ്ഞു എനിക്കും അങ്ങനെയാ ഒരു റിലേഷൻ പോലുമുണ്ടായിട്ടില്ല..ഇപ്പോൾ എബിയോടാ ആദ്യമായി ക്രഷ് തോന്നിയത് പോലും
വിശ്വസിച്ചു, സന്തോഷിച്ചു. പക്ഷെ ചതിച്ചു
അവന്റെ കാൽ ആക്സിലറെറ്ററിൽ അമർന്നു. എവിടെയെങ്കിലും ഇടിച്ചു ചത്തേങ്കിൽ…മഴ ശക്തിയായ് കഴിഞ്ഞു റോഡ് കാണാൻ വയ്യ
അവൻ കാൽ ആക്സിലേറ്ററിൽ നിന്ന് കാൽ എടുത്തു. താൻ കാരണം മറ്റൊരു ജീവൻ പൊലിയാതിരിക്കട്ടെ
പെട്ടെന്ന് വണ്ടി ഏതിലോ ചെന്ന് തട്ടി. വഴിയരികിൽ നിന്നവർ ഓടി വരുന്നതവൻ കണ്ടു. ആൾക്കാർ ഗ്ലാസിൽ ഇടിക്കുന്നു
“ഒരു പെങ്കൊച്ചിനെ ഇടിച്ചിട്ടേച്ചു കല്ല് പോലെ ഇരിക്കുന്നോ..ഇങ്ങോട്ട് ഇറങ്ങട”
അവൻ നടുക്കത്തോടെ നോക്കി. ചോരയിൽ കുതിർന്ന ഒരു പെൺകുട്ടി. സ്കൂൾ യൂണിഫോം ആണ് വേഷം
“ബാക്കിലോട്ട് കയറ്റിക്കൊ “
ആരൊക്കെയോ പിൻസീറ്റിൽ കയറി ഇരിക്കുന്നു
“നോക്കിയിരിക്കാതെ വണ്ടി ഏതെങ്കിലും ആശുപത്രിയിലേക്ക് വിട് “
അവൻ കൊടും തണുപ്പിലും വിയർത്തു കുളിച്ചു
വിരലുകൾ വിറച്ചു
തുടരും….